Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 15

ആരാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നത്?

ഹാമിദ് ദബാശി /കവര്‍‌സ്റ്റോറി

         സ്രയേല്‍ അറുകൊലയെ കുറിച്ച് അമേരിക്കന്‍-യൂറോപ്യന്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്ന പല്ലവി, ഹമാസ് ഇസ്രയേലിനെതിരെ ഏതാനും റോക്കറ്റുകള്‍ തൊടുത്തു വിട്ടു എന്നതാണ്. അമേരിക്കന്‍ നികുതിദായകരാല്‍ സ്ഥാപിതമായ അത്യാധുനിക ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതകൊണ്ട് തന്നെ ഈ റോക്കറ്റുകള്‍ ഏറ്റ് ഒരു ഇസ്രയേലീ പുരുഷനോ സ്ത്രീക്കോ കുട്ടിക്കോ പരിക്കേല്‍ക്കുകയോ അവയവങ്ങള്‍ക്ക് പോറലേല്‍ക്കുകയോ ചെയ്തിട്ടില്ല. പക്ഷേ ഈ യാഥാര്‍ഥ്യം ബി.ബി.സി, സി.എന്‍.എന്‍ തുടങ്ങി ഇസ്രയേല്‍ അനുകൂല നിലപാടെടുക്കുന്ന ഒരു മാധ്യമവും ഒരിക്കലും പരിഗണിച്ചിട്ടില്ല, മറിച്ച് ഗസ്സയെക്കുറിച്ച റിപ്പോര്‍ട്ടുകളില്‍ സന്തുലിതത്വം (Balance) പാലിക്കാന്‍ ഹമാസ് ജൂത രാഷ്ട്രത്തിനെതിരെ തൊടുത്തുവിട്ട റോക്കറ്റുകളെ കുറിച്ച് അവര്‍ നിരന്തരം വാചാലരായിക്കൊണ്ടേയിരിക്കുന്നു. ഇസ്രയേല്‍ ബോംബുകളേറ്റ് ദുരിതം പേറുന്ന ഫലസ്ത്വീനികളുടെ ചിത്രങ്ങള്‍ കാണിച്ച് തന്റെ അമേരിക്കന്‍ പ്രേക്ഷകരുടെ മുന്നില്‍ ഇസ്രയേല്‍ ആക്രമിക്കപ്പെടുന്നു എന്ന് വിലപിച്ച എ.ബി.സി ന്യൂസിലെ റിപ്പോര്‍ട്ടര്‍ ഡിയനെ സേവിയര്‍ ഇതിന്റെ ഒരു ഹീന ഉദാഹരണമാണ്. 

         ഹമാസ് ഇസ്രയേലിനെതിരെ ഏതാനും റോക്കറ്റുകള്‍ തൊടുത്തു വിട്ടു എന്നത് യാഥാര്‍ഥ്യമാണ്. ആ റോക്കറ്റുകള്‍ ആരെയും സ്പര്‍ശിക്കുന്നില്ല എന്നത് അവരുടെ തിരിച്ചാക്രമിക്കുക എന്ന ഉദ്ദേശ്യത്തെ ഇല്ലാതാക്കുന്നില്ല. ഹമാസ് ഒരു വിഭാഗത്തെ തിരിച്ചാക്രമിക്കാനും അവരുടെയാളുകളെ വേദനിപ്പിക്കാനും തന്നെയാണ് ആയുധങ്ങള്‍ ഉപയോഗിക്കുന്നതെങ്കിലും ഹമാസിന്റെ സൈനിക സംവിധാനങ്ങള്‍ക്ക് അമേരിക്കന്‍ പിന്തുണയില്ലാത്തതു കൊണ്ട് തന്നെ അവര്‍ക്ക് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല.

         അമേരിക്കന്‍-ഇസ്രയേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി(AIPAC)യെയും ഇതര ഇസ്രയേല്‍ ലോബിയിംഗ് ഗ്രൂപ്പുകളെയും ഇസ്രയേല്‍ അനുകൂല കോടീശ്വരന്മാരെയും ഉപയോഗപ്പെടുത്തി പ്രപഞ്ചത്തിലെ ഏറ്റവും മാരക സൈനിക ശേഷിയുള്ള അമേരിക്കയുമായി ഒരു പ്രത്യേക ബന്ധം ഇസ്രയേല്‍ രൂപപ്പെടുത്തിയിരിക്കുന്നു. അതാണ് അവരുടെ ശക്തിയും. എന്നാല്‍, അത്തരം ഒരു ബന്ധം രൂപപ്പെടുത്തുന്നതില്‍ ഹമാസിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അമേരിക്കന്‍ സൈനിക സംവിധാനങ്ങളുമായി ഒരിക്കലും താരതമ്യം സാധ്യമല്ലാത്ത ഇറാന്‍ പോലുള്ള ചെറിയ രാജ്യങ്ങള്‍ മാത്രമായിരിക്കും ഒരു പക്ഷേ ഹമാസിനു പുറത്ത് നിന്നുള്ള സഹായങ്ങള്‍ എത്തിക്കുക. 

ഉന്നം തെറ്റുന്ന റോക്കറ്റുകള്‍

         തീര്‍ത്തും ഉപയോഗശൂന്യമാണെങ്കിലും എന്തിനാണ് ഹമാസ് ഈ ഉന്നം തെറ്റുന്ന റോക്കറ്റുകള്‍ തൊടുത്ത് വിട്ടുകൊണ്ടിരിക്കുന്നത്? ഇസ്രയേല്‍ സൈന്യവുമായി കൊമ്പ് കോര്‍ക്കാന്‍ പ്രാപ്തരല്ലാതിരുന്നിട്ടും അവരെന്തുകൊണ്ട് ഇത് നിര്‍ത്തുന്നില്ല? ഇവിടെ ഹമാസ് ദാവീദും ഇസ്രയേല്‍ ഗോലിയാത്തും ആണെന്ന് പറയേണ്ടിവരും. ഹമാസിന്റെ ഗസ്സയിലെ പ്രതിരോധ ശ്രമങ്ങള്‍ ഇല്ലാതെ ഫലസ്ത്വീന് നല്ല നിലയില്‍ മുന്നോട്ടു പോകാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങള്‍ കുറച്ചുകൂടി വിശാലമായ പശ്ചാത്തലത്തില്‍ ചോദിക്കേണ്ടിയിരിക്കുന്നു. 2006-ലെ പാര്‍ലമെന്ററി തെരഞ്ഞടുപ്പില്‍ സുപ്രധാന വിജയം നേടിയ, ഫലസ്ത്വീന്‍ ജനതയുടെ അടിത്തട്ടില്‍ പിന്തുണയുള്ള ഒരു ന്യായാനുസൃത സംഘടനയല്ലേ  ഹമാസ്? ഹമാസിനെ ഇഷ്ടപ്പെടാത്ത, ഹമാസിന്റെ രീതികളും പ്രത്യയശാസ്ത്രങ്ങളുമായി  വിയോജിക്കുന്ന ധാരാളം പേരെ വ്യക്തിപരമായി എനിക്കറിയാം. ഈ വൈവിധ്യമാര്‍ന്ന രാഷ്ട്രീയ അഭിപ്രായങ്ങളൊക്കെ തന്നെയും ഹമാസ് എത്രത്തോളം അധിനിവേശത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമാണോ അത്രതന്നെ അതിന്റെ ഭാഗവുമാണ്. 

         മറ്റേതൊരു സമൂഹത്തെയും പോലെ ഫലസ്ത്വീനും വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഒരു ജനവിഭാഗമാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍, രാഷ്ട്രീയ അഭിപ്രായങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയാണ് ഫലസ്ത്വീനെയും രൂപപ്പെടുത്തുന്നത്. അവര്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും യുക്തിവാദികളും നിരീശ്വരവാദികളുമെല്ലാം ഉള്‍ക്കൊള്ളുന്നവരാണ്. അവരില്‍ ദേശീയ വാദികളും സോഷ്യലിസ്റ്റുകളുമെല്ലം ഉണ്ട്. അവരില്‍ സെക്യുലരിസ്റ്റുകളെയും ഇസ്‌ലാമിസ്റ്റുകളെയും പോസ്റ്റ് ഇസ്‌ലാമിസ്റ്റുകളെയും പോസ്റ്റ് സെക്യുലറിസ്റ്റുകളെയുമെല്ലാം കാണാം. ഫെമിനിസ്റ്റുകളും ആധുനികരും ഉത്തരാധുനികരും അപനിര്‍മാണവാദികളുമെല്ലാം അവരിലുണ്ട്. ചില സമയങ്ങളിലവര്‍ പ്രാദേശികവാദികളാവും; മറ്റു ചില സമയങ്ങളില്‍ സാര്‍വലൗകികവാദികളും. നിങ്ങള്‍ ഏതൊക്കെ  പേരുകളില്‍ വിളിച്ചാലും അവരില്‍ ഐക്യത്തിന്റെ വക്താക്കളും സമാധാനവാദികളും സമരോത്സുകരുമെല്ലാമുണ്ട്. അവരില്‍ ഒരാള്‍ 'പോസ്റ്റ് കൊളോണിയല്‍' എന്ന വിമര്‍ശാനാത്മക ചിന്താധാരയുടെ സ്ഥാപകനുമാണ് (എഡ്വേര്‍ഡ് സൈദ്).  ഏതൊരു സമൂഹത്തിനും സ്വാഭാവികമായും ഉണ്ടാവുന്ന അത്രയും വൈവിധ്യങ്ങളെല്ലാം അവര്‍ക്കുമുണ്ട്.

         അതിലുപരി, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഫലസ്ത്വീന്‍ പ്രതിരോധത്തിന്റെ ഏറ്റവും ചടുലമായ മുഖം അഹിംസാധിഷ്ഠിതമായ സമൂഹിക നിസ്സഹകരണമാണ്. പ്രതിരോധത്തെ രൂപപ്പെടുത്തുന്ന ഈ ഫലസ്ത്വീനികള്‍ ആരാണ്? അവര്‍ ഒരു പക്ഷേ മഹ്മൂദ് ദര്‍വീശിനെ പോലെ ഒരു കവിയാവാം; ഗസ്സാന്‍ കനഫാനിയെ പോലെ ഒരു നോവലിസ്റ്റാവാം; മിഷേല്‍ ഖലൈഫിയെപോലെ ഒരു സിനിമാ നിര്‍മാതാവാവാം; മോനാ ഹാതമിനെ പോലെ ഒരു കലാകാരിയാവാം, അല്ലെങ്കില്‍ ലൈലാ അബുലുഗ്ദിനെ പോലെ ഒരു ഫെമിനിസ്റ്റാവാം. ആത്യന്തികമായി, അവര്‍ എന്തു ചെയ്താലും അവര്‍ അതിലൂടെ തങ്ങളുടെ മാതൃരാജ്യത്തുള്ള സൈനിക അധിനിവേശത്തെ എതിര്‍ക്കുകയും ചെറുക്കുകയുമാണ്. 

         അതുപോലെതന്നെ, ഒരു വിഭാഗം ഫലസ്ത്വീനികള്‍ പ്രതിരോധത്തിനായി സായുധമാര്‍ഗവും  അവലംബിക്കുന്നുണ്ട്. ഫലസ്ത്വീന്‍ ദേശീയ വിമോചന പോരാട്ടത്തില്‍ ആയുധമെടുത്ത് പോരാടുന്ന ഹമാസും ആ പ്രതിരോധത്തിന്റെ അനിവാര്യ ഭാഗമാണ്. പക്ഷേ, മറ്റേതൊരു പ്രതിരോധ മാര്‍ഗത്തെയും പോലെ, ഹമാസ് മാത്രമല്ല ഫലസ്ത്വീന്‍ പ്രതിരോധം, പോരാട്ടത്തിന്റെ ഏക മുഖം.

ഇസ്രയേല്‍ പ്രചാരണ 
സംവിധാനങ്ങള്‍

         ഫലസ്ത്വീനിലെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ പ്രതിരോധ ശ്രമങ്ങളെ മുഴുവന്‍ ഹമാസിലേക്ക് ചുരുക്കിക്കെട്ടി ഭരണകൂട പിന്തുണയാലും കുത്തക മാധ്യമങ്ങളുടെ സഹായത്താലും  ഹമാസിന്റെ പ്രതിഛായ നശിപ്പിച്ച് അക്രമങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കുന്നതില്‍ ഇസ്രയേല്‍ പ്രചാരണ സംവിധാനങ്ങള്‍ വിജയിച്ചിരിക്കുന്നു. ബി.ബി.സി, എ.ബി.സി, സി.എന്‍.എന്‍ പോലുള്ള ചാനലുകള്‍ ഇതിനു സഹായകമായി നില്‍ക്കുകയും ചെയ്യുന്നു. ഇത്തരം തന്ത്രങ്ങളിലൂടെ ഇസ്രയേല്‍ ഫലസ്ത്വീനെ ഒറ്റപ്പെടുത്തുകയും ഫലസ്ത്വീനികളെ കൊല്ലാക്കൊല ചെയ്യുകയുമാണ്.

         ഇനി വാദത്തിനുവേണ്ടി, നാളെ നേരം പുലരുമ്പോള്‍ ഇസ്രയേലിലേക്ക് ഉപയോഗ ശൂന്യമായ റോക്കറ്റുകള്‍ എയ്യാന്‍ ഹമാസ് ഇല്ലാതായാല്‍ എന്താണ് സംഭവിക്കുക? ഇസ്രയേല്‍ അവര്‍ മോഷ്ടിച്ചെടുത്ത ഭൂമിയെല്ലാം അവയുടെ യഥാര്‍ഥ അവകാശികള്‍ക്ക് തിരിച്ചുകൊടുത്ത് അവിടെനിന്ന് പിന്തിരിയാനുള്ള സൗമനസ്യം കാണിക്കുമോ? ഒരിക്കലുമില്ല. ഇനി 1987 മുതല്‍ ഹമാസ് തന്നെ ഉണ്ടായിരുന്നില്ലെന്ന് വെക്കുക, എങ്കില്‍ ഫലസ്തീനില്‍നിന്ന് ഇസ്രയേല്‍ പിന്മാറുമായിരുന്നോ? അപ്പോള്‍ യഥാര്‍ഥ പ്രശ്‌നം ഹമാസ് അല്ല. 

         എത്ര വൈവിധ്യമാര്‍ന്ന രീതിയിലായിരുന്നാലും തങ്ങള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന മാര്‍ഗത്തിലൂടെ ഫലസ്ത്വീനികള്‍ അധിനിവേശത്തെ ചെറുക്കുക എന്നത് അവരുടെ അവകാശമാണ്. അതൊരു പക്ഷേ മുഹമ്മദ് അസ്സാഫിന്റെ അതിസുന്ദരമായ ഗാനങ്ങളിലൂടെയാവാം; മഹ്മൂദ് ദര്‍വീശിന്റെ പ്രൗഢഗംഭീരമായ കവിതയിലൂടെയാവാം; ഏലിയാ സുലൈമാന്റെ സിനിമയിലൂടെയോ ഗസ്സാന്‍ കനഫാനിയുടെ നോവലിലൂടെയോ വിദാദ് കഅ്‌വാറിന്റെ ഫലസ്ത്വീന്‍ നാട്ടാചാരങ്ങളെ കുറിച്ച പുസ്തകത്തിലൂടെയോ, റൗദഃ ബിഷാറയുടെ ഫലസ്ത്വീന്‍ ഭക്ഷണവിഭവങ്ങളെ കുറിച്ച പുസ്തകങ്ങളിലൂടെയോ പി.എഫ്.എല്‍.പി (Popular Front of Liberation of Palastine) പോലുള്ള സമരോത്സുക മാര്‍ക്‌സിസ്റ്റ് സംഘടനയിലൂടെയോ ഒക്കെ ആവാം; ഹമാസിന്റെ ഇസ്‌ലാമിസ്റ്റ് പ്രത്യാശാസ്ത്രത്തിലൂടെയും ആവാം. 

ഒരാള്‍ക്ക് ഹമാസുമായി വിയോജിക്കാം, അവരോടൊപ്പം സമരത്തില്‍ പങ്ക് ചേരാതിരിക്കാം. പക്ഷേ, ഒരാള്‍ക്കും മുഴുവന്‍ ഫലസ്ത്വീന്‍ പ്രതിരോധത്തെയും ഹമാസിലേക്ക് ചുരുക്കിക്കെട്ടാനാവില്ല. ഹമാസ് പിരിച്ച് വിട്ടാല്‍ ഫലസ്ത്വീന്‍ പ്രശ്‌നം അതോടെ  അവസാനിക്കുമെന്നും പറയാന്‍ കഴിയില്ല.

         ഗസ്സയെ ആക്രമിക്കാന്‍ ഹമാസാണ് ഇസ്രയേലിനെ പ്രകോപിപ്പിക്കുന്നത് എന്ന വ്യാജ പ്രചാരണം വ്യാഖ്യാനപരമായി തെറ്റാണ് എന്ന് മാത്രമല്ല, ഹമാസിനേക്കാള്‍ എത്രയോ മുന്നേ ആരംഭിച്ച ഇസ്രയേലി സൈനിക ആക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ഹമാസ് ചെയ്യുന്നത് എന്നതാണ് വസ്തുത. അതുപോലെ തന്നെ മുഴുവന്‍ ഫലസ്ത്വീനെയും ഹമാസിലേക്ക് ചുരുക്കി കെട്ടാനോ, ഏതൊരു രീതിയില്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ ഫലസ്ത്വീനികള്‍ ആഗ്രഹിക്കുന്നോ അതിനുള്ള അവരുടെ അവകാശത്തെ നിഷേധിക്കാനോ ആര്‍ക്കും സാധ്യമല്ല. ഈ പ്രതിരോധ രീതികളെ 'മിതവാദം', 'തീവ്രവാദം' എന്നിങ്ങനെ വിഭജിച്ച് നിര്‍ത്തുന്നത് വാഷിംഗ്ടണിലുള്ള അപകടകാരികളായ ബുദ്ധിജീവി കേന്ദ്രങ്ങളാണ്. 

         ആന്‍മേരി ജാസിറിന്റെ ഒരു സിനിമയും, എമിലി ജാസിര്‍ രൂപപ്പെടുത്തുന്ന വാസ്തു ശില്‍പ്പങ്ങളും, റഫീഫ് സിയാദയുടെയും ദനാ ദജ്ജാനിയുടെയും കവിതകളും, റീം ബന്നയുടെ ഗാനങ്ങളും ഹമാസ് തൊടുത്ത് വിടുന്ന ദുര്‍ബല റോക്കറ്റുകളേക്കാള്‍ മൗലികമായ പ്രതിരോധങ്ങളാണ്. തലമുറകളായി സയണിസത്തിന്റെ കഴുത്ത് പിടിച്ച് ഞെരിക്കുന്ന, ഫലസ്ത്വീനെ വിഴുങ്ങാന്‍ സയണിസത്തെ അനുവദിക്കാതിരിക്കുന്ന ഈ മൗലിക പ്രതിരോധങ്ങള്‍ ലോകം അറിയരുത് എന്നത് ഇസ്രയേല്‍ പ്രചാരണ സംവിധാനങ്ങളുടെ ആവശ്യമാണ്. അതിനുവേണ്ടിയാണ് അവര്‍ ഫലസ്ത്വീന്റെ ഏക മുഖം ഹമാസ് മാത്രമാണ് എന്ന രീതിയില്‍ പര്‍വതീകരിക്കുന്നത്.

സൈനിക ക്രൂരതകള്‍ 

         ഭാവിയില്‍ 'സ്വതന്ത്ര ജനാധിപത്യ ഫലസ്ത്വീനി'ല്‍ തെരഞ്ഞെടുപ്പുകളില്‍ ഹമാസ് എത്ര വോട്ട് നേടും എന്ന് നമുക്കറിയില്ല. അതോടൊപ്പം അങ്ങനെ ഒരു ഭാവി വിഭാവനം ചെയ്യുന്നതിന്റെ അടുത്തൊന്നും നാം ഇതുവരെ എത്തിയിട്ടുമില്ല. അതിനുള്ള പ്രധാന തടസ്സം ഇസ്രയേലും അതിന്റെ ക്രൂര അധിനിവേശ സൈന്യവുമാണ്. അങ്ങനെ ഒരു സമയം വരുന്നത് വരെ സ്വന്തം നാട് പിടിച്ച് പറിക്കുന്നവര്‍ക്കെതിരെ തങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ പ്രതിരോധത്തിലേര്‍പ്പെടാന്‍ ഫലസ്ത്വീനികള്‍ക്ക് പൂര്‍ണ അവകാശമുണ്ട്. ആ പ്രതിരോധ ശ്രമങ്ങള്‍ ഹമാസില്‍ മാത്രം പരിമിതമല്ലെങ്കിലും അതിന്റെ പ്രധാന ഭാഗം ഹമാസ് തന്നെയാണ്.

         ഹമാസ് ഇസ്രയേലിനെ ആക്രമണത്തിനു പ്രകോപിപ്പിക്കുന്നില്ല. മറിച്ച് ഫലസ്ത്വീനികളാണ് നിരന്തരം പ്രകോപിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഫലസ്ത്വീന്‍ എന്ന പേരും, ഫലസ്ത്വീനിയാവുക എന്ന പ്രതിഭാസവും, ഫലസ്ത്വീനികള്‍ സയണിസത്തിന്റെ ധാര്‍മിക പാപ്പരത്തത്തിനു നിരന്തരം സാക്ഷികളാവുന്നതും ഇസ്രയേലിനെ നിരന്തരം പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഫലസ്ത്വീനികളുടെ നിലനില്‍പ്പ് തന്നെ ഇസ്രയേലിനെയും അതിന്റെ ആധിപത്യ പ്രത്യയശാസ്ത്രത്തെയും നിഷേധിച്ചുകൊണ്ട് മാത്രമേ സാധ്യമാവൂ. അതിനാലാണ് ഫലസ്ത്വീനികള്‍ എന്ന ഒരു വിഭാഗം തന്നെ നിലനില്‍ക്കുന്നില്ലെന്ന് മുന്‍ ഇസ്രയേലി പ്രധാനമന്ത്രി ഗോള്‍ഡ മെയര്‍ പറഞ്ഞത്. ലോകത്ത് എവിടെയെങ്കിലും ഒരു ഫലസ്ത്വീനിയെങ്കിലും അതിജീവിക്കുവോളം ഗോള്‍ഡ മെയര്‍ ഒരു തമാശയായി മാത്രം അവശേഷിക്കും. അതിനാല്‍ തന്നെ അവര്‍ പറേയണ്ടിയിരുന്നത്, ഇസ്രയേല്‍ പ്രധാനമന്ത്രി പദവിയിലെത്താന്‍ ഇവിടെ ഒരു ഫലസ്ത്വീനിയും ഇല്ല എന്നായിരുന്നു.

         ഒരു ഇസ്രയേല്‍ അനുകൂലി 'ഹമാസ്' എന്ന് പറഞ്ഞാല്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത് 'ഫലസ്ത്വീന്‍' എന്നാണ്. അതാണ് അതിന്റെ യഥാര്‍ഥ അര്‍ഥം. ഇസ്രയേലീ പ്രചാരണ തന്ത്രജ്ഞര്‍ ഹമാസ് എന്നത് കൊണ്ട് അര്‍ഥമാക്കുന്നതും അതാണ്. അവര്‍ക്ക് ആ ഭൂപ്രദേശം മുഴുവനായി കീഴ്‌പ്പെടുത്തി അതിനെ ഇസ്രയേല്‍ എന്ന് വിളിക്കേണ്ടിയിരിക്കുന്നു. അവിടെ വസിക്കുന്ന വംശത്തെ മുഴുവന്‍ ഇല്ലാതാക്കി, ഒരു യുവ ഇസ്രയേലി പരുഷമായി പറഞ്ഞത് പോലെ, മുഴുവന്‍ ഫലസ്ത്വീനികളെയും അവര്‍ക്ക് കരയില്‍നിന്ന് കടലിലേക്ക് തുടച്ച് നീക്കേണ്ടിയിരിക്കുന്നു.

         അധിനിവേശകരുടെ ഒരു കൊലപാതക സംഘം എന്ന രീതിയില്‍ ഫലസ്ത്വീനിന്റെ അവസാന മണ്ണും കീഴടക്കാതെ സയണിസം അവരുടെ മനുഷ്യക്കുരുതി അവസാനിപ്പിക്കില്ല. എന്നിരുന്നാലും ഫലസ്ത്വീനികള്‍ അവരുടെ മാതൃഭൂമിക്ക് വേണ്ടി കീഴടങ്ങാതെ പോരാടും, അധിനിവേശത്തെ ചെറുക്കും, പുതു തലമുറകള്‍ ജനിക്കും, അവര്‍ വിമോചനത്തിന്റെ പാട്ടുകള്‍ പാടും, നൃത്തം ചവിട്ടും, കവിതകളെഴുതും, സിനിമകള്‍ ഉണ്ടാക്കും, സാമൂഹിക നിസ്സഹകരണം തുടരും, ഇസ്രയേലിനെ ബഹിഷ്‌കരിക്കാനായി ആഹ്വാനങ്ങള്‍ നടത്തും. അതോടൊപ്പം തന്നെ അവരില്‍ ചിലര്‍ ദുര്‍ബലമെങ്കിലും ചില ആയുധങ്ങള്‍ എടുത്ത് ലോകത്തെ ഏറ്റവും സുശക്തമായ സൈനിക സംവിധാനങ്ങളുള്ള ഇസ്രയേലിന്റെ പിടിച്ചുപറിക്കെതിരെ മാതൃരാജ്യത്തിനായി പോരാടുകയും ചെയ്യും. 

(ന്യൂയോര്‍ക്കിലെ കൊളംബിയ യൂനിവേഴ്‌സിറ്റി അധ്യാപകനും പ്രമുഖ കോളമിസ്റ്റുമാണ് ലേഖകന്‍)

വിവ: കെ.ടി ഹാഫിസ്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 128-130
എ.വൈ.ആര്‍