Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 15

'ഇനിയും നാം ആരെയാണ് കാത്തിരിക്കുന്നത്?'

ലത്വീഫ് സി.എം. മാണൂര്‍ /പ്രതികരണം

         'It's insecurity that is always chasing you and standing in the way of your dreams'

         അമേരിക്കന്‍ ചലച്ചിത്ര സംവിധായകനും നടനുമായ വിന്‍ ഡീസലി(Vin Diesel)ന്റെ വാക്കുകള്‍. അതിന്റെ ആശയം ഇങ്ങനെ: 'ജീവിതം സുരക്ഷിതമല്ല എന്ന ബോധം നിങ്ങളെ വേട്ടയാടുമ്പോള്‍ ഉയരങ്ങള്‍ കീഴടക്കുക സാധ്യമല്ല.' ഇന്ത്യന്‍ ഭരണപക്ഷ നേതാക്കളുടെ തുടരെയുള്ള വിദ്വേഷ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ മുകളിലുദ്ധരിച്ച വരികള്‍ ഉള്ളില്‍  ഭീതി പരത്തുന്നു. ഭൂതവും വര്‍ത്തമാനവും കഴിഞ്ഞ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിഹ്വലമായ കണ്ണുകള്‍ ഭീതിദമായ ഭാവിയിലേക്കാണ് ഉറ്റു നോക്കുന്നത്. ഉയരങ്ങള്‍ സ്വപ്നം കാണുന്ന വിദ്യാര്‍ഥികളും ഈ ഭയപ്പാടില്‍നിന്ന് മോചിതരല്ല.

         നോമ്പുകാരനായ കാറ്ററിംഗ് ജീവനക്കാരന്റെ വായില്‍ ചപ്പാത്തി തിരുകിയ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച എം.പി. മാരോട് ''ഇത് ഹിന്ദുസ്ഥാനാണ്. പാകിസ്താനല്ല'' എന്ന് പറഞ്ഞ രമേശ് ബിധുരി എന്ന എം.പി, തെരെഞ്ഞെടുപ്പിന് മുമ്പ് ''അധികാരം കിട്ടിയാല്‍  കുടിയേറ്റക്കാരായ ബംഗാളി മുസ്‌ലിംകളെ പുറത്താക്കുകയും, ഹിന്ദുക്കളെ സംരക്ഷിക്കുകയും'' ചെയ്യുമെന്ന് പറഞ്ഞ നരേന്ദ്രമോദിയുടെ പാര്‍ട്ടിയിലെ പ്രധാനിയാണ്.

         'കലാപക്കാരെ നിലക്കുനിര്‍ത്താന്‍ 2002 മുതല്‍ ഫലപ്രദമായ ഗുജറാത്ത് മോഡലേ പറ്റൂ, അത് ഭാരതം മുഴുവന്‍ പ്രയോഗിക്കണം.' എന്ന് ട്വിറ്ററില്‍ കുറിച്ചിട്ട സി.ടി രവി എന്ന മുന്‍ കര്‍ണാടക മന്ത്രിയെ നിയന്ത്രിക്കാന്‍, 'മുസഫര്‍ നഗര്‍ കലാപത്തിന്, തെരഞ്ഞെടുപ്പിലൂടെ മുസ്‌ലിംകളോട് പ്രതികാരം ചെയ്യണം' എന്ന് ആഹ്വാനം ചെയ്ത ഭരണപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനായ അമിത്ഷാക്ക് എങ്ങനെ   സാധിക്കും?

         1947 ആഗസ്റ്റ് 14 അര്‍ധരാത്രി ഭാരതത്തിന്റെ നെറുകയില്‍നിന്ന് യൂണിയന്‍ ജാക്ക് താഴോട്ടിറങ്ങിയപ്പോള്‍ നാല് നൂറ്റാണ്ട് പഴക്കമുള്ള അടിമത്വത്തിന്റെ സമ്പൂര്‍ണ ഖബ്‌റടക്കം നടന്നു എന്നതിനപ്പുറം, മത വ്യത്യാസം മറന്നു നേടിയ ഈ വിജയത്തിലൂടെ ഭാരതത്തിന്റെ തിരുനെറ്റിയില്‍ മതേതരത്വത്തിന്റെ സിന്ദൂരം ചാര്‍ത്തിയ ആഹ്ലാദത്തിന്റെ ഹിമവല്‍ പര്‍വതത്തിലായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. പക്ഷേ.. സ്വതന്ത്ര്യം കിട്ടി ആറര പതിറ്റാണ്ട് പിന്നിടുമ്പോഴേക്ക് 'മതേതരത്വം' പ്രായോഗിക തലത്തില്‍ മെലിഞ്ഞ് മെലിഞ്ഞ് മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്ന അവസ്ഥയിലാണ്. ഗാന്ധി വധം, ബാബരി മസ്ജിദ് ധ്വംസനം, ഗുജറാത്ത് വംശ ഹത്യ എന്നിവക്ക് ശേഷം നിഷ്‌കളങ്ക മതേതര ഭാരതീയന്‍ ഒന്നുറക്കെ കരയാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ്. താമര വിരിയാന്‍ ചളി പുരണ്ട അസ്തിവാരം അനിവാര്യമാണെന്ന ബോധമാണ് നന്മ നിറഞ്ഞ ഇന്ത്യക്കാരെ അലോസരപ്പെടുത്തുന്നത്.

         ടി.സി ചന്ദ്രന്‍ എന്ന സിനിമാ സംവിധായകനോട് 'നിങ്ങള്‍ എന്ത്‌കൊണ്ട് പ്രണയത്തെ കുറിച്ച് സിനിമയെടുക്കുന്നില്ല' എന്ന് ചോദിച്ചപ്പോള്‍, 'തെരുവുകള്‍ കത്തുമ്പോള്‍ പ്രണയിക്കുന്നതെങ്ങനെ' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ''ഗുജറാത്ത് കലാപത്തില്‍ മുസ്‌ലിം കുട്ടികളെ നിരത്തില്‍ നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീപ്പെട്ടി കൊള്ളി ഉരച്ച് കരിച്ച് കളയുന്ന ചിത്രം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് വരും. ആ കുട്ടികളെ മറന്ന് ഞാന്‍ എങ്ങനെ പ്രണയത്തെ കുറിച്ച് സിനിമയെടുക്കും?'' അദ്ദേഹം ചോദിക്കുന്നു.

         വിദ്വേഷ പ്രചാരകരെയും ഭീഷണിപ്പെടുത്തുന്നവരെയും വിലങ്ങിടാന്‍ നിയമങ്ങള്‍ ധാരാളമുണ്ടെങ്കിലും അത് ഒരു വിഭാഗത്തിന് മാത്രം ബാധകമാക്കുന്ന വിരോധാഭാസമാണ് രാജ്യം ആര് ഭരിക്കുമ്പോഴും കണ്ട് വരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഒരു വിഭാഗത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഭരണവര്‍ഗം സ്വാര്‍ഥ താല്‍പര്യങ്ങള്‍ രാജ്യനിയമമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍, അരുതെന്ന് പറയാന്‍, വിദൂരതയില്‍ പോലും മതേതര പാര്‍ട്ടിയുടെ ഒരു പ്രമുഖനെയും കാണുന്നില്ല എന്നതാണ് ഏറെ സങ്കടകരം.

         'ഒരു രാജ്യത്തിന്റെ മഹത്വം അളക്കേണ്ടത് ഏറ്റവും ശക്തരായവരെ അത് എങ്ങനെ പരിചരിക്കുന്നു എന്നതിലല്ല, ഏറ്റവും ദുര്‍ബലരായവരെ എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്' എന്ന നെല്‍സണ്‍ മണ്ടേലയുടെ വാക്കുകള്‍ ഇവിടെ ചിന്തനീയമാണ്.

         നീതിയെ അധീനപ്പെടുത്തി അനീതി അമ്മാനമാടുന്ന ലോകത്ത് തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന ദാര്‍ശനിക പക്ഷത്ത് ഉലയാതെ ഉറച്ച് നില്‍ക്കുന്നതിന് പകരം കമ്പോള സംസ്‌കാരത്തിന്റെയും സ്വാര്‍ഥ താല്‍പര്യത്തിന്റെയും പിടിയിലമര്‍ന്ന മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍ കൂടി അരുതായ്മകള്‍ക്ക് കൂട്ടു നില്‍ക്കുമ്പോള്‍, സത്യം ഒരിക്കല്‍ വിജയിക്കും എന്ന സാധ്യതയിലേക്ക് പ്രതീക്ഷയോടെ നിസ്സഹായരായി നോക്കി നില്‍ക്കാനേ ന്യൂനപക്ഷങ്ങള്‍ക്ക് സാധിക്കൂ.

''ഓരോ മോചന പ്രസ്ഥാനവും മിഥ്യയിലേക്കും, രക്തത്തിലേക്കും, ഇരുട്ടിലേക്കും 
വേച്ചു വേച്ചു നടന്നകലുമ്പോള്‍ 
ഇതല്ല.. ഇതല്ല.. എന്നുരുവിട്ട്
ഇനിയും നാം ആരെയാണ് കാത്തിരിക്കുന്നത്.'' (സച്ചിദാനന്ദന്‍)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 128-130
എ.വൈ.ആര്‍