പൗരോഹിത്യത്തിനും ഫെമിനിസത്തിനുമിടയിലെ മുസ്‌ലിം പെണ്ണ്
സാമ്രാജ്യത്വം മുസ്‌ലിം നാടുകളില്‍ പ്രത്യേകിച്ചും അഫ്ഗാന്‍ പോലുള്ള രാജ്യങ്ങളില്‍ നടത്തിയ അധിനിവേശത്തിന് പറഞ്ഞ ന്യായങ്ങളിലൊന്ന് മുസ്‌ലിം സ്ത്രിയെ മതമൗലികവാദികളില്‍ നിന്ന് രക്ഷിച്ചെടുക്കുക എന്നതായിരുന്നു. പെണ്‍വിദ്യാഭ്യാസത്തിനും പൊതുഇടങ്ങളിലെ പെണ്‍സാന്നിധ്യത്തിനും വിലങ്ങുതീര്‍ക്കുന്ന താലിബാനെയായിരുന്നു ഇസ്‌ലാമിന്റെ പ്രതിനിധിയായി അവര്‍ ലോകത്തിന്റെ മുന്നില്‍ വെച്ചത്. താലിബാന്റെ തടവറയില്‍ നിന്ന് ഇസ്‌ലാമിന്റെ ശാന്തി തീരമണഞ്ഞ ഇവോണ്‍ റിഡ്‌ലി എന്ന മാധ്യമപ്രവര്‍ത്തകയെ അവര്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. ഇസ്‌ലാമിലെ സ്ത്രീ രാഷ്ട്രീയ ആയുധം കൂടിയായി മാറുന്നത് ഇങ്ങനെയാണ്. എന്നാല്‍ ഫെമിനിസമടക്കമുള്ള അതി തീവ്ര ചിന്താധാരക്ക് ഏറെ വേരോട്ടം ലഭിച്ച പാശ്ചാത്യ ലോകത്ത് നിന്ന് തന്നെ ഇസ്‌ലാമിനെ രക്ഷാമാര്‍ഗമായി കണ്ടെത്തുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. അവര്‍ ഇസ്‌ലാമിനെ കണ്ടെത്തിയത് മുസ്‌ലിം സ്ത്രീ ജീവിതങ്ങളില്‍ നിന്നല്ല, ഖുര്‍ആനില്‍ നിന്നായിരുന്നു എന്നതാണ് ഇതിന് കാരണം. എന്നാല്‍, ആധുനിക ലോകം മുസ്‌ലിം സ്ത്രീയെ കുറിച്ച നയം രൂപപ്പെടുത്തുന്നതും ചര്‍ച്ചചെയ്യുന്നതും ഇന്നത്തെ മുസ്‌ലിം സ്ത്രീ പ്രതിനിധാനങ്ങളെ ചൂണ്ടിക്കാട്ടിയാണ്. ഇന്നത്തെ സാമൂഹിക-തൊഴില്‍-വിദ്യാഭ്യാസ-കലാ രംഗങ്ങളിലെ മുസ്‌ലിം സ്ത്രീ അടയാളങ്ങളാണ് അവരുടെ മാപിനി. ഈ മാപിനി വെച്ചളക്കുമ്പോള്‍ ലിംഗപരമായ വിവേചനം മുസ്‌ലിം സത്രീ നേരിടുന്നതായി ആരോപിക്കപ്പെടുന്നു.
ആധുനിക മനുഷ്യാവകാശ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടത് ഗ്രീക്ക് തത്ത്വചിന്തയെ ആധാരമാക്കിയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് പില്‍ക്കാലത്ത് വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക, തൊഴില്‍ പങ്കാളിത്തവും ജീവിത സുരക്ഷയും ഉറപ്പുവരുത്തുന്ന മൗലിക അവകാശ നിയമങ്ങള്‍ ഉണ്ടായത്. എന്നാലിത് ജന്മം നല്‍കിയ മാതാവിനെ/സ്ത്രീയെ പുറത്തുനിര്‍ത്തിക്കൊണ്ടായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതിയും സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ പരിഷ്‌കൃത സമൂഹമെന്ന് അവകാശപ്പെടാനാകൂ എന്ന ചിന്തയാണ് സ്ത്രീകള്‍ക്കും കൂടി നിയമമുണ്ടാക്കാന്‍ പ്രേരകമായത്. ഇതിനാകട്ടെ അമ്പത് വര്‍ഷത്തെ പഴക്കമേയുള്ളൂ. ഈ പ്രാതിനിധ്യത്തിന് തന്നെ സ്ത്രീകള്‍ക്ക് തെരുവില്‍ രക്തം ചിന്തേണ്ടി വന്നിട്ടുണ്ട്. ഒരുപാട് സമരങ്ങള്‍ നടത്തിയിട്ടാണ് അവകാശങ്ങളില്‍ പലതും ആധുനിക സ്ത്രീ നേടിയെടുത്തത്. പക്ഷേ ഒരിറ്റ് രക്തം ചിന്താതെ പെണ്ണിന്റെ അവകാശങ്ങള്‍ സ്ഥാപിക്കുകയും അറിവും അധികാരവും സ്ത്രീക്ക് വാങ്ങിക്കൊടുക്കുകയും ചെയ്ത പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. എല്ലാ മനുഷ്യനിര്‍മിത നിയമസംഹിതകളെക്കാളും പെണ്ണിന്റെ അവകാശങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയ ഗ്രന്ഥമാണ് ഖുര്‍ആന്‍.
സ്ത്രീയോടുള്ള ഖുര്‍ആനിന്റെ സമീപനം മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടാണ്. ജീവിക്കാനുള്ള അവകാശം, ആരാധനാ സ്വാതന്ത്ര്യം, സ്വത്ത് സമ്പാദിക്കാനും വിനിമയം ചെയ്യാനുമുള്ള അവകാശം, വിജ്ഞാനം കരസ്ഥമാക്കാനും രാഷ്ട്രീയ പങ്കാളിത്തം വഹിക്കാനുമുള്ള അവകാശം എന്നിവ ഖുര്‍ആന്‍ അവള്‍ക്ക് ഉറപ്പു വരുത്തിയിട്ടുണ്ട്. ദൈവഭക്തിയും സല്‍കര്‍മങ്ങളുമാണ് ഒരു മനുഷ്യന് മറ്റ് മനുഷ്യരില്‍നിന്ന് ഉയര്‍ന്ന് നില്‍ക്കാനുള്ള മാനദണ്ഡമെന്ന് ഖുര്‍ആന്‍ (4:124) പഠിപ്പിച്ചു. ''ദൈവത്തിന് സ്വയം സമര്‍പ്പിച്ച സ്ത്രീകളും പുരുഷന്മാരും, വിശ്വസിക്കുന്ന സ്ത്രീകളും പുരുഷന്മാരും, സത്യസന്ധരായ സ്ത്രീകളും പുരുഷന്മാരും, സഹനശീലരായ സ്ത്രീകളും പുരുഷന്മാരും, ദാനശീലരായ സ്ത്രീകളും പുരുഷന്മാരും, ചാരിത്ര്യം സൂക്ഷിക്കുന്ന സ്ത്രീകളും പുരുഷന്മാരും-ദൈവം ഇവര്‍ക്കായി പാപമുക്തിയും വലിയ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.'' (33: 35) ''പുരുഷനാകട്ടെ സ്ത്രീയാകട്ടെ ഏതൊരാള്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം ആചരിക്കുന്നുവോ അവരെ നാം പരിശുദ്ധമായ രീതിയില്‍ ജീവിപ്പിക്കും. പരലോകത്ത് അവരുടെ പ്രതിഫലം ഏറ്റവും ശ്രേഷ്ഠമായ നിലയില്‍ നല്‍കുകയും ചെയ്യും.'' (അന്നഹ്ല്‍: 97) ലിംഗനീതിയെക്കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് ഇതില്‍ വ്യക്തമാണ്.
സമൂഹത്തില്‍ നിലനിന്നിരുന്ന അബദ്ധ ധാരണകളും വ്യാജനിര്‍മിത ഹദീസുകളുടെ സ്വാധീനവും തെറ്റായ പുരുഷകേന്ദ്രീകൃത ഘടനയും സ്ത്രീകള്‍ക്കെതിരെയുള്ള വിധിയെഴുത്തിന് പൗരോഹിത്യത്തെ പ്രേരിപ്പിച്ചിരിക്കാം. അതോടെ പ്രൗഢ മുസ്‌ലിം സ്ത്രീ ചരിത്രം പുസ്തകത്താളുകളില്‍ പരിമിതമായി. പാട്ടപ്പിരിവ് നടത്തിയും തൂവാല വിരിച്ചും കിട്ടിയ സ്ത്രീധനത്തുക കുറഞ്ഞുപോയതിന്റെ പേരില്‍ നിക്കാഹുകള്‍ മുടക്കി, ചടങ്ങില്‍നിന്നും എഴുന്നേറ്റുപോയ മുസ്‌ലിം പുതിയാപ്ലമാരുണ്ടായി. എന്നാല്‍ തനിക്ക് അവകാശപ്പെട്ട മഹ്ര്‍ ചോദിച്ചു വാങ്ങിയവളെയും അതിനവളെ സജ്ജമാക്കിയ പാരമ്പര്യത്തെയും കാണാനായതുമില്ല. സ്വര്‍ണത്തിന് വില കൂടുമ്പോള്‍ പെണ്ണിനെ പെറ്റ മാതാവിന്റെയും പോറ്റിയ പിതാവിന്റെയും നെഞ്ചിടിപ്പേറുന്നു. കുടുംബത്തിന്റെ ഭരണാധികാരിയാണ്, ചോദ്യം ചെയ്യപ്പെടും എന്നെല്ലാം സ്ത്രീയെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്ന പണ്ഡിത നേതൃത്വത്തിന് 'മൂന്നും ചൊല്ലി'പ്പിരിഞ്ഞാല്‍ ഇദ്ദ അനുഷ്ഠിക്കേണ്ടത് 'ഭരണാധിപനായ' ഭര്‍ത്താവിന്റെ വീട്ടിലാണെന്ന് പറയാനുള്ള ആത്മധൈര്യം പോരാ. പെണ്ണിനെ വീടകങ്ങളില്‍ മാത്രം തളച്ചിടുന്ന ഇന്ത്യയിലെ ചില പാരമ്പര്യ അനാചാരങ്ങളോടും പാശ്ചാത്യ വിക്‌ടോറിയന്‍ കുടുംബ സങ്കല്‍പങ്ങളോടുമാണ് പൗരോഹിത്യം ഇസ്‌ലാമിലെ സ്ത്രീയെ ചേര്‍ത്തു നിര്‍ത്തിയത്. അതുകൊണ്ടാണ് രണാങ്കണത്തിലേക്ക് നാലു മക്കളെ രക്തസാക്ഷിത്വത്തിനായി അയച്ച ഖന്‍സാഇന്റെ ആര്‍ജവമുള്ള സ്ത്രീത്വത്തെ നാം മറന്നുപോയത്. അഭിരുചികള്‍ വിവാഹം വരെ മാത്രമേ പാടുള്ളൂ എന്ന എന്ന പൊതുബോധം വളര്‍ന്നത്. പല പെണ്‍കുട്ടികളുടെയും കലാ വൈജ്ഞാനിക അഭിരുചികള്‍ വിവാഹശേഷം ഒതുക്കപ്പെട്ടത്.
എല്ലാ പൊതു വ്യവഹാരങ്ങളില്‍ നിന്നും ഒരുകാലത്ത് സ്ത്രീയെ അടര്‍ത്തി മാറ്റിയ ക്രൈസ്തവ യൂറോപ്പിന്റെ മടിത്തട്ടിലാണ് ഫെമിനിസത്തിന്റെ അതിവാദങ്ങള്‍ ഉണ്ടായത്. കുട്ടികള്‍, കുടുംബം, പ്രസവം എന്നിവ മാത്രമാക്കി സ്ത്രീയെ ചുരുക്കിയ മതാധികാരത്തിനെതിരെയാണ് സദാചാരം, കുടുംബം, മതശാസനകള്‍ എന്നിവയെ തകര്‍ത്തെറിഞ്ഞ് പുരുഷനെയും സ്ത്രീയെയും എതിര്‍ലിംഗങ്ങളായി കണക്കാക്കിയ റാഡിക്കല്‍ ഫെമിനിസത്തിന്റെ മുന്നേറ്റമുണ്ടായത്. ഫെമിനിസം കരുത്താര്‍ജിച്ചത് വിവാഹം എന്ന പവിത്ര കര്‍മത്തെ തന്നെ എതിര്‍ത്തുകൊണ്ടാണ്. വിവാഹത്തെയും മാതൃത്വത്തെയും ഉപേക്ഷിച്ച് വിവാഹേതര ലൈംഗികത, സ്വവര്‍ഗ രതി, ഗര്‍ഭഛിദ്രം, കുട്ടികളെ സ്റ്റേറ്റ് സംരക്ഷിച്ചുകൊള്ളണം എന്നിവയാണ് റാഡിക്കല്‍ ഫെമിനിസത്തിന്റെ അതിവാദങ്ങള്‍. സാമൂഹിക നന്മയെക്കാള്‍ പ്രാധാനം വ്യക്തി സ്വാതന്ത്ര്യത്തിനാണെന്നും പൗരന്റെ സ്വകാര്യ ജീവിതത്തില്‍നിന്ന് ഭരണകൂടം വിട്ട് നില്‍ക്കണമെന്നുമാണ് ലിബറല്‍ ഫെമിനിസ്റ്റു വാദം. തൊഴിലിടങ്ങളിലെ തുല്യാവകാശം, തുല്യവേതനം എന്നിവയാണ് ഇക്കൂട്ടര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ കുടുംബമാണ് സ്ത്രീചൂഷണ വ്യവസ്ഥയുടെ കേന്ദ്രബിന്ദുവെന്ന് പറഞ്ഞ റാഡിക്കല്‍ ഫെമിനിസത്തെ തള്ളിക്കളഞ്ഞ് കൂടുതല്‍ ശക്തിയോടെ കുടുംബജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് പടിഞ്ഞാറിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടാവുന്നത്. ഇസ്‌ലാമിലെ സ്ത്രീക്ക് സാമൂഹിക സ്ഥാപനത്തിന്റെ ആദ്യപടിയായ കുടുംബവും അതിലേക്കെത്തുന്ന വിവാഹവും പാരതന്ത്ര്യത്തിന്റെയും ഏകാധിപത്യത്തിന്റെയും മുള്‍കിരീടമല്ല. ''അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചതും അവരുടെ സാന്നിധ്യത്തില്‍ സമാധാനമടയാന്‍ നിങ്ങള്‍ക്കിടയില്‍ കാരുണ്യവും സമാധാനവും ഉണ്ടാക്കിതന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ'' (30:21). കുടുംബജീവിതത്തില്‍ സ്ത്രീക്ക് ന്യായമായ അവകാശങ്ങളുണ്ട്, പുരുഷന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉള്ളതുപോലെ (2:228). പക്ഷേ, വിവാഹത്തിലൂടെ പാരതന്ത്ര്യത്തിന്റെ മേഖലയിലേക്ക് എത്തിപ്പെടുകയാണ് ചെയ്യുന്നതെന്ന റാഡിക്കല്‍ ഫെമിനിസത്തിന്റെ വാദങ്ങളെ ശരിവെക്കുന്നതായിപ്പോയി അടുത്തിടെ ഉണ്ടായ, പെണ്ണിനെ അടുപ്പിക്കാത്ത വിവാഹപ്രായ ചര്‍ച്ചകള്‍.
സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് പ്രലോഭിപ്പിച്ചവര്‍ തുറന്നിട്ട വഴികളിലൂടെ സഞ്ചരിച്ചവര്‍ക്കൊന്നും അധികദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും ആ വഴിപോയ പടിഞ്ഞാറും അവരെ അനുകരിച്ചവരും ശാന്തിയും സമാധാനവും തേടി കുടുംബത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നതും യാഥാര്‍ഥ്യമാണ്. കുടുംബശൈഥില്യമാണ് അശാന്തിയുടെ ഹേതുവെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുമുണ്ട്. സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റായ കുടുംബത്തിലെ മക്കള്‍, ഭാര്യ, ഭര്‍ത്താവ്, മാതാ-പിതാക്കള്‍ തുടങ്ങി ആശ്രയിച്ചും പരിചരിച്ചും സ്‌നേഹിച്ചും കരുതിയും നില്‍ക്കേണ്ടവരെ പരിഗണിച്ചുകൊണ്ട് നീങ്ങാന്‍ കഴിഞ്ഞെങ്കിലേ അതിലൂടെ രൂപപ്പെട്ടുവരുന്ന വലിയൊരു സമൂഹത്തിന് സമാധാനം കണ്ടെത്താന്‍ കഴിയൂ. പ്രവാചക കാലഘട്ടത്തിലെ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചത് കുടുംബത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ്. തലമുറകളെ വാര്‍ത്തെടുക്കുന്നവരെന്ന നിലയില്‍ ധാര്‍മിക ശിക്ഷണം ഏറെ നല്‍കാന്‍ കഴിയുന്ന മാതാക്കള്‍ മക്കളെയും കുടുംബത്തെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് തന്നെ പൊതുസമൂഹത്തിന്റെ ഭാഗമാവുന്നുവെങ്കിലേ അത് ഗുണപരമായിത്തീരൂ. കുടുംബത്തെ ഉപേക്ഷിച്ച് പൊതു രംഗത്തിറങ്ങാന്‍ വ്യഗ്രത കൂട്ടുന്നവര്‍ തകര്‍ക്കുന്നത് സമൂഹത്തിന്റെ അടിത്തറയാണ്.
സ്ത്രീയുടെ സാമൂഹിക വളര്‍ച്ച ആത്മീയ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സാധ്യമാക്കണമെന്ന ഖുര്‍ആനിക പാഠങ്ങള്‍ നാം ഉള്‍ക്കൊള്ളണം. പൊതുമണ്ഡലത്തില്‍ ആവശ്യമായ ഇടങ്ങള്‍ നേടുകയും ഇടപെടലുകള്‍ നടത്തുകയും വേണം മുസ്‌ലിം സ്ത്രീ. പക്ഷേ സൗന്ദര്യ പട്ടത്തിന് വേണ്ടി പാഞ്ഞുനടന്ന് ചാരിത്ര്യം നഷ്ടപ്പെടുത്തേണ്ട ഗതികേട് മുസ്‌ലിം പെണ്ണിനില്ലെന്ന് അവളും തിരിച്ചറിയണം. ഇന്ന് സാമൂഹിക ജീവിതത്തിലും കുടുംബ ജീവിതത്തിലും ഇസ്‌ലാം ആവശ്യപ്പെടുന്ന സദാചാര-സംസ്‌കാര ശാസനകളാണ് മുസ്‌ലിം സ്ത്രീയുടെ അടിച്ചമര്‍ത്തലായി ചിലര്‍ കാണുന്നത്. എല്ലാവരെയും ഒരുപോലെയാക്കുക എന്നതാണ് അതിനവര്‍ പറയുന്ന പരിഹാരം.
ഇവിടെ ഇടപെടേണ്ടത് ഇസ്‌ലാമിക വനിതാ പ്രസ്ഥാനങ്ങളാണ്. മുസ്‌ലിംസ്ത്രീയെ ഫെമിനിസത്തിന്റെ അതിര്‍വാദങ്ങളില്‍നിന്നും പൗരോഹിത്യ പീഡകളില്‍നിന്നും രക്ഷിച്ചെടുത്ത് ഖുര്‍ആന്‍ പറഞ്ഞ സ്ത്രീ സങ്കല്‍പ്പത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് അവര്‍ നടത്തേണ്ടത്. ഖുര്‍ആന്‍ വചനമിറങ്ങുമ്പോള്‍ 'തങ്ങളെക്കുറിച്ച് വല്ലതുമുണ്ടോ' എന്ന് വെമ്പലോടെ ചോദിച്ച വിജ്ഞാനത്തിന്റെ നിറകുടമായ ഹസ്രത്ത് ആഇശയിലേക്ക് നാം മടങ്ങിച്ചെല്ലണം. അല്ലാതെ കൂട്ട മൈലാഞ്ചി മത്സരം നടത്തിയതുകൊണ്ടോ ഭക്ഷ്യമേളകളിലേക്ക് മുസ്‌ലിം പെണ്ണിനെ പറഞ്ഞയച്ചതുകൊണ്ടോ പൊതുപ്രവര്‍ത്തനത്തിനിറങ്ങി പാതിരാത്രി വീടണഞ്ഞതുകൊണ്ടോ ഇസ്‌ലാമിലെ സ്ത്രീ ശാക്തീകരണം സാധ്യമാവുകയില്ല.
Comments