സമ്പത്തില്‍ സൂക്ഷ്മത
സാമ്പത്തിക വിശുദ്ധി കാത്തുസൂക്ഷിക്കുന്ന സത്യവിശ്വാസിയാണ്, അബൂദുജാന(റ). ആരെയും അത്ഭുതപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍. അദ്ദേഹത്തിന്റെ ജീവിതം വിശ്വാസികള്‍ക്ക് എന്നും മാതൃകയാണ്. ഇതാ ഒരു സംഭവം:
അബുദുജാന എല്ലാ സമയവും പള്ളിയില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കും. ഒരിക്കലും അത് പാഴാക്കാറില്ല. സുബ്ഹ് നമസ്‌കാരത്തിന് നേരത്തെ പള്ളിയില്‍ സന്നിഹിതനാകും. സലാം വീട്ടിയ ഉടനെ വീട്ടിലേക്കോടും. എന്താണതിന്റെ രഹസ്യമെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.
ഒരു ദിവസം റസൂല്‍ ചോദിച്ചു: ''എന്തിനാ അബൂദുജാനാ, ഇങ്ങനെ ഓടുന്നത്? അല്‍പം പ്രാര്‍ഥിച്ച ശേഷം പൊയ്ക്കൂടേ?''
''അതിന് കാരണമുണ്ട് നബിയേ.'' ''എന്താ കാര്യം'' നബി(സ) ചോദിച്ചു.
''എന്റെ അയല്‍വാസിക്കൊരു ഈത്തപ്പഴമരമുണ്ട്. അതെന്റെ വീട്ടിന്നടുത്താണ്. രാത്രി കാറ്റടിച്ചാല്‍ അതിന്റെ പഴം എന്റെ മുറ്റത്ത് വീഴും. എന്റെ ചെറിയ മക്കള്‍ അത് പെറുക്കിയെടുത്ത് തിന്നും. അന്യന്റെ മുതലാണതെന്നവര്‍ക്കറിയില്ല. മക്കളോട് ഞാന്‍ പറയും: 'മക്കളേ, ബാപ്പാന്റെ പരലോക ജീവിതം അവതാളത്തിലാക്കരുത്.' കുട്ടികള്‍ അത് ഗൗരവത്തിലെടുക്കാറില്ല. മക്കളുറങ്ങി എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഞാന്‍ എത്തിയില്ലെങ്കില്‍ മക്കള്‍ ആ പഴമെടുത്ത് തിന്നും. അതാണ് നമസ്‌കാരം കഴിഞ്ഞ ഉടനെ ഓടുന്നത്.''
അന്യന്റെ മുതല്‍ വയറ്റിലാക്കി നാശം ഏറ്റുവാങ്ങാതിരിക്കാന്‍ തന്റെ എളിയ ശിഷ്യന്‍ കാണിക്കുന്ന സൂക്ഷ്മത കേട്ടപ്പോള്‍, സന്തോഷത്താല്‍ പ്രവാചകന്റെ കണ്ണ്‌നിറഞ്ഞു.
അബുദുജാനയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നറിഞ്ഞപ്പോള്‍, ഉദാരമതിയായ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ മനസ്സലിഞ്ഞു. അദ്ദേഹം അബൂദുജാനയുടെ യഹൂദിയായ അയല്‍വാസിയോട് 'പൊന്നും വില' കൊടുത്തു ആ മരം വാങ്ങി അബുദുജാനക്ക് നല്‍കി. അദ്ദേഹത്തിന് അത് വലിയ ആശ്വാസമായി.
ഈ പുണ്യപ്രവൃത്തി ചെയ്ത അബൂബക്കറി(റ)നെ പ്രവാചകന്‍ പ്രശംസിച്ചു. സ്വര്‍ഗത്തില്‍ അതിന്ന് പകരം പത്ത് മരങ്ങള്‍ കിട്ടുമെന്ന് അറിയിച്ചപ്പോള്‍, അബൂബക്കര്‍(റ) സന്തോഷാശ്രു പൊഴിച്ചു.
ദയാനിധിയായ ദൈവദൂതന്റെ അവസരോചിതമായ ഇടപെടല്‍ എത്ര അനുഗൃഹീതം!
അബൂദുജാന കിടപ്പിലായി. സഹപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കാന്‍ ചെന്നു. അദ്ദേഹത്തെ പ്രസന്നവദനനായിക്കണ്ടപ്പോള്‍, അവര്‍ക്ക് അത്ഭുതം! അവര്‍ കാരണമാരാഞ്ഞു. അദ്ദേഹം വിശദീകരിച്ചു:
''എന്റെ പ്രവര്‍ത്തനത്തില്‍ രണ്ട് കാര്യത്തില്‍ ഞാന്‍ സൂക്ഷ്മത പാലിച്ചു. ഒന്ന്, അന്യന്റെ മുതല്‍ ഒരിക്കലും അന്യായമായി ഭക്ഷിച്ചിട്ടില്ല. രണ്ട്, എനിക്കാവശ്യമില്ലാത്ത കാര്യങ്ങള്‍ ഞാന്‍ സംസാരിക്കാറില്ല.'' ആനന്ദാശ്രു പൊഴിച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
Comments