Prabodhanm Weekly

Pages

Search

2013 നവംബര്‍ 29

കലാപം നല്‍കിയ തിരിച്ചറിവുകള്‍

കെ.സി മൊയ്തീന്‍ / കോയമുസഫര്‍ നഗറില്‍ നിന്ന്

                      മെഡിക്കല്‍ ക്യാമ്പ് തുടങ്ങാന്‍ തീരുമാനിച്ച ലോയി ക്യാമ്പിലേക്കുള്ള വഴിയില്‍ ഞങ്ങള്‍ (വിഷന്‍ 2016 ലെ സലീമുള്ള ഖാന്‍, ഐ.ആര്‍.ഡബ്ലിയു വളണ്ടിയര്‍മാരായ പി.ഇ ഷംസുദ്ദീന്‍ എടയാര്‍, അബ്ദുല്‍ കരീം എടവനക്കാട്) പീര്‍ഷാ വിലായത്ത് എന്ന ചെറിയ പട്ടണത്തില്‍ ഇറങ്ങി. മിനാരം നോക്കി പള്ളി കണ്ടെത്തി. മദ്‌റസ വരാന്ത നിറയെ ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്ന് കൂട്ടിയിട്ടിരിക്കുന്നു. ഹാഫിളു മുഹമ്മദ് തന്‍വീറിനോടു കാര്യം തിരക്കിയപ്പോള്‍, ''ഇവിടെയും കുറെ അഭയാര്‍ത്ഥികള്‍ ഉണ്ടായിരുന്നു, അവര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ നാട്ടിലെ പല സുമനസ്സുകളും കൊണ്ടുവന്നിറക്കിയതില്‍ ബാക്കിവന്നതാണ്. അവരെല്ലാം അവരവരുടെ സ്ഥലങ്ങളിലേക്കു തിരിച്ചുപോയി. ബാക്കിവന്ന                                 സാധനങ്ങള്‍ ലോയി ക്യാമ്പിലെ അഭയാര്‍ഥികള്‍ക്ക് വേണ്ടി കൊണ്ടുപോവുകയാണ്.''
എല്ലാവീട്ടിലും ''ഘറും'' (താമസിക്കുന്ന വീട്) ''ഘേറും'' ഉണ്ട്. അതിഥികള്‍ക്ക് താമസിക്കാനും വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും വെടിപറഞ്ഞിരിക്കാനും വാഹനങ്ങളും മറ്റു കാര്‍ഷിക ഉപകരണങ്ങളും നിര്‍ത്തിയിടാനും ഉപയോഗിക്കുന്ന സ്ഥലമാണ് ഘേര്‍. അബ്ദുല്‍ ജബ്ബാര്‍ സാഹിബിന്റെ (ലൗഈ ക്യാമ്പിന്റെ കണ്‍വീനര്‍) ഘേറിലെ ഒരു മുറിയാണ് ഞങ്ങള്‍ക്ക് താമസിക്കാന്‍ വിട്ടുതന്നത്. മായാവതി ചെറുപ്പത്തില്‍ ഈ വീട്ടിലാണ് വളര്‍ന്നത്. ഇവരില്‍ ചിലര്‍ ബി.എസ്.പി അനുകൂലികളുമാണ്. വൈകുന്നേരമായപ്പോള്‍ 60നും 80നും ഇടക്കുപ്രായമുള്ള പത്തോളംപേര്‍ ആ ഘേറില്‍ ഒത്തുകൂടി. ഞങ്ങളും കൂടെ ചെന്നിരുന്നു. നാട്ടുകാരണവന്മാര്‍ കലാപത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചു. ''ഞങ്ങള്‍ താമസിക്കുന്ന ലൗഈയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഒരു ഗ്രാമത്തിലാണ് ഏറ്റവുമധികം കലാപം നടന്നത്. മൊത്തം എട്ടു ഗ്രാമങ്ങളിലാണ് കലാപം അരങ്ങേറിയത്. ബാക്കി ഗ്രാമങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ അക്രമം പേടിച്ചു സ്വയം ഓടി പോന്നതായിരുന്നു. കിംവദന്തികള്‍ അതിനുമാത്രം പ്രചരിച്ചിരുന്നതിനാല്‍ പേടിച്ചുപുറപ്പെട്ടവരെ അതാതിടങ്ങളിലെ  ജാട്ടുകള്‍ തന്നെ നേരിട്ടുവന്നു, സംരക്ഷണവും സുരക്ഷിതത്വവും രേഖാമൂലം ഉറപ്പുവരുത്തി തിരികെ കൊണ്ടുപോയി. എന്നാല്‍ കലാപത്തില്‍ ആട്ടിയോടിക്കപ്പെട്ടവര്‍ പറയുന്നു: ഇവിടെ പട്ടിണി കിടന്ന് മരിച്ചാലും ഇനി തിരിച്ചുപോവില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് ജീവനെങ്കിലും ബാക്കി കിട്ടിയിരിക്കുന്നു, വീടും മാടും മറ്റുമേ നഷ്ടപ്പെട്ടിട്ടുള്ളൂ. ഇനിയും അങ്ങോട്ടു തിരിച്ചാല്‍ അതും ബാക്കി കിട്ടില്ല. ഉച്ചവരെ ഉറങ്ങിയും ഉണ്ടും കളിച്ചും കൂടെ കഴിഞ്ഞവരാണ്, ഉച്ചക്കുശേഷം തൃശൂലവും തീപന്തവുമായി വന്നു ഞങ്ങളോടു ഈവിധം ചെയ്തത്. ഇനി ഏതായാലും അവിടേക്കില്ല.'' അവരുടെ തീരുമാനം ഉറച്ചതായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഞങ്ങള്‍ ആസാമിലായിരുന്നു, ബോഡോ കലാപഭൂമിയില്‍. ബോഡോകള്‍ വീടുചുട്ടും മാടുകളെ വെട്ടിയും കൃഷിനശിപ്പിച്ചും ആട്ടിപ്പായിച്ച് ക്യാമ്പുകളില്‍ താമസിക്കേണ്ടിവന്ന മുസ്‌ലിംകളും അന്ന് ഇതു തന്നെയാണ് പറഞ്ഞിരുന്നത്, 'ഇവിടെ പട്ടിണികിടന്നു മരിക്കുന്നതാണ് ബോഡോലാന്റിലേക്കു തിരിച്ചുപോവുന്നതിനേക്കാള്‍ ഉത്തമം' എന്ന്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സേവനവിഭാഗം സെക്രട്ടറി ഷാഫി മദനി സാഹിബ് അന്നും പറഞ്ഞുകൊണ്ടേയിരുന്നു. ''ബാക്കിയുള്ളവരെ നമുക്കു അങ്ങോട്ടുതന്നെ തിരിച്ചുകൊണ്ടുപോവണം, കത്തിക്കപ്പെട്ട അവരുടെ വീടുകള്‍ അതേസ്ഥാനത്ത് പുനര്‍നിര്‍മ്മിച്ചു കൊടുക്കണം. തകര്‍ക്കപ്പെട്ട പള്ളി, മദ്‌റസകള്‍ വഖഫ് ഭൂമികളില്‍ തന്നെ പുനസ്ഥാപിക്കണം. ഇതിനനുഗുണമായി ബോഡോകളുടെയും അഭയാര്‍ത്ഥികളുടെയും മനസ്സ് മാറ്റിയെടുക്കണം. അതിനാണ് നാം ശ്രമിക്കേണ്ടത്.'' അന്ന് 'തികച്ചും അസാദ്ധ്യം.' എന്നായിരുന്നു ഞങ്ങള്‍ ഏകസ്വരത്തില്‍ പ്രതികരിച്ചത്. എന്നാല്‍, മദനി സാഹിബിന്റെ നിരന്തരശ്രമഫലമായി ഇന്ന് ബോഡോലാന്റിനകത്ത് തന്നെ 330 വീടുകള്‍ പണികഴിഞ്ഞു താമസം തുടങ്ങി. 200 വീടുകളുടെ പണിതീരാറായിരിക്കുന്നു. 20 പള്ളികള്‍ പുനരുദ്ധരിച്ച് നമസ്‌ക്കാരം തുടങ്ങി. 15പള്ളികള്‍കൂടി ഉടനെ തുറക്കപ്പെടും. 130 മകാതിബുകള്‍ (പ്രഭാത മദ്രസകള്‍) നടന്നുവരുന്നു.  200 കുട്ടികളെ പൂര്‍ണ്ണമായി ദത്തെടുത്തു നിലവാരമുള്ള സ്ഥാപനങ്ങളില്‍ ചേര്‍ത്തുപഠിപ്പിക്കുന്നു. 400 കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടെ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. 10000 കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു കഴിഞ്ഞു. പതിനായിരങ്ങള്‍ താമസിച്ചിരുന്ന ക്യാമ്പുകളില്‍ ഇനി ഏതാനും കുടുംബങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ തിരിച്ചുപോവാന്‍; തങ്ങളുടെ ഊഴവും കാത്ത്.
ബോഡോ നേതാക്കളുമായി നടത്തിയ നിരന്തരം സമ്പര്‍ക്കത്തിലൂടെയും സൗഹൃദ സംഭാഷണങ്ങളിലൂടെയും യഥാര്‍ഥ ഇസ്‌ലാമിനെയും മുസ്‌ലിം സംസ്‌കാരത്തെയും മദനി സാഹിബ് അവര്‍ക്ക് ബോധ്യപ്പെടുത്തി. അങ്ങനെ ബോഡോകള്‍ തന്നെ മുസ്‌ലിംകളെ സ്വാഗതം ചെയ്ത് അവരെ ബോഡോലാന്റില്‍ തന്നെ കുടിയിരുത്തുകയായിരുന്നു.
മുസഫര്‍ നഗറിലും മദനിസാഹിബ് ഏറ്റെടുത്ത ദൗത്യം അതുതന്നെ. കലാപം നടന്ന ഉടനെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി സാഹിബിന്റെ കൂടെ അദ്ദേഹം, മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ മകനും ജാട്ടുനേതാവും വ്യോമയാന മന്ത്രിയുമായ അജിത് സിങ്ങിനെ ചെന്ന് കണ്ടു. കാലങ്ങളായി സൗഹൃദത്തിലും ഐക്യത്തിലും കഴിഞ്ഞിരുന്ന ജാട്ടുകള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ തികച്ചും ബാലിശമായ രീതിയില്‍ ഇത്രമേല്‍ അകല്‍ച്ച ഉണ്ടായതിലുള്ള ദുഃഖം അറിയിക്കുകയും, എത്രയും വേഗം പൂര്‍വ്വസ്ഥിതിയിലേക്ക് ബന്ധങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. തല്‍പര കക്ഷികളുടെ  ദുഷ്ടലാക്കുകള്‍ ജാട്ടുകള്‍ തിരിച്ചറിയണമെന്നും ഓര്‍മപ്പെടുത്തി.
യഥാര്‍ഥ ജാട്ടുകള്‍ ഇങ്ങനെ ചെയ്യുകയില്ലെന്നും, ഏതോ ക്ഷുദ്രശക്തികള്‍ ഒപ്പിച്ചവേലയാണെന്നും, ഉടനെ അന്വേഷിച്ചു വേണ്ട നടപടി സ്വീകരിക്കുമെന്നും അജിത്‌സിംഗ് അമീറിന് വാക്കുനല്‍കി.
തുടര്‍ന്നു ചില ജാട്ടുനേതാക്കള്‍ മീററ്റിലെ ഫലാഹെ ആം ആശുപത്രിയിലെത്തി. ആശുപത്രി ഡയറക്ടര്‍ അലാഉദ്ദീന്‍ തന്നെയാണ് മുസഫര്‍ നഗര്‍ ദുരിതാശ്വാസ ക്യാമ്പിന്റെ കണ്‍വീനറും. അദ്ദേഹം ജാട്ട്‌നേതാക്കളോടു കുറച്ചുകൂടി വിശദമായി കാര്യങ്ങള്‍ സംസാരിച്ചു.
1. ഈ കലാപം നിങ്ങളുടെ ഒടുക്കത്തിന്റെ തുടക്കമാണ്. മുസ്‌ലിംകളുടെ കൂടി പിന്തുണയില്ലാതെ ഒരു എം.എല്‍.എ യെയോ എം.പി യെയോ പോലും ജയിപ്പിച്ചയക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
2. ജന്മികളായ നിങ്ങളുടെ കുടിയാന്മാരാണല്ലോ മുസ്ലിംകള്‍. കരിമ്പും നെല്ലും മാവും അനാറും തുടങ്ങി നിങ്ങളുടെ മൊത്തം കൃഷി ഇക്കൊല്ലം നശിച്ചില്ലേ? ആരാണ് നിങ്ങള്‍ക്കു വിളവെടുത്തുതരിക? എന്തിനേറെ, നിങ്ങളുടെ കുട്ടികളെ  സ്‌കൂളിലെത്തിക്കുന്നതിന് വരെ ഇനി നിങ്ങള്‍ പ്രയാസപ്പെടില്ലേ?
3. 1500-ല്‍ അധികം എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങളിലെ യുവാക്കള്‍ മിക്കവരും അതില്‍ പ്രതികളാണ്. സര്‍ക്കാര്‍ ജോലികളിലും മറ്റുമുള്ള അവരുടെ ഭാവി ഇതില്‍ തട്ടി താളം തെറ്റും.
4. അഥവാ നിങ്ങള്‍ ബി.ജെ.പിയിലേക്കോ മറ്റോ ചേക്കേറിയാല്‍, രാഷ്ട്രീയമായി നിങ്ങള്‍ ഷണ്ഡീകരിക്കപെടും എന്നല്ലേ കഴിഞ്ഞകാല അനുഭവം? രാഷ്ടീയ വനവാസത്തിനയക്കപ്പെടുകയില്ലേ നിങ്ങള്‍? കാലമിത്രയും നിങ്ങളെ അധഃകൃതരായി ഗണിച്ചുതള്ളിയ ഉന്നതകുലജാതര്‍ ഇപ്പോള്‍ വെച്ച് നിങ്ങളെ ആദരിക്കുമോ?
ജാട്ടുനേതാക്കള്‍ക്ക് ഉത്തരമൊന്നും പറയാനില്ലായിരുന്നു. മുസ്ലിംകളെ എങ്ങനെ തിരിച്ചുകൊണ്ടുവരണം എന്നാലോചിക്കാന്‍ ഇപ്പോള്‍ ഗ്രാമഗ്രാമാന്തരം അവര്‍ പഞ്ചായത്തുകള്‍ ചേര്‍ന്ന്‌കൊണ്ടിരിക്കയാണ് എന്നാണ് വിവരം. അതിന്റെ അനുരണനമാണ് സംരക്ഷണ-സുരക്ഷാ-അനാക്രമണ സന്ധി ഒപ്പിട്ടു മുസ്‌ലിംകളെ സ്വീകരിച്ചാനയിച്ചത്. മൂത്തു കോലായി, നീരുവറ്റിപോയ കരിമ്പിന്‍തോട്ടങ്ങള്‍ ഇനി കത്തിച്ചുകളയണമെങ്കിലും വേണമല്ലോ പാവം മുസ്‌ലിം തൊഴിലാളി. ഇതിന്റെ മറുവശവും കാണാതിരുന്നുകൂടാ. അഭയാര്‍ത്ഥികള്‍ പറയുന്നത് ഇതാണ്: ''ഞങ്ങള്‍ തികച്ചും നിരാശരാണ്. ഞങ്ങളുടെ ഒരു കാര്യവും നടത്തിക്കിട്ടുകയില്ല. സ്‌കൂള്‍, ആശുപത്രി, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, റേഷന്‍ കട, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിങ്ങനെ എല്ലായിടത്തും ജാട്ടുപട തന്നെ. ലൗഇയിലെ ഗവണ്‍മെന്റ് എല്‍.പി, യു.പി സ്‌കൂളുകളില്‍ എട്ടില്‍ ആറും ജാട്ടു അധ്യാപകര്‍. അവരാരും ഇപ്പോള്‍ വരാന്‍ കൂട്ടാക്കുന്നില്ല. സ്‌കൂള്‍ പൂട്ടികൊണ്ടിരിക്കുന്നു. പരാതിയുമായി ഡി.ഇ.ഒ യെ കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ ഓഫീസ് നിറയെ ജാട്ടുകള്‍ തന്നെ; കുട്ടികള്‍ വീട്ടിലും.''
അമളിപറ്റിയ മുലായം വര്‍ധിത വീര്യത്തോടെ തെറ്റ് തിരുത്തുന്നുണ്ട് എന്നതാണ് ആശ്വാസകരം. കലാപത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച രണ്ടുലക്ഷം സഹായം ഇന്നും പ്രഖ്യാപനത്തിലൊതുങ്ങുമ്പോള്‍, ഓരോരുത്തരെയും കണ്ടെത്തി പത്തുലക്ഷം വീതം റൊക്കമായി കൈയില്‍ ഏല്‍പിച്ചാണ് മുലായം തെറ്റുതിരുത്തിയത്. കൂട്ടത്തില്‍ ഓരോ ആശ്രിതന് ജോലിയും നല്‍കികഴിഞ്ഞു.


* * * * * * * * *

ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന്റെ പ്രവര്‍ത്തകര്‍ ക്യാമ്പുകളില്‍ വളരെ സജീവമായിരുന്നു. എല്ലായിടത്തും കാണാം ബാനര്‍. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും കാര്യം അവര്‍ തന്നെയാണ് നോക്കുന്നത്. ഇവരെ കൂടാതെ മറ്റു സംഘടനകളൊന്നിന്റെയും പ്രവര്‍ത്തന സാന്നിധ്യം കാണാന്‍ കഴിഞ്ഞില്ല, വിവരശേഖരണം നടത്തുന്ന ചില എന്‍.ജി.ഒ കള്‍ ഒഴികെ. MSF (Medicins Sans Frontieres Mr. Kashif Ahmed) അതിലൊന്നാണ്. ഇതിന് ഇന്ത്യയില്‍ ചാപ്റ്ററുണ്ട്. ഗുജറാത്ത് ഭൂകമ്പ ബാധിതപ്രദേശത്ത് അവരും ഐ.ആര്‍.ഡബ്ലിയുവും സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വിദേശികള്‍ മാത്രമടങ്ങുന്ന അവരുടെ ടീം, ഞങ്ങളെ അവരുടെ സഹപ്രവര്‍ത്തനത്തിന് തെരഞ്ഞെടുത്തതും, മൊബൈല്‍ ഓപ്പറേഷന്‍ ടേബ്ള്‍ ഉള്‍പ്പെടെ അവരുടെ എല്ലാ ചികിത്സാ ഉപകരണങ്ങളും ഞങ്ങളുടെ ക്ലിനിക്കില്‍ ഏല്‍പ്പിച്ച് അന്നവര്‍ നാടുവിട്ടതും ഇന്നും ഓര്‍ക്കുന്നു. അര്‍ഹതയുള്ള കേസുകള്‍ ഏറ്റെടുത്തു നടത്താന്‍ തയാറായി, അതന്വേഷിച്ചു നടക്കുന്ന മറ്റൊരു ടീമിനെയും കാണാനായി. അഡ്വക്കറ്റ് അസ്‌കരി നഖ്‌വിയുടെ നേതൃത്വത്തില്‍ അലീഗര്‍ കേന്ദ്രീകൃതമായാണ് അത് പ്രവര്‍ത്തിക്കുന്നത്.

കുന്നക്കാവ് ലബീബും കുറ്റിപ്പുറം നജീബും യാത്രക്കിടെ പങ്കുവെച്ച അനുഭവം: ഒക്‌ടോബര്‍-നവംബറില്‍ മുസാഫര്‍നഗറില്‍ വന്നാല്‍ റോഡ് നിറയെ കരിമ്പ് കയറ്റിയ കാളവണ്ടികളുടെ നീണ്ടനിര കാണാമായിരുന്നു; എത്ര ഉച്ചത്തില്‍ ഹോണ്‍ അടിച്ചാലും സൈഡ് തരാതെ. ഇക്കൊല്ലം ഒരു വണ്ടിപോലും കാണുന്നില്ലല്ലോ. കരിമ്പ് മുറിക്കാന്‍ മുസ്‌ലിംകള്‍ ഇല്ലാത്തതിനാല്‍ മുഴുവന്‍ മൂത്തു കോലായി മാറിയത് റോഡിനിരുവശവും കാണാമായിരുന്നു.

ക്യാമ്പുകള്‍ ഒരിക്കല്‍ കൂടി സന്ദര്‍ശിക്കാന്‍ പുറപ്പെട്ടപ്പോള്‍, പല ക്യാമ്പുകളും അടഞ്ഞുകഴിഞ്ഞിരുന്നു. മൊത്തം 22 ക്യാമ്പുകളില്‍ പതിമൂന്നിലും കലാപഭീതിയില്‍ നാടുവിട്ടവരായിരുന്നു. അവരെയെല്ലാം ജാട്ടുകള്‍ തിരികെ കൊണ്ടുപോയിരിക്കുന്നു. ഒമ്പത് ക്യാമ്പുകളില്‍ വ്യവസ്ഥാപിതമായി ഒന്നാംവട്ട മെഡിക്കല്‍ ക്യാമ്പു നടന്നു. 5000-ല്‍പരം രോഗികളെ പരിശോധിച്ചു മരുന്നുനല്‍കി. ഡസനോളം മാരകരോഗങ്ങള്‍ കണ്ടെത്തി, അല്‍ശിഫയിലേക്കും ഫലാഹെ ആംമിലേക്കും റഫര്‍ ചെയ്തു. ഇനി ഒന്നോ രണ്ടോ തവണ ഇതേ ക്യാമ്പുകളില്‍ തുടര്‍പരിശോധന നടക്കണം. മീററ്റില്‍ നിന്നുള്ള ജമാഅത്ത് പ്രവര്‍ത്തകരുമായി സഹകരിച്ച് എല്ലാ ക്യാമ്പുകളിലെയും ടെന്റ് ആവശ്യമുള്ളവരെ കണ്ടെത്തി വിതരണം പൂര്‍ത്തിയാക്കി. ഒപ്പം കമ്പിളി, ബെഡ് ഷീറ്റ്, ചൂടുവസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. അഭയാര്‍ഥികളില്‍ തിരിച്ചുപോവാന്‍ തയാറാവുന്നവര്‍ക്കു അവരുടെ നാടുകളില്‍ വീടുവെച്ചു കൊടുക്കലാണ് ഇനി ജമാഅത്തിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും മുമ്പിലെ മുഖ്യദൗത്യം
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/66-70
എ.വൈ.ആര്‍