അഛാ ദിന്‍ ആഗയാ.... ഖുശ് രഹോ യാ ചുപ് രഹോ!!
രാജ്യത്ത് നല്ല ദിവസങ്ങള്‍ വരുമെന്ന പ്രതീക്ഷ നല്‍കിയാണല്ലോ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത്. മോദി പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങനെ നല്ല ദിവസം വന്നിട്ടുണ്ടെന്ന് കരുതുകയേ ഇനി നിവൃത്തിയുള്ളൂ. ഡീസലിനും ഗ്യാസിനും വിലകൂട്ടിയാല്‍ എവിടുന്നാണ് നന്മയുണ്ടാവുക എന്ന് തോന്നുന്നത് വിദ്യാഭ്യാസവും രാജ്യസ്‌നേഹവും ഇല്ലാത്തതിന്റെ കുഴപ്പമാവണം. ഇപ്പോഴുള്ള യാത്രക്കൂലി പോലും നല്‍കാനില്ലാതെ കള്ളവണ്ടി കയറാന്‍ വിധിക്കപ്പെട്ടവര്‍ക്ക് നല്ല ദിവസവും ചീത്ത ദിവസവും തമ്മില്‍ എന്ത് വ്യത്യാസം? അദാനി പാകിസ്താനിലേക്ക് കറന്റ് വിറ്റാലും സംരക്ഷിത വനമേഖലകളില്‍ നിന്ന് കോര്‍പറേറ്റുകള്‍ ആര്‍ത്തി ശമിക്കുവോളം കല്‍ക്കരി തുരന്നെടുത്താലും സുരക്ഷാ മേഖല ഇസ്രയേലിനും അമേരിക്കക്കും തുറന്നു കൊടുത്താലും ഇറാഖിലെ ഗ്രാമീണരുടെ തലയില്‍ ഇന്ത്യ ബോംബിടേണ്ടി വന്നാലും പാവപ്പെട്ട കോരന്മാര്‍ക്ക് നല്ല ദിവസങ്ങളല്ലേ? ടി.വിയില്‍ എന്തെല്ലാം കണ്ടിരിക്കാം! നല്ല ദിവസം എന്നല്ലാതെ ആരുടെ നല്ല ദിവസം എന്ന് മോദി സാഹിബ് പറഞ്ഞിട്ടില്ലല്ലോ. രാജ്യത്തെ കണ്ടങ്കോരന്മാരുടെ പ്രതിമാസ വരുമാനം ആയിരമോ പതിനായിരമോ രൂപ കണ്ട് കുറഞ്ഞാലും മുതലാളിമാരുടെ വരുമാനം ആയിരവും പതിനായിരവും കോടികളായി കൂടുന്നത് അവരുടെ കുടുംബത്തിലും പ്രതിശീര്‍ഷ വരുമാനത്തിന്റെ കണക്കെടുത്ത് അച്ചടിക്കുന്നവരുടെ ആപ്പീസിലും നല്ല ദിവസം തന്നെയല്ലേ?
നല്ല ദിവസങ്ങളിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്ന പുതിയ നിയമനിര്‍മാണങ്ങളുടെ ബഹളത്തിലാണ് ബി.ജെ.പി ഗവണ്‍മെന്റുകള്‍. സംസ്ഥാന സര്‍ക്കാറുകള്‍ എന്ന കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് മാന്തിച്ച് ഓരോ ജനവിരുദ്ധ നീക്കത്തോടുമുള്ള പ്രതികരണം വിലയിരുത്തുക മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ആദ്യഘട്ടം. വസുന്ധര രാജ് സിന്ധ്യാ ഗവണ്‍മെന്റ് രാജസ്ഥാനിലെ തൊഴില്‍ നിയമങ്ങളില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഉദാഹരണം. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും അവരുടെ സേവന, വേതന, നഷ്ടപരിഹാര വ്യവസ്ഥകളില്‍ മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് തത്ത്വത്തില്‍ രാജസ്ഥാന്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നത്. ഇത്തരം ഭേദഗതികള്‍ നടപ്പാക്കുമെങ്കില്‍ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നാണ് കുത്തകകളുടെ വാഗ്ദാനം. കോണ്‍ട്രാക്ട് ലേബര്‍ ആക്ടിലും ലേബര്‍ ആന്റ് ഫാക്ടറി നിയമത്തിലും രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പാസാക്കിയ ഈ ഭേദഗതികള്‍ തൊഴിലവസരങ്ങളാണോ ചൂഷണ അവസരങ്ങളാണോ സൃഷ്ടിക്കുക എന്ന് ബി.എം.എസിനു പോലും ചോദിക്കേണ്ടി വന്നു. ഈ നിയമങ്ങള്‍ രാജസ്ഥാനില്‍ ആദ്യം പരീക്ഷിക്കാനും പ്രതികരണം നോക്കി രാജ്യത്തുടനീളം നടപ്പാക്കാനുമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. 100-ല്‍ കൂടുതല്‍ പേരുടെ കാര്യത്തില്‍ പിരിച്ചുവിടലിന് നേരത്തെ സര്‍ക്കാറിന്റെ അനുവാദം വാങ്ങേണ്ടിയിരുന്നുവെങ്കില്‍ പുതിയ നിയമപ്രകാരം 300 തൊഴിലാളികളെ വരെ ആരുടെയും സമ്മതം ചോദിക്കാതെ മുതലാളിക്ക് പറഞ്ഞുവിടാനാകും. തൊഴിലാളി സംഘടനകള്‍ രൂപീകരിക്കണമെങ്കില്‍ നിലവിലുള്ള നിയമപ്രകാരം 15 ശതമാനം അംഗങ്ങളുടെ പ്രാതിനിധ്യം മതിയായിരുന്നു. എന്നാല്‍ വസുന്ധര രാജ് കൊണ്ടുവന്ന പുതിയ നിയമപ്രകാരം 30 ശതമാനം അംഗങ്ങളുള്ള തൊഴിലാളി സംഘടനക്കു മാത്രമേ അംഗീകാരം ലഭിക്കൂ. ഓരോ തൊഴില്‍ സ്ഥാപനത്തിലും രണ്ടോ മൂന്നോ സംഘടനകള്‍ മതിയെന്ന കോര്‍പറേറ്റുകളുടെ ആഗ്രഹത്തിനാണ് ഇതോടെ വഴിയൊരുങ്ങുന്നത്. അവരുടെ ഇഷ്ടാനുസരണം ആരെയും പിരിച്ചുവിടാനും അത് ചോദ്യം ചെയ്യാനുള്ള അവകാശം ഒന്നോ രണ്ടോ കൂലി സംഘടനകളില്‍ ഒതുക്കാനുമാണ് ഈ പരിഷ്‌കാരങ്ങളിലൂടെ വഴിയൊരുങ്ങുന്നത്.
മിനിമം വേതനം എന്നത് നക്കാപ്പിച്ചയാക്കി മാറ്റുകയും അത് നല്‍കുന്ന കാര്യത്തില്‍ പോലും തന്നിഷ്ടം നടപ്പാക്കുകയും അത് ചോദ്യം ചെയ്യാനുള്ള ജനാധിപത്യപരമായ അവകാശം എടുത്തുകളയുകയും ഏറ്റവുമൊടുവില്‍ ആത്മാവ് റിലയന്‍സിന്റെ അമ്പത് വെള്ളിക്കാശിനു വിറ്റ മാധ്യമങ്ങളെ രംഗത്തിറക്കി പ്രതിശീര്‍ഷ വരുമാനക്കണക്ക് പറഞ്ഞ് അടുത്ത തെരഞ്ഞെടുപ്പില്‍ പൊതുജനത്തെ വിഡ്ഢികളാക്കുകയും ചെയ്യാനാണ് മോദി സര്‍ക്കാര്‍ തയാറെടുക്കുന്നത്. സന്നദ്ധ സംഘടനകളെ കുറിച്ച് ധൃതിയില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് ജനപക്ഷ സംഘടനകളെ നിരോധിക്കാനുള്ള നീക്കങ്ങളുടെ പ്രാരംഭഘട്ടമാണ്. മോദി പറയുന്ന നല്ല ദിവസത്തെ തലകുലുക്കി സമ്മതിച്ചു കൊടുക്കുക എന്നല്ലാതെ ഒരുത്തനും ഇതിനെയൊന്നും ചോദ്യം ചെയ്യാന്‍ മെനക്കെടരുത്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ബാക്കിവെച്ച നയങ്ങളായിരുന്നു ഇവയെല്ലാം തന്നെ. കുത്തകകള്‍ക്ക് പൊതുമുതല്‍ കൊള്ളയടിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നതിന് അരുണ്‍ ശൂരിയെ വെച്ച് വിറ്റുതുലക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ച എന്‍.ഡി.എ കാലത്ത് 999 തൊഴിലാളികളെ വരെ ഒറ്റയടിക്ക് പിരിച്ചുവിടാന്‍ മുതലാളിക്ക് അവകാശം ഉണ്ടാവണമെന്ന മോഹമായിരുന്നു മന്ത്രി യശ്വന്ത് സിന്‍ഹക്ക് ഉണ്ടായിരുന്നത്. അന്ന് വാജ്‌പേയി സര്‍ക്കാര്‍ ലക്ഷ്യമിട്ട ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ ഇന്ന് മോദി ഏറ്റെടുത്തു കഴിഞ്ഞു. ബാലവേല നിയമത്തിലും മിനിമം വേതനത്തിന്റെ കാര്യത്തിലും ഭേദഗതികള്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ കിടക്കുന്ന വിജ്ഞാപനം രാജസ്ഥാന്‍ മാതൃക ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണെന്ന് ആശങ്കപ്പെടുന്നവരുണ്ട്. ഒറ്റ വായനയില്‍ നല്ല ദിവസങ്ങള്‍ കൊണ്ടുവരാനുള്ള പരിപാടിയായി ഈ നീക്കം തോന്നിപ്പിക്കുന്നുണ്ടെങ്കിലും ഇതേമട്ടില്‍ തന്നെയാണ് വസുന്ധരയും ഇപ്പോഴത്തെ തൊഴിലാളിവിരുദ്ധ മാറ്റങ്ങള്‍ രാജസ്ഥാനില്‍ കൊണ്ടുവന്നത്. ജനപക്ഷ സംഘടനകളും തൊഴിലാളി സംഘടനകളും പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ സംരക്ഷിച്ചു നിര്‍ത്തിയ സാമൂഹിക മേഖലയിലെ നിയമങ്ങളാണ് ഇല്ലാതാവുന്നത്.
റെയില്‍വേ ചാര്‍ജ് വര്‍ധന നടപ്പാക്കിയതിനു ശേഷം അരുണ്‍ ജയ്റ്റ്‌ലി മാധ്യമങ്ങള്‍ക്കു നല്‍കിയ ഒരു ലേഖനത്തില്‍ പറയുന്നത് തീരുമാനം മുന്‍ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഗെ എടുത്തതായിരുന്നുവെന്നും യു.പി.എ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ മാറ്റിവെച്ചതായിരുന്നുവെന്നുമാണ്. ആ സര്‍ക്കാറിന്റെ തിന്മകളും മോദിയുടെ കാലത്തെ നന്മയാണെന്ന് അറിയാനിട വന്നതില്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ട്!
Comments