Prabodhanm Weekly

Pages

Search

2014 ജൂലൈ 04

റമദാന്‍ എന്നെ ശരിക്കും അല്ലാഹുവിനോടടുപ്പിച്ചു

അയാ തമിയ, ഹംഗറി /ലേഖനം

         ഴു വര്‍ഷം മുമ്പായിരുന്നു എന്റെ ആദ്യത്തെ റമദാന്‍. സമയം ഓടുകയാണ്, സുബ്ഹാനല്ലാഹ്...

         ഒരു സെപ്റ്റംബറിന്റെ മധ്യത്തിലായിരുന്നു അതെന്ന് ഞാനോര്‍ക്കുന്നു. എന്റെ ഹൈസ്‌കൂള്‍ ക്ലാസ് ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. മധ്യവേനലിലെ സൂര്യന്റെ പൊള്ളുന്ന ചൂടിന് അല്‍പം ശക്തികുറഞ്ഞിട്ടുണ്ട്. പകലിന് അപ്പോഴും ദൈര്‍ഘ്യം കൂടുതലായിരുന്നു. ഞാന്‍ മുസ്‌ലിമായിട്ട് ആറു മാസമേ അന്നേക്ക് ആയിട്ടുണ്ടായിരുന്നുള്ളൂ.

ആദ്യ അത്താഴത്തിലെ തമാശ

         ഞാന്‍ നോമ്പു നോല്‍ക്കാന്‍ തുടങ്ങിയതിന് തൊട്ടു മുമ്പുള്ള റമദാനിലെ വൈകുന്നേരങ്ങളില്‍ എന്റെ പ്രദേശത്തുള്ള മുസ്‌ലിം സഹോദരിമാരെ ശ്രദ്ധിച്ചപ്പോള്‍ ഒരു പ്രത്യേകതയും അവരില്‍ കാണാനായില്ല. അവര്‍ നോമ്പെടുത്തതായി ആര്‍ക്കും തോന്നുമായിരുന്നില്ല. അത്രക്കും ഊര്‍ജസ്വലരായിരുന്നു അവര്‍. അതെന്നെ അത്ഭുതപ്പെടുത്തി. അങ്ങനെ ശീതകാലത്തിന്റെ ഒടുവില്‍ പകലിന് ദൈര്‍ഘ്യം കുറഞ്ഞ ഒരു ദിനം പരീക്ഷണാര്‍ഥം ഞാനും നോമ്പെടുക്കാന്‍ തീരുമാനിച്ചു.

         നോമ്പെടുത്താല്‍ എന്താണ് സംഭവിക്കുക എന്ന മുന്‍ പരിചയമില്ലാത്തതിനാല്‍ എന്തൊക്കെ മുന്‍കരുതലുകളാണ് വേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അതിനാല്‍ മുന്‍ കരുതല്‍ എന്ന നിലക്ക് സാധാരണ കഴിക്കുന്ന വലിയ ഒരു സാന്റ്‌വിച്ചിന് പകരം ഞാന്‍ മൂന്നെണ്ണം ഉണ്ടാക്കിക്കഴിച്ചു. പിന്നെ ആ ദിനം എങ്ങനെ കഴിച്ചുകൂട്ടി എന്ന് പറയാതിരിക്കുന്നതാണ് ഭേദം. അന്ന് വൈകീട്ട് ഇഫ്ത്വാറിന് പോലും എനിക്ക് ഭക്ഷണം വേണ്ടിവന്നില്ല. അങ്ങനെ ഞാനൊന്നാമത്തെ പാഠം പഠിച്ചു. അഥവാ അത്താഴത്തിന് അമിതമായി നീ ഭക്ഷിക്കരുത്. ഇഫ്ത്വാറിന് കഴിക്കുന്ന ഭക്ഷണത്തിന്റെ അതേ അളവ് മതി അത്താഴത്തിനും. എങ്കിലും തുടക്കമെന്ന നിലക്ക് വല്ലാതെ മോശമായില്ല.

റമദാന്‍ എന്നാല്‍...

         ആദ്യ നോമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ എനിക്കതിയായ സന്തോഷം തോന്നി. അപ്പോഴും റമദാന്‍ എന്നില്‍ ആശങ്ക നിലനിര്‍ത്തി. കാരണം, സൂര്യന്‍ കത്തിനില്‍ക്കുന്ന ഒരു പകലിന്റെ ദൈര്‍ഘ്യം താണ്ടിയാല്‍ പോരല്ലോ, ഇത്തരം നീണ്ട പകലുകളുള്ള ഒരു മാസം മുഴുവന്‍ എങ്ങനെ നോമ്പെടുക്കും? റമദാന്‍ എന്നാല്‍ കേവലം അന്നപാനീയങ്ങളുപേക്ഷിക്കലുമല്ലല്ലോ. അത് അതിനേക്കാളുമപ്പുറം വിശ്വാസിയില്‍നിന്ന് തേടുന്നുണ്ട്. നിന്റെ കോപത്തെയും നാവിനെയും നീ നിയന്ത്രിക്കേണ്ടതുണ്ട്. എത്രയും ചെറിയ തെറ്റുകളും ഉപേക്ഷിക്കുകയും ദൈവപ്രീതിക്കായി കഴിയുന്നത്ര നന്മ ചെയ്യുകയും വേണം.

         റമദാന്‍ അത്ര എളുപ്പമല്ല; അല്ലാഹുവിന്റെ സാമീപ്യം നേടാനായി നന്നായി പണിയെടുക്കുകയും ഓരോ നിമിഷവും അതിനായി ഉപയോഗപ്പെടുത്തുകയും വേണം. അതിനര്‍ഥം റമദാനെന്നാല്‍ എന്നെ സംബന്ധിച്ചേടത്തോളം ഞാന്‍ കൂടുതല്‍ സഹനമുള്ളവളാകണം; എന്റെ മാതാപിതാക്കളോടും സഹോദരിമാരോടും കയര്‍ക്കാന്‍ കഴിയില്ല, മാത്രമല്ല, ധൈര്യം പോരാത്തതിനാല്‍ നാളെ ശരിയാക്കാം എന്ന് കരുതി മാറ്റിവെച്ച എല്ലാ ചെറിയ തെറ്റുകളില്‍ നിന്നും ഞാനിന്നു തന്നെ മുക്തയാകേണ്ടതുമുണ്ട് എന്ന് തന്നെയാണ്.

എന്റെ റമദാന്‍ ചിട്ട

         അവസാനം റമദാന്‍ വന്നണഞ്ഞു. അതിനുള്ള പരിപാടികള്‍ക്കായി ഞാന്‍ മാനസികമായി സജ്ജമായതായി എനിക്ക് തോന്നി. പുലര്‍ച്ചെക്കെഴുന്നേറ്റുള്ള അത്താഴം, ഫജ്ര്‍ നമസ്‌കാരം, സ്‌കൂളില്‍ പോകാനൊരുങ്ങുന്നതു വരെ അല്‍പം ഖുര്‍ആന്‍ പരിഭാഷ വായിക്കല്‍, നമസ്‌കാരം അതിന്റെ നിശ്ചിത സമയത്ത് തന്നെ നിര്‍വഹിക്കല്‍, സ്‌കൂളില്‍ സഹപാഠികളെ ബുദ്ധിമുട്ടിക്കുന്നതില്‍ നിന്ന് സാധ്യമാകുന്നത്ര ഒഴിഞ്ഞിരിക്കല്‍, നടക്കുമ്പോഴും വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും ഖുര്‍ആന്‍ പാരായണം നടത്തല്‍.

         ഒരു ദിവസം നന്നേ ചുരുങ്ങിയത് രണ്ടു പേജെങ്കിലും ഖുര്‍ആന്‍ പാരായണം ശ്രവിക്കുക, ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പാരായണം, ഉച്ചക്ക് ശേഷം ഉദ്‌ബോധന ക്ലാസുകളുണ്ടെങ്കില്‍ അതില്‍ പങ്കെടുക്കുക, രാത്രി നോമ്പുതുറക്ക് ശേഷം തറാവീഹ് നമസ്‌കാരം, ലക്ഷ്യം 11 റക്അത്താണെങ്കിലും ചുരുങ്ങിയത് 4 റക്അത്തെങ്കിലും നമസ്‌കരിക്കണം-ഇതായിരുന്നു എന്റെ റമദാന്‍ പദ്ധതി. അത് ഏറെക്കുറെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്നതില്‍ അല്ലാഹുവിന് സര്‍വസ്തുതി!

ഒന്നാമത്തെ വിശേഷ നോമ്പുതുറ

         ഞാന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന കൂട്ടായ്മ, റമദാന്‍ ഒന്നാം ദിവസം ഒരു വിശേഷ ഇഫ്ത്വാര്‍ സംഗമം സംഘടിപ്പിച്ചു. അന്ന് ഉച്ച മുതല്‍ വിജ്ഞാനപ്രദവും ആകര്‍ഷണീയവുമായ പ്രസംഗങ്ങള്‍, ഹൃദ്യമായ ഖുര്‍ആന്‍ പാരായണങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമായിരുന്നു പരിപാടികള്‍. പിന്നെ ഒന്നിച്ചിരുന്നുള്ള ഇഫ്ത്വാറും. ഒരു നവ മുസ്‌ലിം എന്ന നിലക്ക് എനിക്കിതിനെക്കാള്‍ നല്ല മറ്റൊരിടമുണ്ടായിരുന്നില്ല. മുസ്‌ലിം സാഹോദര്യവും ഐക്യവും ഇതിനു മുമ്പ് ഞാനനുഭവിച്ചിട്ടുണ്ടായിരുന്നില്ല. എല്ലാം ഹൃദ്യവും വിഭവസമ്പന്നവുമായിരുന്നു. അതിന്റെ കൂടെ രുചികരമായ തുര്‍ക്കി, അറബി ഭക്ഷണവും. എന്റെ ഒന്നാമത്തെ റമദാനില്‍ ഞാനൊരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. പരീക്ഷകളും ടെസ്റ്റുകളുമില്ലാത്ത അവസാന വര്‍ഷ സ്‌കൂളിന്റെ ആരംഭമായിരുന്നു അത്. ഞാന്‍ ജോലി ചെയ്യുന്നില്ല. വിവാഹിതയുമല്ല. എന്റെ മാതാവാണ് ഭക്ഷണം തയാറാക്കിത്തരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത ഞാന്‍ ആരാധനകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റുന്ന സ്വതന്ത്രമായ അവസ്ഥയിലായിരുന്നു. അതിനാല്‍ എല്ലാ മധ്യാഹ്നങ്ങള്‍ക്കും ശേഷം ഖുര്‍ആന്‍ പാരായണം, പാരായണം ശ്രവിക്കല്‍, പ്രസംഗങ്ങള്‍ എന്നിവക്കായി സമയം നീക്കിവെച്ചു.

         എട്ട് മണിക്കൂറും അതിലധികവും സമയം ജോലി ചെയ്ത് നോമ്പ് തുറക്കാന്‍ വീട്ടിേലക്ക് പരിക്ഷീണിതരായി ഓടുകയും അതിനു പുറമെ ഭക്ഷണം പാകം ചെയ്യല്‍, അലക്കല്‍, വീട് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികളും ചെയ്യേണ്ടിവരുന്നവരെക്കാള്‍ തീര്‍ത്തും ഭാഗ്യവതിയായിരുന്നു ഞാന്‍. എനിക്ക് അല്ലാഹു നോമ്പ് വളരെ ലളിതവും പ്രയാസരഹിതവുമാക്കിത്തന്നതായി തോന്നി. എന്റെ അരികിലിരുന്ന് ജനം യഥേഷ്ടം തിന്നുകയും കുടിക്കുകയും ചെയ്യുന്നത് എന്നെ ഒട്ടും അലോസരപ്പെടുത്തിയില്ല. നാം നോമ്പെടുക്കുന്നത് അല്ലാഹുവിന് വേണ്ടിയാണെന്നിരിക്കെ മറ്റുള്ളവരെ നാമെന്തിന് ശ്രദ്ധിക്കണം? എനിക്ക് പറയാന്‍ കഴിയും എന്റെ ഒന്നാമത്തെ റമദാന്‍ എന്നെ അല്ലാഹുവിലേക്ക് വളരെയധികം അടുപ്പിച്ചു എന്ന്.

റമദാന്റെ പാഠം

         നോമ്പെടുക്കുമ്പോള്‍ എനിക്ക് വിശപ്പ് തോന്നാറില്ല. എന്നാല്‍, ദാഹം എനിക്ക് പുതിയൊരനുഭവമായിരുന്നു. ഇതിന് മുമ്പും ദാഹിച്ചിട്ടുണ്ടെങ്കിലും ദിവസം മുഴുക്കെ ഞാനതനുഭവിച്ചിട്ടില്ല. നാം മനുഷ്യര്‍, ദൈവം സമ്മാനമായി നല്‍കിയതിനെ അംഗീകരിച്ചു കൊടുക്കാന്‍ തയാറില്ലാത്തവരാണ്. നിത്യവും 24 മണിക്കൂറും തുറന്ന് വെച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങളില്‍നിന്ന് യഥേഷ്ടം വാങ്ങി തിന്നുകയും കുടിക്കുകയും ചെയ്യുന്നവരാണ് നാം. വിശപ്പില്ലെങ്കിലും നാം ഭക്ഷണം കഴിക്കും; കുടുംബ സംഗമങ്ങളിലും കൂട്ടുകാരോടൊത്തുള്ള ബാര്‍ബിക്യൂ പാര്‍ട്ടികളിലും വിളമ്പുന്ന രുചികരമായ വിഭവങ്ങളെ വിശപ്പില്ലെങ്കിലും നാം രുചിച്ച് നോക്കാതിരിക്കില്ല. ഉച്ചക്ക് ശേഷം ചോക്ലേറ്റോ ഒരു കഷ്ണം കേക്കോ തിന്നാന്‍ കൊതി തോന്നിയാല്‍ അടുത്ത കടയിലേക്ക് പോയി നാമത് വാങ്ങി ഭക്ഷിക്കുന്നു.

         കമ്പ്യൂട്ടര്‍ തുറന്ന് വെച്ച് അതിലെ വൈവിധ്യങ്ങളായ വിഭവങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴും, ടി.വി കണ്ടുകൊണ്ടിരിക്കുന്നതിനിടയിലും നമ്മുടെ അരികിലുള്ള പാത്രം കാലിയാകാറുണ്ട്. ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു മനുഷ്യര്‍. അഥവാ ഭക്ഷണത്തിന്റെ ധര്‍മം എന്താണെന്ന് അവര്‍ പാടേ മറന്നുപോയിരിക്കുന്നു. ശരീരത്തിന് ശക്തിയും ഊര്‍ജവും പകരുന്ന ഭക്ഷണം, എങ്ങനെയായിരിക്കണമെന്ന പാഠം പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്: ''തന്റെ വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. നടുനിവര്‍ത്താന്‍ ഏതൊരു ആദം സന്തതിക്കും ഏതാനും കവിള്‍ നിറയെ മതിയാകും. അത്യാവശ്യമായാല്‍ വയറിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് കുടിക്കാനും, മൂന്നിലൊന്ന് ശ്വസിക്കാനുമാകട്ടെ.''

         നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന ഭക്ഷണം അല്ലാഹുവിന്റെ സമ്മാനമാണെന്നോര്‍ക്കാനും നാം മറന്നുപോയിരിക്കുന്നു. നമുക്ക് നല്‍കപ്പെട്ടത് പോലെ ലോകത്തുള്ളവര്‍ക്കെല്ലാം നല്‍കപ്പെട്ടിട്ടില്ല. ആഗ്രഹിക്കുമ്പോള്‍ ഭക്ഷിക്കാനും കുടിക്കാനും കഴിയാതിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും ഭൗതികലോകത്ത് നമുക്ക് സാധ്യമല്ല. എന്നാല്‍, റമദാന്‍ ഈ ഒരു അവസരം കൂടി നമുക്ക് നല്‍കുന്നു. ഭക്ഷണവും വെള്ളവുമില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യരുടെ ദൈനംദിന ജീവിതം നോമ്പിലൂടെ നമ്മളും അറിയുന്നു.

അല്ലാഹുവിന്റെ ഓരോ ചെറു സമ്മാനങ്ങളെയും വിലമതിക്കുക

         ഓരോ റമദാനിലും നീ വായിലേക്ക് വെക്കുന്ന ശകലം ഭക്ഷണവും, മൊത്തിക്കുടിക്കുന്ന ഓരോ ഇറക്ക് വെള്ളവും നീ അനുഭവിക്കുന്ന എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളെ വിലമതിക്കാന്‍ അല്ലാഹു നിന്നെ പഠിപ്പിക്കുന്നു. പക്ഷേ, കൈയിലുള്ളത് നഷ്ടപ്പെടുന്നതുവരെ താനനുഭവിക്കുന്നതിനെ വിലമതിക്കാത്തവരാണ് മനുഷ്യന്‍. ഓരോ ദിനവും നിരന്തരം ലഭിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ദൈവാനുഗ്രഹങ്ങളെ ഓര്‍മപ്പെടുത്തുകയാണ് റമദാന്‍. 

വിവ: പി.പി അബ്ദുല്ലത്വീഫ്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 112-113
എ.വൈ.ആര്‍