Prabodhanm Weekly

Pages

Search

2013 നവംബര്‍ 29

പ്രപഞ്ചം ഒരു മഹാകാവ്യമാണ്

വി.യു മുഹമ്മദ് ജമാല്‍ / ചിന്താവിഷയം

                        നോഹരമായ ഒരു കവിത കണ്ടാല്‍ കവിയെയും ചിത്രം കണ്ടാല്‍ ചിത്രകാരനെയും നാം അന്വേഷിക്കും. ഒരു മേശക്ക് പിറകില്‍ ഒരാശാരിയുണ്ടെന്ന് വ്യക്തം. എങ്കില്‍ സൂര്യചന്ദ്രാദികളും കോടിക്കണക്കിനു നക്ഷത്രങ്ങളും നിറഞ്ഞ ആകാശലോകങ്ങളും, കടലും കരയും മനുഷ്യരുള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത ജന്തുജാലങ്ങളും ഉള്‍ച്ചേര്‍ന്ന അതിബൃഹത്തായ ഈ പ്രപഞ്ച സംവിധാനത്തിനു പിന്നില്‍ ഒരു ശില്‍പി ഉണ്ടാവേണ്ടതില്ലേ? മനസ്സാക്ഷി ഉള്ളവരെല്ലാം തീര്‍ച്ചയായും 'അതേ' എന്നു മാത്രമേ ഉത്തരം പറയുകയുള്ളൂ. 'തുമ്പപ്പൂ മുതല്‍ സൂര്യന്‍ വരെ' അതി വിദഗ്ധമായി സൃഷ്ടിക്കുകയും അവയെ ഘടിപ്പിക്കുകയും ചെയ്ത സര്‍വശക്തനും സര്‍വജ്ഞനും സര്‍വേശ്വരനുമായ ഏകദൈവം... സൃഷ്ടിപ്പ് മാത്രമല്ല സ്ഥിതിയും സംവിധാനവും സംഹാരവും എല്ലാം നിര്‍വഹിക്കുന്നത് ഏക ദൈവം മാത്രമത്രെ. ഖുര്‍ആന്‍ പറഞ്ഞു: ''അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു'' (സുമര്‍ 62). അല്ലാഹുവിന് രണ്ടുതരം ഗ്രന്ഥങ്ങളുണ്ടെന്ന് പറയപ്പെടാറുണ്ട്. വേദഗ്രന്ഥവും പ്രപഞ്ചഗ്രന്ഥവും. രണ്ടിനെ കുറിച്ചും മനനം ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ അല്ലാഹുവിനെ കണ്ടെത്താം (വിശുദ്ധ ഖുര്‍ആന്‍ വേദസൂക്തങ്ങള്‍ക്കും പ്രപഞ്ചാത്ഭുതങ്ങള്‍ക്കും ഒരേ നാമമാണ് നല്‍കിയിട്ടുള്ളത് ആയാത്ത് (ദൃഷ്ടാന്തം). പ്രപഞ്ചം ഒരു മഹാകാവ്യമാണ്. അഴകും ആഹ്ലാദവും അമ്പരപ്പും താളൈക്യത്തോടെ വിന്യസിക്കപ്പെട്ട മഹാ കാവ്യം. ഋതുഭേദങ്ങള്‍ക്കു മാത്രം എത്രയെത്ര വിസ്മയഭാവങ്ങളാണ്! പ്രകൃതി പ്രസന്ന വര്‍ണങ്ങളുടെ പുഷ്പശയ്യകള്‍ തീര്‍ക്കുന്ന വസന്തകാല പ്രഭാതങ്ങള്‍. സൂര്യഗോളം കത്തിയെരിയുന്ന ഗ്രീഷ്മ മധ്യാഹ്‌നങ്ങള്‍, മധുര ശൈത്യത്തിന്റെ ഹേമന്ത സായന്തനങ്ങള്‍, സിന്ദൂര മേഘങ്ങളുടെ ശരത്കാല സന്ധ്യകള്‍, ഇടിവെട്ടി പെയ്യുന്ന വര്‍ഷകാല രാത്രികള്‍... ഓരോ ഋതുവും കിലുക്കുന്നത് സൗന്ദര്യത്തിന്റെ ആയിരം പാദസരങ്ങളാണ്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിനെപ്പറ്റി പറഞ്ഞു: ''സൃഷ്ടിച്ചതെല്ലാം സുന്ദരമാക്കിച്ചെയ്തവന്‍'' (സജദ 7). അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞു: ''അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു.'' പ്രപഞ്ചത്തിന്റെ കലാസുഭഗത കണ്ടാസ്വദിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജീവിതം വിരസമായിരിക്കും. അതേക്കുറിച്ച് ചിന്തിക്കാത്തവര്‍ക്ക് ശാസ്ത്ര ബോധമുണ്ടാവില്ല. ശാസ്ത്രീയ ചിന്തയില്ലാത്തവര്‍ക്ക് ദൈവത്തെ യഥാവിധി മനസ്സിലാവുകയുമില്ല. നമുക്കുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന സര്‍ഗസിദ്ധിയെ തൊട്ടുണര്‍ത്താന്‍ കൂടിയാണ് ദൈവം പ്രപഞ്ച ദൃഷ്ടാന്തങ്ങള്‍ സംവിധാനിച്ചിട്ടുള്ളത്. അതുവഴിയാണ് നമുക്ക് കലാകാരന്മാരെയും ശാസ്ത്രജ്ഞരെയും ലഭിച്ചിട്ടുള്ളത്. നക്ഷത്രങ്ങളെ നോക്കൂ. അവ കവികള്‍ക്ക് കവിത നല്‍കുന്നു. ശാസ്ത്ര വിശാരദന്മാര്‍ക്ക് അറിവ് നല്‍കുന്നു. വീണു കിടന്ന ഒരു പൂവിന്റെ മധുര നൊമ്പരമാണല്ലോ കുമാരനാശാനെ അനശ്വര കവിയാക്കിയത്. ഞെട്ടറ്റു വീണ ഒരാപ്പിള്‍ ഐസക് ന്യൂട്ടനെ വിഖ്യാത ശാസ്ത്രജ്ഞനാക്കി. പ്രകൃതിയെ നോക്കി വരച്ചപ്പോള്‍ നമുക്ക് ചിത്രകലയുണ്ടായി. പ്രപഞ്ച താളത്തിനൊത്ത് ചുവടുവെച്ചപ്പോള്‍ നമുക്ക് നൃത്തമുണ്ടായി. അതെ, ദൈവം ഈ പ്രപഞ്ചത്തെയും അതിന്റെ അനവരത സൗന്ദര്യത്തെയും വെറുതെ സംവിധാനിച്ചതല്ല. ഖുര്‍ആന്‍ പറഞ്ഞു: ''ആകാശ ഭൂമികളുടെ സൃഷ്ടിപ്പില്‍, രാപ്പകലുകളുടെ രൂപാന്തരങ്ങളില്‍, മാനവരാശിയുടെ ഫലോദയത്തിന് കടല്‍ താണ്ടുന്ന കപ്പലുകളില്‍, മാനത്ത് നിന്ന് അല്ലാഹു ഇറക്കുന്ന മഴയില്‍, അവന്‍ മൃതഭൂമിക്ക് ജീവന്‍ നല്‍കുന്നതില്‍, എല്ലാ ജന്തുജാലങ്ങളെയും വിതറിയ ഭൂമിയില്‍, കാറ്റിന്റെ ഗതിയില്‍, ആകാശ ഭൂമികള്‍ക്കിടയില്‍ അടിയാളെപ്പോലെ വേച്ചു വേച്ചിഴയുന്ന മേഘങ്ങളില്‍ ഇതാ വിവേകികളായ ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍'' (2:164). പ്രപഞ്ചം മുഴുവന്‍ അല്ലാഹു മനുഷ്യര്‍ക്കായി സംവിധാനിച്ചുവെന്നു പറഞ്ഞതില്‍ തെല്ലും അതിശയോക്തിയില്ല. സസ്യങ്ങളെ നോക്കൂ. നമുക്ക് ഭക്ഷണം നല്‍കാനായി മാത്രം ജീവിച്ചു മരിക്കുന്നു. വാഴപ്പഴം കൊണ്ട് വാഴക്ക് യാതൊരാവശ്യവുമില്ല. മത്തന്‍ വള്ളിയും കുമ്പള വള്ളിയും നമുക്ക് കായകള്‍ നല്‍കിയ ഉടന്‍ നശിച്ചുപോകുന്നു. ഇവ്വിധം തന്നെയാണ് ഓരോ സസ്യങ്ങളും. വംശവര്‍ധന മാത്രമല്ല അവയുടെ സൃഷ്ടിപ്പിന്റെ രഹസ്യം. പ്രത്യുത മനുഷ്യരെ ഊട്ടലാണ് അവയുടെയൊക്കെ മൗലിക ലക്ഷ്യം. മൃഗങ്ങളും മത്സ്യങ്ങളുമൊന്നും ഇവയില്‍നിന്നൊഴിവല്ല. അഥവാ ദൈവം സ്‌നേഹപൂര്‍വം നല്‍കിയ ഭക്ഷണവും പാര്‍പ്പിടവുമാണ് എന്നും നാം ഉപയോഗിക്കുന്നത്. പരമാവധി പോയാല്‍ അവയെ സംശ്ലേഷിച്ചും വിശ്ലേഷിച്ചും നാം രൂപ വ്യത്യാസം വരുത്തുന്നുവെന്നു മാത്രം. പ്രപഞ്ച സൃഷ്ടികളെല്ലാം അറിഞ്ഞോ അറിയാതെയോ പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നു. ഏതോ ഒരദൃശ്യശക്തിയുടെ ആജ്ഞയാലെന്ന പോലെ അവ വ്യവസ്ഥാപിതമായി ചലിച്ചു മുന്നേറുകയും ചെയ്യുന്നു. ഏത് കണ്ണുപൊട്ടനും ഊഹിച്ചെടുക്കാവുന്നതാണീ വസ്തുത (അതല്ലെങ്കില്‍ ഇവിടെ സസ്യപരാഗണം പോലും നടക്കുകയില്ല). ദൈവം കൃത്യമായി മഴ പെയ്യിക്കുന്നില്ലെങ്കില്‍ ഭൂമി അത്യുഷ്ണത്തില്‍ വരണ്ടു പോകും. മഴ പെയ്ത ഉടന്‍ നമ്മുടെ തൊടിയിലേക്കൊന്നു നോക്കൂ. പച്ച, മഞ്ഞ, നീല, ചുവപ്പ്, വയലറ്റ്... എവിടെ നിന്നാണീ കുഞ്ഞു സസ്യങ്ങളും പൂക്കളും തലനീട്ടുന്നത്? ഇന്നലെ വരെ ഈ ജീവന്റെ തുടിപ്പുകള്‍ എവിടെയായിരുന്നു? സച്ചിദാനന്ദന്‍ പാടിയതുപോലെ ആദ്യമഴ ഉണര്‍ത്തുന്ന പുതുമണ്ണിന്റെ ഗന്ധത്തില്‍ തന്നെ നമുക്കെന്ത് മാത്രം ജീവിതമില്ല! അതുപോലെ വായുവും. മത്സ്യം കടലിലെന്ന പോലെ മനുഷ്യന്‍ വായുക്കടലിലാണ് ജീവിക്കുന്നത്. ഈ വായുവില്‍ കൃത്യമായ അളവില്‍ ഓക്‌സിജന്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ ഭൂമിയില്‍ മനുഷ്യവാസം തന്നെ അസാധ്യമാവും! ഒതുക്കിപ്പറഞ്ഞാല്‍ ചിന്തയും ബുദ്ധിയും ഉപയോഗിക്കുന്ന ആര്‍ക്കും പ്രപഞ്ചസ്രഷ്ടാവിനെ കണ്ടെത്താം. വിശുദ്ധ ഖുര്‍ആന്‍ എണ്ണൂറ് വട്ടമാണ് അവയുടെ പ്രാധാന്യം എടുത്തുപറഞ്ഞത്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/66-70
എ.വൈ.ആര്‍