Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 15

പോലീസിനെക്കുറിച്ചൊരു പോലീസ് റിപ്പോര്‍ട്ട്

         സംസ്ഥാനങ്ങളിലെ പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ ഒരു കോണ്‍ഫറന്‍സ് പോയ വര്‍ഷം ദല്‍ഹിയില്‍ നടക്കുകയുണ്ടായി. അതില്‍ മഹാ രാഷ്ട്ര ഡി.ജി.പി സഞ്ജീവ് ദയാല്‍, ഉത്തര്‍പ്രദേശ് ഡി.ജി.പി ദേവരാജ്, തമിഴ്‌നാട് ഡി.ജി.പി രാമാനുജം എന്നിവര്‍ ചേര്‍ന്ന് ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. ഐ.ബി ഓഫീസര്‍മാരുടെ സഹായത്തോടെ തയാറാക്കിയതാണത്. 'ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തില്‍ പോലീസ് സേനയെ കൂടുതല്‍ ജാഗരൂകരും കര്‍മോത്സുകരുമാക്കുന്നതിനുള്ള കേന്ദ്ര നയം' എന്നാണ് ആ റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം. സര്‍ക്കാര്‍ ഒരു കമീഷനായി നിയോഗിച്ചിട്ടല്ലാതെ അത്യുന്നത പോലീസ് മേധാവികള്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കുകയില്ലെന്നത് വ്യക്തമാണ്. പോലീസിനെക്കുറിച്ച് പോലീസ് തന്നെ തയാറാക്കിയ റിപ്പോര്‍ട്ട് യഥാര്‍ഥത്തില്‍ സര്‍ക്കാറിന്റെ അടിയന്തര പരിഗണനക്കും സത്വര നടപടിക്കും വിധേയമാകേണ്ടതായിരുന്നു. വിചിത്രമെന്നു പറയട്ടെ, അതൊന്നുമുണ്ടായില്ല. ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിതമായ കാര്യം പോലും തമസ്‌കൃതമാവുകയായിരുന്നു. ഒരു കൊല്ലത്തോളം ഫയലുകളുടെ ശീതീകരണിയില്‍ പൊടിപിടിച്ചു കിടന്ന ശേഷം ഈയിടെ അതെങ്ങനെയോ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖിക സ്മിതാ നായരുടെ കൈയിലെത്തി. ഇന്ത്യന്‍ എക്‌സ്പ്രസ് ജൂലൈ 17-ന് ലീഡ് ന്യൂസായി വിസ്തരിച്ച് പ്രസിദ്ധപ്പെടുത്തിയപ്പോഴാണ് അതേക്കുറിച്ച് പുറം ലോകം അറിയുന്നത്.

         രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളില്‍ പോലീസ് സേനയോട് നിഷേധാത്മക മനോഭാവം വളരുന്നുവെന്നും പോലീസിലുള്ള വിശ്വാസം അവര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അടിയന്തര പ്രാധാന്യത്തോടെ ഇത് തടയാന്‍ യുക്തമായ മാര്‍ഗങ്ങളാരായേണ്ടിയിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. വര്‍ഗീയ കലാപങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലീസില്‍ മുസ്‌ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് യു.പി.എ ഗവണ്‍മെന്റ് ഗൗരവപൂര്‍വം ആലോചിക്കുന്നതായി കഴിഞ്ഞ വര്‍ഷം വാര്‍ത്ത വന്നിരുന്നു. പോലീസ് മേധാവികളുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാവണം സര്‍ക്കാറിന് ഇങ്ങനെയൊരു ആലോചന പോയത്. പക്ഷേ, ആലോചനക്കപ്പുറം പ്രവൃത്തിപഥത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയില്ല. യു.പി.എ ഭരണകാലത്ത് പോലീസില്‍ മുസ്‌ലിം പ്രാതിനിധ്യം പണ്ടത്തെക്കാള്‍ ക്ഷയിക്കുകയാണുണ്ടായതെന്ന് മറ്റൊരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ ഒട്ടനവധി പോലീസ് സ്റ്റേഷനുകളില്‍ മുസ്‌ലിംകള്‍ തീരെയില്ല. ഉള്ളവയില്‍ തന്നെ അവരുടെ സംഖ്യ അംഗുലിപരിമിതമാണ്; രാജ്യത്താകമാനം ഒരു ലക്ഷത്തില്‍പരം മുസ്‌ലിം പോലീസുകാരാണുള്ളത്. ഇതില്‍ 46000വും ജമ്മുകശ്മീരിലാണ്. അവരെ മാറ്റിനിര്‍ത്തിയാല്‍ ഇതര സംസ്ഥാനങ്ങളിലെ പോലീസില്‍ മുസ്‌ലിം പ്രാതിനിധ്യം എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

         ഇന്ത്യന്‍ മുസ്‌ലിംകളെ അരക്ഷിതബോധം വേട്ടയാടുന്നുവെന്നത് വസ്തുതയാണ്. അവരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ പോലീസ് അക്ഷന്തവ്യമായ അവഗണന കാട്ടുന്നു. പോലീസ് സേനയെ ഗ്രസിച്ച വര്‍ഗീയ വിവേചന ചിന്തയാണതിനു കാരണമെന്നതും വസ്തുതയാണ്. ഇത് മുസ്‌ലിംകള്‍ക്ക് വെറുതേ തോന്നുന്നതല്ല, അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സത്യമാണ്. വര്‍ഗീയ കലാപങ്ങള്‍ അന്വേഷിക്കാന്‍ നിയുക്തമായ കമീഷനുകളും തീവ്രവാദ വേട്ടയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുന്നത് വിശകലനം ചെയ്യുന്ന സ്വതന്ത്ര നിരീക്ഷകരും ഇക്കാര്യം അസന്ദിഗ്ധമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അതൊന്നും നിഷേധിക്കാറുമില്ല. ഇപ്പോള്‍ പോലീസ് മേധാവികള്‍ തന്നെ ഈ യാഥാര്‍ഥ്യം ആധികാരികമായി സമ്മതിച്ചുകൊണ്ട് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിരിക്കുകയാണ്. പോലീസ് സേനയുടെ മറ്റേതു വൈകല്യത്തെക്കാളും ഗുരുതരവും ആപത്കരവുമാണ് രാജ്യത്തെ ഏതെങ്കിലും ജനവിഭാഗത്തിന് അവരില്‍ വിശ്വാസം നഷ്ടപ്പെടുകയെന്നത്. തങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ഒരു മെഷിനറിയില്‍ നിന്ന് ആ ജനത നീതിയും സുരക്ഷയും ക്രമസമാധാനവും നിയമവാഴ്ചയും പ്രതീക്ഷിക്കുന്നതെങ്ങനെ? അന്വേഷണ കമീഷനുകളും നിഷ്പക്ഷ നിരീക്ഷകരും നേരത്തേ അടിവരയിട്ടു പറഞ്ഞതും ഇപ്പോള്‍ പോലീസ് മേധാവികള്‍ തന്നെ തുറന്നു സമ്മതിക്കുന്നതുമായ ഈ മഹാ രോഗത്തിനു യുക്തമായ ചികിത്സ നല്‍കാന്‍ മാറി മാറി വരുന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളൊന്നും ഫലപ്രദമായ ശ്രമം നടത്താതിരിക്കുന്നത് ഖേദകരമാണ്. 

         പോലീസിനോട് മുസ്‌ലിംകളില്‍ നിഷേധാത്മക മനോഭാവം വളരുന്നതിന്റെ പ്രധാന കാരണം പോലീസ് സേനയില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യക്കുറവാണെന്ന് ഡി.ജി.പിമാരുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. കലാപവേളകളില്‍ പലപ്പോഴും പോലീസുകാര്‍ മുസ്‌ലിംകളോട് പക്ഷപാതപരമായി പെരുമാറുന്നതാണ് രണ്ടാമത്തെ കാരണം. പോലീസ് സ്റ്റേഷനുകളില്‍ വിഗ്രഹങ്ങളും ദേവീദേവന്മാരുടെ പടങ്ങളും സ്ഥാപിച്ച് പൂജിക്കുന്നതും, ഡ്യൂട്ടി സമയങ്ങളില്‍ പോലീസുകാര്‍ തിലകക്കുറി പോലുള്ള മത ചിഹ്നങ്ങളണിയുന്നതും പോലീസിന്റെ മതേതര പ്രതിഛായക്കും പോലീസ് ചട്ടങ്ങള്‍ക്കും നിരക്കുന്നതല്ല. സ്റ്റേഷനിലും ലോക്കപ്പിലും മുസ്‌ലിംകളോട് മോശമായി പെരുമാറുകയും അവരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നു. അവരുടെ ന്യായമായ ആവലാതികള്‍ അവഗണിക്കപ്പെടുന്നു. ഇതൊക്കെ മുസ്‌ലിംകള്‍ക്ക് പോലീസില്‍ വിശ്വാസം കെടുത്താന്‍ കാരണമാകുന്നുവെന്ന് ഡി.ജി.പിമാര്‍ തുറന്നു പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് മുസ്‌ലിംകളെന്നും പല സംസ്ഥാനങ്ങളിലും അവര്‍ക്ക് ഗണ്യമായ ജനസംഖ്യയുണ്ടെന്നും അതിനാല്‍ മുസ്‌ലിം പ്രശ്‌നങ്ങള്‍ അവഗണിച്ചുകൂടാത്തതാണെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നത് പ്രത്യേകം ശ്രദ്ധേയമാകുന്നു. വര്‍ഗീയ കലാപങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചില പ്രായോഗിക നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചിട്ടുണ്ട്.

         പൊതുസമൂഹത്തില്‍ മുസ്‌ലിം സമുദായത്തിന്റെ അവസ്ഥയെന്താണ്, പ്രശ്‌നങ്ങളെന്തൊക്കെയാണ്, അത് പരിഹൃതമാകാന്‍ പോലീസ് വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മെഷിനറികള്‍ സ്വീകരിക്കേണ്ട സമീപന രീതി ഏതാണ് തുടങ്ങിയ വിഷയങ്ങളിലേക്ക് മുസ്‌ലിംകള്‍ നിരന്തരമായും, ഇടക്കിടെ നിയുക്തമാകുന്ന കമീഷനുകളും സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരിക്കുന്നുണ്ട്. എല്ലാം കേള്‍ക്കുന്ന ഭരണ നേതൃത്വം നിര്‍ലോഭം ഉറപ്പുകള്‍ നല്‍കുന്നതല്ലാതെ ഫലപ്രദമായ പ്രായോഗിക നടപടികളിലേക്ക് നീങ്ങാറില്ല. ഇപ്പോള്‍ പോലീസുകാര്‍ തന്നെ മുസ്‌ലിംകളുടെ ആവലാതികള്‍ ന്യായമാണെന്നും അടിയന്തരമായി പരിഗണിക്കപ്പെടേണ്ടതാണെന്നും സര്‍ക്കാറിനെ സഗൗരവം ഉണര്‍ത്തിയിരിക്കുകയാണ്. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉചിതമായ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ? ഗതകാലാനുഭവങ്ങള്‍ വലിയ പ്രതീക്ഷക്കൊന്നും വക നല്‍കുന്നില്ല. ശിപാര്‍ശകള്‍ ശീതീകരണിയില്‍ സൂക്ഷിക്കുകയോ അല്ലെങ്കില്‍ സുഗമമമായ പ്രശ്‌ന പരിഹാരത്തിന് മുമ്പില്‍ പ്രതിബന്ധങ്ങളുയര്‍ത്തുകയോ ചെയ്യാനാണ് രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ഗവണ്‍മെന്റുകളും എന്നും ശ്രമിച്ചുവന്നിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണില്‍ മുസ്‌ലിം പ്രശ്‌നങ്ങള്‍ അനായാസം ഉപയോഗിക്കാവുന്ന രാഷ്ട്രീയ ആയുധങ്ങളാണ്. അവരെ സംബന്ധിച്ചേടത്തോളം, പ്രശ്‌നപരിഹാരത്തിലൂടെ സംഭവിക്കുന്നത് കൈയിലുള്ള ആയുധം നിര്‍വീര്യമാവുകയാണ്. പോലീസ് മുസ്‌ലിംകളോട് വര്‍ഗീയമായും പക്ഷപാതപരമായും പെരുമാറുന്നുവെങ്കില്‍ അത് പോലീസിന്റെ മാത്രം കുറ്റമല്ല. പോലീസിനെ നിയമിക്കുന്ന സര്‍ക്കാറിന്റെയും സര്‍ക്കാറിനെ നിയമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂടി കുറ്റമാണ്. കാലം ചെല്ലുംതോറും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ കണ്ണില്‍ പോലീസും വര്‍ഗീയവാദികളും തമ്മില്‍ അന്തരമില്ലാത്ത ഒരവസ്ഥ വന്നുകൂടാന്‍ ഏറെക്കാലം കഴിയേണ്ടിവരില്ല. അത്തരമൊരു സ്ഥിതിവിശേഷം ആഗ്രഹിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇനിയെങ്കിലും സത്വരമായ നടപടികളിലേക്കുണര്‍ന്നേ തീരൂ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 128-130
എ.വൈ.ആര്‍