ധീരമായ ചുവടുവെപ്പ്
''മദ്യം വിഷമാണ്. അതുണ്ടാക്കരുത്, വില്‍ക്കരുത്, കൊടുക്കരുത്, കുടിക്കരുത്.'' കേരളീയ നവോത്ഥാന നായകന്മാരില്‍ അഗ്രഗണ്യനായ ശ്രീനാരായണഗുരുവിന്റെ അവിസ്മരണീയമായ ഉപദേശമാണിത്. സംസ്ഥാന ജനസംഖ്യയില്‍ 30 ശതമാനം അവകാശപ്പെടുന്ന ഈഴവ സമുദായമായിരുന്നു നാരായണ ഗുരുവിന്റെ മുഖ്യ കര്‍മവേദി. ശ്രീനാരായണദര്‍ശനങ്ങള്‍ സാക്ഷാത്കരിക്കാന്‍ എസ്.എന്‍.ഡി.പി എന്ന പേരില്‍ ആ സമുദായത്തില്‍ വിപുലവും സംഘടിതവുമായ പ്രവര്‍ത്തനം നടക്കുന്നുണ്ട്. ജനസംഖ്യയില്‍ 25 ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ക്ക് മദ്യം നിഷിദ്ധവും മാലിന്യവുമാണ്. 'സകല തിന്മകളുടെയും മാതാവ്' എന്നാണ് പ്രവാചകന്‍ മുഹമ്മദ് (സ) മദ്യത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. 20 ശതമാനത്തോളമുള്ള ക്രൈസ്തവ സമുദായത്തിന്റെ ആത്മീയ നേതൃത്വവും മദ്യവിരുദ്ധമാണ്. മദ്യവര്‍ജനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ടി.കെ മാധവനും സഹപ്രവര്‍ത്തകരും വൈക്കം സത്യാഗ്രഹ കാലത്ത് ഗാന്ധിജിയെ ചെന്ന് കണ്ട് തങ്ങളുടെ പ്രസ്ഥാനത്തെ പരിചയപ്പെടുത്തുകയും അഭിപ്രായമാരായുകയുമുണ്ടായി. അതിനെത്തുടര്‍ന്നാണ് ഗാന്ധിജി മദ്യവര്‍ജനം കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തന പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഗാന്ധിജി മുന്‍കൈയെടുത്ത് മദ്യവര്‍ജന പ്രമേയം പാസ്സാക്കിയത് 1921-ല്‍ കേരളത്തിലെ ഒറ്റപ്പാലത്ത് ചേര്‍ന്ന കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തിലായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം എഴുതിച്ചേര്‍ത്തത്.
ഈ ചരിത്ര വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കേണ്ടിയിരുന്ന പ്രഥമ സംസ്ഥാനമാണ് കേരളം. പക്ഷേ, ഐക്യ കേരളം നിലവില്‍ വന്ന ശേഷം നേരത്തേ നിലവിലുണ്ടായിരുന്ന പ്രാദേശിക നിരോധനം കൂടി നീക്കം ചെയ്ത് സംസ്ഥാനം മുഴുവന്‍ മദ്യ സമൃദ്ധമാക്കുകയാണ് അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് ചെയ്തത്. മദ്യവര്‍ജന പ്രസ്ഥാനങ്ങള്‍ അന്നു മുതലേ അതിനെതിരെ സമരമാരംഭിച്ചിരുന്നു. പ്രഫ. എം.പി മന്മഥന്‍, പ്രഫ. ജി കുമാരപ്പിള്ള, ഡോ. സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ ഈ സമരത്തിന് നേതൃത്വം നല്‍കിയ മഹാരഥന്മാരാണ്. പക്ഷേ, അവരുടെ മുദ്രാവാക്യങ്ങളൊന്നും മാറിമാറി വന്ന ഇടത്-വലത് സര്‍ക്കാറുകളുടെ കാതില്‍ പതിഞ്ഞില്ല. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച ചാരായ നിരോധ നടപടിയാണ് മദ്യ വര്‍ജന വിഷയത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ പ്രസ്താവ്യമായ ഏക നീക്കം. അത് കുറെയൊക്കെ ഫലം ചെയ്യുകയുണ്ടായി; ഗ്രാമപ്രദേശങ്ങളില്‍ വിശേഷിച്ചും. വിദേശ മദ്യത്തിന്റെ അനിയന്ത്രിതമായ ലഭ്യത പിന്നീട് ചാരായ നിരോധത്തെ അപ്രസക്തമാക്കുകയായിരുന്നു. ഗ്രാമീണരും നഗരങ്ങളിലെ ബാറിലെത്തിത്തുടങ്ങി. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂകള്‍ സ്ഥിരം കാഴ്ചയായി.
ഇന്നിപ്പോള്‍ മദ്യപാനത്തില്‍ പഞ്ചാബിനെയും ഗോവയെയും പിന്നിലാക്കി കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. കേരളത്തിന്റെ ആളോഹരി മദ്യ ഉപഭോഗം ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. പതിമൂന്നാം വയസ്സ് മുതല്‍ കുട്ടികള്‍ കുടിച്ചുതുടങ്ങുന്നുവെന്നാണ് സര്‍വേകള്‍ പറയുന്നത്. വനിതകളിലേക്കും മദ്യപാനം പടരുന്നുണ്ട്. അത് കുടുംബങ്ങളെ നിരന്തരം ശിഥിലീകരിച്ചുകൊണ്ടിരിക്കുന്നു. മാതാപിതാക്കള്‍ മക്കളെയും മക്കള്‍ മാതാപിതാക്കളെയും ഭര്‍ത്താവ് ഭാര്യയെയും മറിച്ചും അറുകൊല ചെയ്യുന്ന വാര്‍ത്തകള്‍ കേരളത്തില്‍ ഒട്ടും അപൂര്‍വമല്ലാതായിരിക്കുകയാണ്. യുവജനങ്ങള്‍ ഗണ്യമായ തോതില്‍ സാമൂഹിക വിരുദ്ധ-മാഫിയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. മദ്യപാനജന്യമായ മരണങ്ങളും മാറാരോഗങ്ങളും വാഹനാപകടങ്ങളും ഇതിനൊക്കെ പുറമേയാണ്. മദ്യ വ്യാപാരത്തില്‍ നിന്നുള്ള റവന്യൂ വരുമാനം ഈ മഹാ വിപത്തുകള്‍ക്ക് മുമ്പില്‍ ഒന്നുമല്ലെന്ന് തിരിച്ചറിയാന്‍ ഇതുവരെ സര്‍ക്കാറുകള്‍ക്കും പാര്‍ട്ടികള്‍ക്കും കഴിഞ്ഞിരുന്നില്ല.
കേരളത്തിലെ 418 ബാറുകള്‍ക്ക് നിര്‍ദിഷ്ട നിലവാരമില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ അടച്ചുപൂട്ടിയതിനെച്ചൊല്ലിയുണ്ടായ സങ്കീര്‍ണമായ വിവാദം സര്‍ക്കാറിനെ ഒരു നിര്‍ണായക പരിണതിയിലെത്തിച്ചിരിക്കുകയാണിപ്പോള്‍. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനനുവദിക്കരുതെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ആദര്‍ശധീരമായ നിലപാടാണ് അതിനു വഴിവെച്ചത്. നിലവാരമില്ലാത്ത ബാറുകള്‍ മാത്രമല്ല, പഞ്ചനഞ്ചത്ര ഹോട്ടലുകള്‍ ഒഴിച്ച് നിലവാരമുള്ള മറ്റു ബാറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചുകൊണ്ട് ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനനയം പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പന ക്രമാനുഗതമായി കുറച്ചുകൊണ്ടുവന്ന് 2030 ആവുമ്പോഴേക്ക് സമ്പൂര്‍ണ മദ്യനിരോധനത്തിലെത്തുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. കള്ളിന്റെ ലഭ്യതയും തെങ്ങിന്റെയും ചെത്തുകാരുടെയും എണ്ണവും കണക്കിലെടുത്തേ കള്ളുഷാപ്പുകള്‍ അനുവദിക്കൂ. ബാറുകള്‍ അടച്ചുപൂട്ടുന്നതു മൂലം തൊഴില്‍ രഹിതരാകുന്നവരെ സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും. അവരുടെ പുനരധിവാസത്തിനും കുടിയന്മാരെ മദ്യാസക്തിയില്‍ നിന്ന് മോചിപ്പിക്കാനും 'പുനര്‍ജനി' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കും. ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്ന് ഒരു ശതമാനം മദ്യവര്‍ജന ബോധവത്കരണത്തിനും അഞ്ചു ശതമാനം തൊഴില്‍ രഹിതരുടെ പുനരധിവാസത്തിനും നീക്കിവെക്കും. ഈ പദ്ധതിയിലേക്ക് ജനങ്ങളുടെ സംഭാവനയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് 15 ദിവസത്തെ നോട്ടീസ് നല്‍കി റദ്ദാക്കും. മദ്യലോബികളെ മാത്രമല്ല, സാമാന്യ ജനങ്ങളെയും അമ്പരപ്പിക്കുന്നതാണ് സര്‍ക്കാറിന്റെ പുതിയ മദ്യനയം. സുധീരമായ ഈ നയപ്രഖ്യാപനത്തെ, മദ്യമുക്ത കേരളം സ്വപ്നം കാണുന്ന മറ്റെല്ലാ വിഭാഗങ്ങളെയും പോലെ ഞങ്ങളും അകമഴിഞ്ഞ് പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.
പുതിയ മദ്യനയത്തെ കേവലം തട്ടിപ്പായി കാണുന്നവരുണ്ട്. ചിലരുടെ ദൃഷ്ടിയില്‍ കെ.പി.സി.സി പ്രസിഡന്റ് സുധീരനെ വെട്ടാന്‍ മുഖ്യമന്ത്രി നടത്തിയ തന്ത്രപരമായ കരുനീക്കമാണിത്. അതില്‍ വാസ്തവമില്ലെന്നു പറയാനാവില്ല. അതൊക്കെ സത്യമായാലും ഈ നടപടിയുടെ ആദര്‍ശാത്മകതയും ജനക്ഷേമ താല്‍പര്യവും ധാര്‍മികതയും ചരിത്ര പ്രധാനവും അനിഷേധ്യവുമാകുന്നു. അതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികളും ബഹുജനങ്ങളും അതിനെ പിന്തുണച്ചത്; ദേശീയ മാധ്യമങ്ങളും അന്തര്‍ദേശീയ മാധ്യമങ്ങളും വമ്പിച്ച വാര്‍ത്താ പ്രാധാന്യം നല്‍കിയതും. എന്തൊക്കെയായാലും ഈ നയത്തില്‍ നിന്ന് അത്ര എളുപ്പത്തിലൊന്നും പിന്മാറാന്‍ സര്‍ക്കാറിനാവില്ല. കെ.പി.സി.സി പ്രസിഡന്റും അദ്ദേഹത്തെ പിന്തുണക്കുന്നവരും അതിനു സമ്മതിക്കുകയില്ല. അപ്രായോഗികത, തൊഴിലാളി പ്രശ്‌നം, വ്യാജ വാറ്റും വിഷമദ്യവും പ്രചരിക്കാനുള്ള സാധ്യത തുടങ്ങിയ പ്രശ്‌നങ്ങളുന്നയിച്ച് മദ്യനിരോധത്തെ എതിര്‍ക്കുന്നവരുണ്ട്. മദ്യ മുതലാളിമാരും വെറുതെയിരിക്കില്ല. ഇഛാശക്തിയുള്ള ഗവണ്‍മെന്റിന് ഈ പ്രശ്‌നങ്ങളെല്ലാം വിജയകരമായി തരണം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പുതിയ നയം കോടതി മുഖേന ദുര്‍ബലപ്പെടുത്താനുള്ള മദ്യമുതലാളിമാരുടെ ശ്രമം വിജയിച്ചില്ല. മദ്യനിരോധം ഭരണഘടനാ സാധുതയുള്ള നിയമമാക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. അടച്ച മദ്യശാലകള്‍ തുറക്കാതിരിക്കാനും വ്യാജമദ്യം രംഗം കൈയടക്കാതിരിക്കാനും, മന്ത്രിസഭയും ഉദ്യോഗസ്ഥവൃന്ദവും ആത്മാര്‍ഥമായും ജാഗ്രത്തായും പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ അവരെ കലവറയില്ലാതെ പിന്തുണക്കുകയും ചെയ്യേണ്ടതുണ്ട്.
Comments