Prabodhanm Weekly

Pages

Search

2013 നവംബര്‍ 29

സ്ത്രീവാദത്തിന്റെ ഇസ്‌ലാമിക വായന

കെ.കെ ഫാത്വിമ സുഹ്‌റ

          സ്ത്രീകളുടെ ബഹുമുഖ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിലവില്‍ വന്ന വനിതാ വിമോചന ആശയങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംയുക്തമായി ഫെമിനിസത്തെ കണക്കാക്കാം. ഫെമിനിസ്റ്റ് വക്താക്കളുടെ ചിന്തകളാണ് അതിന് താത്ത്വിക അടിത്തറ നല്‍കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ഫെമിനിസം പാശ്ചാത്യ സംസ്‌കാരത്തെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. ഒരുപക്ഷേ മറ്റൊരു സാമൂഹിക പ്രസ്ഥാനവും പാശ്ചാത്യ സംസ്‌കാരത്തെ അത്രമേല്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

ചരിത്രം
ഫെമിനിസത്തിന്റെ വളര്‍ച്ചക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടം പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെയും സോഷ്യലിസ്റ്റ് വിമോചന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. എംഗല്‍സിന്റെ  ദി ഒറിജിന്‍ ഓഫ് ഫാമിലി, ജോണ്‍ മില്ലിന്റെ ദ സബ്ജക്ഷന്‍ ഓഫ് വിമണ്‍ എന്നിവക്ക് പുറമെ അമേരിക്കന്‍ അരാജകത്വവാദിയായ എമ്മ ഗോള്‍ഡ് മേന്റെ എഴുത്തുകളും പ്രസംഗങ്ങളും ആ കാലത്തെ ഫെമിനിസ്റ്റ് ചിന്തകളെ സ്വാധീനിച്ചു. സ്ത്രീ പുരുഷന്മാരുടെ സാമൂഹിക അവസ്ഥയിലുള്ള അന്തരം ഇല്ലാതാക്കാനും സ്ത്രീകള്‍ക്കെതിരിലുള്ള നിയമപരമായ വിവേചനം അവസാനിപ്പിക്കാനും ഒന്നാം ഘട്ട ഫെമിനിസ്റ്റുകള്‍ ശബ്ദമുയര്‍ത്തി. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ മൗലിക പരിഷ്‌കരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു 1960-1970കളിലെ രണ്ടാം ഘട്ടം. ഈ ഘട്ടത്തിലെ ഫെമിനിസ്റ്റുകള്‍ അക്കാലത്തെ സാമൂഹികാവസ്ഥ പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമാണെന്ന് നിരീക്ഷിക്കുകയും അതിന്റെ ഉന്മൂലനത്തിനും പൂര്‍ണ സ്ത്രീ പുരുഷ സമത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തു. 1980-1990 കാലത്തെ മൂന്നാം ഘട്ടം സ്ത്രീകളെ സംബന്ധിച്ച ഏതെങ്കിലും ഒരു വിമോചന ആശയം മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. ലൈംഗിക ബന്ധങ്ങളിലും സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളിലുമുള്ള പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് വിമോചനത്തെ അവര്‍ നോക്കിക്കണ്ടത്.
ഫെമിനിസ്റ്റ് ചരിത്രകാരന്മാരുടെ വീക്ഷണമനുസരിച്ച് ലിബറല്‍ ഫെമിനിസം, റാഡിക്കല്‍ ഫെമിനിസം, സോഷ്യലിസ്റ്റ് ഫെമിനിസം, പോസ്റ്റ് മോഡേണ്‍ ഫെമിനിസം എന്നിങ്ങനെ ഫെമിനിസത്തെ നാലായി തിരിച്ചിരിക്കുന്നു. വ്യത്യസ്ത വീക്ഷണങ്ങളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിലാണ് കണ്‍സര്‍വേറ്റീവ് ഫെമിനിസം, ലിബര്‍ട്ടേറിയന്‍ ഫെമിനിസം, എക്കോ ഫെമിനിസം, മാര്‍ക്‌സിസ്റ്റ് ഫെമിനിസം തുടങ്ങിയവയും നിലവില്‍ വന്നത്. മൂന്നാം ലോക ഫെമിനിസത്തിന്റെ ആശയങ്ങള്‍ ആഫ്രിക്കന്‍ ഫെമിനിസം, മദറിസം, ഫീ മെയ്‌ലിസം, ആഫ്രിക്കന്‍ വുമണിസം തുടങ്ങിയവയുടെ ആശയങ്ങളുമായി യോജിക്കുന്നതാണ്. ഫെമിനിസ്റ്റ് തത്ത്വങ്ങള്‍, അതിന്റെ ലക്ഷ്യങ്ങള്‍, ചരിത്രം, ശാഖകള്‍ എന്നിവയെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഫെമിനിസത്തിന്റെ ചരിത്രത്തിലെ മിക്ക ഘട്ടങ്ങളിലും ഫെമിനിസത്തെയും അതിന്റെ താത്ത്വിക വളര്‍ച്ചയെയും നിയന്ത്രിച്ചിരുന്നത് യൂറോപ്പില്‍ നിന്നും വടക്കെ അമേരിക്കയില്‍ നിന്നുമുള്ള മധ്യ വര്‍ഗ വെള്ളക്കാരികളായിരുന്നു. ഫെമിനിസം അവരില്‍ മാത്രം ഊന്നുന്നതും വര്‍ഗ പ്രശ്‌നങ്ങളെ മനസ്സിലാക്കാത്തതുമെന്ന കാരണത്താല്‍ മറ്റു വര്‍ഗങ്ങളിലെ സ്ത്രീകള്‍ ഒരു ബദല്‍ ഫെമിനിസമാണ് നിര്‍ദേശിച്ചത്. ആഫ്രിക്കന്‍ ഫെമിനിസം, വുമണിസം എന്നിവയുടെ ആശയങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. രണ്ടാം ഘട്ട ഫെമിനിസത്തിന്റെ അലകള്‍ സൃഷ്ടിച്ച സംഘര്‍ഷത്തിന്റെയും പുരുഷ വിദ്വേഷത്തിന്റെയും ഫലമായി 'മാസ്‌കുലിസം' പോലുള്ള ആന്റി ഫെമിനിസ്റ്റ് ആശയങ്ങള്‍ ഉടലെടുത്തു.
ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയോടെ സ്ത്രീകള്‍ കൂടുതലായി വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാല്‍, ഈ മാറ്റം ഫെമിനിസ്റ്റുകളുടെ മാത്രം പ്രവര്‍ത്തന ഫലമായിരുന്നില്ല. 1960-കളിലെ വ്യവസ്ഥകള്‍ക്കെതിരായ യുവാക്കളുടെ നിലപാടുകളും ഇടതുപക്ഷത്തിന് ലഭിച്ച ജനപ്രീതിയും ഫെമിനിസത്തിന്റെ പിന്‍ബലവും ഇതിന് ആക്കം കൂട്ടി. 1960-കള്‍ മുതലുള്ള യൂറോപ്പിലെ സാമൂഹിക വിപ്ലവത്തിന്റെ പ്രധാന ചാലകശക്തി ഫെമിനിസ്റ്റ് ചിന്തകളായിരുന്നു.

തത്ത്വം, ലക്ഷ്യം
ലിംഗ വ്യത്യാസത്തിലധിഷ്ഠിതമായ സ്ത്രീ പുരുഷ ദൗത്യങ്ങള്‍ തെറ്റാണ്, പുരുഷാധിപത്യം സ്ത്രീകളെ അടിച്ചമര്‍ത്തുന്നു, അധീനപ്പെടുത്തുന്നു തുടങ്ങിയ വാദങ്ങള്‍ ഫെമിനിസത്തില്‍ വളരെ പ്രധാനമാണ്. പുരുഷമേല്‍ക്കോയ്മയെ ഇല്ലായ്മ ചെയ്യല്‍ മറ്റെല്ലാ അനീതികളെയും ഇല്ലായ്മ ചെയ്യുന്നതിന്റെ അടിസ്ഥാനമായാണ് ഫെമിനിസം കാണുന്നത്.
ഫെമിനിസത്തിന്റെ രാഷ്ട്രീയ തത്ത്വം ഉടലെടുക്കുന്നത് മാര്‍ക്‌സിസത്തില്‍ നിന്നാണ്. മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും അഭിപ്രായത്തില്‍ വര്‍ഗ വ്യവസ്ഥയാണ് എല്ലാ അടിച്ചമര്‍ത്തലുകളുടെയും മുഖ്യ ഉറവിടം. കുടുംബമാകട്ടെ ആ അടിച്ചമര്‍ത്തല്‍ വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്ന സാമൂഹിക സ്ഥാപനമാണ്. കുടുംബത്തെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം മുതലാളിത്ത വ്യവസ്ഥയെ ഉന്മൂലനം ചെയ്യാനും പകരം കമ്യൂണിസം സ്ഥാപിക്കാനുമുള്ള ആഹ്വാനത്തിന്റെ അവിഭാജ്യ ഘടകമാണ്. ചില ഫെമിനിസ്റ്റുകള്‍ ഇതിനോട് യോജിക്കുമ്പോള്‍ മറ്റു ചിലര്‍ ലിംഗാധിഷ്ഠിത ദൗത്യങ്ങളെയാണ് രാഷ്ട്രീയ ചിന്തയുടെ അടിസ്ഥാനമായി കാണുന്നത്. 1960-കളിലെ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ തീവ്ര നിലപാടുകാരിയായ കെയ്റ്റ് മില്ലറ്റ് അവകാശപ്പെടുന്നത്, മനുഷ്യ സമൂഹത്തിലെ ഏറ്റവും ശക്തമായ അടിച്ചമര്‍ത്തല്‍ ഘടകം കാപിറ്റലിസമല്ല, പുരുഷ മേല്‍ക്കോയ്മയാണ് എന്നാണ്. മറ്റെല്ലാ സാമൂഹിക അനീതികളും ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
കുടുംബത്തെ ഉന്മൂലനം ചെയ്യലും ലിംഗപരമായ പ്രാധാന്യം ഇല്ലാതാക്കലും ഫെമിനിസ്റ്റ് ലക്ഷ്യങ്ങളില്‍ പെട്ടതാണ്. ഈ ലക്ഷ്യപ്രാപ്തിക്കായി അവര്‍ സ്വവര്‍ഗഭോഗത്തെയും ക്രമരഹിതമായ ലൈംഗിക ബന്ധങ്ങളെയും പ്രോത്സാഹിപ്പിച്ചു. പരമ്പരാഗത വിവാഹരീതി അസ്വീകാര്യമാംവിധം പുരുഷാധിപത്യത്തിന്റെ സൃഷ്ടിയാണെന്ന് വാദിക്കുകയും കുട്ടികളുണ്ടാകണമെന്നും കുടുംബജീവിതം നയിക്കണമെന്നും ആഗ്രഹിക്കുന്ന സ്ത്രീകളെ അവജ്ഞയോടെ കാണുകയും ചെയ്തു. ഫെമിനിസ്റ്റ് വക്താക്കളുടെ പ്രസ്താവനകളില്‍ നിന്ന് ഇത് വ്യക്തമാകും. ''വിവാഹം നിലനില്‍ക്കുന്നത് പുരുഷന്റെ ഗുണത്തിനാണ്. അത് സ്ത്രീകളെ നിയന്ത്രിക്കാനുള്ള നിയമാനുസൃത മാര്‍ഗമാകുന്നു'' (ഡിക്ലറേഷന്‍ ഓഫ് ഫെമിനിസം -1971). ''വിവാഹത്തെ നശിപ്പിക്കുന്നത് വരെ സ്ത്രീ പുരുഷ അസമത്വം നശിപ്പിക്കാനാവില്ല'' (റോബിന്‍ മോര്‍ഗന്‍). ''വിവാഹം സ്ത്രീക്ക് അടിമത്തം നല്‍കുന്നതിനാല്‍ വനിതാ പ്രസ്ഥാനങ്ങള്‍ ഈ വ്യവസ്ഥയെ എതിര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിവാഹം ഉന്മൂലനം ചെയ്യാതെ സ്ത്രീക്ക് സ്വാതന്ത്ര്യം ആര്‍ജിക്കാനാവില്ല'' (ഷീല ക്രോനിന്‍).

ഫെമിനിസത്തിനെതിരായ ഇസ്‌ലാമിക പാഠങ്ങള്‍
ഇസ്‌ലാമും ഫെമിനിസവും ചില പൊതു വിഷയങ്ങളില്‍ യോജിക്കുന്നത് കാണാമെങ്കിലും ഇസ്‌ലാമിക മൂല്യങ്ങളും തത്ത്വങ്ങളും ഫെമിനിസത്തില്‍ നിന്ന് തികച്ചും വിഭിന്നമാണ്. രണ്ടും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെ എതിര്‍ക്കുകയും, സ്ത്രീകള്‍ക്ക് സ്വത്തില്‍ ഉടമസ്ഥാവകാശവും കൈകാര്യാധികാരവുമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാല്‍, കുടുംബവ്യവസ്ഥയിലെ പുരുഷനേതൃത്വം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനു തുല്യമാണെന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാട് ഇസ്‌ലാമുമായി ഒത്തുപോകുന്നതല്ല. പ്രകൃതിപരവും പരമ്പരാഗതവുമായ സ്ത്രീ പുരുഷ ദൗത്യങ്ങള്‍ ഇല്ലായ്മ ചെയ്യണമെന്ന ഫെമിനിസ്റ്റ് ആശയം ഇസ്‌ലാമികാശയത്തിന് എതിരാണ്. കാരണം ഇസ്‌ലാമികാശയമനുസരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം ഉണ്ടായിരിക്കെത്തന്നെ സ്ത്രീയുടെ പ്രഥമ ദൗത്യം ഭാര്യയും മാതാവും ആവുകയെന്നതാണ്.
ഫെമിനിസം ലിംഗങ്ങളുടെ പരസ്പര പൂരകത്വത്തെ തിരസ്‌കരിക്കുമ്പോള്‍, ഇസ്‌ലാം സ്ത്രീയും പുരുഷനും ഒരേ ആത്മാവില്‍ നിന്നുത്ഭവിച്ചവരാണെന്ന് ഉണര്‍ത്തിക്കൊണ്ട് രണ്ടു പേര്‍ക്കും വ്യത്യസ്ത സാമൂഹിക ദൗത്യങ്ങള്‍ നല്‍കി അവരെ പരസ്പര പൂരകങ്ങളാക്കുന്നു. സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിലേക്കും കീഴ്‌പ്പെടുത്തുന്നതിലേക്കും നയിക്കുന്നു എന്ന കാരണത്താല്‍ ഫെമിനിസം വിവാഹത്തെ എതിര്‍ക്കുമ്പോള്‍ ഇസ്‌ലാം ഭാര്യാ ഭര്‍ത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി നിര്‍ണയിച്ചുകൊണ്ട് വിവാഹത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു. കുടുംബ ജീവിതത്തിന്റെ നേതൃത്വം ഇസ്‌ലാം പുരുഷന് നല്‍കുന്നു. എന്നാല്‍, ഫെമിനിസ്റ്റുകള്‍ ഇതിനെ അടിച്ചമര്‍ത്തലായി കാണുന്നു.
ലൈംഗികതയെ കുറിച്ച് ഫെമിനിസ്റ്റുകള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്നു. ചില ഫെമിനിസ്റ്റുകള്‍ വേശ്യാവൃത്തിയെ നിയമാനുസൃത തൊഴിലായി അംഗീകരിക്കുമ്പോള്‍, മറ്റു ചില ഫെമിനിസ്റ്റുകള്‍ വേശ്യാവൃത്തിയെ എതിര്‍ക്കുന്നു. എന്നാല്‍, എതിര്‍പ്പ് ധാര്‍മിക സദാചാര മാനദണ്ഡങ്ങള്‍ വെച്ചു കൊണ്ടല്ല. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന പുരുഷാധിപത്യത്തിന്റെ പ്രകടനമാണ് വേശ്യാവൃത്തി  എന്ന നിലക്കാണ് അവരതിനോട് വിയോജിക്കുന്നത്. എന്നാല്‍, ഇസ്‌ലാം വ്യഭിചാരത്തെ ഒരു മഹാ പാപമായി കാണുകയും അതിന് പശ്ചാത്തലമൊരുക്കുന്ന സര്‍വതിനെയും വിലക്കുകയും ചെയ്യുന്നു. ലൈംഗികതയെ ഇസ്‌ലാം വൈവാഹിക ജീവിതത്തില്‍ മാത്രം പരിമിതമാക്കുകയും ലൈംഗിക പെരുമാറ്റങ്ങള്‍ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. കര്‍ശന ഉപാധികളോടെ മാത്രമാണ് ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കാന്‍ ഇസ്‌ലാം പുരുഷന് അനുവാദം നല്‍കുന്നത്. എന്നാല്‍, ഈ അനുവാദം അപൂര്‍വമായെങ്കിലും ചില പുരുഷന്മാര്‍ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് ഇസ്‌ലാമിക നിയമങ്ങള്‍ സ്ത്രീകളോട് അനീതി കാണിക്കുന്നതാണെന്ന നിഗമനത്തില്‍ ഫെമിനിസ്റ്റുകള്‍ എത്തിച്ചേരുന്നു. മറ്റു മത വിഭാഗങ്ങളിലും കമ്യൂണിസ്റ്റുകളിലും ലിബറലുകളിലുമെല്ലാം സ്ത്രീകളോട് അനീതി കാണിക്കുന്നവരുണ്ട് എന്ന കാര്യം വിസ്മരിക്കുകയും ചെയ്യുന്നു.
ഇസ്‌ലാം പുരുഷനേതൃത്വത്തില്‍ കുടുംബബന്ധങ്ങള്‍ സംരക്ഷിക്കുകയും സ്ത്രീകളോടുള്ള ബാധ്യതകള്‍ നിര്‍ണയിക്കുകയും ചെയ്തു. ഇസ്‌ലാമിക കുടുംബവ്യവസ്ഥയുടെ ചട്ടക്കൂട്ടില്‍ പുരുഷന്‍ സ്വേഛാപരമായി വിവാഹമോചനം ചെയ്യുന്നത് തടയാന്‍ വ്യവസ്ഥകളുണ്ടാക്കി. ഇത് പാശ്ചാത്യ രീതികളേക്കാള്‍ സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാണ്. പാശ്ചാത്യരുടെ വൈവാഹിക ജീവിതത്തിന്റെ ശരാശരി ദൈര്‍ഘ്യം അഞ്ചു വര്‍ഷമായി കണക്കാക്കപ്പെടുന്നു. അതോടൊപ്പം 'ഏകപത്‌നീ വ്രതം' മുറുകെ പിടിക്കുന്ന പുരുഷന്മാര്‍ വെപ്പാട്ടികളെ വെക്കുന്നതും സാധാരണമാണ്. അമേരിക്കയില്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നല്‍കിയിട്ടും, സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്, കൂടുതല്‍ സ്ത്രീകള്‍ മുമ്പത്തേക്കാള്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നുവെന്നാണ്. വിവാഹമോചനം എളുപ്പമാക്കുകയും കുട്ടികളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കുകയും ചെയ്‌തെങ്കിലും, കുടുംബബന്ധങ്ങള്‍ ശിഥിലമായതോടെ കുടുംബങ്ങളില്‍ നിന്നുള്ള സഹായം സ്ത്രീകള്‍ക്ക് നഷ്ടമാവുകയാണുണ്ടായത്. സ്ത്രീകള്‍ കൂടുതല്‍ പീഡനങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്തു.
ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന പ്രഥമ ദൗത്യം ഭാര്യയും മാതാവും എന്നതാണ്. ലോകത്തിലെ ഭൂരിഭാഗം സ്ത്രീകളുടെ താല്‍പര്യവും ഇതുതന്നെയാണ്. ഇസ്‌ലാം ഈ പ്രാഥമിക ദൗത്യത്തെ മഹത്വവത്കരിക്കുമ്പോള്‍ ഫെമിനിസം ഇതിന് തുരങ്കം വെക്കുന്നു. സ്ത്രീകളുടെ പുരോഗതിയായി അവര്‍ കാണുന്നത് തൊഴില്‍, വരുമാനം, സ്വതന്ത്ര ലൈംഗിക ബന്ധങ്ങള്‍, രാഷ്ട്രീയ ശക്തി തുടങ്ങിയവയാണ്. ഇതിനെതിരായ അഭിപ്രായങ്ങള്‍ സ്ത്രീകളെ അടിച്ചമര്‍ത്തലായി വ്യാഖ്യാനിക്കുന്നു. സോഷ്യലിസ്റ്റ് ചായ്‌വുള്ള എല്ലാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും കുടുംബഘടനയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഏകോപിക്കുന്നു. അവ സ്ത്രീ പുരുഷ വ്യത്യാസങ്ങളെയും അവയുടെ പരസ്പര പൂരകത്വത്തെയും തള്ളിക്കളയുന്നു. അതുകൊണ്ട് തന്നെ അടിസ്ഥാനപരമായി ഇത് ഇസ്‌ലാമിനെതിരാണ്.
ഇസ്‌ലാം നിശ്ചയിച്ചതനുസരിച്ചുള്ള അടിസ്ഥാന ദൗത്യം നിര്‍വഹിച്ചുകൊണ്ട് സ്വയം സംരംഭങ്ങളിലേര്‍പ്പെടുന്നതിനോ തൊഴിലെടുക്കുന്നതിനോ വൈജ്ഞാനിക രാഷ്ട്രീയ മേഖലകളില്‍ മുന്നേറുന്നതിനോ ഒന്നും സ്ത്രീക്ക് വിലക്കേര്‍പ്പെടുത്തുന്നില്ല. ചരിത്രത്തില്‍ ഖദീജ(റ), ആഇശ(റ) എന്നിവര്‍ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഖുര്‍ആന്‍ നേരിട്ട് സ്ത്രീകളെ അഭിസംബോധന ചെയ്യുകയും അവരുടെ പ്രയത്‌നങ്ങള്‍ പാഴാവുകയില്ലെന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. ചരിത്രത്തില്‍ പ്രതികൂല സാഹചര്യങ്ങളെ വിജയപൂര്‍വം അതിജീവിച്ച വനിതാ രത്‌നങ്ങളെ വിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ എടുത്തു കാണിക്കുന്നു. ഫറോവയുടെ ഭാര്യ ആസിയ(റ), ഈസാ(അ)യുടെ മാതാവ് മര്‍യം എന്നിവര്‍ അതില്‍ പെടുന്നു.
ഫെമിനിസ്റ്റ് തത്ത്വശാസ്ത്രം സാമൂഹിക നിയമങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഇടപെടലുകളില്ലാതെ സ്ത്രീകള്‍ക്ക് പൂര്‍ണ സമത്വത്തോടെയും പൂര്‍ണ സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള സാഹചര്യമാണ് ലക്ഷ്യം വെക്കുന്നത്. ഇസ്‌ലാം ലക്ഷ്യമാക്കുന്നത്  സമ്പൂര്‍ണ സ്ത്രീ പുരുഷ സമത്വമല്ല, മറിച്ച് സമ്പൂര്‍ണ ലിംഗ നീതിയാണ്. വൈരുധ്യങ്ങള്‍ എന്ന് വ്യാഖ്യാനിക്കാവുന്ന സ്ത്രീ പുരുഷ വൈവിധ്യങ്ങളില്‍ താളൈക്യം ദര്‍ശിക്കുന്നിനു പകരം ഫെമിനിസം സംഘട്ടനങ്ങളും പൊരുത്തക്കേടുകളും കണ്ടെത്താന്‍ ശ്രമിക്കുന്നു. എല്ലാ മതോപദേശങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും പിന്നില്‍ അടിച്ചമര്‍ത്തലുകള്‍ ദര്‍ശിക്കുകയും എല്ലാ മത വിശ്വാസ പ്രമാണങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്നു.
ദീര്‍ഘകാലമായി ഫെമിനിസം കൊളോണിയല്‍ ശക്തികളുടെ ഇഷ്ട ആയുധമായിരുന്നു. കൊളോണിയല്‍ ശക്തികള്‍ അവര്‍ ഭരിച്ച നാടുകളിലെ ഇസ്‌ലാമിക സംസ്‌കാരത്തെ അവഹേളിക്കാനും പാശ്ചാത്യവത്കരണത്തിന് പിന്തുണ ലഭിക്കാനും ഫെമിനിസത്തെ ഉപയോഗപ്പെടുത്തി. ബഹുഭാര്യാത്വത്തിന് അനുമതി നല്‍കിയതിന്റെ പേരില്‍ ഇസ്‌ലാമിനെ നിന്ദിക്കുകയും, മുസ്‌ലിം സ്ത്രീകളെ ഹിജാബിന്റെ ജയിലറക്കുള്ളില്‍ തളച്ചിടുന്നുവെന്ന് പ്രചാരണം നടത്തുകയും ചെയ്തു. മുസ്‌ലിം സ്ത്രീകളെ അടിച്ചമര്‍ത്തുന്നവര്‍ അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പകരം യൂറോപ്പിന്റെ 'പരിഷ്‌കൃത' ആശയങ്ങള്‍ സ്വീകരിക്കണമെന്ന ഫെമിനിസ്റ്റ് വാദഗതിയെ അവര്‍ പൊക്കിപ്പിടിച്ചു. മുസ്‌ലിം സമൂഹത്തിന്റെ നാഗരിക പുരോഗതിക്ക് സ്ത്രീകള്‍ യൂറോപ്യരെ പോലെ വസ്ത്രധാരണം ചെയ്യണമെന്നും പെരുമാറണമെന്നും അവര്‍ വാദിച്ചു. ദേശീയതയുടെ വക്താക്കളായിരുന്ന തുര്‍ക്കിയിലെ അത്താതുര്‍ക്ക്, ഇറാനിലെ റിസാ ഷാ പോലുള്ളവര്‍ ഫെമിനിസത്തെ തങ്ങളുടെ ആധുനികവത്കരണ പരിപാടികള്‍ക്കായി കടമെടുത്തു.
ഹിജാബിനെതിരായ ഫെമിനിസ്റ്റ് പ്രചാരണം മുസ്‌ലിം സ്ത്രീകളുടെ വിമോചനമെന്നതിലുപരി ഇസ്‌ലാമിനെ കടന്നാക്രമിക്കാനുള്ള ഒരായുധമായാണ് അവര്‍ ഉപയോഗപ്പെടുത്തുന്നത്. ഇസ്‌ലാമിലെ ബഹുഭാര്യാത്വം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയവയുടെ കാര്യത്തിലും ഇതുതന്നെ. മുസ്‌ലിം സ്ത്രീ ഭാര്യ, മാതാവ് എന്നത് തന്റെ പ്രഥമ ദൗത്യമായി കാണുമ്പോള്‍ പുരുഷാധിപത്യത്തിന്റെ പേരില്‍ ഫെമിനിസ്റ്റുകള്‍ ഇതിനെ നിന്ദിക്കുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിലും ചട്ടക്കൂടിലും ജീവിക്കാനാഗ്രഹിക്കുന്ന മുസ്‌ലിം സ്ത്രീകളോടുള്ള ഫെമിനിസ്റ്റുകളുടെ അവജ്ഞാപൂര്‍വമായ സമീപനമാണ് പുരുഷമേല്‍ക്കോയ്മയേക്കാള്‍ അവര്‍ക്ക് പീഡനമായി അനുഭവപ്പെടുന്നത്.
ഫെമിനിസ്റ്റ് ലൈംഗിക വിപ്ലവവും വിമോചനവും ലക്ഷ്യം വെച്ചത്, ലൈംഗിക ബന്ധങ്ങളെ പരമ്പരാഗത സദാചാര മൂല്യങ്ങളുടെ എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തമാക്കാനായിരുന്നു. അച്ചടി മാധ്യമങ്ങള്‍, സിനിമ, ടെലിവിഷന്‍ തുടങ്ങിയവയുടെ സദാചാര സെന്‍സര്‍ഷിപ്പുകളില്‍ അയവുവരുത്തിയതിനാല്‍ അശ്ലീല സംസ്‌കാരം തഴച്ചു വളര്‍ന്നു. മീഡിയയുടെ സ്വാധീനഫലമായി സംസാരത്തിന്റെയും പെരുമാറ്റത്തിന്റെയും രീതികളില്‍ മാറ്റം വന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച സ്ത്രീകളുടെ പ്രകൃതത്തോട് നീതിപുലര്‍ത്താത്തതും അവരുടെ ശാരീരിക മാനസികാവസ്ഥകള്‍ക്ക് ഒരു പ്രധാന്യവും കല്‍പിക്കാത്തതുമായ സ്വാതന്ത്ര്യവും പരിഷ്‌കരണങ്ങളും വിപരീത ഫലങ്ങളാണ് ഉളവാക്കിയത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അനിയന്ത്രിതമായ സ്ത്രീ പുരുഷ സമ്പര്‍ക്കമാകട്ടെ നിര്‍ലജ്ജവും സദാചാര മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്തതുമായ ഒരു സംസ്‌കാരത്തിന് ജന്മം നല്‍കി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വിശിഷ്യ യൂറോപ്യന്‍-അമേരിക്കന്‍ സമൂഹങ്ങളില്‍ ഇന്ന് ദൃശ്യമാണ്. കുടുംബബന്ധങ്ങള്‍ ശിഥിലമാവുകയും വിവാഹമോചനങ്ങള്‍ പെരുകുകയും ചെയ്തു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഏതാണ്ട് പകുതിയോളം ശിശുക്കള്‍ ജനിച്ചത് അവിവാഹിത മാതാക്കളിലായിരുന്നു.
ഇസ്‌ലാമാകട്ടെ പുരാതന സംസ്‌കാരങ്ങള്‍ ചെയ്തതുപോലെ സ്ത്രീയെ വിലങ്ങുവെക്കുകയോ ആധുനിക ഫെമിനിസ്റ്റുകള്‍ ചെയ്തതുപോലെ അവളെ കയറൂരി വിടുകയോ ചെയ്തില്ല. മറിച്ച്, സ്ത്രീയും പുരുഷനും ഒരേ ആത്മാവിന്റെ ഭാഗങ്ങളാണെന്ന് പഠിപ്പിച്ച് അവളെ മഹനീയതയിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ഇസ്‌ലാമിക ചരിത്രത്തില്‍ സ്ത്രീകളുടെ ശോഭനകാലം ലോകം ദര്‍ശിച്ചതാണ്.

'ഇസ്‌ലാമിക് ഫെമിനിസം!'
മനുഷ്യ സമത്വത്തെക്കുറിച്ച ഇസ്‌ലാമിക തത്ത്വങ്ങള്‍ അടിസ്ഥാനമാക്കി സ്ത്രീ പുരുഷ സമത്വം സ്ഥാപിക്കുകയാണ് 'ഇസ്‌ലാമിക് ഫെമിനിസ'ത്തിന്റെ ലക്ഷ്യമെന്ന് അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നു. അവര്‍ പാശ്ചാത്യ സെക്യുലര്‍ ആശയങ്ങള്‍ സ്വീകരിക്കുകയും ഇസ്‌ലാമിക് ഫെമിനിസം ആഗോള ഫെമിനിസത്തിന്റെ ഭാഗമാണെന്ന് വാദിക്കുകയും ചെയ്യുന്നു.
ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്നിരുന്ന പുരുഷാധിപത്യ ആശയങ്ങള്‍ പുരുഷ നിയമ വിശാരദന്മാര്‍ ഇസ്‌ലാമില്‍ കൂട്ടിക്കലര്‍ത്തുകയും, ഇന്നു കാണുന്ന നിയമങ്ങള്‍ക്ക് അവര്‍ രൂപം നല്‍കുകയും ചെയ്തുവെന്നാണ് ഇസ്‌ലാമിക് ഫെമിനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. അവരുടെ വീക്ഷണത്തില്‍, സ്ത്രീകളുടെ മേലുള്ള പുരുഷ മേല്‍ക്കോയ്മ(ഖിവാമ)യാണ് മുസ്‌ലിം വ്യക്തിനിയമത്തിന്റെയും കുടുംബ നിയമത്തിന്റെയും ചട്ടക്കൂടായി വര്‍ത്തിക്കുന്നത്. ഇത്തരം തത്ത്വങ്ങള്‍ക്ക് വിവിധ വ്യാഖ്യാനങ്ങളുണ്ടെങ്കിലും മുഴുവന്‍ കാലഘട്ടങ്ങളിലെയും ഇസ്‌ലാമിക പണ്ഡിതന്മാര്‍ നിയമങ്ങളെ അവരുടെ താല്‍പര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നും അവര്‍ വാദിക്കുന്നു.
സെക്യുലര്‍ ഫെമിനിസ്റ്റുകളെ പോലെ ഇവരും ഇസ്‌ലാമിലെ വിവാഹമോചനം, ബഹുഭാര്യാത്വം എന്നിവയെ വിമര്‍ശനവിധേയമാക്കുന്നു. ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് മുസ്‌ലിം പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണങ്ങള്‍ അവരുടെ ആശയങ്ങളുമായി യോജിക്കാതെ വരുമ്പോള്‍ പുരുഷമേല്‍ക്കോയ്മയെന്ന നിലക്ക് അതിനോട് വിയോജിക്കുകയും സ്ത്രീ സൗഹൃദ വിശദീകരണങ്ങള്‍ തേടുകയും ചെയ്യുന്നു. അവരുടെ അഭിപ്രായത്തില്‍ ഇസ്‌ലാം ലിംഗ സമത്വത്തില്‍ നിലകൊള്ളുന്ന മതമാണെങ്കിലും അതിന്റെ നിയമങ്ങളില്‍ പുരുഷമേല്‍ക്കോയ്മ നിലനില്‍ക്കുന്നു.
ഇസ്‌ലാമിക് സ്റ്റഡീസില്‍ ഗവേഷണം നടത്തുന്ന ഒര്‍ബാല ഖുറതുഗായ് എന്ന വനിത താന്‍ എന്തുകൊണ്ടൊരു ഇസ്‌ലാമിക് ഫെമിനിസ്റ്റായി എന്ന് വിശദീകരിച്ചിട്ടുണ്ട്. ''ഖുര്‍ആന്‍ ഇസ്‌ലാമിന്റെ പ്രഥമ സ്രോതസ്സാണെന്നാണ് മുസ്‌ലിംകള്‍ അവകാശപ്പെടുന്നതെങ്കിലും അവരുടെ അവസ്ഥ മറിച്ചാണ്. നമ്മുടെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കാണ് അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഉദാഹരണമായി, ജൂത ക്രിസ്ത്യാനികളിലെ പുരുഷന്മാരെ വിവാഹം ചെയ്യുന്നതിന് മുസ്‌ലിം സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍, മുസ്‌ലിം പുരുഷന്മാര്‍ക്ക് ജൂത-ക്രിസ്ത്യാനികളിലെ സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്നു. അതുപോലെ സ്ത്രീ-പുരുഷന്മാര്‍ ഒരുമിച്ചുള്ള നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ സ്ത്രീകളെ അനുവദിക്കുന്നില്ല... എതിര്‍ ലിംഗത്തെ ആകര്‍ഷിക്കുന്ന ശരീരഭാഗങ്ങള്‍ (ഔറത്ത്) മുസ്‌ലിം സ്ത്രീകളില്‍ മാത്രം പരിമിതമാക്കുന്നു. ഉദാഹരണത്തിന്, സ്വാധീനശക്തിയുള്ള ഒരു പറ്റം പുരുഷന്മാര്‍ സീനത്ത്, ഔറത്ത് തുടങ്ങിയ പദങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് തീരുമാനിക്കുന്നു. അതുകൊണ്ടാണ് ഖുര്‍ആന്‍ പരാമര്‍ശിച്ച 'സീനത്ത്' എന്ന പദത്തിന്റെ വിശദീകരണത്തില്‍ എക്കാലത്തും ഏതു സമൂഹത്തിലും ആകര്‍ഷകമല്ലാതിരുന്ന മുടി, കഴുത്ത്, കൈകാലുകള്‍, മുഖം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തീരുമാനിക്കാനുള്ള അവകാശം പുരുഷന്മാര്‍ക്ക് നല്‍കുകയും ചെയ്തു...''
മുസ്‌ലിം ഫെമിനിസ്റ്റായ സിഹാം ഹബ്ശി ഫ്രാന്‍സില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചതിനെ അനുകൂലിക്കുകയും ഫാഷിസ്റ്റുകളില്‍ നിന്ന് വനിതകളെ രക്ഷിക്കാനുള്ള ജനാധിപത്യപരമായ നീക്കമായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. ഫദീല അമാറ, ഹാദി മെഹ്‌നി ഉള്‍പ്പെടെയുള്ള മുസ്‌ലിം ഫെമിനിസ്റ്റുകള്‍ ഫ്രാന്‍സില്‍ ഹിജാബ് നിരോധിച്ചപ്പോള്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന പ്രത്യക്ഷ ചിഹ്നമെന്ന നിലക്ക് അതിന് അനുകൂലിച്ചു.
ഖുര്‍ആന്റെ പുനര്‍വ്യാഖ്യാനത്തിന് ശ്രമിച്ച മിക്ക ഇസ്‌ലാമിക് ഫെമിനിസ്റ്റുകളും പാശ്ചാത്യരോ, പാശ്ചാത്യ രാജ്യങ്ങളില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിയവരോ, പാശ്ചാത്യ ചിന്തയാല്‍ സ്വാധീനിക്കപ്പെട്ടവരോ ആയിരുന്നു. ഇസ്‌ലാമിക നിയമങ്ങളുടെ, പുരുഷ മേല്‍ക്കോയ്മയുടേതെന്ന് അവര്‍ കരുതിയ വ്യാഖ്യാനങ്ങളെ അവര്‍ എതിര്‍ത്തു (അസ്മ ബര്‍ലാസ്, ആമിന വദൂദ്). ഇസ്‌ലാമിക് ഫെമിനിസ്റ്റുകള്‍ ഖുര്‍ആന്റെയും ഹദീസിന്റെയും അധ്യാപനങ്ങളെ പുനര്‍ വ്യാഖ്യാനിച്ചു. അവരുടെ വീക്ഷണത്തില്‍ ഖുര്‍ആനില്‍ നിലനില്‍ക്കുന്ന മനുഷ്യത്വ വിഭാവന വേര്‍തിരിച്ചെടുക്കാന്‍ ഈ നിയമങ്ങളില്‍നിന്നും പുരുഷമേല്‍ക്കോയ്മ നീക്കം ചെയ്യേണ്ടതാണ്.

ഫെമിനിസവും
മുസ്‌ലിം സ്ത്രീകളും
ഫെമിനിസത്തെ മുസ്‌ലിം സ്ത്രീകള്‍ കാണുന്നത് പാശ്ചാത്യ സ്ത്രീകള്‍ക്ക് മാത്രം നിരക്കുന്നതും അവരെ അര്‍ധ പുരുഷരോ ലൈംഗിക വസ്തുക്കളോ ആക്കി മാറ്റുന്നതുമായ ഒരാശയമെന്ന നിലക്കാണ്. അതുകൊണ്ടുതന്നെ ദൈവിക പ്രത്യയശാസ്ത്ര മൂല്യങ്ങളെ കൈവിടാതെ സൂക്ഷിച്ചുപോന്ന മുസ്‌ലിം നാടുകളില്‍ അതിന് കാര്യമായ വേരോട്ടം ലഭിക്കുകയുണ്ടായില്ല. മുസ്‌ലിം നാടുകളിലെ സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമിനോടുള്ള ശക്തമായ ആഭിമുഖ്യം ഫെമിനിസ്റ്റുകളെ അസ്വസ്ഥരാക്കുന്നു. മുസ്‌ലിം സ്ത്രീകളെ തിരിച്ചറിവില്ലാത്തവരും വഞ്ചിതരുമായാണ് അവര്‍ വിലയിരുത്തുന്നത്. ഇസ്‌ലാമിക് ഫെമിനിസ്റ്റായ ലൈല അഹ്മദിന്റെ നിലപാടും ഇതുതന്നെ. മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാമിക ദര്‍ശനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു, എന്നാല്‍ ഇസ്‌ലാമിക നിയമവ്യവസ്ഥകള്‍ അവരെ പ്രതികൂലാവസ്ഥയില്‍ നിര്‍ത്തുന്നു എന്ന കാര്യത്തെക്കുറിച്ച് അവര്‍ അജ്ഞരാണെന്ന് ലൈല അഹ്മദ് എഴുതുന്നു.
മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ മാതൃകകളാവണം. സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ഉപകരണമായി ഇസ്‌ലാമിക നിയമങ്ങളെ കാണുന്നവരുടെ അതേ അന്ധത തന്നെയാണ് ഇസ്‌ലാമിക നിയമങ്ങളെ സംബന്ധിച്ചേടത്തോളം ഫെമിനിസ്റ്റുകളെയും ബാധിച്ചിരിക്കുന്നത്. രണ്ടു വിഭാഗത്തിനും ഇസ്‌ലാമിക നിയമങ്ങളിലടങ്ങിയ മൂല്യങ്ങളെയും യുക്തിയെയും കാണാന്‍ കഴിയുന്നില്ല.
അനീതിയെ ഇസ്‌ലാം ശക്തിയുക്തം എതിര്‍ക്കുന്നു. സ്ത്രീകളോട് അനീതി കാണിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ ഖുര്‍ആന്‍ പ്രത്യേകമായി ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. പ്രവാചകന്‍(സ) അരുളി: ''ജനങ്ങളേ, സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവെ ഭയപ്പെടുക. നിങ്ങള്‍ അവരെ ഒരു അമാനത്തായി അല്ലാഹുവില്‍ നിന്ന് ഏറ്റുവാങ്ങിയിരിക്കുന്നു.'' ഈ ഒരൊറ്റ നബിവചനം മതി ഇസ്‌ലാമില്‍ സ്ത്രീകളുടെ സ്ഥാനം എന്താണെന്നും അവരെ എങ്ങനെ ആദരിക്കണമെന്നും മനസ്സിലാക്കാന്‍.
ആധുനിക ലോകത്ത് ഫെമിനിസത്തിനെതിരിലുള്ള പ്രതികരണമായി ഇസ്‌ലാമിക വനിതാ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവര്‍ മുസ്‌ലിം സ്ത്രീകളുടെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, അവയെ ഇസ്‌ലാമിക് ഫെമിനിസം എന്നു വിശേഷിപ്പിക്കാനാകില്ല. കാരണം അവര്‍ക്കതിനുള്ള ഊര്‍ജവും പ്രചോദനവും ലഭിക്കുന്നത് ഇസ്‌ലാമില്‍ നിന്നു തന്നെയാണ്, ഫെമിനിസത്തില്‍ നിന്നല്ല. വിരോധാഭാസമെന്നു പറയട്ടെ, ഫെമിനിസത്തിന്റെ വിമര്‍ശകരില്‍ ചിലര്‍, അതേ പശ്ചാത്തലത്തില്‍ നിന്നുതന്നെ വന്ന മര്‍യം ജമീലയെ പോലുള്ളവരാണ്. ജൂത മതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്ന അവര്‍ ഫെമിനിസത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ: ''ധാര്‍മികച്യുതിയും സാമൂഹികാധപതനവും മുമ്പൊരിക്കലുമില്ലാത്ത വിധം മനുഷ്യ സമൂഹത്തെ പിടികൂടിയിരിക്കുന്നു. ഫെമിനിസ്റ്റ് ആശയങ്ങള്‍ സ്വീകരിക്കുന്നതാകട്ടെ മനുഷ്യനെ മൃഗത്തേക്കാള്‍ അധഃപതിപ്പിക്കുന്നു.'' യൂറോപ്പില്‍ നിന്ന് ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്ന ആയിരങ്ങളില്‍ ഭൂരിഭാഗവും ഈ വ്യവസ്ഥയെ വെറുത്ത സ്ത്രീകളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
മുകളില്‍ കൊടുത്ത വിശദീകരണം ഇസ്‌ലാമും ഫെമിനിസവും തമ്മിലുള്ള അഗാധ വൈരുധ്യത്തെയും അകലത്തെയും സൂചിപ്പിക്കുന്നു. ഇത് ഇസ്‌ലാമിക നിയമങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കണമെന്നതിലോ സ്ത്രീകള്‍ക്ക് ഏതു തരത്തിലുള്ള അവകാശങ്ങള്‍ നല്‍കണമെന്നതിലോ ഉള്ള കേവലം അഭിപ്രായ വ്യത്യാസങ്ങളല്ല. മറിച്ച്, ജീവിത ദര്‍ശനത്തിന്റെയും ധര്‍മശാസ്ത്രത്തിന്റെയും മതശാസ്ത്രത്തിന്റെയും സാമൂഹിക രാഷ്ട്രീയ തത്ത്വങ്ങളുടെയും മിക്ക അടിസ്ഥാന കാര്യങ്ങളിലും ഇസ്‌ലാമും ഫെമിനിസവും തമ്മിലുള്ള വീക്ഷണങ്ങളുടെ കൂടി പ്രതിഫലനമാണ്. അവ രണ്ടും ഭിന്ന ധ്രുവങ്ങളിലാണ് നിലകൊള്ളുന്നത്. മുസ്‌ലിം സ്ത്രീകളെ ഉയര്‍ത്താനുള്ള പ്രത്യയശാസ്ത്രം ഇസ്‌ലാം തന്നെയാണ്, ഫെമിനിസമല്ല. അതിനാല്‍ മുസ്‌ലിം ഫെമിനിസം, ഇസ്‌ലാമിക് ഫെമിനിസം എന്നിങ്ങനെയുള്ള പേരുകളില്‍ ഫെമിനിസത്തോട് ഇസ്‌ലാമിനെ വെച്ചുകെട്ടാനുള്ള പ്രവണത ഒരു നിലക്കും നീതീകരിക്കാനാവില്ല.

അവലംബം:
1. ഡോ. മുഹമ്മദ് ലെഗന്‍ ഹോസന്‍ (അമേരിക്കന്‍ ഫിലോസഫര്‍, എഴുത്തുകാരന്‍- ഫ്രഫസര്‍, ഇമാം ഖുമൈനി എജുക്കേഷന്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഇറാന്‍).
2. മുഹമ്മദ് അന്‍സാര്‍ (ബ്രിട്ടീഷ് എഴുത്തുകാരന്‍, കമന്റേറ്റര്‍).
3. ലൂസ് ഗോമസ് ഗാര്‍ഷ്യ (അറബ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ്, അറ്റ്‌ലാന്റ യൂനിവേഴ്‌സിറ്റി സ്‌പെയിന്‍).
4. വിക്കിപീഡിയ


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/66-70
എ.വൈ.ആര്‍