വര്‍ണവെറിയന്‍ ദക്ഷിണാഫ്രിക്കയും ഇസ്രയേലും ഒരേ തൂവല്‍പക്ഷികള്‍
ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ അധ്യാപകനാണ് പ്രഫ. എ.കെ രാമകൃഷ്ണന്‍. ലോക രാഷ്ട്രീയത്തില്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന അധിനിവേശ, അധീശത്വ, സാമ്രാജ്യത്വ നീക്കങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുപോന്നിട്ടുണ്ട് അദ്ദേഹം. ഗസ്സയില്‍ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന കൂട്ടക്കുരുതികള്‍ക്ക് അറുതി വരുത്താന്‍, നേരത്തേ അന്താരാഷ്ട്ര സമൂഹം ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്തിയത് പോലെ ഇസ്രയേലിനെ ഒറ്റപ്പെടുത്തുകയും ബഹിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് രാമകൃഷ്ണന്‍ വാദിക്കുന്നു. പ്രബോധനത്തിനു വേണ്ടി അദ്ദേഹവുമായി ജെ.എന്‍.യുവിലെ പി.എച്ച്.ഡി വിദ്യാര്‍ഥികളായ സയ്യിദ് മുഹമ്മദ് റാഗിബും ([email protected]), അഭയ് കുമാറും ([email protected]) നടത്തിയ അഭിമുഖം.
ഗസ്സയില്‍ ഇസ്രയേല്‍ കൊന്നുകൂട്ടുന്നവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. പതിനായിരങ്ങള്‍ അഭയാര്‍ഥികളായിക്കൊണ്ടിരിക്കുന്നു. ഈ ആക്രമണം ഇസ്രയേല്‍ അവകാശപ്പെടുന്നതുപോലെ 'സ്വയം രക്ഷ'യുടെ ഭാഗമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്ക് യാതൊരു ന്യായവുമില്ല. ഫലസ്ത്വീന്‍ എന്നതാണ് ഇവിടത്തെ യഥാര്‍ഥ പ്രശ്‌നം; അതിനെ കേവലം സുരക്ഷാഭീഷണിയായി ചുരുക്കി കാണാന്‍ കഴിയില്ല. ഞാന്‍ ഊന്നിപ്പറയുന്നു, അതൊരു രാഷ്ട്രീയ പ്രശ്‌നമാണ്, രാഷ്ട്രീയമായി തന്നെ അത് കൈകാര്യം ചെയ്യപ്പെടുകയും വേണം. ഫലസ്ത്വീനിയന്‍ മണ്ണ് അനധികൃതമായി, നിയമവിരുദ്ധമായി കൈയേറിയതാണ് പ്രശ്‌നത്തിന്റെ കാതല്‍. ഫലസ്ത്വീന്‍ 'ഭീകരന്മാര്‍' ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞ് നിരന്തരമായി കടന്നാക്രമണങ്ങള്‍ക്കും കുരുതികള്‍ക്കും ന്യായം ചമക്കുന്ന ഇസ്രയേല്‍ കൊളോണിയല്‍ അധിനിവേശം എന്ന ഈ യഥാര്‍ഥ പ്രശ്‌നത്തെ മൂടിവെക്കാനാണ് ശ്രമിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗസ്സ. അവിടത്തെ ജനങ്ങള്‍ സദാ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭക്ഷണവും അതുപോലുള്ള അവശ്യ സാധനങ്ങളും എത്തിക്കണമെങ്കില്‍ പോലും ഇസ്രയേലിന്റെ അനുവാദം വേണം. ഫലത്തില്‍ പൂര്‍ണമായി ഉപരോധിക്കപ്പെട്ട് കഴിയുന്ന ഒരു വിഭാഗമാണ് ഫലസ്ത്വീനികള്‍. ഈജിപ്തില്‍ ഹമാസ് വിരുദ്ധ, ഇഖ്‌വാന്‍ വിരുദ്ധ ഭരണകൂടം നിലവില്‍ വന്നതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമായി. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ഹമാസും അല്‍ഫത്ഹും ചേര്‍ന്ന് ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമം നടത്തിയത്. ഇത് സയണിസ്റ്റ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഇസ്രയേല്‍ വിലയിരുത്തി. കൊളോണിയല്‍ തമ്പുരാക്കന്മാരെപ്പോലെ, ഫലസ്ത്വീനിയന്‍ നേതൃത്വം ഒന്നിക്കുന്നത് ഇസ്രയേല്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ അതിക്രമങ്ങള്‍ ഫലസ്ത്വീനികളുടെ ഐക്യം തകര്‍ക്കാനും സമാധാന പ്രക്രിയ അവതാളത്തിലാക്കാനുമുള്ള നീക്കം മാത്രമാണ്.
ഹമാസ് റോക്കറ്റാക്രമണം നടത്തിയില്ലായിരുന്നുവെങ്കില്‍ ആയിരക്കണക്കിന് ഫലസ്ത്വീനികള്‍ ഇസ്രയേല്‍ സൈന്യത്താല്‍ കൊല്ലപ്പെടുമായിരുന്നില്ല എന്നൊരു വാദമുണ്ടല്ലോ. താങ്കള്‍ എന്തു പറയുന്നു?
അത്തരം പ്രോപഗണ്ടകള്‍ ഫലസ്ത്വീനിലെ നിയമവിരുദ്ധ ഇസ്രയേല്‍ അധിനിവേശം എന്ന യാഥാര്‍ഥ്യത്തെ മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. അടിച്ചമര്‍ത്തപ്പെടുന്ന ഈ ജനവിഭാഗത്തിന് അധിനിവേശത്തെ എങ്ങനെയെങ്കിലും ചെറുക്കേണ്ടതില്ലേ? സകല നൂതനായുധങ്ങളാലും സുസജ്ജമായ ഇസ്രയേല്‍ സൈന്യത്തെയും സ്വന്തമായി നാടു പോലുമില്ലാത്ത നിസ്സഹായരായ ഫലസ്ത്വീനികളെയും ചേരുംപടി ചേര്‍ത്ത് പറയുന്നത് ഒട്ടും ശരിയല്ല. ഈ രണ്ട് വിഭാഗങ്ങളുടെയും -ഇസ്രയേലിന്റെയും ഹമാസിന്റെയും- സൈനിക ശേഷികള്‍ തമ്മില്‍ മഹാ അന്തരമുണ്ട്. സ്റ്റേറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന ഹമാസ് പോലുള്ള ഒരു സംഘത്തിന് ഭാവനാതീതവും കണക്കാക്കാന്‍ പറ്റാത്ത വിധത്തിലുള്ളതുമായ നാശനഷ്ടങ്ങളേല്‍പിക്കാന്‍ ഇസ്രയേല്‍ എന്ന സ്റ്റേറ്റിന് കഴിയും.
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പരാജയപ്പട്ടുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?
ഇസ്രയേല്‍ അനുകൂല പാശ്ചാത്യ മീഡിയ ഗസ്സയില്‍ നടക്കുന്നത് അതിക്രമമാണെന്ന് അംഗീകരിക്കുകയും വെടിനിര്‍ത്തലിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഹമാസിന്റെ അടിവേര് അറുത്തേ അടങ്ങൂ എന്ന വാശിയില്‍ ഇസ്രയേലും നില്‍ക്കുന്നു. ഹമാസിന്റെ മുമ്പിലെ വഴികള്‍ ഒട്ടും എളുപ്പമല്ല. വെടിനിര്‍ത്തലിന് സമ്മതിച്ചാല്‍ തന്നെയും 'സുരക്ഷാ' കാരണങ്ങള്‍ പറഞ്ഞ് ഇസ്രയേല്‍ അത് ലംഘിക്കുമെന്ന് ഹമാസിന് അറിയാം.
ജൂലൈ 8-നാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. അത് പെട്ടെന്നൊന്നും അവസാനിക്കുമെന്നും തോന്നുന്നില്ല. ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെയും മനുഷ്യാവകാശ കൂട്ടായ്മകളുടെയും പരാജയമല്ലേ?
'സ്വാതന്ത്ര്യ'ത്തിന്റെയും 'മനുഷ്യാവകാശങ്ങളു'ടെയും അപ്പോസ്തലന്മാരെന്ന് വിളിക്കപ്പെടുന്ന ഈ അന്താരാഷ്ട്ര സമൂഹം എന്ന വിഭാഗമുണ്ടല്ലോ, അവര്‍ ഇസ്രയേലീ അതിക്രമത്തിന് മുമ്പില്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുക മാത്രമല്ല, അതിനെ അനുകൂലിക്കുക വരെ ചെയ്തു എന്ന് നാം മനസ്സിലാക്കണം. പിന്നെ ഫലസ്ത്വീനികള്‍ക്ക് മുമ്പില്‍ എന്താ വഴി, ഈ കൊളോണിയല്‍ വര്‍ണവെറിയെ ചെറുക്കുകയല്ലാതെ? ഇസ്രയേല്‍-ഫലസ്ത്വീന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ഈ സമാധാന പ്രക്രിയ എന്നൊക്കെ പറയുന്നത് ഉപരിപ്ലവമായ, അര്‍ധ മനസ്സോടെയുള്ള കാട്ടിക്കൂട്ടലുകളാണ്. ഇസ്രയേലോ അതിന്റെ കൂട്ടാളികളോ ഫലസ്ത്വീനികളുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ തയാറല്ല. നിര്‍ഭാഗ്യവശാല്‍, ഈ സമാധാന പ്രക്രിയ തന്നെയും ഇസ്രയേലിന്റെ നിയമവിരുദ്ധ അധിനിവേശത്തെ ഊട്ടിയുറപ്പിക്കാനും ഫലസ്ത്വീന്റെ മണ്ണില്‍ അനധികൃത ജൂതകുടിയേറ്റം വ്യാപകമാക്കാനും സഹായകമാവുന്നുണ്ടെന്ന കാര്യവും നാം തിരിച്ചറിയണം.
ഇവിടെ തര്‍ക്കമില്ലാത്ത ഒരു കാര്യം ഫലസ്ത്വീനികള്‍ക്ക് ഒരു സ്വതന്ത്ര രാഷ്ട്രത്തിന് അവകാശമുണ്ട് എന്നതാണ്. പക്ഷേ, അതൊരു തര്‍ക്ക വിഷയമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഫലസ്ത്വീനികള്‍ക്ക് അവരുടേതായ രാഷ്ട്രം വേണമെന്നത് എല്ലാ ലോക രാഷ്ട്രങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. ഏത് സന്ദര്‍ഭത്തിലും ഇസ്രയേലിനെ താങ്ങുന്ന അമേരിക്ക വരെ തത്ത്വത്തില്‍ ഇത് അംഗീകരിക്കുന്നുണ്ട്. പക്ഷേ, തൂമ്പയെ തൂമ്പ എന്നു വിളിക്കാനുള്ള ആര്‍ജവം നിര്‍ണായക ഘട്ടങ്ങളില്‍ നഷ്ടപ്പെട്ടുപോകുന്നു. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്റെ അതിക്രമങ്ങളെ അപലപിച്ചാല്‍ മാത്രം പോരാ, അതിന്റെ നിയമവിരുദ്ധ അധിനിവേശത്തെ ചോദ്യം ചെയ്യുകയും വേണം. ഇവിടെയാണ് അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത്. ലോകത്തിന്റെ മറ്റിതര ഭാഗങ്ങളില്‍ കൊളോണിയലിസം ഒരു കഴിഞ്ഞകാല പ്രതിഭാസമാണെങ്കില്‍, ഫലസ്ത്വീനില്‍ അത് ഓരോ നിമിഷവും സമൂഹത്തെ കുത്തിമുറിവേല്‍പ്പിക്കുന്ന ഒരു സംഭവ യാഥാര്‍ഥ്യമാണ്. യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ തിരോധാനത്തോടെ ലോകത്തുടനീളം പുതു ദേശരാഷ്ട്രങ്ങള്‍ ജന്മം കൊണ്ടപ്പോള്‍, ഫലസ്ത്വീനിലും വര്‍ണവെറിയന്‍ ഭരണം അവസാനിക്കുമെന്ന് പലരും കരുതി. പക്ഷേ, ഫലസ്ത്വീനികള്‍ ഇപ്പോഴും രാഷ്ട്രമില്ലാത്ത ജനതയായി കഴിഞ്ഞുകൂടുകയാണ്. ഇത് അന്താരാഷ്ട്ര സമൂഹം കാണിച്ച വഞ്ചനയല്ലേ? അവകാശനിഷേധം, കടുത്ത വിവേചനം, ക്രമത്തില്‍ സ്വന്തം മണ്ണില്‍ നിന്ന് ഒരു സമൂഹത്തെയാകെ പിഴുത് മാറ്റല്‍- ഇതാണ് ഇസ്രയേല്‍ എന്ന അധിനിവേശ ശക്തി ഫലസ്ത്വീനികളോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ചൂണ്ടിക്കാണിക്കാന്‍ പലപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന് കഴിയുന്നില്ല. ദിനംപ്രതി വളരെ ആസൂത്രിതമായാണ് ഈ ഉന്മൂലന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ഗസ്സക്കാര്‍ എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ഗസ്സന്‍ നിവാസികളെ മാത്രമല്ല, സ്വന്തം മണ്ണില്‍ നിന്ന് പിഴുത് മാറ്റപ്പെട്ട മുഴുവന്‍ ഫലസ്ത്വീനികളെയുമാണ്. ഈ ഫലസ്ത്വീനീ സമൂഹത്തിന്റെ ദുരിതപൂര്‍ണമായ അഭയാര്‍ഥി/ഗെറ്റോ ജീവിതം ഓര്‍മിക്കാതിരിക്കാനുള്ള അസാധാരണ സാമര്‍ഥ്യമുണ്ട് നമ്മള്‍ പറഞ്ഞ ഈ അന്താരാഷ്ട്ര സമൂഹത്തിന്. ഫലസ്ത്വീനികളുടെ ജനസംഖ്യാനുപാതം തകിടം മറിക്കാനുള്ള ഇസ്രയേലിന്റെ കുത്സിത നീക്കങ്ങള്‍ക്ക് നേരെയും അന്താരാഷ്ട്ര സമൂഹം ക്രിമിനല്‍ മൗനം തുടരുന്നു.
ഇന്ത്യയുടെ പങ്കിനെക്കുറിച്ച് എന്തു പറയുന്നു? കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റ് ഇസ്രയേലീ അതിക്രമങ്ങളെ ന്യായീകരിക്കുക മാത്രമല്ല, ന്യൂദല്‍ഹിയിലെ ഇസ്രയേലി എംബസിക്ക് മുന്നില്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും അവരെ പിടികൂടുകയും ചെയ്തിരിക്കുകയാണല്ലോ?
തൊള്ളായിരത്തി തൊണ്ണൂറുകള്‍ മുതല്‍ക്ക് ഇന്ത്യ-ഇസ്രയേല്‍ ബന്ധങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യ ഇസ്രയേലില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാഷ്ട്രമായി മാറിയിരിക്കുന്നു. ഭാവിയില്‍ ഈ ബന്ധം കൂടുതല്‍ വേഗതയില്‍ വളരും. ഈ ഇന്ത്യ-ഇസ്രയേല്‍ ബാന്ധവത്തിന് നമ്മുടെ നാട്ടിലെ ഉപരിവര്‍ഗം ചമയ്ക്കുന്ന ഒരു ന്യായമുണ്ട്; ഇസ്രയേലുമായി ഉണ്ടാക്കുന്ന ഏതു തന്ത്രപ്രധാനമായ ബന്ധവും ഫലസ്ത്വീന്‍ പ്രശ്‌നത്തോടുള്ള നമ്മുടെ ചരിത്രപരമായ പ്രതിബദ്ധതയോട് ചേര്‍ന്നു പോകുന്നതാണെന്ന്. തീര്‍ത്തും അര്‍ഥശൂന്യമായ ഒരു വാദമാണിത്. ഫലസ്ത്വീന്‍ വിമോചന യത്‌നങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയും കൊളോണിയല്‍ ശക്തിയായ ഇസ്രയേലുമായുള്ള സ്ട്രാറ്റജിക് ഇടപാടുകളും ചേര്‍ന്നു പോകില്ലെന്ന് സംശയങ്ങള്‍ക്കിടയില്ലാത്ത വിധം വ്യക്തമല്ലേ? പക്ഷേ, തത്ത്വാധിഷ്ഠിതവും സ്വതന്ത്രവുമായ വിദേശനയത്തിന് പകരം അവസരവാദവും നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങളും മേല്‍ക്കൈ നേടുന്നതാണ് നാം കാണുന്നത്. അതുകൊണ്ടാണ് ഇസ്രയേലീ കടന്നാക്രമണത്തെ ചോദ്യം ചെയ്യാനുള്ള ഇഛാശക്തി ഇന്ത്യന്‍ ഭരണകൂടത്തിന് നഷ്ടപ്പെട്ടുപോകുന്നത്.
ഫലസ്ത്വീന്‍ വിമോചനം ഒരു മുസ്‌ലിം പ്രശ്‌നമായി ചുരുക്കിക്കാട്ടാനുള്ള ശ്രമത്തില്‍ താങ്കള്‍ നിരാശനാണോ? ഇതൊരു പൊതു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുകയല്ലേ വേണ്ടത്?
നേരത്തേ ഞാന്‍ പറഞ്ഞതുപോലെ, ഫലസ്ത്വീന്‍ ഒരു രാഷ്ട്രീയ-സെക്യുലര്‍ പ്രശ്‌നമാണ്; അത് ജൂതന്മാര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലെ ഒരു മതകീയ പ്രശ്‌നമല്ല. ഒരു സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടിയുള്ള യത്‌നം എന്നാണ് രാഷ്ട്രീയ പ്രശ്‌നം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരുമൊക്കെ ചേര്‍ന്നാണ് ഫലസ്ത്വീന്‍ വിമോചനത്തിന് വേണ്ടി പോരാടിയത്. ഇസ്രയേല്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ലോകത്തെമ്പാടുമുള്ള ജൂതന്മാരുടെ നിലപാടായി ചിത്രീകരിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നത് ശരിയല്ല. ഫലസ്ത്വീന്‍, മുസ്‌ലിംകളുടെ മാത്രമല്ല, ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും ഭൂമി കൂടിയാണ്. മതവിശ്വാസങ്ങള്‍ക്കുപരിയായി, ഫലസ്ത്വീനികള്‍ ഒരു പൊതു രാഷ്ട്രീയ ലക്ഷ്യത്തിനായാണ് പൊരുതുന്നത്. റബ്ബികള്‍ (പുരോഹിതന്മാര്‍) ഉള്‍പ്പെടെ സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രത്തെ പിന്തുണക്കുന്ന ധാരാളം ജൂതന്മാര്‍ ഇസ്രയേലിന് അകത്തും പുറത്തുമുണ്ട്. ലണ്ടനിലും ന്യൂയോര്‍ക്കിലുമൊക്കെ അവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയുണ്ടായി. ഒന്നു കൂടി അടിവരയിട്ട് പറയട്ടെ, ഇതൊരു ജൂത-മുസ്‌ലിം സംഘര്‍ഷമല്ല. ഇതൊരു മത പ്രശ്‌നമാണെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രശ്‌നം അപരിഹാര്യമാണ് എന്ന് സൂചിപ്പിക്കുക കൂടിയാണ് അവര്‍ ചെയ്യുന്നത്. പ്രശ്‌നത്തെ അതിന്റെ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവരികയും അങ്ങനെ രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കുകയുമാണ് വേണ്ടത്.
ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരത്തെക്കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. താങ്കളുടെ വീക്ഷണം എന്താണ്?
ഇരു രാഷ്ട്ര ഫോര്‍മുലയാണ് പൊതുവേ അംഗീകരിക്കപ്പെട്ടത്. ജൂതന്മാര്‍ക്കും അറബികള്‍ക്കും ഒരു പൊതു ചരിത്രമാണ് ഉള്ളതെന്നും അവരുടെ ഭാവി പരസ്പരം കെട്ടുപിണഞ്ഞാണ് കിടക്കുന്നതെന്നും തിരിച്ചറിഞ്ഞ എഡ്വേര്‍ഡ് സൈദിനെപ്പോലുള്ള ബുദ്ധിജീവികള്‍ ഇരു വിഭാഗത്തിനും ഒരു പൊതു രാഷ്ട്രം എന്ന സങ്കല്‍പം മുന്നോട്ടു വെച്ചിട്ടുണ്ട്. അതേസമയം, ജനസംഖ്യാപരമായ അട്ടിമറി നടത്തിക്കൊണ്ട് ഭാവിയില്‍ ഒരു സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം ഉണ്ടാവാനുള്ള സാധ്യത തകര്‍ത്തുകളയാനാണ് ഇസ്രയേല്‍ ആവുംവിധം ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഫലസ്ത്വീനികള്‍ തന്നെയാണ്. സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള വഴികള്‍ ആസൂത്രിതമായി കൊട്ടിയടക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അവരില്‍ പലരും തിരിച്ചറിയുന്നുണ്ട്. ഞാന്‍ പിന്തുണക്കുന്നത് ഒരു സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രത്തെത്തന്നെയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മുഴുവന്‍ ഫലസ്ത്വീനികള്‍ക്കും അങ്ങോട്ട് തിരിച്ചുവരാനുള്ള അവകാശം ഉണ്ടായിരിക്കണം. തിരിച്ചുവരാനുള്ള അവകാശം എന്നത് വളരെ പ്രധാനമാണ്. എങ്കിലേ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതില്‍ ഫലസ്ത്വീനികള്‍ക്ക് അര്‍ഹമായ പ്രാമുഖ്യം ലഭിക്കൂ.
പ്രശ്‌നത്തില്‍ നമുക്കിപ്പോള്‍ എന്താണ് ചെയ്യാനാവുക?
ലോകസമൂഹം വര്‍ണവെറിയന്‍ ദക്ഷിണാഫ്രിക്കയെ ബഹിഷ്‌കരിച്ചതുപോലെ ഇസ്രയേലിനെയും ബഹിഷ്‌കരിക്കുകയും ഒറ്റപ്പെടുത്തുകയും വേണം. ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യം വാക്കുകളില്‍ പരിമിതപ്പെട്ടുപോകരുത്; അത് പ്രവൃത്തികളില്‍ പ്രതിഫലിക്കട്ടെ. വളരെ വ്യവസ്ഥാപിതമായ കാമ്പയിന്‍ അതിന് അനിവാര്യമാണ്. ഗസ്സക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ബീഭത്സവും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തതുമായ ആക്രമണങ്ങള്‍ ഫലസ്ത്വീന്‍ പ്രശ്‌നപരിഹാര ബോധവത്കരണ യത്‌നങ്ങള്‍ക്കുള്ള അവസരമായി ഉപയോഗിക്കാന്‍ കഴിയണം. മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഇസ്രയേലീ അതിക്രമങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ 'നിയമാനുസൃത' പ്രവൃത്തിയാണെന്ന പ്രചാരണത്തെ നേരിടുകയും വേണം.
Comments