Prabodhanm Weekly

Pages

Search

2014 ജൂലൈ 04

ഇറാഖ്: മാലികീ വിരുദ്ധ പോരാട്ടത്തിലെ ബഅ്‌സ് ഘടകങ്ങള്‍

റബീഅ് ബറകാത്ത് /കവര്‍‌സ്റ്റോറി

         ''....സഫവി ഏജന്റുമാരുടെ വിഭാഗീയ ഏകാധിപത്യ ഭരണകൂടത്തിന്റെ മര്‍ദനത്തിനെതിരില്‍ ഒറ്റക്കെട്ടായി കലാപം ചെയ്യാന്‍ ഇറാഖിലെ സമസ്ത ജന വിഭാഗങ്ങളോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. യുദ്ധരംഗത്ത് നിങ്ങള്‍ ഒറ്റക്കല്ലെന്ന് അന്‍ബാറിലെ ഞങ്ങളുടെ ബന്ധുക്കള്‍ക്കും സഹോദരങ്ങള്‍ക്കും ധീര ശൂരന്മാരായ ഗോത്ര ഭടന്മാര്‍ക്കും ഞങ്ങള്‍ ഉറപ്പു നല്‍കുന്നു'' (നഖ്ശബന്ദിയ്യ ത്വരീഖത്ത് സേനയുടെ ഔദ്യോഗിക സൈറ്റ് 1-1.2014).

         മുകളിലുദ്ധരിച്ച പ്രസ്താവന വന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2014 ഏപ്രിലില്‍ നഖ്ശബന്ദി ത്വരീഖത്ത് സേന സ്വന്തം പടയാളികളോട് ഇറാഖ് തലസ്ഥാന നഗരിയായ ബഗ്ദാദിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന് ഒരുങ്ങിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. മുന്‍ ഇറാഖി വൈസ് പ്രസിഡന്റായിരുന്ന ഉസ്സത്ത് അദ്ദൗരിയാണ് നഖ്ശബന്ദി ത്വരീഖത്ത് സേനയുടെ നായകന്‍. 2007-ലാണ് ഈ സംഘം സ്ഥാപിതമായത്. ഇതര ഇസ്‌ലാമിക ചേരികളെപ്പോലെതന്നെ ഈ സംഘം അധിനിവേശശക്തികളുമായി ഏറ്റുമുട്ടാന്‍ തുടങ്ങി. 35 വര്‍ഷം നാടുഭരിച്ച ബഅ്‌സ് പാര്‍ട്ടിയുടെ അടിസ്ഥാന ഘടനയുടെ അവശിഷ്ടങ്ങളെന്ന നിലയില്‍, അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിന് ശേഷം ഇറാഖ് ഭരണകൂടം നേരിടാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ സംഘമെന്ന് അന്നേ ചിലര്‍ പറഞ്ഞിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സുസ്ഥിരതക്ക് അല്‍ഖാഇദയേക്കാള്‍ ഭീഷണിയാവുക നഖ്ശബന്ദി ത്വരീഖത്തായിരിക്കുമെന്ന് അമേരിക്കന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളെ അവലംബിച്ച് 2010 മാര്‍ച്ചില്‍, അതായത് യു.എസ് സേനയുടെ പിന്മാറ്റത്തിന് തൊട്ടു മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

         ഇറാഖിലെ വടക്കന്‍ നഗരങ്ങളിലും മധ്യ ഭാഗത്തും ഈയിടെ നടന്ന ആക്രമണങ്ങള്‍ പല സംഘങ്ങളുടെയും ആസൂത്രണത്തോടെ നടന്നതാണ്. അത് ഏതെങ്കിലും ഒരു സംഘടനയുടെ വരവില്‍ ചുരുക്കിക്കെട്ടുന്നത് ശരിയല്ല. പ്രതിസന്ധി നീളുകയാണെങ്കില്‍ ഇതര ശക്തികളെ നിര്‍മാര്‍ജനം ചെയ്ത് ആക്രമണത്തിന്റെ മുഖ്യ സ്ഥാനം പിടിച്ചു പററുക ദാഇശ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'അദ്ദൗലത്തുല്‍ ഇസ്‌ലാമിയ്യ ഫില്‍ ഇറാഖ് വശ്ശാം (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ്' ഗ്രേറ്റ് സിറിയ) ആയിരിക്കാനാണ് സാധ്യത.

         രാജ്യത്ത് പിടിമുറുക്കുന്നതില്‍ ഈ സംഘം തങ്ങളുടെ ശക്തി തെളിയിച്ചിട്ടുണ്ട്. ആയുധം വെച്ച് കീഴടങ്ങാന്‍ ഭടന്മാരോട് കല്‍പിച്ച്, തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച ചില ഓഫീസര്‍മാരുമായി ഏകോപനമുണ്ടാക്കി രാജ്യത്തിന്റെ ഉള്ളിലേക്ക് വിപുലമായി ഇരച്ചുകയറാന്‍ സംഘത്തിന്റെ സായുധ ഗ്രൂപ്പുകള്‍ക്ക് സാധിക്കുകയുണ്ടായി. മൂസ്വില്‍ യുദ്ധത്തില്‍ നിന്ന് മാത്രം 430 മില്യന്‍ ഡോളര്‍ കൈപ്പിടിയിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. വന്‍ ആയുധശേഖരങ്ങള്‍ക്കും യുദ്ധക്കോപ്പുകള്‍ക്കും പുറമേയാണിത്. ആയുധധാരികളുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള മേഖലകളില്‍ ദാഇശിന്റെ റോള്‍ അനിഷേധ്യമാണ്. എന്നാല്‍, ഈ സംഘടനയിലെ പ്രമുഖ സേനാംഗങ്ങള്‍ ഇപ്പോള്‍ സലഫികളായി മാറിയ മുന്‍ ബഅ്‌സ്‌കാരാണെന്ന വസ്തുതയെ അത് റദ്ദ് ചെയ്യുന്നില്ല.

         ഇറാഖിലെ മിക്ക പോരാളി സംഘങ്ങളുടെയും നട്ടെല്ലാണ് ഈ മുന്‍ സൈനിക ഓഫീസര്‍മാര്‍. അവരില്‍ ചിലര്‍ 'സംഘടനയോടുള്ള കൂറാണ് മറ്റെല്ലാറ്റിനേക്കാളും പ്രധാനം' എന്ന ബഅ്‌സ് വിശ്വാസ പ്രമാണം മുറുകെപ്പിടിച്ചു. മറ്റു ചിലരാകട്ടെ അത് പൂര്‍ണമായും ഉപേക്ഷിച്ചു. ഇതര കുടക്കീഴില്‍ അണിചേരുന്നതിന് മുന്‍ഗണന നല്‍കി. എന്നാല്‍ ഉഭയ വിഭാഗവും ഒരുപോലെ സര്‍ക്കാര്‍ വിരുദ്ധ സംഘങ്ങളിലേക്കാണ് പോയത്. അധിനിവേശാനന്തര ഭരണകൂടങ്ങളില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടുത്തല്‍ കാരണം 'ബഅ്‌സ് ഉന്മൂലന'ത്തിനിരയായവരൊക്കെയും പല തദ്ദേശ സംഘങ്ങളുടെയും മടിയിലേക്ക് എടുത്തെറിയപ്പെട്ടു. ദാഇശ്, അന്‍സാറുസ്സുന്ന, അല്‍ ജയ്ശുല്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക സേന) എന്നീ സലഫീ ജിഹാദികളുടെ പതാകയേന്തി ചിലര്‍. ബഅ്‌സ് പാര്‍ട്ടിയിലെ മറ്റു ചില അവശിഷ്ട നേതാക്കളും അനുയായികളും നഖ്ശബന്ദി ത്വരീഖത്ത് സേന എന്ന പേരില്‍ സൂഫി സരണിയുടെ ബാനറിലാണ് സംഘടിച്ചത്. ബഅ്‌സിന്റെ ഇറാഖ് ഘടകത്തിലെന്ന പോലെ സിറിയന്‍ ഘടകത്തിലുള്ളവരും ഇതില്‍ പെടും.

         ഇറാഖിലെ ബഅ്‌സ് 'സൈദ്ധാന്തിക'മായി സുന്നികളെയും ഭൂരിപക്ഷമായ ശീഈകളിലെ ഇസ്‌ലാംവിരുദ്ധ ശക്തികളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു കുപ്പായമായിരുന്നു; ഇറാന്‍ വിപ്ലവാനന്തരം ശീഈ ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയോടെ വിശേഷിച്ചും. സിറിയയിലും മറ്റൊരു തലത്തില്‍ ഇതിനോട് സദൃശമായിരുന്നു അവസ്ഥ. അവിടെ ബഅ്‌സ് കൂടാരം ഇസ്‌ലാം വിരുദ്ധ സുന്നികള്‍ക്ക് അഭയമൊരുക്കിക്കൊടുത്തു. സുന്നീ സെക്യുലരിസ്റ്റുകളുടെയും ന്യൂനപക്ഷങ്ങളുടെയും അഭയസങ്കേതവും അതുതന്നെയായി. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആദ്യത്തിലും ഇഖ്‌വാന്‍ പ്രതിഭാസം വ്യാപകമായപ്പോള്‍. രണ്ട് രാജ്യത്തും ബഅ്‌സ് ന്യൂനപക്ഷ ഉല്‍ക്കണ്ഠകള്‍ക്ക് ഇങ്ങനെ സൈദ്ധാന്തികമായൊരു പരിഹാരമുണ്ടാക്കി. അതേസമയം ഈ ഉത്കണ്ഠകള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായ രൂപത്തില്‍ പ്രകടമാകാന്‍ തുടങ്ങിയിരിക്കുകയാണ്. ഇറാഖില്‍ 'സുന്നീ മുന്നേറ്റ'ത്തിലാണ് ബഅ്‌സിന്റെ ഭാഗ ഭാഗിത്വം. ഒപ്പം സിറിയയിലെ 'ന്യൂനപക്ഷ' സംരക്ഷണത്തിനും അത് വിപണനം ചെയ്യപ്പെടുന്നു.

         ഇറാഖീ ബഅ്‌സിന്റെയും സിറിയന്‍ ബഅ്‌സിന്റെയുമിടയിലുള്ള സംഘട്ടനം മറ്റെന്തിനേക്കാളുമുപരി സംഘടനാപരമായിരുന്നു. രണ്ട് രാജ്യത്തെയും ബഅ്‌സ് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത സ്‌ഫോടകാത്മകമായതോടെയായിരുന്നു അതിന്റെ തുടക്കം. സിറിയന്‍ ബഅ്‌സിന്റെ ദേശീയ സിവില്‍ നേതൃത്വവും സൈനിക നേതൃത്വവും തമ്മില്‍ ഇടച്ചിലുണ്ടായി. 1966-ല്‍ തെരഞ്ഞെടുക്കപ്പെട്ട ദേശീയ നേതൃത്വത്തെ സൈനിക നേതൃത്വം അട്ടിമറിച്ചു. പാര്‍ട്ടി നേതൃത്വത്തിലെ ഏതാനും പേര്‍ അപ്രത്യക്ഷമായി. ഇറാഖിലെ ബഅ്‌സ് ഭരണകൂടത്തിന്റെ പ്രതിരൂപാത്മകമായ ഇടയനായി തിരിച്ചുവരും മുമ്പേ, പാര്‍ട്ടി സ്ഥാപകനായ മിഷേല്‍ അഫ്‌ലഖ് സിറിയയില്‍ നിന്ന് ആദ്യം ലബനാനിലേക്കും തുടര്‍ന്ന് ബ്രസീലിലേക്കും ഒളിച്ചോടി. രണ്ട് പാര്‍ട്ടികളും പരസ്പരം രൂക്ഷമായി ഏറ്റുമുട്ടാന്‍ പിന്നെ കാലതാമസമുണ്ടായില്ല. രണ്ട് കൂട്ടരുടെയും വിഭാഗീയമായ ഉത്കണഠകളായിരുന്നു അതില്‍ പ്രകടമായിരുന്നത്. എണ്‍പതുകളില്‍ സിറിയന്‍ ബഅ്‌സ് ഭരണകൂടവുമായി ഏറ്റുമുട്ടിയ അവിടത്തെ ബ്രദര്‍ഹുഡിന് ഇറാഖി ബഅ്‌സ് ഭരണകൂടം നല്‍കിയ പിന്തുണയില്‍ അത് ശരിക്കും പ്രതിഫലിച്ചു. അതേസമയം ഇറാഖിലെ ബഅ്‌സ് ഭരണകൂടത്തെ എതിര്‍ക്കുന്ന അദ്ദഅ്‌വാ, അല്‍ മജ്‌ലിസുല്‍ അഅ്‌ലാ ലിസ്സൗറത്തല്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക് റവലൂഷന്‍ സുപ്രീം കൗണ്‍സില്‍) പോലുള്ള ഇറാഖിലെ ശീഈ ഇസ്‌ലാമിക സംഘടനകള്‍ക്ക് സിറിയയും പരിരക്ഷണം നല്‍കി; പിന്നീട് ഇറാഖ്-ഇറാന്‍ യുദ്ധത്തില്‍ സിറിയ ഇറാനെ പിന്തുണച്ചപോലെ.

         ഇറാഖില്‍ ബഅ്‌സ് ഭരണകൂടവും ഭരണകൂട സ്ഥാപനങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടതോടെ ബഅ്‌സ് അവശിഷ്ടങ്ങള്‍ സിറിയയെ അപേക്ഷിച്ച് കൂടുതലായി വിഭാഗീയതയോട് ചേര്‍ന്നുനിന്നു. ഇറാഖില്‍ അരാജകത്വവും 'ഇസ്‌ലാമിക എമിറേറ്റുകളും' ശക്തിപ്പെട്ടപ്പോഴും സിറിയയില്‍ ഒരളവോളം 'രാഷ്ട്ര'ത്തിന് നിലനില്‍ക്കാന്‍ കഴിഞ്ഞതായിരുന്നു കാരണം. ഉദാഹരണത്തിന് ബഅ്‌സ് ബറ്റാലിയനുകളിലും ഖുദ്‌സ് ബ്രിഗേഡിലും ചേര്‍ന്ന് ഭരണകൂടത്തോടൊപ്പം പൊരുതാന്‍ ചില സുന്നീ ഗ്രൂപ്പുകളുണ്ടായി സിറിയയില്‍. ഇറാഖിലാകട്ടെ ധ്രുവീകരണം കൂടുതല്‍ റാഡിക്കലായ രൂപം കൈവരിച്ചു തുടങ്ങി. രാഷ്ട്രം തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതായിരുന്നു കാരണം. ബഅ്‌സ് പാരമ്പര്യത്തിന് കുറച്ചുകാലത്തോളം ഇറാഖില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞു. വിശിഷ്യ മധ്യ ഇറാഖിലും വടക്കന്‍ ഭാഗത്തും അറബ് സുന്നികള്‍ക്കിടയില്‍ വേര് പടര്‍ത്താന്‍ സ്വന്തം ഭരണ സ്ഥാപനങ്ങളുടെ ശൈഥില്യത്തിനും തകര്‍ച്ചക്കും ശേഷവും അവര്‍ക്ക് സാധിച്ചു. വിശാലമായ അറബ് തലത്തില്‍ സിറിയന്‍-ഇറാഖ് ബഅ്‌സ് വിഭാഗങ്ങള്‍ക്കിടയിലെ ഉള്‍പ്പോര് ഇപ്പോഴും തുടരുകയാണെന്നതിന്റെ നിദര്‍ശനം കൂടിയാണ് ഇറാഖിലെ പുതിയ സംഭവ വികാസങ്ങള്‍. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള അതിരുകള്‍ മായ്ച്ചുകൊണ്ട് ഒരു 'ദേശീയ ആഭ്യന്തര'യുദ്ധത്തിലേക്ക് വികസിക്കുകയാണത്. ഒരിടത്ത് രാജ്യം ഏതാണ്ട് തകര്‍ന്നു കഴിഞ്ഞു. സിറിയയിലാകട്ടെ അത് തകര്‍ച്ചയുടെ വക്കത്തുമാണ്. 

വിവ: വി.എ.കെ
(കടപ്പാട്: അല്‍ സഫീര്‍, ബൈറൂത്ത്) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 112-113
എ.വൈ.ആര്‍