Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 15

വാണിയമ്പാടിയിലേക്കൊരു ട്രെയ്ന്‍ യാത്ര

ടി.കെ അബ്ദുല്ല /നടന്നു തീരാത്ത വഴികളില്‍-45

         സംഭവം നടക്കുന്നത് 1970 കളിലാണെന്ന് ഓര്‍ക്കുന്നു. കൃത്യമായ കൊല്ലം ഓര്‍ത്തെടുക്കാനാകുന്നില്ല. തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍നിന്ന് എനിക്ക് ഒരു ക്ഷണം വന്നു. ജമാഅത്ത് പ്രവര്‍ത്തകരുടെ ഒരു ക്യാമ്പില്‍ പ്രസ്ഥാനത്തെ പരിചയപ്പെടുത്തിക്കൊണ്ട് സ്റ്റഡീ ക്ലാസ് നടത്തുവാനാണ് ക്ഷണിച്ചിരിക്കുന്നത്. വാണിയമ്പാടിയില്‍ മുമ്പ് ഞാന്‍ പോയിട്ടില്ല. ജോലാര്‍പേട്ടയില്‍ വണ്ടിയിറങ്ങി, ബസില്‍ എന്നെ കൂട്ടിക്കൊണ്ട് പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ വരും എന്നു മുന്‍കൂട്ടി അറിയിച്ചതാണ്(ഇപ്പോള്‍ വാണിയമ്പാടിയില്‍ സ്റ്റേഷന്‍ ഉണ്ട്). വൈകുന്നേരം നാല് മണിക്കുള്ള ട്രെയ്‌നില്‍ കോഴിക്കോട് നിന്ന് കയറിയാല്‍ പിറ്റേന്ന് കാലത്ത് അഞ്ചു മണിയോടെ ജോലാര്‍പേട്ട ജംഗ്ഷനില്‍ ഇറങ്ങാം. ഒറ്റക്കാണ് യാത്ര. എന്നെ യാത്രയയക്കാന്‍ കോഴിക്കോട് സ്റ്റേഷനില്‍ എം.എ അഹ്മദ്കുട്ടി സാഹിബും വന്നിരുന്നു. എന്റെ പ്രായമുള്ള അദ്ദേഹം ഇപ്പോള്‍ സംഭവം ഓര്‍ക്കുന്നില്ല. എനിക്കാകട്ടെ യാത്രയിലുണ്ടായ ചില അനുഭവങ്ങള്‍ കാരണമായി സംഭവം മറക്കാതെ മനസില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നു. കോഴിക്കോട് സ്റ്റേഷനില്‍ ചെന്നപ്പോള്‍ റിസര്‍വേഷന്‍ ടിക്കറ്റുകളൊന്നും ലഭിക്കാനില്ല. ഏതോ ഉത്സവകാലമായതിനാല്‍ വണ്ടികളില്‍ ഭയങ്കര തിരക്കാണ്. ജനത-പാസഞ്ചര്‍ കമ്പാര്‍ട്ടുമെന്റിലേക്ക് മാത്രമേ ടിക്കറ്റുള്ളൂ. വണ്ടി വന്നപ്പോള്‍ കമ്പാര്‍ട്ടുമെന്റുകളിലെല്ലാം തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടം. 'പുതിയ' യാത്രക്കാര്‍ അകത്ത് കടക്കുന്നത് പ്രതിരോധിച്ചുകൊണ്ട് ഡോറില്‍ ആളുകള്‍ നില്‍ക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വണ്ടിയില്‍ കയറിക്കിട്ടാന്‍ ഒരു കുറുക്കുവഴി പ്രയോഗിക്കാറുണ്ടായിരുന്നു അക്കാലത്ത്. റെയില്‍വേ പോര്‍ട്ടര്‍ക്ക് കൈമടക്ക് നല്‍കിയാല്‍ ആളെ ഉടലോടെ എടുത്ത് അകത്തിട്ടുതരും. പിന്നീടുള്ള കാര്യമെല്ലാം യാത്രക്കാരന്‍ നോക്കിക്കൊള്ളണം. എന്നെ കമ്പാര്‍ട്ടുമെന്റിലേക്ക് എടുത്തിട്ടത് ഡോറില്‍ കൂടിയാണോ, അഴികള്‍ ഇല്ലാത്ത ജാലകത്തില്‍ കൂടിയാണോ എന്ന് ഇപ്പോള്‍ നിശ്ചയമില്ല. ഏതായാലും എനിക്ക് 'നില്‍ക്കക്കള്ളി' കിട്ടിയത് ഒരു ജാലകപ്പഴുതിനോട് ചേര്‍ന്നാണ്. ഓരോ യാത്രക്കാരനും നിന്നേടത്ത് നില്‍ക്കുകയല്ലാതെ ഒന്ന് ഇളകാനോ തിരിയാനോ നിവൃത്തിയുണ്ടായിരുന്നില്ല. എന്റെ ഇടതു കൈയില്‍ ബാഗ് ഉണ്ട്. ഭാഗ്യത്തിന് വലതുകൈ ഫ്രീ ആയതുകൊണ്ട് ജാലകത്തില്‍ കൂടി പ്ലാറ്റ്‌ഫോമില്‍ നിന്ന് ചായയോ മറ്റോ വാങ്ങാന്‍ തടസമില്ല. വണ്ടി നീങ്ങി ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, 'ചായ ചായ' എന്ന വിളി കേട്ടു. വെള്ളപ്പവും ചായയും പ്ലാറ്റ്‌ഫോമില്‍നിന്ന് വാങ്ങി കഴിക്കാന്‍ സൗകര്യമുണ്ടായത് മിച്ചം. കൈയില്‍ ബാഗ് തൂക്കി വല്ലാതെ വിഷമിക്കുമ്പോള്‍ ഒരാശ്വാസത്തിന് ബാഗ് കാലില്‍ ചാരി വെക്കും. ഇതിനപ്പുറം, ശരീരം ഒന്നിളക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നില്‍പ്പ്. 13 മണിക്കൂറുകളോളം നിന്ന നില്‍പ്പ് തുടരണം. എനിക്കാണെങ്കില്‍ മൂത്രസംബന്ധമായ അസുഖമുള്ളതിനാല്‍ ഇടക്കിടെ ബാത് റൂമില്‍ പോകണം. കാല്‍മുട്ട് വേദനയും ഉണ്ട്. ഉറക്കമില്ലാതുള്ള ഈ നില്‍പ്പില്‍ കാലില്‍ നീര്‍ക്കെട്ട് വന്നു തുടങ്ങി. അതു സഹിക്കാം. മൂത്രമൊഴിക്കുന്ന കാര്യത്തിനാണ് പരിഹാരമില്ലാത്തത്. എല്ലാ സഹനശക്തിയും കഴിഞ്ഞപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു! കാലിലെ നീര്‍ക്കെട്ട് സഹിച്ചുകൊണ്ട് ഏതോ വിധത്തില്‍ കാലത്ത് അഞ്ചുമണിക്ക് ജോലാര്‍പേട്ട എത്തി. പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി, വാണിയമ്പാടിയിലേക്ക് എന്നെ കൊണ്ടുപോവേണ്ട പ്രവര്‍ത്തകരെയും കാത്തുനിന്നു. പത്തുമിനിറ്റിലധികം നിന്നിട്ടും ആരും വരുന്ന ലക്ഷണമില്ല. രണ്ടും കല്‍പ്പിച്ച് സ്റ്റേഷനു പുറത്തിറങ്ങി. നേരം പുലര്‍ന്നുവരുന്നു. അപ്പോള്‍ മനസ്സിലുള്ളത് വാണിയമ്പാടിയോ പരിപാടിയോ ഒന്നുമല്ല. എങ്ങനെയും ഹോട്ടലിലെത്തി അല്‍പം വിശ്രമിക്കണം. കിട്ടിയ വാഹനത്തില്‍ ഒരു ചെറിയ ഹോട്ടലില്‍ ചെന്നിറങ്ങി. തമിഴരുടെ ഹോട്ടലാണെങ്കിലും എന്റെ റൂംബോയ് മലയാളി പയ്യനായിരുന്നത് ഭാഗ്യം. വസ്ത്രവും ശരീരവും കഴുകി സുബഹ് നമസ്‌കരിച്ച്, ചായയും ചൂടുള്ള അപ്പവും കഴിച്ച്, മറ്റൊന്നും ചിന്തിക്കാതെ ഒരൊറ്റ കിടത്തം! പന്ത്രണ്ടു മണിവരെ സുഖമായി ഉറങ്ങിത്തെളിഞ്ഞപ്പോള്‍ കാലിലെ നീര്‍ക്കെട്ട് നീങ്ങിക്കഴിഞ്ഞിരുന്നു. എന്തുകൊണ്ടാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ വരാതിരുന്നതെന്നോ വന്നെങ്കില്‍ എന്തുകൊണ്ടാണ് എന്നെ കാണാതിരുന്നതെന്നോ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ സംവിധാനവും മറ്റും അന്നുണ്ടായിരുന്നില്ലല്ലോ. ഉച്ചഭക്ഷണവും കഴിഞ്ഞിരിക്കുന്നതിനിടയിലാണ് എവിടെയെല്ലാമോ ഓടിത്തിരക്കി ഭാരവാഹികള്‍ എന്നെ കണ്ടെത്തുന്നത് (കോഴിക്കോടുമായി ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ തലേദിവസം പുറപ്പെട്ട വിവരം അവര്‍ക്ക് ലഭിച്ചിരുന്നു). അവരുടെ വിശദീകരണവും ഖേദപ്രകടനവുമൊക്കെ കേട്ടപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയത്. പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നേരത്തേ വരികയും ഞാന്‍ വന്ന ട്രെയ്‌നില്‍ ഓരോ കമ്പാര്‍ട്ടുമെന്റും അരിച്ചുപെറുക്കുകയും ചെയ്തിരുന്നു. എന്നെ പരിചയമില്ലാത്ത പ്രവര്‍ത്തകരെയാണ് എന്നെ സ്വീകരിക്കാനായി അയച്ചിരുന്നത് എന്ന പിശകേ ഭാരവാഹികള്‍ക്ക് സംഭവിച്ചിരുന്നുള്ളൂ. കേരളത്തിലെ ജമാഅത്ത് നേതൃസ്ഥാനത്തുള്ള എന്നെപ്പോലൊരു ആളെപ്പറ്റി പ്രവര്‍ത്തകരുടെ മനസ്സില്‍ ഒരു സാങ്കല്‍പിക ചിത്രമുണ്ട്; വലിയ താടിയും തൊപ്പിയുമുള്ള ലക്ഷണമൊത്ത മതപണ്ഡിത വേഷധാരിയായ ഒരാള്‍. അങ്ങനെയൊരു താടിക്കാരന്‍ മൗലാനയെയാണ് ട്രെയ്‌നില്‍ അവര്‍ തിരഞ്ഞ് നിരാശരായത്. എന്നെ അവര്‍ പലവട്ടം കണ്ട് കടന്നുപോയിക്കാണും. ഇത്രയും 'സാധു'വായ താടിയില്‍ ഒരു ജമാഅത്ത് നേതാവിനെ അവര്‍ സങ്കല്‍പ്പിച്ചിരുന്നില്ല! ഈ നേരമ്പോക്ക് കേട്ടപ്പോഴാണ് ജമാഅത്തുകാരുടെ താടിയെ പറ്റി ഒരു രസികന്റെ പാട്ടുശകലം ഓര്‍മ വന്നത്.

എന്തിനാ മൗദൂദികള്‍ക്ക് താടിയിത്തറ നീളം?
നീണ്ടു വലിഞ്ഞല്ലെ കിടക്കുന്നു നെഞ്ചത്തോളം

         ഇങ്ങനെയൊരു താടിയാണ് വാണിയമ്പാടി വളണ്ടിയര്‍മാര്‍ തെരഞ്ഞ് നടന്നതെന്ന് തോന്നുന്നു. എന്നാല്‍ ജമാഅത്ത് നേതാക്കളെയും പണ്ഡിതന്മാരെയും സംബന്ധിച്ച ഈ താടി സങ്കല്‍പം കേരളത്തിലെങ്കിലും അക്കാലത്തും ശരിയായിരുന്നില്ല. ഒറ്റപ്പെട്ട ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ പൊതുവേ ജമാഅത്ത് പണ്ഡിതന്മാരും നേതാക്കളും ഇടത്തരം താടിയുടെ ഉടമകളായിരുന്നു. ഞാനാകട്ടെ ആ ഇടത്തരം നിലവാരം പോലും പുലര്‍ത്തുന്ന ആളായിരുന്നില്ല. എന്റെ ലഘുവായ താടി വാണിയമ്പാടി പ്രവര്‍ത്തകര്‍ ഒരു ജമാഅത്ത് നേതാവില്‍ സങ്കല്‍പ്പിച്ചില്ലെങ്കില്‍ അതവരുടെ തെറ്റുമല്ല. ഭാരവാഹികള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് എന്നെ പരിചയമില്ലാത്തവരെ എന്നെ തേടി അയച്ചു എന്നത് മാത്രമാണ്. ഈ താടി തമാശക്കിടയില്‍ യാത്രാവിഷമങ്ങളും പ്രവര്‍ത്തകര്‍ക്ക് വന്ന നോട്ടപ്പിശകുമെല്ലാം ഒരു നേരമ്പോക്കായി മാത്രമേ ഞാന്‍ കണ്ടുള്ളൂ.

         വാണിയമ്പാടി യാത്രയുമായി ബന്ധപ്പെട്ട ത്രില്ല് ഇത്രയും  കൊണ്ട് അവസാനിച്ചു. എന്റെ താടി ദാരിദ്ര്യം അഖിലേന്ത്യാ തലത്തില്‍ പ്രസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട ചില പദവികളില്‍നിന്ന് എന്നെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും നന്ദിപൂര്‍വം അനുസ്മരിക്കുന്നു. വാണിയമ്പാടിയിലെ പരിപാടിയെ കുറിച്ചും സാന്ദര്‍ഭികമായി ഒരു കാര്യം സൂചിപ്പിക്കുന്നു. തെരഞ്ഞെടുത്ത പ്രവര്‍ത്തകരുടെ ഒതുക്കമുള്ള സദസ്സായിരുന്നു അത്. 'ഹുകൂമത്തെ ഇലാഹിയ' എന്ന ഉദാത്തമായ ആദര്‍ശ സങ്കല്‍പ്പം പ്രവര്‍ത്തകരുടെ തലക്കു കയറിയ കാലഘട്ടം. ചര്‍ച്ചയിലും അന്തരീക്ഷത്തിലും അതിന്റെ സ്വാധീനമുണ്ടായിരുന്നു. പ്രായോഗികതയെ കുറിച്ചൊന്നും യാതൊരു സ്ഥലകാലബോധവും പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നില്ല. അവരുടെ പ്രതീക്ഷകളെ തളര്‍ത്താതെയും എന്നാല്‍ ഹുകൂമത്തെ ഇലാഹിയ്യ വളരെ വേഗം വന്ന് പുലരുന്ന ഒന്നല്ലെന്ന് ഭംഗ്യന്തരേണ ബോധ്യപ്പെടുത്തിയും വേണമായിരുന്നു അവരോട് സംവദിക്കാന്‍. ഇതെല്ലാം മനസ്സില്‍വെച്ച് എന്റെ പ്രഭാഷണത്തിന്റെ സാരാംശം ഇത്രയുമായിരുന്നു: ഹുകൂമത്തെ ഇലാഹിയ-ദൈവരാജ്യം- എന്ന ഉദാത്ത സങ്കല്‍പ്പം ഈ ഭൂമിയില്‍ തന്നെ സംഭവിക്കാനുള്ളതാണ്. എന്നാല്‍ അത് പടിപടിയായും ക്രമപ്രവൃദ്ധമായും മുന്നോട്ടുപോകുന്ന ഒരു പ്രക്രിയയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ദൈവരാജ്യം ഒന്നാമതായി സ്ഥാപിതമാകേണ്ടത് അവനവനില്‍ തന്നെയാണ്. സ്വന്തം ശരീരാത്മാക്കളെ അല്ലാഹുവിന്റെ ആജ്ഞകള്‍ക്കും ഇംഗിതത്തിനും കീഴ്‌പ്പെടുത്തിയ വ്യക്തികള്‍ക്ക് മാത്രമേ സമൂഹതലത്തില്‍ ദൈവരാജ്യ സന്ദേശവുമായി മുമ്പോട്ടു പോകാന്‍ സാധ്യമാവുകയുള്ളൂ. അതാകട്ടെ, മേലേ തട്ടില്‍നിന്ന് താഴോട്ടു വരേണ്ടതല്ല. വ്യക്തിതൊട്ട് മഹല്ലു-പഞ്ചായത്തു മുതല്‍ ദേശ രാഷ്ട്രത്തോളവും ലോകസംവിധാനത്തോളവും വളരേണ്ടുന്ന ഉദാത്ത സങ്കല്‍പ്പമാണ് ഹുകൂമത്തെ ഇലാഹിയ്യ. ഇന്ത്യയെപ്പോലുള്ള നിലവിലെ സാഹചര്യത്തില്‍ വ്യക്തിത്വ വികാസവും സമൂഹ രചനയുമാണ്; ആയിരിക്കണം നമ്മുടെ പ്രവര്‍ത്തന മണ്ഡലം. രാഷ്ട്ര സംവിധാനം അതിന്റെയെല്ലാം ഫലമായി സംഭവിക്കുന്ന മൂര്‍ത്തരൂപമാണ് (നിലവിലെ സാഹചര്യത്തില്‍ ഇതുപോലൊരു വിശദീകരണത്തിന് ആവശ്യകതയില്ലെങ്കിലും അന്നത്തെ അന്തരീക്ഷത്തില്‍ ഈ വിശദീകരണം തൃപ്തികരമായി അനുഭവപ്പെട്ടു. തമിഴ്‌നാട് അമീറായിരുന്ന ഇഅ്ജാസ് അസ്‌ലം സാഹിബ് പിന്നീട് പലപ്പോഴും അത് എടുത്തു പറഞ്ഞപ്പോഴാണ് ഞാനിത് ശ്രദ്ധിച്ചത്). 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 128-130
എ.വൈ.ആര്‍