ദാമ്പത്യ ജീവിതത്തിലെ മൂന്ന് ഇരുപതുകള്‍
ഞാന്‍ അയാളോടു പറഞ്ഞു: ''നിങ്ങളിപ്പോഴും വിവാഹ ജീവിതത്തിലെ ആദ്യ ഇരുപതുകളിലാണല്ലോ. ദാമ്പത്യ ജീവിതത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ അല്‍പ്പം ക്ഷമ കാണിക്കുക. നിങ്ങളുടെ മുന്നില്‍ ഇനിയും രണ്ട് ഇരുപതുകളുണ്ട്.'' അയാള്‍ സാകൂതം എന്നെ നോക്കി. ''എന്താണ് വിവാഹ ജീവിതത്തിലെ ഇരുപതുകള്‍ എന്നാല്‍?'' പുഞ്ചിരിയോടെ ഞാന്‍: ''ആ ഇരുപതുകള്‍ ഞാന്‍ നിങ്ങള്‍ക്ക് വിശദീകരിച്ചു തരാം.''
''ഇരുപത്-മുപ്പത് വയസ്സിനിടക്കാണ് സാധാരണ വിവാഹം നടക്കുന്നത്. അതിനുശേഷം ദമ്പതികള്‍ മൂന്ന് ഇരുപതുകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ആദ്യത്തെ ഘട്ടം ഇരുപത് മുതല്‍ നാല്‍പ്പത് വയസ്സ് വരെയാണ്. രണ്ടാമത്തെ ഘട്ടം നല്‍പ്പത് മുതല്‍ അറുപതു വരെ. മൂന്നാമത്തെ ഘട്ടം അറുപത് വയസ്സ് മുതല്‍ എണ്‍പത് വയസ്സ് വരെ.'' ''അപ്പോള്‍ എണ്‍പതിന്ന് ശേഷമോ?'' അയാളുടെ ചോദ്യം. ''പരലോക ജീവിതത്തിലെ ഇരുപതുകള്‍.'' എന്റെ കമന്റ് അയാള്‍ക്ക് ഇഷ്ടപ്പെട്ടപോലെ. ''ഓരോ ഇരുപതിലും എന്ത് സംഭവിക്കുന്നുവെന്ന് ഇനി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. ആദ്യത്തെ ഘട്ടത്തില്‍ നിങ്ങള്‍ ഭാര്യയെ പരിചയപ്പെട്ടു തുടങ്ങുകയാണ്. ആനന്ദത്തിന്റെയും അനുരാഗത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍. ഭാവിയെ കുറിച്ച ആശകളും സങ്കല്‍പ്പങ്ങളും നിങ്ങള്‍ പങ്കുവെക്കും. കുട്ടികളുടെയും കുടുംബത്തിന്റെയും ജീവസന്ധാരണത്തിനുവേണ്ട വക കണ്ടെത്താനായിരിക്കും ഈ ഘട്ടത്തിലെ അധിക സമയവും നിങ്ങള്‍ ചെലവിടുന്നത്. ഭാര്യയാവട്ടെ ഈ ഘട്ടത്തില്‍ നിങ്ങളുടെ ഇഷ്ടമറിഞ്ഞ് സ്‌നേഹം പിടിച്ചുപറ്റാനും ഏറ്റവും നല്ലനിലയില്‍ വീട്ടുകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവാനുമാണ് ശ്രദ്ധയൂന്നുക. അധിക നേരവും അവള്‍ മക്കളെ പരിപാലിക്കുന്നതില്‍ വ്യാപൃതയായിരിക്കും. ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവും. കടവും ഉണ്ടായെന്ന് വരും. അത് സ്വാഭാവികമാണ്. നിങ്ങള്‍ ഒരു ജീവിതം കെട്ടിപ്പടുത്ത് തുടങ്ങുകയാണല്ലോ.''
''അത് എനിക്കും തോന്നുന്നുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഇപ്പോള്‍ പതിനഞ്ച് വര്‍ഷമായി.''
''അതുകൊണ്ടാണ് നിങ്ങള്‍ ഇപ്പോള്‍ അല്‍പ്പം ക്ഷമിക്കണമെന്ന് ഞാന്‍ പറഞ്ഞത്. പ്രയാസങ്ങളും പ്രശ്‌നങ്ങളുമുണ്ടാവും. നിങ്ങള്‍ ആദ്യത്തെ ഇരുപതുകള്‍ പിന്നിട്ടിട്ടില്ല.''
''അപ്പോള്‍ രണ്ടാമത്തെ ഇരുപതോ?'' അയാള്‍ക്ക് ധൃതിയായി. ''രണ്ടാമത്തെ ഇരുപതുകളില്‍ നിങ്ങള്‍ക്ക് നാല്‍പ്പത് വയസ്സായിട്ടുണ്ടാവും. ഈ ഘട്ടത്തില്‍ നിങ്ങളുടെ സങ്കല്‍പ്പങ്ങളും ചിന്തകളും വ്യത്യസ്തമായിരിക്കും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറഞ്ഞാല്‍ ഈ ഘട്ടത്തില്‍ നിങ്ങള്‍ ഇരുവര്‍ക്കും ഒഴിവുവേളകള്‍ ധാരാളമുണ്ടാവും. അപ്പോള്‍ ഇരുന്ന് വര്‍ത്തമാനം പറയാനും ജീവിതത്തെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനും നേരം കിട്ടും. വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വരുമാന സ്രോതസ്സ് തുടങ്ങി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ കുറെ കാര്യങ്ങളുണ്ടാവും. കുട്ടികളുടെ പഠനം, അവരുടെ വിവാഹ കാര്യങ്ങള്‍ തുടങ്ങിയ ആധിയേറ്റുന്ന ചിന്തകളും ഉണ്ടാവും. സാമ്പത്തികമായി ചിന്തിച്ചാല്‍, പണസംബന്ധമായ പകുതി ലക്ഷ്യങ്ങള്‍ നിങ്ങള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. വീടായി, മക്കള്‍ വളര്‍ന്നു വലുതായി, വാഹനമായി, സൗകര്യങ്ങളായി. നിങ്ങളിരുവരും മധ്യവയസ്സിലേക്ക് കടക്കുകയായി.''
''അപ്പോള്‍ മധ്യവയസ്സിന്റെ പ്രശ്‌നങ്ങള്‍?'' അയാള്‍.
''അതേ നിങ്ങളിരുവരും ശാരീരികവും മാനസികവും ആരോഗ്യപരവുമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഇതില്‍ അതിശയിക്കാനൊന്നുമില്ല. ഇത് ജീവിതത്തിലെ സ്വാഭാവിക ഘട്ടമാണ്. ക്ഷമയും സഹനവും വിവേകവും തിരിച്ചറിവും ആവശ്യമായ ഘട്ടം. താല്‍ക്കാലികമായ ഈ ഘട്ടവും അങ്ങനെ കടന്നുപോകും.''
''മൂന്നാമത്തെ ഇരുപതുകളെ കുറിച്ചറിയാന്‍ എനിക്ക് തിടുക്കമായി. കാരണം എന്റെ പിതാവ് ഈ ഘട്ടത്തിലൂടെയാണിപ്പോള്‍ കടന്നുപോകുന്നത്.''
''കുടുംബജീവിതത്തിലെ അവസാനത്തെ വഴിയമ്പലമാണ് ഈ ഘട്ടം. നിങ്ങള്‍ക്ക് പേരക്കുട്ടികളും കൊച്ചുമക്കളും ഉണ്ടാവുന്ന ഘട്ടമാണിത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയാണ് താനെന്നും താനൊരു വല്യുപ്പയാണെന്നും നിങ്ങള്‍ക്ക് തോന്നിത്തുടങ്ങുന്ന ഘട്ടം. ഈ ഘട്ടത്തിന് ഒരു പ്രത്യേക ആസ്വാദ്യതയുണ്ട്. കുടുംബത്തിന്റെ സ്ഥാപകനായ നിങ്ങളിപ്പോള്‍ അതിലെ കാരണവര്‍ ആവുകയാണ്. ഈ ഘട്ടത്തില്‍ കുറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടാവും. പേരക്കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റുമൊക്കെയാവും നിങ്ങളുടെ മുഖ്യചിന്ത. മക്കളുടെയും പേരമക്കളുടെയും സാമ്പത്തികാവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാനും ഈ ഘട്ടത്തില്‍ നിങ്ങളുടെ മനസ്സ് നിര്‍ബന്ധിച്ചുകൊണ്ടിരിക്കും.''
''ഇതാണ് എന്റെ പിതാവ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം.'' അയാള്‍ പറഞ്ഞു.
''അതാണ് ഞങ്ങള്‍ ഈ മൂന്ന് ഘട്ടങ്ങളെയും ആദാനപ്രദാനങ്ങളുടെയും കൊടുക്കല്‍ വാങ്ങലുകളുടെയും ഘട്ടങ്ങളായി വിശേഷിപ്പിക്കുന്നത്.''
''പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങ് നടത്തിയ ഈ വിവാഹ ജീവിത ഘട്ട വിഭജനം എനിക്ക് ആശ്വാസകരമായി. വരാനുള്ള ഓരോ ഘട്ടത്തിലെയും പ്രശ്‌നങ്ങളെ നോക്കിക്കാണാനുള്ള ദൂരക്കാഴ്ച എനിക്ക് കിട്ടി.''
''ശരിയാണ്. ഭാവിയെക്കുറിച്ച വ്യക്തമായ കാഴ്ചപ്പാടുണ്ടാവുമ്പോള്‍ നിങ്ങള്‍ അസ്വസ്ഥനാവേണ്ടി വരില്ല. പ്രശ്‌നങ്ങള്‍ പരിമിതമാവും.''
പിരിഞ്ഞുപോകുമ്പോള്‍ അയാള്‍: ''ഒരു വന്‍ പ്രശ്‌നമായി ഞാന്‍ മനസ്സിലിട്ടുകൊണ്ടുവന്ന കാര്യമാണ് അങ്ങ് ചെറിയ പ്രശ്‌നമാണെന്ന് എന്നെ ബോധ്യപ്പെടുത്തിയത്.''
''ശരിയാണ്. നമുക്ക് ധൃതിയാണ്. നാം പലതും മുന്‍വിധിയോടെ കാണുന്നു. ഇപ്പോഴത്തെ നിമിഷമേ നമ്മുടെ മുന്നിലുള്ളൂ. ഭാവിയെ നാം കാണുന്നില്ല. ചിത്രത്തിന്റെ ഒരു ഭാഗമേ നമ്മുടെ ശ്രദ്ധയില്‍ പെടുന്നുള്ളൂ. ചിത്രം മുഴുവനുമായി നാം കാണുന്നില്ല.'' അവസാനമായി ഞാന്‍ അയാള്‍ക്ക് ഒരുപദേശവും കൂടി നല്‍കി: ''ഓരോ ഇരുപതുകള്‍ പിന്നിടുമ്പോഴും നിങ്ങളുടെ സാമ്പത്തികവും ശാരീരികവും മാനസികവുമായ അവസ്ഥകളെ കുറിച്ച് ഭാര്യയുമായി തുറന്നു സംസാരിക്കണം. ഞാന്‍ ഇന്ന് ആവര്‍ത്തിച്ച് ഉരുവിട്ട ഒരു വാക്ക് നിങ്ങള്‍ ശ്രദ്ധിച്ചുകാണും. 'ഇസ്വ്ബിര്‍' (ക്ഷമിക്കുക). ദാമ്പത്യ ജീവിത വിജയത്തിന്റെ താക്കോലാണ് ക്ഷമ. ക്ഷമ ഒരു ചികിത്സയാണ്. ''നമസ്‌കാരവും ക്ഷമയും മുഖേന നിങ്ങള്‍ സഹായം തേടുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശാലികള്‍ക്കൊപ്പമാണ്'' (ഖുര്‍ആന്‍).
വിവ: പി.കെ ജമാല്‍
Comments