Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

ഡോ. അബുഷാ മരിക്കാര്‍ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ ഡോക്ടര്‍

സദ്‌റുദ്ദീന്‍ വാഴക്കാട് / ഫീച്ചര്‍

ന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ ഡോക്ടര്‍മാരിലൊരാളാണ് അബുഷാ മരിക്കാര്‍. ശ്രീലങ്കന്‍ വേരുള്ള മരിക്കാര്‍ കുടുംബത്തില്‍ പിറന്ന ഇവര്‍ എ.ബി മരിക്കാര്‍ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടത്. തന്റെ മേഖലയില്‍ സാമൂഹിക സേവനരംഗത്ത് ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട് ഡോ. അബുഷാ മരിക്കാര്‍. ലഭ്യമായ വിവരമനുസരിച്ച് അവിഭക്ത ഇന്ത്യയില്‍ ആദ്യ മുസ്‌ലിം വനിതാ ഡോകര്‍ടര്‍മാര്‍ രണ്ട് പേരാണ്. ഒന്ന്, ഡോ. അബുഷാ മരിക്കാര്‍. രണ്ട്, ബംഗാളിയായ ഡോ. സുഹ്‌റാ ബീഗം ഖാസി. 1912 ഒക്‌ടോബര്‍ 15-നു ജനിച്ച സുഹ്‌റാ ബീഗം, 1935 ലാണ് ദല്‍ഹിയിലെ 'ലേഡി ഹര്‍ഡിംഗ് മെഡിക്കല്‍ കോളേജില്‍'നിന്ന് എം.ബി.ബി.എസ് പാസായത്.

കുടുംബം
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അബുഷാ ബീവിയുടെ പിതാമഹന്‍ ടി.സി.എച്ച് മരിക്കാര്‍ വ്യാപാരാവശ്യാര്‍ഥം അന്നത്തെ സിലോണില്‍നിന്ന് ഇന്ത്യയിലെത്തിയത്. തമിഴ്‌നാട്ടിലെ തേനി, തിരുവിതാംകൂറിലെ കോട്ടയം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തമ്പിക്കണ്ണ് ഹബീബ് നൈനാര്‍ എന്ന ടി.സി.എച്ച് മരിക്കാര്‍ ബിസിനസ് നടത്തിയത്. ബ്രിട്ടീഷ് കമ്പനിയുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകളായിരുന്നു പ്രധാനം. ടി.സി.എച്ച് മരിക്കാര്‍ക്ക് രണ്ട് ഭാര്യമാരാണ് ഉണ്ടായിരുന്നത്. ശ്രീലങ്കയിലെ കാന്റിയില്‍നിന്ന് വിവാഹം ചെയ്ത ആഇശയാണ് ആദ്യത്തേത്. രണ്ടാമത്തേത് കോട്ടയത്തുകാരി കുഞ്ഞമ്മ. ഇവര്‍ ക്രിസ്തുമതത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് മര്‍യംബി എന്ന പേര് സ്വീകരിച്ചു. ആറു മക്കളാണ് ആയിഷയില്‍ ടി.സി.എച്ച് മരിക്കാര്‍ക്ക് പിറന്നത്. അതില്‍ നാലാമത്തെയാളാണ് എച്ച്.ഒ.എല്‍ മരിക്കാര്‍ എന്ന് അറിയപ്പെടുന്ന ഹബീബ് ഉസ്മാന്‍ ലബ്ബ മരിക്കാര്‍; ഡോ. എ.ബി മരിക്കാരുടെയും മജീദ് മരിക്കാരുടെയും പിതാവ്.
സിലോണിലെ കാന്റിയിലാണ് എച്ച്.ഒ.എല്‍ മരിക്കാര്‍ ജനിച്ചത്, 1882 നവംബര്‍ 9 നു. മാതാവിനും മറ്റു സഹോദരങ്ങള്‍ക്കുമൊപ്പം പത്താം വയസ്സില്‍ തിരുവിതാംകൂറിലെത്തിയ അദ്ദേഹം, പഠിച്ചതും വളര്‍ന്നതുമൊക്കെ തേനിയിലെ പെരിയകുളത്താണ്. അവിടെ ടി.സി.എച്ച് മരിക്കാര്‍ക്ക് ബിസിനസ്സ് ഉണ്ടായിരുന്നു. 1942-ല്‍ ആഇശ മരണപ്പെട്ട ശേഷം കുട്ടികളെ കോട്ടയം മുണ്ടക്കയത്തേക്ക് കൊണ്ടുവന്നു. ടി.സി.എച്ച് മരിക്കാര്‍ പണിത വീട്ടില്‍ രണ്ടാനമ്മ മര്‍യംബിയോടൊപ്പമാണ് പിന്നീട് അവര്‍ കഴിഞ്ഞത്. ഏറെ പ്രയാസങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം പിന്നിട്ട് പഠിച്ചുവളരുകയും ബിസിനസ് ആരംഭിക്കുകയും ചെയ്ത എച്ച്.ഒ.എല്‍ മരിക്കാര്‍ 25-ാമത്തെ വയസ്സില്‍ കണ്ണൂര്‍ സ്വദേശിനിയായ മര്‍യംബിയെ വിവാഹം ചെയ്തു. അമ്മാവന്മാരുടെ സംരക്ഷണത്തില്‍ അന്ന് പീരുമേട്ടില്‍ താമസിക്കുകയായിരുന്നു മര്‍യംബി. ഈ ബന്ധത്തില്‍ പതിനൊന്ന് മക്കള്‍ ജനിച്ചുവെങ്കിലും നാലുപേര്‍ ചെറുപ്പത്തിലേ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്തതിയാണ് അബുഷാ മരിക്കാര്‍. നാലാമത്തേത് ബിസിനസ് പ്രമുഖനും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനുമായ പെരുമ്പാവൂരിലെ മജീദ് മരിക്കാര്‍. എച്ച്.ഒ.എല്‍ മരിക്കാരുടെ ബിസിനസ് വളര്‍ത്തിയത് മകന്‍ എഞ്ചിനീയര്‍ ഹസന്‍ മരിക്കാറാണ്. മത-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഹസന്‍ മരിക്കാര്‍ സജീവമായിരുന്നു. ആഇശ, സുറയ്യ, ഹബീബ്, ഷംസുദ്ദീന്‍ എന്നിവരാണ് അബുഷാ മരിക്കാറുടെ മറ്റു സഹോദരങ്ങള്‍. പില്‍ക്കാലത്ത് പടര്‍ന്നുപന്തലിച്ച മരിക്കാര്‍ കുടുംബത്തിന്റെ ബിസിനസ് ശൃംഖലയുടെ മുഖ്യശില്‍പ്പിയാണ് എച്ച്.ഒ.എല്‍ മരിക്കാര്‍. അത് വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതാകട്ടെ ഹസന്‍ മരിക്കാറും അബുദുല്‍ മജീദ് മരിക്കാറും. കേരളീയ മുസ്‌ലിം ചരിത്രത്തിലെ വേറിട്ട അധ്യായമാണ് അവരില്‍ പലരുടെയും ജീവിതം. അത് വേറെത്തന്നെ എഴുതപ്പെടേണ്ടതാണ്.

ഡോ. അബുഷാ മരിക്കാര്‍
1912-ല്‍, കോട്ടയത്ത് ജനിച്ച അബുഷാ മരിക്കാര്‍ പഠിച്ചുവളര്‍ന്നത് തിരുവനന്തപുരത്താണ്. പിതാവിന് അന്ന് തിരുവനന്തപുരത്ത് ബിസിനസ് ഉണ്ടായിരുന്നതും മെച്ചപ്പെട്ട പഠന സൗകര്യം അവിടെ ലഭ്യമായിരുന്നതുമാണ് കാരണം. തിരുവനന്തപുരത്ത് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം, മദ്രാസ് ക്വീന്‍മേരീസ് കോളേജിലായിരുന്നു ഇന്റര്‍മീഡിയറ്റ് പഠനം. മികച്ച നിലവാരത്തോടെയാണ് സ്‌കൂള്‍-ഇന്റര്‍ മീഡിയറ്റ് പഠനങ്ങള്‍ എ.ബി മരിക്കാര്‍ പൂര്‍ത്തിയാക്കിയത്. ക്വീന്‍മേരീസില്‍ പഠിക്കുമ്പോള്‍ സ്‌പോര്‍ട്‌സില്‍ വലിയ താല്‍പര്യം കാണിച്ചിരുന്ന അവര്‍ ടെന്നീസ് മത്സരങ്ങളില്‍ മെഡല്‍ നേടിയിട്ടുണ്ട്.
ഡോക്ടറാകണം എന്നതായിരുന്നു എ.ബി മരിക്കാരുടെ ആഗ്രഹം. വിദ്യാഭ്യാസത്തില്‍ ഏറെ തല്‍പരനായിരുന്ന ടി.സി.എച്ച് മരിക്കാറുടെ പിന്തുണ ആ ലക്ഷ്യം നേടാന്‍ അവരെ സഹായിക്കുകയും ചെയ്തു. മദ്രാസ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് ചേര്‍ന്ന എ.ബി മരിക്കാര്‍ മികച്ച അക്കാദമിക നിലവാരത്തോടെ പഠനം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യം കൈവരിക്കാനായി, തനിക്കു വന്ന വിവാഹാന്വേഷണങ്ങള്‍ നിരാകരിച്ചു. എം.ബി.ബി.എസ് പൂര്‍ത്തീകരിച്ച ശേഷം മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് തന്നെ എം.ഡി ആന്റ് ഡി.ജി.ഒ  കരസ്ഥമാക്കി.
മദ്രാസ് ഗവണ്‍മെന്റിന്റെ മെഡിക്കല്‍ സര്‍വീസില്‍ സേവനമാരംഭിച്ച ഡോ. എ.ബി മരിക്കാര്‍ അധികം വൈകാതെ സൈന്യത്തില്‍ നിര്‍ബന്ധിത സേവനത്തിന് നിയമിക്കപ്പെട്ടു. അവിഭക്ത ഇന്ത്യയിലെ ലാഹോറിലായിരുന്നു ജോലി. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ അവിടെ സേവനമനുഷ്ഠിച്ചു. ഈ തസ്തികയില്‍ ഇരിക്കുന്നവര്‍ വിവാഹിതരാകാന്‍ പാടില്ല എന്ന നിയമമുണ്ടായിരുന്നു. വിഭജനാനന്തരം ഇന്ത്യയിലേക്ക് തിരിച്ചുവന്ന അവര്‍ ദക്ഷിണേന്ത്യയില്‍ സേവനമനുഷ്ഠിക്കാനാണ് താല്‍പര്യപ്പെട്ടത്. ആന്ധ്രയിലും വിശാഖപട്ടണത്തുമാണ് ആദ്യം ജോലി ചെയ്തത്. ആറ് വര്‍ഷത്തോളം ജോലി ചെയ്ത വിശാഖ പട്ടണത്ത് ഡോ. അബുഷാ മരിക്കാര്‍ ഏറെ പ്രസിദ്ധയായിരുന്നു. പ്രഗത്ഭയായ ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവര്‍ സ്വീകാര്യത നേടി.
1957-ലാണ് ഡോ. എ.ബി മരിക്കാര്‍ മദ്രാസിലേക്ക് തിരിച്ചുവരുന്നത്. ട്രിപ്ലിക്കനില്‍ പ്രസിദ്ധമായ  ഗോഷാ ഹോസ്പിറ്റലിലാണ് അവര്‍ നിയമിക്കപ്പെട്ടത്. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച, 'ഗോഷാ ഹോസ്പിറ്റല്‍' എന്ന ഈ ആതുരാലയമാണ് പിന്നീട്, 'കസ്തൂര്‍ബാ ഗാന്ധി ഹോസ്പിറ്റല്‍ ഫോര്‍ വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഓഫ് ചെന്നൈ' എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1954-'60 കാലത്ത് ഡോ. എ.ബി മരിക്കാര്‍ ഇവിടെ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു. പിന്നീട്, ഡി.എം.എസ് - ഡി.എച്ച്.എസ് തസ്തികകളില്‍ (1961-'65) നിയമിക്കപ്പെട്ടു. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ സര്‍വീസ്, ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് എന്നീ ഉയര്‍ന്ന പദവികളില്‍ നിയമിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം സ്ത്രീയാണ് ഡോ. എ.ബി മരിക്കാര്‍. ചികിത്സാരംഗം ഇന്നത്തെപ്പോലെ ഏറെയൊന്നും വികസിക്കുകയോ, ജനങ്ങള്‍ വേണ്ടത്ര ബോധമുള്ളവരാകുകയോ ചെയ്തിട്ടില്ലാത്ത ആ കാലഘട്ടത്തില്‍ ആരോഗ്യരംഗത്ത് പല പ്രവര്‍ത്തനങ്ങളും ഡോ. അബുഷാ മരിക്കാര്‍ കാഴ്ചവെക്കുകയുണ്ടായി. അതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, അക്കാലത്തെ ആതുരശുശ്രൂഷാ മേഖലയെ കുറിച്ച് മനസ്സിലാക്കാന്‍ സഹായകമാകുന്ന, ഡോ. എ.ബി മരിക്കാറുടെ ലേഖനത്തിന്റെ ഒരു ഭാഗം കണ്ടെത്താന്‍ കഴിഞ്ഞു. 1994-ല്‍ പുറത്തിറക്കിയ മദ്രാസ് മെഡിക്കല്‍ കോളേജിന്റെ 150-ാം വാര്‍ഷിക സുവനീറില്‍, മുന്‍ ഹോസ്പിറ്റല്‍ സൂപ്രണ്ടും അപ്പോഴത്തെ മെഡിക്കല്‍ ഡയറക്ടറുമായിരുന്ന ഡോ. അബുഷാ മരിക്കാര്‍ എഴുതിയ ലേഖനത്തില്‍, 1935-40 കാലത്തെ ആതുരശുശ്രൂഷയെക്കുറിച്ച് പറയുന്നതിങ്ങനെ: ''അക്കാലത്ത് റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍മാര്‍ എല്ലാം പുരുഷന്മാരായിരുന്നു. വൃത്തിയിലും വിദ്യാഭ്യാസത്തിലും വളരെ പുറകിലായിരുന്നു അക്കാലത്തെ ജനങ്ങള്‍. അതിന്‍ ഫലമായി, പിത്തം, ക്ഷയം, കോളറ തുടങ്ങിയ രോഗങ്ങള്‍ വ്യാപകമായിരുന്നു. ഇത് ഒട്ടേറെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം കവര്‍ന്നെടുക്കുകയുണ്ടായി. ശിശുമരണ നിരക്ക് അക്കാലത്ത് വളരെ കൂടുതലായിരുന്നു. ഡോക്ടര്‍മാരടെ പരിചരണത്തിലല്ലാതെ, വീടുകളില്‍വെച്ച് വയറ്റാട്ടിമാരുടെയും മന്ത്രവാദികളുടെയും മറ്റും മേല്‍നോട്ടത്തിലായിരുന്നു പൊതുവെ പ്രസവവും അനന്തര ശുശ്രൂഷകളും നടത്തിയിരുന്നത്. ഇത് മരണ നിരക്ക് വര്‍ധിക്കാന്‍ കാരണമായി. 1872 ലാണ് ഒരു വനിതാ മെഡിക്കല്‍ ഓഫീസര്‍ ഇന്ത്യയിലെത്തുന്നത്. ക്രിസ്ത്യന്‍ മിഷണറിയുടെ ഭാഗമായി സമുദ്രങ്ങള്‍ താണ്ടി വളരെ നാളത്തെ യാത്രക്കുശേഷമാണ് അവര്‍ ഇവിടെ എത്തിയത്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ 1875 ലാണ് സ്ത്രീകള്‍ക്കുള്ള മെഡിക്കല്‍ കോഴ്‌സ് ആരംഭിക്കുന്നത്. അവിടെ പഠിച്ചിറങ്ങിയ നാല് പേരില്‍ ഒരാളായ Dane Marie Scharlebe സ്ഥാപിച്ച ആശുപത്രിയാണ് പിന്നീട് 'കസ്തൂര്‍ബാ' ഹോസ്പിറ്റലായി മാറിയത്. ....................... കഴിഞ്ഞ കാലത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ക്ലാസിക്കല്‍ സിസേറിയന്‍ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ; അതും വളരെ അപൂര്‍വമായി. മദ്രാസ് മെഡിക്കല്‍ കോളേജില്‍ പോലും വര്‍ഷത്തില്‍ ഇരുപതില്‍ താഴെ സിസേറിയനാണ് അന്ന് നടന്നിരുന്നത്. അക്കാലത്ത്, ലോവര്‍ സെഗ്‌മെന്റ് സിസേറിയനെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എന്നാല്‍ ക്ലാസിക്കല്‍ സിസേറിയന്‍ നടക്കുന്ന സമയത്ത് ഹോസ്പിറ്റലിലും ഹോസ്റ്റലിലും ബെല്‍ മുഴങ്ങുമായിരുന്നു. മുഴുവന്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സും ഓപറേഷന്‍ തിയേറ്ററില്‍ എത്താനും സിസേറിയന്‍ കണ്ടുപഠിക്കാനുമായിരുന്നു അത്. എന്നാല്‍, ഇക്കാലത്ത് ഓവര്‍ സെഗ്‌മെന്റ് സിസേറിയന്‍ വര്‍ധിച്ചുവരുന്നതാണ് കാണുന്നത്. അതുകൊണ്ട്, വളരെ വിദൂരത്തിലല്ലാതെ നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ വീണ്ടും ഇത്തരം ബെല്ലുകള്‍ മുഴങ്ങും. അതുപക്ഷേ, സിസേറിയന്‍ കാണാനല്ല. അപൂര്‍വമായി നടക്കുന്ന, സാധാരണ പ്രസവം കാണാന്‍ വേണ്ടിയായിരിക്കും എന്നുമാത്രം!''
വര്‍ഷങ്ങള്‍ക്കുമുമ്പ് ഡോ. അബുഷ മരിക്കാര്‍ ദീര്‍ഘദര്‍ശനം ചെയ്തകാര്യമാണ് ഇപ്പോള്‍ നമ്മുടെ ഹോസ്പിറ്റലുകളില്‍ വ്യാപകമായി കാണപ്പെടുന്നത്!

സാമൂഹിക പ്രവര്‍ത്തനം
തന്റെ മേഖലയില്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരയായിരുന്നു ഡോ. എ.ബി മരിക്കാര്‍. ആന്ധ്ര മഹിളാസഭ, റെഡ്‌ക്രോസ് സൊസൈറ്റി, അന്‍ജുമന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍, തിരുവനന്തപുരം വുമണ്‍സ് അസോസിയേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കാളിയായിരുന്നു. റെഡ്‌ക്രോസ് സൊസൈറ്റിയുടെ സേവന പ്രവര്‍ത്തനങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകളിലും അവര്‍ ഭാഗഭാക്കായി. മദ്രാസിലെ മുസ്‌ലിം സന്നദ്ധ സംഘടനയായ 'അന്‍ജുമന്റെ' പ്രവര്‍ത്തനങ്ങളിലും ഡോ. എ.ബി മരിക്കാറുടെ സാന്നിധ്യമുണ്ടായിരുന്നു. മദ്രാസിലെ ട്രിപ്ലിക്കന്‍ പാവപ്പെട്ട ധാരാളം മുസ്‌ലിംകള്‍ താമസിച്ചിരുന്ന പ്രദേശമാണ്. ഗോഷാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്കുവേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍ നടത്തുകയുണ്ടായി.
തിരുവനന്തപുരത്തെ മുസ്‌ലിം വുമണ്‍സ് അസോസിയേഷന്റെ (ഡബ്ല്യു.എം.എ) പ്രവര്‍ത്തനങ്ങളില്‍ തല്‍പരയായിരുന്ന ഡോ. എ.ബി മരിക്കാര്‍, അസോസിയേഷന്റെയും മരിക്കാര്‍ ട്രസ്റ്റിന്റെയും മേല്‍നോട്ടത്തില്‍ ഒരു അഗതി മന്ദിരം പണിയാന്‍ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി 40 ലക്ഷത്തോളം രൂപയും നീക്കിവെച്ചിരുന്നു. പക്ഷേ, ആ സ്വപ്നം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ആ പണം പാവങ്ങള്‍ക്ക് വേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. വിദ്യാഭ്യാസം, ചികിത്സ എന്നിവക്കുള്ള സഹായം നല്‍കാന്‍ അതില്‍ സംവിധാനമുണ്ട്.
മാതാപിതാക്കളുടെ മരണത്തോടെ തീര്‍ത്തും അനാഥരായിത്തീര്‍ന്ന തന്റെ മൂന്ന് സഹോദരങ്ങളുടെ സംരക്ഷണം ഡോ. എ.ബി മരിക്കാര്‍ ഏറ്റെടുത്തിരുന്നു. 1944 ലാണ് പിതാവ് എച്ച്.ഒ.എല്‍ മരിക്കാര്‍ മരണപ്പെടുന്നത്. 1942-ല്‍ മാതാവും വിട പറഞ്ഞു. സുറയ്യ, ഹബീബ്, ശംസുദ്ദീന്‍ എന്നീ സഹോദരങ്ങള്‍ അപ്പോള്‍ ചെറിയ കുട്ടികളായിരുന്നു. ഇവരെ വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയത് പ്രധാനമായും ഡോ. എ.ബി മരിക്കാറാണ്. അതുകൊണ്ട് പിന്നീട് വിവാഹത്തെകുറിച്ച് അവര്‍ ചിന്തിച്ചതുമില്ല. അവര്‍ക്ക് മുതിര്‍ന്ന സഹോദരി മാത്രമല്ല, ഉമ്മയും എ.ബി മരിക്കാറായിരുന്നു.
ആര്‍ജവമുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഡോ. അബുഷാ. ഖദര്‍ ധരിച്ച് സ്വാതന്ത്ര്യസമരത്തില്‍ അവര്‍ പങ്കാളിയായതായി സഹോദരന്‍ മജീദ് മരിക്കാരുടെ മകള്‍ ഡോ. സുലൈഹ മരിക്കാര്‍ പറയുകയുണ്ടായി. മദ്രാസ് എഗ്‌മോറിലെ മോണ്ടിയത്ത് റോഡിലായിരുന്നു എ.ബി മരിക്കാറുടെ വീട്. നഗര വികസനത്തിന്റെ ഭാഗമായി അത് പൊളിച്ചുമാറ്റിയപ്പോള്‍ വിക്‌ടോറിയ ക്രസന്റ് റോഡില്‍ ഫ്‌ളാറ്റ് വാങ്ങി താമസിച്ചു. അവിടെവെച്ച് 1996 ആഗസ്റ്റിലാണ് അവര്‍ അന്തരിച്ചത്.
(ഈ ലേഖന പരമ്പര അടുത്ത ലക്കത്തില്‍ അവസാനിക്കും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍