പ്രബോധനത്തിന്റെ പ്രസക്തി ? / പ്രബോധനം ക്യാമ്പയിന്‍
മാനവസമൂഹത്തില്‍ ധര്‍മം പ്രചരിപ്പിക്കുന്നതും അധര്‍മം വിപാടനം ചെയ്യാന്‍ ശ്രമിക്കുന്നതും മുസ്‌ലിം സമുദായത്തിന്റെ മൗലിക ലക്ഷ്യവും അസ്തിത്വത്തിന്റെ ന്യായവുമായി വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അന്ത്യപ്രവാചകന്‍ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഹജ്ജില്‍ നടത്തിയ സുപ്രസിദ്ധമായ പ്രഭാഷണത്തില്‍ ഓരോ മുസ്‌ലിമിനോടും വസ്വിയ്യത്ത് ചെയ്തിട്ടുള്ളതാണ് ഇസ്‌ലാമിക സന്ദേശം അത് ലഭിച്ചിട്ടില്ലാത്തവര്‍ക്കെല്ലാം എത്തിച്ചുകൊടുക്കുക എന്നത്. വിശുദ്ധ ഖുര്‍ആനും അന്ത്യപ്രവാചകനും അനുശാസിച്ച ഈ ധര്‍മമാണ് മുസ്‌ലിം സമുദായത്തിനും വ്യക്തികള്‍ക്കും വേണ്ടി പ്രബോധനം വാരിക നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ സംരംഭം ഭംഗിയായി മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്വം എല്ലാ വിശ്വാസികള്‍ക്കും, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് വിശേഷിച്ചും ഉണ്ട്. പ്രബോധനത്തിന്റെ പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും ബോധപൂര്‍വം പങ്കെടുക്കുക ആ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ സുപ്രധാനമായ ഒരു രീതിയാണ്. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും പ്രബോധനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന മറ്റുള്ളവര്‍ക്കും പ്രബോധന സംരംഭത്തില്‍ ബോധപൂര്‍വം പങ്കെടുക്കാന്‍ അവസരമൊരുക്കുകയാണ് വര്‍ഷം തോറും നടത്താറുള്ള പ്രചാരണ പക്ഷാചരണത്തിലൂടെ ഞങ്ങള്‍ ചെയ്യുന്നത്. ഈ ഡിസംബര്‍ 1 മുതല്‍ 15 വരെയാണ് കേരളത്തില്‍ ഇക്കൊല്ലത്തെ പ്രചാരണ പക്ഷം. പതിവുപോലെ എല്ലാ ഗുണകാംക്ഷികളുടെയും അകമഴിഞ്ഞ സഹകരണം ഇക്കുറിയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രബോധനത്തിന്റെ പ്രചാരണം പതിവിലേറെ ഗൗരവത്തോടെ പരിഗണിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പ്രസ്ഥാന പ്രവര്‍ത്തകരെ പ്രത്യേകം ഓര്‍മിപ്പിക്കുകയാണ്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഗുരുതരമായ ആക്ഷേപങ്ങള്‍ക്കും ശത്രുതക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇസ്‌ലാമും മുസ്‌ലിംകളും. പവിത്രമായ ഖുര്‍ആനും പരിശുദ്ധനായ പ്രവാചകനും വരെ അതിനീചമാം വണ്ണം അവഹേളിക്കപ്പെടുന്നു. മുസ്‌ലിം സമുദായം പരിഷ്‌കൃത ലോകത്തിന്റെ ശത്രുക്കളായ പ്രാകൃതരും രക്തദാഹികളുമായി പരക്കെ ചിത്രീകരിക്കപ്പെടുന്നു. ഇത്തരം കുത്സിതമായ സാംസ്‌കാരികാക്രമണങ്ങളിലൂടെ ഇസ്‌ലാമിനെ ഈ ലോകത്തുനിന്ന് തുടച്ചുനീക്കുകയാണ് പ്രതിയോഗികളുടെ ലക്ഷ്യം. ഈ സാംസ്‌കാരിക യുദ്ധത്തിനെതിരെ ഇസ്‌ലാമിക പ്രസ്ഥാനം നടത്തുന്ന ക്ലേശകരമായ ചെറുത്തുനില്‍പ് ഫലപ്രദമാകാന്‍ പ്രബോധനം വാരിക സമുദായത്തിനകത്തും പുറത്തും കൂടുതല്‍ കൂടുതല്‍ കരങ്ങളിലെത്തേണ്ടതുണ്ട്. ഇവ്വിഷയകമായി പ്രബോധനത്തിന്റെ പ്രവര്‍ത്തനം കേരളീയ സമൂഹത്തില്‍ അതിന്റെ പ്രചാരണത്തിനനുസൃതമായി ഫലപ്രദമാകുന്നുവെന്ന് അമുസ്‌ലിം വായനക്കാരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാകുന്നുവെന്നത് ആശാവഹമായ വസ്തുതയാണ്.
മതത്തെയും ദൈവത്തെയും സംബന്ധിച്ച അവിശ്വാസവും തെററുദ്ധാരണകളും തീര്‍ത്ത നരകീയ പാതകളില്‍ നിന്ന് പ്രബോധനം വായനയിലൂടെ ഇസ്‌ലാമിന്റെ സുതാര്യമായ രാജപാതയിലെത്തിയവര്‍ ഒട്ടേറെയാണ്. ദീനുല്‍ ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടില്‍ നിന്ന് പ്രബോധനത്തിന്റെ അക്ഷരങ്ങളിലൂടെ സത്യത്തിന്റെയും സന്മാര്‍ഗത്തിന്റെയും വെള്ളിവെളിച്ചത്തിലെത്താന്‍ കഴിഞ്ഞവരും നിരവധിയാണ്. അത്തരം സഹോദരന്മാരില്‍ നിന്നുള്ള കൃതജ്ഞതാ നിര്‍ഭരമായ കത്തുകളാണ് ഒരു പത്രത്തിന്റെ പ്രസാധകരെന്ന നിലയില്‍ ഞങ്ങളെ ഏറ്റവുമധികം കൃതാര്‍ഥരാക്കുന്നത്. ഈ കൃതാര്‍ഥതയും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലകാംക്ഷയും പ്രബോധനം ഓഫീസിലിരിക്കുന്ന ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല; ഞങ്ങളെക്കാളേറെ ആ സഹോദരങ്ങളുടെ കൈകളില്‍ പ്രബോധനം എത്തിച്ച ഇസ്‌ലാമിക പ്രവര്‍ത്തകരാണതിന്റെ അവകാശികള്‍.
സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ അനിവാര്യതയാണ് സമകാലീന ലോക സംഭവങ്ങള്‍ മുസ്‌ലിംകളെ ഉച്ചത്തില്‍ വിളിച്ചറിയിക്കുന്ന മറ്റൊരു സന്ദേശം. ഈ സന്ദേശം അര്‍ഹിക്കുന്ന ഗൗരവത്തോടെ ശ്രവിച്ചുകൊണ്ടാണ് പ്രബോധനത്തിന്റെ ഉള്ളടക്കം തയാറാക്കുന്നത്. ഇതര സംഘടനകളെ ആക്ഷേപിക്കാനും അപഹസിക്കാനും ഞങ്ങള്‍ മുതിരാറില്ല. പകരം എല്ലാവരുടെയും നല്ല വശങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. ഇതര സംഘടനകളിലുണ്ടാകുന്ന ആഭ്യന്തര ശൈഥില്യങ്ങളെ പ്രോത്സാഹിപ്പിച്ച് മുതലെടുക്കാന്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല. സംഘടനാ ബന്ധം പരിഗണിക്കാതെ പ്രമുഖ പണ്ഡിതന്മാരുമായി അഭിമുഖങ്ങള്‍ നടത്തി അവരുടെ അറിവും ആശയങ്ങളും സമുദായത്തിനു പങ്കുവെക്കുന്നതിലൂടെ സമവായത്തിലേക്കും ഐക്യത്തിലേക്കുമുള്ള പാത വെട്ടിത്തെളിയിക്കാന്‍ ശ്രമിക്കുകയാണ് പ്രബോധനം. ഈ വാരികയുടെ ലക്കങ്ങള്‍ പരിശോധിച്ചു നോക്കുന്നവര്‍ക്ക് ഇക്കാര്യം അനായാസം ബോധ്യപ്പെടുന്നതാണ്.
പ്രബോധനം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുഖപത്രമാണ്. എന്നാല്‍, തുടക്കം മുതലേ അത് പ്രസിദ്ധീകരിച്ചു പോന്നിട്ടുള്ളത് ഒരു സംഘടനയുടെ മാത്രം പ്രസിദ്ധീകരണമായിട്ടല്ല; ഇസ്‌ലാമിന്റെയും മുസ്‌ലിം സമുദായത്തിന്റെയും പ്രസിദ്ധീകരണമായിട്ടാണ്. സഹോദര സമുദായങ്ങളെ സംബോധന ചെയ്യുന്നതോടൊപ്പം മുസ്‌ലിം സമുദായത്തിലെ എല്ലാ സ്ത്രീ പുരുഷന്മാരും അറിയേണ്ട വിവരങ്ങളും വിജ്ഞാനങ്ങളുമാണ് അതവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ മുസ്‌ലിം കുടുംബത്തിലും അത് എത്തേണ്ടതുണ്ട്; ഓരോ കുടുംബാംഗവുമായി സംവദിക്കേണ്ടതുണ്ട്. അവരവരുടെ പ്രദേശത്തെ എല്ലാ വീടുകളിലും പ്രബോധനം എത്തിക്കുക എന്നതായിരിക്കട്ടെ ഈ പ്രചാരണ പക്ഷത്തില്‍ പ്രബോധനത്തിന്റെ ഗുണകാംക്ഷികളുടെ പ്രവര്‍ത്തന ലക്ഷ്യം.
Comments