വംശഹത്യകള്‍ക്കുമുണ്ട് രാഷ്ട്രീയ പ്രാധാന്യം
കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഗസ്സ വിഷയത്തില്‍ മൗനം തുടരുന്നു എന്ന ചോദ്യം ചില ശുദ്ധാത്മാക്കളെങ്കിലും ഉയര്‍ത്തുന്നുണ്ട്. അതേസമയം എന്തിന് ഈ സര്‍ക്കാര്‍ ഇത്തരമൊരു വിഷയത്തില്‍ മാനവികതയുടെ പക്ഷത്ത് നില്‍ക്കണം എന്ന ചോദ്യമല്ലേ അതിനേക്കാള്‍ പ്രസക്തം? നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിനെതിരെ എന്തെങ്കിലും പറഞ്ഞെങ്കില്‍ മാത്രമാണ് അത് വാര്‍ത്തയാകുന്നത്. മോദിയുടെയോ ബി.ജെ.പിയുടെയോ മാത്രം കുഴപ്പമായിരുന്നില്ല അത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യു.പി.എ സര്‍ക്കാര്‍ പോലും ഇസ്രയേലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വായ തുറക്കാറുണ്ടായിരുന്നില്ല. ഇന്ത്യയുടെ വിദേശകാര്യ മേഖലയില്‍ സംഭവിച്ചുകൊണ്ടിരുന്ന അടിസ്ഥാനപരമായ മാറ്റങ്ങളുടെ പ്രതിഫലനമായിരുന്നു അത്. ദല്‍ഹിയിലെ ചില ഗോസിപ്പു കേന്ദ്രങ്ങളില്‍ പ്രചരിക്കുന്ന തമാശയനുസരിച്ച് ഇസ്രയേല്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ഐക്യരാഷ്ട്രസഭയിലേക്ക് ദൂതനായി അയക്കുന്നതിനെ കുറിച്ചാണത്രെ ബി.ജെ.പി ഒടുവില്‍ ആലോചിക്കുന്നത്! മൗനത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മഹാഭാരതമാക്കി വികസിപ്പിച്ചെടുത്ത മന്‍മോഹന്‍ സിംഗിനു മാത്രമാണ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ സഹായിക്കാന്‍ കഴിയുകയെന്ന് മോദി സര്‍ക്കാറിന്റെ വിലയിരുത്തലുണ്ടത്രെ. ഐക്യരാഷ്ട്രസഭയില്‍ മന്‍മോഹന്‍ ഇന്ത്യന്‍ പ്രതിനിധി ആകുന്നതോടെ നിലപാടില്ലായ്മയെ മൗനത്തിന്റെ വാല്‍മീകത്തിലൊളിപ്പിച്ച് രക്ഷപ്പെടാനാവുമെന്ന ഈ തമാശ മറ്റൊരര്‍ഥത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിലവില്‍ അഭിമുഖീകരിക്കുന്ന ദുരവസ്ഥയുടെ ശരിയായ ചിത്രം നല്‍കുന്നുമുണ്ട്.
ജൂലൈ 15-ന് ലോക്‌സഭയില്‍ പ്രതിപക്ഷം നടത്തിയ ബഹളത്തിനൊടുവില്‍ പി.ഡി.പി അധ്യക്ഷ മഹ്ബൂബാ മുഫ്തിക്ക് സീറോ അവറില്‍ വിഷയം അവതരിപ്പിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുമതി നല്‍കിയെങ്കിലും അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനോ ചര്‍ച്ച നടത്തുന്നതിനോ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. ഇതേ കുറിച്ച് പ്രസ്താവന നടത്തുന്ന കാര്യത്തില്‍ പോലും ആഴ്ചകളോളം വിദേശകാര്യ മന്ത്രാലയം ആശയക്കുഴപ്പത്തിലായിരുന്നു. പ്രസ്താവന നടത്തിയാല്‍ ഇന്ത്യയുടെ സുഹൃത്തുക്കളായ രണ്ട് രാജ്യങ്ങള്‍ക്കും നീരസമുണ്ടാകുമെന്നായിരുന്നു ആദ്യ ദിവസങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഒടുവില്‍ എവിടെയും തൊടാത്ത ഒരു പ്രസ്താവന മന്ത്രാലയം പുറത്തുവിടുകയും ചെയ്തു. ഇരുപക്ഷവും സംയമനം പാലിക്കണമെന്ന ഇന്ത്യയുടെ നിലപാട് എന്നിട്ടും ഇസ്രയേലിനെ പ്രകോപിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂദല്‍ഹിയില്‍ ചാര്‍ജെടുക്കാനെത്തിയ പുതിയ ഇസ്രയേല്‍ അംബാസഡര്‍ ഡാനിയല്‍ കാര്‍മണ്‍ വിമാനമിറങ്ങി മൂന്നു മണിക്കൂറിനകം സൗത്ത് ബ്ലോക്കിലെത്തി തന്റെ രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഫലസ്ത്വീന്‍ നയതന്ത്ര പ്രതിനിധി സാലെഹ് ഫഹീദ് മുഹമ്മദും സൗത്ത് ബ്ലോക്കിന് ഔദ്യോഗികമായി കത്ത് നല്‍കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബി.ജെ.പി ഒഴികെയുള്ള മുഴുവന്‍ സംഘടനകളും വിഷയത്തിലെ മാനവിക മുഖം മുന്നില്‍ കണ്ട് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. രാജ്യസഭ ഒരാഴ്ചയോളം സ്തംഭിച്ചതിനൊടുവില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്കു വഴങ്ങിയെങ്കിലും പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവെക്കുന്ന രീതിയിലായിരുന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചത്. ഇസ്രയേലിനെതിരെ നിന്ദാ പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. എന്നല്ല ഇസ്രയേലിനെ ഏതെങ്കിലും അര്‍ഥത്തില്‍ അലോസരപ്പെടുത്തുന്ന ഒരു വാചകം പോലും പറയാന്‍ സുഷമാ സ്വരാജ് തയാറായിരുന്നില്ല.
ഇസ്രയേലിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് ഇങ്ങനെയൊരു അനങ്ങാപ്പാറ നയം സ്വീകരിക്കാന്‍ കഴിഞ്ഞതിന് അവര്‍ കടപ്പെട്ടിരിക്കുന്നത് ദേശീയ മാധ്യമങ്ങളോടാണ്. പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം തുടര്‍ച്ചയായി തമസ്‌കരിച്ച വാര്‍ത്തയായിരുന്നു ഇസ്രയേലിന്റെ ഗസ്സ നരനായാട്ട്. ഹമാസിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന നുണക്കഥകള്‍ക്കായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളിലും കൂടുതല്‍ ഇടം ലഭിച്ചത്. ഇസ്രയേല്‍ എംബസിയിലെ വക്താവ് ഒഹാദ് ഹൊര്‍സാന്ദി നടത്തിക്കൊണ്ടിരുന്ന പ്രസ്താവനകള്‍ക്കും ഈ മാധ്യമങ്ങള്‍ ആവശ്യത്തിലധികം പ്രാധാന്യം നല്‍കി. മുന്നറിയിപ്പ് നല്‍കിയാണ് ഗസ്സയില്‍ ബോംബ് വര്‍ഷിക്കുന്നതെന്ന ന്യായീകരണം പോലും ഇസ്രയേല്‍ എംബസി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ വിളമ്പി. ഗവണ്‍മെന്റ് പാലിക്കാന്‍ ശ്രമിച്ച സന്തുലിതത്വം അതിനേക്കാള്‍ കെട്ട രീതിയില്‍ പാലിച്ചവരായിരുന്നു ടൈംസ് ഓഫ് ഇന്ത്യയും എന്‍.ഡി.ടി.വിയുമൊക്കെ. പള്ളിയും യൂനിവേഴ്‌സിറ്റിയുമൊക്കെ ബോംബുണ്ടാക്കാന്‍ ഹമാസ് ഉപയോഗിക്കുന്ന രഹസ്യകേന്ദ്രങ്ങളാണെന്ന ഇസ്രയേലിന്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്നതായിരുന്നു എന്‍.ഡി.ടി.വിയുടെ ശ്രീനിവാസന്‍ ജെയിനും നിസാ മസീഹും തയാറാക്കിയ റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്രസഭ നാലു വര്‍ഷം മുമ്പേ അന്വേഷിച്ചു തള്ളിയ ഈ വിഷയം കിള്ളിക്കിഴിച്ച് അന്വേഷിച്ച ശ്രീനിവാസന്‍ ഹമാസിന് രണ്ടു മുഖം ഉണ്ടെന്ന് സ്ഥാപിക്കാനായിരുന്നു കൂടുതല്‍ സമയം മെനക്കെടുത്തിയത്. ആക്രമണം ആരംഭിച്ചതിനു ശേഷം ഇസ്രയേല്‍ പുറത്തു വിട്ട ചില ദൃശ്യങ്ങളില്‍ ഗസ്സയിലെ സ്‌കൂളുകളില്‍ നിന്ന് 'കണ്ടെത്തിയ'തെന്ന് അവകാശപ്പെട്ട ചില ആയുധങ്ങളുമുണ്ടായിരുന്നു. ഈ വക കപടദൃശ്യങ്ങളാണ് ഇസ്രയേല്‍ നശിപ്പിച്ച ആശുപത്രികളേക്കാളും സ്‌കൂളുകളേക്കാളുമധികം എന്‍.ഡി.ടി.വി കാണിച്ചു കൊണ്ടിരുന്നതും.
കേവലമായ ധാര്‍മികതയുടെ പേരില്‍ ഇസ്രയേല്‍ ആക്രമണത്തിനെതിരെ നിലപാടെടുക്കാന്‍ ഇന്ത്യ തയാറല്ല എന്നാണ് ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. പ്രശ്‌നത്തിന്റെ മൂലകാരണത്തെ കുറിച്ച് ചര്‍ച്ച വേണമെന്ന് ബി.ജെ.പി അംഗങ്ങളിലൊരാള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്.
Comments