പട്ടിണിയില്ലാത്ത സമൂഹത്തിനായി പണിയെടുക്കേണ്ടവര്‍
പരിശുദ്ധ ഖുര്‍ആനില്‍ ഒരൊറ്റ പ്രവാചകന്റെ ചരിത്രമേ ഒരൊറ്റ അധ്യായത്തില്‍ ക്രമാനുഗതമായി വിശദീകരിച്ചിട്ടുള്ളൂ. ആ ചരിത്ര വിവരണത്തെ ഏറ്റവും നല്ല കഥയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. യൂസുഫ് നബിയുടെ കഥയാണത്. ആ അധ്യായത്തിന് അദ്ദേഹത്തിന്റെ തന്നെ പേരും നല്‍കിയിരിക്കുന്നു.
യൂസുഫ് നബിക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അമാനുഷിക സിദ്ധി സ്വപ്നവ്യാഖ്യാന കഴിവാണ്. അത് അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിനെന്ന പോലെ ഈജിപ്തിനെ പട്ടിണിയില്‍ നിന്ന് മോചിപ്പിക്കാനും വഴിയൊരുക്കി.
യൂസുഫ് നബി ഭൂമിയില്‍ നിര്‍വഹിച്ച മഹത്തായ കൃത്യങ്ങളില്‍ ഖുര്‍ആന്‍ പ്രധാനമായും എടുത്തുപറയുന്നത് ഈജിപ്തിനെ ഏഴു കൊല്ലത്തെ കൊടും പട്ടിണിയില്‍ നിന്ന് മോചിപ്പിക്കാന്‍ നടത്തിയ ശ്രമമാണ്. എട്ടൊമ്പത് മാസത്തെ ജയില്‍ജീവിതത്തിനു ശേഷം പുറത്തുവന്നപ്പോള്‍ അദ്ദേഹം രാജാവിനോടാവശ്യപ്പെട്ടത് അതിനവസരം നല്‍കാനാണ്. അദ്ദേഹം പറഞ്ഞു: ''രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനത് പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്'' (ഖുര്‍ആന്‍ 12:55).
നൂറിലേറെ സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ഒരു പ്രവാചകന്‍ നിര്‍വഹിച്ച മുഖ്യ നിയോഗങ്ങളിലൊന്ന് ഒരു നാടിന്റെ പട്ടിണിയകറ്റുക എന്നതായിരുന്നുവെങ്കില്‍ വിശപ്പകറ്റുന്നതിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം എത്ര മാത്രമാണെന്ന് മനസ്സിലാക്കാം.
ഇബ്‌റാഹീം നബി സഹധര്‍മിണി ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും മക്കാ താഴ്‌വരയില്‍ താമസിപ്പിച്ചപ്പോള്‍, തന്നെയും സന്താന പരമ്പരകളെയും വിഗ്രഹാരാധനയില്‍ നിന്നകറ്റാനെന്ന പോലെ പട്ടിണിയില്‍ നിന്നും പേടിയില്‍ നിന്നും മോചിപ്പിക്കാനും പ്രാര്‍ഥിക്കുകയുണ്ടായി (2:126). വിശുദ്ധ മന്ദിരത്തിനടുത്ത് അവരെ താമസിപ്പിച്ചത് നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണെന്ന് പറഞ്ഞതോടൊപ്പം ജനമനസ്സുകളെ അവരുമായി അടുപ്പിക്കാനും അവര്‍ക്ക് ആഹാരം ലഭ്യമാക്കാനും അല്ലാഹുവോട് അര്‍ഥിച്ചു (14:37). അല്ലാഹു തനിക്ക് വഴിപ്പെട്ട് ജീവിക്കാനാവശ്യപ്പെട്ടുകൊണ്ട്, സ്വയം പരിചയപ്പെടുത്തിത് 'പട്ടിണിയില്‍ നിന്നും പേടിയില്‍ നിന്നും മോചനം നല്‍കിയവന്‍' (106:3,4) എന്നാണ്.
അഗതി സംരക്ഷണം
സമൂഹത്തില്‍ സാമ്പത്തികമായി വളരെയേറെ പ്രയാസപ്പെടുകയും പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നവരെ ഖുര്‍ആന്‍ കൂടുതലായും പരിചയപ്പെടുത്തിയത് അഗതി(മിസ്‌കീന്‍)കളെന്ന പേരിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇരുപതിലേറെ സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. ദരിദ്രന്‍ (ഫഖീര്‍) എന്നും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. പത്തിലേറെ സ്ഥലങ്ങളില്‍ ഇവ്വിധമുള്ള പ്രയോഗങ്ങളുണ്ട്.
അഗതികള്‍ക്ക് അര്‍ഹതപ്പെട്ട ആഹാരം അവര്‍ക്ക് നല്‍കാന്‍ പ്രേരിപ്പിക്കാത്തവര്‍ മതനിഷേധികളാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (107:1-3). പരലോകത്ത് മനുഷ്യജീവിതത്തെ മുഴുവനുമായി വിലയിരുത്തി വിചാരണ നടത്തി നരകാവകാശിയെന്ന് വിധിക്കപ്പെടുമ്പോള്‍ അയാളുടെ ശിക്ഷക്ക് കാരണമാകുന്ന തെറ്റുകുറ്റങ്ങളെ രണ്ടായി ചുരുക്കിയാല്‍ അതിലൊന്ന് അഗതികള്‍ക്ക് അര്‍ഹമായ ആഹാരം അവര്‍ക്ക് നല്‍കാന്‍ പ്രേരിപ്പിക്കാത്തതായിരിക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''എന്നാല്‍ ഇടതുകൈയില്‍ കര്‍മപുസ്തകം കിട്ടുന്നവനോ, അവന്‍ പറയും: 'കഷ്ടം, എനിക്കെന്റെ കര്‍മപുസ്തകം കിട്ടിയില്ലായിരുന്നെങ്കില്‍! എന്റെ കണക്ക് എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍! മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍! എന്റെ ധനം എനിക്കൊട്ടും ഉപകരിച്ചില്ല. എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു.' അപ്പോള്‍ കല്‍പനയുണ്ടാകുന്നു: നിങ്ങള്‍ അവനെ പിടിച്ച് കുരുക്കിലിടൂ. പിന്നെ നരകത്തിലെറിയൂ. എന്നിട്ട് എഴുപത് മുഴം നീളമുള്ള ചങ്ങല കൊണ്ട് കെട്ടിവരിയൂ. അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അവരുടെ അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല'' (69:25-34).
നിങ്ങളെ നരകത്തിലെത്തിച്ചതെന്തെന്ന ചോദ്യത്തിന് നരകാവകാശികള്‍ നല്‍കുന്ന മറുപടിയിലും പറയുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് 'ഞങ്ങള്‍ അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരായിരുന്നില്ല' (74:41-44) എന്നതാണ്. പരമനിന്ദ്യനായി മാറുന്ന മനുഷ്യന്‍ അങ്ങനെയാവാന്‍ കാരണം അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തതാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (89:18). ഏറ്റം പുണ്യകരവും മഹത്തരവുമായ കാര്യം ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''മലമ്പാത എന്തെന്ന് നിനക്കെന്തറിയാം? അത് അടിമയുടെ മോചനമാണ്. അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം. അടുത്ത ബന്ധുവായ അനാഥക്ക്, അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണ് പുരണ്ട അഗതിക്ക്'' (90:12-16).
പരലോകത്ത് മഹത്തായ പ്രതിഫലത്തിനര്‍ഹരാകുന്ന സുകര്‍മികളുടെ സവിശേഷതയായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നതും ഇതുതന്നെ. ''ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ധിതന്നും നല്‍കുന്നു'' (76:8).
പുണ്യം എന്തെന്ന് വിശദീകരിക്കവെ ഖുര്‍ആന്‍ പറയുന്നു: ''ധനത്തോട് ഏറെ പ്രിയമുണ്ടായിരിക്കെ അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും ചെലവഴിക്കുക'' (2:177). ഇവ്വിധം അനാഥകള്‍ക്ക് അന്നം ലഭിക്കുന്നുവെന്നും പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഇസ്‌ലാം ഉറപ്പ് വരുത്തുന്നു.
പ്രായശ്ചിത്തവും അന്നദാനവും
ഇസ്‌ലാം ഒട്ടേറെ പ്രശ്‌നങ്ങളില്‍ നിശ്ചയിച്ച പ്രായശ്ചിത്തങ്ങളില്‍ അഗതികള്‍ക്കുള്ള അന്നദാനം ഉള്‍പ്പെടുന്നു. റമദാനില്‍ നോമ്പെടുക്കാന്‍ സാധ്യമല്ലാത്തവര്‍ പ്രായശ്ചിത്തമായി അഗതിക്ക് അന്നം നല്‍കുകയാണ് വേണ്ടത് (2:184). ശപഥലംഘനത്തിനുള്ള പ്രായശ്ചിത്തവും പത്ത് അഗതികള്‍ക്കുള്ള അന്നദാനമാണ് (5:89).
ഇഹ്‌റാമിലായിരിക്കെ ബോധപൂര്‍വം വേട്ട മൃഗത്തെ കൊന്നാല്‍ അതിനു തുല്യമായ മൃഗത്തെ ബലി നല്‍കണം. അതിനു സാധ്യമല്ലെങ്കില്‍ പ്രായശ്ചിത്തം നല്‍കണം. ഏതാനും അഗതികള്‍ക്ക് അന്നം നല്‍കലാണത് (5:95). ഭാര്യയെ ളിഹാര്‍ ചെയ്ത ശേഷം അതില്‍ നിന്ന് മടങ്ങുകയാണെങ്കില്‍ പരസ്പര സ്പര്‍ശത്തിനു മുമ്പേ ഒരടിമയെ മോചിപ്പിക്കണം. സാധ്യമല്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പെടുക്കണം. അതിനും സാധ്യമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കണം (58:3,4).
റമദാനിലെ പകലുകളില്‍ ഭാര്യാ-ഭര്‍തൃബന്ധം സംഭവിച്ചാലുള്ള പ്രായശ്ചിത്തവും ഇതുതന്നെ. ഇങ്ങനെ പല പാപങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തം അഗതികള്‍ക്കുള്ള അന്നദാനമായി നിശ്ചയിക്കുക മുഖേന പട്ടിണിക്ക് അറുതിവരുത്താന്‍ വഴിയൊരുങ്ങുന്നു. ഹജ്ജിലെ പ്രധാന കര്‍മങ്ങളിലൊന്നായ ബലിയും പെരുന്നാള്‍ ദിനത്തിലെ ബലിയും പ്രയാസപ്പെടുന്നവര്‍ക്കും പാവങ്ങള്‍ക്കും ആഹാരമായിത്തീരുന്നു (22:28).
പട്ടിണിക്കാരുടെ അവകാശം
സമൂഹത്തില്‍ പട്ടിണി കൊണ്ട് പൊറുതി മുട്ടുന്നവരുള്ളപ്പോള്‍ സമ്പന്നരുടെ വശമുള്ള സ്വത്ത് അവരുടേതല്ലാതായിത്തീരുന്നു. അതിന്റെ യഥാര്‍ഥ അവകാശികള്‍ പട്ടിണി കിടക്കുന്ന അഗതികളായി മാറുന്നു. ഖുര്‍ആന്‍ പലയിടത്തും പ്രയോഗിച്ചത് 'അഗതിയുടെ അന്നം' എന്നര്‍ഥം വരുന്ന 'ത്വആമുല്‍ മിസ്‌കീന്‍' എന്നാണ്. 'അഗതിക്ക് അന്നം നല്‍കുക' എന്നര്‍ഥം വരുന്ന 'ഇത്വ്ആമുല്‍ മിസ്‌കീന്‍' എന്നല്ല (69:34, 89:18, 107:3).
ഈ വശം സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇങ്ങനെ വിശദീകരിക്കുന്നു: ''ഇത്വ്ആമുല്‍ മിസ്‌കീന്‍ എന്നല്ല; ത്വആമുല്‍ മിസ്‌കീന്‍ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. ഇത്വ്ആമുല്‍ മിസ്‌കീന്‍ എന്നായിരുന്നു പ്രയോഗമെങ്കില്‍ അവന്‍ അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കുന്നില്ല എന്നാകുമായിരുന്നു അര്‍ഥം. പക്ഷേ, ത്വആമുല്‍ മിസ്‌കീന്റെ അര്‍ഥം ഇങ്ങനെയാണ്: 'അവന്‍ അഗതികളുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കുന്നില്ല'. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അഗതികള്‍ക്ക് നല്‍കപ്പെടുന്ന ആഹാരം അത് നല്‍കുന്നവരുടേതല്ല; അത് ലഭിക്കുന്ന അഗതികളുടെ തന്നെ ആഹാരമാണ്. നല്‍കുന്നവര്‍ക്ക് അവരോടുള്ള ബാധ്യതയാണത്. ദാതാവ് അവരോട് ദാക്ഷിണ്യം കാണിക്കുകയല്ല; അവരുടെ അവകാശം വകവെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ ഭാഗം 6, പേജ് 420).
അഗതികളുടെ ഈ അവകാശം തിരിച്ചറിയുന്നവരാണ് സത്യവിശ്വാസികളെന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു: ''അവരുടെ സമ്പത്തില്‍ ചോദിക്കുന്നവന്നും നിരാലംബനും അവകാശമുണ്ടായിരുന്നു'' (51:19). ''അവരുടെ ധനത്തില്‍ ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് വകയില്ലാത്തവര്‍ക്കും നിര്‍ണിതമായ അവകാശമുണ്ട്'' (70:24,25). അടുത്ത ബന്ധുവിനും അഗതിക്കും വഴിപോക്കനും അവരുടെ അവകാശം നല്‍കാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നു (17:26).
സമ്പത്ത് അതിന്റെ യഥാര്‍ഥ അവകാശികളിലെത്തിച്ച് സമൂഹത്തില്‍ നിന്ന് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ ഇസ്‌ലാമിക സമൂഹം പ്രതിജ്ഞാബദ്ധമാണ്. യൂസുഫ് നബിയെപ്പോലുള്ള ഒരു പ്രവാചകന്‍ നിര്‍വഹിച്ച അതിമഹത്തായ ദൗത്യമാണത്.
Comments