മക്ക എന്ന നഗര രാഷ്ട്രം
പ്രവാചകന് ജനിക്കുന്ന സമയമാവുമ്പോഴേക്ക് ചില സവിശേഷതകള്‍ സ്വന്തമായുള്ള നഗരമായി മക്ക മാറിക്കഴിഞ്ഞിരുന്നു. കച്ചവടസമൃദ്ധിയുള്ള ഒരു നഗരം മാത്രമായിരുന്നില്ല അത്; സ്വന്തമായി ഒരു ഭരണകൂടവും ഭരണവ്യവസ്ഥയും വിവിധ ചുമതലകള്‍ വഹിക്കുന്ന പന്ത്രണ്ട് 'മന്ത്രിമാരും' അവിടെ ഉണ്ടായിരുന്നു. കച്ചവടം തലമുറകളായി അവരുടെ ജീവനാഡിയാണ് എന്ന് പറയാം. വിശുദ്ധ ഖുര്‍ആനിലെ 106-ാം അധ്യായമായ ഖുറൈശ് അതിലേക്ക് സൂചന നല്‍കുന്നുണ്ട്. വേനല്‍-ശൈത്യ കാലങ്ങളില്‍ നടത്തുന്ന കച്ചവട യാത്രകളിലൂടെ കൈവന്ന സമൃദ്ധിയെക്കുറിച്ചും, കഅ്ബയുടെ നാഥന്‍ ഒരുക്കിത്തന്ന നിര്‍ഭയത്വം കളിയാടുന്ന ജീവിതാവസ്ഥയെക്കുറിച്ചുമാണ് ആ അധ്യായത്തില്‍ അവരെ ഓര്‍മിപ്പിക്കുന്നത്.
ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ വളരെ തന്ത്രപ്രാധാന്യമുണ്ട് മക്കക്ക്. വടക്കും തെക്കുമുള്ള അറബികള്‍ കച്ചവടയാത്രകള്‍ നടത്തിയിരുന്നത് മക്ക വഴിയായിരുന്നു. യൂറോപ്പ് ഇന്ത്യയുമായി കച്ചവട ബന്ധം സ്ഥാപിച്ചത് മക്ക വഴിയാണ് എന്നൊരു വാദഗതിയുണ്ട്. അപ്പോള്‍ കച്ചവട സംഘങ്ങള്‍ക്ക് മക്കയില്‍ ഭക്ഷണവും താമസവും ഒരുക്കേണ്ടത് അനിവാര്യമായിത്തീരുന്നു. പിന്നെ മക്കയിലാണല്ലോ സംസം ജലസംഭരണിയുള്ളത്. ഏത് സാര്‍ഥ വാഹക സംഘവും മക്ക സ്പര്‍ശിച്ചിട്ടേ കടന്നുപോവുമായിരുന്നുള്ളൂ. നഗരത്തിന്റെ തന്ത്രപ്രധാനമായ കിടപ്പിനെ സാധൂകരിക്കുന്നതായിരുന്നു പ്രവാചകന്റെ പൂര്‍വികരിലൊരാളായ അബ്ദുമനാഫ് ബ്‌നു ഖുസയ്യ് തന്റെ ഒരു മകനെ സീസര്‍, കൈസര്‍, നേഗസ്, യമന്‍ ഭരണാധികാരി എന്നിവരുടെ അടുത്തേക്ക് പറഞ്ഞയച്ചത്. ഇദ്ദേഹം ഈ ഭരണാധികാരികളുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കുകയും വിജയശ്രീലാളിതനായി തിരിച്ചെത്തുകയും ചെയ്തു.
ബദവി ഗോത്രങ്ങളുടെ ആക്രമണം ഭയന്ന് കഅ്ബക്കും കച്ചവട സംഘങ്ങള്‍ക്കും പ്രത്യേകം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു മക്കക്കാര്‍. കച്ചവടസംഘങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലുടനീളമുള്ള ഗോത്ര വര്‍ഗ നേതാക്കളുമായി അവര്‍ സംഭാഷണം നടത്തുകയും ലാഭത്തിന്റെ ഒരു വിഹിതം ആ ഗോത്രങ്ങള്‍ക്ക് നല്‍കി വരികയും ചെയ്തിരുന്നു. ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവര്‍ പിന്തിരിയാന്‍ അതാണ് കാരണം. എന്നു മാത്രമല്ല, ഈ ഗോത്രവര്‍ഗങ്ങളുടെ കൈവശമുള്ള ആട്, തുകല്‍, ഒലിവെണ്ണ തുടങ്ങിയ ഉല്‍പന്നങ്ങള്‍ നല്ല വിലയ്ക്ക് വിറ്റുകൊടുക്കുന്ന സേവനവും മക്കയിലെ പൗരപ്രമുഖര്‍ നിര്‍വഹിച്ചിരുന്നു. ചുരുക്കത്തില്‍, പല തരത്തിലുള്ള കച്ചവടക്കരാറുകളും സുരക്ഷാ സംവിധാനങ്ങളും മക്കയെ അറേബ്യയിലെത്തന്നെ ഏറ്റവും വലുതും സമ്പന്നവുമായ വ്യാപാര കേന്ദ്രമാക്കി ഉയര്‍ത്തിയിരുന്നു. കരാറുകളും സൗഹൃദങ്ങളുമാണ് കച്ചവട സംഘത്തിന്റെ സുരക്ഷ ഉറപ്പിക്കാന്‍ ഖുറൈശികള്‍ സ്വീകരിച്ച തന്ത്രങ്ങള്‍. ഒരു കച്ചവടസംഘം മക്കയിലെത്തിക്കഴിഞ്ഞാല്‍ ഖുറൈശികളില്‍ നിന്നൊരാള്‍ വഴിയിലുടനീളം അതിനെ അനുഗമിക്കും. ഖുറൈശി പ്രതിനിധിയെ കണ്ടാല്‍ അവരുമായി കരാറിലുള്ള ഗോത്രക്കാരൊന്നും ആക്രമണത്തിന് മുതിരുകയില്ല. ഈ സേവനത്തിന് ഓരോ കച്ചവടസംഘത്തില്‍ നിന്നും നല്ല പ്രതിഫലവും ഈടാക്കിയിരുന്നു. ഗോത്രങ്ങള്‍ തമ്മിലുണ്ടാക്കിയ ഈ ധാരണക്ക് ഖിഖാറഃ എന്നോ ബദ്‌റഖഃ എന്നോ ആണ് പറഞ്ഞിരുന്നത്.
മക്കയിലെ ഭരണം
130 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു നഗരരാഷ്ട്രമായിരുന്നു മക്ക. ഇവിടെ ഒരു രാജാവ് ഉണ്ടായിരുന്നില്ല. പകരം ഒരു സംയുക്ത ഭരണസമിതിയാണ് ഉണ്ടായിരുന്നത്. മന്ത്രിസഭക്കായിരുന്നു ഭരണച്ചുമതല എന്ന് പറയാം. സിവില്‍-ക്രിമിനല്‍ കാര്യങ്ങള്‍ക്ക് പ്രത്യേകം മന്ത്രിമാരുണ്ടായിരുന്നു. കഅ്ബ അടക്കാനും തുറക്കാനും പ്രത്യേകം പ്രത്യേകം മന്ത്രിമാരായിരുന്നു. ഭക്തികാര്യങ്ങള്‍ നോക്കുന്നതിനുമുണ്ട് ഒരു മന്ത്രി. അമ്പെയ്ത് പ്രശ്‌നം വെച്ച് ഒരു കാര്യം ചെയ്യണമോ വേണ്ടയോ എന്ന് കണ്ടുപിടിക്കുന്നത് അദ്ദേഹമായിരിക്കും. കഅ്ബ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ പല കാണിക്കകളും ഉപഹാരങ്ങളും സമര്‍പ്പിക്കും. അവ സൂക്ഷിക്കുന്നതിനും ഒരു മന്ത്രിയുണ്ട്. മറ്റൊരു മന്ത്രിയുടെ പണി നികുതി പിരിക്കലാണ്. ഓരോ പൗരനും വര്‍ഷാന്തം നികുതി കൊടുത്തിരിക്കണം. അശരണരായ തീര്‍ഥാടകരെ സംരക്ഷിക്കുന്നതിന് വേണ്ടിയും ഈ നികുതിപ്പണം ഉപയോഗിച്ചിരുന്നു. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് താമസവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിന്റെ പേരിലും അവരില്‍ നിന്ന് നികുതി പിരിച്ചിരുന്നു.
നമ്മുടെ ഇന്നത്തെ പാര്‍ലമെന്റിന്റെ മാതൃകയില്‍ മക്കയിലൊരു സ്ഥാപനം ഉണ്ടായിരുന്നു. ദാറുന്നദ്‌വഃ എന്നാണതിന്റെ പേര്. വിദേശ ആക്രമണ ഭീഷണിയോ അതുപോലുള്ള ഗുരുതരമായ വിപത്തുകളോ അഭിമുഖീകരിക്കുമ്പോള്‍ മക്കയിലെ പൗരന്മാര്‍ ദാറുന്നദ്‌വയില്‍ ഒത്തുകൂടി വിഷയം ചര്‍ച്ച ചെയ്യും. നാല്‍പത് വയസ്സ് തികഞ്ഞ മക്കയിലെ ഏതൊരാളും ഈ കൂടിയാലോചനാ സമിതിയില്‍ അംഗമായിരിക്കും. നാല്‍പത് തികയാതെ രണ്ട് പേരെ മാത്രമാണ് ഈ സമിതിയില്‍ അംഗമായി ചേര്‍ത്തത്. വളരെ അപൂര്‍വമായേ ഇങ്ങനെ സംഭവിക്കാറുള്ളൂ. അവരിലൊരാളാണ് അബൂജഹ്ല്‍ എന്നറിയപ്പെട്ട അബുല്‍ ഹകം. അസാധാരണമായ ധിഷണയും പ്രത്യുല്‍പന്നമതിത്വവും ഉണ്ടായിരുന്നതിനാല്‍ യുവാവായിരിക്കെ തന്നെ അബൂജഹ്ല്‍ ഇതില്‍ അംഗമായി.
'മന്ത്രിസഭ'യില്‍ വളരെ താല്‍പര്യമുണര്‍ത്തുന്നത് വിദേശകാര്യമന്ത്രി തന്നെ. ഇദ്ദേഹമാണ് ഗോത്രാന്തരീയ തര്‍ക്കങ്ങളില്‍ ഇടപെടുന്നതും സന്ധി സംഭാഷണങ്ങള്‍ നടത്തി ഉടമ്പടികളില്‍ ഒപ്പുവെക്കുന്നതും. ശത്രുക്കളുടെ ആവശ്യങ്ങള്‍ നിരസിക്കപ്പെടുന്ന പക്ഷം മക്കക്കാര്‍ക്ക് വേണ്ടി യുദ്ധ പ്രഖ്യാപനം നടത്തുന്നതും ഈ മന്ത്രിയായിരിക്കും. കവിതയിലൂടെയോ മറ്റോ എതിര്‍ കക്ഷികള്‍ ഖുറൈശി ഗോത്രത്തെ അധിക്ഷേപിച്ചാല്‍, അതിന് മറുപടി നല്‍കി ഖുറൈശികളുടെ മഹത്വം ഉദ്‌ഘോഷിക്കാന്‍ അതിന് പറ്റിയ കവികളെ അണിനിരത്തേണ്ടതുണ്ട്. ഇതിന്റെ ചുമതല വഹിക്കാന്‍ മാത്രമായി ഒരു മന്ത്രിയുണ്ടായിരുന്നു. പ്രവാചകന്റെ കാലം വരെയും ഇത്തരം മന്ത്രിമാര്‍ നിലനിന്നു. അവരില്‍ പലരും സമൂഹത്തിലെ പ്രമുഖരുമായിരുന്നു. അബൂബക്ര്‍(റ) സിവില്‍ കാര്യമന്ത്രിയായിരുന്നു; ഉമര്‍(റ)വിദേശകാര്യമന്ത്രിയും!
സൈന്യം രണ്ട് തരത്തിലായിരുന്നു. ഒന്നിന് ലിവാഅ് എന്നും മറ്റേതിന് റായഃ എന്നുമാണ് പറഞ്ഞിരുന്നത്. ആദ്യത്തേതിന്റെ ചുമതല മുസ്വ്അബ് ബ്‌നു ഉമൈറിനും രണ്ടാമത്തേതിന്റേത് അബൂസുഫ്‌യാനുമായിരുന്നു. ഇവരൊക്കെയും പ്രവാചകന്റെ ആഗമനത്തിന് മുമ്പേ സമൂഹത്തില്‍ പേരെടുത്ത ആളുകളാണ്. ഈ സംയുക്ത ഭരണത്തിലെ ഓരോ വകുപ്പും കൈകാര്യം ചെയ്തിരുന്നത് ഖുറൈശികളിലെ ഏതെങ്കിലും ഉപ ഗോത്രങ്ങളില്‍ നിന്നുള്ളവരാണ്. തലമുറകളായി ആ ഉപഗോത്ര വിഭാഗം തന്നെയാവും ആ വകുപ്പ് കൈകാര്യം ചെയ്യുക. ഓരോ വിഭാഗത്തില്‍ നിന്നും ഒരു സ്ഥിരാംഗം മന്ത്രിസഭയില്‍ ഉണ്ടാവുമെന്നര്‍ഥം.
ക്രി. 569-ല്‍ പ്രവാചകന്‍ മക്കയില്‍ ജനിക്കുന്നത് ഒരു സാധാരണ പൗരനായിട്ടാണ്. അദ്ദേഹത്തിന്റെ കുടുംബമായ ബനൂഹാശിമില്‍ നിന്ന് എപ്പോഴുമൊരാള്‍ മന്ത്രിസഭയില്‍ ഉണ്ടാവും. സംസം കിണറിന്റെ സംരക്ഷണവും പരിചരണവുമായിരുന്നു ഈ കുടുംബത്തിന് ലഭിച്ച ഭരണച്ചുമതല. കുറെക്കാലം ഈ കിണര്‍ എവിടെയാണെന്ന് നിശ്ചയമില്ലായിരുന്നു. പിന്നെയത് കണ്ടെത്തിയത് അബ്ദുല്‍ മുത്വലിബാണ്. അങ്ങനെ അബ്ദുല്‍ മുത്വലിബിന് വേണ്ടി മന്ത്രിസഭയില്‍ ഒരു തസ്തിക സൃഷ്ടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ അബൂത്വാലിബിനാണ് ആ ചുമതല ലഭിച്ചത്. അബൂത്വാലിബ് വളരെ ഉദാരനായിരുന്നുവെങ്കിലും, സാമ്പത്തികമായി ഒട്ടും മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല. പലപ്പോഴും പണം കടം വാങ്ങേണ്ടിവന്നു. ഒരിക്കല്‍ കടം വാങ്ങിയത് സ്വന്തം സഹോദരനായ അബ്ബാസില്‍ നിന്ന് തന്നെ. ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ചു കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. പക്ഷേ, പറഞ്ഞ സമയത്ത് കടം തിരികെ നല്‍കാനാവാത്തതിനാല്‍ അവധി നീട്ടി നല്‍കാന്‍ അബ്ബാസ് സമ്മതിച്ചെങ്കിലും, അതിന് പകരമായി സംസമിന്റെ പരിപാലന ചുമതല തനിക്ക് നല്‍കണമെന്ന് വ്യവസ്ഥ വെച്ചു. അങ്ങനെയാണ് അബ്ബാസ് സംസമിന്റെ ചുമതലക്കാരനാവുന്നത്. പ്രവാചകന്‍ മക്ക ജയിച്ചടക്കുന്ന സമയത്തും ആ ചുമതല അബ്ബാസിന് തന്നെയായിരുന്നു. പ്രവാചകന്‍ ആ തസ്തികയില്‍ അദ്ദേഹത്തെ സ്ഥിരപ്പെടുത്തുകയാണ് ചെയ്തത്.
പ്രവാചകന്‍ ആഗതനായ സന്ദര്‍ഭത്തില്‍ മക്കയിലെ ഈ ഭരണസംവിധാനത്തോട് മുസ്‌ലിംകള്‍ സ്വീകരിച്ച നിലപാടെന്തായിരുന്നു? പല ഗോത്രവിഭാഗങ്ങളില്‍ പെടുന്നവരും മുസ്‌ലിംകളില്‍ ഉണ്ടായിരുന്നു. അവരുടെ എണ്ണം ക്രമത്തില്‍ വര്‍ധിച്ചുകൊണ്ടുമിരുന്നു. അവര്‍ ഭരണകൂടത്തിനകത്ത് ഒരു ഭരണകൂടം സ്ഥാപിക്കുകയാണ് ചെയ്തത്. മക്കയിലെ ബഹുദൈവാരാധകര്‍ നിയന്ത്രിക്കുന്ന കോടതിയിലേക്കായിരുന്നില്ല മുസ്‌ലിംകള്‍ പ്രശ്‌നപരിഹാരത്തിനായി ചെന്നത്. ഈ ഭരണകൂടത്തില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള സംരക്ഷണം തങ്ങള്‍ക്ക് കിട്ടുമെന്നും മുസ്‌ലിംകള്‍ കരുതിയിരുന്നില്ല. എല്ലാ കാര്യങ്ങളിലും അവര്‍ ആശ്രയിച്ചത് പ്രവാചകനെ മാത്രം. അദ്ദേഹമായിരുന്നു അവരുടെ നിയമദാതാവും ന്യായാധിപനും സര്‍വ സൈന്യാധിപനും, എന്തിന് പരമാധികാരി തന്നെയും. അധികം താമസിയാതെ മുസ്‌ലിംകള്‍ക്ക് മക്ക വിട്ടുപോവേണ്ടതായും വന്നു.
മുസ്‌ലിംകള്‍ മദീനയില്‍
മക്കയില്‍ നിന്ന് വ്യത്യസ്തമായി, രാഷ്ട്ര ഭരണത്തിന്റെ യാതൊരു അടയാളവും മദീനയില്‍ ഉണ്ടായിരുന്നില്ല. പരസ്പരം യുദ്ധഭീഷണി മുഴക്കുന്ന കുറെ ഗോത്രവര്‍ഗങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. അവര്‍ നടത്തിയ അവസാന യുദ്ധം പ്രവാചകന്‍ മദീനയിലെത്തുന്നതിന്റെ അഞ്ചു വര്‍ഷം മുമ്പാണ് അവസാനിച്ചത്. അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ദൂരവ്യാപകമായിരുന്നു; വളര്‍ന്നുവരുന്ന ഇസ്‌ലാമിക സമൂഹത്തെപോലും അത് പ്രതികൂലമായി ബാധിച്ചു.
മദീനയിലേക്ക് പ്രവാചകന്‍ പലായനം ചെയ്യുന്നതിന് മുമ്പ് മദീനയിലെ ചിലര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഔസ്, ഖസ്‌റജ് എന്നീ ഗോത്രങ്ങളില്‍ പെടുന്നവരായിരുന്നു ഈ പുതു മുസ്‌ലിംകള്‍. ഇരു ഗോത്രങ്ങളും പാരമ്പര്യമായി തന്നെ ബദ്ധശത്രുക്കളും തക്കം കിട്ടിയാല്‍ പരസ്പരം പോരടിക്കുന്നവരുമാണ്. ഔസ് ഗോത്രക്കാരന്‍ ഇമാം നിന്നാല്‍ ഖസ്‌റജ് ഗോത്രക്കാരന്‍ അയാളെ തുടര്‍ന്ന് നമസ്‌കരിക്കില്ല. നേരെ മറിച്ചും ഇതുതന്നെ സ്ഥിതി. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഇരു കൂട്ടര്‍ക്കും സ്വീകാര്യനായ ഒരാളെ ഇമാമായി നബി(സ) മക്കയില്‍ നിന്ന് അയച്ചുകൊടുത്തത്. ഇതിനേക്കാള്‍ വേദനാജനകമായ മറ്റൊരു സംഭവമുണ്ട്. അസദ് ബ്‌നു സുറാറ മദീനയിലെ പൗരപ്രമുഖനാണ്. ഖസ്‌റജ് ഗോത്രക്കാരന്‍. വളരെ ഭയഭക്തനായ മുസ്‌ലിം. ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തി. പ്രവാചകന്‍ തിരുമേനി മക്കയില്‍ നിന്ന് പലായനം ചെയ്ത് മദീനക്കടുത്ത ഖുബായില്‍ എത്തിയപ്പോള്‍ ഇസ്‌ലാം സ്വീകരിച്ച മദീനക്കാരായ ഒട്ടേറെ പേര്‍ പ്രവാചകനെ കാണാനും സ്വീകരിക്കാനുമായി അവിടെ എത്തി. പക്ഷേ, അവരുടെ കൂട്ടത്തില്‍ അസദ്ബ്‌നു സുറാറ ഉണ്ടായിരുന്നില്ല. അപ്പോള്‍ ഖുബായിലെ തദ്ദേശവാസികളോട് സുറാറ എവിടെയെന്ന് പ്രവാചകന്‍ തിരക്കി. ഖുബായിലെ തദ്ദേശവാസികള്‍ ഔസ് ഗോത്രക്കാരായിരുന്നു. അവര്‍ പറഞ്ഞു: ''ഔസും ഖസ്‌റജും തമ്മില്‍ ബുആസ് യുദ്ധം നടന്നപ്പോള്‍ സുറാറ ഞങ്ങളുടെ ചില നേതാക്കളെ കൊന്നിട്ടുണ്ട്. അതിനാല്‍ ഞങ്ങളുടെ പ്രദേശത്ത് അദ്ദേഹത്തിന് വരാന്‍ കഴിയില്ല.''
ഇത്തരമൊരു സാമൂഹിക ചുറ്റുപാടിലാണ് പ്രവാചകന് മദീനയില്‍ ഒരു ഭരണക്രമം സ്ഥാപിക്കേണ്ടിയിരുന്നത്. ഏതായാലും രാത്രി ഇരുട്ടിയപ്പോള്‍ ഒരാള്‍ വേഷപ്രഛന്നനായി പ്രവാചകനെ കാണാന്‍ വന്നു. അത് മറ്റാരുമല്ല, അസദ്ബ്‌നു സുറാറ. തന്റെ മഹാനായ നേതാവിനെ കാണാന്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി വന്നിരിക്കുകയാണ്. പിന്നീട് പ്രവാചകന്‍ ഔസ് ഗോത്രക്കാരോട് സുറാറക്ക് പൊതുമാപ്പ് കൊടുക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും തുടക്കത്തിലവര്‍ മടിച്ചു നിന്നു. മാപ്പ് കൊടുക്കാന്‍ തങ്ങള്‍ക്ക് മനസ്സ് വരുന്നില്ലെന്നും ഇനി പ്രവാചകന്‍ അതാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്യാമെന്നുമാണ് അവര്‍ പറഞ്ഞത്. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ ഒരു നേതാവ് അസദ്ബ്‌നു സുറാറയെ വീട്ടില്‍ ചെന്ന് കണ്ട് അദ്ദേഹത്തിന്റെ കൈപിടിച്ചുകൊണ്ട് പ്രവാചക സന്നിധിയിലെത്തുകയും ചെയ്തു. സുറാറക്ക് തങ്ങളുടെ നേതാവ് സംരക്ഷണം നല്‍കിയത് ഔസ് ഗോത്രക്കാര്‍ കണ്ടു. ഈ രീതിയിലാണ് മദീനയില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കപ്പെടുന്നത്.
മദീനയിലെ രാഷ്ട്രം
പ്രാഥമികമായ ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ത്ത ശേഷം പ്രവാചകന്‍ പിന്നെ ശ്രമിക്കുന്നത് ചെറുതാണെങ്കില്‍ പോലും മദീനയില്‍ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിനാണ്. പക്ഷേ, മുമ്പില്‍ ഒട്ടേറെ കടമ്പകളാണ്. ബൂഅസ് യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധമുണ്ട്. ഇത്തരം യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ മാനസികമായി തയാറുമാണ്. പക്ഷേ, എങ്ങനെ അതിന് മുന്‍കൈെയടുക്കും എന്നവര്‍ക്ക് അറിഞ്ഞുകൂടാ. അതിനാല്‍ പുതിയ ഭരണാധികാരി ഔസിനും ഖസ്‌റജിനും ഒരുപോലെ സ്വീകാര്യനായ ഒരാളായിരിക്കണം.
പ്രവാചകന്റെ പലായനത്തിന് മുമ്പ്, ധനികനും പൗരപ്രമുഖനും ഖസ്‌റജ് ഗോത്രക്കാരനുമായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് ബ്‌നു സുലൂല്‍ എന്ന വ്യക്തിക്ക് ഈ മുന്‍കൈ എടുക്കാന്‍ പറ്റും എന്ന് മദീനക്കാര്‍ കരുതിയിരുന്നു. പ്രവാചകന്‍ മദീനയിലെത്തുമ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ കിരീടധാരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. പക്ഷേ, ഇരു ഗോത്രങ്ങളിലും പെട്ട മുസ്‌ലിംകള്‍ക്ക് അയാള്‍ നേതാവായി വരുന്നതില്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അതോടെ പ്രവാചകന്റെ കടുത്ത ശത്രുവായി അയാള്‍ മാറുകയായിരുന്നു. തനിക്ക് ലഭിക്കുമായിരുന്ന അധികാരം തട്ടിത്തെറിപ്പിച്ചത് പ്രവാചകനാണെന്ന് അയാള്‍ കരുതി.
ജീവിതത്തിലുടനീളം അബ്ദുല്ലാഹിബ്‌നു ഉബയ്യ് ഒരു കപടവിശ്വാസിയായിരുന്നു; ഇസ്‌ലാമിനെതിരെ നിലകൊണ്ട അചഞ്ചലനായ പ്രതിയോഗി. പ്രവാചകപത്‌നി ആഇശ(റ)ക്കെതിരെ അപവാദങ്ങള്‍ പറഞ്ഞുപരത്തിയത് അയാളാണ്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകനെ വധിക്കാനുള്ള ഗൂഢ പദ്ധതിയിലും അയാള്‍ പങ്കാളിയായി. പുതിയൊരു ഭരണക്രമം മദീനയില്‍ വരുന്നതിനെ തന്നാലാവും വിധമൊക്കെ അയാള്‍ തുരങ്കം വെച്ചു. ഈ സന്ദര്‍ഭത്തിലാണ് ഔസ് ഗോത്രത്തിലെ ആമിര്‍ എന്ന ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ താനാണ് യഥാര്‍ഥ പ്രവാചകന്‍ എന്ന അവകാശവാദമുന്നയിച്ചത്. ബൈബിളില്‍ വരാന്‍ പോകുന്ന ഒരു പ്രവാചകനെക്കുറിച്ച് പറയുന്നുണ്ട്, ബൈബിളില്‍ നല്ല അറിവുള്ള ആളാണ് താന്‍, അതുകൊണ്ട് താന്‍ തന്നെ ആ പ്രവാചകന്‍. ഇതായിരുന്നു വാദം.
ഇത്തരം പ്രതിസന്ധികള്‍ക്കിടയില്‍ ഖസ്‌റജ് ഗോത്രക്കാരുടെ ഒരു പ്രദേശത്ത് താമസിക്കാനാണ് പ്രവാചകന്‍ തീരുമാനിച്ചത്. എന്തുകൊണ്ട് ഈ തീരുമാനം എന്ന് വിശദീകരിച്ചുകൊണ്ട് ഇമാം ബുഖാരി(റ) എഴുതുന്നത്, പ്രവാചകന് ഖസ്‌റജുമായി കുടുംബ ബന്ധമുണ്ടായിരുന്നു എന്നാണ്. നബിയുടെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബിന്റെ മാതാവ് ഖസ്‌റജ് വംശക്കാരിയാണ്. ഖുബാ വിട്ടശേഷം ബനൂനജ്ജാര്‍ താമസമാക്കിയിരുന്ന സ്ഥലത്താണ് പ്രവാചകന്‍ തങ്ങിയത്. ഒട്ടും വൈകാതെ മദീനയിലെ വിവിധ ധാരകളെ പ്രതിനിധീകരിക്കുന്നവരുടെ ഒരു സമ്മേളനം പ്രവാചകന്‍ വിളിച്ച് ചേര്‍ക്കുകയും അവര്‍ക്ക് മുമ്പില്‍ സ്റ്റേറ്റ് എന്ന ആശയം സമര്‍പ്പിക്കുകയും ചെയ്തു. ഭൂരിപക്ഷവും അത് അംഗീകരിച്ചു. ഔസിലെ നാല് കുടുംബങ്ങള്‍ വിയോജിച്ചു. അങ്ങനെ മദീന നഗരത്തിന്റെ ഒരു ഭാഗം കേന്ദ്രീകരിച്ചുകൊണ്ട് ഒരു രാഷ്ട്രം സ്ഥാപിതമായി.
(തുടരും)
Comments