അഹ്മദ് ദാവൂദ് ഒഗ്‌ലു <br>ഭരണചക്രം തിരിക്കാനെത്തുന്ന ദാര്‍ശനികന്‍
ഒട്ടും നിനച്ചിരിക്കാതെ രാഷ്ട്രീയ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട പണ്ഡിതനും ദാര്‍ശനികനുമാണ് കഴിഞ്ഞ ആഗസ്റ്റ് അവസാനവാരം തുര്‍ക്കി പ്രധാനമന്ത്രിയായി ചുമതലയേറ്റ അഹ്മദ് ദാവൂദ് ഒഗ്‌ലു. പയററിത്തെളിഞ്ഞ പലരും മുഖമടിച്ച് വീണ് വിസ്മൃതിയില്‍ ആണ്ടുപോയ തുര്‍ക്കി രാഷ്ട്രീയത്തില്‍ രാഷ്ട്രീയക്കാരന്റെ ഹാവഭാവങ്ങളൊന്നുമില്ലാത്ത ഒഗ്‌ലുവിന്റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി(എ.കെ പാര്‍ട്ടി)യുടെ ജീവാത്മാവും പരമാത്മാവുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ, തന്റെ വിശ്വസ്തരില്‍ ഒരാളെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുത്തുക മാത്രമാണ് ഉര്‍ദുഗാന്‍ ചെയ്തതെന്ന് (പാവഭരണാധികാരിയായിരിക്കുമെന്ന് വ്യംഗ്യം) വിമര്‍ശമുണ്ടെങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുര്‍ക്കി രാഷ്ട്രീയത്തിലെ ഒഗ്‌ലു പ്രഭാവം ഒരാള്‍ക്കും അവഗണിക്കാനാവില്ല. ആഭ്യന്തര രാഷ്ട്രീയത്തില്‍ ഉര്‍ദുഗാന്റെ സമര്‍ഥമായ നേതൃത്വവും തീര്‍ത്തും പുതുമയുള്ള വിദേശനയവുമാണ് സകലരുമായും കലഹിച്ച് നിന്നിരുന്ന തുര്‍ക്കിയെ പുതിയ രാഷ്ട്രീയ സാമ്പത്തിക ശക്തിയായി ഉയര്‍ത്തിയത്. ഈ വിദേശനയത്തിന്റെ ഉപജ്ഞാതാവായിരുന്നു ഒഗ്‌ലു.
ദാവൂദ് ഒഗ്‌ലുവിനെ എ.കെ പാര്‍ട്ടിയുടെ പുതിയ നേതാവും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുത്തതിന് ശേഷം ഉര്‍ദുഗാന്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് പ്രധാനമായും രണ്ട് കാരണങ്ങള്‍ നിരത്തുന്നുണ്ട്. ഒന്ന്, ഒരു സമാന്തര ഭണകൂടമുണ്ടാക്കാന്‍ നേരത്തേ എ.കെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായിരുന്ന ഗുലന്‍ ഗ്രൂപ്പ് ശ്രമിച്ചപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പിക്കാന്‍ ഒഗ്‌ലു മുന്‍പന്തിയിലുണ്ടായിരുന്നു. രണ്ട്, 55 വയസ്സ് മാത്രം പ്രായമുള്ള ഒഗ്‌ലു ഇപ്പോഴും ചെറുപ്പമാണ്. ഇതുവരെ ഒറ്റ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേ മത്സരിച്ചിട്ടുള്ളൂ. പാര്‍ട്ടി ഭരണഘടന പ്രകാരം ഇനി വരുന്ന രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന് പാര്‍ട്ടിയെ നയിക്കാം. എട്ടു വര്‍ഷത്തേക്കെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് ചുരുക്കം.
ഉര്‍ദുഗാന്റെ ഈ പ്രസ്താവന, എ.കെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും ഒരുകാലത്ത് ഉര്‍ദുഗാന്റെ വലംകൈയുമായിരുന്ന, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അബ്ദുല്ല ഗുലിന് നേരെയുള്ള ഒളിയമ്പാണെന്ന് കരുതുന്ന നിരീക്ഷകരുണ്ട്. ഗുലന്‍ ഗ്രൂപ്പിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അബ്ദുല്ല ഗുല്‍, തന്നെ വേണ്ടവിധം സഹായിച്ചില്ലെന്ന പരാതി ഉര്‍ദുഗാനുണ്ട്. ഈജിപ്തിലെ സൈനിക അട്ടിമറിയെ ഉര്‍ദുഗാന്‍ ശക്തമായി അപലപിച്ചപ്പോള്‍ ഗുലിന് മറ്റൊരു അഭിപ്രായമാണുണ്ടായിരുന്നത്. തഖ്‌സീം സ്‌ക്വയറിലെ പ്രക്ഷോഭകരെ നേരിട്ട രീതിയിലും ഗുലിന് നീരസമുണ്ടായിരുന്നു. ഉര്‍ദുഗാന്റെ പിന്‍ഗാമിയെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഗുല്‍ പുറന്തള്ളപ്പെടാന്‍ കാരണം ഈ അകല്‍ച്ചയാണെന്ന് വ്യക്തം. പാര്‍ട്ടിയിലെ പഴയ തലമുറ ഗുലിന് വേണ്ടി രംഗത്ത് വന്നിരുന്നു. ഗുല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് വരുന്നത് വരെ ഒഗ്‌ലുവിനെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചാല്‍ മതിയെന്നും, ഭരണത്തിലെയും പാര്‍ട്ടിയിലെയും സമുന്നത സ്ഥാനങ്ങള്‍ ഒരാളില്‍ നിക്ഷിപ്തമാവരുതെന്നും അവര്‍ വാദിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഉര്‍ദുഗാന്റെ നോമിനിയായ ഒഗ്‌ലു പാര്‍ട്ടി ജനറല്‍ ബോഡിയില്‍ 1382 വോട്ടുകള്‍ നേടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
രാഷ്ട്രീയത്തിലേക്ക്
തുര്‍ക്കിയിലെ കൊന്‍യ പ്രവിശ്യയില്‍ 1959-ലാണ് ഒഗ്‌ലുവിന്റെ ജനനം. യാഥാസ്ഥിതിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഇസ്തംബൂളിലെ ടര്‍ക്കിഷ്-ജര്‍മന്‍ സ്‌കൂളിലെ സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷം ബൊഗാസിസി യൂനിവേഴ്‌സിറ്റിയില്‍ രാഷ്ട്രമീമാംസയും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. അതേ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച പഠനത്തിന് ഡോക്ടറേറ്റും സമ്പാദിച്ചു. മര്‍മറ, ബകിന്ദ് യൂനിവേഴ്‌സിറ്റികളിലും മലേഷ്യയിലെ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും അദ്ദേഹം അധ്യാപകനായിരുന്നിട്ടുണ്ട്. 1994 മുതല്‍ 1999 വരെ യെനിസഫാക്ക് എന്ന ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനായി. മാതൃഭാഷക്ക് പുറമേ ഇംഗ്ലീഷ്, ജര്‍മന്‍, അറബി ഭാഷകളില്‍ നല്ല വ്യുല്‍പത്തിയുണ്ട്. രാഷ്ട്ര മീമാംസയില്‍ അദ്ദേഹം രചിച്ച മൂന്ന് ഗ്രന്ഥങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. സ്ട്രാറ്റജിക് ഡെപ്ത് എന്ന കൃതി ഇതിനകം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയില്‍ മാത്രം ഇതിന് അമ്പതോളം പതിപ്പുകളിറങ്ങി. Alternative Paradigms: The Impact of Islamic and Western Weltanschauungs on Political Theory, The Civilizational Transformation and the Muslim World എന്നിവയാണ് മറ്റു രണ്ട് കൃതികള്‍.
പഠിക്കുന്ന കാലത്തും അധ്യാപകനായിരുന്നപ്പോഴും ഇസ്‌ലാമിസ്റ്റുകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. നജ്മുദ്ദീന്‍ അര്‍ബകാന്‍ നേതൃത്വം നല്‍കിയിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയിലെ യുവ പരിഷ്‌കരണ വാദികളുമായി അദ്ദേഹം ഉറ്റ ബന്ധം സ്ഥാപിച്ചു. അവര്‍ 2001-ല്‍ അര്‍ബകാനുമായി തെറ്റിപ്പിരിയുകയും എ.കെ പാര്‍ട്ടി സ്ഥാപിക്കുകയും 2002 നവംബറിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്തു. നിയമക്കുരുക്കുകള്‍ കാരണം ഉര്‍ദുഗാന് തുടക്കത്തില്‍ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞില്ല. പകരം പ്രധാനമന്ത്രിയായത് പാര്‍ട്ടിയിലെ രണ്ടാമനായിരുന്ന അബ്ദുല്ല ഗുല്‍. അദ്ദേഹം ഒഗ്‌ലുവിനെ തന്റെ വിദേശകാര്യ ഉപദേഷ്ടാവായി നിയമിച്ചു. മാസങ്ങള്‍ക്ക് ശേഷം ഉര്‍ദുഗാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ഒഗ്‌ലുവിനെ നിലനിര്‍ത്തുക മാത്രമല്ല, ഇറാഖും സിറിയയും ഉള്‍പ്പെടെ ഒട്ടേറെ തന്ത്രപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമിതിയുടെ സാരഥ്യം അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു.
2009-ല്‍, ഉര്‍ദുഗാന്‍ ഗവണ്‍മെന്റിന്റെ രണ്ടാമൂഴത്തില്‍ ദാവൂദ് ഒഗ്‌ലു വിദേശകാര്യമന്ത്രിയായി നിയമിക്കപ്പെട്ടു. പാര്‍ലമെന്റ് അംഗമല്ലാത്ത ഒരാള്‍ വിദേശകാര്യമന്ത്രിയായി നിയമിക്കപ്പെടുന്നത് ആധുനിക തുര്‍ക്കിയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. 2011-ലെ തെരഞ്ഞെടുപ്പില്‍ കൊന്‍യ മണ്ഡലത്തില്‍ നിന്ന് വിജയിച്ചുകൊണ്ടാണ് അദ്ദേഹം പാര്‍ലമെന്റ് അംഗമാവുന്നത്.
'ടര്‍ക്കിഷ് കിസ്സിഞ്ചര്‍'
ശീതയുദ്ധകാലത്ത് അമേരിക്കയുടെ പ്രമുഖ വിദേശകാര്യ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ഹെന്റി കിസ്സിഞ്ചറോടാണ് ഒഗ്‌ലുവിനെ താരതമ്യപ്പെടുത്താറുള്ളത്. ഇരുവരും രാഷ്ട്രമീമാംസയില്‍ അഗാധജ്ഞാനമുള്ള അക്കാദമിഷ്യന്മാരായിരുന്നു എന്നിടത്ത് താരതമ്യം അവസാനിക്കുന്നു. ദേശീയ സുരക്ഷാ ഉപദേശകന്‍ എന്ന നിലക്കും വിദേശകാര്യ സെക്രട്ടറി എന്ന നിലക്കും സോവിയറ്റ് യൂനിയനെ ഒതുക്കാനുള്ള തന്ത്രങ്ങളാണ് കിസ്സിഞ്ചര്‍ മെനഞ്ഞുകൊണ്ടിരുന്നത്. ഒഗ്‌ലുവിന്റേതാകട്ടെ തികച്ചും പോസിറ്റീവായ സമീപനങ്ങളാണ്. ഇതര നാടുകളെ എങ്ങനെ ഒതുക്കാം എന്നല്ല, അവരുമായി എങ്ങനെ ക്രിയാത്മകമായ സഹവര്‍ത്തിത്വം ഉറപ്പുവരുത്താം എന്നാണ് അദ്ദേഹം ചിന്തിച്ചത്.
ശീതയുദ്ധാനന്തര കാലത്ത് തുര്‍ക്കിയുടെ വൈദേശിക ബന്ധങ്ങള്‍ ഒട്ടും സുഖകരമായിരുന്നില്ല; പ്രത്യേകിച്ച് എ.കെ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പുള്ള ദശകത്തില്‍. അര്‍മേനിയയുമായും (1992-ല്‍) ഗ്രീസുമായും (1996-ല്‍) സിറിയയുമായും (1998-ല്‍) യുദ്ധത്തിന്റെ വക്കില്‍ വരെ അവര്‍ എത്തി. വടക്കന്‍ ഇറാഖില്‍ കുര്‍ദുകളെ ഒതുക്കാന്‍ സൈനിക ഇടപെടലും പതിവായി. ബാള്‍ക്കന്‍, മിഡിലീസ്റ്റ് രാജ്യങ്ങളുമായും റഷ്യയുമായും സ്വരച്ചേര്‍ച്ച ഉണ്ടായിരുന്നില്ല. ഈയൊരു പശ്ചാത്തലത്തില്‍ വേണം ഒഗ്‌ലുവിന്റെ 'നയതന്ത്രപരമായ ആഴം' (Strategic Depth) എന്ന പരികല്‍പനയെ കാണാന്‍. നയതന്ത്രപരമായി വളരെ ആഴങ്ങളുള്ള രാഷ്ട്രമാണ് തുര്‍ക്കി എന്നാണ് 2001-ല്‍ പുറത്തിറക്കിയ ഇതേ പേരിലുള്ള പുസ്തകത്തില്‍ അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. രണ്ട് പ്രധാന കാരണങ്ങളാണ് അദ്ദേഹം നിരത്തുന്നത്. ഒന്ന്, ചരിത്ര പൈതൃകങ്ങളാല്‍ സമ്പന്നമാണ് തുര്‍ക്കി. രണ്ട്, തുര്‍ക്കിയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ്. ബാല്‍ക്കനിലേക്കും മധ്യപൗരസ്ത്യ ദേശത്തേക്കും മധ്യേഷ്യയിലേക്കും കൊക്കേഷ്യന്‍ മേഖലയിലേക്കും ഒരേസമയം തുറക്കാവുന്ന തന്ത്രപ്രധാനമായ കവാടം പോലെയാണ് തുര്‍ക്കി സ്ഥിതി ചെയ്യുന്നത്. അതിനര്‍ഥം ഈ മേഖലകളെയെല്ലാം പലതരത്തില്‍ സ്വാധീനിക്കാന്‍ തുര്‍ക്കിക്ക് കഴിയുമെന്നാണ്. ഈ സാധ്യതകള്‍ മനസ്സിലാക്കി മേഖലയിലെ രാഷ്ട്രീയ സാമ്പത്തിക നായകത്വം കൈയേല്‍ക്കുന്നതിന് പകരം സ്വയം പ്രാന്തവത്കരിച്ച് ഒതുങ്ങിക്കൂടുകയാണ് തുര്‍ക്കി.
ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഈ പുസ്തകത്തില്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. അയല്‍ രാഷ്ട്രങ്ങളുമായുള്ള എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുക എന്നതാണ് ഇതിന് ആദ്യമായി വേണ്ടത്. അതായത് 'പ്രശ്‌നങ്ങളെ പൂജ്യത്തിലേക്ക് കൊണ്ടുവരിക' (Zero problem policy with neighbours). അര്‍മീനിയ, അസര്‍ബീജാന്‍, സെര്‍ബിയ, ഗ്രീസ്, ഇറാന്‍, സിറിയ, ഇറാഖ്, സുഊദി അറേബ്യ, ഈജിപ്ത് തുടങ്ങി ചരിത്രപരമായ കാരണങ്ങളാല്‍ പലതരം പിണക്കങ്ങളുമുള്ള രാജ്യങ്ങളുമായി സൗഹൃദത്തിലാവാന്‍ വിദേശകാര്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം കിണഞ്ഞ് ശ്രമിച്ചത് ഈ തത്ത്വം പ്രയോഗവത്കരിക്കുന്നതിന് വേണ്ടിയായിരുന്നു. ഈ യത്‌നത്തില്‍ അദ്ദേഹം ഒട്ടൊക്കെ വിജയിക്കുകയുംചെയ്തു. അറബ് വസന്താനന്തര കാലത്ത് പല അയല്‍നാടുകളിലെയും ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഈ നീക്കത്തിന് വലിയ തിരിച്ചടിയായിട്ടുണ്ടെന്നതും കാണാതിരുന്നു കൂടാ.
വെല്ലുവിളികള്‍
പ്രധാനമന്ത്രിയായി ചുമതലയേറ്റ ഒഗ്‌ലുവിന്റെ മുന്നില്‍ കടമ്പകള്‍ ഏറെയാണ്. ഇക്കാലമത്രയും അദ്ദേഹം ഉര്‍ദുഗാന്റെ തണലിലാണ് കഴിഞ്ഞത്. രാഷ്ട്രീയക്കാരന്‍ എന്നതിനേക്കാളുപരി അദ്ദേഹം ഒരു നയതന്ത്രജ്ഞനായിരുന്നു. ഇനിയദ്ദേഹത്തിന് ദൈനംദിന രാഷ്ട്രീയത്തിന്റെ പൊരിവെയിലിലേക്ക് ഇറങ്ങേണ്ടിവരും. ഉര്‍ദുഗാന്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റായി മാറിക്കഴിഞ്ഞതിനാല്‍, 2015-ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കേണ്ട ഭാരിച്ച ചുമതല ഒഗ്‌ലുവിന്റെ ചുമലിലാണ്. ആ തെരഞ്ഞെടുപ്പിലും വിജയിച്ചെങ്കില്‍ മാത്രമാണ് ഒഗ്‌ലുവിനെ ഇരുത്തം വന്ന രാഷ്ട്രീയ നേതാവായി വിലയിരുത്താനാവൂ. അല്ലാത്ത പക്ഷം അത് ഒഗ്‌ലുവിന്റെയും എ.കെ പാര്‍ട്ടിയുടെയും പിന്‍മടക്കത്തിന്റെ തുടക്കമായിരിക്കും.
Comments