Prabodhanm Weekly

Pages

Search

2013 നവംബര്‍ 29

മൂന്നു സമരങ്ങള്‍

        കേരളത്തില്‍ ഈ മാസം പതിവ് ഭരണ വിരുദ്ധ സമരങ്ങള്‍ക്ക് പുറമെ അസാധാരണമായ മൂന്ന് സമരങ്ങള്‍ അരങ്ങേറുകയുണ്ടായി. ഭരണ-പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി എന്നതാണ് അവയെ അസാധാരണമാക്കുന്ന ഒരു ഘടകം. രണ്ടാമത്തെ ഘടകം മൂന്നിലും അവര്‍ പ്രതിനിധീകരിച്ചത് മൂലധന താല്‍പര്യത്തെയാണ് എന്നതാകുന്നു.
കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരപ്രദേശത്തുള്ള കരിമണല്‍ ഖനനം സംബന്ധിച്ചാണ് ഒരു സമരം. പൊതുമേഖലക്ക് മാത്രമുള്ള കരിമണല്‍ ഖനനാവകാശം സ്വകാര്യ മേഖലക്കു കൂടി അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൊതു-സ്വകാര്യ സമ്മിശ്ര സമ്പദ്ഘടന ബൂര്‍ഷ്വാ കാപട്യമാണെന്നാക്ഷേപിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യവത്കരിക്കുന്നുവെന്നത് യു.പി.എ ഗവണ്‍മെന്റിനെതിരായി സി.പി.എം ഉന്നയിക്കുന്ന പ്രധാന വിമര്‍ശമാണ്. അതേ സി.പി.എമ്മിന്റെ സമുന്നത നേതാവായ മുന്‍ മന്ത്രിയാണ് കരിമണല്‍ ഖനനാവകാശം സ്വകാര്യ മേഖലക്ക് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചില സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആരംഭിച്ച സമരം ഉദ്ഘാടനം ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ നേരത്തെ തന്നെ സ്വകാര്യ കരിമണല്‍ഖനനത്തില്‍ തല്‍പരരായതിനാല്‍ ഈ സമരം പരാജയപ്പെടാനിടയില്ല. പൊതു മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും വന്‍ തോതിലുള്ള കരിമണല്‍ഖനനം പാരിസ്ഥിതിക സന്തുലനത്തിനും പ്രദേശവാസികളുടെ അതിജീവനത്തിനും ഉയര്‍ത്തുന്ന ഭീഷണി അവഗണിക്കപ്പെടുന്നുവെന്നത് ഇതിലടങ്ങിയ മറ്റൊരു വിപത്താണ്.
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സംരക്ഷണാര്‍ഥം കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് നവംബര്‍ 13-ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് പ്രാഥമിക ഉത്തരവിറങ്ങിയതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതാണ് രണ്ടാമത്തെ പ്രക്ഷോഭം. സര്‍ക്കാര്‍ ഓഫീസുകള്‍ തീയിടല്‍, വാഹനങ്ങള്‍ കത്തിക്കല്‍ തുടങ്ങിയ അക്രമങ്ങള്‍ മലയോര മേഖലയില്‍ നടന്നു. ദിവസങ്ങളോളം റോഡ് ഉപരോധവുമുണ്ടായി. 18-ന് ഇടതുപക്ഷാഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താലും നടന്നു. സര്‍ക്കാര്‍ ഇതാ ലക്ഷക്കണക്കില്‍ കുടിയേറ്റ കര്‍ഷകരെ കുടിയിറക്കി തെരുവാധാരമാക്കാനൊരുമ്പെടുന്നു എന്ന മട്ടിലാണ് പ്രചാരണം. വാസ്തവത്തില്‍ കസ്തൂരി രംഗന്‍ കമ്മിറ്റി ഒരു കര്‍ഷകനോടും കുടിയൊഴിയാനാവശ്യപ്പെടുന്നില്ല. അവരുടെ കൃഷിയോ കൃഷി ഭൂമി കൈമാറ്റമോ വ്യാപാരമോ ഒന്നും വിലക്കുന്നുമില്ല. പരിസ്ഥിതി ലോലമെന്ന് കണ്ടെത്തിയ 123 വില്ലേജുകളില്‍ പരിസ്ഥിതിക്ക് ഹാനികരമായ വന്‍ വ്യവസായശാലകള്‍ സ്ഥാപിക്കുന്നതും 50 ഹെക്ടറിലധികം വിസ്തൃതിയുള്ള ടൗണ്‍ഷിപ്പുകള്‍ പടുത്തുയര്‍ത്തുന്നതും കരിങ്കല്‍-മണല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതുമാണ് വിലക്കുന്നത്.  ഈ വിലക്കുകളില്‍ കര്‍ഷകവിരുദ്ധമായി ഒന്നുമില്ല. വല്ല സംശയവുമുണ്ടെങ്കില്‍ തന്നെ അധികൃതരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള അവസരവുമുണ്ട്. ഇക്കാര്യങ്ങളൊക്കെ വേണ്ട വണ്ണം ജനങ്ങളെ ധരിപ്പിക്കാതെ ഉത്തരവിറക്കിയത്, ജനങ്ങളെ വിക്ഷുബ്ധരാക്കി തെരുവിലിറക്കാന്‍ തല്‍പര കക്ഷികള്‍ക്ക് അവസരമൊരുക്കി.
25 കോടി ജനങ്ങളുടെ നിലനില്‍പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണം. ആര്‍ക്കും അതിന്റെ പ്രാധാന്യം നിഷേധിക്കാനാവില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ആര്‍ക്കെങ്കിലും ഹാനികരമാകുമെങ്കില്‍ ആദ്യം ഹാനികരമാകേണ്ടത് ആദിവാസികള്‍ക്കും മലവാസികള്‍ക്കുമായിരുന്നു. അവരായിരുന്നു ആദ്യം രംഗത്തിറങ്ങേണ്ടതും. പക്ഷേ, അവരാരും ഈ പ്രക്ഷോഭത്തിലില്ല. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഗോവയിലുമൊക്കെ പരിസ്ഥിതി ലോല മേഖലകള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. അവിടെയൊന്നും മത സംഘങ്ങളോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ അതിനെതിരെ പ്രക്ഷോഭം നയിക്കുന്നുമില്ല. കേരളത്തിലെ പ്രക്ഷോഭത്തിനു പിന്നില്‍ കരിങ്കല്‍-മണല്‍ മാഫിയകളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും ടൂറിസ്റ്റ് വ്യവസായികളുമാണെന്ന ആരോപണം പരിശോധിക്കപ്പെടേണ്ടതാണ്. നേരത്തെ നിയുക്തമായ ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഏറെ വെള്ളം ചേര്‍ത്തതാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നുണ്ട്. അതിനെതിരിലും ഇടയലേഖകരും ഇടതുപക്ഷവും ഒറ്റക്കെട്ടായതില്‍ എന്തൊക്കെ രാഷ്ട്രീയ സാധ്യതകളുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വിശാല താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ശുഭസൂചകമല്ല.
എന്‍.എച്ച് 17 നാല്‍പത്തിയഞ്ച് മീറ്റര്‍ വീതിയില്‍ ബി.ഒ.ടി പാതയാക്കുന്നതിനെതിരെ, പുരയും പുരയിടവും വ്യാപാര-തൊഴില്‍ സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടേതാണ് മൂന്നാമത്തെ സമരം. ഈ സമരക്കാരെ എതിര്‍ക്കുന്നതിലും ഒറ്റപ്പെടുത്തുന്നതിലും മുഖ്യധാരാ പാര്‍ട്ടികള്‍ ഐക്യപ്പെട്ടിരിക്കുന്നതാണ് ഇതിലെ പ്രത്യേകത. ഹൈവേ പാടില്ലെന്നല്ല സമരക്കാര്‍ പറയുന്നത്. അത് ബി.ഒ.ടി ഒഴിവാക്കി 30 മീറ്റര്‍ വീതിയില്‍ സര്‍ക്കാര്‍ നേരിട്ട് നിര്‍മിച്ചു നടത്തണമെന്നാണ്. കുടിയൊഴിപ്പിക്കല്‍ പരമാവധി കുറക്കണം. കുടിയൊഴിയേണ്ടിവരുന്നവര്‍ക്ക് മാന്യമായ പുനരധിവാസം നല്‍കണം. ഗോവയിലും ആസാമിലുമൊക്കെ 30 മീറ്റര്‍ വീതിയില്‍ ഹൈവേകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംസ്ഥാനങ്ങളേക്കാള്‍ ഭൂലഭ്യത കുറവും ജനസാന്ദ്രത കൂടുതലുമാണ് കേരളത്തില്‍. എന്നിരിക്കെ കേരളത്തില്‍ 45 മീറ്റര്‍ വീതിയില്‍ ഹൈവേ വേണമെന്ന് ശഠിക്കുന്നതില്‍ ന്യായമില്ല. കഴിഞ്ഞ അച്യുതാനന്ദന്‍  സര്‍ക്കാറും യു.ഡി.എഫും 30 മീറ്റര്‍ വീതി അംഗീകരിച്ചതാണ്. പിന്നീട് കേന്ദ്രം സമ്മതിക്കുന്നില്ല എന്നു പറഞ്ഞാണ് വീതി 45 മീറ്ററാക്കി വര്‍ധിപ്പിച്ചത്. ബി.ഒ.ടി കമ്പനികളുടെ കമീഷനില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും കണ്ണഞ്ചിയതാണ് യഥാര്‍ഥ കാരണമെന്ന് പിന്നാമ്പുറ വര്‍ത്തമാനമുണ്ട്. പിന്നീട് കേരളത്തിനു വേണമെങ്കില്‍ 30 മീറ്റര്‍ വീതിയില്‍ ഹൈവേ ആകാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതന്ത്രി പ്രസ്താവിക്കുയുണ്ടായി. ഭരണപക്ഷമോ പ്രതിപക്ഷമോ അത് ഗൗരവത്തിലെടുക്കാന്‍ തയാറാകുന്നില്ല. ചുങ്കപ്പാതയെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളാണെന്നാണ് ഒരു മന്ത്രി പുംഗവന്‍ നാടുനീളെ പ്രസംഗിച്ചു നടക്കുന്നത്. അദ്ദേഹത്തിന് ഹൈവേ 70 മീറ്റര്‍ വീതിയില്‍ വേണമത്രെ!  ഇത്തരം ജല്‍പനങ്ങളാണ് യഥാര്‍ഥത്തില്‍ മനുഷ്യത്വരഹിതമായ തീവ്രവാദമെന്ന് അദ്ദേഹത്തെ ആരെങ്കിലുമൊന്ന് ബോധ്യപ്പെടുത്തിയെങ്കില്‍! പുരയും പുരയിടവും നഷ്ടപ്പെടുന്നവര്‍ സങ്കടപ്പെടാന്‍, പി.ഡബ്ലിയു വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗിന്റെ നേതാക്കളെ ചെന്നു കണ്ടു. സാന്ത്വനത്തിനു പകരം അധിക്ഷേപമാണ് ലഭിച്ചത്. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വന്ന് അവരെ വിരട്ടിയോടിക്കുകയായിരുന്നു. ഒരു കാലത്ത് ഭൂസ്വാമിമാരുടെ മിച്ച ഭൂമി പിടിച്ചെടുത്ത് അധ്വാനിക്കുന്ന ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും കുടിയാന്മാരെ കുടിയിറക്കാനുള്ള ജന്മിമാരുടെ അവകാശം ദുര്‍ബലപ്പെടുത്തി അവര്‍ക്ക് കൂടികിടപ്പില്‍ സ്ഥിരാവകാശം നേടി കൊടുക്കാനും മുന്നിട്ടിറങ്ങിയ ഇടതുപക്ഷ കക്ഷികള്‍ റോഡ് വികസനത്തിന്റെ പേരു പറഞ്ഞ് സാധാരണക്കാരന്റെ കിടപ്പാടം പിടിച്ചെടുത്ത് ബി.ഒ.ടി മുതലാളിമാര്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്ന കൈയാളുകളായി മാറുകയാണ്. ഇന്ന് അവരുടെ മനസ്സിനെ മഥിക്കുന്നത് കുടിയിറക്കപ്പെടുന്ന പാവങ്ങളുടെ ആവലാതികളും വേവലാതികളുമല്ല, എന്‍.എച്ച് വീതി 45 മീറ്ററില്‍ കുറഞ്ഞുപോയാല്‍ അതുവഴി ശരവേഗം പറക്കേണ്ട മുതലാളിമാരുടെ മേത്തരം കാറുകള്‍ക്ക് വേഗത കുറഞ്ഞുപോകുന്നതാണ്.
മുഖ്യധാരാ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളുടെ കൂട്ടികൊടുപ്പുകാരായി മാറിയ സാഹചര്യത്തില്‍ ഏതാനും പാരിസ്ഥിതിക-മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ചെറുകിട പാര്‍ട്ടികളുമാണ് ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ മുന്നോട്ട് വന്നത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ മാനിക്കുന്നവരാരാണെന്നും ജനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് ഒറ്റുകൊടുക്കുന്നവരാരാണെന്നും തിരിച്ചറിയാന്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതൊരു നല്ല അവസരമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/66-70
എ.വൈ.ആര്‍