Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 15

എന്തുകൊണ്ട് ഫലസ്ത്വീന്‍?

ഡോ. ജാസിമുല്‍ മുത്വവ്വ /ലേഖനം

         ''പ്പാ, ഫലസ്ത്വീന്‍ വിഷയത്തില്‍ അങ്ങ് അതീവ ശ്രദ്ധ ചെലുത്തുകയും ബൈത്തുല്‍ മുഖദ്ദസ് വാര്‍ത്തകളറിയാന്‍ പ്രത്യേക താല്‍പര്യം കാണിക്കുകയും ചെയ്യുന്നതെന്ത് കൊണ്ടാണ്?'' എന്ന് നിങ്ങളുടെ മകന്‍ ചോദിച്ചെന്നിരിക്കട്ടെ. എന്തായിരിക്കും നിങ്ങളുടെ മറുപടി? മകന്റെ ഈ ചോദ്യത്തിന് വസ്തുനിഷ്ഠമായ മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണ് നിങ്ങള്‍. ജീവിതത്തിലെ ഏത് തിരക്കിന്നിടയിലും ഫലസ്ത്വീന്‍ നമ്മുടെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കണം. നിങ്ങള്‍ മകനെ അടുത്തിരുത്തി പറഞ്ഞ് കൊടുക്കൂ: ''മകനേ, ഫലസ്ത്വീന്‍ പ്രവാചകന്മാരുടെ വാസകേന്ദ്രമായിരുന്നു. നമ്മുടെ ഓര്‍മകളിലും പ്രാര്‍ഥനകളിലും എന്നും ജീവിക്കുന്ന ഇബ്‌റാഹീം നബി(അ) ഫലസ്ത്വീനിലേക്കാണ് ഹിജ്‌റ പോയത്. ലൂത്വ് നബി(സ)യെ, തന്റെ ജനതക്കുണ്ടായ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തി അനുഗൃഹീതമായ ഭൂപ്രദേശത്തേക്ക് കൊണ്ടുപോയി എന്ന് അല്ലാഹു സൂചിപ്പിച്ച ഭൂപ്രദേശം ഫലസ്ത്വീനാണ്. ദാവൂദ് നബി(അ) ഫലസ്ത്വീനില്‍ ജീവിക്കുകയും അവിടെ തന്റെ പ്രാര്‍ഥനാലയം പണിയുകയും ചെയ്തു. സുലൈമാന്‍ നബി(അ) ലോകം ഭരിച്ചത് ഫലസ്ത്വീനില്‍ ഇരുന്നു കൊണ്ടാണ്. സുലൈമാന്‍ നബി(അ) ഉറുമ്പിന്റെ സംസാരം കേട്ട കഥ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ടല്ലോ. അത് ഫലസ്ത്വീനിലെ അസ്ഖലാന്‍ പ്രദേശത്തിന് സമീപമുള്ള വാദിന്നംലിലായിരുന്നു. ഫലസ്ത്വീനിലാണ് സകരിയ്യാ നബി(അ)യുടേതെന്ന് കരുതപ്പെടുന്ന മിഹ്‌റാബുള്ളത്. മൂസാ നബി(അ) തന്റെ ജനതയോട് ''നിങ്ങള്‍ വിശുദ്ധ ഭൂമിയില്‍ കടക്കുക'' എന്ന് പറയുകയുണ്ടായല്ലോ. ബഹുദൈവാരാധനയില്‍നിന്ന് ശുദ്ധീകരിക്കപ്പെട്ട സ്ഥലമെന്നാണ് സൂചന. പ്രവാചകന്മാരുടെ വാസകേന്ദ്രം ബഹുദൈവാരാധനയില്‍നിന്ന് മുക്തമാവണമല്ലോ? ആ വിശുദ്ധ ഭൂമി ഫലസ്ത്വീനാണ്.

         ധാരാളം അമാനുഷ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷപ്പെട്ട പ്രദേശവുമാണ് ഫലസ്ത്വീന്‍. അതിലൊന്നാണ് ഈസാ നബി(അ)യുടെ ജനനം. ഭര്‍ത്താവില്ലാതെയാണ് മര്‍യം ബീവി ഗര്‍ഭം ധരിച്ചത്. ഇസ്‌റാഈല്യര്‍ ഈസാ നബി(അ)യെ വധിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായ വിധത്തില്‍ തന്നിലേക്കുയര്‍ത്തി. പ്രസവാനന്തരം മര്‍യം ഈത്തപ്പന കുലുക്കി പഴങ്ങള്‍ വീഴ്ത്തി ഭക്ഷിച്ചത് ഫലസ്ത്വീനിലാണ്. അന്ത്യകാലത്ത് യഅജൂജും മഅ്ജൂജും കൊല്ലപ്പെടുന്നതും ഇവിടെ വെച്ചുതന്നെ. ഫലസ്ത്വീനില്‍ നടന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. അതിലൊന്നാണ് ത്വാലൂത്തിന്റെയും ജാലൂത്തിന്റെയും കഥ.''

         ''ഇനി നബി(സ)ക്ക് ഫലസ്ത്വീനുമായുള്ള ബന്ധത്തെക്കുറിച്ചും, മകനേ, നിനക്ക് ഞാന്‍ പറഞ്ഞ് തരാം. നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ട ആദ്യകാലത്ത് ഖിബ്‌ലയായി നിര്‍ദേശിക്കപ്പെട്ടത് ബൈത്തുല്‍ മുഖദ്ദസാണ്. നബി(സ) മദീനയിലേക്ക് ഹിജ്‌റ പോയതോടെ, നമസ്‌കരിച്ചുകൊണ്ടിരിക്കെ ജിബ്‌രീല്‍(അ) വന്ന് തിരുമേനിയുടെ മുഖം ബൈത്തുല്‍ മുഖദ്ദസില്‍നിന്ന് മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് തിരിച്ചു. ആ നമസ്‌കാരം നടന്ന പള്ളിക്കാണ് 'മസ്ജിദുല്‍ ഖിബ്‌ലതൈന്‍' (രണ്ട് ഖിബ്‌ലകള്‍ ഉള്ള പള്ളി) എന്ന് പില്‍ക്കാലത്ത് പേര് വന്നത്. ഇസ്രാഇ(നിശാ പ്രയാണം)ന്റെ രാത്രിയില്‍ നബി(സ) ബൈത്തുല്‍ മുഖദ്ദസിലേക്കാണ് പോയത്. അവിടെ നിന്നാണ് മിഅ്‌റാജ് (ആകാശാരോഹണം) ഉണ്ടാവുന്നത്. ആകാശാരോഹണത്തിന്റെ യാത്രയില്‍ ആദ്യ താവളം ഫലസ്ത്വീനിലെ ബൈത്തുല്‍ മുഖദ്ദസ് ആണ്. അവിടെയാണ് നബി(സ) പൂര്‍വ പ്രവാചകന്മാര്‍ക്ക് ഇമാമായി നമസ്‌കരിച്ചത്. പ്രവാചകന്മാരുടെ കേന്ദ്രമായിരുന്നുവല്ലോ അത്.''

         ''മകനേ! നിനക്കറിയുമോ? അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നബി(സ)യുടെ മരണശേഷം മതപരിത്യാഗത്തിന്റെ കൊടുംഭീഷണി ഉയര്‍ന്നിട്ടും അബൂബക്ര്‍ സിദ്ദീഖ്(റ) അതൊന്നും വകവെക്കാതെ ശാമിലേക്ക് തിരുമേനി ഒരുക്കി നിര്‍ത്തിയ സൈന്യത്തെ വിന്യസിച്ചുകൊണ്ടാണ് തന്റെ ഭരണം തുടങ്ങിയത്. ഫലസ്ത്വീന്‍ ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശങ്ങളുടെ പൊതുവായ പേരാണ് 'ശാം' എന്നത്. ഇസ്‌ലാമിക വിജയങ്ങളുടെ സുവര്‍ണ  കാലഘട്ടമായിരുന്നു ഉമര്‍(റ)ന്റെ ഭരണകാലം. നിരവധി നാടുകളും നഗരങ്ങളും രാഷ്ട്രങ്ങളും ഇസ്‌ലാമിന് കീഴില്‍ വന്നത് ഉമറുല്‍ ഫാറൂഖിന്റെ കാലത്താണ്. ആ വിജയങ്ങള്‍ ഉണ്ടായപ്പോഴൊന്നും മദീനയില്‍നിന്ന് പുറത്ത്‌പോയി അവ കണ്‍കുളുര്‍ക്കെ കാണാന്‍ ഉമര്‍(റ) തുനിഞ്ഞില്ല. എന്നാല്‍ ഫലസ്ത്വീന്‍ മുസ്‌ലിം സൈന്യത്തിന് അധീനപ്പെട്ട സന്ദര്‍ഭത്തില്‍ മാത്രമാണ് മദീന മുനവ്വറ വിട്ട് ഉമര്‍ ആ രാജ്യത്തേക്ക് പോയത്. അനുരഞ്ജന രൂപേണയാണ് അത് ഇസ്‌ലാമിന്ന് കൈവന്നത്. ബൈത്തുല്‍ മുഖദ്ദസില്‍ അദ്ദേഹം നമസ്‌കരിച്ചു. തദ്ദേശീയരുമായി ചര്‍ച്ച നടത്തി. സംരക്ഷണം ഉറപ്പുനല്‍കി. ബൈത്തുല്‍മുഖദ്ദസിന്റെ താക്കോല്‍ ഏറ്റ് വാങ്ങി. പിന്നീടൊരിക്കല്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും അവിടെ ഐതിഹാസിക വിജയം കൈവരിച്ചു. ആ ചരിത്ര മുഹൂര്‍ത്തം ഹിജ്‌റ 583 റജബ് 27 വെള്ളിയാഴ്ചയായിരുന്നു. അതെ, നബി(സ) ബൈത്തുല്‍ മുഖദ്ദസില്‍നിന്ന് ആകാശാരോഹണം നടത്തിയ അതേ രാവില്‍. അത്ഭുതകരമായ ഒരു യാദൃഛികതയുണ്ടിതില്‍. മകനേ! ബൈത്തുല്‍ മുഖദ്ദസ് എന്ന് ഈ പുണ്യഗേഹത്തിന് പേര് വരാന്‍ കാരണമെന്തെന്ന് നീ ചോദിക്കുകയുണ്ടായല്ലോ. പറഞ്ഞ് തരാം. ഖുര്‍ആന്‍ അവതരിക്കുന്നതിന്ന് മുമ്പായിരുന്നു ഈ പേര്‍. ഖുര്‍ആനാണ് ഇതിന് മസ്ജിദുല്‍ അഖ്‌സ്വായെന്ന് പേരിട്ടത്. ആ ഭൂപ്രദേശങ്ങളുടെ പവിത്രതയും പരിശുദ്ധിയും മാനിച്ചാണ് ബൈത്തുല്‍ മുഖദ്ദസ് എന്ന് വിളിച്ചുവരുന്നത്. ഫലസ്ത്വീന്‍ ഭൂപ്രദേശങ്ങളും ശാമും ധാരാളം വിശുദ്ധ യുദ്ധങ്ങള്‍ നടന്ന നിലമാണ്. റോമക്കാരുടെ അധീനതയില്‍നിന്ന് അതിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്നിടയില്‍ അയ്യായിരത്തോളം സ്വഹാബിവര്യന്മാര്‍ക്ക് അവിടെ രക്തസാക്ഷികളാവേണ്ടി വന്നിട്ടുണ്ട്. ഇന്നും ആ ചരിത്രം ആവര്‍ത്തിക്കുന്നു. ഗസ്സയിലും ഫലസ്ത്വീന്റെ മറ്റ് ഭാഗങ്ങളിലും ഇപ്പോള്‍ നീ കണ്ടുകൊണ്ടിരിക്കുന്നത് ആ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. മസ്ജിദുല്‍ അഖ്‌സ്വയുടെയും ശാം പ്രദേശങ്ങളുടെയും പ്രാധാന്യം നമ്മെ സംബന്ധിച്ചേടത്തോളം മക്കയുടെയും മദീനയുടെയും പ്രാധാന്യം തന്നെയാണ്. അവയെല്ലാം ഒന്നിച്ച് അല്ലാഹു ഒരു സൂക്തത്തില്‍ കോര്‍ത്തിണക്കിയത് കണ്ടില്ലേ? ''വത്തീനി വസ്സയ്ത്തൂന്‍, വത്വൂരി സീനീന്‍, വ ഹാദല്‍ ബലദില്‍ അമീന്‍.'' ഇബ്‌നു അബ്ബാസ് ഈ സൂക്തം വ്യാഖ്യാനിക്കുന്നതിങ്ങനെ: ''അത്തി വൃക്ഷം ശാമിനെ സൂചിപ്പിച്ചാണ്. 'സെയ്ത്തൂന്‍' ഫലസ്ത്വീന്‍ ഭൂഭാഗം. 'തൂര്‍സീനീന്‍' മൂസാ നബി(അ) അല്ലാഹുവുമായി സംസാരിച്ച ഇടം. 'ബലദുല്‍ അമീന്‍' എന്നാല്‍ മക്കത്തുല്‍ മുകര്‍റമ. മകനേ, ഫലസ്ത്വീന്‍ എന്തുകൊണ്ട് നമുക്ക് പ്രധാനമെന്ന് ഇപ്പോള്‍ നിനക്ക് മനസ്സിലായിക്കാണുമല്ലോ. ഫലസ്ത്വീന്‍ രാജ്യവും മസ്ജിദുല്‍ അഖ്‌സ്വയുടെ മോചനവും നമ്മുടെ പരിഗണനയിലും പ്രാര്‍ഥനയിലും എപ്പോഴും വേണം.'' 

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 128-130
എ.വൈ.ആര്‍