Prabodhanm Weekly

Pages

Search

2014 ആഗസ്റ്റ് 15

ഖുര്‍ആന്റെ മാര്‍ക്‌സിസ്റ്റ് വായനയെപ്പറ്റി തന്നെ

മുജീബ്‌

ഖുര്‍ആന്റെ മാര്‍ക്‌സിസ്റ്റ് 
വായനയെപ്പറ്റി തന്നെ

ഖുര്‍ആന്റെ മാര്‍ക്‌സിസ്റ്റ് വായനയോടുള്ള (ലക്കം 8) മുജീബിന്റെ പ്രതികരണം നിരാശാജനകമാണ്. ലെനിന്‍ മനുഷ്യരക്തം കുടിക്കുന്ന രക്ഷസാണ് എന്ന പഴയ മതപ്രസംഗകരില്‍നിന്ന് ഒട്ടും മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. വൈരുധ്യാധിഷ്ഠിതം മാത്രമല്ല ചരിത്രപരം കൂടിയാണ് മാര്‍ക്‌സിസമെന്ന ഭൗതികവാദം. കേവല ഭൗതികവാദികള്‍ അതിനെ തുടക്കം മുതലേ എതിര്‍ത്തിരുന്നു. അതിന്റെ ആശയാടിത്തറ എന്തുതന്നെയായാലും അതൊരു വിമോചന പ്രത്യയശാസ്ത്രമാണ്. വിമോചന പ്രത്യയശാസ്ത്രമെന്നതിനാല്‍ ഇസ്‌ലാമിന് അതിനോടാണടുപ്പം കൂടുതല്‍. നമ്മുടെ മതപ്രഭാഷകര്‍ പാടിപ്പാടി സ്ഥാപിച്ചതുപോലെ പ്രവാചകന്മാര്‍ പ്രാര്‍ഥന പഠിപ്പിക്കാന്‍ വന്നവരോ ഖബ്‌റിലെ ശിക്ഷ വിവരിക്കാന്‍ വന്നവരോ അല്ല. മറിച്ച് പ്രവാചകന്മാരാണ് യഥാര്‍ഥ വിമോചകന്മാര്‍. ഒറ്റക്കൊറ്റക്കുള്ള മോക്ഷം അവര്‍ പഠിപ്പിച്ചിട്ടില്ല. സമൂഹത്തിനാകെ മോക്ഷം കൈവരിക്കാനുള്ള വിദ്യയാണ് അവര്‍ അഭ്യസിപ്പിച്ചത്. വിവിധ മതങ്ങളുടെ അനുയായികള്‍ ആ വിമോചനധാര കൈവെടിയാതിരുന്നെങ്കില്‍ പുതിയ വിമോചന പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്യേണ്ടിവരില്ലായിരുന്നു. മതത്തിന്റെ വിമോചനധാര പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മാര്‍ക്‌സിസത്തോട് 'മുജീബ്' കൈക്കൊള്ളുന്ന സമീപനം സ്വീകാര്യമല്ല. പ്രയോഗത്തില്‍ വന്ന മാര്‍ക്‌സിസത്തിന്റെ കരാളതയോ, മുഖ്യധാര മാസികക്കാരുടെ അവസരവാദ രാഷ്ട്രീയമോ, നോമ്പെടുക്കരുതെന്ന് ആജ്ഞാപിച്ച ചൈനീസ് ഭരണാധികാരികളുടെ ഫാഷിസമോ മാര്‍ക്‌സിസത്തിന്റെ സമകാലിക പ്രസക്തി മൂടിവെക്കുന്നില്ല. കാരണം അതില്‍ നിന്ന് വ്യത്യസ്തമായ ഒരു മാര്‍ക്‌സിസം നിലനില്‍ക്കുന്നുണ്ട്. ജനകീയ സമരങ്ങളെ പിന്തുണക്കുന്ന ആക്ടിവിസ്റ്റുകളില്‍ അത്തരം മാര്‍ക്‌സിസ്റ്റുകാരുണ്ട്.

'ഇന്നത്തെ സമ്പന്നന്‍ നാളത്തെ ദരിദ്രനും ദരിദ്രന്‍ സമ്പന്നനുമാവുന്നത് ദൈവനിശ്ചയമാണ്. മാറ്റത്തിന് നിരന്തരമായി വിധേയമാവുന്ന ഒരവസ്ഥ മാത്രമാണ് ഉള്ളവനും ഇല്ലാത്തവനും. തദടിസ്ഥാനത്തില്‍ മാനവ സമൂഹത്തെ രണ്ടായി വര്‍ഗീകരിച്ച് പരസ്പരം ശത്രുക്കളാക്കി മാറ്റുന്നത് പ്രകൃതിവിരുദ്ധവും വിനാശം ക്ഷണിച്ചുവരുത്തുന്നതുമാണ്. പകരം ഉള്ളവനും ഇല്ലാത്തവനും തമ്മിലെ സഹകരണമാണ് ഇസ്‌ലാമിന്റെ വഴി' എന്നെഴുതുന്ന 'മുജീബ്' യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെ തെറ്റായി ചിത്രീകരിക്കുകയാണ്. ദൈവമോ തിരുനബി(സ)യോ സമൂഹത്തില്‍ നടമാടുന്ന ഉച്ചനീചത്വങ്ങളെ ദൈവവിധിയെന്നു ന്യായീകരിച്ചിട്ടില്ല. ചൂഷണം അവസാനിപ്പിക്കാന്‍ വേണ്ടി പലിശ നിരോധിക്കുകയും വിഭവങ്ങളുടെ അധീശത്വം ദൈവത്തിനായതിനാല്‍ സകാത്ത് ഏര്‍പ്പെടുത്തുകയുമാണ് ചെയ്തത്. കമ്യൂണിസത്തിന്റെ കാഴ്ചപ്പാട് സമ്പത്ത് പൊതുവാണെന്നാണ്. ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ദൈവത്തിന്റേതാണെന്നാണ്. ഇത് തമ്മിലല്ലേ ഏറെ സാദൃശ്യമുള്ളത്?

കൈസറിന്റെയും കിസ്‌റയുടെയും രാജാധിപത്യം തകര്‍ത്ത തിരുനബി(സ)യും സച്ചരിതരായ ഖലീഫമാരും സമ്പത്ത് വാരിക്കൂട്ടിയില്ലായെന്നത് ശ്രദ്ധേയമാണ്.സമ്പന്നനാകുന്നത് ദൈവവിധിയായിരുന്നെങ്കില്‍ ആദ്യം സമ്പന്നരാകേണ്ടത് അവരല്ലേ? ആ ഖലീഫമാര്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ പോലും സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഖലീഫ അലി(റ) മുഖപരിചയമുള്ളവരുടെ കടയില്‍ നിന്ന് സാധനം വാങ്ങിയിരുന്നില്ല; തനിക്കവര്‍ വിലക്കുറവ് അനുവദിച്ചാലോ എന്ന് പേടിച്ചിട്ട്. എന്നാല്‍ ആ ഖിലാഫത്ത് രാജവാഴ്ചയിലേക്ക് നിപതിച്ചപ്പോള്‍ സുല്‍ത്താന്മാര്‍ അരമനയും അന്തഃപുരവും കൊണ്ടുവരികയും കുമിഞ്ഞുകൂടിയ സ്വത്തിന്റെ ഉടമകളാവുകയും ചെയ്തു. അത് ദൈവവിധിയെന്ന് കരുതി അടങ്ങിയിരിക്കുകയല്ല സുല്‍ത്താന്‍ യസീദിന്റെ കാലത്ത് പ്രവാചകന്റെ(സ) പൗത്രന്മാര്‍ ചെയ്തത്. കാരണം ദൈവം ചോദിച്ചത് 'നാട്ടില്‍ പരിലസിക്കുന്ന അക്രമികള്‍ക്കെതിരെ മര്‍ദിച്ചൊതുക്കപ്പെട്ട സ്ത്രീ പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല' (4:75) എന്നാണ്. മര്‍ദിതതരും മര്‍ദകരും സഹകരിച്ചു ജീവിക്കണമെന്നല്ല.

ദൈവത്തിന്റെ അധീശത്വം അംഗീകരിക്കലാണ് ഇസ്‌ലാം. വിഭവങ്ങളിലും ദൈവത്തിന് തന്നെയാണ് അധീശത്വം. അവയെല്ലാം ഏതാനും പേര്‍ കൈയടക്കി വെക്കുകയും ബഹുഭൂരിപക്ഷവും പാപ്പരീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നത് ധര്‍മമല്ല. മതം രാജാക്കന്മാരുടെ മതമാകുകയും അതിന്റെ നടത്തിപ്പുകാരായി പുരോഹിതന്മാര്‍ രംഗത്തുവരികയും എല്ലാ ചൂഷണങ്ങളെയും ദൈവവിധിയെന്ന് വിധിക്കുകയും ചെയ്ത ഒരു സന്ദര്‍ഭത്തിലാണ് മാര്‍ക്‌സിസം പോലുള്ള സാമൂഹിക ദര്‍ശനങ്ങള്‍ ഉദയം ചെയ്തത്. അത് മതത്തിന് എതിരല്ല; മതത്തിന്റെ ദുരുപയോഗത്തിനെതിരെ അതിന്റെ വിമോചനദൗത്യം ഓര്‍മിപ്പിച്ചുകൊണ്ടുള്ളതാണ്. ആയതിനാല്‍ മതത്തിന്റെ മാര്‍ക്‌സിസ്റ്റ് വായനയും മാര്‍ക്‌സിസത്തിന്റെ മതവായനയും ഇന്ന് ഒഴിച്ചുകൂടാനാവാത്തതാണ്.

ശംസുദ്ദീന്‍ മണ്ണാന്തറ, 
പല്ലാരിമംഗലം, എറണാകുളം

         താത്ത്വികമായും ദാര്‍ശനികമായും രണ്ട് ഭിന്ന വിരുദ്ധ പ്രത്യയശാസ്ത്രങ്ങളാണ് ഇസ്‌ലാമും മാര്‍ക്‌സിസവും എന്നിരിക്കെ ഒരാള്‍ക്ക് ഒരേസമയം കമ്യൂണിസ്റ്റും യഥാര്‍ഥ മുസ്‌ലിമും ആയിരിക്കാന്‍ സാധ്യമല്ലെന്നും എന്നാല്‍ പ്രായോഗിക രംഗത്ത് മാര്‍ക്‌സിസ്റ്റ്-ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തമ്മില്‍ സഹകരണം സാധ്യമാണെന്നുമായിരുന്നു കഴിഞ്ഞ മറുപടിയില്‍ വ്യക്തമാക്കിയത്. മാന്യ വായനക്കാരന്റെ വിമര്‍ശം ശ്രദ്ധിച്ചപ്പോഴും ഈ നിലപാടില്‍ മാറ്റം വേണമെന്ന് തോന്നിയില്ല. കാരണം നിലവിലെ ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയോ കമ്യൂണിസ്റ്റ് രാജ്യമോ വെച്ചുപുലര്‍ത്തുന്ന ആദര്‍ശ, പ്രത്യയശാസ്ത്ര നിലപാടുകളല്ല അദ്ദേഹത്തിന്റേത്. ദൈവത്തെയും മതത്തെയും അംഗീകരിക്കുന്ന, മതത്തെ അതിന്റെ വിമോചന ദൗത്യം ഓര്‍മിപ്പിക്കുന്ന ഒരു പുതിയ മാര്‍ക്‌സിസമാണ് അദ്ദേഹത്തിന്റെ ഭാവനയിലുള്ളത്. അങ്ങനെയൊന്ന് നിലവില്‍ വരുമ്പോള്‍ അതേപ്പറ്റി അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ. ഇന്ന് പ്രാബല്യത്തിലുള്ള മാര്‍ക്‌സിസം ദൈവം, പ്രവാചകന്‍, മരണാനന്തര ജീവിതം എന്നീ മൗലിക മതവിശ്വാസങ്ങളെ തീര്‍ത്തും നിരാകരിക്കുന്ന, ഭൗതിക ജീവിതത്തിനപ്പുറം മറ്റൊന്നിനെയും അംഗീകരിക്കാത്ത, സദാചാരത്തിന് സുസ്ഥിര മാനദണ്ഡങ്ങളുണ്ടെന്ന് സമ്മതിക്കാത്ത കേവല ഭൗതിക ദര്‍ശനമാണ്. ആത്മീയതയും ആധ്യാത്മികതയും ഭക്തിയുമൊന്നും മാര്‍ക്‌സിസത്തിന്റെ നിഘണ്ടുവിലേ ഇല്ല. കേവലം വിശ്വാസതലത്തില്‍ മാത്രമല്ല, പ്രായോഗിക തലത്തിലും ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അംഗീകരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാധിക്കാതെ പോവുന്നത് അതുകൊണ്ടാണ്. അറബ് വസന്തത്തെ തുടര്‍ന്ന് സംഭവിച്ച ജനാധിപത്യ സംസ്ഥാപന പ്രക്രിയയില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വഹിച്ച നിര്‍ണായക പങ്കുപോലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് തള്ളിപ്പറയേണ്ടിവന്നത് ഈ മൗലിക ദൗര്‍ബല്യം നിമിത്തമാണ്. ഈജിപ്തിലെയും തുനീഷ്യയിലെയും സിറിയയിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സാമ്രാജ്യത്വ, സയണിസ്റ്റ് സ്‌പോണ്‍സേര്‍ഡ് ഭരണകൂടങ്ങളെ പോലും തമ്മില്‍ ഭേദമായി കാണാന്‍ അവര്‍ ഉദ്യുക്തരായതിന്റെ പിന്നില്‍ ഇസ്‌ലാമിനെക്കുറിച്ച ഭീതി തന്നെയാണ്. ഇലക്ഷനു മുമ്പ് പാലക്കാട് ചേര്‍ന്ന സി.പി.എം പ്ലീനം പാസാക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നിലും ഈ മനോഭാവം പ്രവര്‍ത്തിച്ചതായി കാണാം. ഇസ്‌ലാമിന്റെ സാമൂഹിക, രാഷ്ട്രീയ ഉള്ളടക്കത്തെ ഏറ്റവും ശക്തമായി അവതരിപ്പിക്കുകയും എല്ലാ വിധ ചൂഷണങ്ങളില്‍ നിന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക് മോചനം നല്‍കുന്ന വിമോചന പ്രത്യയശാസ്ത്രമാണെന്ന സത്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയോട് സി.പി.എമ്മിനുള്ള വിരോധം, അറുപിന്തിരിപ്പന്‍ യാഥാസ്ഥിതിക മതവിഭാഗങ്ങളോടില്ല എന്നതും കാണാതെ പോവരുത്. ഏറ്റവുമൊടുവില്‍ ഗസ്സയില്‍ ഇസ്രയേല്‍ അഴിച്ചുവിട്ടിരിക്കുന്ന അതിക്രൂര വംശഹത്യയെ തുറന്നെതിര്‍ക്കുമ്പോഴും സി.പി.എമ്മിന് പക്ഷേ, ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിനെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നത് യാദൃഛികമല്ല.

         മഹാനായ പ്രവാചകന്‍ കേവലം ആത്മീയ പുരുഷനോ ആധ്യാത്മികാചാര്യനോ ആയിരുന്നില്ലെന്നത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ശക്തിയുക്തം സമര്‍ഥിക്കുന്ന യാഥാര്‍ഥ്യമാണ്. അദ്ദേഹം മനുഷ്യരാശിയുടെ വിമോചകനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മുതലാളിത്തത്തിന്റെ സര്‍വവിധ ചൂഷണങ്ങള്‍ക്കുമെതിരെ പൊരുതിയ പടയാളിയുമായിരുന്നു. പക്ഷേ, ഭദ്രവും സുസ്ഥിരവും അനിഷേധ്യവുമായ അടിത്തറകളില്‍ നിലയുറപ്പിച്ചായിരുന്നു പ്രവാചകന്മാരുടെ പോരാട്ടം. അത് വിശ്വമാനവികതയും നീതിയും കണിശമായ സദാചാരവും ധാര്‍മികതയും തന്നെയായിരുന്നു താനും. ഉദാത്തമായ ഈ മൂല്യങ്ങള്‍ അചഞ്ചലമായ ഈശ്വര ഭക്തിയിലൂടെയും പരലോക വിശ്വാസത്തിലൂടെയുമല്ലാതെ കേവലം സായുധ വിപ്ലവത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ നേടിയെടുക്കാന്‍ സാധ്യമല്ലെന്നും പ്രവാചകന്മാര്‍ പഠിപ്പിച്ചു. ഇക്കാര്യത്തിലാണ് ഇസ്‌ലാമും മാര്‍ക്‌സിസവും വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്നത്. രണ്ടും ഒന്നിക്കാന്‍ അതിനാല്‍ തന്നെ സാധ്യമല്ല. എന്നാല്‍, മുമ്പ് ചൂണ്ടിക്കാട്ടിയ പോലെ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരായ സമരരംഗങ്ങളില്‍ സഹകരണത്തിന് തീര്‍ച്ചയായും സാധ്യതയുണ്ട്.

         വര്‍ണം, വംശം, ലിംഗം മുതലായവയെ അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗീകരണത്തെ പോലെയല്ല സമ്പത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗീകരണമെന്നാണ് നേരത്തേ വ്യക്തമാക്കിയത്. ഒരാളുടെ സാമ്പത്തിക സുസ്ഥിതി അസ്ഥിരവും ചഞ്ചലവും മാറ്റത്തിന് വിധേയവുമാണ്. അതാര്‍ക്ക് എപ്പോള്‍ എത്ര നല്‍കണമെന്നത് ദൈവത്തിന്റെ മാത്രം നിശ്ചയമാണ്. സമ്പത്ത് നേടിയെടുക്കാന്‍ മനുഷ്യന് പ്രയത്‌നിക്കാമെന്ന് മാത്രം. പ്രയത്‌നം സഫലമാവാം, നിഷ്ഫലമാവാം. ഒരിക്കല്‍ നേടിയത് പിന്നീട് നഷ്ടപ്പെടാം, നേടാന്‍ കഴിയാത്തത് പിന്നീട് നേടിയെന്നും വരാം. ഉള്ളവനെയും ഇല്ലാത്തവനെയും രണ്ട് വര്‍ഗങ്ങളാക്കി തദടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന പ്രത്യയശാസ്ത്രം പ്രായോഗികമായി പരാജയപ്പെടും, പരാജയപ്പെട്ട അനുഭവങ്ങളാണ് നമ്മുടെ മുമ്പാകെയുള്ളത്. അതേയവസരത്തില്‍ 'സമ്പത്ത് സമ്പന്നരില്‍ മാത്രം കറങ്ങരുത്' എന്നത് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനമാണ്. നിലനില്‍പിന്റെ നിദാനമായ സമ്പത്ത് എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ക്കുതകുന്ന വിധം സമ്പാദനവും സംഭരണവും വിതരണവും വികേന്ദ്രീകരണവും നടക്കണമെന്ന തത്ത്വത്തിലൂന്നിയുള്ള സാമ്പത്തിക ക്രമമാണ് ഇസ്‌ലാം അവതരിപ്പിച്ചത്.

സകാത്തിന്റെ സാമൂഹികത 
നിഷേധിക്കുന്നവരുടെ 
വിതണ്ഡവാദങ്ങള്‍

''ജമാഅത്തെ ഇസ്‌ലാമി ഇതിലും വഷളായ രീതിയിലാണ് സകാത്ത് കൈകാര്യം ചെയ്യുന്നത്. മുസ്‌ലിംകളില്‍ നിന്ന് മാത്രമാണ് ഇസ്‌ലാം സകാത്ത് ആവശ്യപ്പെടുന്നത് എന്നതുകൊണ്ട് അത് വിതരണം ചെയ്യേണ്ടതും മുസ്‌ലിംകള്‍ക്ക് മാത്രമാണ് എന്നാണ് പ്രമാണങ്ങളിലുള്ളത്. മൗലാനാ മൗദൂദി 'ഖുത്ബാത്തി'ല്‍ ഇത് രേഖപ്പെടുത്തിയതുമാണ്. എന്നാല്‍, ആധുനിക ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പത്രമിറക്കാനും ചാനല്‍ സംവിധാനിക്കാനുമൊക്കെ സകാത്ത് വിനിയോഗിക്കുന്നു. സകാത്തല്ലാത്ത ദാനധര്‍മങ്ങള്‍ അമുസ്‌ലിംകള്‍ക്കും കൊടുക്കണമെന്നാണ് മതനിയമം. അമുസ്‌ലിംകള്‍ക്ക് സകാത്തില്‍ അവകാശമുണ്ടെന്നാണ് മുന്‍ അമീര്‍ സിദ്ദീഖ് ഹസന്‍ പറയുന്നത് (മാധ്യമം 2004 ഒക്‌ടോബര്‍ 4, പേജ് 9).

മൂന്ന് കാരണങ്ങളാല്‍ പരിഷ്‌കരണവാദികളുടെ സകാത്ത്‌സെല്ലില്‍ ഏല്‍പിച്ചാല്‍ അത് സാധുവാകുകയില്ല.

1. ഇങ്ങനെ ഒരു സംവിധാനം ഇസ്‌ലാമിലില്ല. 2. ഇസ്‌ലാമിക ഭരണാധികാരിക്ക് പോലും ചോദിച്ചുവാങ്ങാന്‍ അവകാശമില്ലാത്ത പരോക്ഷ സാധനങ്ങളുടെ സകാത്താണ് ഇവര്‍ പിരിച്ചെടുക്കുന്നത്. ഇത് തീര്‍ത്തും മതവിരുദ്ധമാണ്.

3. ഖുര്‍ആന്‍ നിര്‍ദേശിച്ച എട്ട് വിഭാഗങ്ങളില്‍ പെടാത്ത പത്രം, സംഘടന, പള്ളി, മദ്‌റസ, ചാനല്‍, അമുസ്‌ലിംകള്‍ ഇവര്‍ക്കെല്ലാം പാര്‍ട്ടി ഫണ്ട് പോലെയാണ് ഇവര്‍ സകാത്ത് വിതരണം ചെയ്യുന്നത്'' (സമുദായം അവഗണിച്ചപ്പോള്‍ ഇവര്‍ ചെയ്തത്- സമ്പത്തും സകാത്തും എന്ന പേരില്‍ 'സിറാജ്' പത്രത്തില്‍ വന്ന പരമ്പരയില്‍ നിന്ന് (15-7-2014, 16-7-2014). പ്രതികരണം?

ഉമര്‍ എ വെങ്ങന്നൂര്‍, പാലക്കാട്

         കാത്തിന്റെ വ്യക്തിഗത 'ചക്കാത്ത് വത്കരണ'ത്തെ ന്യായീകരിക്കാന്‍ പിന്നെയും വിതണ്ഡവാദങ്ങള്‍!. സകാത്തിന്റെ അവകാശികള്‍ എട്ട് ഇനങ്ങളില്‍ പെട്ടവരാണെന്നത് ഖുര്‍ആന്റെ അധ്യാപനമാണ്. അതില്‍ അടിമമോചനത്തിന് ഇക്കാലത്ത് പ്രസക്തിയില്ലെന്ന് വേണമെങ്കില്‍ പറയാം. ഇസ്‌ലാമിക സര്‍ക്കാര്‍ നിലവിലില്ലാത്തേടത്ത് സകാത്ത് സംഭരണ-വിതരണ ജീവനക്കാര്‍ക്കും പ്രസക്തി കുറവാണ്. ബാക്കി ആറ് ഇനങ്ങളും ഇപ്പോഴും പ്രസക്തമാണ്. അതില്‍ രണ്ടെണ്ണമാണ് മനസ്സുകള്‍ ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെടുകയോ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അനുഭാവം പുലര്‍ത്തുകയോ, ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെ ഇസ്‌ലാമിന്റെ പക്ഷത്ത് നില്‍ക്കുകയോ ചെയ്യുന്ന അമുസ്‌ലിംകളായ 'മുഅല്ലഫത്തുല്‍ ഖുലൂബ്'. അക്കൂട്ടര്‍ ഇന്നില്ലെന്ന് ആര്‍ക്കും വിധികല്‍പിക്കാനാവില്ല; ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വിശേഷിച്ചും. സയ്യിദ് മൗദൂദി ഖുത്ബാത്തില്‍ പ്രകടിപ്പിച്ച അഭിപ്രായം ജമാഅത്തെ ഇസ്‌ലാമിയുടെ കൂടി അഭിപ്രായമാവുന്നില്ല. കര്‍മശാസ്ത്രത്തില്‍ തന്റെ വീക്ഷണങ്ങള്‍ വ്യക്തിപരമാണ് എന്ന് മൗദൂദി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവ്വിഷയകമായി പ്രസിദ്ധ കര്‍മശാസ്ത്ര വിദഗ്ധനായ സയ്യിദ് സാബിഖ് തന്റെ വിഖ്യാതമായ ഫിഖ്ഹുസ്സുന്നയില്‍ രേഖപ്പെടുത്തിയത് ശ്രദ്ധേയമത്രെ. ''ഇസ്‌ലാമിലുള്ള വിശ്വാസം ദുര്‍ബലമായതിനാല്‍ ഇസ്‌ലാമുമായി ഹൃദയം ഇണക്കപ്പെടാനും, ഇസ്‌ലാമില്‍ ഉറപ്പിച്ചുനിര്‍ത്താനോ അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്കെതിരിലുള്ള അവരുടെ ദ്രോഹം തടുക്കാനോ അല്ലെങ്കില്‍ മുസ്‌ലിംകളുടെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ അവരെക്കൊണ്ട് പ്രയോജനം ലഭിക്കാനോ വേണ്ടിയും സകാത്ത് ഫണ്ടില്‍ നിന്ന് ധനം നല്‍കപ്പെടുന്ന ഒരു വിഭാഗമാണിത് (മുഅല്ലഫത്തുല്‍ ഖുലൂബ്). ഇത്തരക്കാരെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ മുസ്‌ലിംകളെന്നും അമുസ്‌ലിംകളെന്നും രണ്ട്തരമായി തിരിച്ചിരിക്കുന്നു. '' തുടര്‍ന്ന് സയ്യിദ് സാബിഖ് സകാത്തിനര്‍ഹരായ രണ്ട് വിഭാഗം അമുസ്‌ലിംകളാരെന്ന് തെളിവ് സഹിതം വിവരിച്ചിട്ടുണ്ട് (സകാത്തിനെക്കുറിച്ച അധ്യായം നോക്കുക). ഇസ്‌ലാമിക സ്റ്റേറ്റ് വികസിക്കുകയും ഖിലാഫത്ത് നിലനില്‍ക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മദ്ഹബിന്റെ ഇമാമുകള്‍ അന്നത്തെ സാഹചര്യത്തില്‍ സ്വന്തം ഇജ്തിഹാദിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ എക്കാലത്തും അപ്പടി പിന്‍പറ്റണമെന്ന ശാഠ്യമാണ് ഇത്തരം വിഷയങ്ങളിലെ ഭിന്നതകള്‍ക്കടിസ്ഥാനം. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോ പണ്ഡിതന്മാരോ ആ ശാഠ്യം പങ്കുവെക്കുന്നില്ല.

         ഫീ സബീലില്ലാഹ് (ദൈവമാര്‍ഗം) എന്ന ഇനത്തിലാണ് മറ്റൊരു ഭിന്നാഭിപ്രായം. അത് കേവലം രാജ്യരക്ഷയിലോ യുദ്ധാവശ്യങ്ങളിലോ പരിമിതമാണെന്ന അഭിപ്രായം തീരെ സങ്കുചിതവും യാഥാസ്ഥിതികവും ഇസ്‌ലാമിന്റെ ചൈതന്യത്തിന് നിരക്കാത്തതുമാണ്. ഇസ്‌ലാമിന്റെ സംസ്ഥാപനത്തിനും പ്രബോധനത്തിനും പ്രതിരോധത്തിനും വേണ്ടി ചെയ്യുന്ന എല്ലാതരം ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്കും 'ഫീ സബീലില്ലാഹി' ബാധകമാണെന്നും അത്തരം കാര്യങ്ങളൊക്കെ സകാത്തിനര്‍ഹമാണെന്നും കുവൈത്ത് സകാത്ത് ഹൗസിന്റെ ഉപദേശക പണ്ഡിത സമിതി ഉള്‍പ്പെടെ ആധുനിക പണ്ഡിതന്മാരെല്ലാം മതവിധി നല്‍കിയിട്ടുണ്ട്. സയ്യിദ് സാബിഖ് ഫിഖ്ഹുസ്സുന്നയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇഖാമത്തുദ്ദീന്‍ ലക്ഷ്യമാക്കിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍, പത്രം, ചാനല്‍, പള്ളി, മദ്‌റസ എന്നിവയൊന്നും ജിഹാദും ദഅ്‌വത്തും സകാത്തിനര്‍ഹവും അല്ലെങ്കില്‍ പിന്നെ മാല, മൗലിദ്, റാത്തിബുകളാണോ സകാത്തിനര്‍ഹമായ കാര്യങ്ങള്‍? 'ഇസ്‌ലാമിക ഭരണാധികാരികള്‍ക്ക് പോലും ചോദിച്ചുവാങ്ങാന്‍ അവകാശമില്ലാത്ത പരോക്ഷ സാധനങ്ങളുടെ സകാത്ത്' എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത് എന്ന് വ്യക്തമല്ല. പ്രവാചകന്റെ കാലത്ത് അറേബ്യയില്‍ ഇല്ലാതിരുന്ന ഏലം, റബര്‍, നാളികേരം, അടക്ക, കുരുമുളക് തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങളാണ് അതുകൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ പിന്നെ 'സമ്പന്നരില്‍ നിന്ന് സ്വീകരിച്ച് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക' എന്ന് പ്രവാചകന്‍ സകാത്തിന് നല്‍കിയ നിര്‍വചനം തന്നെ റദ്ദാക്കേണ്ടിവരും. ഇക്കാലത്ത് റബറും ഏലവും കുരുമുളകുമെല്ലാമുള്ളവരല്ലെങ്കില്‍ പിന്നെ ആരാണ് സമ്പന്നര്‍?

         ഇങ്ങനെയൊക്കെയാണെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ 'ബൈത്തുസ്സകാത്ത്' സകാത്ത് ഫണ്ട് ഏതെല്ലാം ഇനങ്ങളിലാണ് വിനിയോഗിക്കുന്നതെന്ന് പരസ്യമായി പ്രസിദ്ധീകരിക്കുകയും ദാതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതില്‍ പത്രവും ചാനലും സംഘടനാ പ്രവര്‍ത്തനങ്ങളുമൊന്നും ഉള്‍പ്പെടുന്നില്ല. പുരോഹിതന്മാര്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ജനങ്ങളെ വഴിതെറ്റിക്കാതിരിക്കാനുള്ള സൂക്ഷ്മതയാണതിന് കാരണം.

         സര്‍വോപരി ഒരു ചോദ്യം: സകാത്ത് സാമൂഹികമായി സംഭരിച്ച് അവകാശികള്‍ക്ക് വിതരണം ചെയ്യണമെന്ന് പറയുമ്പോള്‍ അത് ജമാഅത്തെ ഇസ്‌ലാമിയുടെയോ മറ്റേതെങ്കിലും സംഘടനയുടെയോ ഫണ്ടിലേക്കാവണം എന്നാരാണ് നിര്‍ബന്ധിക്കുന്നത്? സമസ്തയുടെ ഇരു വിഭാഗങ്ങള്‍ക്കും അവരുടെ തത്ത്വപ്രകാരം പ്രത്യേക സകാത്ത് സംഭരണ, വിതരണ രീതികള്‍ അവലംബിക്കരുതോ? തങ്ങള്‍ ചുമത്തുന്ന സകാത്ത് തങ്ങള്‍ തന്നെ ശേഖരിച്ച് തങ്ങളംഗീകരിക്കുന്ന അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനമെങ്കിലും ഇവര്‍ക്കെന്ത് കൊണ്ട് ഏര്‍പ്പെടുത്തിക്കൂടാ? നബി(സ) പരമാവധി നിരുത്സാഹപ്പെടുത്തിയ യാചന പ്രോത്സാഹിപ്പക്കണമെന്ന നിര്‍ബന്ധബുദ്ധി വേണോ? 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 128-130
എ.വൈ.ആര്‍