Prabodhanm Weekly

Pages

Search

2013 നവംബര്‍ 29

പിണറായിയുടെ വെളിപാടുകള്‍

ഇന്‍സാഫ് പതിമംഗലം

             ലോക്‌സഭാ ഇലക്ഷനില്‍ മുസ്‌ലിംകളെ നേരിട്ട് പിടിക്കാനായിരുന്നു പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും മുഖ്യധാരയിലൂടെയുള്ള ശ്രമം. പക്ഷേ, പ്രകാശന ചടങ്ങില്‍ പാര്‍ട്ടി സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസംഗത്തിന്റെ മുക്കാല്‍ ഭാഗവും മൗദൂദിയും ജമാഅത്തും ആയിരുന്നു. മതരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് പിണറായി എയ്തു നോക്കിയ അമ്പ്. തങ്ങള്‍ മെനെക്കെടുന്നത് കമ്യൂണിസ്റ്റ് സ്വര്‍ഗം തീര്‍ക്കാനാണെന്ന വിചാരമൊന്നും പിണറായിക്കില്ല. മതേതരത്വത്തിന്റെ സംരക്ഷകരെന്ന മട്ടില്‍ സവര്‍ണ വോട്ടുകള്‍ തട്ടാനുള്ള പിണറായിയുടെ സ്ഥിരം കലാപരിപാടിക്ക് പക്ഷേ, പാത്രമായത് ജമാഅത്ത്. മത സൗഹാര്‍ദം തകര്‍ക്കാനാണ് ജമാഅത്തിന്റെ ശ്രമമെന്ന് പിണറായിക്ക് പറയാന്‍ കണ്ട നേരമോ, ഫസലിനെ വധിച്ച് സാമുദായിക കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ച ദിവസവും!


അത്രമേല്‍ മതേതരമാണോ സി.പി.എം?

               സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്റെ ചില പ്രസംഗങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയെ വര്‍ഗീയ സംഘടനയായി മുദ്ര കുത്താന്‍ മെനക്കെടുന്നതിന്റെ കാരണം വ്യക്തമാണ്.  മുമ്പ് യു.ഡി.എഫിന്റെ സാമ്രാജ്യത്വ ദാസ്യവും മുതലാളിത്ത സമീപനവും മൃദു ഹിന്ദുത്വ നിലപാടുകളും കാരണം എല്‍.ഡി.എഫിന് നല്‍കിയ ഉറച്ച വോട്ടുകള്‍ ഇത്തവണ ലഭിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവാണ് പിണറായിയുടെ ഇപ്പോഴത്തെ ജമാഅത്ത് വിമര്‍ശത്തിന് കാരണം. സ്വതന്ത്രമായ നാള്‍ മുതല്‍ ഇന്ത്യയിലെങ്ങും വര്‍ഗീയ വിത്തുകള്‍ മുളപ്പിച്ചുകൊണ്ടിരിക്കുന്ന, ഇന്ത്യയുടെ അഖണ്ഡതക്ക് തുരങ്കം വെക്കുന്ന ആര്‍.എസ്.എസ് എങ്ങനെയാണ്, ഇന്നുവരെ ഭരണഘടനക്ക് വിധേയമായും സമാധാനപരമായും പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ പോലെ ആവുക? മാത്രവുമല്ല, ജമാഅത്തെ ഇസ്‌ലാമിക്ക് ഇല്ലെന്ന് പിണറായി ആരോപിക്കുന്ന ദേശീയത, മതേതരത്വം, ജനാധിപത്യം എന്നിവ സി.പി.എമ്മിന് ഉണ്ടെന്ന് സ്വന്തം പാര്‍ട്ടി അണികളെ എങ്കിലും വിശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന് ആകുമോ? സ്വാതന്ത്ര്യ സമരകാലത്ത് പോലും ദേശസ്‌നേഹം പ്രകടിപ്പിച്ചിട്ടില്ലാത്ത, ഉള്‍പാര്‍ട്ടി ജനാധിപത്യം പേരിന് പോലും ഇല്ലാത്ത  അദ്ദേഹത്തിന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ മുസ്‌ലിം സംഘടനകളെ വര്‍ഗീയവാദികളായി അവതരിപ്പിക്കുക വഴി തങ്ങള്‍ എത്രമാത്രം മതേതരത്വവാദികളാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ്.
 ഖദീജ കാഞ്ഞിരോട്, കണ്ണൂര്‍

                'ഹസന്‍ റൂഹാനി ഇറാനെ കരകയറ്റുമോ' എന്ന ലേഖന(നവംബര്‍ 15)ത്തില്‍ കാര്യങ്ങള്‍ നന്നായി വിലയിരുത്തിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്ക്  അനുകൂലമാകുമ്പോള്‍ പാശ്ചാത്യര്‍ ഇറാനോട് അനുനയം പ്രഖ്യാപിക്കുകയും, ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍  വരുമ്പോള്‍ ഇറാനേക്കാള്‍ വലിയ ഒരു തീവ്രവാദ രാഷ്ട്രം വേറെ ഇല്ലെന്ന് വിളിച്ചുകൂവുകയും ചെയ്യുന്നു. എന്നാല്‍, ഇറാന്റെ ഭാഗത്തുനിന്നുള്ള അനുകൂല ഭാവത്തിനോ സൗമനസ്യത്തിനോ ഒട്ടും വിലകല്‍പിക്കാത്ത ഇസ്രയേലിന്റെ നിലപാടിലേക്ക് അമേരിക്ക എപ്പോഴും ചാഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. ഇറാനെ ഒരു വിധത്തിലും കരകയറാന്‍ അമേരിക്ക-ഇസ്രയേല്‍ കൂട്ടുകെട്ട് സമ്മതിക്കില്ല എന്നതാണ് നേര്.
മലിക്

 

 ഇടപെടലുകള്‍ ഇനിയും വേണം

             മുസ്‌ലിം വ്യക്തിനിയമത്തെക്കുറിച്ച് വന്ന മൂന്ന് ലേഖനങ്ങളും (2824) ഉജ്ജ്വലമായിരുന്നു. എന്നാല്‍, വി.എ കബീര്‍ പറഞ്ഞുനിര്‍ത്തിയതിനോട് വിയോജിപ്പുണ്ട്. നാം അല്ലാഹുവിനോട് ആവലാതി പറഞ്ഞാല്‍ മാത്രം പോരാ. അദ്ദേഹം തന്നെ സൂചിപ്പിച്ചതുപോലെ എഴുപതുകളിലും എണ്‍പതുകളിലും ജമാഅത്തെ ഇസ്‌ലാമി ആര്‍ജവത്തോടെ ഇടപെട്ടതുപോലെ ഇപ്പോഴും ഇടപെടേണ്ടിയിരിക്കുന്നു. കേരളത്തില്‍ 'മുസ്‌ലിം സൗഹൃദവേദി' പുനരുജ്ജീവിപ്പിച്ചുകൊണ്ടും അഖിലേന്ത്യാടിസ്ഥാനത്തില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡില്‍ സമ്മര്‍ദ ശക്തിയായി നിലകൊണ്ടും ഇത് സാധിക്കേണ്ടതുണ്ട്. ഹനഫീ മദ്ഹബിലെ ഖുര്‍ആനിക വിരുദ്ധ ചെയ്തികള്‍ക്കെതിരെ ശബ്ദിച്ച മൗലാനാ അശ്‌റഫലി ഥാനവിയുടെ ഉദാഹരണവും കബീര്‍ തന്നെ ഉദ്ധരിച്ചിട്ടുണ്ടല്ലോ. 'ഇപ്പോള്‍ നാം ഉണരുന്നില്ലെങ്കില്‍ പിന്നീട് ഉണര്‍ന്നിട്ട് ഫലമുണ്ടാവില്ല' എന്ന ലേഖകന്റെ വിലയിരുത്തല്‍ മുസ്‌ലിംനേതാക്കളുടെ ചിന്തക്ക് വിഷയീഭവിക്കേണ്ടതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ തിരിയുന്നതെങ്ങോട്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം ബോധ്യമാവേണ്ടതുമാണ്. ശരീഅത്ത് വിവാദങ്ങളുടെ നാള്‍വഴികള്‍ ഓര്‍മിച്ചെഴുതുന്നതിനിടയില്‍ ലേഖകന്‍ വിട്ടുപോയ ഒരു പുസ്തകമുണ്ട്. 1985-ല്‍ ഐ.പി.എച്ച് പുറത്തിറക്കിയ, ഒ. അബ്ദുര്‍റഹ്മാന്‍ എഡിറ്റ് ചെയ്ത 'ശരീഅത്തും ഏക സിവില്‍ കോഡും' എന്ന കൃതി. അക്കാലത്ത് നടന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും ഏറെ ഉപകാരപ്പെട്ടിരുന്നു ഈ കൃതി.
 ഹസനുല്‍ ബന്ന കണ്ണൂര്‍

അഭിമുഖത്തിലെ അവ്യക്തതകള്‍

                  അലീഗഢ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കേരള പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റി അധ്യക്ഷനുമായ ഡോ. പി.കെ അബ്ദുല്‍ അസീസുമായുള്ള അഭിമുഖത്തില്‍ (ലക്കം 2825) വിദ്യാര്‍ഥികളുടെയും ഭൗതിക സൗകര്യങ്ങളുടെയും കുറവ് പൊതു വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രതിസന്ധിയായി ചൂണ്ടിക്കാട്ടുന്നു. കേരളത്തെ സംബന്ധിച്ചേടത്തോളം ഈ പ്രതിസന്ധി നീങ്ങിക്കൊണ്ടിരിക്കുന്നതായാണ് അനുഭവം. എസ്.എസ്.എ തുടങ്ങിയ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ ഈ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചതും കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ക്ലാസ്, ലൈബ്രറി തുടങ്ങിയവ വ്യാപകമായതും കേരളത്തിലെ സ്‌കൂള്‍ അന്തരീക്ഷത്തെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനാവുകയില്ല. ശാസ്ത്ര സാങ്കേതിക രംഗത്ത് അനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും പുരോഗതിയും അത്രതന്നെ വേഗത്തില്‍ കേരളത്തില്‍ നടപ്പാകുമെന്ന് പ്രതീക്ഷിക്കുക സാധ്യമല്ല. ഇന്ത്യയെപ്പോലെ ഒരു വികസ്വര സാമ്പത്തിക ഘടനയുള്ള രാജ്യത്ത് പ്രത്യേകിച്ചും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്‌കൂളുകളുടെ തകര്‍ച്ച തടയാന്‍ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ലെന്ന ലേഖകന്റെ വാദം ഒരു പൊതു പ്രതിഭാസമായി സമ്മതിക്കാന്‍ കഴിയുകയില്ല. ചിലയിടങ്ങളില്‍ അങ്ങനെ ഉണ്ടായേക്കാം. ചിലരുടെ മൗനാനുവാദത്തോടെ ഇത്തരം സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനുള്ള ശ്രമം നടക്കുന്നതായി ഉന്നയിക്കുന്ന ആരോപണം സര്‍ക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇന്നാവശ്യം. പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യ മേഖലയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസത്തില്‍ നിന്ന് സ്‌കൂളുകളെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍ വളരെ നന്ന്. അതേ അവസരത്തില്‍ പൊതുമേഖലയിലും എയിഡഡ് മേഖലയിലും സ്‌കൂളുകള്‍ അനുവദിക്കാന്‍ വിമുഖത കാണിക്കുന്ന സര്‍ക്കാറുകള്‍ യഥാര്‍ഥത്തില്‍ സ്വകാര്യ മേഖലക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കുകയാണ് ചെയ്യുന്നത്.
സര്‍ക്കാര്‍ എല്ലാ സ്‌കളൂകളിലും ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ തുടങ്ങണമെന്ന ലേഖകന്റെ നിര്‍ദേശം പഠനബോധന പ്രവര്‍ത്തനങ്ങളുടെ ഭാഷ ഏതു രൂപത്തിലാവണമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയായില്ല. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കലാണെന്ന ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്ന കേരളത്തില്‍ പൊതു വിദ്യാലയങ്ങളില്‍ ഈ വിഭജനം കൊണ്ടുവന്നാലുണ്ടാകുന്ന പുകില് കണ്ടുതന്നെ അറിയണം. പ്രൈമറി തലത്തില്‍ വിദ്യാഭ്യാസം മാതൃ ഭാഷയിലാകണമെന്ന അഭിപ്രായം ശക്തിപ്പെട്ടുവരുന്ന കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇംഗ്ലീഷ് മീഡിയം എന്ന ആശയത്തിന് പൊതു സമ്മതി ലഭിക്കുക അത്ര എളുപ്പമല്ല.
 പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്



വേണ്ടത് ഇസ്‌ലാമിക ശരീഅത്ത്

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇന്നാവശ്യം മുഹമ്മദന്‍ ലോയോ ഇന്ത്യന്‍ ശരീഅത്തോ അല്ല. ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളാണ്. മുസ്‌ലിം വ്യക്തിനിയമം ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ച് വ്യക്തമായ രൂപരേഖ ഇനിയും തയാറാക്കേണ്ടതുണ്ട്. വിവാഹം, വിവാഹ നിയമങ്ങള്‍, സ്വത്തവകാശം, അനന്തരാവകാശ നിയമം എന്നിത്യാദി പ്രധാനപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അടിസ്ഥാന ദര്‍ശനം വിശുദ്ധ ഖുര്‍ആന്‍ ആകേണ്ടതുണ്ട്. വിദ്യാഭ്യാസം, സംസ്‌കാരം, നിയമം, കുടുംബം, മാതാപിതാക്കള്‍, അവകാശങ്ങള്‍, ബാധ്യതകള്‍ ഇവയെല്ലാം ഇസ്‌ലാമിക നിയമമനുസരിച്ച് പുനര്‍ നിര്‍ണയിച്ചുകൊണ്ടുള്ള ഇസ്‌ലാമിക ശരീഅത്താണ് ഇന്നിന്റെ ആവശ്യം. ഇത് തയാറാക്കുന്നതിലേക്കായി അഖിലേന്ത്യാടിസ്ഥാനത്തില്‍ മുസ്‌ലിം നേതാക്കള്‍ ഒത്തുചേരേണ്ടതുണ്ട്.
അബ്ദുല്‍ മലിക് മുടിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/66-70
എ.വൈ.ആര്‍