ലോക പോലീസ് ലോക ചാരനാകുന്നുവോ?
അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) ഇന്ത്യയടക്കമുള്ള വിവിധ രാഷ്ട്ര നേതാക്കളുടെ സ്വകാര്യ ടെലിഫോണ്‍ സംഭാഷണങ്ങളും ഇമെയില്‍ അക്കൗണ്ട് വിവരങ്ങളും ചോര്‍ത്തിയെടുത്തെന്ന വെളിപ്പെടുത്തലുകള്‍ തെല്ല് ഇടവേളക്ക് ശേഷം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുന്നു. ലോകം ആദരവോടെ കാണുന്ന മാര്‍പാപ്പയുടേതടക്കം വത്തിക്കാനിലെ അതീവ രഹസ്യ സംഭാഷണങ്ങളും മറ്റും അമേരിക്ക ചോര്‍ത്തിയെടുത്തെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങളും, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ 10 വര്‍ഷത്തിലധികം ചോര്‍ത്തിയെന്ന് ജര്‍മന്‍ പത്രങ്ങളും, സ്‌പെയിനിലെ ആറ് കോടി ജനങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന് സ്‌പെയിന്‍ മാധ്യമങ്ങളും, ഫ്രഞ്ച് പൗരന്മാരുടെ ടെലിഫോണ്‍-ഇന്റര്‍നെറ്റ് വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് ഫ്രാന്‍സും ആരോപിക്കുന്നു.
2007 മുതല്‍ 'പ്രിസം' എന്ന് പേരിട്ട പദ്ധതിയിലൂടെ അമേരിക്ക ഇത്തരം ചോര്‍ത്തലുകള്‍ നടത്തി വരികയായിരുന്നുവെന്ന് എഡ്‌വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയതിലൂടെ ലോകമറിഞ്ഞത് സാങ്കേതിക സംവിധാനങ്ങളുടെ മറവില്‍ ലോക പോലീസ് നടത്തിവരുന്ന ചാരവൃത്തികളായിരുന്നു. കൂട്ട നശീകരണായുധങ്ങളുടെ പേരുപറഞ്ഞ് നിരവധി രാജ്യങ്ങളുടെ മേല്‍ അധിനിവേശം നടത്തി നിരപരാധികളുടെ രക്തം ചിന്തിക്കൊണ്ടിരിക്കുന്ന യാങ്കീ മുഷ്‌ക്ക് ദേശീയ സുരക്ഷയുടെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞു കയറുന്നതിനെ ഏതര്‍ഥത്തിലാണ് ന്യായീകരിക്കാന്‍ കഴിയുക എന്നത് പ്രസക്തമായ ചോദ്യമാണ്. ഇത്തരം നടപടികള്‍ ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും ഗുരുതര വിശ്വാസ വഞ്ചനയാണെന്നും ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഒബാമയെ ജര്‍മന്‍ ചാന്‍സലര്‍ നേരില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഫ്രഞ്ച് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലില്‍ ഫ്രാന്‍സും അമേരിക്കയോട് വിശദീകരണം ചോദിക്കുകയും അതീവ ഗൗരവത്തോടെ യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ ഈമെയില്‍ ഫോണ്‍ വിവരങ്ങള്‍ 'പ്രിസം' വഴി ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുകളില്‍ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇന്റര്‍നെറ്റ് മേഖലയിലെ ഭീമന്മാരായ യാഹുവിന്റെയും ഗൂഗ്‌ളിന്റെയും ഡാറ്റാ സെന്ററുകളില്‍ നിന്ന് അതിവിദഗ്ധമായി വിവരങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ വന്‍ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. പ്രിസം പദ്ധതിയുടെ മറവില്‍ നേരത്തെ ഓണ്‍ലൈന്‍ ആശയവിനിമയത്തിന്റെ കോടിക്കണക്കിന് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി 'മാസ്‌കുലര്‍' എന്ന പുതിയ ദൗത്യവുമായി ഒപ്റ്റിക് ഫൈബര്‍ കേബിളുകളില്‍ നേരിട്ട് നുഴഞ്ഞ് കയറി വിവരങ്ങള്‍ അടിച്ചുമാറ്റുന്നത് ആഗോള വ്യാപകമായി വന്‍പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നുണ്ടെങ്കിലും സ്ഥിരം പ്രതിരോധ നടപടികളുമായി അമേരിക്കയും കൂട്ടാളികളും രംഗത്തുണ്ട്.
ആഗോള വിവരസാങ്കേതിക മേഖലയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയുടെ ഇത്തരം ഇരട്ടത്താപ്പ് നയങ്ങളും ഗൂഢനീക്കങ്ങളും വിദേശ രാജ്യങ്ങളില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും പ്രതികരണങ്ങള്‍ ഇതിന്റെ തെളിവാണ്. 'ചാരവൃത്തി അവസാനിപ്പിക്കുക, രഹസ്യ നിരീക്ഷണം നിര്‍ത്തുക' എന്ന മുദ്രാവാക്യം മുഴക്കി 5000 ത്തിലധികം പേര്‍ വാഷിംഗ്ടണില്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. 575,000 പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ പെറ്റീഷന്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രതിഷേധക്കാര്‍ സമര്‍പ്പിക്കുകയുമുണ്ടായി.
തന്റെ രാജ്യം ലോക പോലീസ് ചമയുന്നില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ നയമല്ലെന്നും ഒബാമ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അച്ചടി മഷി ഉണങ്ങുന്നതിന് മുമ്പാണ് പ്രിസം പദ്ധതിയെക്കുറിച്ച വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍. അനുവാദമില്ലാതെ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുവാനും വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാനും അന്താരാഷ്ട്ര തലത്തിലോ പ്രാദേശിക തലത്തിലോ ഒരു നിയമവും അനുവദിക്കാതിരിക്കെ ഏത് നിയമത്തിന്റെയും മാനദണ്ഡത്തിന്റെയും പേരിലാണ് അമേരിക്ക ഇത്തരം നിരീക്ഷണങ്ങളും ചോര്‍ത്തലുകളും ചാരപ്പണികളും നടത്തുന്നത് എന്ന് ലോകത്തിന് മുമ്പില്‍ വിവരിക്കേണ്ടത് ഒബാമയുടെ കടമയാണ്. സ്വന്തം ജനതയുടെ സുരക്ഷ ഏറ്റെടുത്തിട്ടുള്ള അതത് സര്‍ക്കാറുകള്‍ യു.എന്‍ പോലുള്ള അന്താരാഷ്ട്ര വേദികളിലും മനുഷ്യാവകാശ സംരക്ഷണ വേദികളിലും ശബ്ദമുയര്‍ത്തി ഇരകളോടൊപ്പം നില്‍ക്കേണ്ടതുണ്ട്. ലോക ജനസംഖ്യയുടെ 31.59% വരുന്ന ക്രിസ്തീയ സമൂഹത്തിന്റെ ആത്മീയ നേതാവും സമാധാന പ്രിയനുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും, ഇന്ത്യയിലെ ശതകോടി പട്ടിണിപ്പാവങ്ങളും ഏതര്‍ഥത്തിലാണ് അമേരിക്കന്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാവുന്നത് എന്നറിയാന്‍ ലോക ജനതക്ക് ജിജ്ഞാസയുണ്ട്.
Comments