Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

തൊഴിലാളി വര്‍ഗവാദത്തിന്റെ സമകാലിക പ്രതിസന്ധി

സി.കെ അബ്ദുല്‍ അസീസ് / കവര്‍‌സ്റ്റോറി

The traditional left was geared to one kind of society that is no longer in existence or going out of business. It believed very largely in the mass labour movement as the carrier of future. Well, we have been de-industrialised, so that's no longer possible.
Eric Hobsbawm-2011  
പരമ്പരാഗത ഇടതുപക്ഷം കാലഹരണപ്പെട്ടിരിക്കുന്നു; അഥവാ അതിപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. തൊഴിലാളി പ്രസ്ഥാനങ്ങളിലാണ് ലോകത്തിന്റെ ഭാവിയെന്ന് വിശ്വസിക്കുന്നതും ഇന്ന് പ്രസക്തമല്ല. കാരണം, യൂറോപ്പ് വ്യാവസായികവത്കരണത്തില്‍ നിന്ന് വേര്‍പ്പെട്ടിരിക്കുന്നു. 2011-ലെ വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രക്ഷോഭത്തെ വരാനിരിക്കുന്ന വിപ്ലവങ്ങളുടെ മുന്നോടിയായി വിശേഷിപ്പിച്ചുകൊണ്ട് വിശ്വ വിഖ്യാതനായ ചരിത്രകാരനും കമ്യൂണിസ്റ്റ് ബുദ്ധിജീവിയുമായിരുന്ന എറിക് ഹോബ്‌സ് ബോം പറഞ്ഞതാണീ വാക്കുകള്‍.
തൊഴിലാളി വര്‍ഗമല്ല, മധ്യവര്‍ഗമാണിപ്പോള്‍ തരംഗങ്ങള്‍ സൃഷ്ടിച്ചുവിടുന്നത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 2011-ലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ചുള്ള ഈ അവലോകനത്തില്‍ ഒരു പക്ഷേ യൂറോപ്യന്‍ തൊഴിലാളി വര്‍ഗത്തെക്കുറിച്ചുള്ള അശുഭാപ്തി വിശ്വാസമാണ് മറനീക്കി പുറത്തുവരുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെക്കുറിച്ചുള്ള യൂറോപ്പിന്റെ സങ്കല്‍പങ്ങളില്‍നിന്ന് തൊഴിലാളി വര്‍ഗത്തിന്റെ സംഘടിത മുന്നേറ്റങ്ങളെയും വര്‍ഗ വിപ്ലവത്തിന്റെ വരുംകാല സാധ്യതകളെയും തല്‍കാലത്തേക്കെങ്കിലും നിഷ്‌കാസിതമാക്കുന്നതിന്റെ കാര്യ കാരണബന്ധമാണതില്‍ പ്രതിഫലിപ്പിക്കപ്പെടുന്നത്. വാള്‍സ്ട്രീറ്റിലേക്ക് ഇരച്ചുകയറിയ മധ്യവര്‍ഗ കലാപകാരികള്‍ (തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരായിരുന്നു അതില്‍ ഭൂരിപക്ഷവും) അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോവുന്നുവെന്ന പ്രതീക്ഷ കൊണ്ടല്ല എറിക്കിനെപ്പോലുള്ളവര്‍ ആവേശഭരിതരായത്. ജനകീയ കലാപങ്ങളുടെയും വിപ്ലവത്തിന്റെയും തീനാമ്പുകളെ വര്‍ത്തമാന കാല ചരിത്രത്തില്‍ പുനഃസ്ഥാപിക്കാനും മുതലാളിത്ത ചൂഷണ വ്യവസ്ഥയോടുള്ള ലോക വ്യാപകമായ പ്രതിഷേധം പ്രഘോഷണം ചെയ്യാനും വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങള്‍ക്ക് സാധിച്ചുവെന്നതാണ് പുതിയ കാലത്തെയും ലോകത്തെയും കാത്തിരിക്കുന്നവരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നത്. അറബ് വസന്തത്തില്‍ തുടങ്ങി അമേരിക്കയിലും യൂറോപ്പിലും തിരയിളക്കങ്ങള്‍ സൃഷ്ടിച്ച ജനകീയ കലാപങ്ങളില്‍ നിന്നും ഒരു യൂറോപ്യന്‍ കമ്യൂണിസ്റ്റ് ബുദ്ധിജീവി വായിച്ചെടുക്കുന്നതെന്താണെന്നും ഇതില്‍ നിന്ന് വ്യക്തമാണ്.
യൂറോപ്യന്‍ ബുദ്ധിജീവികളുടെ യുക്തിബോധത്തെ വരുംകാല ചരിത്രം എത്രത്തോളം വകവെച്ചുകൊടുക്കുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലെ വ്യവസായ തൊഴിലാളി വര്‍ഗത്തിന് (Proletariat) കാള്‍ മാര്‍ക്‌സും എംഗല്‍സും വിഭാവനം ചെയ്തപോലെ, മുതലാളിത്തത്തിന്റെ കടപുഴക്കിയെറിയാനോ പുതിയ ലോകത്തിന്റെ സൃഷ്ടി കര്‍ത്താക്കളാകാനോ സാധിച്ചില്ല എന്ന വിരോധാഭാസം തന്നെയാണ് കാരണം. ചരിത്രത്തെയും ചരിത്ര നിര്‍മിതിയെയും കുറിച്ച് മുന്‍വിധികളോടെ സമീപിക്കുന്നതില്‍ വലിയ പ്രസക്തിയില്ല എന്ന നിഗമനത്തിലാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ കര്‍ത്താക്കളിലൊരാളായ ഫ്രെഡറിക് എംഗല്‍സ് തന്റെ ജീവിതാന്ത്യകാലത്ത് നിലയുറപ്പിച്ചത്. മനുഷ്യര്‍ തന്നെയാണ് അവരുടെ ചരിത്രം നിര്‍മിക്കുന്നതെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംഘടിതമായ ഇഛാശക്തിക്കും ആസൂത്രണത്തിനുമനുസരിച്ചുമല്ല അത് സംഭവിക്കുന്നത്.
നിര്‍ണിതമായി നിര്‍വചിക്കപ്പെട്ട ഏതെങ്കിലും സമൂഹത്തിലാണത് സംഭവിക്കാന്‍ പോവുന്നത് എന്നും പറയാനാവില്ല. സാമ്പത്തികമായ അനിവാര്യതകളുമായി മനുഷ്യന്‍ മല്ലടിക്കുന്നതിനിടക്ക് യാദൃഛികമായി രൂപമെടുക്കുന്നവയാണ് ചരിത്രമാറ്റങ്ങള്‍ (1894 ജനുവരി 25 Borgius ന് എഴുതിയ കത്ത്). കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ പൊതു പരിപ്രേക്ഷ്യം നോക്കിയാല്‍ വിപ്ലവം ആസന്നവും അടിയന്തരമായി സംഭവിക്കേണ്ട പ്രക്രിയയുമാണ്. വ്യാവസായിക വികസനത്തിന്റെ മൂര്‍ധാവസ്ഥയിലെത്തിയ രാഷ്ട്രങ്ങളിലെ തൊഴിലാളി വര്‍ഗം അധികാരം പിടിച്ചെടുക്കുന്ന രാഷ്ട്രീയ സമരത്തിലേക്ക് അതിവേഗം കുതിച്ചു മുന്നേറുമെന്ന ശുഭാപ്തി വിശ്വാസവും അതില്‍ അന്തര്‍ലീനമായിരുന്നു. 1848 മുതല്‍ 1894 വരെയുള്ള തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്, 1872-ലെ പാരീസ് കമ്യൂണ്‍ ഒഴിച്ചു നിര്‍ത്തിയാല്‍, മാനിഫെസ്റ്റോവിന്റെ നിഗമനങ്ങളെ പൂര്‍ണമായും ശരിവെക്കാനായില്ല. മാര്‍ക്‌സും എംഗല്‍സും മുന്‍കൂട്ടി കണ്ട ഇംഗ്ലീഷ് വിപ്ലവവും ജര്‍മന്‍ വിപ്ലവവുമെല്ലാം ഭാവുകസ്വപ്നങ്ങള്‍ മാത്രമായി ചരിത്രത്തിലലിഞ്ഞു ചേരുകയാണുണ്ടായത്.
1917-ല്‍ റഷ്യന്‍ വിപ്ലവം (ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം) പുതിയ ചരിത്രം സൃഷ്ടിച്ചു. റഷ്യയില്‍ വിപ്ലവം നടന്നില്ലായിരുന്നുവെങ്കില്‍, തൊഴിലാളി വര്‍ഗവാദം തിരോഭവിക്കുമായിരുന്നോ എന്ന് ചിന്തിക്കുന്നതിലര്‍ഥമില്ലെങ്കിലും വി.ഐ ലെനിനും റഷ്യന്‍ വിപ്ലവവുമാണ് മാര്‍ക്‌സിസ്റ്റ് വിപ്ലവ സിദ്ധാന്തത്തിന് ചരിത്രത്തില്‍ സാധുത നല്‍കിയത് എന്ന കാര്യം വിസ്മരിക്കാവതല്ല. പക്ഷേ, ഒരു നൂറ്റാണ്ട് തികക്കുന്നതിന് മുമ്പ് തന്നെ, സോവിയറ്റ് റഷ്യ അതിന്റെ അന്ത്യരംഗങ്ങള്‍ ഏറ്റവും വൃത്തികെട്ട രീതിയില്‍ അഭിനയിച്ചുതീര്‍ത്തു. റോസാ ലക്‌സംബര്‍ഗ് ഒരിക്കല്‍ ഭയപ്പെട്ടതുപോലെ, റഷ്യന്‍ വിപ്ലവം ചരിത്രത്തിലെ ഏറ്റവും വലിയ ട്രാജഡിയായി മാറി. 1917-ല്‍ വിപ്ലവം നടത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ് 1991-ല്‍ വിപ്ലവത്തെ അട്ടിമറിച്ചത്. പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ വിപ്ലവത്തിനെതിരെ ആക്രമണമഴിച്ചുവിട്ടപ്പോള്‍ 'സി.പി.എസ്.യുവില്‍ അവശേഷിച്ച 15 ദശലക്ഷം കമ്യൂണിസ്റ്റുകാര്‍ ദിശാബോധം നഷ്ടപ്പെട്ടു' ഇതികര്‍ത്തവ്യതാമൂഢരായി നില്‍ക്കുന്ന കാഴ്ചക്ക് ലോകം സാക്ഷ്യം വഹിച്ചു. 'വ്യക്തികള്‍ എങ്ങനെയുള്ളവരാണെന്നത് അവരുടെ ഉല്‍പാദനത്തിന്റെ ഭൗതിക സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു'വെന്ന് മാര്‍ക്‌സിനെ വായിച്ച് മനസ്സിലാക്കിയവരാരും ഇനി മുതല്‍ സോഷ്യലിസ്റ്റ് സ്വപ്നങ്ങളില്‍ ആമഗ്നരാവില്ലെന്ന ആശ്വാസത്തിലാണ് പിന്നീടങ്ങോട്ടുള്ള കാലം ലോക മുതലാളിത്തം മുന്നോട്ടുപോയത്. റഷ്യയില്‍ മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടു; ചൈനയില്‍ തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ തീവ്രത കുറഞ്ഞു; ആഗോളവത്കരണവും സാമ്പത്തിക ഉദാരവത്കരണവും മാര്‍ക്കറ്റ് ഫണ്ടമെന്റലിസവും സര്‍വവ്യാപിയായി. വിവര വിജ്ഞാനം പുതിയ പ്രബുദ്ധതയുടെ പ്രയോക്താവായി. മുതലാളിത്തത്തിന് ബദലുകളില്ലെന്നും ചരിത്രത്തിന്റെ അന്ത്യ വ്യവസ്ഥയാണെന്നും ബുദ്ധിജീവികള്‍ ചിന്തിച്ചു തുടങ്ങി. ഇങ്ങനെ ചിന്താസക്തി ഒരു ഭാഗത്തും, യാഥാര്‍ഥ്യങ്ങള്‍ മറുഭാഗത്തും നിന്നുകൊണ്ട് മല്‍പിടുത്തം നടത്തുന്നതിനിടക്കാണ് 2008-ല്‍ വാള്‍സ്ട്രീറ്റ് വീണ്ടും തലകുത്തി വീഴുന്നത്. മുതലാളിത്തം എന്ന അന്ധവിശ്വാസത്തിന്റെ അടിത്തറയിളകിയിരിക്കുന്നുവെന്നും തീര്‍ത്താല്‍ തീരാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കത് അതിവേഗം നിപതിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള സത്യം അതോടെ അനാഛാദാനം ചെയ്യപ്പെട്ടു. ഈ തിരിച്ചറിവില്‍ നിന്നാണ് പുതിയ അന്വേഷണങ്ങള്‍ ഉയിരെടുക്കുന്നത്. ആഗോളവത്കരണ കാലഘട്ടം, യൂറോ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ അപവ്യാവസായീകരണത്തിന്റെ പുതിയ സാമ്പത്തിക സാഹചര്യം സംജാതമാക്കിയിട്ടുണ്ടെങ്കിലും മുതലാളിത്ത ചൂഷണത്തിന്റെ പുതിയ രീതികളുപയോഗിച്ച് അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ അന്വേഷണങ്ങളില്‍ ഭാഗഭാക്കാവാതെ, സംഘടിത തൊഴിലാളി വര്‍ഗത്തിന് നിലനില്‍ക്കാനാകുമോ എന്ന പുതിയ ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ ചോദ്യങ്ങളുയര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്നതാണ് അറബ് വസന്തത്തിന്റെയും വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെയും ചരിത്ര പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഈ പുതിയ ലോക സാഹചര്യത്തില്‍ തൊഴിലാളി വര്‍ഗത്തെയും തൊഴിലാളി വര്‍ഗ വാദത്തെയും അതിന്റെ രാഷ്ട്രീയ പ്രസക്തിയെയും സംബന്ധിച്ചുള്ള പ്രത്യേക പ്രശ്‌നങ്ങളെയുമാണ് ഈ പ്രബന്ധം അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത്.
അറബ് വസന്തവും വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രക്ഷോഭവും പ്രദ്യോതിപ്പിക്കുന്നത് മധ്യവര്‍ഗത്തിന്റെ കലാപ ബോധവും അതിന്റെ സാധ്യതകളും മാത്രമാണെന്ന വാദഗതിയില്‍നിന്ന് നമുക്കാദ്യം മുന്നോട്ടുപോവേണ്ടതുണ്ട്. മധ്യവര്‍ഗമായിരുന്നു അതിന്റെ മുന്നണി പടയാളികളെങ്കിലും തുനീഷ്യയിലും ഈജിപ്തിലും യമനിലുമെല്ലാം കണ്ടതുപോലെ തൊഴിലാളി വര്‍ഗത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും വീട്ടമ്മമാരുടെയും വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുടെ സംഘാതത്തില്‍ നിന്നുരുത്തിരിഞ്ഞ് വന്ന ഒരു സംഘബോധത്തെ കൂടി അതിന് പ്രതിനിധാനം ചെയ്യാന്‍ സാധിച്ചു. വാള്‍സ്ട്രീറ്റിലെത്തുമ്പോള്‍ ഈ പ്രതിനിധാനം കൂടുതല്‍ സാന്ദ്രീകരിക്കപ്പെടുകയും കൂടുതല്‍ ശക്തമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളുല്‍പാദിപ്പിക്കാന്‍ കരുത്തു നേടുകയും ചെയ്തു. 99 ശതമാനം ഒരു ശതമാനത്തിനെതിരെയെന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരുടെ മുദ്രാവാക്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തെ രൂപകല്‍പന ചെയ്യാന്‍ മാത്രം ഊര്‍ജവത്താണ്. ഈ മുദ്രാവാക്യമുയര്‍ത്തിയവര്‍, പീഡിതരുടെ ഒരു പുതിയ വര്‍ഗത്തിന്- ചോംസ്‌കി വിശേഷിപ്പിക്കുന്നത് പോലെ Precariat എന്ന പീഡിത വര്‍ഗത്തിന്- ജന്മം നല്‍കിക്കൊണ്ടാണ് രണ്ടാഴ്ചക്കാലത്തെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിന്‍വാങ്ങിയത്. യൂറോപ്യന്‍ നാടുകളില്‍ അത് സൃഷ്ടിച്ച രാഷ്ട്രീയാവബോധത്തെ സ്വാംശീകരിക്കാനോ മുന്നോട്ടു നയിക്കാനോ പരമ്പരാഗത ഇടതുപക്ഷം അശക്തമാണന്ന നിരീക്ഷണം ഏറെക്കുറെ വസ്തുനിഷ്ഠമാണ്. അതേസമയം പീഡിത വര്‍ഗമെന്ന ആശയത്തിന് ഭൗതികശക്തിയായി പരിണമിക്കാന്‍ അമേരിക്കന്‍ സമൂഹത്തില്‍ കുറച്ചെങ്കിലും സാധ്യമാവുകയുണ്ടായി എന്നത് അവഗണിക്കാനാവാത്ത വസ്തുതയാണ്.
അറബ് നാടുകളെ സംബന്ധിച്ചേടത്തോളം അത് വ്യത്യസ്ത ആശയങ്ങളുടെയും മത ഭിന്നതകളുടെയും ആന്തരിക വൈരുധ്യങ്ങളില്‍ പെട്ട് വസന്തം സൃഷ്ടിച്ച സംഘബോധത്തോട് വിട പറയുകയാണുണ്ടായത്. പ്രത്യേകിച്ചും ഈജിപ്തിലെ സംഭവവികാസങ്ങള്‍ ഒട്ടും തന്നെ ആശാവഹമല്ല. മതമൗലികവാദത്തിനെതിരെയെന്ന വ്യാജേന സാമ്രാജ്യത്വ പക്ഷംചേരുന്ന അറുപിന്തിരിപ്പന്‍ നിലപാടാണ് ഈജിപ്തിലെ സംഘടിത തൊഴിലാളി വര്‍ഗം സ്വീകരിച്ചുപോരുന്നത്. സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത അമേരിക്കയില്‍ തൊഴിലാളി വര്‍ഗം പീഡിത വര്‍ഗമുന്നേറ്റത്തോട് പ്രകടിപ്പിച്ച ഐകമത്യം ഒരുപക്ഷേ, അതിന്റെ കഴിഞ്ഞകാല ചരിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ പുരോഗമനപരവും വിപ്ലവകരവുമാണ്. സാമൂഹികനീതിക്കും സാമ്പത്തിക തുല്യതക്കും വേണ്ടി അറുപതുകളില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് (ജൂനിയര്‍) നേതൃത്വം നല്‍കിയ പൗരാവകാശ പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലും മുഖം തിരിച്ച് നിന്ന പാരമ്പര്യമാണ് അമേരിക്കന്‍ തൊഴിലാളി വര്‍ഗത്തിനുള്ളത്. '30-കളിലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം സംഘടിതമായ വിലപേശല്‍ സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഡമോക്രാറ്റിക് പാര്‍ട്ടിക്കാര്‍ക്കിടയില്‍ ലോബികളുണ്ടാക്കിയും അവര്‍ക്ക് കനത്ത തെരഞ്ഞെടുപ്പ് സംഭാവനകള്‍ നല്‍കിയും സ്വന്തം കാര്യം നേടിയെടുക്കാന്‍ നോക്കുന്ന സമീപനമാണ് തൊഴിലാളി സംഘടനകള്‍ അവലംബിച്ചുപോന്നിരുന്നത്. അപമാനകരമായ ഈ പാരമ്പര്യത്തില്‍ നിന്നും സംഘടിത തൊഴിലാളിവര്‍ഗത്തെ രണ്ടാഴ്ചക്കാലത്തെങ്കിലും വേര്‍പെടുത്താന്‍ വാള്‍സ്ട്രീറ്റ് സമരത്തിന് സാധിച്ചുവെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി നേതാവായ Deanhubbard നിരീക്ഷിക്കുന്നത്.
തുടക്കത്തില്‍ വ്യവസ്ഥാപിത തൊഴിലാളി സംഘടനകള്‍ വിട്ടുനിന്നെങ്കിലും തുറമുഖ തൊഴിലാളികളിലൊരു വിഭാഗം പണിമുടക്കി. തുറമുഖമടച്ചിട്ട് അവര്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ക്കൊപ്പം അണിനിരക്കാന്‍ തയാറായി. തൊഴില്‍ നിയമലംഘനത്തിന്റെ പേരിലുള്ള പ്രത്യാഘാതങ്ങളൊന്നും വകവെക്കാതെയാണ് അവര്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നത്. വ്യവസ്ഥാപിത യൂനിയനുകളെ പ്രക്ഷോഭത്തിലെത്തിച്ചത് ഈ തൊഴിലാളികളുടെ ധീരമായ സമീപനമാണ്. വ്യവസ്ഥാപിത യൂനിയനുകള്‍ രംഗപ്രവേശം ചെയ്തതോടെ പ്രക്ഷോഭം കരുത്താര്‍ജിക്കുകയും ചെയ്തു. സാമ്പത്തിക തുല്യതയുടെ പ്രശ്‌നം മാത്രമല്ല, സാമൂഹിക നീതിയുടെ പ്രശ്‌നവും ചര്‍ച്ചാ വിഷയമായി എന്നതാണതിന്റെ സവിശേഷമായ വശം. അധികാര സ്ഥാപനങ്ങളിലെ വംശവിവേചനം, കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനപരമായ സമീപനം തുടങ്ങി അമേരിക്കന്‍ സമൂഹം രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഒരു കാലഘട്ടം ആവിര്‍ഭവിച്ചു. ബുഷ് ഭരണകാലത്ത് ധ്രുതഗതിയില്‍ വലതുപക്ഷവത്കരിക്കപ്പെടുകയും നവലിബറല്‍ നയങ്ങളെ ആരാധിച്ചുപോരുകയും ചെയ്ത ഒരു സമൂഹം ഇടതുപക്ഷം ചേര്‍ന്ന് ചിന്തിക്കാന്‍ ശീലിക്കുന്നുവെന്നുള്ളത് ചെറിയ കാര്യമല്ല. പീഡിതവര്‍ഗത്തിന്റെ രാഷ്ട്രീയ സാന്നിധ്യം സമകാലിക ചരിത്രത്തില്‍ സുസ്ഥാപിതമാവുന്നതിന്റെ പ്രത്യക്ഷ ലക്ഷണം തന്നെയാണത്.
യൂറോ-അമേരിക്കന്‍ തൊഴിലാളികളുടെ വര്‍ഗബോധത്തെ ഭരണകൂട താല്‍പര്യങ്ങള്‍ക്ക് വിധേയപ്പെടുത്തുന്ന വ്യാവസായിക ബന്ധങ്ങള്‍ക്ക് (Industrial Relations), സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്ണതയും ആഴവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എത്രകാലം സുസ്ഥിരമായി നിലനില്‍ക്കാനാവുമെന്ന കാര്യം  പ്രവചനാതീതമാണ്. സ്വകാര്യ മേഖലയില്‍ തൊഴിലാളി സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമില്ലെങ്കിലും സ്വകാര്യ മേഖലയുടെ തകര്‍ച്ചാ പ്രവണതകള്‍ തൊഴിലാളികളുടെ സംഘബോധ രൂപീകരണത്തെ കാര്യമായി സ്വാധീനിക്കാനിടയുണ്ട്. ഇംഗ്ലണ്ടിലെ സ്വകാര്യ മേഖലയെക്കുറിച്ച് ബ്രിട്ടനില്‍ നടത്തിയ ഒരു പഠനമനുസരിച്ച്, സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ ഭൂരിപക്ഷവും സ്വന്തം പ്രശ്‌നങ്ങള്‍ വ്യക്തിപരമായി മാനേജ്‌മെന്റിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതിലാണ് താല്‍പര്യം പ്രകടിപ്പിക്കുന്നത്. മത്സരാധിഷ്ഠിത സാഹചര്യം ഇത്തരത്തിലുള്ള സഹകരണത്തിന്റെ പുതിയ സാധ്യതകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും തൊഴില്‍ ദായകന്‍ തൊഴിലാളിയുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ എത്രത്തോളം താല്‍പര്യപ്പെടുന്നുവെന്നതിനെ ആശ്രയിച്ചു മാത്രമാണ് അത് നിലനില്‍ക്കുന്നത് (Prof. David Mardeson. Industrial Relations. London School of Economics. The Human factor. Vol. 3 Sept 2012). ഉല്‍പാദനമേഖലയിലെ മേല്‍തട്ടുകാരുടെ സ്ഥിതി മാത്രമാണത്. കീഴ്ത്തട്ടിലിപ്പോഴുള്ളവരില്‍ ഭൂരിപക്ഷവും കുടിയേറ്റക്കാരാണ്. യൂറോപ്യന്‍ ജനസംഖ്യയിലിപ്പോള്‍ ഏതാണ്ട്  അഞ്ചു ശതമാനം മുസ്‌ലിം കുടിയേറ്റക്കാരാണ്. ഇവരില്‍ ഭൂരിപക്ഷവും അനൗദ്യോഗിക തൊഴില്‍ മേഖലയിലാണുള്ളത്. മാത്രമല്ല, തൊഴില്‍ മേഖലയില്‍ തന്നെ ഒരു തട്ടുവ്യവസ്ഥ രൂപം കൊണ്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ള പ്രഫഷണലുകള്‍ താരതമ്യേന വിലപേശല്‍ ശേഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കാരണം സ്വകാര്യ മേഖലയിലെ സംഘടിത തൊഴിലാളി വര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്നത് ഈ വിഭാഗമാണ്. ഏറ്റവും താഴെ തട്ടിലുള്ളവര്‍ സാമ്പത്തിക ചൂഷണമെന്ന പോലെ രാഷ്ട്രീയ ചൂഷണവും അനുഭവിക്കുന്നുണ്ട്. സാംസ്‌കാരിക ബഹുസ്വരതയോടുള്ള യൂറോപ്പിന്റെ മാറിയ സമീപനം, അന്താരാഷ്ട്ര ന്യൂനപക്ഷാവകാശ നിയമങ്ങളുടെ അപര്യാപ്തതകള്‍, മതപരമായ വിവേചനങ്ങള്‍, പൗരത്വ പ്രശ്‌നങ്ങള്‍, ഭീകരവിരുദ്ധ നിയമത്തിന്റെ വിവേചനപരമായ നടപടികള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാല്‍ പീഡിതരായ വിഭാഗങ്ങളാണ് ഉല്‍പാദന മേഖലയുടെ അടിത്തട്ടിലുള്ളവര്‍. യൂറോപ്പിന്റെ 'പച്ചച്ചേരി നിവാസികള്‍' (Green Ghettos) എന്നാണിവര്‍ വിശേഷിപ്പിക്കപ്പെടുന്നത്. വികസിത രാഷ്ട്രങ്ങളിലെ തൊഴില്‍ മേഖലയില്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള പീഡിത സമൂഹങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ഭരണകൂടങ്ങളുടെ പക്ഷം ചേര്‍ന്നുകൊണ്ട് വീക്ഷിക്കുന്ന ഒരു പൊതു പ്രവണതക്കാണ് വ്യവസ്ഥാപിത സംഘടനകളുടെ നിലപാടുകളില്‍ ഇപ്പോഴും മുന്‍തൂക്കമുള്ളത്.
ആഗോളവത്കരണ കാലഘട്ടം വികസിത മുതലാളിത്ത രാഷ്ട്രങ്ങളെ De-industrialise ചെയ്യുന്നുവെന് വാദം ശരിവെക്കുമ്പോള്‍ തന്നെ, തൊഴിലെടുക്കുന്നവരുടെ പീഡിത വര്‍ഗത്തെ അത് ലോകവ്യാപകമായി ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. ഈ പീഡിത വര്‍ഗത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് തൊഴിലാളി വര്‍ഗത്തിന്റെ ബൂര്‍ഷ്വാ വിധേയത്വത്തിനും അരാഷ്ട്രീയ നിലപാടുകളിലും ചെറിയ തോതിലെങ്കിലും മാറ്റം വരുത്താനാവുമെന്നാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകാലത്ത് അമേരിക്കന്‍ തൊഴിലാളി വര്‍ഗത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട പുരോഗമന പ്രവണതകള്‍ തെളിയിക്കുന്നത്. അതേസമയം വളര്‍ച്ച മുരടിച്ച് അറുപിന്തിരിപ്പന്‍ ചിന്താഗതികളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന യൂറോ-അമേരിക്കന്‍ തൊഴിലാളി വര്‍ഗത്തിന് എത്രത്തോളം പുരോഗമനപരമായി സ്വയം പരിണമിക്കാനാവും എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. 'വളരുന്ന വര്‍ഗം' എന്ന ചരിത്രപരമായ അനുകൂല ഘടകം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വ്യവസായ  തൊഴിലാളി വര്‍ഗത്തിന് പുതിയ കാലഘട്ടം മുന്നോട്ടു വെക്കുന്ന പുരോഗമന ശക്തികളുടെ നേതൃപദവി അവകാശപ്പെടാന്‍ യോഗ്യതയുണ്ടോ എന്നതാണ് മുഖ്യ പ്രശ്‌നം. ഇതൊരു യൂറോപ്യന്‍ പ്രശ്‌നമല്ല. സാര്‍വലൗകികമായി തന്നെ തൊഴിലാളി വര്‍ഗ രാഷ്ട്രീയം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണിത്. തൊഴിലാളി വര്‍ഗത്തിന്റെ ബൗദ്ധിക കര്‍തൃത്വമായി (Intelligent Agency) മാര്‍ക്‌സിസം അവതരിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സമകാലീനമായ ഈ സന്ദിഗ്ധതകളെ ആശയപരമായി അഭിസംബോധന ചെയ്യാനുള്ള ഉള്‍ക്കരുത്തില്ലാതാവുമ്പോഴാണ് പ്രശ്‌നം പ്രതിസന്ധിയായി മാറുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നത് കേട്ടാല്‍ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടതാണ്. ''ഒരു വശത്ത്, കമ്യൂണിസ്റ്റുകാര്‍ പ്രായോഗികമായി ഏതൊരു രാജ്യത്തും തൊഴിലാളി വര്‍ഗ പാര്‍ട്ടികളില്‍ വെച്ച് മുന്‍പന്തിയില്‍ നില്‍ക്കുന്നതും, ഏറ്റവും നിശ്ചയദാര്‍ഢ്യമുള്ളതും മറ്റുള്ളവരെയെല്ലാം മുന്നോട്ടു തള്ളിനീക്കുന്നതുമായ വിഭാഗമാണ്. മറുവശത്താകട്ടെ, തൊഴിലാളി-ബഹുജനങ്ങള്‍ക്കില്ലാത്ത മെച്ചം അവര്‍ക്കുണ്ട്. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടു പോവാനുള്ള വഴി, ഉപാധികള്‍, പരമമായ പൊതു ഫലങ്ങള്‍ എന്നിവയെപ്പറ്റി അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്'' എന്നാണ് മാനിഫെസ്റ്റോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്‍കുന്ന നിര്‍വചനം.
അതേസമയം, തൊഴിലാളി വര്‍ഗമൊഴിച്ച് ബൂര്‍ഷ്വാസിക്കെതിരായി പോരാടുന്ന മറ്റു വിഭാഗങ്ങളെല്ലാം ഭൂലോക ചെറ്റകളും 'പഴയ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നെടുത്തെറിയപ്പെട്ടവരും നിഷ്‌ക്രിയമായി നശിച്ചുകൊണ്ടിരിക്കുന്നവരുമായ ഒരു കൂട്ടം' മാത്രമാണെന്നും മാനിഫെസ്റ്റോ പറയുന്നുണ്ട്. മാനിഫെസ്റ്റോ മാത്രം വായിച്ചതുകൊണ്ട് ഇന്നത്തെ കാലത്ത് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും 'കമ്യൂണിസ്റ്റാ'വാന്‍ കഴിയില്ല. മനുഷ്യനെ വായിക്കാന്‍ പഠിക്കണം. മാര്‍ക്‌സും എംഗല്‍സും വായിച്ചു പഠിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊമ്പതാം നൂറ്റാണ്ടിലെയും മനുഷ്യരുടെ ചരിത്രമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജീവനുള്ള മനുഷ്യരും അവരുടെ ജീവിതവും ഐഡിയോളജിയുമാണ് നമ്മുടെ മുമ്പിലുള്ള ലോകം. ഈ ലോകത്തിലെ മനുഷ്യരെയും അവരുടെ ആശയങ്ങളെയും സംസര്‍ഗരൂപങ്ങളെയും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്ത കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു നല്ല മാര്‍ക്‌സിസ്റ്റാവാന്‍ സാധിക്കുകയില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍