Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 15

ഹജ്ജ് ഖുര്‍ആനില്‍

ഹൈദരലി ശാന്തപുരം /ലേഖനം

         സ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അല്‍ബഖറ, ആലുഇംറാന്‍, അല്‍മാഇദ, അല്‍ഹജ്ജ് എന്നീ അധ്യായങ്ങളിലാണ് പരാമര്‍ശമുള്ളത്. ഹജ്ജിന്റെ പ്രാധാന്യം, ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, അനുഷ്ഠാന നിയമങ്ങള്‍, ജാഹിലിയ്യാ കാലത്തെ ചില അബദ്ധധാരണകളെ തിരുത്തല്‍, കഅ്ബാലയത്തെ ഹജ്ജിന്റെ സിരാ കേന്ദ്രമാക്കിയതിന്റെ കാരണം മുതലായ വിഷയങ്ങള്‍ ഖുര്‍ആനില്‍ വിവരിച്ചതായി കാണാം.

പ്രാധാന്യം, ലക്ഷ്യം, മുഖ്യ കര്‍മങ്ങള്‍

         കഅ്ബാ നിര്‍മാണശേഷം, അല്ലാഹു ഇബ്‌റാഹീം നബി(അ)ക്ക് ജനങ്ങള്‍ ഹജ്ജിന് വന്നെത്തണമെന്ന പൊതുവിളംബരം നടത്താന്‍ നല്‍കിയ കല്‍പനയില്‍ നിന്ന് ഹജ്ജിന്റെ പ്രാധാന്യം, ലക്ഷ്യം, ചില പ്രധാന കര്‍മങ്ങള്‍ എന്നിവ ഗ്രഹിക്കാവുന്നതാണ്. അല്ലാഹു പറയുന്നു: ''(നാം ഇബ്‌റാഹീമിനോട് പറഞ്ഞു:) ഹജ്ജിന് വരാന്‍ താങ്കള്‍ ജനങ്ങളില്‍ പൊതുവിളംബരം നചത്തുക. നടന്നുകൊണ്ടും വിദൂരമായ മലമ്പാതകളിലൂടെ യാത്ര ചെയ്തും ക്ഷീണിച്ച ഒട്ടകപ്പുറത്ത് സവാരി ചെയ്തും അവര്‍ താങ്കളുടെയടുത്ത് വന്നുകൊള്ളും. അവര്‍ക്ക് പ്രയോജനകരമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും അല്ലാഹു അവര്‍ക്ക് നല്‍കിയ നാല്‍ക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലിയറുക്കാനും വേണ്ടിയത്രെ അത്. അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിക്കുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. അനന്തരം അവര്‍ തങ്ങളുടെ അഴുക്കുകള്‍ ദൂരീകരിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയും പുണ്യപുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ'' (അല്‍ഹജ്ജ് 27-29).

         ഹജ്ജും ഉംറയും അല്ലാഹുവിനു വേണ്ടി പൂര്‍ത്തിയാക്കി ചെയ്യാന്‍ അവന്‍ കല്‍പിച്ചിരിക്കുന്നു: ''നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക'' (അല്‍ബഖറ 196).

         ഹജ്ജും ഉംറയും അല്ലാഹുവിനു വേണ്ടി നിര്‍വഹിക്കുക എന്നതാണ് പ്രഥമ കല്‍പന. ഇബ്‌റാഹീം നബി(അ)യുടെ കാലത്ത് ഹജ്ജും ഉംറയും നിയമമാക്കപ്പെട്ടത് അല്ലാഹുവിനു മാത്രമുള്ള ആരാധനാ കര്‍മങ്ങള്‍ എന്ന നിലക്കായിരുന്നു. പില്‍ക്കാലത്ത് കഅ്ബക്കുള്ളിലും പരിസരത്തും വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടതോടെ ഹജ്ജും ഉംറയും നിര്‍വഹിക്കപ്പെടുന്നത് അവയെ ഉദ്ദേശിച്ചായി. ഈ പശ്ചാത്തലത്തിലാണ് 'നിങ്ങള്‍ ഹജ്ജും ഉംറയും അനുഷ്ഠിക്കുന്നത് അല്ലാഹുവിനു വേണ്ടി മാത്രമായിരിക്കണ'മെന്ന് അല്ലാഹു മുസ്‌ലിംകളോട് കല്‍പിക്കുന്നത്. അതേപോലെ ഹജ്ജിന്റെയും ഉംറയുടെയും ലക്ഷ്യം നിങ്ങളുടെ സാമ്പത്തികമോ കുടുംബപരമോ ഗോത്രപരമോ ആയ കാര്യലാഭങ്ങളാവരുത്. അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം.

         രണ്ടാമത്തെ കല്‍പന ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക എന്നതാണ്. ഇരു കര്‍മങ്ങളും അവയുടെ എല്ലാ നിയമങ്ങളും വ്യവസ്ഥകളും പൂര്‍ണമായും കണിശമായും പാലിച്ചുകൊണ്ടായിരിക്കണം നിര്‍വഹിക്കുന്നത്.

ഹജ്ജ് മാസങ്ങള്‍, വര്‍ജിക്കേണ്ട മൂന്ന് കാര്യങ്ങള്‍

         ഹജ്ജ് നിര്‍വഹണത്തിന് പ്രത്യേക കാലമുണ്ട്. ഹജ്ജ് മാസങ്ങള്‍ എന്ന പേരിലാണത് അറിയപ്പെടുന്നത്. ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ് എന്നീ മൂന്ന് മാസങ്ങളാണവ. അറബികള്‍ക്ക് മുമ്പേ സുപരിചിതമായിരുന്നു ആ മാസങ്ങള്‍. ഇഹ്‌റാം ചെയ്ത് ഒരാള്‍ ഹജ്ജില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ സാധാരണ അനുവദനീയമായ പല കാര്യങ്ങളും അയാള്‍ക്ക് നിഷിദ്ധമാകും. മൂന്ന് കാര്യങ്ങള്‍ ഹജ്ജ് വേളയില്‍ വര്‍ജിക്കണമെന്ന് അല്ലാഹു പ്രത്യേകം കല്‍പിച്ചിരിക്കുന്നു. സ്ത്രീ സംസര്‍ഗം, പാപവൃത്തികള്‍, തര്‍ക്കവിതര്‍ക്കങ്ങള്‍ എന്നിവയാണവ. ''ഹജ്ജ് കാലം സുപരിചിതമായ മാസങ്ങളാണ്. ആ മാസങ്ങളില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ നിശ്ചയിച്ചവര്‍ സ്ത്രീ സംസര്‍ഗവും പാപവൃത്തികളും തര്‍ക്കവിതര്‍ക്കങ്ങളും വര്‍ജിക്കേണ്ടതാകുന്നു'' (അല്‍ബഖറ 197).

തമ്മത്തുഅ്

         ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് ഇഹ്‌റാം ചെയ്യുമ്പോള്‍ മൂന്ന് രീതികളില്‍ ഒന്ന് സ്വീകരിക്കാം. ഒന്ന്, ഇഫ്‌റാദ്. ഹജ്ജിന് മാത്രം ഇഹ്‌റാം ചെയ്യുന്ന രീതിയാണിത്. രണ്ട്, തമത്തുഅ്. ഹജ്ജ് കാലത്ത് മീഖാത്തില്‍ വെച്ച് ഉംറക്ക് ഇഹ്‌റാം ചെയ്യുകയും ഉംറ കഴിഞ്ഞശേഷം ഹജ്ജിന് സമയമാവുമ്പോള്‍ ഹജ്ജിന് ഇഹ്‌റാം ചെയ്യുകയും ചെയ്യുക. മൂന്ന്, ഖിറാന്‍. ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്‌റാം ചെയ്യുക.

         ഉംറ നിര്‍വഹിച്ച ശേഷം ഇഹ്‌റാമില്‍ നിന്നൊഴിവായി ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നതുവരെ സാധാരണ ജീവിതരീതി സ്വീകരിക്കുന്നതിനാല്‍ 'തമത്തുഅ്' രൂപത്തില്‍ ഹജ്ജ് ചെയ്യുന്നവര്‍ക്കും ഒരേ ഇഹ്‌റാമില്‍ ഹജ്ജും ഉംറയും ഒരുമിപ്പിച്ച് 'ഖിറാന്‍' രീതിയില്‍ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കും ഒരു മൃഗത്തെ ബലിയറുക്കല്‍ നിര്‍ബന്ധമാണ്. തമത്തുഅ് രൂപത്തില്‍ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ മൃഗബലി സാധ്യമായില്ലെങ്കില്‍ പത്ത് ദിവസം നോമ്പനുഷ്ഠിക്കണം- ഹജ്ജിനിടയില്‍ മൂന്ന് ദിവസവും നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഏഴു ദിവസവും. തമത്തുഇന്റെ ഈ വിധി മക്കയില്‍ നിന്ന് വിദൂര സ്ഥലത്ത് താമസിക്കുന്നവര്‍ക്കുള്ളതാണ്. അല്ലാഹു പറയുന്നു: ''ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കില്‍, ഒരാള്‍ ഉംറ നിര്‍വഹിച്ച് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ബലികഴിക്കേണ്ടതാണ്. ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്തപക്ഷം അവര്‍ ഹജ്ജിനിടയില്‍ മൂന്ന് ദിവസവും, നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഏഴു ദിവസവും ചേര്‍ന്ന് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമിന്റെ പരിസരത്ത് താമസിക്കാത്തവര്‍ക്കുള്ളതാകുന്നു ഈ വിധി'' (അല്‍ബഖറ 196).

യാത്ര തുടരാന്‍ സാധിക്കാതെ വന്നാല്‍

         ഹജ്ജിന് ഇഹ്‌റാം ചെയ്ത ശേഷം ഏതെങ്കിലും കാരണത്താല്‍ യാത്ര തുടരാന്‍ സാധിക്കാത്ത സാഹചര്യം വന്നാല്‍ എവിടെയാണോ എത്തിയത്  അവിടെ വെച്ച് ഒരു ബലി നടത്തി ഇഹ്‌റാമില്‍ നിന്ന് ഒഴിവാകാവുന്നതാണ്. ബലിയറുത്ത ശേഷമേ ഇഹ്‌റാമില്‍ നിന്ന് മുക്തമാകാന്‍ പറ്റുകയുള്ളൂ. അല്ലാഹു പറയുന്നു: ''യാത്രാ മധ്യേ നിങ്ങള്‍ ഉപരോധിക്കപ്പെട്ടാല്‍, അപ്പോള്‍ സൗകര്യമനുസരിച്ച് ബലി നല്‍കണം. ബലിമൃഗം അതിന്റെ സ്ഥാനത്തെത്തുന്നതുവരെ തല മുണ്ഡനം ചെയ്യരുത്'' (അല്‍ബഖറ 196).

നിഷിദ്ധമായത് ചെയ്യേണ്ടിവന്നാല്‍

         ഇഹ്‌റാമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ശരീരത്തില്‍നിന്ന് മുടിയെടുക്കാന്‍ പാടില്ല. എന്നാല്‍ രോഗം കാരണത്താലോ അസഹ്യമായ പേന്‍ ശല്യം മൂലമോ മുടി വെട്ടുകയോ തലമുണ്ഡനം നടത്തുകയോ ചെയ്യേണ്ടിവന്നാല്‍ അതിന് പ്രായശ്ചിത്തം ചെയ്യല്‍ നിര്‍ബന്ധമുണ്ട്. മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുക, ആറ് ദരിദ്രര്‍ക്ക് ആഹാരം നല്‍കുക, ഒരാടിനെ ബലിയറുക്കുക എന്നിവയില്‍ ഏതെങ്കിലുമൊന്ന് പ്രായശ്ചിത്തമായി തെരഞ്ഞെടുക്കാം.

വേട്ടയാടല്‍ നിഷിദ്ധം

         ഇഹ്‌റാമില്‍ നിഷിദ്ധമായ മറ്റൊരു കാര്യമാണ് പക്ഷിമൃഗാദികളെ വേട്ടയാടല്‍. ''കാലി വര്‍ഗത്തില്‍ പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു, ശേഷം പറഞ്ഞുതരുന്നതൊഴിച്ചുള്ളവ. എന്നാല്‍ നിങ്ങള്‍ ഇഹ്‌റാമിലായിരിക്കുമ്പോള്‍ വേട്ടയിലേര്‍പ്പെടുന്നത് അനുവദനീയമല്ല. നിശ്ചയം അല്ലാഹു അവനുദ്ദേശിക്കുന്നത് വിധിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ ചിഹ്നങ്ങളെ അനാദരിക്കരുത്. പവിത്ര മാസങ്ങളെയും അനാദരിക്കരുത്. ബലിമൃഗങ്ങളെയും അല്ലാഹുവിനു വേണ്ടി നേര്‍ന്നതിന്റെ അടയാളമായി കഴുത്തില്‍ പട്ടയിട്ടവയെയും ദ്രോഹിക്കരുത്. അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവന്റെ പവിത്ര ഭവനത്തിലേക്ക് സഞ്ചരിക്കുന്നവരെ ഉപദ്രവിക്കുകയുമരുത്. എന്നാല്‍ ഇഹ്‌റാമില്‍ നിന്ന് വിരമിച്ചാല്‍ നിങ്ങള്‍ക്ക് വേട്ടയിലേര്‍പ്പെടാവുന്നതാകുന്നു'' (അല്‍മാഇദ 1,2).

         ഇഹ്‌റാം വേളയില്‍ വേട്ടയാടുന്നതിന്റെ വിധി കൂടുതല്‍ വിശദമായി  താഴെ കൊടുക്കുന്ന സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്: ''സത്യവിശ്വാസികളേ, ഇഹ്‌റാം ചെയ്ത അവസ്ഥയില്‍ നിങ്ങള്‍ വേട്ടമൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള്‍ മനഃപൂര്‍വം അതിനെ കൊല്ലുന്നപക്ഷം, അവര്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ നിന്നുള്ള രണ്ട് നീതിമാന്മാര്‍ തീര്‍പ്പ് കല്‍പിക്കുന്ന കാലിയെ കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്. അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഏതാനും അഗതികള്‍ക്ക് ആഹാരം നല്‍കുകയോ അല്ലെങ്കില്‍ തത്തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്. അവര്‍ ചെയ്തതിന്റെ ഭവിഷ്യത്ത് അവര്‍ അനുഭവിക്കാന്‍ വേണ്ടിയാണിത്. മുമ്പ് ചെയ്തുപോയതിന് അല്ലാഹു മാപ്പ് നല്‍കിയിരിക്കുന്നു. വല്ലവനും അത് ആവര്‍ത്തിക്കുന്ന പക്ഷം അല്ലാഹു അവന്റെ നേരേ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. അല്ലാഹു പ്രതാപിയും ശിക്ഷാ നടപടികള്‍ കൈക്കൊള്ളുന്നവനുമാകുന്നു. നിങ്ങള്‍ക്കും യാത്രാ സംഘങ്ങള്‍ക്കും ജീവിത വിഭവമായിക്കൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇഹ്‌റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ട നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക'' (അല്‍മാഇദ 95,-96).

സഅ്‌യ്

         ഹജ്ജിലെയും ഉംറയിലെയും ഒരു നിര്‍ബന്ധ അനുഷ്ഠാനമാണ് സഅ്‌യ്. വിശുദ്ധ കഅ്ബക്കു സമീപമുള്ള സ്വഫാ-മര്‍വ എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ വേഗത്തില്‍ നടക്കുന്നതിനാണ് സഅ്‌യ് എന്ന് പറയുന്നത്. ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ പ്രസ്തുത കുന്നുകള്‍ക്കു മുകളില്‍ ഇസാഫ്, നാഇല എന്നീ പേരുകളിലുളള രണ്ട് വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ച് ആരാധന നടത്തിയിരുന്നു. സഅ്‌യ് അവക്കുള്ള ആരാധനയായിട്ടാണ് സങ്കല്‍പിക്കപ്പെട്ടിരുന്നത്. മദീനക്കാരുടെ ഇഷ്ട ദേവത മനാത്ത എന്ന വിഗ്രഹമായിരുന്നു. അതിനാല്‍ അവര്‍ സ്വഫാ-മര്‍വക്കിടയില്‍ സഅ്‌യ് നടത്തിയിരുന്നില്ല. ഇസാഫിനും നാഇലക്കുമുള്ള ആരാധനയാണെന്ന സങ്കല്‍പം കാരണത്താല്‍ തന്നെ, സഅ്‌യ് നടത്തുന്നത് പാപകൃത്യമാവുകയില്ലേ എന്ന് ഇസ്‌ലാം സ്വീകരിച്ച ഇതര അറബികളും സംശയിക്കുകയുണ്ടായി. ഈ സംശയം ദൂരീകരിച്ചുകൊണ്ട്, സ്വഫായും മര്‍വായും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണെന്നും ആ നിലക്ക് അവയെ ത്വവാഫ് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്നും അല്ലാഹു വ്യക്തമാക്കി.

         ''തീര്‍ച്ചയായും സ്വഫായും മര്‍വായും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാകുന്നു. അതിനാല്‍ ദൈവിക ഭവനത്തില്‍ ഹജ്ജോ ഉംറയോ ചെയ്യുന്നവര്‍ ആ രണ്ട് കുന്നുകള്‍ക്കിടയില്‍ സഅ്‌യ് നടത്തുന്നത് കുറ്റകരമാകുന്ന പ്രശ്‌നമേയില്ല'' (അല്‍ബഖറ 158).

അറഫ

         ഹജ്ജിലെ ഏറ്റവും പ്രധാന കര്‍മമാണ് ദുല്‍ഹജ്ജ് ഒമ്പതിന് ഹറമിന്റെ അതിര്‍ത്തിക്കു പുറത്തുള്ള അറഫയില്‍ പോയി സൂര്യാസ്തമയം വരെ അവിടെ കഴിച്ചുകൂട്ടല്‍. എന്നാല്‍, ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ അറഫയില്‍ പോകാറുണ്ടായിരുന്നില്ല. തങ്ങള്‍ കഅ്ബയുടെ പരിചാരകന്മാരാണെന്നും അതിനാല്‍ ഹറമിനു പുറത്തുപോയി ചെയ്യേണ്ടുന്ന കര്‍മങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നുമായിരുന്നു അവരുടെ വാദം. പിന്നീട് ഖുസാഅ, കിനാന തുടങ്ങിയ ചില ഗോത്രങ്ങളും, ഖുറൈശികളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടിരുന്ന ചില ഗോത്രങ്ങളും ഖുറൈശികളുടെ ചുവട് പിടിച്ചുകൊണ്ട് ദുല്‍ഹജ്ജ് ഒമ്പതിന് അറഫയില്‍ പോകാതെയായി. ഈ തെറ്റായ നിലപാട് തിരുത്തിക്കൊണ്ടും അല്ലാഹുവിനു മുമ്പില്‍ മാനവരെല്ലാം ഒരുപോലെയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടും എല്ലാവരും അറഫയില്‍ പോയി നിര്‍ദിഷ്ട കര്‍മങ്ങള്‍ ചെയ്ത ശേഷമേ തിരിച്ചുപോരാന്‍ പാടുള്ളൂവെന്ന് അല്ലാഹു ആജ്ഞാപിക്കുകയുണ്ടായി.

         ''പിന്നെ ആളുകള്‍ മടങ്ങുന്നിടത്തു നിന്ന് തന്നെ നിങ്ങളും മടങ്ങുവിന്‍. അല്ലാഹുവോട് മാപ്പിരക്കുകയും ചെയ്യുവിന്‍. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാകുന്നു'' (അല്‍ബഖറ 199).

മുസ്ദലിഫ

         മിനാക്കും അറഫക്കുമിടയിലുള്ള ഒരു സ്ഥലമാണ് മുസ്ദലിഫ. അതിന് മശ്അറുല്‍ ഹറാം എന്നും പേരുണ്ട്. ദുല്‍ഹജ്ജ് ഒമ്പതിന് അറഫയില്‍ പോയി സൂര്യാസ്തമയം വരെ പ്രാര്‍ഥിച്ച ശേഷം ഹാജിമാര്‍ മുസ്ദലിഫയിലെത്തി രാത്രി കഴിച്ചുകൂട്ടുന്നു. വിശ്രമവും ദൈവസ്മരണയുമാണ് അവിടത്തെ പ്രധാന കര്‍മം. ജാഹിലിയ്യാ കാലത്ത് വ്യാപാരമേള, കവിയരങ്ങ്, പ്രഭാഷണ മത്സരങ്ങള്‍, ഗോത്രങ്ങളുടെ പൊങ്ങച്ച പ്രകടനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായിരുന്നു ആ സമയം ഉപയോഗപ്പെടുത്തിയിരുന്നത്. അത് നിരോധിച്ചുകൊണ്ടും അല്ലാഹുവിന്റെ നിര്‍ദേശാനുസാരം ദൈവസ്മരണയില്‍ മുഴുകുകയാണ് വേണ്ടതെന്ന് കല്‍പിച്ചുകൊണ്ടും അല്ലാഹു പറയുന്നു: ''നിങ്ങള്‍ അറഫയില്‍ നിന്ന് പുറപ്പെട്ടാല്‍ മശ്അറുല്‍ ഹറാമിനടുത്ത് തങ്ങി അല്ലാഹുവിനെ സ്മരിക്കുവിന്‍. അവന്‍ നിങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത് എപ്രകാരമാണോ അപ്രകാരം തന്നെ സ്മരിക്കണം. നേരത്തെ നിങ്ങള്‍ വഴിപിഴച്ചവര്‍ തന്നെയായിരുന്നു'' (അല്‍ബഖറ 198).

മിനാ

         ഹാജിമാര്‍ ദുല്‍ഹജ്ജ് ഒമ്പതിലെ അറഫാ സംഗമവും മുസ്ദലിഫയിലെ താമസവും കഴിഞ്ഞ് ദുല്‍ഹജ്ജ് പത്തിന് രാവിലെ മിനായിലെത്തി ജംറത്തുല്‍ അഖബയില്‍ കല്ലേറ് നടത്തുകയും തലമുണ്ഡനം നടത്തുകയും ചെയ്യുന്നു. പിന്നീട് മിനായില്‍ താമസിക്കുന്നു. മിനായിലെ താമസക്കാലത്ത് മുസ്ദലിഫയിലെന്ന പോലെ പൂര്‍വികരുടെ അപദാനങ്ങള്‍ വര്‍ണിച്ചുകൊണ്ടുള്ള കവിതാ പാരായണവും പ്രഭാഷണവും പാട്ട് കച്ചേരിയും കച്ചവടമേളയുമായിരുന്നു ജാഹിലിയ്യാ കാലത്തെ പ്രധാന പരിപാടികള്‍. എന്നാല്‍, ദൈവസ്മരണയിലും പ്രാര്‍ഥനയിലുമാണ് നിങ്ങള്‍ ആ ദിനങ്ങള്‍ കഴിച്ചുകൂട്ടേണ്ടതെന്ന് അല്ലാഹു പറയുന്നു. കേവല ഭൗതിക കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനക്കു പകരം ഐഹികവും പാരത്രികവുമായ നന്മക്കു വേണ്ടിയാണ് പ്രാര്‍ഥിക്കേണ്ടതെന്നും അല്ലാഹു നിര്‍ദേശിക്കുന്നു.

         ''ഹജ്ജ് ചടങ്ങുകള്‍ നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുവിന്‍. നേരത്തെ നിങ്ങളുടെ പൂര്‍വ പിതാക്കളെ സ്മരിച്ചിരുന്നതുപോലെ, അല്ല അതിലുപരി സ്മരിക്കുവിന്‍. എന്നാല്‍, ജനങ്ങളില്‍ ചിലര്‍ പ്രാര്‍ഥിക്കുന്നത്, 'നാഥാ, ഞങ്ങള്‍ക്ക് നീ ഇഹലോകത്ത് എല്ലാം നല്‍കേണമേ' എന്നത്രെ. ഇങ്ങനെ പ്രാര്‍ഥിക്കുന്നവര്‍ക്ക് പരലോകത്തില്‍ യാതൊരു വിഹിതവുമില്ല. 'നാഥാ, ഞങ്ങള്‍ക്ക് നീ ഇഹലോകത്ത് നന്മ ചൊരിയേണമേ, പരലോകത്തും നന്മ ചൊരിയേണമേ' എന്ന് പ്രാര്‍ഥിക്കുന്ന ചിലരും ജനങ്ങളിലുണ്ട്. ഇങ്ങനെ പ്രാര്‍ഥിക്കുന്നവര്‍ക്കത്രെ പരലോകത്ത് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ വിഹിതമുള്ളത്. അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാകുന്നു'' (അല്‍ബഖറ 200-202).

         ദുല്‍ഹജ്ജ് പത്തിനു ശേഷം രണ്ടോ മൂന്നോ ദിവസമാണ് മിനായില്‍ താമസിക്കേണ്ടത്. ദുല്‍ഹജ്ജ് പന്ത്രണ്ടിന് മിനായില്‍ നിന്ന് തിരിച്ചുപോവുകയോ അന്ന് രാത്രി കൂടി അവിടെ താമസിച്ച് പതിമൂന്നിന് തിരിച്ചുപോവുകയോ ആവാം. ദൈവഭക്തിയുണ്ടാവുക എന്നതാണ് പ്രധാനം. അല്ലാഹു പറയുന്നു: ''എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. രണ്ട് ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. ഒരു ദിവസവും കൂടി താമസിച്ചു പോരുന്നവനും കുറ്റമില്ല, ദൈവഭക്തി കൈക്കൊള്ളുന്നവര്‍ക്കാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക'' (അല്‍ബഖറ 203).

ബലിയനുഷ്ഠാനം

         ഹജ്ജിലെ ഒരു സുപ്രധാന കര്‍മമാണ് ബലിയനുഷ്ഠാനമെന്നതിനാല്‍ ബലി മൃഗങ്ങളെ അല്ലാഹു ദൈവിക ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അല്ലാഹുവിന്റെ നാമത്തില്‍ അവയെ ബലിയറുത്ത് മാംസം സ്വയം ഭക്ഷിക്കുകയും അഗതികളെ ആഹരിപ്പിക്കുകയുമാണ് വേണ്ടത്. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുക എന്നതാണ് ലക്ഷ്യം.

         ''(ബലി) ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ നന്മയുണ്ട്. അതിനാല്‍ അവയെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുക. അവയുടെ ഉദരം നിലം പതിച്ചാല്‍ അതില്‍ നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിച്ചുകൊള്ളുക. ഉള്ളതുകൊണ്ട് സംതൃപ്തനായി അടങ്ങിയിരിക്കുന്നവനെയും സ്വന്തം അവശത തുറന്നു പറയുന്നവനെയും ഭക്ഷിപ്പിക്കുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം നിങ്ങള്‍ക്ക് മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്'' (അല്‍ഹജ്ജ് 36).

         അല്ലാഹുവിന് മാംസത്തോടും രക്തത്തോടും വലിയ പ്രതിപത്തിയാണെന്നും അതുകൊണ്ടാണ് ബലിയനുഷ്ഠാനം നിയമമാക്കിയതെന്നും ജാഹിലിയ്യാ സമൂഹം വിശ്വസിച്ചിരുന്നു. അതിനാല്‍ കഅ്ബയില്‍ ബലിമാംസം തൂക്കിയിടുകയും കഅ്ബയുടെ ഭിത്തികളെ ബലിമൃഗങ്ങളുടെ രക്തം കൊണ്ട് അഭിഷേകം നടത്തുകയും ചെയ്തിരുന്നു. ആ മൂഢ വിശ്വാസം തിരുത്തിക്കൊണ്ടും, തഖ്‌വ നേടിയെടുക്കലാണ് ബലിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിക്കൊണ്ടും അല്ലാഹു പറയുന്നു: ''അവയുടെ (ബലിമൃഗങ്ങളുടെ) മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുകയില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ തഖ്‌വയാണ്'' (അല്‍ഹജ്ജ് 37).

         ബലിമൃഗങ്ങളെ ദൈവിക മന്ദിരത്തില്‍ കൊണ്ടുപോയി അറുക്കാന്‍ നേര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ ഏതെങ്കിലും വിധത്തില്‍ അവയെ പ്രയോജനപ്പെടുത്തല്‍ അവയോടുള്ള അനാദരവായിട്ടാണ് അറബികള്‍ മുമ്പ് കാലത്ത് കണക്കാക്കിയിരുന്നത്. അതിനാല്‍ യാത്രയില്‍ അവശ്യ സന്ദര്‍ഭത്തില്‍ പോലും അവയുടെ പുറത്ത് സവാരി ചെയ്യുകയോ ചരക്ക് കയറ്റുകയോ അവയുടെ പാല്‍ ഉപയോഗിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. അത് കേവലം തെറ്റിദ്ധാരണയാണെന്നും ബലി സ്ഥലത്തെത്തുന്നതുവരെ സാധാരണ ആവശ്യത്തിന് അവയെ ഉപയോഗിക്കാമെന്നും അല്ലാഹു വ്യക്തമാക്കുന്നു.

         ''ഒരു നിശ്ചിത അവധി വരെ അവയെ (ബലിമൃഗങ്ങളെ) പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. അനന്തരം അതിന്റെ (ബലി) സ്ഥലം ആ പുണ്യപുരാതന മന്ദിരത്തിങ്കലാണ്'' (അല്‍ഹജ്ജ് 33).

പാഥേയം കരുതല്‍

          ഹജ്ജ് യാത്രയില്‍ യാത്രക്കാവശ്യമായ വിഭവങ്ങള്‍ കരുതുന്നതും സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതും ഭൂഷണമല്ലെന്ന് ജാഹിലിയ്യാ കാലത്ത് ചിലര്‍ ധരിച്ചിരുന്നു. അതിനാല്‍ ക്ഷുത്തടക്കാന്‍ യാചന നടത്തിയും, വാഹനമുപയോഗിക്കാതെ കാല്‍നടയായി യാത്ര ചെയ്തുമാണ് അവര്‍ ഹജ്ജിനെത്തിയിരുന്നത്. ആ ധാരണ തിരുത്തി ആവശ്യമുള്ള പാഥേയം കൂടെ കരുതണമെന്ന് അല്ലാഹു കല്‍പിച്ചു. എന്നാല്‍, ഭൗതികമായ യാത്രാ വിഭവങ്ങള്‍ സജ്ജീകരിക്കുമ്പോള്‍ യഥാര്‍ഥ പാഥേയമാവേണ്ട തഖ്‌വ (ഭയഭക്തി) വിസ്മരിച്ചുപോവരുതെന്നുണര്‍ത്തുകയും ചെയ്തു:

         ''നിങ്ങള്‍ ഹജ്ജ് യാത്രയില്‍ പാഥേയങ്ങള്‍ വഹിച്ചുകൊള്ളുക. എന്നാല്‍, സര്‍വോല്‍കൃഷ്ടമായ പാഥേയം ദൈവഭക്തിയത്രെ. ബുദ്ധിയുള്ളവരേ, നിങ്ങള്‍ എന്നോട് ഭയഭക്തിയുള്ളവരായിരിക്കുക'' (അല്‍ബഖറ 197).

ഹജ്ജിന്റെ പ്രഥമ കേന്ദ്രമായ കഅ്ബ

         വിശുദ്ധ കഅ്ബയെ കേന്ദ്രമാക്കി ഹജ്ജ് നിര്‍ബന്ധമാക്കിയതെന്തുകൊണ്ടാണെന്നും അവിടെ എത്തിച്ചേരാന്‍ കഴിവുള്ളവരെല്ലാം ഹജ്ജ് കര്‍മം അനുഷ്ഠിക്കല്‍ നിര്‍ബന്ധ ബാധ്യതയാണെന്നും വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു:

         ''നിസ്സംശയം, മനുഷ്യരാശിക്കു വേണ്ടി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം, അനുഗൃഹീതവും ലോകര്‍ക്കാകമാനം സന്മാര്‍ഗദര്‍ശകവുമായി മക്കയില്‍ നിലകൊള്ളുന്നത് തന്നെയാകുന്നു. അതില്‍ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുണ്ട്. വിശിഷ്യ ഇബ്‌റാഹീം നിന്ന സ്ഥലം. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെ തീര്‍ഥാടനം ചെയ്യല്‍, മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു.  വല്ലവനും വിസമ്മതിച്ചുവെങ്കില്‍ അവന്‍ മനസ്സിലാക്കിക്കൊള്ളട്ടെ, അല്ലാഹു ലോകരിലാരുടെയും ആശ്രയം വേണ്ടാത്തവനാകുന്നു'' (ആലുഇംറാന്‍ 96,97).

         പരിശുദ്ധ കഅ്ബയുടെ മഹത്വം വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''പരിശുദ്ധ ഗേഹമായ കഅ്ബയെ അല്ലാഹു മനുഷ്യര്‍ക്ക് ഒരാശ്രയ സ്ഥാനമാക്കി വെച്ചിരിക്കുന്നു. പവിത്രമാസത്തെയും ബലി മൃഗങ്ങളെയും അവയുടെ അടയാളപ്പട്ടകളെയും അതിന്റെ അനുബന്ധങ്ങളായും നിശ്ചയിച്ചിരിക്കുന്നു. ആകാശഭൂമികളിലുളളതിനെക്കുറിച്ചെല്ലാം അല്ലാഹു അറിയുന്നുവെന്നും സകല സംഗതികളിലും അവന്റെ ജ്ഞാനം അഗാധമാണെന്നും നിങ്ങള്‍ മനസ്സിലാക്കാനത്രെ അത്'' (അല്‍മാഇദ 97).

         ''ആ ഭവനത്തെ(കഅ്ബയെ) മനുഷ്യര്‍ക്കുള്ള ഒരു കേന്ദ്രവും അഭയസ്ഥാനവുമാക്കി നാം നിശ്ചയിച്ചത് ഓര്‍ക്കുക. ഇബ്‌റാഹീം നിന്ന സ്ഥലത്തെ നിങ്ങളും പ്രാര്‍ഥനാ സ്ഥലമായി സ്വീകരിക്കുക. ത്വവാഫ് ചെയ്യുന്നവര്‍ക്കും ഇഅ്തികാഫ്(ഭജന) ഇരിക്കുന്നവര്‍ക്കും നമിക്കുകയും പ്രണമിക്കുകയും ചെയ്യുന്നവര്‍ക്കും വേണ്ടി എന്റെ ഈ ഭവനത്തെ പരിശുദ്ധമാക്കിവെക്കുക എന്ന് ഇബ്‌റാഹീമിനോടും ഇസ്മാഈലിനോടും നാം ബലമായി കല്‍പിച്ചിട്ടുണ്ടായിരുന്നു'' (അല്‍ബഖറ 125). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 128-130
എ.വൈ.ആര്‍