Prabodhanm Weekly

Pages

Search

2014 ജൂലൈ 04

ഇസ്‌ലാമിക നാഗരികതയുടെ വേറിട്ട വായന

ജമാല്‍ കടന്നപ്പള്ളി /പുസ്തകം

         സ്‌ലാമിനു വേണ്ടി 'ജീവിതം ഉഴിഞ്ഞുവെച്ച ആള്‍' എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഡോ. മുഹമ്മദ് ഹമീദുല്ലയുടെ മറ്റൊരു പ്രൗഢ കൃതി കൂടി കൈരളിക്ക് ലഭിച്ചിരിക്കുന്നു. 'ഇസ്‌ലാം ചരിത്രം സംസ്‌കാരം നാഗരികത' എന്ന പേരില്‍ അശ്‌റഫ് കീഴുപറമ്പ് ഐ.പി.എച്ചിനു വേണ്ടി മൊഴിമാറ്റം നടത്തിയ ഈ കൃതി ഇതിനകം ഉര്‍ദുവിലും ഇംഗ്ലീഷിലും പ്രചുര പ്രചാരം നേടിയതാണ്.

         1980-ല്‍ പാകിസ്താനിലെ ബഹാവല്‍പൂര്‍ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയില്‍ ഡോ. മുഹമ്മദ് ഹമീദുല്ല പന്ത്രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രഭാഷണങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. വിശുദ്ധ ഖുര്‍ആന്റെ ചരിത്രം, ഹദീസിന്റെ ചരിത്രം, ഫിഖ്ഹിന്റെ ചരിത്രം,അന്താരാഷ്ട്ര നിയമം, എന്താണ് മതം, രാഷ്ട്രീയവും ഭരണസംവിധാനവും, പ്രതിരോധത്തിന്റെ രാഷ്ട്രീയം, പ്രവാചകന്റെ കാലത്തെ വിദ്യാഭ്യാസ രീതി, നിയമനിര്‍മാണവും ജുഡീഷ്യറിയും, റവന്യൂ, കലണ്ടര്‍, ഇസ്‌ലാമിന്റെ പ്രബോധനവും പ്രചാരണവും എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ വിഭജിക്കപ്പെട്ട ഈ കൃതി ഉപര്യുക്ത വിഷയങ്ങളിലെല്ലാം വായനക്കാര്‍ക്ക് ഉള്‍ക്കാഴ്ച നല്‍കാന്‍ പര്യാപ്തമാണ്. ഗ്രന്ഥകാരന്റെ മൗലിക ചിന്തയുടെയും ഗവേഷണ പടുത്വത്തിന്റെയും മുദ്ര പതിഞ്ഞ ഈ പുസ്തകം വിവര്‍ത്തകക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ പോലെ അദ്ദേഹത്തിന്റെ കഠിന ശ്രമത്തിന്റെ സാക്ഷാത്കാരമത്രെ. കിട്ടാവുന്നിടത്തോളം ഇസ്‌ലാമിക രചനകളും കൈയെഴുത്ത് പ്രതികളും മറ്റു ഉപാദാനങ്ങളും തേടിപ്പിടിച്ച് പഠനവിധേയമാക്കുന്ന മുഹമ്മദ് ഹമീദുല്ലയുടെ വേറിട്ട ശൈലി ഈ ഗ്രന്ഥത്തെയും വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട്.

         ഒന്നാം അധ്യായത്തില്‍ തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍ എന്നിവയെ പറ്റി സവിസ്തരമായി പ്രതിപാദിച്ച ശേഷം വിശുദ്ധ ഖുര്‍ആന്റെ ക്രോഡീകരണത്തിന്റെ വിവിധ ഘട്ടങ്ങളെയും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ അവ എത്തിച്ചേര്‍ന്നതിനെയും പറ്റി വിവരിക്കുന്നു. ഒപ്പം വിശുദ്ധ ഖുര്‍ആനെതിരെ ശത്രുക്കള്‍ നടത്തുന്ന നിഴല്‍ യുദ്ധങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നു. 1933-ല്‍ ഗ്രന്ഥകാരന്‍ പാരീസ് യൂനിവേഴ്‌സിറ്റിയിലുണ്ടായിരിക്കെ നടന്ന ഒരു സംഭവം അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. മൂന്നു തലമുറകളായി അധ്വാനിച്ച് വിശുദ്ധ ഖുര്‍ആന്റെ 43000 കോപ്പികള്‍ ശേഖരിച്ച് പഠനം നടത്തിയിട്ടും അതിലൊന്നും ഒരൊറ്റ വൈരുധ്യവും കണ്ടെത്താന്‍ ക്രൈസ്തവ പണ്ഡിതന്മാര്‍ക്കായില്ല. എന്നാല്‍, ഇവര്‍ തന്നെ അക്കാലത്ത് ലഭ്യമായിരുന്ന പൂര്‍ണവും അപൂര്‍ണവുമായ, ബൈബിളിന്റെ മുഴുവന്‍ (ഗ്രീക്ക്) കൈയെഴുത്തു പ്രതികളും പരിശോധിച്ചപ്പോള്‍ രണ്ട് ലക്ഷത്തോളം വിരുദ്ധ പരാമര്‍ശങ്ങള്‍ കണ്ടെത്തിയത്രെ (പേജ് 33). ഫിഖ്ഹിനെക്കുറിച്ച വിശാലമായ ചര്‍ച്ചയില്‍ കാലഘട്ടത്തെ മുന്നില്‍ വെച്ചുകൊണ്ടുള്ള ഇജ്തിഹാദിന്റെ (ഗവേഷണം) ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു. ഒരു സംഭവം ഒരേകാലത്തു തന്നെ വിവിധതരം വ്യാഖ്യാനങ്ങള്‍ക്ക് പാത്രീഭവിക്കുന്നുവെങ്കില്‍, മാറുന്ന കാലത്തിനൊത്ത് ഫിഖ്ഹും മാറണമെന്നത് ബുദ്ധിയുടെ തേട്ടമാണ്. ഇക്കാര്യം അവഗണിക്കുക വയ്യ. മുഹമ്മദ് ഹമീദുല്ലയെ ഉദ്ധരിക്കട്ടെ: ''ഒരു വിഷയത്തില്‍ ഒരുകാലത്തെ പണ്ഡിതന്മാരെല്ലാം ഏകാഭിപ്രായം (ഇജ്മാഅ്) പറഞ്ഞുവെന്ന് കരുതുക. ആ അഭിപ്രായത്തിന് അതിന്റേതായ വിലയും പരിഗണനയും ഉണ്ട് എന്നത് നേരാണ്. അതിനര്‍ഥം ലോകാവസാനം വരേക്കും ആ കൂട്ടായ പണ്ഡിതാഭിപ്രായത്തെ ആരും ചോദ്യം ചെയ്തുകൂടാ എന്നല്ല'' (പേജ് 85).

         'രാഷ്ട്രീയവും ഭരണസംവിധാനവും' എന്ന അധ്യായം ഈ ഗ്രന്ഥത്തിന്റെ ഏറ്റവും കാതലായ വശമാണെന്ന് പറയാം. ലോകത്തെ ഏറ്റവും പഴക്കമുള്ളതാണ് അറേബ്യന്‍ നാഗരികതയെന്ന് ഈ ഭാഗത്ത് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. ഗ്രീക്കും റോമും സ്ഥാപിക്കപ്പെടുന്നതിന് എത്രയോ മുമ്പ് യമന്‍ രാഷ്ട്രം നിലവിലുണ്ടായിരുന്നു. 'അന്താരാഷ്ട്ര നിയമം' എന്ന അധ്യായത്തിലും ഇതേക്കുറിച്ച പരാമര്‍ശങ്ങളുണ്ട്. ഇസ്‌ലാമിന്റെ രാഷ്ട്രീയ സെറ്റപ്പിനെപ്പറ്റി ഏറെ വാചാലനാകുന്ന ഗ്രന്ഥകാരന്‍ പ്രവാചകാഗമന കാലത്തുണ്ടായിരുന്ന മക്കയുടെ  'പാര്‍ലമെന്റി'നെ പറ്റിയും അവിടത്തെ 'മന്ത്രിമാരെ' പറ്റിയുമെല്ലാം ചരിത്ര രേഖകളുടെ പിന്‍ബലത്തില്‍ സംസാരിക്കുന്നു. അതോടൊപ്പം നബി(സ)യും അനുചരന്മാരും മക്കയിലെ ഭരണസംവിധാനത്തോട് അനുവര്‍ത്തിച്ച നിലപാടുകളെ പറ്റിയും ഈ ഭാഗത്ത് ചര്‍ച്ച ചെയ്യുന്നു. മക്കയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു മദീനയുടെ അവസ്ഥ. നബി(സ) ആഗതനാവുമ്പോള്‍ രാഷ്ട്ര ഭരണത്തിന്റെ യാതൊരു അടയാളവും മദീനയിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അക്ഷീണ യത്‌നം നടത്തി മദീനയെ ലക്ഷണമൊത്ത ഒരു രാഷ്ട്രമായി പ്രവാചകന്‍ പരിവര്‍ത്തിപ്പിച്ചു. ഗോത്ര സഖ്യങ്ങള്‍, വിവര ശേഖരണം, ബദ്ര്‍ യുദ്ധം, യുദ്ധത്തടവുകാര്‍, ഉഹുദ് യുദ്ധം, ഖന്‍ദഖ്, മക്കയിലേക്കുള്ള തീര്‍ഥാടനം, ഹുദൈബിയാ സന്ധി, കരാര്‍ ലംഘനം, മക്കാ വിജയം എന്നിങ്ങനെയുള്ള ഉപശീര്‍ഷകങ്ങളിലൂടെ പ്രവാചകന്റെ രാഷ്ട്രീയ ഇടപെടലുകളെ ഗ്രന്ഥകാരന്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് 'പ്രതിരോധത്തിന്റെ രാഷ്ട്രീയം' എന്ന അധ്യായത്തില്‍.

         'പ്രവാചക കാലത്തെ വിദ്യാഭ്യാസ രീതി' എന്ന ഭാഗം തന്റെ സമൂഹത്തെ സാക്ഷരരാക്കാന്‍ നബി(സ) നടത്തിയ ശ്രമങ്ങളെയും അവയില്‍ നിന്ന് നാം പകര്‍ത്തേണ്ടുന്ന പാഠങ്ങളെയും പറ്റി വിശദമാക്കുന്നു. ഇസ്‌ലാമിക സംസ്‌കൃതിയിലെ ആദ്യത്തെ 'റസിഡന്‍ഷ്യല്‍ യൂനിവേഴ്‌സിറ്റി'യായ 'അസ്സൂഫ്ഫ' പ്രവാചകന്റെ കാലത്ത് മദീനയിലുണ്ടായിരുന്ന ഒമ്പത് പള്ളികളിലെ വിദ്യാഭ്യാസ രീതികള്‍, 'മാസ്റ്റര്‍ ടെക്സ്റ്റ് ബുക്ക്' ആയ വിശുദ്ധ ഖുര്‍ആന്റെ പ്രാധാന്യം എന്നിങ്ങനെ ഈ ഭാഗത്ത് ഇതള്‍ വിരിയുന്നു.

         തുടര്‍ന്നുള്ള രണ്ട് അധ്യായങ്ങള്‍ (നിയമനിര്‍മാണങ്ങളും ജുഡീഷ്യറിയും, റവന്യൂ, കലണ്ടര്‍) അരികുപറ്റിയ ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രവാചകന്‍ നടത്തിയ ത്യാഗപരിശ്രമങ്ങളുടെ വായനയാണ്. ദൈവിക നിയമങ്ങളുടെ മൗലികതയായ വിട്ടുവീഴ്ചയില്ലാത്ത നീതിബോധത്തെ പറ്റിയും അധികാരമെന്ന ഉത്തരവാദിത്തത്തെ പറ്റിയും ഈ ഭാഗത്ത് ഏറെ ചര്‍ച്ച ചെയ്യുന്നുണ്ട്.

         'ഇസ്‌ലാമിന്റെ പ്രബോധനം പ്രചാരണം' എന്ന അവസാന അധ്യായം പ്രവാചക കാലഘട്ടത്തിലെ ഇസ്‌ലാം വളര്‍ച്ചയുടെ രാസത്വരകങ്ങള്‍ വരച്ചുകാട്ടുന്നു. ഒപ്പം 'മുസ്‌ലിംകളല്ലാത്തവരോടുള്ള നിലപാട്' എന്ന ഉപശീര്‍ഷകവും ഏറെ ശ്രദ്ധേയമാണ്. ഗ്രന്ഥകാരന്റെ വാക്കുകള്‍: ''മുസ്‌ലിംകളല്ലാത്തവരുടെ പരിചരണത്തില്‍ അദ്വിതീയമായ തത്ത്വമാണ് ഇസ്‌ലാം ആവിഷ്‌കരിച്ചത്. ഓരോ മതസമൂഹത്തിനും പൂര്‍ണ സ്വയംഭരണാവകാശമാണ് അത് നല്‍കുന്നത്. വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം മാത്രമല്ല, അവരവരുടേതായ നിയമങ്ങള്‍ ആവിഷ്‌കരിക്കാനും ജഡ്ജിമാരെ നിയമിക്കാനും വരെയുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ടായിരുന്നു. പൂര്‍ണ ആഭ്യന്തര സ്വയം നിര്‍ണയാവകാശം എന്ന ഈ തത്ത്വം നിരവധി ഖുര്‍ആനിക സൂക്തങ്ങളിലൂടെ സ്ഥിരപ്പെട്ടതാണ്'' (പേജ് 243).

         പുതിയകാലത്ത് ഏറെ വിലയിരുത്തപ്പെടേണ്ട ഒരു പുസ്തകമാണിത്. കൂര്‍മബുദ്ധിയുടെ ഉടമയായ ഡോ. മുഹമ്മദ് ഹമീദുല്ല തലമുറകള്‍ക്കായി കരുതിവെച്ച ഇതിലെ ചിന്തയും നിഗമനങ്ങളും നമുക്ക് തീര്‍ച്ചയായും പുതിയ ഉള്‍ക്കാഴ്ച പകരും. നാസര്‍ എരമംഗലത്തിന്റെ കവര്‍ ഡിസൈന്‍ ഉള്‍പ്പെടെ കെട്ടിലും മട്ടിലും മനോഹരമാണ് ഈ കൃതി. എങ്കിലും 'അലഖി'ന് രക്തപിണ്ഡം എന്നര്‍ഥം പറയുന്ന, കാലഹരണപ്പെട്ട ചിലതെങ്കിലും മുഴച്ചുനില്‍ക്കാതെയുമില്ല. എന്തായാലും ഇരുപതാം നൂറ്റാണ്ട് സംഭാവന ചെയ്ത ഒരു മൗലിക പ്രതിഭയുടെ ചിന്താ പദ്ധതികളുമായി സംവദിക്കാന്‍ അവസരൊരുക്കിയ പുസ്തകത്തിന്റെ അണിയറ ശില്‍പികളെ അഭിനന്ദിക്കുന്നു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 112-113
എ.വൈ.ആര്‍