Prabodhanm Weekly

Pages

Search

2014 ജൂലൈ 04

സകാത്ത് സമ്പദ്ഘടനയെ എങ്ങനെ മനുഷ്യപ്പറ്റുള്ളതാക്കുന്നു

എം.വി മുഹമ്മദ് സലീം /കവര്‍‌സ്റ്റോറി

         മാനവസമൂഹം ഇതഃപര്യന്തം പരീക്ഷിച്ച സാമ്പത്തിക വ്യവസ്ഥകളില്‍ മികച്ചു നില്‍ക്കുന്നത് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയാണ്. ഉല്‍പാദനം, വിതരണം, ഉപഭോഗം എന്നീ മേഖലകളിലെല്ലാം അന്യൂനമായ നിയമങ്ങളാണ് ഇസ്‌ലാമിക വ്യവസ്ഥയിലുള്ളത്. ഈ യാഥാര്‍ഥ്യം ഇസ്‌ലാമിന്റെ പല അനുയായികള്‍ക്കും അജ്ഞാതമാണ്. അതിനാല്‍ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഉപന്യസിക്കുന്നതിനു പകരം ധന വിതരണ പദ്ധതിയില്‍ ചര്‍ച്ച ഒതുക്കുകയാണ് പലരും ചെയ്തിട്ടുള്ളത്. സമ്പത്ത് ഉല്‍പാദിപ്പിക്കാനും സമ്പാദിക്കാനും പഠിപ്പിക്കാതെ ചെലവഴിക്കാനും വിതരണം ചെയ്യാനും മാത്രം പഠിപ്പിക്കുന്നത് യുക്തിസഹമല്ല.

         സമ്പത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം കല്‍പ്പിച്ചതായി കാണാം. പരിശുദ്ധ ഖുര്‍ആനില്‍ മാനവ സമൂഹത്തിന്റെ നിലനില്‍പിന്നാധാരമാണ് സമ്പത്ത് എന്ന് പഠിപ്പിച്ചിരിക്കുന്നു. ''അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിനാധാരമാക്കിയ സമ്പത്ത് അവിവേകികള്‍ക്ക് നല്‍കരുത്''(4:5).

         ദാരിദ്ര്യം അവിശ്വാസത്തിലേക്ക് നയിക്കുന്ന വിനയാണ് എന്ന് നബി(സ) തിരുമേനിയുടെ ശിക്ഷണത്തില്‍ നിന്ന് ഗ്രഹിക്കാം. അവിടുന്ന് അരുള്‍ ചെയ്തു: ''ദാരിദ്ര്യം സത്യനിഷേധത്തോളം എത്തിപ്പോവും.'' നബി(സ) തിരുമേനിക്ക് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങള്‍ എണ്ണിപ്പറയുന്ന കൂട്ടത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ തിരുമേനിയുടെ ദാരിദ്ര്യം ദൂരീകരിച്ച് ഐശ്വര്യം നല്‍കിയത് പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. ''നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ അല്ലാഹു നിനക്ക് ഐശ്വര്യം നല്‍കി'' (93:8).

         ഇസ്‌ലാമില്‍ ദാരിദ്ര്യമല്ല ഐശ്വര്യമാണ് അഭിലഷണീയമെന്ന് മനസ്സിലാക്കാന്‍ ഈ ഖുര്‍ആനിക വചനം മാത്രം മതി. സമ്പത്തിനോട് വ്യതിരിക്തമായ ഒരു വീക്ഷണമാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഇതാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ അത്യുന്നതമാക്കുന്നതും. സമ്പത്തിന്റെ നേരെയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് സംസ്‌കരിക്കാതെ സാമ്പത്തിക പരിഷ്‌കരണം അസാധ്യമാണ്. ജീവിതത്തിന്റെ നിലനില്‍പ്പിന്നാധാരമായ സമ്പത്ത് കൈയില്‍ കിട്ടിയവര്‍ സഹജീവികള്‍ക്ക് നല്‍കാതെ കെട്ടിപ്പൂട്ടി വെക്കുന്നത് കൊണ്ടുണ്ടാവുന്ന വിനയാണ് ആധുനിക സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ജീവിതവീക്ഷണവും സാമ്പത്തിക വീക്ഷണവും സങ്കുചിതമായിപ്പോയതിന്റെ ഫലമാണിത്.

         ഇരു ധ്രുവങ്ങളിലായി സ്ഥിതി ചെയ്യുന്ന രണ്ട് സാമ്പത്തിക വീക്ഷണങ്ങളാണ് ലോകത്ത് പ്രചരിച്ചിട്ടുള്ളത്; മുതലാളിത്ത വ്യവസ്ഥിതിയും സ്ഥിതിസമത്വ വ്യവസ്ഥിതിയും. ഇവ രണ്ടും നടപ്പിലാക്കിയ സമൂഹങ്ങളില്‍ മനുഷ്യന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ ബാക്കിയായി. അതിന്റെ കാരണം മേല്‍ സൂചിപ്പിച്ച വീക്ഷണ വൈകല്യമാണ്. സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഉടമാവകാശം, ഉല്‍പാദനം, മാനവവിഭവശേഷി എന്നീ ഘടകങ്ങളെക്കുറിച്ച് വ്യത്യസ്ത രീതിയില്‍ ചിന്തിച്ചപ്പോഴാണ് ഈ ധ്രുവീകരണമുണ്ടായത്. എന്നാല്‍, രണ്ട് സിദ്ധാന്തങ്ങളും നടപ്പാക്കിയ ഭൂപ്രദേശങ്ങളില്‍ ദരിദ്രരും ആവശ്യക്കാരും പെരുകുകയായിരുന്നു. സമൂഹത്തിലെ ക്രീമീ ലെയര്‍ ആഡംബരത്തിലും ക്ഷേമത്തിലും കഴിയുമ്പോള്‍ ദാരിദ്ര്യരേഖയുടെ താഴെക്കഴിയുന്ന ലക്ഷക്കണക്കിന് സഹജീവികളെ കാണാതെ പോവുന്നു. തങ്ങളുടെ സാന്നിധ്യം സമൂഹത്തെ അറിയിക്കാന്‍ ആധുനിക സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താന്‍ ദരിദ്രര്‍ക്ക് അവസരമുണ്ടായപ്പോഴാണ് സമ്പന്ന രാജ്യങ്ങളിലെ ദരിദ്രരുടെ അനുപാതം ലോകത്തെ അസ്വസ്ഥമാക്കിയത്.

         ഇല്ലാത്തവരെയും അധ്വാനിക്കുന്ന ജനകോടികളെയും ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ഉയര്‍ന്നുവന്ന സ്ഥിതിസമത്വവാദം ലക്ഷ്യം കണ്ടില്ല എന്നു മാത്രമല്ല, അത് നടപ്പാക്കിയ രാഷ്ട്രങ്ങള്‍ പലതും പ്രത്യയശാസ്ത്രപരമായ പശ്ചാത്താപം നടത്തുന്നതാണ് ലോകം കണ്ടത്. സ്ഥിതിസമത്വവാദം ഉദാത്തമായ ഒരാശയമാണ്. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള രാജവീഥി വെട്ടിത്തെളിയിക്കാനാവശ്യമായ ഉപാധികള്‍ അതിന്റെ വക്താക്കള്‍ക്ക് അന്യമാണ്. അതിനാല്‍ ദരിദ്രരില്ലാത്ത രാഷ്ട്രം എന്നത് അവരുടെ ഒരു മധുര സ്വപ്നമായി അവശേഷിച്ചു. മുതലാളിത്ത ശക്തികളെ വെല്ലാന്‍ പോന്ന ആയുധശേഷി നേടിയെടുത്ത സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ പൗരന്മാരുടെ പ്രാഥമികാവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കുന്നതില്‍ പോലും പരാജയപ്പെട്ടത് ലോകം കണ്ടു. ഇവിടെയാണ് പുതിയ ഒരു ബദല്‍ ചിന്ത പ്രസക്തമാവുക.

         ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ നടപ്പാക്കിയ കാലഘട്ടത്തില്‍ മാത്രമാണ് ദരിദ്രരില്ലാത്ത ഒരു സമൂഹം  ലോകത്ത് നിലവില്‍ വന്നത്. ആഗോള സാമ്പത്തിക സൗകര്യങ്ങള്‍ ഏറ്റവും പരിമിതമായ കാലത്താണ് ഇത് സംഭവിച്ചതെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അന്ന് വിഭവങ്ങള്‍ വളരെ കുറവായിരുന്നു. ഈ ചുരുങ്ങിയ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം സാധിച്ചു എന്നത്, ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ മികവു തന്നെ. എങ്ങനെയാണ് ഇസ്‌ലാം ഈ അത്ഭുതം സാധിച്ചത് എന്ന് പരിശോധിക്കുകയാണ് ഇവിെട.

സമ്പത്തിന്റെ ഉടമാവകാശം

         സമ്പത്ത് ആരുടേതാണ്? ഈ ചോദ്യത്തിന്റെ ഉത്തരം വളരെ പ്രധാനമാണ്. വ്യത്യസ്ത സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കിയത് ഈ ചോദ്യത്തിന്റെ ഉത്തരങ്ങളാണ്. ഉടമ വ്യക്തിയാവുമ്പോള്‍ ഉപയോഗം അയാള്‍ നിര്‍ണയിക്കുന്നത് മാത്രമാണ്. വിതരണം അയാളുടെ ആഗ്രഹമനുസരിച്ചാണ്. സമ്പാദനരീതി അയാള്‍ തീര്‍ച്ചപ്പെടുത്തുന്നതാണ്. മൂന്ന് വ്യത്യസ്ത വീക്ഷണങ്ങളാണ് ഉടമാവകാശത്തെക്കുറിച്ച് നിലനില്‍ക്കുന്നത്. സ്വകാര്യ ഉടമാവകാശം നിരുപാധികം അംഗീകരിക്കുന്ന വീക്ഷണമാണ് മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉള്ളത്. സോഷ്യലിസ്റ്റ് സിദ്ധാന്തം സ്വകാര്യ ഉടമാവകാശത്തെ പാടെ നിരാകരിക്കുന്നു. സമ്പത്ത് വ്യക്തികളുടെ ഉടമസ്ഥതയിലല്ല, രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലാണ് വേണ്ടത്. ഉല്‍പാദനം, വികസനം, വിതരണം എന്നീ മേഖലകളിലെല്ലാം അന്തിമമായി തീരുമാനമെടുക്കേണ്ടത് സ്റ്റേറ്റ് ആണ്. ഈ സോഷ്യലിസ്റ്റ് വീക്ഷണം കേള്‍ക്കാന്‍ ആകര്‍ഷകമാണ്. എന്നാല്‍, അത് നടപ്പാക്കിയപ്പോള്‍ അപ്രായോഗികമാണെന്ന് ബോധ്യം വന്നു. സ്വന്തമാക്കുക എന്നത് മനുഷ്യന്റെ നൈസര്‍ഗികമായ അഭിലാഷമാണ്. ഇത് പൂര്‍ണമായും അവഗണിക്കപ്പെടുമ്പോള്‍ ഉല്‍പാദനത്തിന്റെ അനിവാര്യ ഘടകമായ അധ്വാനം കാര്യമായി കുറഞ്ഞുപോവുന്നു. ഒരു യന്ത്രത്തെ പോലെ മനുഷ്യന് അധ്വാനിക്കാന്‍ കഴിയുകയില്ല. അവന്റെ കരുത്ത് മനസ്സില്‍ നിന്ന് ഉണ്ടാവണം. ഇക്കാരണത്താല്‍ സ്വകാര്യ ഉടമാവകാശത്തെ പൂര്‍ണമായും തള്ളിപ്പറയുന്നത് സാമ്പത്തിക വളര്‍ച്ചക്ക് ഒട്ടും സഹായകമല്ല.

         അധ്വാനിക്കുന്നവന്റെ ധാര്‍മികവീര്യം നഷ്ടപ്പെടുത്തി ജോലി ചെയ്യിപ്പിക്കുമ്പോഴും ഇതേ പ്രതികൂല ഫലം ഉളവാകും. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ വലിയ വിടവുണ്ടാവുമ്പോള്‍ അത് ആത്മാര്‍ഥതയെയും അധ്വാനിക്കാനുള്ള താല്‍പര്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇതാണ് മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉല്‍പാദനത്തിന്റെ വളര്‍ച്ച മുരടിക്കാന്‍ കാരണമാകുന്നത്. ഇതിനുനുപകരം വെക്കാനാണ് യന്ത്രവത്കരണം നടപ്പാക്കിയത്. അത് പ്രശ്‌നത്തിന് പരിഹാരമായി. എന്നാല്‍ തൊഴിലില്ലായ്മ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ വിഴുങ്ങിക്കളഞ്ഞു. ദാരിദ്ര്യം കൂടുതല്‍ രൂക്ഷമായി. 

         ഇസ്‌ലാം സ്വകാര്യ ഉടമാവകാശത്തെ നിബന്ധനകളോടെ അംഗീകരിക്കുന്നു. ഇസ്‌ലാമിക വീക്ഷണത്തില്‍ യഥാര്‍ഥ ഉടമ പ്രപഞ്ചനാഥനായ സ്രഷ്ടാവ് മാത്രമാണ്. സമ്പത്തിന്റെ കൈകാര്യാവകാശമാണ് മനുഷ്യന് ലഭിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ ഇതു വിശദീകരിച്ചു കൊണ്ട് പറയുന്നു: ''അവന്‍ നിങ്ങള്‍ക്ക് കൈകാര്യാധികാരം നല്‍കിയ സമ്പത്തില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക'' (57:7). യഥാര്‍ഥ ഉടമ അല്ലാഹുവാണ് എന്ന് അംഗീകരിക്കുന്നതോടു കൂടി പൊതുജനാവശ്യങ്ങള്‍ക്ക് വ്യക്തികളുടെ സ്വന്തം ആവശ്യങ്ങളേക്കാള്‍ മുന്‍ഗണന കല്‍പിക്കപ്പെടുന്നു. ഇവിടെ സ്വത്തിന്റെ പ്രയോജനം പൊതുസമൂഹത്തിനു ലഭ്യമാവും. മാനവവിഭവങ്ങള്‍ ഉല്‍പാദനത്തിന് ഏറ്റവും അനുഗുണമായ രീതിയില്‍ ഉപയോഗിക്കാന്‍ ഈ ഉടമാവകാശ വീക്ഷണം സഹായകമാവുന്നു. 

സാമ്പത്തിക വളര്‍ച്ചയും 
മാനവവിഭവങ്ങളും

         സമ്പത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത് ഉല്‍പാദനമാണ്. മൂലധനവും അധ്വാനവുമാണ് ഇതിന്നനിവാര്യമായ രണ്ടു പ്രധാന ഘടകങ്ങള്‍. മൂലധനം പ്രയോജനകരമായ കാര്യങ്ങള്‍ക്കുപയോഗിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നു. ഉല്‍പാദന മേഖലയിലിറക്കാതെ പൂഴ്ത്തി വെക്കുന്നത് പാപമാണ്. ഇതിലൂടെ പരമാവധി ധനം ഉല്‍പാദന മേഖലയിലെത്തുന്നു. അധ്വാനം ആരാധനയാണെന്ന് അനുയായികളെ പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. ഒരാള്‍ കഴിക്കുന്ന ഏറ്റവും ഉത്തമമായ ആഹാരം സ്വന്തം അധ്വാനഫലമായി ലഭിക്കുന്നതാണെന്ന് തിരുമേനി(സ) പഠിപ്പിച്ചു. ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന നിഷ്‌കപട മനസ്സുമായാണ് വിശ്വാസികള്‍ ഉല്‍പാദനരംഗത്ത് അധ്വാനിക്കേണ്ടത്. അധ്വാനേശഷി വര്‍ധിക്കുന്തോറും ഉല്‍പാദനവും വര്‍ധിക്കും. അതിനാല്‍ അധ്വാനത്തിന് കാലപരിധി നിര്‍ണയിച്ച് വിശ്രമിക്കാന്‍ വിടുന്ന രീതി ഇസ്‌ലാമിലില്ല. അവശനാകുന്നതു വരെയാണ് അധ്വാനിക്കേണ്ടത്; ഒരു നിശ്ചിത പ്രായപരിധി വരെയല്ല. സമൂഹത്തിന്റെ വിഭവങ്ങള്‍ അനുഭവിക്കുമ്പോള്‍ ആവുന്നത്ര പകരം നല്‍കുകയാണ് ഓരോ പൗരനും ചെയ്യേണ്ടത്. ഇസ്‌ലാമിന്റെ ഈ ശിക്ഷണങ്ങള്‍ ഉല്‍പാദനം പരമാവധി വര്‍ധിപ്പിക്കാനും അതിലൂടെ സാമ്പത്തിക പുരോഗതി കൈവരിക്കാനും സഹായകമാണ്.          

സകാത്ത്

         ഇസ്‌ലാമിക സൗധം അഞ്ച് സ്തംഭങ്ങളില്‍ പണിതുയര്‍ത്തപ്പെട്ടതാണ്. ഇതിന്റെ മധ്യത്തിലുള്ള സ്തംഭമാണ് സകാത്ത്. തൗഹീദ്, നമസ്‌കാരം എന്നിവക്ക് ശേഷം സകാത്തിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. വ്രതാനുഷ്ഠാനവും ഹജ്ജും പിന്നീടാണ് പറഞ്ഞിട്ടുള്ളത്. സകാത്തിന്റെ പ്രാധാന്യം ഗ്രഹിക്കാന്‍ ഇതു തന്നെ ധാരാളം മതി. സകാത്ത് നിഷേധം വിശ്വാസരാഹിത്യത്തിന്റെ തെളിവായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''ബഹുദൈവാരാധകര്‍ക്ക് നാശം. അവര്‍ സകാത്ത് നല്‍കുന്നില്ല. പരലോകത്തില്‍ അവര്‍ക്ക് വിശ്വാസവുമില്ല''(41:6,7).

         പ്രത്യക്ഷത്തില്‍ സാമ്പത്തിക വിനിമയം വിശദീകരിക്കുന്ന നിയമാവലിയാണ് സകാത്ത്‌വ്യവസ്ഥ. എന്നാല്‍ വിശദമായ നിരീക്ഷണത്തില്‍ സമ്പത്തിന്റെ വളര്‍ച്ചക്കും പോഷണത്തിനും അനിവാര്യമായ സുപ്രധാന നിര്‍ദേശങ്ങള്‍ ഈ നിയമങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതായി കാണാം. സമ്പത്ത് ദൈവപ്രീതിക്കൊത്ത് ചെലവഴിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം, കൂടുതല്‍ സമ്പാദിക്കാനും സമൂഹത്തിനാകെ സാമ്പത്തിക സുസ്ഥിതി കൈവരിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഇസ്‌ലാം നല്‍കുന്നുണ്ട്. സകാത്ത് കൊടുക്കുന്നത് സമ്പത്തിന്റെ പോഷണത്തിനും വര്‍ധനവിനും സഹായകമാവുമെന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ''ജനങ്ങളുടെ സമ്പത്ത് വളരാനായി നിങ്ങള്‍ നല്‍കുന്ന പലിശ അല്ലാഹുവിങ്കല്‍ വളരുന്നില്ല. എന്നാല്‍ ദൈവപ്രീതി കാംക്ഷിച്ച് നിങ്ങള്‍ നല്‍കുന്ന സകാത്ത് നല്‍കുന്നവരുടെ സമ്പത്തിനെ ഇരട്ടിയാക്കുന്നു'' (30:39). ഈ ഖുര്‍ആന്‍ സൂക്തത്തില്‍ പാരത്രിക പ്രതിഫലം ഇരട്ടിയിരട്ടിയായി ലഭിക്കുമെന്ന് നേര്‍ക്കുനേരെ പഠിപ്പിക്കുന്നതോടൊപ്പം ഭൗതിക ലോകത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാവുമെന്നും സൂചനയുണ്ട്. പലിശ ഭൗതികമായിത്തന്നെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമാകുമെന്ന് ആഗോള സാമ്പത്തിക  മാന്ദ്യത്തില്‍ നിന്ന് ലോകം ഗ്രഹിച്ചിട്ടുള്ളതാണ്. സകാത്ത് എങ്ങനെയെല്ലാമാണ് സാമ്പത്തിക വളര്‍ച്ചക്ക് സഹായകമാവുന്നതെന്ന് നോക്കാം.

         നാം ഒരാചാരം പോലെ ശീലിച്ച സകാത്തിനെക്കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്. ഇസ്‌ലാം പഠിപ്പിച്ചതും നബി(സ) തിരുമേനിയും അനുചരന്മാരും പ്രാവര്‍ത്തികമാക്കി കാണിച്ചു തന്നതുമായ സകാത്തിനെക്കുറിച്ചാണ്. ദുഃഖകരമെന്ന് പറയട്ടെ നാമത് എന്നോ മറന്നുപോയിരിക്കുന്നു.

സകാത്ത് ഉദ്യോഗസ്ഥര്‍  

         അധികാരമുള്ള ഒരു ശക്തിയാണ് സകാത്ത് വ്യവസ്ഥ നടപ്പാക്കേണ്ടത്. അതിനുവേണ്ടി നടത്തുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങളിലൊന്ന് സകാത്ത് കൃത്യമായി കണക്കാക്കാനും   ശേഖരിക്കാനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുക എന്നതാണ്. ഈ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാനായി സകാത്തിന്റെ ഒരു വിഹിതം നിശ്ചയിച്ചിട്ടുമുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ സകാത്തിന്റെ അവകാശികളെ എണ്ണിപ്പഠിപ്പിക്കുന്നേടത്ത് ദരിദ്രര്‍ക്ക് തൊട്ടു പിറകില്‍ ഈ ഉദ്യോഗസ്ഥെരയാണ് എടുത്തു പറഞ്ഞിട്ടുള്ളത് (9:60). 

         രാഷ്ട്രത്തിന്റെ വാര്‍ഷിക ബജറ്റ് തയാറാക്കാന്‍ ചില പ്രധാന വിവരങ്ങള്‍ ആവശ്യമാണ്. വരവിനങ്ങളും മൊത്തം വരുമാന സംഖ്യയും ചെലവിനങ്ങളും ആകെ ചെലവാക്കേണ്ട തുകയും ഇതില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നു. പുതുതായി ഉണ്ടാവുന്ന ചെലവുകള്‍, വരുമാനം വര്‍ധിപ്പിക്കാനുള്ള ആസൂത്രണങ്ങള്‍, ചെലവുകള്‍ നേരിടാന്‍ വേണ്ട തയറെടുപ്പുകള്‍ എന്നിവയും പ്രധാനമാണ്. ഈ വിവരങ്ങളെല്ലാം വിശദമായി ശേഖരിക്കാനുള്ള സംവിധാനമുണ്ട് സകാത്ത് വ്യവസ്ഥയില്‍. പൗരന്മാരുടെ പൂര്‍ണ വിവരങ്ങള്‍ തയാറാക്കി സകാത്ത് നല്‍കാന്‍ സാമ്പത്തിക ശേഷിയുള്ളവരെയും അവരില്‍ നിന്ന് സമാഹരിക്കാന്‍ സാധിക്കുന്ന ധനത്തിന്റെയും കണക്ക് ഈ സംവിധാനത്തിലൂടെ ശേഖരിക്കാം. ഇതിലൂടെ രാഷ്ട്രത്തിന്റെ ആകെയുള്ള സമ്പത്ത് കൃത്യമായി കണക്കാക്കാനും സാധിക്കുന്നു. ഇതോടൊപ്പം സകാത്തിന്റെ ചെലവിനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കും. ദരിദ്രരും അഗതികളും ആവശ്യക്കാരും എത്രയെന്നും അവരുടെ ആവശ്യം നിവൃത്തിച്ചു കൊടുക്കാന്‍ വേണ്ട ധനമെത്രയെന്നും കൃത്യമായി കണക്കാക്കാനും, രാഷ്ട്രത്തിന്റെ അധ്വാനശേഷി വിശദമായി കണ്ടെത്താനും ഇതേ പഠനത്തിലൂടെ സാധിക്കുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം നിര്‍ദേശിക്കുക ഈ പഠനത്തിലൂടെ എളുപ്പമായിരിക്കും. ബൃഹത്തായ ഈ സംവിധാനത്തിലെ ഉദ്യോഗസ്ഥരെയാണ് വിശുദ്ധ ഖുര്‍ആന്‍ 'സകാത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍''എന്ന അര്‍ഥത്തിലുള്ള 'അല്‍ ആമിലീന അലൈഹാ' എന്ന് പരാമര്‍ശിക്കുന്നത്.

         സകാത്ത് ശേഖരിക്കുന്നതിനു മുമ്പ് ഓരോ പൗരനും സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണോ അല്ലയോ, ആണെങ്കില്‍ അയാള്‍ നല്‍കേണ്ട സകാത്ത് എത്ര എന്നെല്ലാം കണക്കാക്കേണ്ടത് ഈ ഉദ്യോഗസ്ഥരാണ്. ആധുനിക സാമ്പത്തിക വ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ സാമ്പത്തികശേഷി കണക്കാക്കിക്കൊണ്ടാണ് ഭരണാധികാരികള്‍ സാമ്പത്തിക വികസനത്തിനു വേണ്ട പദ്ധതി തയാറാക്കുന്നത്. ഇസ്‌ലാമിക സംവിധാനത്തില്‍ സമ്പന്നരുടെ സാമ്പത്തിക ശേഷിയും പൗരന്മാരില്‍ സകാത്ത് നല്‍കാന്‍ കഴിവുള്ളവരുടെ കൃത്യമായ കണക്കും തയാറാക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക ശേഷി എത്രയെന്ന് ഗ്രഹിക്കാനുള്ള അവസരം ഉണ്ടാവുന്നു. ദേശീയ സാമ്പത്തിക ശേഷിയുടെ വിശദമായ കണക്കെടുപ്പാണ് വര്‍ഷം തോറും സകാത്ത് വ്യവസ്ഥയിലൂടെ രാഷ്ട്രത്തില്‍ നടപ്പാകുന്നത് എന്നര്‍ഥം.

         സകാത്ത് സംഭരിക്കാന്‍ മാത്രമല്ല വിതരണം ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. സകാത്തിലൂടെ ദരിദ്രരുടെ ആവശ്യം പൂര്‍ണമായും പരിഹരിച്ചിരിക്കണം. ഇങ്ങനെ സകാത്തിനര്‍ഹരായവരുടെ കണക്കെടുക്കുമ്പോള്‍ അവര്‍ക്ക് ജീവസന്ധാരണത്തിന് അവലംബിക്കാന്‍ സാധിക്കുന്ന ജോലികളെക്കുറിച്ചും പഠനം നടക്കേണ്ടതുണ്ട്. സമൂഹത്തില്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് അധ്വാനിക്കുന്ന ജനവിഭാഗമധികവും. ഇവര്‍ക്ക് വരുമാനമുണ്ടാക്കുന്ന തൊഴിലുകള്‍ സജ്ജീകരിച്ചു കൊടുക്കുക എന്നത് രാഷ്ട്രത്തിന്റെ ബാധ്യതയാണ്. സകാത്ത് വിതരണത്തിനു വേണ്ടിയുള്ള കണക്കെടുപ്പിലൂടെ രാജ്യത്തെ മാനവ വിഭവശേഷിയെക്കുറിച്ച കൃത്യമായ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നതിനാല്‍ അനുയോജ്യമായ ജോലി കണ്ടെത്തുക സുസാധ്യമാകും. ആധുനിക കാനേഷുമാരിയില്‍ സ്വീകരിക്കപ്പെടുന്ന തത്ത്വങ്ങള്‍ ഇസ്‌ലാം വര്‍ഷം തോറും പൗരന്മാരില്‍ നടപ്പാക്കുന്ന രീതിയാണ് സകാത്തിലൂടെ നാം കാണുന്നത്. മൂലധനവും അധ്വാനശേഷിയും കൃത്യമായി കണക്കാക്കിയാല്‍ മാത്രമേ സാമ്പത്തിക വികസനത്തിനുള്ള പദ്ധതികള്‍ വിജയകരമായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സാധിക്കുകയുള്ളൂ.

         വര്‍ഷംതോറും ദരിദ്രരുടെ കണക്കെടുക്കുന്നത് അവരുടെ ദാരിദ്ര്യം പരിഹരിക്കാനുള്ള ലക്ഷ്യത്തോടു കൂടിയാണ്. അതിനാല്‍ തുടര്‍ന്നുള്ള കണക്കെടുപ്പുകളില്‍ ദരിദ്രരുടെ എണ്ണം കുറഞ്ഞുവരുന്നത് കൃത്യമായി നിരീക്ഷിക്കാനും ക്രമേണ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനും ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥ സഹായകമാവുന്നു. വിഭവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാല്‍ സാമ്പത്തിക വികസനത്തിന്  പ്ലാന്‍ ചെയ്യാനും, വികസനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാനവവിഭവശേഷി തിട്ടപ്പെടുത്താനും സമയബന്ധിതമായി വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും സാധിക്കുന്നു. ഇത് രാഷ്ട്രത്തിന്റെ സമ്പദ്‌ശേഷി വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സൂക്ഷ്മ നിരീക്ഷണത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഇന്ന് ലോകത്ത് നടപ്പുള്ള മറ്റേത് സംവിധാനത്തെക്കാളും കുറ്റമറ്റതാണ് ഇസ്‌ലാമിക സകാത്ത് വ്യവസ്ഥയില്‍ സ്വീകരിച്ച രീതി എന്ന് കാണാം.

ഫഖീര്‍, മിസ്‌കീന്‍

         ഏതൊരു സമൂഹത്തിലും സാമ്പത്തികമായി പിന്നാക്കമുള്ള അധ്വാനിക്കുന്നവരാണ് ഭൂരിപക്ഷം. ഇവരുടെ ക്ഷേമവും ഉന്നമനവും മൊത്തം സമൂഹത്തിന്റെ ക്ഷേമത്തിന്നും ഉന്നമനത്തിനും അനിവാര്യമാണ്. പരിശുദ്ധ ഖുര്‍ആനില്‍ സകാത്തിന്റെ അവകാശികളെ പറയുന്നേടത്ത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരെയാണ് ആദ്യം എടുത്തു പറഞ്ഞിട്ടുള്ളത്. സാമ്പത്തിക ശേഷിയില്ലാത്ത ദരിദ്രരെ രണ്ടായി തരംതിരിച്ചാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ഒട്ടും സാമ്പത്തിക ശേഷിയില്ലാത്ത 'ഫഖീര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗമാണ് ഒന്നാമത്തേത്. സ്വന്തമായി സമ്പാദിക്കാന്‍ മൂലധനം ഒട്ടുമില്ലാത്തവരാണ് ഈ വിഭാഗം. ഇവരാണ് ദരിദ്രരില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നവര്‍. ചില്ലറ സാമ്പത്തിക സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ആവശ്യത്തിനു മതിയാവുന്നത്ര ഇല്ലാത്തതിനാല്‍ പരാധീനതയനുഭവിക്കുന്നവരാണ് രണ്ടാമതായി പറഞ്ഞ 'മിസ്‌കീന്‍.' പരമ ദരിദ്രരുടെ തൊട്ടു മീതെയുള്ള ഈ വിഭാഗം സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ചക്ക് അനിവാര്യമായ സേവനങ്ങളര്‍പ്പിക്കാന്‍ കെല്‍പ്പുറ്റവരാണ്. അവര്‍ക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുക എന്നതാണ് സമൂഹത്തിന്റെ ബാധ്യത.

         സാമ്പത്തിക വളര്‍ച്ചയില്‍ നിത്യേനയെന്നോണം പങ്കു വഹിക്കുന്ന ഘടകമാണ് വിപണി. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്രയശേഷി (purchasing power) വര്‍ധിക്കുന്തോറും വിപണി കൂടുതല്‍ സജീവമാകും. ഇതാണ് സകാത്ത് വിതരണം ചെയ്യുമ്പോള്‍ ആദ്യമായി ഈ രണ്ട് വിഭാഗങ്ങളെയും പരിഗണിക്കാന്‍ കല്‍പ്പിച്ചതിന്റെ രഹസ്യം. പണക്കാരായ കച്ചവടക്കാര്‍ തങ്ങളുടെ സകാത്ത് ഫഖീര്‍, മിസ്‌കീന്‍ എന്നീ വിഭാഗങ്ങളില്‍പെട്ട ദരിദ്രരുടെ കൈയിലെത്തിക്കുമ്പോള്‍ അത് തിരിച്ചു വന്ന് വിപണിയെ സജീവമാക്കാനും തദ്വാരാ വ്യാപാരം വര്‍ധിപ്പിക്കാനും ലാഭവിഹിതം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മറിച്ച് സാധാരണക്കാര്‍ക്ക് വാങ്ങാനുള്ള ശേഷി കുറഞ്ഞ് പോവുകയാണെങ്കില്‍ അത് വിപണിയെ പ്രതികൂലമായി ബാധിക്കുകയും സാമ്പത്തിക മാന്ദ്യത്തിന് കാരണമാവുകയും ചെയ്യും. പലിശ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്നു. തല്‍ഫലമായി അവര്‍ക്ക് ക്രയശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനാല്‍ സാമ്പത്തിക മാന്ദ്യമാണ്, വളര്‍ച്ചയല്ല പലിശ കൊണ്ടുണ്ടാവുന്നത്. ഇതാണ് വിശുദ്ധ ഖുര്‍ആനില്‍ സകാത്ത് നല്‍കുന്നത് സാമ്പത്തിക വളര്‍ച്ചക്ക് സഹായകമാണെന്ന് പഠിപ്പിച്ചതിന്റെ പൊരുള്‍.

ഹൃദയങ്ങള്‍ ഇണങ്ങിയവര്‍

         പൗരന്മാരുടെ ഐക്യവും പരസ്പര സഹകരണവും സാമൂഹികഭ്രദതയും സാമ്പത്തിക പുരോഗതിക്ക് അനിവാര്യമാണ്. ആദര്‍ശപരമായി വ്യത്യസ്ത ആശയങ്ങള്‍ വെച്ചു പുലര്‍ത്തുന്ന സമൂഹത്തില്‍ ഛിദ്രതയും വിവേചനവും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇത് സാമൂഹിക വളര്‍ച്ചക്കെന്ന പോലെ സാമ്പത്തിക സുസ്ഥിതിക്കും വിഘാതമായിത്തീരും. ഭൂരിപക്ഷ സമൂഹത്തിന്റെ ആശയങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ അവരുമായി സഹവര്‍ത്തിത്വത്തിനു സന്നദ്ധരായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് സാമ്പത്തിക പരാധീനതയും പ്രയാസങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്റെ പുരോഗതിയില്‍ ഒരേ മനസ്സോടു കൂടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ ന്യൂനപക്ഷത്തിന് സൗകര്യമുണ്ടാവണം. അവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. സകാത്തിന്റെ വിതരണത്തിന് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന നാലാമത്തെ ഇനം ഈ ന്യൂനപക്ഷങ്ങളെ ഉദേശിച്ചുള്ളതാണ്. ഹൃദയങ്ങള്‍ ഇണങ്ങിയവര്‍ എന്നാണ് ഖുര്‍ആനിക പ്രയോഗത്തിന്റെ നേര്‍ക്കുനേരെയുള്ള പരിഭാഷ. രാജ്യത്ത് ആശയപരമായി അഭിപ്രായവ്യത്യാസമുള്ള ഭൂരിപക്ഷത്തോട് ഇണങ്ങിച്ചേര്‍ന്ന് പൗരത്വം സ്വീകരിച്ച് ജീവിക്കാന്‍ സന്നദ്ധരായ ന്യൂനപക്ഷമാണ് അവര്‍. അവരുടെ ജീവിത നിലവാരം ഉയര്‍ത്തി മുഖ്യധാരയോടൊപ്പം മുന്നോട്ടു പോവാന്‍ അവരെ പ്രാപ്തരാക്കുകയാണ് സകാത്തിന്റെ വിഹിതം നല്‍കാന്‍ പ്രത്യേകം നിര്‍ദേശിച്ചതു കൊണ്ട് ലക്ഷ്യമാക്കുന്നത്. സമൂഹത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഈ ഇടപെടല്‍ അനിവാര്യമാണ്.

അടിമ വിമോചനം

         സ്വാതന്ത്ര്യം അധ്വാനിക്കാനും സമ്പാദിക്കാനുമുള്ള ആവേശം പകരുന്നു. പാരതന്ത്ര്യം മനുഷ്യരെ നിഷ്‌ക്രിയരാക്കുന്നു. സ്വതന്ത്രരുടെ സമൂഹമാണ് സാംസ്‌കാരികമായും നാഗരികമായും പുരോഗമിക്കുക. സ്വതന്ത്രമായി ക്രയ വിക്രയങ്ങളില്‍ ഏര്‍പ്പെടുന്ന സമൂഹമാണ് വിപണിയെ സജീവമാക്കി നിര്‍ത്തുക. സമ്പാദിക്കുന്നത് സ്വന്തം കണക്കില്‍ രേഖപ്പെടുത്താന്‍ കഴിയാത്തവനാണ് പരതന്ത്രന്‍. സാമ്പത്തിക വിനിമയങ്ങളിലേര്‍പ്പെടാന്‍ അയാള്‍ക്ക് ഉള്‍വിളി ഉണ്ടാവുകയില്ല. ഇത് സാമ്പത്തിക വികാസത്തിനു വിഘാതമായി നില്‍ക്കുമെന്നത് പറയേണ്ടതില്ല. മാനവ സമത്വവും സാഹോദര്യവും പരിഗണിച്ച് അടിമകളെ സ്വതന്ത്രരാക്കാനുള്ള സുചിന്തിതമായ ഒരു പദ്ധതി ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുണ്ട്. അടിമ വിമോചനവും സാമൂഹിക പരിഷ്‌കരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രസ്തുത പദ്ധതിയില്‍ ആവശ്യമായി വരുന്ന ധനസമാഹരണം പ്രധാനമായും സകാത്തിന്റെ ഒരു വിഹിതത്തില്‍ നിന്നാണ്. ഇങ്ങനെ ഒരു വിഹിതം മാറ്റി വെക്കുക വഴി പാരതന്ത്ര്യത്തിന് അറുതിവരുത്തുന്നതോടൊപ്പം സമൂഹത്തിന്റെ സാമ്പത്തിക സന്തുലിതത്വം നിലനിര്‍ത്താനും സാധിക്കുന്നുണ്ട്. സാമ്പത്തിക പരാധീനത പോലെ തന്നെ ദുഷ്‌കരമാണ് മാനസികമായ അടിമത്തം. ഏകദൈവവിശ്വാസത്തിലൂടെ ആത്മാഭിമാനം തിരിച്ചു കിട്ടിയ മനുഷ്യര്‍ക്ക് അതിന്റെ പരിപൂര്‍ത്തി അടിമത്ത മോചനത്തിലൂടെ ലഭ്യമാവുന്നു. ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വില കല്‍പിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമായി നേരത്തെ അടിമകളായിക്കഴിഞ്ഞിരുന്നവര്‍ മാറിക്കഴിയുമ്പോള്‍ അവരില്‍ നൈസര്‍ഗികമായി ഒളിഞ്ഞു കിടക്കുന്ന അനേകം കഴിവുകള്‍ പുറത്തു വരും. അത് സാമൂഹിക ജീവിതത്തില്‍ വിലപ്പെട്ട സംഭാവനകളായി രൂപാന്തരപ്പെടുന്നു.   

കടബാധിതര്‍

         സാമ്പത്തിക ഇടപാടുകളില്‍ ലാഭവും നഷ്ടവും സ്വാഭാവികമാണ്. നഷ്ടം ഇടപാടുകാരെ കടം വാങ്ങാന്‍ നിര്‍ബന്ധിതരാക്കും. ഇസ്‌ലാമില്‍ കടം നല്‍കുന്നത് ഒരു മഹത്തായ പുണ്യകര്‍മമാണ്. കടം തിരിച്ചുനല്‍കേണ്ടത് വാങ്ങുന്നവന്റെ ബാധ്യതയാണ്. എന്നാല്‍, സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോള്‍ ഈ ബാധ്യത വേണ്ടതു പോലെ നിറവേറ്റാന്‍ സാധിക്കാതെ വരും. അഭിമാനിയായ ഒരു വ്യക്തിക്ക് ഏറെ ദുസ്സഹമാണ് അവധിയെത്തിയ കടം തിരിച്ചു നല്‍കാന്‍ കഴിയാതിരിക്കുക എന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘടിത നമസ്‌കാരം നിര്‍വഹിക്കാന്‍ പോവുന്നതിനു പോലും ഇളവ് ഉണ്ടെന്നാണ് ഇസ്‌ലാമിക കര്‍മ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. കടബാധ്യത നിയന്ത്രണാതീതമാവുമ്പോള്‍ മാനഹാനി സഹിക്കാന്‍ കഴിയാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ഇന്ന് സാധാരണമാണ്. സാക്ഷാല്‍ അടിമത്തത്തില്‍ നിന്ന് പൗരന്മാര്‍ മോചിതരാവുന്നതോടൊപ്പം സാമ്പത്തിക അടിമത്തത്തില്‍ നിന്നും അവര്‍ക്ക് മോചനം വേണം. എന്നാലേ സാമ്പത്തിക സുസ്ഥിതി കൈവരിക്കാനാവൂ. സകാത്തിന്റെ ആറാമത്തെ ഇനം അവകാശികളാണ് കടബാധിതര്‍. കടം കാരണം പൗരന്മാര്‍ ജീവനൊടുക്കേണ്ട സാഹചര്യം ഉണ്ടാവാതിരിക്കാന്‍ പൊതു ഖജനാവില്‍ നിന്ന് അവരുടെ സാമ്പത്തിക ബാധ്യത പൂര്‍ണമായും പരിഹരിച്ചു കൊടുക്കുന്നു.

ദേശസുരക്ഷ, ഭരണപരിഷ്‌കരണം

         ഭരണപരിഷ്‌കരണത്തിനും ദേശസുരക്ഷക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവെച്ചിട്ടുള്ളതാണ് സകാത്തിന്റെ ഏഴാമത്തെ വിഹിതം. ദേശസുരക്ഷ സാമ്പത്തിക വളര്‍ച്ച നിലനില്‍ക്കാന്‍ അനിവാര്യമാണ്. ഭീതിദമായ ഒരു സമൂഹത്തില്‍ വിപണി പച്ച പിടിക്കുകയില്ല. യുദ്ധകാലത്ത് സാമ്പത്തിക മാന്ദ്യമുണ്ടാകും. ദേശസുരക്ഷക്ക് സായുധ സന്നാഹം ആവശ്യമായി വരും. നല്ല പണച്ചെലവുള്ള മേഖലയാണിത്. ദേശസുരക്ഷക്ക് ശത്രുവിനെ നേരിടാനുള്ള സന്നദ്ധതക്കൊപ്പം പൗരജനങ്ങള്‍ക്ക് ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊടുക്കാനും, മുറുമുറുപ്പും പ്രതിഷേധവും പരമാവധി കുറക്കാനും ശ്രദ്ധിക്കേണ്ടിവരും. ഭരണപരിഷ്‌കാരങ്ങളും വികസനപ്രവര്‍ത്തനങ്ങളും വ്യവസ്ഥാപിതമായി നിര്‍വഹിച്ചുക്കൊണ്ടിരുന്നാലേ പൗരന്മാര്‍ക്ക് സുരക്ഷിതത്വബോധം അനുഭവപ്പെടുകയുള്ളൂ. ഈ ഇനത്തിന് 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍' എന്നര്‍ഥമുള്ള 'ഫീ സബീലില്ലാഹി' എന്ന പ്രയോഗമാണ് പരിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ളത്. രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും ആവശ്യമായതെല്ലാം ഈ ഇനത്തില്‍ പെടുന്നു. ആയുധ ഫാക്ടറികള്‍, ഗവേഷണാലയങ്ങള്‍, സര്‍ക്കാര്‍ നടത്തുന്ന വ്യവസായശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ഇനത്തില്‍ ഉള്‍പ്പെടുന്നു. പൊതുഖജനാവില്‍ നിന്ന് ധനം ചെലവഴിക്കേണ്ട സേവനങ്ങളാണിവയത്രയും.

സഞ്ചാരികളും അഭയാര്‍ഥികളും

         അനേകം ആവശ്യങ്ങള്‍ക്കായി മനുഷ്യര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. കാല്‍നടയായും വ്യത്യസ്ത വാഹനങ്ങളുപയോഗിച്ചും സഞ്ചാരം നടത്തുന്നവരുണ്ട്. വിജ്ഞാന സമ്പാദനത്തിനോ പുരാവസ്തു ഗവേഷണത്തിനോ ദൃശ്യങ്ങളും കാഴ്ചകളും ആസ്വദിക്കുന്നതിനോ വിനോദസഞ്ചാരത്തിനോ ഏതിനായിരുന്നാലും യാത്രകള്‍ സംസ്‌കാരത്തിനും നാഗരികതക്കും മുതല്‍ക്കൂട്ടാണ്. ജന്മനാട്ടില്‍ അനുയോജ്യമായ തൊഴില്‍ ലഭ്യമല്ലാത്തപ്പോഴും മറ്റു തരത്തില്‍ ജീവിതം വഴിമുട്ടുമ്പോഴും ജനങ്ങള്‍ യാത്ര ചെയ്യാറുണ്ട്. പുണ്യ കര്‍മങ്ങള്‍ നിര്‍വഹിക്കാനായി ദീര്‍ഘദൂരം സഞ്ചരിക്കുന്നവരുണ്ട്. യാത്രക്കെത്ര തന്നെ സന്നാഹങ്ങളൊരുക്കിയാലും പ്രയാസങ്ങളില്‍ നിന്ന് പൂര്‍ണമായും അത് മുക്തമാവുകയില്ല. പരസഹായം പലപ്പോഴും പഥികന് വേണ്ടിവരും. 

         ജനിച്ചു വളര്‍ന്ന വീടും നാടും വിട്ട് സഞ്ചരിക്കുമ്പോള്‍ മനസ്സില്‍ കയറിക്കൂടുന്ന അന്യഥാ ബോധം മനുഷ്യനെ ദുര്‍ബലനാക്കുന്നു. മൂല്യങ്ങളും തത്ത്വങ്ങളും അവന്‍ മറന്നുകളഞ്ഞെന്നുവരും. തെറ്റുകുറ്റങ്ങളിലേക്ക് അതിവേഗം ചെന്നു ചാടാന്‍ ഇത് മനസ്സിനെ പാകപ്പെടുത്തുന്നു. ഇക്കാരണങ്ങളാല്‍ യാത്രക്കാരന്‍ എല്ലായിടത്തും നിരീക്ഷിക്കപ്പെടുന്നു. അപരിചിതരെ ആളുകള്‍ ഭയപ്പെടുന്നു. ഇതെല്ലാം യാത്രക്കാരനെ ഏറെ കഷ്ടപ്പെടുത്തുന്നു. സകാത്തിന്റെ എട്ടാമത്തെ വിഹിതം ഇങ്ങനെ വഴിയാധാരമായിത്തീര്‍ന്ന മനുഷ്യരുടെ സഹായത്തിനും സംരക്ഷണത്തിനും നീക്കി വെച്ചിരിക്കുന്നത് അതിനാല്‍ വളരെ പ്രസക്തമാണ്. 

         ഇവരേക്കാളൊക്കെ ഒറ്റപ്പെട്ടു പോവുന്ന സഞ്ചാരികളാണ് അഭയാര്‍ഥികള്‍. ജന്മനാട്ടിലേക്ക് തിരിച്ചു പോവാന്‍ സാധിക്കുകയില്ലെന്ന വ്യഥയോടൊപ്പം കാലിയായ കൈയും കീശയുമായി ഒരപരിചിത നാട്ടില്‍ അഭയംതേടുന്ന മനുഷ്യരാണ് അഭയാര്‍ഥികള്‍. ഇവരുടെ സംസ്‌കരണവും സംരക്ഷണവും വ്യവസ്ഥാപിതമായി നടന്നില്ലെങ്കില്‍ സാമ്പത്തിക സുസ്ഥിതിക്കും, സാമൂഹിക സുരക്ഷക്കും, ആഭ്യന്തരഭദ്രതക്കും ഏറ്റവും വലിയ ഭീഷണിയായിരിക്കും അവര്‍. അതിനാല്‍ അവരുടെ സാമ്പത്തിക പരാധീനതകള്‍ പഠിച്ച് പരിഹരിക്കാന്‍ സകാത്തിന്റെ ഈ വിഹിതം ഉപയോഗപ്പെടുത്താം. സാമ്പത്തിക വളര്‍ച്ചയും സമൂഹികക്ഷേമവും കൈവരിക്കാന്‍ ഉതകുന്നവിധം അഭയാര്‍ഥി പ്രശ്‌നം കൈകാര്യം ചെയ്യുകയാണ് വേണ്ടത്. മേല്‍ സൂചിപ്പിച്ചതു പോലെ സകാത്തിന്റെ ഒരോ വിഹിതവും ചെലവഴിക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് അര്‍ഹരായവരെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ സംവിധാനമുണ്ടാക്കണം. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ സകാത്ത് സംവിധാനത്തിലൂടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാനാവുകയുള്ളൂ. 

ചൈതന്യം തിരിച്ചുപിടിക്കുക

         ഇസ്‌ലാമിക ശിക്ഷണങ്ങള്‍ക്ക് കാലം ചെല്ലുമ്പോള്‍ അപചയം സംഭവിച്ച കൂട്ടത്തില്‍ അടിസ്ഥാന സ്തംഭങ്ങളുടെ ചൈതന്യവും നഷ്ടപ്പെടുകയുണ്ടായി. അവ വെറും ആചാരങ്ങളായി അവശേഷിച്ചു. കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ പലരും സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ഇസ്‌ലാമിക ശിക്ഷണങ്ങളുടെ ചൈതന്യം ശ്രദ്ധിക്കാതെ ഉപരിപ്ലവമായ നിയമാവലികള്‍ രൂപപ്പെടുത്തുകയാണ് ചെയ്തത്.  ഇസ്‌ലാമിനെ ഒരു ജീവിതപദ്ധതിയായി അംഗീകരിക്കാതിരുന്ന കാലഘട്ടങ്ങളില്‍ സകാത്ത് വെറുമൊരു ആചാരമായി മാറിയതില്‍ അത്ഭുതമില്ല. അങ്ങനെ സകാത്ത് കണക്കാക്കുന്നതും വിതരണം ചെയ്യുന്നതും സ്വീകര്‍ത്താവിനെ നിശ്ചയിക്കുന്നതുമെല്ലാം ധനികരുടെ അവകാശമായി മാറി. ആരാധനാ കര്‍മങ്ങള്‍ വ്യക്തികള്‍ സോദ്ദേശ്യം നിര്‍വഹിക്കണമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ സകാത്ത് നല്‍കുന്നതിന്റെ ആദ്യന്തമുള്ള ബാധ്യതകളെല്ലാം ദാതാവിനെത്തന്നെ ഏല്‍പിച്ചുകൊണ്ടുള്ള നിയമാവലി ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചു. മഹിതമായ ഒരു സാമ്പത്തിക പദ്ധതിയുടെ ഘടകമായല്ല അവര്‍ സകാത്തിനെ കണ്ടത്. അതിനാല്‍ സകാത്ത് നിര്‍ബന്ധമാകുമ്പോള്‍ ലക്ഷ്യം വെച്ച നേട്ടങ്ങളൊന്നും സമൂഹത്തിന് ലഭിക്കാതെയായി. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ സകാത്തിനു പങ്കില്ലാതായി. സാമ്പത്തിക വളര്‍ച്ചക്ക് സകാത്ത് സഹായകമാവുമെന്ന വസ്തുത തന്നെ വിസ്മരിക്കപ്പെട്ടു. അര്‍ഹമായ സകാത്ത് നല്‍കാത്ത സമ്പന്നരായ മുസ്‌ലിംകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരുന്നു. 

         അനിസ്‌ലാമിക ഭരണകൂടങ്ങള്‍ക്കു കീഴില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ ഭരണകൂടത്തിന്റെ സഹായമില്ലാതെ സംഘടിത സകാത്ത് നല്‍കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തപ്പോള്‍ പണ്ഡിതന്മാര്‍ അത് നിരുത്സാഹപ്പെടുത്തി. സകാത്തിന് അര്‍ഹരായി വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ച എട്ടിനങ്ങളില്‍ ആദ്യത്തെ രണ്ടിനങ്ങളില്‍ മാത്രം സകാത്തിനെ ഒതുക്കി നിര്‍ത്തിയപ്പോള്‍, മഹത്തായ ഈ ദൈവികനിയമം നിഷ്പ്രഭമായി. സകാത്ത് എന്ന പദം പോലും ഭാഷയില്‍ 'ഭിക്ഷ' എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചു തുടങ്ങി. അങ്ങനെ വളര്‍ച്ചയെയും സംസ്‌കരണത്തെയും ഒരേസമയം ദ്യോതിപ്പിക്കുന്ന മഹത്തായ 'സകാത്ത്' എന്ന അറബി പദം  നമ്മുടെ മനസ്സില്‍ ലോപിച്ച് ഇല്ലാതായി.

         സമ്പന്നന്‍ തന്റെ ആവശ്യം കഴിച്ച് മിച്ചം വരുന്ന സമ്പത്ത് അഗതികള്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കുകയെന്ന സങ്കല്‍പം കുറ്റമറ്റതായി സംവിധാനിക്കുകയാണ് സകാത്ത് വ്യവസ്ഥയില്‍ ചെയ്തിട്ടുള്ളത്. സമ്പത്തിന്റെ ഏതെങ്കിലും ചില ഇനങ്ങള്‍ മാത്രം പരിഗണിച്ചു കൊണ്ടല്ല ഒരാള്‍ ധനികനോ ദരിദ്രനോ എന്ന് തീരുമാനിക്കുന്നത്. ധനികരെല്ലാം സകാത്ത് നല്‍കണം. ഏതെങ്കിലും ചില പ്രത്യേക തരം സമ്പത്തുള്ളവര്‍ മാത്രമല്ല. മറ്റൊരു വാക്കില്‍ എല്ലാ വിധ സമ്പത്തുകള്‍ക്കും സകാത്ത് നിര്‍ബന്ധമാണ്. ഒരാളെ ധനികനാണെന്ന് വിശേഷിപ്പിക്കാന്‍ മാത്രം സമ്പത്ത് സ്വന്തമായി ഉണ്ടാവുമ്പോഴേ അയാളില്‍ നിന്ന് സകാത്ത് വസൂലാക്കേണ്ടതുള്ളൂ.

         ദാതാവിനു മനസ്സറിഞ്ഞ് കൊടുക്കാന്‍ പറ്റുന്ന ചെറിയ ശതമാനമാണ് സകാത്ത് ആയി നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ സമ്പന്നരെല്ലാം കൃത്യമായി സകാത്ത് നല്‍കാന്‍ സന്നദ്ധരാവും. ആദായനികുതി പോലെ വലിയ ശതമാനമായിരുന്നു സകാത്തെങ്കില്‍ നല്‍കാതെ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നവരായിരിക്കും അധികവും. സത്യസന്ധനായ ഒരാള്‍ക്ക് സമ്പാദ്യം വര്‍ധിപ്പിച്ച് സകാത്ത് നല്‍കാനുള്ള ഉള്‍പ്രേരണ ഇതിലുണ്ട്.

         സകാത്ത് നിഷേധികള്‍ക്കെതിരെ ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖ്(റ) യുദ്ധം ചെയ്യുകയുണ്ടായി. നബി(സ) തിരുമേനിയുടെ പരശ്ശതം ശിഷ്യര്‍ രക്തസാക്ഷികളായ യുദ്ധമായിരുന്നു അത്. സകാത്ത് വ്യക്തികള്‍ സൗകര്യം പോലെ  നല്‍കിയാല്‍ മതിയായിരുന്നുവെങ്കില്‍ നിഷേധികള്‍ക്കെതിരെ ഇത്ര കര്‍ശനമായ നിലപാട് ഭരണാധികാരി സ്വീകരിക്കുമായിരുന്നില്ല. രാഷ്ട്രത്തിലെ ഖജനാവിലേക്ക് ലഭിക്കേണ്ട വിഹിതമാണ് അവര്‍ നിഷേധിച്ചത്. അത് തിരിച്ചുപിടിക്കാന്‍ ഭരണാധികാരി ബലം പ്രയോഗിക്കേണ്ടത് അനിവാര്യമായി.

         ഇസ്‌ലാമിക സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് സകാത്ത്. അവ രണ്ടും പരസ്പരം ബന്ധിപ്പിച്ചു വേണം പഠന വിധേയമാക്കാന്‍. ന്യൂനപക്ഷമായി കഴിഞ്ഞു കൂടുന്ന മുസ്‌ലിംകള്‍ക്ക് സമ്പൂര്‍ണാര്‍ഥത്തിലുള്ള സകാത്ത് പ്രാവര്‍ത്തികമാക്കാനാവില്ല. എന്നാല്‍ സകാത്ത് പഠനഗവേഷണങ്ങള്‍ക്ക് പൂര്‍ണത കൊടുക്കാമല്ലോ. മനുഷ്യരാശിക്കനിവാര്യമായ സാമ്പത്തിക പരിഷ്‌കരണമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഏത് സമൂഹത്തിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമ്പത്തിക വികസനത്തിനും അനുയോജ്യമാണ് ഈ ശിക്ഷണങ്ങള്‍. മുസ്‌ലിംകള്‍ അവ ആഴത്തില്‍ ഗ്രഹിച്ച് ലോകത്തിന് വിശദീകരിച്ചു കൊടുക്കാന്‍ ബാധ്യസ്ഥരാണ്.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 112-113
എ.വൈ.ആര്‍