ഹസ്രത്ത് ആഇശ പുനര്‍വായിക്കപ്പെടട്ടെ
രേഷ്മ കൊട്ടക്കാട്ട് എഴുതിയ 'ഹസ്രത്ത് ആഇശ(റ)യെ പുനര്‍വായിക്കുമ്പോള്‍' (ലക്കം 17) ലേഖനം ശ്രദ്ധേയമായിരുന്നു. ലേഖിക ഹസ്രത്ത് ആഇശയുടെ വൈജ്ഞാനിക ജീവിതം മാത്രമാണ് പരിചയപ്പെടുത്തിയത്. സ്വഹാബിമാരിലെ പലരെയും കവച്ചുവെച്ച വിജ്ഞാനത്തിന്റെ ആ മഹാ ഉറവിടത്തെ ഉദാഹരണങ്ങള്‍ സഹിതം വരച്ചുകാണിക്കാന്‍ രേഷ്മ ശ്രമിച്ചിട്ടുണ്ട്. തന്റെ ലേഖനത്തിന് പ്രധാനമായും അവര്‍ അവലംബിച്ച സുലൈമാന്‍ നദ്‌വിയുടെ പുസ്തകം ആഇശ(റ)യുടെ സമസ്തമായ ജീവിത സംഭാവനകളെ സവിസ്തരം വിശദീകരിക്കുന്നുണ്ട്. പരമ്പരാഗതമായ പല ധാരണകളെയും ദശാബ്ദങ്ങളുടെ പഴക്കമുള്ള ഈ ഗ്രന്ഥം തിരുത്തിക്കുറിക്കുന്നുണ്ട്. ഉദാഹരണത്തിന്, സഹ പത്‌നിമാരുമായുള്ള ആഇശ(റ)യുടെ സ്ത്രീസഹജമായ ചാപല്യങ്ങളെക്കുറിച്ച് മാത്രം വായിച്ചു കേട്ടവര്‍ക്ക് ഈ ഗ്രന്ഥം നല്‍കുന്ന അനുഭവം തീര്‍ച്ചയായും മറിച്ചായിരിക്കും.
നബി(സ)ക്ക് ശേഷം ഇസ്‌ലാമിലെ ആദ്യത്തെ സ്ത്രീവാദിയായിരുന്നു ആഇശ(റ)എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയുടെ പദവിയെകുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഇത്രമേല്‍ സംസാരിച്ച ഒരു വനിത ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യോളം ചരിത്രത്തില്‍ വേറെ ഇല്ല എന്നു പറയാം. പ്രവാചക സമൂഹത്തില്‍ പോലും അവശേഷിച്ചിരുന്ന സ്ത്രീവിരുദ്ധ ബോധങ്ങളെ ആഇശ(റ) കണക്കിന് കൈകാര്യം ചെയ്യുന്ന എത്രയോ വിഷയങ്ങള്‍ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ പരന്നുകിടക്കുന്നുണ്ട്. ഒരു ഉദാഹരണം: കറുത്ത നായയോ കഴുതയോ ഋതുമതിയായ സ്ത്രീയോ നമസ്‌കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോയാല്‍ നമസ്‌കാരം മുറിയുമെന്ന് റസൂല്‍(സ) പറഞ്ഞതായി അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്ത ഹദീസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആഇശ(റ) അത്യധികം വികാരാധീനയായി: ''നിങ്ങള്‍ സ്ത്രീകളെ നായയോടും കഴുതയോടും തത്തുല്യരാക്കുകയാണോ? റസൂല്‍(സ) ഞാന്‍ മുന്നില്‍ കിടന്നുറങ്ങിയിരിക്കെ തന്നെ നമസ്‌കരിക്കാറുണ്ടായിരുന്നു.'' അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസിന്റെ ആധികാരികത പോലും അന്വേഷിക്കാന്‍ ആഇശ(റ) ഉദ്യുക്തയായില്ല. റസൂല്‍(സ) അത്തരം സ്ത്രീവിരുദ്ധമായ ഒരു സംസാരം നടത്തുകയില്ല എന്ന് വിശ്വസിക്കുകയാണ് ആഇശ(റ) ചെയ്തത്. പക്ഷേ, ഉദ്ധരിക്കപ്പെട്ട ഹദീസ് സ്വഹീഹ് ആണ് എന്നതിന്റെ പേരില്‍ പൗരാണികരും ആധുനികരുമായ പല പണ്ഡിതന്മാരും, ഹദീസില്‍ സ്ത്രീയെ സംബന്ധിച്ച് വന്ന വിധി മാത്രം ആഇശ(റ)യുടെ അഭിപ്രായ പ്രകാരം 'നസ്ഖ്' (വിധി റദ്ദു ചെയ്യല്‍) ആയതായി അഭിപ്രായപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഇതുപോലുള്ള ഹദീസുകളില്‍ നമ്മുടെ കാലത്തെ ഏതെങ്കിലും സ്ത്രീവാദി സംശയം പ്രകടിപ്പിച്ചാല്‍ നാം അവരെ ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്താക്കി കളയും!
നാസര്‍ കാരക്കാട് /
ഓത്ത് പഠിപ്പിച്ച മറ്യാത്ത
നിരവധി വനിതാ ഉസ്താദുമാരുടെ കൂട്ടത്തില്‍ ഒരാളാണ് എന്റെ പിതൃസഹോദരിയായ ഉസ്താദ് മറ്യാത്ത. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം സ്വദേശിയായ മുസ്‌ലിം വീട്ടില്‍ കുഞ്ഞിമൊല്ലാക്ക ഓത്ത് പഠിപ്പിക്കാന്‍ വേണ്ടി കാരക്കാട് വന്ന് അവിടെ സ്ഥിര താമസമാക്കുകയായിരുന്നു. കുഞ്ഞിമൊല്ലാക്കയുടെ നാലാം തലമുറയിലോ അഞ്ചാം തലമുറയിലോ പെട്ട വ്യക്തിയാണ് മുസ്‌ലിം വീട്ടീല്‍ യൂസുഫ്. അദ്ദേഹത്തിന്റെയും പട്ടാമ്പി പുല്ലാനിയില്‍ അഹ്മദുണ്ണി മകള്‍ പള്ളീമയുടെയും പത്ത് മക്കളില്‍ ഏഴാമത്തവളായി ഏതാണ്ട് 1925-ലാണ് ഉസ്താദ് മറ്യാത്തയുടെ ജനനം. പത്താം വയസ്സില്‍ തന്നെ വാപ്പ മരിച്ച് കുടുംബം അനാഥമായി. ഉണ്ടായിരുന്ന ഭൂസ്വത്തുക്കളെല്ലാം വിറ്റ് ഉമ്മ പെണ്‍മക്കളെ കെട്ടിച്ചയച്ചു. പതിനേഴാം വയസ്സില്‍ കൊട്ടാരത്തില്‍ അബ്ദുല്‍ ഖാദര്‍ എന്ന മതാരിയുമായിട്ടായിരുന്നു വിവാഹം. പട്ടാളക്കാരനായിരുന്ന മതാരി അധികകാലവും കേരളത്തിന് പുറത്തായിരുന്നു. മക്കളെ നോക്കാന്‍ വഴിയില്ലാതെയാണ് മറ്യാത്ത കുട്ടികളെ ഓത്ത് പഠിപ്പിക്കാന്‍ തുനിഞ്ഞത്. അത് വളരെ വേഗം വളര്‍ന്ന് ഏകാധ്യാപികാ മദ്‌റസയാവുകയായിരുന്നു.
അങ്ങേയറ്റത്തെ മതഭക്തയായ പള്ളീമ തികഞ്ഞ ദീനീനിഷ്ഠയിലാണ് മക്കളെ വളര്‍ത്തിയത്. മറ്യാത്ത ഓത്ത് പള്ളിയില്‍ പോയി പഠിച്ചിട്ടുണ്ടെങ്കിലും ദീനീ വിദ്യാഭ്യാസം കൂടുതലും സ്വായത്തമാക്കിയത് ഗൃഹാന്തരീക്ഷത്തില്‍ നിന്നു തന്നെയാണ്. സാമ്പത്തിക പരാധീനതയിലാണ് മദ്‌റസ തുടങ്ങിയതെങ്കിലും ഒരാളോടും കര്‍ശനമായി ഫീസ് പറയുകയോ ചോദിച്ചു വാങ്ങുകയോ ചെയ്യുമായിരുന്നില്ല. മനസ്സറിഞ്ഞ് കൊടുക്കുന്നത് സന്തോഷത്തോടെ സ്വീകരിക്കുക എന്നതായിരുന്നു രീതി.
ഏതാണ്ട് ഇരുപത് വര്‍ഷത്തോളം നടത്തിയ മദ്‌റസയില്‍ ഒരേ സമയം ഇരുപത് മുതല്‍ അറുപത് വരെ കുട്ടികള്‍ ഉണ്ടാകുമായിരുന്നു. അവരെ ഭംഗിയായി ഖുര്‍ആന്‍ പാരായണം ചെയ്യാനും ഇസ്‌ലാമിക കര്‍മശാസ്ത്രം അനായാസം ജീവിതത്തില്‍ കൈകാര്യം ചെയ്യാനും ഉസ്താദ് പഠിപ്പിച്ചു. കൂടാതെ മലയാളം എഴുതാനും വായിക്കാനും മറ്റുള്ളവരെ ആശ്രയിക്കാതെ ഇംഗ്ലീഷില്‍ കത്തിന് മേല്‍വിലാസമെഴുതാനും സ്‌കൂളില്‍ നാലാം ക്ലാസ് വരെ മാത്രം പോയ ഉസ്താദ് മറ്യാത്ത പഠിപ്പിച്ചതായി ചിലരെങ്കിലും ഓര്‍ക്കുന്നു. പുറമെ, വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് പ്രീ മാരിറ്റല്‍ കൗണ്‍സലിംഗും പണ്ടത്തെ രീതിയില്‍ ഉസ്താദ് നല്‍കുമായിരുന്നു. 2003-ലാണ് അവര്‍ മരണപ്പെട്ടത്.
പ്രശസ്ത ആക്ടിവിസ്റ്റും 'ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൈവറ്റ് ഓര്‍ഗനൈസേഷ'ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ. യൂസുഫ് കൊട്ടാരത്തില്‍, മുഹമ്മദലി, ഫാത്വിമ, ബല്‍ക്കീസ് എന്നിവര്‍ മക്കളാണ്.
വിദ്യാഭ്യാസത്തിന് തടസ്സം നില്‍ക്കുന്ന വിവാഹങ്ങള്‍ ഒരു പെണ്ണനുഭവം
ഖദീജ മന്‍സൂര്‍ എടയൂര്‍, വളാഞ്ചേരി /
പ്രശസ്തമായ ഒരു ഇസ്‌ലാമിക കലാലയത്തില്‍ നിന്ന് സ്‌കൂള്‍ ടോപ്പറായി, ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായതായിരുന്നു ഞാന്‍. പ്രീഡിഗ്രിക്കു ശേഷം പഠിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ സമ്മതം തന്നില്ല. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുണ്ടായിരുന്നതിനാല്‍ സ്‌കൂള്‍ മാഗസിന്‍ എഡിറ്ററായിരുന്നിട്ടുമുണ്ട്. തുടര്‍ പഠനമെന്ന എന്റെ സ്വപ്നം അന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയതില്‍ ഈ സമുദായത്തിനും പങ്കുണ്ട്.
ഒരുപാട് പ്രയാസങ്ങളും ത്യാഗങ്ങളും സഹിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് പഠനം തുടരാന്‍ സാധിച്ചു. ഉള്ളിലെ കനല്‍ കെടാതെ കാത്തതുകൊണ്ട് എന്റെ സ്വപ്നങ്ങളിലേക്ക് യാത്ര തുടരാന്‍ കഴിഞ്ഞു. ഭര്‍ത്താവിന്റെ നല്ല മനസ്സും അതിന് പിന്തുണയായി. ഇപ്പോള്‍ ലിറ്ററേച്ചറിന് പഠിക്കുന്നു, എന്റെ ഇഷ്ട വിഷയം. എന്റെ വേദനകള്‍ ഞാന്‍ കവിതകളിലാണ് അലിയിച്ചത്. ഇതിനും സാധിക്കാത്തവര്‍ എത്രയധികം പേരുണ്ട്! നാല് ചുമരുകള്‍ക്കുള്ളില്‍ നെടുവീര്‍പ്പടക്കാന്‍ പ്രയാസപ്പെടുന്നവര്‍, പ്രിയപ്പെട്ടവരുടെ ഇഷ്ടത്തിനു വേണ്ടി സ്വന്തം അഭിലാഷങ്ങള്‍ ബലി കഴിക്കുന്നവര്‍.... ഭര്‍തൃവീട്ടുകാരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍, അല്ലെങ്കില്‍ വീട്ടാവശ്യങ്ങള്‍. അത് മാത്രമാണ് എന്നെ പോലുള്ളവരുടെ വിദ്യാഭ്യാസത്തിന് വിഘാതമായി വരുന്നത്. എന്‍ട്രന്‍സെഴുതി ബി.ഡി.എസിന് അഡ്മിഷന്‍ കിട്ടിയിട്ടും പഠിക്കാന്‍ പോകാന്‍ കഴിയാത്ത ഒരു പെണ്‍കുട്ടിയുണ്ട് എന്റെ അറിവില്‍. ഈ സങ്കടങ്ങള്‍ക്കെല്ലാം ആര് മറുപടി പറയും?
ഷാനവാസ് കൊടുവള്ളി /
പുനര്‍വിവാഹങ്ങള്‍
ആരോഗ്യകരമായ ചര്‍ച്ച വേണം
ലക്കം 2821-ല്‍ 'കുഞ്ഞിന്റെ ബാധ്യത ഏറ്റെടുക്കേണ്ടതില്ലാത്ത പുനര്‍വിവാഹങ്ങള്‍' എന്ന ബഷീര്‍ തൃപ്പനച്ചിയുടെ ലേഖനം അതിപ്രധാനമായ ഒരു ശ്രദ്ധക്ഷണിക്കലാണ്. ആക്‌സിഡന്റുകളും മാരകരോഗങ്ങളും ധാരാളം സഹോദരിമാരെ വിധവകളാക്കിയിട്ടുണ്ട്. വല്ലാത്ത പരീക്ഷണം തന്നെയാണിത്. അവര്‍ക്ക് നഷ്ടപ്പെട്ടത് ജീവിതത്തിലവരനുഭവിച്ച അതുല്യമായ തണലാണ്. ആ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു പകരക്കാരന്‍ സങ്കല്‍പിക്കാന്‍ പോലും കഴിയാത്തതാണ് പലപ്പോഴും. ചോദ്യചിഹ്നമായിത്തീരുന്ന മക്കളുടെ ഭാവിയോര്‍ത്ത് ഇനി ജീവിതാനന്ദങ്ങള്‍ വേണ്ടെന്നും അവര്‍ക്കായി ഉരുകിത്തീരാമെന്നും വിചാരിക്കുന്നവരുമുണ്ട്.
വിധവാ സംരക്ഷണവും പുനര്‍വിവാഹങ്ങളും ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കാര്യമാണ്. സാധ്യമാകുന്നേടത്തോളം ഇണയുള്ള ജീവിതം തന്നെയാണ് പ്രകൃതിയുക്തം. ഏകാന്തത വിരൂപവും ഭീകരവുമാണ്. ഏതു പ്രായത്തിലും ഏതവസ്ഥയിലും മനുഷ്യന്‍ ഒരു തുണയെ ആഗ്രഹിക്കുന്നു. പ്രകൃതിനിയമമാണത്. അല്ലാഹു നിശ്ചയിച്ച, അനുവദിച്ച ആവശ്യങ്ങളെ മനസ്സിന്റെ ഓരോ തോന്നലുകളാലും ഭൗതിക താല്‍പര്യങ്ങളാലും നിരാകരിക്കേണ്ടതില്ല. ജീവിതത്തില്‍ ആവോളം ദൈവികതാല്‍പര്യം നടപ്പാക്കുകയാണ് വേണ്ടത്.
അബൂസലമ(റ) മരണപ്പെട്ടപ്പോള്‍ ഉമ്മുസലമ(റ) നബി തിരുമേനിയുടെ അടുത്തുചെന്ന് മരണവിവരം പറഞ്ഞു. 'അല്ലാഹുവേ, എനിക്കും അബൂസലമക്കും നീ പൊറുത്തു തരേണമേ. അദ്ദേഹത്തിനു പകരം ഉത്തമനായ പിന്‍ഗാമിയെ പ്രദാനം ചെയ്യേണമേ' എന്ന് പ്രാര്‍ഥിക്കാന്‍ നബി ആവശ്യപ്പെട്ടു. പിന്നീട് അതേ സംബന്ധിച്ച് ഉമ്മു സലമ(റ) പറഞ്ഞിട്ടുണ്ട്: 'എന്റെ പ്രാര്‍ഥന അല്ലാഹു കേള്‍ക്കുകയും അബൂസലമയെക്കാള്‍ ഉത്തമനായ ഒരാളെ എനിക്ക് പിന്‍ഗാമിയായി നല്‍കുകയും ചെയ്തു. അത് പ്രവാചകന്‍ തിരുമേനിയായിരുന്നു.' യാഥാര്‍ഥ്യങ്ങളെ ധീരമായി അഭിമുഖീകരിക്കുകയും പ്രതീക്ഷാപൂര്‍വം ജീവിക്കുകയും ചെയ്യുകയായിരുന്നു മഹതി ഉമ്മുസലമ. സഹോദരിമാര്‍ക്ക് ഉത്തമ മാതൃകയാണത്.
മക്കളെ ഉപേക്ഷിച്ചു കൊണ്ടുള്ള വിവാഹ ജീവിതത്തിന് നിര്‍ബന്ധിക്കപ്പെടുക കടുത്ത അതിക്രമവും പൈശാചികതയുമാണ്. ഇസ്‌ലാമിക ചൈതന്യത്തിന് അത് നിരക്കുകയില്ല.
ഇണകളുടെ മക്കള്‍ക്കു മുമ്പില്‍ സ്വന്തം മക്കളുടെ മുമ്പിലെന്ന വിധം പ്രത്യക്ഷപ്പെടാനും ഇടപഴകാനുമുള്ള അനുവാദം വിശുദ്ധഖുര്‍ആന്‍ നല്‍കുന്നുണ്ട്(അന്നൂര്‍ 31). ഇതിലൂടെ ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാണ്. അനാഥ സംരക്ഷണത്തിന്റെ മഹത്വം അറിയാത്തവരുണ്ടോ?
സ്വന്തമായി ജോലിയും വീടും രക്ഷകര്‍ത്താക്കളുമുള്ള യുവതികള്‍ പോലും അനന്തമായ ഏകാന്തവാസം തുടരുന്നത് അല്ലെങ്കില്‍ തുടരേണ്ടിവരുന്നത് സമൂഹത്തിന്റെ നിര്‍ദയത്വത്തെയും നിരുത്തരവാദിത്തത്തെയുമാണ് അടയാളപ്പെടുത്തുന്നത്.
Comments