Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 12

ലോക നാഗരികതയില്‍ ഇസ്‌ലാമിന്റെ സ്വാധീനം

എ. അബ്ബാസ് റോഡുവിള /പുസ്തകം

         മനുഷ്യരാശിയുടെ നിരന്തര പ്രവര്‍ത്തന ഫലമായി രൂപം പ്രാപിച്ചതാണ് നിലവിലെ ലോക നാഗരികത. വ്യത്യസ്ത ചരിത്രഘട്ടങ്ങളില്‍ വിവിധ സമൂഹങ്ങള്‍ ഏറിയോ കുറഞ്ഞോ നാഗരികതയുടെ വളര്‍ച്ചക്ക് സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ലോക നാഗരികതക്ക് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ പരിശോധിക്കുന്ന ഒരു രചനയാണ് പ്രഫസര്‍ സിയാവുദ്ദീന്‍ അഹ്മദിന്റെ Influence of Islam on World Civilization. 131 അധ്യായങ്ങളിലായി 300 ല്‍പരം പേജുകളുള്ള ഈ കൃതി സംക്ഷിപ്തവും എന്നാല്‍ സമഗ്രവുമാണ്. അറബ് മുസ്‌ലിം സമൂഹം ലോക നാഗരികതക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകളെക്കുറിച്ച ചര്‍ച്ച അക്കാദമിക വൃത്തങ്ങളില്‍ ഇന്ന് സജീവമാണ്. പുതിയ തലമുറയില്‍ ഇസ്‌ലാമിന്റെ പൈതൃകത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും യുവാക്കളെ പഠനഗവേഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയുമാണ് ഈ ഗ്രന്ഥത്തിന്റെ രചനോദ്ദേശ്യമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാം നല്‍കിയ പ്രചോദനത്തെക്കുറിച്ചുമുള്ള വിവരണത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇസ്‌ലാമിലെ ഖലീഫമാര്‍ പണ്ഡിതന്മാര്‍ക്കും പഠനപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ നിര്‍ലോഭമായ പ്രോത്സാഹനത്തെക്കുറിച്ച് വിവരിക്കുന്നു. മുസ്‌ലിം ലോകത്ത് ഉയര്‍ന്നുവന്ന ഉന്നത കലാലയങ്ങളെയും വൈജ്ഞാനിക കേന്ദ്രങ്ങളെയും കുറിച്ച വിവരണമാണ് പിന്നീട്. ബഗ്ദാദ്, ദമസ്‌കസ്, കൊര്‍ദോവ, സിസിലി, ഗ്രാനഡ, സെവില്ലി എന്നിവിടങ്ങളില്‍ വളര്‍ന്നു വികസിച്ച വൈജ്ഞാനിക കേന്ദ്രങ്ങളെ സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നു. വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ അറബ് മുസ്‌ലിം സമൂഹം കൈവരിച്ച അത്ഭുതകരമായ നേട്ടങ്ങളെക്കുറിച്ച പരാമര്‍ശങ്ങളും കാണാം. സ്‌പെയിനിലെ കൊര്‍ദോവ പോലുള്ള വൈജ്ഞാനിക കേന്ദ്രങ്ങളുടെ പ്രചോദനമാണ് യൂറോപ്യന്‍ നവോത്ഥാനത്തിന് കാരണമായതെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.

ലോകത്തെ വിവിധ സാമൂഹിക വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ പിന്നില്‍ പ്രവര്‍ത്തിക്കുകയോ ചെയ്ത രാഷ്ട്രമീമാംസകരിലും ചിന്തകന്മാരിലും ഇസ്‌ലാം ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വിവരിക്കുന്ന ഒരു അധ്യായമുണ്ട് ഗ്രന്ഥത്തില്‍. ഇസ്‌ലാമിന്റെ ആശയ സ്വാധീനമാണോ, അതല്ല സ്വതന്ത്രമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന ആശയങ്ങളാണോ ഈ ചിന്തകളിലേക്ക് അവരെ എത്തിച്ചത് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാം. എന്നാല്‍ ഇവരുടെ ചിന്തകളിലും ഇസ്‌ലാമിന്റെ ആശയങ്ങളിലും കാണുന്ന സമാനതകള്‍ അവഗണിക്കാന്‍ കഴിയാത്തതാണ്. മാനവ വിമോചന ദര്‍ശനത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള ഇവരുടെ ചിന്തകള്‍ എല്ലാം തന്നെ ഇസ്‌ലാം മുന്നോട്ടുവെച്ച ആശയങ്ങളാണെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. റൂസ്സോ, ജോണ്‍ലോക്ക്, തോമസ് ഹോബ്‌സ്, ഇമാനുവല്‍ കാന്റ്, മോണ്ടസ്‌കി തുടങ്ങിയ യൂറോപ്യന്‍ ചിന്തകരുടെ ആശയങ്ങളില്‍ ഇസ്‌ലാമിന്റെ സ്വാധീനം ഉണ്ടെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രചോദന കേന്ദ്രമായി അറിയപ്പെടുന്ന റൂസ്സോവിനെ ഇവിടെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളാണ് ഫ്രഞ്ചു വിപ്ലവത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. റൂസ്സോവിന്റെ സോഷ്യല്‍ കോണ്‍ട്രാക്ട് എന്ന ആശയവും പ്രസിദ്ധമാണ്. ഇസ്‌ലാമിന്റെ ആശയ സ്വാധീനമാണ് റൂസ്സോയില്‍ കാണുന്നതെന്ന് ഗ്രന്ഥകാരന്‍ വാദിക്കുന്നു.

നോബല്‍ പുരസ്‌കാര ജേതാവും ലോക പ്രശസ്ത ഇന്ത്യന്‍ സാഹിത്യകാരനുമായ ടാഗോറില്‍ ഇസ്‌ലാം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് മറ്റൊരു അധ്യായം. ഇംഗ്ലീഷ് സാഹിത്യത്തിലെ ഇസ്‌ലാം സ്വാധീനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ചാള്‍സ് ഡിക്കന്‍സ്, ഡാനിയല്‍ ഡെഫോ, ഷെല്ലി, ഷേക്‌സ്പിയര്‍ തുടങ്ങിയ ഇംഗ്ലീഷ് എഴുത്തുകാരില്‍ അറബി ക്ലാസിക്കുകളുടെ സ്വാധീനം ഉണ്ടെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ അറബ് മുസ്‌ലിം സമൂഹം വികസിപ്പിച്ച ശാസ്ത്ര സാങ്കേതിക രംഗത്തെക്കുറിച്ച വിവരണങ്ങളാണ്. ഗോളശാസ്ത്രം, ഗണിതശാസ്ത്രം, സംഖ്യാശാസ്ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, വൈദ്യശാസ്ത്രം, ജീവശാസ്ത്രം, സസ്യശാസ്ത്രം, ഭൂമിശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, തത്ത്വശാസ്ത്രം, ചരിത്രം, സാമൂഹിക ശാസ്ത്രം തുടങ്ങി വിജ്ഞാനത്തിന്റെ സര്‍വ മേഖലകളിലും അറബികള്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുസ്‌ലിം ലോകത്ത് സ്ഥാപിക്കപ്പെട്ട പ്രമുഖ മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ഭിഷഗ്വരന്മാരും ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. അറബികള്‍ നടത്തിയ വിവിധ കണ്ടുപിടിത്തങ്ങളും അവര്‍ നിര്‍മിച്ച സാങ്കേതിക ഉപകരണങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ഇസ്‌ലാം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് മറ്റൊരു അധ്യായം. സ്വൂഫി ചിന്തയിലെ ഇസ്‌ലാമിക സ്വാധീനവും സംഗീതത്തിന് ഇസ്‌ലാം നല്‍കിയ സംഭാവനയും ചര്‍ച്ച ചെയ്യുന്നുണ്ട്.

മുസ്‌ലിം ഭരണത്തിന്റെ തകര്‍ച്ചയോടു കൂടി സംഭവിച്ച നാഗരികതയുടെ പതനം ചര്‍ച്ച ചെയ്ത് പുസ്തകം അവസാനിക്കുന്നു. ചരിത്രത്തിലും ലോക നാഗരിക പഠനത്തിലും താല്‍പര്യമുള്ളവര്‍ക്ക് നല്ലൊരു വായനാനുഭവമായിത്തീരുന്ന ഈ പുസ്തകം ദല്‍ഹിയിലെ ആദം പബ്ലിഷേഴ്‌സാണ് പ്രസിദ്ധീകരിച്ചത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /4-6
എ.വൈ.ആര്‍