മൈനറുടെ അനന്തരാവകാശം കാലഹരണപ്പെടുമോ?
ഒരാള്‍ മരിച്ചു. അയാള്‍ക്ക് 5 ആണ്‍മക്കളും 3 പെണ്‍മക്കളും ഉണ്ടായിരുന്നു. ഒരാണും ഒരു പെണ്ണും മൈനര്‍മാരായിരുന്നു. സ്വത്ത് ഭാഗിച്ചപ്പോള്‍ മൈനര്‍മാരുടെ സ്വത്തിന്റെ മേല്‍നോട്ടം രണ്ടാമത്തെ ജ്യേഷ്ഠന്‍ ഏറ്റെടുത്തു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹം മരിച്ചു. മൈനര്‍മാരുടെ സ്വത്ത് അവര്‍ക്ക് തിരിച്ചേല്‍പ്പിച്ചിരുന്നില്ല. മൈനര്‍മാരുടെ സ്വത്ത് നല്‍കാതെ അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ സ്വത്ത് ഭാഗിച്ചെടുത്തു. സാമ്പത്തിക പരാധീനതയുള്ള പഴയ മൈനര്‍മാര്‍ അവരുടെ അവകാശം ചോദിക്കുമ്പോഴെല്ലാം അത് കാലഹരണപ്പെട്ടുപോയി എന്നാണ് അവര്‍ക്കു കിട്ടിയ മറുപടി. ഇസ്‌ലാമില്‍ അനന്തരാവകാശം കാലഹരണപ്പെട്ടുപോകുമോ?
വളരെയേറെ ഗൗരവമുള്ള ഒരു വിഷയമാണ് ചോദ്യകര്‍ത്താവുന്നയിച്ചത്. അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കണം. ഇസ്‌ലാമിക വിധി ഗ്രഹിക്കാന്‍ അതനിവാര്യമാണ്.
പ്രായപൂര്‍ത്തി എത്താത്ത അവകാശികളാണ് മൈനര്‍മാര്‍. ഇസ്‌ലാമിന്റെ ഭാഷയില്‍ അവര്‍ അനാഥര്‍ ആണ്. ഐത്താം, യതാമാ എന്നീ അറബി പദങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത, പിതാവ് മരിച്ചുപോയ മക്കളെയാണ് ഉദ്ദേശിക്കുന്നത്.
അനാഥകളുടെ ഓഹരി പരമാവധി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ വിശുദ്ധ ഖുര്‍ആന്‍ കല്‍പിച്ചിരിക്കുന്നു. അതില്‍നിന്ന് അല്‍പം പോലും അന്യായമായി എടുത്ത് പോകരുതെന്ന് ശക്തിയായി താക്കീത് ചെയ്യുന്നു. ''അനാഥകളുടെ സമ്പത്ത് അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു നിറക്കുന്നത് തീയാണ്. അവര്‍ നരകത്തീയില്‍ കത്തിയെരിയും; തീര്‍ച്ച'' (4:10). പരലോക വിശ്വാസമുള്ള ഒരാളും അനാഥരുടെ സ്വത്ത് കവര്‍ന്നെടുക്കുകയില്ല. സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്യുകയുമില്ല. അനന്തമായി അവരുടെ സ്വത്ത് കൈവശം വെക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ വിശദമായിത്തന്നെ പഠിപ്പിക്കുന്നത് കാണുക: ''നിങ്ങള്‍ അനാഥകളെ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ വിവാഹപ്രായമെത്തിയാല്‍, അവര്‍ക്ക് കാര്യപ്രാപ്തിയുള്ളതായി അനുഭവപ്പെട്ടാല്‍ അവരുടെ സമ്പത്ത് അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ വളര്‍ന്ന് വലുതാവുന്നത് ഭയന്ന് ധൃതിയില്‍ ധൂര്‍ത്തടിച്ച് അത് തിന്ന് തീര്‍ക്കരുത്. സമ്പന്നനാണെങ്കില്‍ അതില്‍നിന്നൊന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില്‍ ന്യായമായതെടുത്ത് ഭുജിക്കാം. അവരുടെ സമ്പത്ത് അവരെ ഏല്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ അതിന് സാക്ഷിനിര്‍ത്തണം. അല്ലാഹു മതി കണക്ക് പരിശോധിക്കുന്നവനായി'' (4:6).
മൈനര്‍മാര്‍ പ്രായം കൊണ്ട് മേജറാവുകയും അവര്‍ക്ക് സമ്പത്ത് കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരികയും ചെയ്താല്‍ ഉടനെ അവരുടെ സ്വത്ത് തിരിച്ചേല്‍പ്പിക്കണമെന്നാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. അതിനാല്‍ ചോദ്യത്തില്‍ പറഞ്ഞ പോലെ, മരിക്കുന്നത് വരെ സ്വത്ത് പിടിച്ചുവെച്ചത് അനാഥയുടെ മുതല്‍ അന്യായമായി അനുഭവിക്കലും കഠിനമായ ശിക്ഷക്ക് വഴിവെക്കലുമാണ്.
പിതാവിന്റെ ഭാഗത്ത് സംഭവിച്ചുപോയ വീഴ്ച പരിഹരിക്കാനാണ് നല്ല മക്കള്‍ ശ്രദ്ധിക്കേണ്ടത്. നിഷിദ്ധമായ സമ്പത്ത് അനന്തരമെടുത്താലും നിഷിദ്ധം തന്നെ. അനാഥരുടെ സ്വത്ത് അന്യായമായി പിടിച്ചുവെച്ചാല്‍ അത് കൃത്യമായി കണക്കാക്കി നല്‍കാത്തേടത്തോളം ആ സമ്പത്ത് മുഴുവന്‍ നിഷിദ്ധമാകും. വിഷം കലര്‍ന്ന ഒരു വീപ്പ വെള്ളത്തില്‍നിന്ന് ആ വിഷം മാറ്റിയെടുക്കാതിരുന്നാല്‍ ആ വെള്ളം മുഴുവന്‍ ഉപയോഗശൂന്യമാകുമല്ലോ. സാമ്പത്തിക ബാധ്യതകള്‍ കാലഹരണപ്പെടുകയില്ല. പിതാവിന്റെ കടങ്ങള്‍ മയ്യിത്ത് നമസ്‌കാര വേളയില്‍ മക്കള്‍ ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്നുണ്ടല്ലോ. പിതാവ് മരിക്കുന്നതോടെ കടം കാലഹരണപ്പെടുന്നില്ല. അദ്ദേഹത്തിന്റെ സ്വത്തില്‍ ആ ബാധ്യത നിലനില്‍ക്കും. അത് അനന്തരാവകാശികള്‍ ഭാഗിച്ചെടുത്താല്‍ അവരുടെയെല്ലാം സമ്പത്തില്‍ ആ ബാധ്യതയുണ്ടാകും. കാലഹരണപ്പെടുന്ന പ്രശ്‌നമില്ല.
ചോദ്യത്തില്‍ വന്ന പ്രശ്‌നം പരിഹരിക്കാന്‍ വളരെയേറെ പ്രയാസങ്ങളുണ്ട്. അനാഥകളുടെ സ്വത്ത് പല അവകാശികളും ഭാഗിച്ചെടുത്തതിനാല്‍ കൃത്യമായി കണക്കാക്കാന്‍ നല്ല വിദഗ്ധരായ വ്യക്തികള്‍ക്കേ സാധിക്കൂ. പക്ഷേ, ഈ പ്രയാസമോര്‍ത്ത് സ്വത്ത് യഥാര്‍ഥ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കാതിരുന്നാല്‍ പരലോകത്ത് പകരം സുകൃതങ്ങള്‍ നല്‍കേണ്ടിവരുന്ന മഹാപാതകമാണത്. ഐഹികമായ നേട്ടം മാത്രം ലക്ഷ്യം വെക്കുന്നവരില്‍നിന്നേ ഇങ്ങനെ സംഭവിക്കുകയുള്ളൂ. പരലോക വിജയമാണ് വിശ്വാസികള്‍ ലക്ഷ്യമാക്കേണ്ടത്.
മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളെല്ലാം അല്ലാഹു പശ്ചാത്തപിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കും. എന്നാല്‍ വ്യക്തികളുടെ സാമ്പത്തിക ബാധ്യതകള്‍ കൊടുത്ത്‌വീട്ടാത്ത ഒരാള്‍ക്കും അല്ലാഹു പൊറുത്തു കൊടുക്കുകയില്ല. അവകാശി വിട്ടുകൊടുത്താല്‍ മാത്രമേ അല്ലാഹു പൊറുത്ത് കൊടുക്കുകയുള്ളൂ. അതിനാലാണ് ഒരു മുസ്‌ലിം മരിച്ചാല്‍ അവന്റെ മയ്യിത്ത് നമസ്‌കരിക്കണമെങ്കില്‍ സാമ്പത്തിക ബാധ്യത അനന്തരാവകാശികള്‍ ഏറ്റെടുക്കണമെന്ന നിബന്ധന നിശ്ചയിച്ചിരിക്കുന്നത്.
Comments