എന്റെ പ്രസ്ഥാന ഓര്‍മകള്‍
മലപ്പുറം ജില്ലയിലെ മൊറയൂര്‍, മോങ്ങം, കൊണ്ടോട്ടി പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വിത്ത് പാകുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു 2014 മാര്‍ച്ച് 15-ന് മരണപ്പെട്ട കെ. കോമു മാസ്റ്റര്‍. പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിവെച്ച ഓര്‍മക്കുറിപ്പുകളിലെ പ്രസക്തഭാഗങ്ങളാണിത്.
മലപ്പുറം ജില്ലയിലെ മൊറയൂരിലെ കുറുങ്കാടന്‍ കമ്മു മൊല്ലയുടെയും കോടിത്തൊടിക മമ്മാത്തുവിന്റെയും മകനായി 1931 ലാണ് എന്റെ ജനനം. മൊറയൂര്‍ എല്‍.പി സ്‌കൂള്‍, വി.എച്ച്.എം ഹൈസ്‌കൂള്‍ എന്നിവയില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സിന് ചേര്‍ന്നു. 1952-ല്‍ എല്‍.പി സ്‌കൂള്‍ അധ്യാപകനായി. ഹയര്‍സെക്കണ്ടറിക്ക് പഠിക്കുന്ന 1942-ല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം അമാനി മൗലവിയുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ മതപഠനവുമുണ്ടായിരുന്നു. അഫ്ദലുല്‍ ഉലമയുടെ എന്‍ട്രന്‍സ് പരീക്ഷക്ക് തുല്യമായിരുന്നു ഈ കോഴ്‌സ്. ഇങ്ങനെ സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും നേടാനായി. പൊതുവേ മുസ്‌ലിം സമൂഹത്തില്‍ മതപരവും ഭൗതികവുമായ വിദ്യാഭ്യാസം ആര്‍ജിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമുണ്ടായിരുന്ന കാലത്താണ് ഈ രണ്ട് വിദ്യാഭ്യാസവും സാമാന്യമായി നേടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചത്. വ്യാപകമായ അന്ധവിശ്വാസ- അനാചാരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വെള്ളിയാഴ്ചയും റമദാനിലും മാത്രം പള്ളിയിലേക്ക് പോകുന്നവരായിരുന്നു അന്ന് മുസ്‌ലിം സാമാന്യ ജനം.
ഹയര്‍സെക്കണ്ടറിക്ക് പഠിക്കുന്ന നാല്‍പ്പതുകള്‍ മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഐക്യസംഘത്തിലെ പണ്ഡിതന്മാര്‍ രംഗത്ത് വന്ന കാലമായിരുന്നു. മൊറയൂരിലും സമീപ പ്രദേശങ്ങളായ കൊണ്ടോട്ടി, നെടിയിരുപ്പ്, മോങ്ങം, തൃപ്പനച്ചി എന്നിവിടങ്ങളിലും അന്നു തന്നെ ഐക്യസംഘത്തിന് അനുഭാവികളുണ്ടായിരുന്നു. അങ്ങാടികളില്‍ അവര്‍ പ്രസംഗവും മറ്റു ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ടായിരുന്നു. കൂട്ടായി അബ്ദുല്ലഹാജി, കെ.സി അബൂബക്കര്‍ മൗലവി, എ. അലവി മൗലവി, അബ്ദുല്ലത്വീഫ് മൗലവി എന്നിവര്‍ നെടിയിരുപ്പില്‍ നടത്തിയ പ്രഭാഷണം കേള്‍ക്കാന്‍ ഞാനും പോയതോര്‍ക്കുന്നു. മൊറയൂര്‍, മോങ്ങം, തൃപ്പനച്ചി പ്രദേശങ്ങളില്‍ ഇസ്വ്‌ലാഹീ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും സജീവമായതോടെ യാഥാസ്ഥിതിക പക്ഷത്ത് നിന്ന് അവര്‍ക്കെതിരെയുള്ള എതിര്‍പ്പും ആരംഭിച്ചു. പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരെ വിളിച്ചുകൊണ്ടുവന്ന് ഈ പ്രദേശങ്ങളിലെല്ലാം യാഥാസ്ഥിതികര്‍ വഅ്‌ള് പരമ്പര നടത്തി. അദ്ദേഹം പുത്തന്‍വാദികളെ എല്ലാ അര്‍ഥത്തിലും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. ചിലയിടത്തെല്ലാം ഖണ്ഡന മണ്ഡന പ്രസംഗങ്ങളും നടന്നിരുന്നു. 1950-ല്‍ ഞാന്‍ ട്രെയ്‌നിംഗ് കോഴ്‌സിന് പഠിക്കുമ്പോഴാണ് മൊറയൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വലിയ വഅ്‌ള് പരിപാടി നടന്നത്. മുജാഹിദ് പക്ഷത്ത് നിന്ന് അലവി മൗലവി, കെ.സി അബൂബക്കര്‍ മൗലവി എന്നിവരാണ് പങ്കെടുത്തത്. ഇരു വിഭാഗത്തുമുള്ള അനുയായികള്‍ ഗ്രൗണ്ടിന്റെ രണ്ട് ഭാഗത്തായി പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഒരുമിച്ചു കൂടിയിരുന്നു. പ്രഭാഷണത്തിനുശേഷം ചോദ്യോത്തരത്തിന് തയാറെടുക്കെ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പരിപാടി അവസാനിപ്പിക്കുകയായിരുന്നു.
ഇസ്വ്‌ലാഹീ സംഘം ബോധവത്കരണ പ്രവര്‍ത്തനവുമായി പിന്നെയും മുന്നോട്ടുപോവുന്നുവെന്ന് കണ്ട യാഥാസ്ഥിതിക പക്ഷം ഇരട്ടപതി എന്നറിയപ്പെട്ടിരുന്ന ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ രംഗത്തിറക്കി. ഇസ്വ്‌ലാഹീ പ്രവര്‍ത്തനം ആദ്യമേ വേരുപിടിച്ചിരുന്ന തൃപ്പനച്ചിയിലായിരുന്നു ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ദിവസങ്ങള്‍ നീണ്ട വഅ്‌ള് പരമ്പര നടന്നത്. മുജാഹിദുകളും മറ്റു പുത്തന്‍വാദക്കാരും ദീനില്‍ നിന്ന് പുറത്തുപോയവരാണെന്നും സുന്നിവിഭാഗത്തില്‍നിന്ന് അവര്‍ വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ ത്വലാഖ് ചൊല്ലി പിരിച്ചയക്കാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം തൃപ്പനച്ചിയിലെ വഅ്‌ളില്‍ ആഹ്വാനം ചെയ്തു. മുജാഹിദുകളോട് സലാം പറയരുതെന്നും മരിച്ചാല്‍ നമ്മുടെ പള്ളികളില്‍ അവരുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പാടില്ല എന്നുമുള്ള കല്‍പനയുടെ അടിസ്ഥാനത്തിലുള്ള നിരോധങ്ങളും ബഹിഷ്‌കരണങ്ങളും മഹല്ലുകളില്‍ നടപ്പില്‍വരുത്താന്‍ ഇ.കെ ആവശ്യപ്പെട്ടു. അതോടെ ബഹിഷ്‌കരണവും എതിര്‍പ്പും ശക്തിയായി. ആയിടെ 1954-ല്‍ സുന്നിപക്ഷത്ത് നിന്ന് മുജാഹിദിലേക്ക് വന്ന തൃപ്പനച്ചി മുത്തന്നൂരിലെ മൊയ്തീന്‍കുട്ടി മൊല്ല മരണപ്പെട്ടു. അദ്ദേഹത്തിന്റെ മക്കളെല്ലാം പ്രദേശത്തെ മുജാഹിദ് നേതാക്കളായിരുന്നു. മൊയ്തീന്‍കുട്ടി മൊല്ലയുടെ മയ്യിത്ത് മറവ് ചെയ്യാന്‍ മഹല്ല് നേതൃത്വം വിസമ്മതിച്ചു. ഖബ്ര്‍ കുഴിക്കാന്‍ ഒരാളും തയാറായില്ല. 1952-ല്‍ മൊറയൂര്‍ കീഴ്മുറിയില്‍ മുജാഹിദുകള്‍ പള്ളി നിര്‍മിച്ച് ജുമുഅ ആരംഭിച്ചിരുന്നു. മൊറയൂരിലെ മുജാഹിദ് പ്രവര്‍ത്തകര്‍ അവിടത്തെ ഖബ്ര്‍ കുഴിക്കുന്ന അസ്സന്‍കാക്കയെയും കൊണ്ട് തൃപ്പനച്ചി മുത്തന്നൂര്‍ ജുമാ മസ്ജിദിലേക്ക് പോവുകയും ഖബ്ര്‍ കുഴിക്കാനാരംഭിക്കുകയും ചെയ്തു. അതൊരു റമദാന്‍ കാലമായിരുന്നു. നോമ്പ് തുറക്കാന്‍ സമയമായപ്പോള്‍ മൂന്ന് പേര്‍ അവിടെ നിന്ന് ബാക്കിയുള്ളവര്‍ തിരിച്ചുപോയി. ഇത് കണ്ട നാട്ടുകാരുടെ ഒരു വലിയ സംഘം വരികയും ഖബ്ര്‍ കുഴിക്കുന്നവരെ തല്ലിയോടിക്കുകയും ചെയ്തു. പിന്നെ നടന്നതെല്ലാം കേരള മുസ്‌ലിം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സംഭവങ്ങളാണ്. ഖബ്‌റടക്കാനാവാതെ മയ്യിത്ത് വീട്ടിന്റെ മുറ്റത്തിരുന്നു ജീര്‍ണിച്ചു. ഒടുവില്‍ പോലീസ് ഇടപെട്ട് 144 പ്രഖ്യാപിച്ച് ഏഴാം ദിവസം അതേ പള്ളിപ്പറമ്പില്‍ തന്നെ ഖബ്‌റടക്കി. തുടര്‍ന്ന് യാഥാസ്ഥിതിക പക്ഷം എന്നന്നേക്കുമായി തങ്ങളുടെ പള്ളികളില്‍ മുജാഹിദുകളെയും മറ്റു പുത്തന്‍വാദികളെയും ഖബ്‌റടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. കേസില്‍ പുരോഗമന കക്ഷികളും പങ്കു ചേര്‍ന്നു. മാസങ്ങളോളം ഖുര്‍ആനും ഹദീസ് ഗ്രന്ഥങ്ങളും ഫിഖ്ഹ് ഗ്രന്ഥങ്ങളും മുഹ്‌യിദ്ദീന്‍ മാലയുമെല്ലാം കോടതിയില്‍ ചര്‍ച്ചാവിഷയമായി. ഒടുവില്‍ എല്ലാ മുസ്‌ലിംകളെയും മഹല്ല് പള്ളിയില്‍ ഖബ്‌റടക്കാമെന്ന് കോടതി വിധിച്ചു. തൃപ്പനച്ചിയില്‍ നടന്ന ആ സംഭവത്തിന്റെ പേരിലുള്ള കേസില്‍ അന്ന് കോടതിവിധി മറിച്ചായിരുന്നുവെങ്കില്‍ കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ ഗതി തന്നെ മാറുമായിരുന്നു.
ജമാഅത്തിലേക്ക്
1950-'52 കാലയളവില്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗിന് പഠിക്കുമ്പോള്‍ സ്‌കൂള്‍ പള്ളിയില്‍ ഖുത്വ്ബ പറഞ്ഞിരുന്നത് കരുവള്ളി മുഹമ്മദ് മൗലവിയായിരുന്നു. എ.എം അബൂബക്കര്‍ സാഹിബിന് അന്ന് ട്രെയ്‌നിംഗ് സ്‌കൂളിന് മുന്നില്‍ കച്ചവടമുണ്ടായിരുന്നു. അവിടെ ഖുതുബാത്ത്, പ്രബോധനം പ്രതിപക്ഷ പത്രം എന്നിവയുണ്ടായിരുന്നു. കടയില്‍ കയറി ഞാന്‍ അതെല്ലാം മറിച്ച് നോക്കുകയും ചിലതെല്ലാം വായിക്കുകയും ചെയ്യാറുണ്ടായിരുന്നു. അത് കണ്ട് സഹപാഠികള്‍ പറഞ്ഞു, അത് മൗദൂദികളുടെ പുസ്തകമാണ്. അതോടെ ജമാഅത്ത് സാഹിത്യവുമായുള്ള അക്കാലത്തെ ബന്ധം ഏറക്കുറെ അവസാനിച്ചു. ട്രെയ്‌നിംഗ് കോഴ്‌സ് കഴിഞ്ഞു. വെറുതെ ഇരിക്കാന്‍ കഴിയാത്തതിനാല്‍ അന്നത്തെ കാര്യപ്പെട്ട തൊഴിലുകളിലൊന്നായ ബീഡിതെറുപ്പില്‍ പ്രവേശിച്ചു. പഠന കാലയളവിലെ ഒഴിവുസമയങ്ങളില്‍ നേരത്തെതന്നെ ബീഡിതെറുപ്പിലേര്‍പ്പെട്ടിരുന്നു. ഞങ്ങള്‍ ബീഡി തെറുക്കുന്ന കടക്ക് മുന്നിലൂടെ 15 ദിവസം ഇടവിട്ട് ഒരാള്‍ സൈക്കിളില്‍ ചില പുസ്തകങ്ങളും വെച്ച് കോഴിക്കോട്ടേക്ക് പോകുമായിരുന്നു. നരച്ച താടിയും തൊപ്പിയും ജുബ്ബയും ധരിച്ച ഒത്ത ശരീരമുള്ള ഒരു വ്യക്തി. ഒരു ദിവസം എന്റെ പീടിക മുതലാളി കമ്മു ഹാജി പറഞ്ഞു: ''ഇപ്രാവശ്യം ആ സൈക്കിളില്‍ പോകുന്നയാളെ കൈകാട്ടി നിര്‍ത്തി അയാളുടെ യാത്രയുടെ ഉദ്ദേശ്യം തിരക്കണം.'' ആ ദൗത്യം ഞാനേറ്റെടുത്തു. അങ്ങനെ അപ്രാവശ്യം ഞാനയാളെ കൈകാട്ടി നിര്‍ത്തിച്ചു സലാം പറഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ യാത്രയുടെ ലക്ഷ്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ''ജമാഅത്തെ ഇസ്‌ലാമി എന്ന ഒരു സംഘടനയുണ്ട്. അവര്‍ ഇറക്കുന്ന പത്രമാണ് സൈക്കിളിലുള്ളത്. പ്രബോധനം എന്നാണ് പേര്. അതിന്റെ വിതരണത്തിന് കോഴിക്കോട്ടേക്ക് പോവുകയാണ്.'' എടയൂരില്‍നിന്ന് പ്രബോധനം സൈക്കിളില്‍ കോഴിക്കോട്ടെത്തിച്ച് വിതരണം ചെയ്യുന്ന താജുദ്ദീന്‍ സാഹിബായിരുന്നു ഈ വ്യക്തി. വില്‍പ്പനക്കുള്ള ചെറിയ പുസ്തകങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ഒരണ വിലയുള്ള 'ഇസ്‌ലാം- വെന്തുനീറുന്ന ലോകത്തിന് സമാധാന സന്ദേശം' പുസ്തകം ഞാന്‍ വാങ്ങി. ആ പുസ്തകം ബീഡിതെറുപ്പുക്കാര്‍ക്കിടയില്‍ ഞാന്‍ ഉറക്കെ വായിച്ചു.
1952-ല്‍ സ്‌കൂള്‍ അധ്യാപകനായി കാളികാവ് അമ്പലക്കടവില്‍ ജോലി കിട്ടി. ഏഴു മാസം അവിടെ നിന്ന ശേഷം മോങ്ങം ഒളമതില്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി നാട്ടിലേക്ക് തന്നെ തിരിച്ചുവന്നു. അവിടെ അധ്യാപനം നടത്തുമ്പോഴാണ് കൊണ്ടോട്ടിയില്‍ 'മൗദൂദികള്‍' ഉണ്ടെന്ന വിവരം അറിയുന്നത്. അവര്‍ താടി നീട്ടിയ ബീഡിതെറുപ്പുകാരാണെന്നും ബാങ്ക് കേട്ടാല്‍ പണി നിര്‍ത്തി പള്ളിയില്‍ പോകുന്ന സ്വഭാവക്കാരും കണ്ടാല്‍ സലാം പറഞ്ഞ് കുടുംബവിവരങ്ങളും നമ്മുടെ ജോലിയും നമസ്‌കാര കാര്യങ്ങളുമെല്ലാം അന്വേഷിക്കുന്നവരുമാണെന്ന വിവരമാണ് ഒരു പരിചയക്കാരന്‍ വഴി എനിക്ക് ലഭിച്ചത്.
കൊണ്ടോട്ടിയില്‍ പോയി അവരെ നേരിട്ട് കാണാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ കൊണ്ടോട്ടി ഓഫീസിലെത്തി. മാളിയേക്കല്‍ മുഹമ്മദ് എന്ന ആളാണ് അവിടെയുണ്ടായിരുന്നത്. ഖുര്‍ആനും ഹദീസും മറ്റു ചില വിഷയങ്ങളും എഴുതിയ ചാര്‍ട്ടുകള്‍ അവിടെ തൂക്കിയിട്ടിരുന്നു. അതിന്റെയെല്ലാം താഴെ 'ജമാഅത്തെ ഇസ്‌ലാമി' എന്ന് എഴുതിയിട്ടുണ്ട്. അതിലെ ചില കാര്യങ്ങളെല്ലാം ഞാന്‍ എഴുതിയെടുത്തു. പിന്നെ ഇടക്കിടക്ക് അവിടെ സന്ദര്‍ശനം പതിവാക്കി. അന്നവിടത്തെ നാസിം പൊറ്റമ്മല്‍ അബൂബക്കര്‍ സാഹിബാണ്. ഒരു ദിവസം അദ്ദേഹവും ബാവ സാഹിബ്, കൊടക്കാടന്‍ വീരാന്‍കുട്ടി കാക്ക എന്നിവരും മൊറയൂരില്‍ വന്നു. ജമാഅത്ത് നേതാക്കളുമായി നേരത്തെ ബന്ധങ്ങള്‍ ഉണ്ടായിരുന്ന, എന്റെ ഗുരുനാഥന്‍ പി. അലി അശ്‌റഫ് മാസ്റ്റര്‍, എം.വി രായിന്‍കുട്ടി സാഹിബ് (എം.വി സലീം മൗലവിയുടെ ജ്യേഷ്ഠന്‍), പി.എ മുഹമ്മദ് തുടങ്ങിയവരെയെല്ലാം അവര്‍ കണ്ടു. പിന്നീട് മൊറയൂരിലെ ജമാഅത്ത് അനുഭാവികളായ ഞങ്ങള്‍ ഇടക്കിടെ ഒരുമിച്ചുകൂടുകയും ജമാഅത്തിനെ കുറിച്ച് പഠിച്ചതെല്ലാം പരസ്പരം പങ്കുവെക്കുകയും ചെയ്തു. അങ്ങനെ ജമാഅത്തെ ഇസ്‌ലാമി എന്ന പേരിലല്ലാതെ മൊറയൂരിലെ എല്ലാ ദീനീതല്‍പരരായ മുസ്‌ലിംകളെയും ചേര്‍ത്ത് ഒരു വേദിയുണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു ഭരണഘടനയെല്ലാം തയാറാക്കി 'ജംഇയ്യത്തു തഹ്ദീബില്‍ ഇസ്‌ലാമി' എന്ന സംഘടനയുണ്ടാക്കി. മുജാഹിദ് ആശയക്കാരെയും സുന്നികളെയുമെല്ലാം അതില്‍ ചേര്‍ത്തു. അതിന് കീഴില്‍ വായനശാല തുടങ്ങി. കൊണ്ടോട്ടിയില്‍ ജമാഅത്ത് ഓഫീസില്‍ കണ്ട ചാര്‍ട്ടുകളെല്ലാം എഴുതിയെടുത്ത് ഈ വായനശാലയിലും തൂക്കി. എല്ലാറ്റിന്റെയും താഴെ ജംഇയ്യത്തു തഹ്ദീബില്‍ ഇസ്‌ലാമി എന്നെഴുതിച്ചേര്‍ത്തു. ആഴ്ചയില്‍ ഖുര്‍ആന്‍ ക്ലാസ്സും സാഹിത്യ സമാജവും മറ്റും അതിന് കീഴില്‍ നടത്തി. സാഹിത്യ പാരായണത്തില്‍ ഖുതുബാത്ത്, ഇസ്‌ലാം മതം തുടങ്ങി അന്ന് ലഭ്യമായ ജമാഅത്ത് സാഹിത്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി.
അലി അശ്‌റഫ് മാസ്റ്റര്‍ മഞ്ചേരിയില്‍വെച്ച് പരിചയപ്പെട്ട, ആലിയയിലെ വിദ്യാര്‍ഥിയായിരുന്ന കെ.എന്‍ അബ്ദുല്ല മൗലവിയെ കൊണ്ടുവന്ന് ഇതിനിടക്ക് മൊറയൂര്‍ വാലഞ്ചേരിയില്‍ ഒരു പ്രഭാഷണവും നടത്തിച്ചു. മുജാഹിദുകളുമായി യോജിച്ചായിരുന്നു അന്ന് പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ പള്ളിയിലെ സംഘടിത സകാത്ത് സംരംഭവുമായി ഞങ്ങളും സഹകരിച്ചിരുന്നു. 'ജംഇയ്യത്ത് തഹ്ദീബില്‍ ഇസ്‌ലാമി'ന്റെ കീഴില്‍ ഇസ്സുദ്ദീന്‍ മൗലവിയടക്കമുള്ളവരെ കൊണ്ടുവന്ന് പ്രഭാഷണ പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നു. ഞങ്ങളിങ്ങനെ ഒരു വേദിയുണ്ടാക്കി പ്രവര്‍ത്തിക്കുന്ന വിവരം ജമാഅത്ത് കേന്ദ്രത്തില്‍ അറിയിച്ചിരുന്നു. അങ്ങനെ 1954-ല്‍ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി മൊറയൂരില്‍വന്ന് ജമാഅത്ത് അനുഭാവികളെയെല്ലാം ഒരുമിച്ച് കൂട്ടി ഹംദര്‍ദ് ഹല്‍ഖ രൂപീകരിച്ചു. പി. അലി അശ്‌റഫ് മാസ്റ്റര്‍ (നാസിം), കെ. കോമു മാസ്റ്റര്‍ (സെക്രട്ടറി), എം.വി വീരാന്‍കുട്ടി, പി.എ മുഹമ്മദ്, എ. മൊയ്തീന്‍കുട്ടി, പി.എ അലി എന്നിവരായിരുന്നു ഹംദര്‍ദുകള്‍. രൂപീകരണാനന്തരം കുറച്ചുപേര്‍ പിരിഞ്ഞുപോയെങ്കിലും അന്നു വിദ്യാര്‍ഥികളായിരുന്ന സി.കെ കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, മര്‍ഹൂം പി.ബി മുഹമ്മദലി, എം. അവറാന്‍ മാസ്റ്റര്‍, എ. മുഹമ്മദ്, മൊയ്തീന്‍കുട്ടി എന്നിവര്‍ ഹല്‍ഖയുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചു. കെ. മൊയ്തു മൗലവി, കെ. അബ്ദുസ്സലാം മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി തുടങ്ങിയവര്‍ മാസാന്തം ഹല്‍ഖയില്‍ വരികയും ഒന്നു രണ്ട് ദിവസം കൂടെ താമസിക്കുകയും ചെയ്തിരുന്നു.
അന്ന് അമീറായിരുന്ന ഹാജി സാഹിബിനെ ഞങ്ങള്‍ മൊറയൂരില്‍ പ്രഭാഷണം നടത്താന്‍ ക്ഷണിച്ചിരുന്നു. 1959-ല്‍ അദ്ദേഹം മരണപ്പെട്ടതിനാല്‍ അത് നടന്നില്ല. പിന്നീട് ആ വര്‍ഷം തന്നെ കെ.സി അബ്ദുല്ല മൗലവിയെ ക്ഷണിച്ചു. അദ്ദേഹം വരാമെന്നേറ്റ ദിവസം ഞങ്ങള്‍ ആളുകളെയെല്ലാം ക്ഷണിച്ചു; വേദിയുമൊരുക്കി. വൈകീട്ട് ഏഴു മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. 9 മണിയായിട്ടും കെ.സിയെ കാണാത്തതിനാല്‍ പരിപാടി മാറ്റി വെച്ചതായി അറിയിച്ചു. ആളുകളെല്ലാം പിരിഞ്ഞു പോയി. ഞങ്ങള്‍ സ്പീക്കര്‍ സെറ്റ് അഴിച്ചുവെക്കുമ്പോള്‍ അതാ കെ.സി നടന്നു വരുന്നു. ആളുകളാരുമില്ല. അദ്ദേഹം പറഞ്ഞു: ''എനിക്ക് പ്രസംഗിക്കണം. ഞാന്‍ രാവിലെ പുറപ്പെട്ടതാണ്. മണാശ്ശേരി മുതല്‍ നടന്നുവരികയാണ്.'' പ്രസംഗം കേള്‍ക്കാന്‍ ആളില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ തൊട്ടടുത്തേക്ക് ചൂണ്ടിക്കാട്ടി 'ഈ ആല്‍മരം ഉണ്ടല്ലോ, അതുമതി, ഞാന്‍ പ്രസംഗിക്കുകയാണ്' എന്നുപറഞ്ഞ് കെ.സി പ്രഭാഷണം തുടങ്ങി. 'അല്ലാഹുവിന്റെ സൃഷ്ടിയായ ആല്‍മരമേ' എന്നുവിളിച്ച് കൊണ്ട് കെ.സി വിഷയം അവതരിപ്പിച്ച് തുടങ്ങി. ശബ്ദം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ചിലരെല്ലാം എത്തി. ആളുകളുടെ എണ്ണമൊന്നും നോക്കാതെ കെ.സി വിഷയം പൂര്‍ത്തിയാക്കി. ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ വളരെ ക്ലേശിച്ച് നടന്നാണ് അദ്ദേഹം നാട്ടില്‍നിന്ന് മൊറയൂരില്‍ എത്തിയത്. അന്ന് മിക്കവാറും പ്രദേശങ്ങളിലേക്ക് നടന്നായിരുന്നു നേതാക്കളും പ്രവര്‍ത്തകരുമെല്ലാം പോയിരുന്നത്. അപൂര്‍വം ചിലര്‍ക്ക് സൈക്കിളുണ്ടായിരുന്നു. എടയൂരില്‍ നിന്ന് സൈക്കിളില്‍ കോഴിക്കോട്ടേക്ക് പ്രബോധനം കൊണ്ടുപോയിരുന്ന താജുദ്ദീന്‍ സാഹിബിനെക്കുറിച്ച് തുടക്കത്തില്‍ പരാമര്‍ശിച്ചിരുന്നല്ലോ. ചേന്ദമംഗല്ലൂര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു മൊറയൂരിലെ സി.കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍. അവിടത്തെ വാര്‍ഷികത്തിന് ഞങ്ങള്‍ 15 പേര്‍ മൊറയൂരില്‍നിന്ന് ചേന്ദമംഗല്ലൂരിലേക്ക് നടന്നുപോയത് ഓര്‍മയുണ്ട്. അന്നതൊക്കെ ആവേശമായിരുന്നു. ഒരു കാര്യം തീരുമാനിച്ചാല്‍ അതെത്ര പ്രയാസകരമാണെങ്കിലും എല്ലാവരും ചേര്‍ന്ന് നടപ്പാക്കുന്ന കാലം.
കുടുംബം
ജമാഅത്തുമായി ബന്ധപ്പെട്ട തുടക്കംമുതലേ വീട്ടില്‍നിന്ന് യാതൊരു എതിര്‍പ്പും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പിതാവ് കമ്മു മൊല്ല വീടുകളില്‍ ഓത്തു നടത്തുകയും മദ്‌റസയില്‍ പഠിപ്പിക്കുകയും വാലഞ്ചേരിയിലെ നമസ്‌കാര പള്ളിയില്‍ ഇമാമായി നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. മുജാഹിദ് മൗലവിയോ ജമാഅത്ത് മൗലവിമാരോ ആര് പള്ളിയില്‍ വന്നാലും അദ്ദേഹം അവരെ നമസ്‌കാരത്തിന് ഇമാമാക്കുമായിരുന്നു. 'മകന്‍ പുത്തന്‍വാദക്കാരനാണല്ലോ ഇനിയെന്താ ചെയ്യുക' എന്ന് നാട്ടിലെ കാരണവന്മാര്‍ ഉപ്പയോട് ചോദിക്കുമ്പോഴെല്ലാം 'ഒന്നും ചെയ്യാനില്ല, അവരൊക്കെ പടച്ചവനു വേണ്ടിയാണ് ചെയ്യുന്നത്, അഭിപ്രായ വ്യത്യാസം പണ്ടും ഉണ്ട്, മദ്ഹബുകളൊക്കെ അങ്ങനെ ഉണ്ടായതല്ലേ' എന്ന് ഉപ്പ മറുപടിയും പറയും. അതോടെ അത്തരം എതിര്‍പ്പുകള്‍ അവസാനിക്കും. എന്നാല്‍, ഭാര്യവീട്ടില്‍ ഇതായിരുന്നില്ല സ്ഥിതി. മലയില്‍ അഹമ്മദു മൊല്ലയുടെ മകള്‍ പാത്തുമ്മക്കുട്ടിയെയായിരുന്നു ഞാന്‍ വിവാഹം കഴിച്ചത്. ഭാര്യാപിതാവ് കര്‍ക്കശ സുന്നിയും 'ജമ-മുജ'കള്‍ക്ക് സലാം പറയാത്തവനുമായിരുന്നു. സുന്നി നേതാക്കളുടെ പ്രസംഗം കേള്‍ക്കുന്ന ദിവസമാണ് ഞാന്‍ അവിടേക്ക് ചെല്ലുന്നതെങ്കില്‍ എന്നോട് വലിയ ദേഷ്യമായിരിക്കും. ഞാന്‍ വിട്ടിലെത്തിയാല്‍ അദ്ദേഹം ഇറങ്ങിപ്പോകും. എന്റെ കൂടെ ഭക്ഷണം കഴിക്കില്ല. തൃപ്പനച്ചിയില്‍ നടന്ന ഒരു വഅ്‌ളില്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പുത്തന്‍വാദക്കാരെ ബഹിഷ്‌കരിക്കാനും മക്കളെ അവര്‍ക്ക് വിവാഹം കഴിച്ചുകൊടുത്തവര്‍ ത്വലാഖ് ചെല്ലിച്ച് വാങ്ങാനും ആഹ്വാനം ചെയ്യുകയുണ്ടായി. അന്നെനിക്ക് മൂന്ന് മക്കളായിരുന്നു. ഭാര്യാപിതാവും ഭാര്യയുടെ അമ്മാവന്മാരും അവളെ ത്വലാഖ് ചൊല്ലണമെന്ന് വാശി പിടിച്ചു. ഒരു വര്‍ഷത്തോളം അവള്‍ എന്നില്‍നിന്നകന്ന് താമസിച്ചു. ത്വലാഖ് ചൊല്ലിയിരുന്നില്ല. പിന്നീട് എന്റെ അമ്മാവന്‍ ഹാജി അസ്സന്‍ മാസ്റ്റര്‍ ഭാര്യാവീട്ടില്‍ പോയി അവരോട് സംസാരിച്ചു. അങ്ങനെ ഭാര്യ എന്റെ കൂടെവന്നു. പിന്നീട് ഭാര്യാ വീട്ടില്‍നിന്ന് ഇത്തരം എതിര്‍പ്പുകള്‍ ഉണ്ടായിട്ടില്ല.
എന്നാല്‍ നാട്ടില്‍ പലവിധ എതിര്‍പ്പുകളും ഉണ്ടായിരുന്നു. ജമ-മുജകള്‍ക്കെതിരെ ഇടക്കിടെ വഅ്‌ള് പരമ്പരകളും അരങ്ങേറി. ഒരിക്കല്‍ മൊറയൂരില്‍ നടന്ന ഒരു വഅ്‌ളില്‍ ഒരു മുസ്‌ലിയാര്‍ പ്രസംഗിച്ചു: ''നൂറ് കാഫിറിനെ കൊല്ലുന്ന കൂലി ഒരു മൗദൂദിയെ കൊന്നാല്‍ കിട്ടും.'' ഈ പ്രസംഗം കേട്ട മൊറയൂരിലെ ഇല്ലത്തെ ശ്രീധരന്‍ മൂസത് അദ്ദേഹത്തിന്റെ കാര്യസ്ഥനും ജമാഅത്ത് പ്രവര്‍ത്തകനുമായ എം.വി രായിന്‍കുട്ടി സാഹിബിനോട് ചോദിച്ചു: ''അല്ല രായിന്‍കുട്ടി, ഞങ്ങളേക്കാള്‍ പിഴച്ചവരാണോ നിങ്ങള്‍. ഇന്നലെ മുസ്‌ലിയാരുടെ പ്രസംഗം കേട്ടില്ലേ?!'' രായിന്‍കുട്ടി സാഹിബ് അദ്ദേഹത്തിന് ഇസ്‌ലാമും ജമാഅത്തെ ഇസ്‌ലാമിയും എന്താണെന്ന് വിശദീകരിച്ചുകൊടുത്തു. ചില പുസ്തകങ്ങളും കൈമാറി. അദ്ദേഹം മരണം വരെ ജമാഅത്തുകാരുമായി നല്ല സൗഹൃദത്തിലായിരുന്നു. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും ക്ലാസുകളുമായിരുന്നു അന്നത്തെ മുഖ്യ സംഘടനാ പ്രവര്‍ത്തനം. മര്‍ഹൂം അലി അശ്‌റഫ് മാസ്റ്ററാണ് നാട്ടില്‍ ഇതിനെല്ലാം നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹം ഓരോ വെള്ളിയാഴ്ചയും പരിസര പ്രദേശത്തുള്ള പള്ളികളില്‍ പോയി ജുമുഅക്ക് ശേഷം വഅ്‌ള് പറയും. ജമാഅത്തുകാരനാണെന്ന അഡ്രസ്സിലാവില്ല ഈ വഅ്‌ളുകളൊന്നും. ഇഖാമത്തുദീനാകും മിക്കപ്പോഴും വിഷയം. വഅ്‌ള് അവസാനിക്കുമ്പോള്‍ മാത്രം അദ്ദേഹം പറയും: 'ഇതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം.' വിദ്യാസമ്പന്നരായവരുടെ വീടുകള്‍ പ്രത്യേകം ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ സ്‌ക്വാഡ് പോകും. പ്രഫ. മൊയ്തീന്‍കുട്ടി സാഹിബ്, പ്രഫ. മുഹമ്മദ് സാഹിബ്, ടി.പി മുഹമ്മദലി സാഹിബ്, അരീക്കോട് ക്ലര്‍ക്ക് പി.കെ മമ്മദ്, പി.ബി മുഹമ്മദലി, സി.കെ കുഞ്ഞു മോയിന്‍ മാസ്റ്റര്‍ ഇവരെയെല്ലാം ജമാഅത്തിലേക്കാകര്‍ഷിച്ചത് അദ്ദേഹമായിരുന്നു. ഇപ്പോള്‍ മൊറയൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പള്ളി, മദ്‌റസ, അനുബന്ധ സ്ഥാപനങ്ങള്‍ എല്ലാം ഈ പഴയ തലമുറ കെട്ടിപ്പടുത്തതാണ്. അവയെല്ലാം ഉപയോഗപ്പെടുത്തി പ്രസ്ഥാനത്തെ വളര്‍ത്തുവാനോ വികസിപ്പിക്കുവാനോ പുതിയ കാലത്ത് വേണ്ടത്ര സാധിച്ചിട്ടുണ്ടോ എന്നത് പുതിയ തലമുറ ആലോചനാ വിഷയമാക്കേണ്ടതാണ്.
കെ. കോമു മാസ്റ്റര്‍
മൊറയൂരിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നില്‍ നടന്ന വ്യക്തിത്വമായിരുന്നു കുറുങ്കാടന്‍ കോമു മാസ്റ്റര്‍. സമുദായത്തിലെ കക്ഷിത്വ വേലികള്‍ക്കപ്പുറത്ത് നിലകൊണ്ട കോമു മാസ്റ്റര്‍ മാനുഷിക ബന്ധങ്ങളില്‍ പുതിയ അധ്യായം രചിച്ചു. പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന മാസ്റ്റര്‍ സ്‌കൂളിലും അങ്ങാടിയിലും പള്ളികളിലും കുടുംബത്തിലും തന്റെ സ്‌നേഹ സാന്നിധ്യം അറിയിച്ചിരുന്നു. കുട്ടികളും പേരക്കുട്ടികളുമായി ഒരു വലിയ തറവാടിന്റെ കാരണവര്‍ എന്ന നിലക്ക് വളരെ മാതൃകാപരമായിരുന്നു ജീവിതം. സ്വന്തം വീട്ടില്‍ ബാലസംഘവും കുടുംബസംഗമവുമൊക്കെ അദ്ദേഹം നടത്തുമായിരുന്നു.
മൊറയൂര്‍, മോങ്ങം, കൊണ്ടോട്ടി പ്രദേശങ്ങളില്‍ പ്രസ്ഥാനത്തിന് വിത്ത് പാകുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഒളമതില്‍ എന്ന കുഗ്രാമത്തില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന കാലത്ത് വീട്ടില്‍ നിന്ന് പുറപ്പെട്ട് വയലേലകള്‍ താണ്ടി സ്‌കൂളിലെത്തുമ്പോഴേക്കും ഒരുപാട് സൗഹൃദങ്ങള്‍ അദ്ദേഹം ഉണ്ടാക്കിയെടുക്കുമായിരുന്നു. മൊറയൂര്‍ പള്ളി, മദ്‌റസ, നഴ്‌സറി സ്‌കൂള്‍ എന്നിവയുടെ രക്ഷാധികാരിയായിരുന്നു. ഭാര്യ ഫാത്വിമ കുട്ടി. മക്കള്‍: അബ്ദുസ്സലാം, അബ്ദുസ്സമദ്, അബ്ദുശ്ശുക്കൂര്‍, വഹീദുദ്ദീന്‍, അഹ്മദ് ശരീഫ്, നജ്മുദ്ദീന്‍, താഹിര്‍ ഹുസൈന്‍, സുലൈഖ, റംല, ഹഫ്‌സത്ത്.
Comments