ഇറാഖില്‍ ദാഇശ് മുന്നേറുമ്പോള്‍
ഇറാഖിലും സിറിയയിലും ദാഇശ് എന്ന പേരിലുള്ള സായുധ സംഘം മുന്നേറുന്നതായ വാര്‍ത്തകള്‍ ഈയിടെയായി ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. 'അദ്ദൗലഃ അല്‍ ഇസ്‌ലാമിയ്യ ഫില്‍ ഇറാഖ് വശ്ശാം' എന്നതിന്റെ ചുരുക്കപ്പേരാണ് ദാഇശ്. അഥവാ ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് ലവന്റ് (ഐ.എസ്.ഐ.എല്‍). ശരീഅത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നവരാണ് തങ്ങളെന്നും ഇവര്‍ വാദിക്കുന്നു. അല്‍ഖാഇദയുടെ ആശയത്തില്‍ നിന്ന് രൂപപ്പെട്ട ഈ വിഭാഗം കൂടുതല്‍ കടുത്ത ശൈലിയിലാണ് പ്രവര്‍ത്തിക്കുന്നത്. 2004-ല്‍ ഇറാഖില്‍ അമേരിക്കന്‍ അധിനിവേശ വിരുദ്ധ പ്രസ്ഥാനമായി രൂപം കൊണ്ട ഈ സംഘടനയുടെ ആദ്യ പേര് 'ജമാഅത്തു ത്തൗഹീദ് വല്‍ ജിഹാദ്' എന്നായിരുന്നു. പിന്നീട് കുറച്ച് കാലം അല്‍ഖാഇദയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ ബിന്‍ലാദന്റെ മരണ ശേഷം അയ്മന്‍ സവാഹിരിയെ അംഗീകരിക്കാന്‍ സംഘടനയുടെ പുതിയ സാരഥി അബൂബകര്‍ ബഗ്ദാദി തയാറല്ലാത്തതിനാല്‍ സ്വതന്ത്രമായി. തുടര്‍ന്ന് അല്‍ഖാഇദ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചപ്പോള്‍ സിറിയയില്‍ പോരാടുന്ന അല്‍നുസ്‌റ വിഭാഗത്തില്‍ പരിമിതമായി മേഖലയിലെ അല്‍ഖാഇദയുടെ സാന്നിധ്യം. സിറിയയില്‍ ദാഇശും അല്‍നുസ്‌റയും തമ്മില്‍ പരസ്പരം മത്സരിക്കുന്നതും ഏറ്റുമുട്ടുന്നതുമാണ് പിന്നീട് കണ്ടത്.
രാഷ്ട്ര രൂപീകരണത്തിന്റെ ഭാഗമായി അബൂബകര്‍ ബഗ്ദാദി മന്ത്രിമാരെയും പ്രവിശ്യാ ഭരണാധികാരികളെയും നിയമിച്ചു കഴിഞ്ഞു. എതിരാളികളെ ഒതുക്കലും അംഗീകരിക്കാത്തവരെ അടിച്ചമര്‍ത്തലുമാണ് ഇവരുടെ ശൈലി. ജയിലിലടക്കപ്പെടുന്ന പ്രതിയോഗികള്‍ യാതനകളുമായി മരണം വരെ അവിടെ കഴിയേണ്ടിവരുന്നു. ശീഈ വിഭാഗത്തിന്റെ ശത്രുതയെ നേരിടുന്ന സുന്നി വിഭാഗമാണിത്. ന്യൂനപക്ഷങ്ങളുടെ അസ്തിത്വം തന്നെ നിരാകരിക്കുന്നു ഇക്കൂട്ടര്‍. ഇവരുടെ സാമ്പത്തിക സ്രോതസും ആയുധങ്ങളുടെ ഉറവിടവും ഇന്നും അജ്ഞാതവും നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതുമാണ്. അനുയായികളുടെ എണ്ണവും കൃത്യമല്ല. ആയിരങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. Le Monde എന്ന ഫ്രഞ്ച് പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ബഗ്ദാദിക്ക് ഇറാഖില്‍ പതിനായിരത്തോളവും സിറിയയില്‍ 7000-ലധികവും അനുയായികളുണ്ട്.
കഴിഞ്ഞ വാരം ദാഇശ് ഇറാഖിലെ രണ്ടാമത്തെ വലിയ പട്ടണമായ മൂസ്വില്‍ പിടിച്ചെടുത്തു. തിക്‌രീത്തിനു നേരെ അവര്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. സ്വലാഹുദ്ദീന്‍, കര്‍കൂക് പ്രവിശ്യകള്‍ അവരുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂസ്വിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് ഇറാഖ് ഗവണ്‍മെന്റിന് കനത്ത ആഘാതമാണ്. കാരണം അതോടെ നിനവയെന്ന സൈനിക കേന്ദ്രവും ഒന്നിലധികം ടെലിവിഷന്‍ ചാനലുകളും ഇവരുടെ നിയന്ത്രണത്തിലായി. പുറമേ, കുറെ ഗവണ്‍മെന്റ് സ്ഥാപനങ്ങളും ബാങ്കുകളും. മൂസ്വിലിലെ 430 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന ആസ്തിയും ഇവരുടെ കൈയില്‍ വരുന്നു. ജയിലുകള്‍ കൂടി കൈയേറിയതോടെ, വരും ദിനങ്ങളിലെ സായുധ സംഘട്ടനം ഭയന്ന് ഒന്നരലക്ഷം കുടുംബങ്ങള്‍ കുര്‍ദിസ്താനിലേക്ക് കൂട്ടപലായനം തുടങ്ങിക്കഴിഞ്ഞു.
സിറിയയിലും സമാന്തരമായി ദാഇശ് വ്യാപിക്കുന്നുണ്ട്. ഡെയര്‍ സോര്‍, അര്‍റിഖഃ എന്നിവിടങ്ങള്‍ അവരുടെ നിയന്ത്രണത്തിലാണ്. 'അല്‍ ഹസക'(A Hasakah)യില്‍ അവര്‍ പെട്രോള്‍ ഖനനം തുടങ്ങി. ലതാകിയ (Latakia), അലെപ്പോ, ഇദ്‌ലിബ്, ഹമാഃ എന്നിവിടങ്ങളിലും ദാഇശ് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു. ദമസ്‌കസ് പോലും അവരുടെ ഭീഷണിയില്‍ നിന്ന് വിദൂരമല്ല. ദാഇശിന്റെ മുന്നേറ്റം ഏവരെയും അമ്പരപ്പിക്കുന്നതാണ്. അവരുടെ സൈനികബലവും വ്യാപനത്തിന്റെ വേഗതയും ധാരാളം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഒപ്പം ഇറാഖീ പോലിസിന്റെയും സൈന്യത്തിന്റെയും പെട്ടെന്നുള്ള പതനവും. കാരണം, മൂസ്വിലില്‍ സൈന്യം പെട്ടെന്ന് കീഴടങ്ങുന്നതും ആയുധങ്ങളും പടക്കോപ്പുകളും ഉപേക്ഷിച്ചു പോകുന്നതുമാണ് കണ്ടത്. പട്ടാളം യൂനിഫോം അഴിച്ചുമാറ്റി സമൂഹ മധ്യത്തിലൊളിച്ചു. അമേരിക്കന്‍ പരിശീലനം നേടിയ സൈന്യം അപ്രത്യക്ഷമായതിന് ന്യായവും, തൃപ്തികരമായ കാരണവും കാണുന്നില്ല.
ഈ സമസ്യക്ക് പരിഹാരമായി പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വാദിക്കാം. അത് ദാഇശിന്റെ മുന്നേറ്റം അനിവാര്യമാക്കുന്നു. അതുപോലെ സൈന്യത്തിന്റെ പിന്‍വലിയല്‍ ആസൂത്രിതം എന്നും അനുമാനിക്കാം. അതോടെ രണ്ട് ലക്ഷ്യങ്ങള്‍ നേടാം. ഒരു വെടിക്ക് രണ്ടു പക്ഷി. അതായത് ഇറാഖ്-സിറിയന്‍ ഭരണകൂടങ്ങള്‍ക്ക് ദാഇശ് ഭീഷണിയാവുന്നത് അവിടത്തെ ജനതയുടെ പേടി സ്വപ്നമായതിനാല്‍ ദാഇശിന്റെ സാന്നിധ്യം ഇരു ഭരണകൂടങ്ങളും പ്രയോജനപ്പെടുത്തുന്നു. ഇരു രാജ്യങ്ങളിലുമുള്ള മോശം ഭരണകൂടങ്ങളും അതിനേക്കാള്‍ ജനം വെറുക്കുന്ന ദാഇശും തമ്മിലുള്ള താരതമ്യത്തില്‍ കൂട്ടത്തില്‍ അപകടം കുറഞ്ഞത് എന്ന പരിഗണനയില്‍ ജനം ഭരണകൂടത്തെ പിന്തുണക്കുന്നു. മറുവശത്ത്, ദാഇശിന് ഇസ്‌ലാമിക സംഘടന എന്ന ലേബല്‍ നല്‍കി അവരുടെ പടയോട്ടത്തിനു മുന്നില്‍ വഴിമാറിക്കൊടുത്താല്‍ അറബ് വിപ്ലവത്തിന്റെ തണലില്‍ ശക്തിപ്പെട്ട ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ക്കെതിരെ ജനവികാരം രൂപപ്പെടുത്താന്‍ അത് ഉപകരിക്കും. ഈ വിഷയത്തില്‍ ഗുണഭോക്താക്കളായ വിഭാഗങ്ങളുടെ രണ്ടാമത്തെ നേട്ടമിതാണ്.
ഗൂഢാലോചനാ സാധ്യതയെ ദുര്‍ബലപ്പെടുത്തുന്ന അഭിപ്രായമാണ് ഇനിയുള്ളത്. അതുപ്രകാരം മൂസ്വിലിലെ പതനത്തിന് കൃത്യമായ കാരണങ്ങളുണ്ട്. അതില്‍ പ്രധാനം കഴിഞ്ഞ ആറു മാസമായി അവിടെ സൈന്യത്തിനേറ്റ കനത്ത മനുഷ്യ വിഭവ നഷ്ടമാണ്. ദിനേനെ നൂറുകണക്കിനാളുകളാണ് അവിടെ കൊല്ലപ്പെട്ടത്. എന്നിട്ടും നൂരി മാലികിയുടെ ഭരണകൂടത്തില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ല. അതുമൂലം മനോവീര്യം നഷ്ടപ്പെട്ട സൈന്യവും ഓഫീസര്‍മാരും പോരാട്ടത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു. ഇറാഖിലെ ശീഈ ഭരണത്തിനെതിരെ സുന്നി വിഭാഗമായ ദാഇശിനു പിന്നില്‍ യുവാക്കള്‍ അണിനിരക്കുന്നത് കണ്ടപ്പോള്‍ അവരും കൂടെ ചേര്‍ന്നു. ശീഈ വിഭാഗക്കാരനായ നൂരി മാലികിയുടെ വംശീയ വിഭാഗീയ ഭരണരീതിയോട് എതിര്‍പ്പുള്ള സുന്നി വിഭാഗങ്ങളുടെ വികാരവും ഇതുതന്നെ. ദാഇശിന്റെ മേല്‍നോട്ടത്തില്‍ സുന്നി ഭരണം സ്ഥാപിക്കാനുള്ള സാധ്യതയും ഈ അഭിപ്രായക്കാര്‍ പങ്കുവെക്കുന്നു. അതുപോലെ, ദാഇശിന്റെ മുന്നേറ്റത്തില്‍ സദ്ദാമിന്റെ ബഅ്‌സ് പാര്‍ട്ടിക്കാര്‍ക്കും പങ്കുണ്ടെന്ന് പറയുന്നു. ദാഇശിന്റെ സിറിയയിലെ പ്രവര്‍ത്തനം സംഘടിതമല്ല എന്ന അഭിപ്രായവുമുണ്ട്. എന്നാല്‍, ഇത് രണ്ടര്‍ഥങ്ങളില്‍ സിറിയന്‍ സര്‍ക്കാറിന് ഗുണകരമാണ്. ഒന്ന്, അസദ് ഭരണത്തെ സ്വീകരിക്കാന്‍ ഇത് ജനങ്ങളെ പ്രേരിപ്പിക്കുന്നു, ഒപ്പം അരക്ഷിത ന്യൂനപക്ഷങ്ങള്‍ ഭരണകൂടത്തോടൊപ്പം നില്‍ക്കുന്നു. രണ്ട്, ദാഇശും സിറിയന്‍ ഭരണകൂടവുമായി ഏറ്റുമുട്ടുന്ന അല്‍നസ്വ്ര്‍ വിഭാഗവും തമ്മിലുള്ള സംഘട്ടനം മൂലം ഇരു വിഭാഗവും ദുര്‍ബലപ്പെടുന്നു.
ഏതഭിപ്രായമാണ് കൂടുതല്‍ ശരി എന്ന് പറയാറായിട്ടില്ല. അതിനായി വരും ദിനങ്ങളെ കാത്തിരിക്കാം. വിഷയത്തില്‍ ഇറാന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ പങ്ക് വ്യക്തമല്ലാത്ത നിലവിലെ സാഹചര്യത്തില്‍ വിശേഷിച്ചും.
വിവ: നാജി ദോഹ
Comments