സംസ്‌കരണവും വിദ്യാഭ്യാസവും
മനുഷ്യന് അല്ലാഹു നന്മയുടെയും തിന്മയുടെയും വഴിയൊരുക്കിത്തന്നിരിക്കുന്നു. നന്മയുടെ വഴി സ്വീകരിച്ച് അല്ലാഹുവിങ്കലെത്തിച്ചേരാനും തിന്മയുടെ വഴിയില്‍ സഞ്ചരിച്ച് ചെകുത്താനിലെത്താനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. ''മനുഷ്യന് നാം വഴികാട്ടി കൊടുത്തിരിക്കുന്നു. അവന് നന്ദിയുള്ളവനാകാം, നന്ദികെട്ടവനുമാകാം'' (76:3). സ്രഷ്ടാവിന്റെ മഹത്വം മാനിച്ച്, അവന്‍ നമ്മെ സൃഷ്ടിച്ചതെന്തിനാണെന്ന് മനസ്സിലാക്കി തദനുസാരം ജീവിക്കുകയാണ് അല്ലാഹുവിനോടുള്ള നന്ദി. സ്രഷ്ടാവിനെയും അവന്റെ അഭീഷ്ടങ്ങളെയും അവഗണിച്ച് ക്ഷണിക വികാരങ്ങളെ മാത്രം പിന്തുടര്‍ന്നുള്ള ജീവിതം ദൈവനിന്ദ. മനസ്സിന്റെ സദ്ഭാവങ്ങളെ ഉദ്ദീപിപ്പിക്കുകയും ദുഷ്പ്രവണതകളെ അമര്‍ത്തുകയും ചെയ്യുമ്പോഴാണ് നന്മയുടെ മാര്‍ഗം തെളിഞ്ഞുകിട്ടുക. മറിച്ചാകുമ്പോള്‍ തിന്മയുടെ ഇരുണ്ട വഴിയിലകപ്പെടുന്നു. ''സ്രഷ്ടാവ് മനുഷ്യമനസ്സില്‍ അതിന്റെ ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തിരിക്കുന്നു. മനസ്സിനെ സംസ്‌കരിച്ചവന്‍ തീര്‍ച്ചയായും വിജയിച്ചു. ധര്‍മബോധത്തെ അടിച്ചമര്‍ത്തി നിസ്‌തേജമാക്കിയവന്‍ തീര്‍ച്ചയായും പരാജിതനായി'' (91:7-10). അല്ലാഹുവിനോട് നന്ദി പുലര്‍ത്തി നന്മയുടെ മാര്‍ഗത്തില്‍ ജീവിക്കാന്‍ തയാറാകുന്നവരെ സഹായിക്കാന്‍ വേദപ്രമാണങ്ങളും പ്രവാചകവര്യന്മാരുടെ ജീവിത മാതൃകകളുമുണ്ട്. അല്ലാത്തവരെ അവര്‍ തെരഞ്ഞെടുത്ത മാര്‍ഗത്തില്‍ സഹായിക്കാന്‍ ചെകുത്താനും.
പ്രവാചക നിയോഗത്തെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: ''നിരക്ഷര ജനതയില്‍ അവരില്‍ നിന്ന് ഒരാളെ പ്രവാചകനായി നിയോഗിച്ചത് അല്ലാഹുവാകുന്നു; അദ്ദേഹം അവര്‍ക്ക് ദൈവിക സൂക്തങ്ങള്‍ ഓതിക്കൊടുക്കാനും ജീവിതം സംസ്‌കരിക്കാനും വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കാനും'' (62:2). പുണ്യ പുരാതനമായ കഅ്ബാ മന്ദിരം നിര്‍മിക്കുന്ന വേളയില്‍ ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചു: ''നാഥാ, എന്റെ സന്തതികള്‍ക്ക് നിന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കാനും വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കാനും അവരെ സംസ്‌കരിക്കാനും അവരില്‍ നിന്നുതന്നെ ഒരു പ്രവാചകനെ നിയോഗിക്കേണമേ'' (2:129). ജനങ്ങളെ ദൈവിക സൂക്തങ്ങള്‍ കേള്‍പ്പിക്കുക, സംസ്‌കരിക്കുക, വേദം പഠിപ്പിക്കുക, തത്ത്വജ്ഞാനം നല്‍കുക എന്നീ നാലു സുപ്രധാന ദൗത്യങ്ങളാണ് ഈ സൂക്തങ്ങള്‍ പ്രവാചകനില്‍ ചുമത്തിയിരിക്കുന്നത്. മൂലത്തില്‍ ഉപയോഗിച്ച 'തസ്‌കിയ' (സംസ്‌കരണം) ശുദ്ധീകരണത്തെയും വികസനത്തെയും വഹിക്കുന്ന പദമാണ്. പ്രവാചകന്മാരെ ചുമതലപ്പെടുത്തിയ നാല് ദൗത്യങ്ങള്‍ വ്യത്യസ്തമായ നാല് കാര്യങ്ങളല്ല. എല്ലാം ഒരേ ദൗത്യത്തിന്റെ നാല് ഘട്ടങ്ങളാണ്. പരസ്യമായ പ്രബോധനമാണ് ദൈവിക സൂക്തങ്ങള്‍ കേള്‍പ്പിക്കല്‍. തുടര്‍ന്ന് വേദാധ്യാപനം, പിന്നെ നിയമങ്ങളുടെയും തത്ത്വങ്ങളുടെയും -ശരീഅത്തിന്റെ- പഠനം. ഇവയിലൂടെ നേടിയെടുക്കേണ്ട ലക്ഷ്യമാണ് ജീവിത സംസ്‌കരണം.
മനുഷ്യനെ ഉദ്ബുദ്ധനാക്കാനും സന്മാര്‍ഗദര്‍ശനം ചെയ്ത് സംസ്‌കരിക്കാനുമാണ് അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നത്. അത് പ്രാപഞ്ചികവും പ്രകൃതിപരവുമായ പ്രതിഭാസങ്ങള്‍ ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കുന്നതും പോയകാല ചരിത്രങ്ങളെ അനുസ്മരിക്കുന്നതും വിധിവിലക്കുകള്‍ പ്രസ്താവിക്കുന്നതുമെല്ലാം അതുള്‍ക്കൊണ്ട് മനുഷ്യ ഹൃദയങ്ങള്‍ നിര്‍മലമാകുന്നതിനു വേണ്ടിയാണ്. ''തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ശരിയായതെന്തോ അതിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നു'' (17:9). ''ഖുര്‍ആനിനെ നാം നിന്റെ ഭാഷയില്‍ ലളിതമാക്കിയിരിക്കുന്നത് ജനങ്ങള്‍ ഉദ്ബുദ്ധരാകുന്നതിനു വേണ്ടിയാണ്'' (44:58). സംസ്‌കരണത്തിന്റെയും വികസനത്തിന്റെയും എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്നതാണ് ഖുര്‍ആന്റെ അധ്യാപനങ്ങള്‍. വിദ്യാഭ്യാസ വിഷയങ്ങളില്‍ അവഗാഹമുള്ളവര്‍ക്ക് ഖുര്‍ആന്റെ ശിക്ഷണ മുഖങ്ങള്‍ അനായാസം മനസ്സിലാക്കാനാവും. ആത്മസംസ്‌കരണം മാത്രമല്ല ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. ആത്മസംസ്‌കരണം പ്രഥമവും പ്രധാനവും തന്നെ. എന്നാല്‍ ഖുര്‍ആന്‍ ഉദ്ദേശിച്ച സംസ്‌കരണത്തില്‍ സമൂഹത്തിന്റെയും ലോകത്തിന്റെയും സംസ്‌കരണവും ഉള്‍പ്പെടുന്നു. വിശ്വാസ സാഫല്യത്തെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: ''യഥാര്‍ഥ സത്യവിശ്വാസികള്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു; നമസ്‌കാരത്തില്‍ ഭയഭക്തിയുള്ളവര്‍, കെടുകാര്യങ്ങളില്‍ നിന്നകന്നു നില്‍ക്കുന്നവര്‍, സംസ്‌കരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍'' (23:1-4). തന്റെയും താനുള്‍ക്കൊള്ളുന്ന ലോകത്തിന്റെയും സംസ്‌കരണമാണിവിടെ ഉദ്ദേശ്യം.സമൂഹ സംസ്‌കരണത്തിന്റെ ആദ്യപടിയാണ് ആത്മ സംസ്‌കരണം. സ്വയം സംസ്‌കരണത്തിനായാലും സമൂഹ സംസ്‌കരണത്തിനായാലും വിദ്യാഭ്യാസം അനിവാര്യമാണ്. അതുകൊണ്ടാണ് പ്രവാചകന്റെ മുഖ്യ ദൗത്യമായി വിദ്യാഭ്യാസം നിര്‍ദേശിച്ചിരിക്കുന്നത്. വ്യക്തിയുടെ കഴിവുകളും യോഗ്യതകളും വികസിപ്പിച്ച് വ്യക്തിത്വം സംസ്‌കൃതവും വികസ്വരവുമാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. ആത്മീയ മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസമേ അത്തരം ഒരു പ്രക്രിയയാകൂ. അതില്ലാത്ത വിദ്യാഭ്യാസ പ്രക്രിയയുടെ ഫലം ഭൗതിക സുഖസൗകര്യങ്ങളും പുതിയ പുതിയ സാങ്കേതികോപകരണങ്ങളും വികസിപ്പിക്കുന്നതില്‍ പരിമിതമാകുന്നു. മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ യോഗ്യതകളെയെല്ലാം ഉദ്ദീപ്തമാക്കി ഉദാത്തമായ ജീവിത ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാന്‍ സജ്ജമായ വ്യക്തിത്വ നിര്‍മിതിയാണ് ഇസ്‌ലാം അതിന്റെ അധ്യാപനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
സംസ്‌കരണവും പഠനവും-തസ്‌കിയത്തും തഅ്‌ലീമും- വാഹനത്തിന്റെ പരിപാലനവും പെട്രോളും പോലെ ബന്ധപ്പെട്ടിരിക്കുന്നു. പരിപാലനം വാഹനത്തിന്റെ കേടുപാടുകള്‍ പോക്കുകയും അഴുക്കുകള്‍ നീക്കുകയും ചെയ്യുന്നു. അത് ഓടണമെങ്കില്‍ ഇന്ധനമൊഴിക്കണം. ഇന്ധനം തീര്‍ന്നാല്‍ എത്ര കണ്ടീഷനുള്ള വാഹനവും നിശ്ചലമാകും. തെറ്റായ, അല്ലെങ്കില്‍ മായം കലര്‍ന്ന ഇന്ധനം നിറച്ചാല്‍ വാഹനം കേടാകും. വിദ്യാഭ്യാസമുണ്ടെങ്കിലേ വ്യക്തിയും സമൂഹവും മുന്നോട്ടുപോകൂ. അതിനു ദിശ നിര്‍ണയിക്കാനും എവിടെയും തട്ടിത്തകരാതെ നേര്‍വഴിക്ക് സഞ്ചരിക്കാനും സംസ്‌കരണവും േവണം. ആത്മീയ സംസ്‌കരണത്തിന്റെ നിയന്ത്രണമില്ലാത്തതിനാല്‍ പെട്രോള്‍ വേണ്ടതിലേറെയുണ്ടായിട്ടും ലക്ഷ്യമില്ലാതെ എങ്ങോട്ടൊക്കെയോ ഓടിക്കൊണ്ടിരിക്കുകയാണ് ആധുനിക മനുഷ്യ വര്‍ഗം. ചിലര്‍ ലോകവുമായി പിണങ്ങി സന്യാസം സ്വീകരിച്ച് കാടുകയറുന്നു. ചിലര്‍ ആത്മസംസ്‌കരണത്തിന്റെയും സമാധാനത്തിന്റെയും വിതരണക്കാരായി ചമഞ്ഞ് ജനങ്ങളെ ചൂഷണം ചെയ്യുന്നു. വിദ്യാഭ്യാസവും സംസ്‌കരണവും, സന്തുലിതമായും സമഞ്ജസമായും പ്രവര്‍ത്തിക്കാതെ വിരുദ്ധ ദിശകളിലേക്ക് തിരിഞ്ഞതിന്റെ ദുരന്തമാണിത്.
Comments