Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

യാത്രാന്തം മിശ്രവിചാരം

യാത്ര പി.വി സഈദ് മുഹമ്മദ്

''ഒരറിയിപ്പുണ്ട്. അടുത്ത ശനിയാഴ്ച ഞങ്ങളുടെ സ്‌പോര്‍ട്‌സ് പരിപാടികള്‍ നടക്കുകയാണ്. ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങി വിവിധ ഇനങ്ങളുണ്ട്. ടീമില്‍ പെട്ടവര്‍ മാത്രമല്ല എല്ലാവരും വന്ന് കാണികളായും ഇതില്‍ പങ്കാളികളാകണമെന്നും ഐ.എ.എന്‍.ടിയുടെ സമൂഹ പരിപാടികളെ സജീവമാക്കണമെന്നും അഭ്യര്‍ഥിക്കുന്നു. പങ്കെടുക്കുന്നവര്‍ക്കുള്ള ഫോമും വിശദവിവരങ്ങളും ഫ്രണ്ട് ഡസ്‌കില്‍ ലഭിക്കുന്നതാണ്.''
അഭ്യര്‍ഥന കേട്ടത് ഒരു യോഗ പരിപാടി കഴിഞ്ഞല്ല. സംഘടനാ വാര്‍ഷികത്തിലല്ല; സ്‌കൂള്‍ പി.ടി.എ യോഗത്തിലുമല്ല. പള്ളിയിലെ മിമ്പറിനു താഴെ മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞയുടനെ ഇമാമിന്റെ വക: 'സഹോദരന്‍ .... നു ഒരറിയിപ്പ് നല്‍കാന്‍ ഉണ്ട്;' ശേഷം വന്നതാണത്.  അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തിലെ ഡാളസിനടുത്ത് റിച്ചഡ്‌സണ്‍ എന്ന ചെറുനഗരത്തിലെ സാമാന്യം തലയെടുപ്പുള്ള പള്ളിയാണ് ഐ.എ.എന്‍.ടി(ഇസ്‌ലാമിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ്)യുടേത്. വെടിപ്പും വൃത്തിയുമുള്ള കെട്ടിടവും പരിസരവും. ആവശ്യത്തിനു പാര്‍ക്കിങ്ങ് സൗകര്യം. അത് നിര്‍ബന്ധമാണ്. വളരെയടുത്ത് താമസിക്കുന്നവരൊഴികെ ഭൂരിഭാഗവും കാറിലാണ് പള്ളിയിലെത്തുന്നത്. ജുമുഅ അല്ലാത്ത മറ്റു സംഘടിത നമസ്‌കാരങ്ങള്‍ക്കും, കേരളത്തിലെ പല മുസ്‌ലിം ജനവാസ കേന്ദ്രങ്ങളിലുള്ളതിനേക്കാള്‍ ആളുകള്‍ ഒത്തു കൂടും. പ്രായമേറെയുള്ള തുര്‍ക്കിവംശജന്‍ ഇമാമിന്റെ അഴഞ്ഞു കുഴഞ്ഞ പാരായണമാണെങ്കിലും നിശ്ശബ്ദതയും ഭക്തിയും മുറ്റിനില്‍ക്കുന്ന പ്രാര്‍ഥനാ വേളകള്‍.  ഡാളസ് നഗരവും പരിസര പ്രദേശങ്ങളും താരതമ്യേന കൂടിയതും പ്രകടവുമായ മുസ്‌ലിം സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്ന പള്ളികളും കാണാം അതിന്റെ അടയാളമായി. കമ്യൂണിറ്റിയിലെ അംഗങ്ങള്‍ ഭൂരിഭാഗവും അമേരിക്കയില്‍ സ്ഥിര താമസമാക്കിയ പൗരന്മാരോ സ്ഥിരവാസക്കാരോ ആയ അറബ് വംശജര്‍, ഇന്ത്യാ-പാക്-ബംഗ്ലാദേശ് ഉപഭൂണ്ഡത്തില്‍ നിന്നുള്ളവര്‍, ആഫ്രിക്കന്‍ വംശജര്‍ എന്നിവര്‍.
തുടങ്ങി വെച്ചത് ബാഡ്മിന്റണില്‍ ആയിരുന്നല്ലോ. റിച്ചഡ്‌സണിലും അതു പോലുള്ള മറ്റു അമേരിക്കന്‍ നഗരങ്ങളിലുമുള്ള മുസ്‌ലിം കമ്യൂണിറ്റികള്‍ തങ്ങള്‍ക്കാവശ്യമുള്ള വിനോദ കായിക പരിപാടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയം നടത്തുകയാണ്. ഇതില്‍ കാര്യം രണ്ടാണ്. ഒന്ന്, തങ്ങളുടെ കുട്ടികള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങളും അറബി ഭാഷയും ഒപ്പം സര്‍ക്കാര്‍ (പൊതു) വിദ്യാലയങ്ങളില്‍ ലഭ്യമായ സാധാരണ ഭാഷാ-വിജ്ഞാനീയ ഇനങ്ങളും ഉള്‍ക്കൊള്ളുന്ന  ഉദ്ഗ്രഥിത സിലബസ് വേണമെങ്കില്‍ അതിനു സ്വന്തമായി സ്ഥാപനം തന്നെ നടത്തണം. അതിനാല്‍ പൊതു വിദ്യാലയങ്ങളില്‍ ലഭ്യമായ അത്തരം അവസരങ്ങള്‍ ലഭിക്കാത്ത കൗമാരപ്രായക്കാര്‍ക്കും ഒപ്പം കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിനുള്ള ഇടവും അവസരവും പള്ളിയോടനുബന്ധിച്ച് തന്നെ ഒരുക്കുന്നു.  രണ്ട്, അമേരിക്കന്‍ സമൂഹത്തിന്റെ പൊതുധാരയില്‍ സാമാന്യമായി ഇഴുകിച്ചേര്‍ന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു വിഭാഗമാണ് അവിടത്തെ മുസ്‌ലിംകള്‍. അത് പറയുമ്പോള്‍ മൊത്തം അമേരിക്കന്‍ സമൂഹം തന്നെ വംശീയമായി ഒരു സങ്കരമാണ് എന്നതും ഓര്‍ക്കണം.  എണ്ണത്തില്‍ വെളുത്ത വര്‍ഗക്കാറുള്ള അത്ര തന്നെ മെക്‌സിക്കോ, തെക്കന്‍ അമേരിക്ക, പ്യൂയേട്ടോ റിക്കോ തുടങ്ങിയ നാടുകളില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള കറുത്ത വര്‍ഗക്കാരും ഇരുനിറ വര്‍ഗങ്ങളും ഏഷ്യന്‍ വംശജരും ഉണ്ട്. സ്വദേശി ജനത എന്ന നിലയിലുള്ള സാമൂഹികമായ ഒരു ഉദ്ഗ്രഥനം താരതമ്യേന കുറവാണെന്നര്‍ഥം. അതുകൊണ്ട് തന്നെ, ഇന്ത്യയിലോ പാകിസ്താനിലോ നമുക്ക് ചിന്തിക്കാന്‍ പറ്റാത്ത വിധം മുസ്‌ലിം സ്‌പോര്‍ട്‌സ് ദിനമോ ഹിന്ദു സ്‌പോര്‍ട്‌സ് ദിനമോ അവിടെ ഉണ്ടായാല്‍ അതില്‍ അത്രയൊന്നും നെറ്റി ചുളിയില്ല. സമൂഹത്തിന്റെ സമഗ്രമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ദീനിന്റെ തന്നെ ഭാഗമായി പള്ളിയില്‍ അത്തരം കാര്യങ്ങള്‍ കേന്ദ്രീകരിക്കുന്നത് പൗരസഞ്ചയത്തിനും  അവിടത്തെ മുസ്‌ലിംകള്‍ക്കും വളരെ സ്വാഭാവികം.
* * *
അമേരിക്കക്കാര്‍ക്ക് ബാഹ്യലോകം ഉള്‍പ്പെടുന്ന പൊതുവിജ്ഞാനം കുറവാണെന്നോ വിവരക്കേട് കൂടുതലാണെന്നോ പറഞ്ഞാല്‍ അതത്ര തെറ്റാവുകയില്ല. പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് നന്നെ കുറച്ചേ അവര്‍ അറിയുകയും ചിന്തിക്കുകയും ചെയ്യുന്നുള്ളൂ എന്നു തോന്നും. വല്ലതും ഉണ്ടെങ്കില്‍ അത് തങ്ങള്‍ കാണുന്ന തരം ടി.വി ചാനലുകള്‍ ഫീഡ് ചെയ്യുന്ന ദൃശ്യങ്ങളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നത് മാത്രം. എന്നാല്‍, അവരുടെ ഭരണകൂടം സ്വന്തം കാര്യത്തെക്കാള്‍ മറ്റു രാജ്യങ്ങളെക്കുറിച്ചും അവിടത്തെ ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ടേയിരിക്കുകയും അവിടെയെല്ലാം പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നു തന്നെയാണ് തദ്ദേശീയര്‍ക്കെല്ലാം തോന്നാറ്. അതിനെക്കുറിച്ചു വേറെ കുറെ പറയാനുണ്ടാകും.  അറ്റ്‌ലാന്റയിലെ ഔട്‌ലെറ്റ് മാള്‍ എന്ന ബൃഹത്തായ ഷോപ്പിംഗ് സമുച്ചയത്തില്‍ ഒട്ടനവധി ആഗോള ബ്രാന്റുകളുടെ ഷോറൂമുകള്‍ കാണാം. അതില്‍ ഒരു കടയില്‍ കയറി ജീവനക്കാരിയുമായി സംസാരിക്കുമ്പോള്‍ കൂടെയുള്ള, ഇസ്‌ലാമിക വസ്ര്തം ധരിച്ച സ്ത്രീകളെ കണ്ട് പരിചയപ്പെട്ടു. നിങ്ങള്‍ ഏത് രാജ്യക്കാരാണ്, പാകിസ്താന്‍ ആണോ എന്നായി ചോദ്യം. അല്ല ഇന്ത്യക്കാരാണ് എന്ന് പറഞ്ഞപ്പോള്‍ 'അല്ല, അപ്പോള്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഉണ്ടോ?' പിന്നെ, ജനസംഖ്യയില്‍ പതിനഞ്ച് ശതമാനത്തോളം മുസ്‌ലിംകളാണെന്ന് പറഞ്ഞപ്പോള്‍, 'അത് ശരി,  ഞാന്‍ കരുതി ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമാണുള്ളതെന്ന്. ഇപ്പോള്‍ ഞാന്‍ ഒരു പുതിയ കാര്യം പഠിച്ചു.' പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഹൃദ്യമായ മര്യാദകളോടെ ഇടപഴകിയ ഈ വെള്ളക്കാരി, ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് വസിക്കുന്ന ഒരു രാജ്യത്തിന്റെ ജനസംഖ്യയെക്കുറിച്ചാണല്ലോ ഈ അജ്ഞത വെളിവാക്കിയത് എന്നോര്‍ത്തു പോയി.  
* * *
വിവരക്കേട് നമ്പര്‍ രണ്ട് കണ്ടത് അതിനേക്കാള്‍ വിവരം ഉണ്ടായിരിക്കേണ്ട ഒരിടത്ത് നിന്നാണ്. യു.എസ് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് ഭരമേല്‍പ്പിച്ച, യാത്രികരുടെയും ബാഗേജിന്റെയും സുരക്ഷാ പരിശോധന ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടി.എസ്.എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു) എന്ന സ്ഥാപനമാണ് വിമാനത്താവളത്തില്‍ യാത്രികരുടെ രേഖകള്‍ പരിശോധിച്ചു അകത്തേക്ക് കടത്തിവിടുന്നത്. ഞങ്ങളുടെ ടിക്കറ്റും പാസ്‌പോര്‍ട്ടും വായിച്ച് നോക്കുന്നതിനിടയില്‍ ഇന്ത്യയിലേക്കാണോ യാത്ര എന്നു ചോദ്യം. അല്ല ഞങ്ങള്‍ ലണ്ടന്‍ വഴി ദോഹയിലേക്കാണെന്ന് മറുപടി നല്‍കിയപ്പോള്‍,  എവിടെയാണീ 'ദോപ' എന്നായി ചോദ്യം. 'ദോപ' അല്ല 'ദോഹ' എന്ന് പറഞ്ഞപ്പോള്‍ 'ദോഹ? അതെവിടെയാണെ'ന്ന് വീണ്ടും. അറേബ്യന്‍ ഗള്‍ഫില്‍ ദുബൈ ഒക്കെ ഉണ്ടല്ലോ (ദുബൈ പറഞ്ഞതും അത്ര അങ്ങ് സ്റ്റേഷന്‍ പിടിച്ചില്ലെന്നാണ് തോന്നിയത്) അതിനടുത്തുള്ള ഖത്തറിന്റെ തലസ്ഥാനമാണ് എന്ന് ബോധവല്‍ക്കരിച്ച് സന്തോഷിപ്പിച്ചു (എന്ന് കരുതി) തല്‍ക്കാലം അതവസാനിപ്പിച്ചു.  ഒരു ടി.എസ്.എക്കാരന് ഇത്രയൊക്കെയേ വിവരമുള്ളൂ എന്ന അത്ഭുതം ബാക്കി.  
* * *
വിവരക്കേടുണ്ടാകാമെങ്കിലും പ്രഫഷണലിസത്തോടെ പ്രവൃത്തി ചെയ്യുന്നതിലും മര്യാദകളുടെ കാര്യത്തിലും ശരാശരി പൗരന്‍ ഒട്ടും മോശമല്ല. ടെക്‌സാസില്‍നിന്ന് ജോര്‍ജിയയിലേക്കുള്ള റോഡ് വഴിയുള്ള യാത്രക്കിടയില്‍ മിസിസിപ്പി സംസ്ഥാനം കടന്ന് പോകണം. ഓരോ സംസ്ഥാനത്തിലേക്കും റോഡ് വഴി പ്രവേശിക്കുന്നിടത്ത് ഒരു വെല്‍കം സെന്റര്‍ കാണും. വീതിയും വേഗതയും കൂടിയ ഹൈവേയില്‍ നിന്ന് അല്‍പം മാറി എക്‌സിറ്റ് വഴി സര്‍വിസ് റോഡില്‍ പ്രവേശിച്ചാല്‍ ഒരു കെട്ടിടം, കുറെ വാഹനങ്ങള്‍ക്ക് നിര്‍ത്താനുള്ള നല്ല തുറസ്സുള്ള ഇടം,  കെട്ടിടത്തിനുള്ളില്‍ ഒരു റിസപ്ഷന്‍ ഡസ്‌ക്, അതില്‍ പ്രദേശത്തെക്കുറിച്ചും മറ്റും ചോദിച്ചാല്‍ ഉത്തരം നല്‍കാന്‍ നിയമിതരായ ഒന്ന് രണ്ട് ഉദ്യോഗസ്ഥര്‍, സഞ്ചാരികള്‍ക്ക് ഉപകരിക്കുന്ന ടൂറിസ്റ്റ് ഗൈഡ്, ഭൂപടം, ലഘുലേഖകള്‍, വിസര്‍ജന മുറികളും അത്യാവശ്യം വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ എന്നിവയും കാണും. എല്ലാ സംസ്ഥാനങ്ങളുടെയും വെല്‍കം സെന്റര്‍ ഒരേ നിലവാരത്തിലുള്ളവയല്ല. മിസിസിപ്പി വെല്‍കം സെന്ററില്‍ എത്തിയത് ഏതാണ്ട് മധ്യാഹ്നം കഴിഞ്ഞ സമയത്ത്. ദുഹ്‌റും അസ്വ്‌റും കൂട്ടിയും ചേര്‍ത്തും നമസ്‌കരിക്കാന്‍ ഇനി മറ്റൊരിടം സൗകര്യപ്പെടാന്‍ സാധ്യതയില്ല. പുറത്ത് നമസ്‌കാരത്തിനു പറ്റിയ വിധം തിരക്കൊഴിഞ്ഞ സൗകര്യമുള്ള  പ്രതലം കണ്ടില്ല. അകത്താണെങ്കില്‍ നല്ല വിശാലമായ, ഏതാണ്ട് എട്ട് പേര്‍ക്കു മതിയാവുന്ന ഒഴിഞ്ഞ വൃത്തിയുള്ള സ്ഥലവും ഉണ്ട്. അവിടെ നമസ്‌കരിക്കാമോ എന്ന് സ്റ്റാഫിനോട് ചോദിച്ചപ്പോള്‍ ക്ഷമിക്കണം അതിനു വകുപ്പില്ലല്ലോ എന്നായിരുന്നു മറുപടി. എങ്കില്‍ ഞങ്ങള്‍ വേറെ സ്ഥലത്ത് ചെയ്തു കൊള്ളാം എന്ന് പറഞ്ഞു സസന്തോഷം ഇറങ്ങി. തിരിച്ച് വന്ന് അല്‍പം കഴിഞ്ഞ് വാഹനത്തില്‍ കയറിത്തുടങ്ങിയപ്പോള്‍ അതാ വരുന്നു അതേ സ്ര്തീ. ''ഞാന്‍ ഓഫിസറോട് ചോദിച്ചു. അദ്ദേഹം പറഞ്ഞിരിക്കുന്നു കുഴപ്പമില്ല, നിങ്ങള്‍ക്ക് അവിടെ തന്നെ നമസ്‌കരിക്കാം എന്ന്.'' അവിടെത്തന്നെ പോയി ജമാഅത്തായി എല്ലാവരും നമസ്‌കരിക്കുകയും ചെയ്തു. ഇസ്‌ലാം എന്നു കേട്ടാലും, മുഖമക്കന കണ്ടാലും ഹാലിളകുമെന്ന വ്യാപകമായ ധാരണ വൈയക്തിക തലത്തില്‍ ബാധകമല്ല എന്ന തോന്നലാണുണ്ടായത്.  
* * *
പല രാജ്യങ്ങളിലുമുള്ള ഒരു പ്രശ്‌നമാണ് ഹലാല്‍ മാംസം ചേര്‍ന്ന ഭക്ഷണം കിട്ടുക എന്നത്. ഹ്യൂസ്റ്റണില്‍ ജമീലാ ഗാര്‍ഡന്‍ 'ചൈനീസ് ഇസ്‌ലാമിക് ഫുഡ്' എന്ന അല്‍പം വിചിത്രമായി തോന്നിയ പേരുള്ളിടത്തെ നല്ല വിഭവങ്ങളുള്ള ബൂഫെ ഉച്ച ഭക്ഷണം കണ്ടെത്തിയത് ഒരു ദിവസം കഴിഞ്ഞായിരുന്നു.  അതിനുമുമ്പ് അന്വേഷണത്തില്‍ മനസ്സിലായത് നഗരമധ്യത്തില്‍ അത്തരം ഇടങ്ങള്‍ കുറവാണെന്നും ഒരു കെന്റകി ചിക്കന്‍ ഔട്‌ലെറ്റില്‍ അതുണ്ട് എന്നുമായിരുന്നു. ഒന്നു പോയി നോക്കാമെന്ന് കരുതി അല്‍പം പ്രയാസപ്പെട്ട് അവിടെ എത്തി, ചിക്കന്‍ ഹലാലാണല്ലോ എന്നുറപ്പ് വരുത്തി ഓര്‍ഡര്‍ ചെയ്തു. കൂട്ടത്തില്‍ കുറച്ച് സാന്‍ഡ്‌വിച്ച് കൂടി പറഞ്ഞു. മറുപടി ''പക്ഷേ, ചിക്കന്‍ഫ്രൈ മാത്രമാണ് ഹലാല്‍, സാന്‍ഡ്‌വിച്ചില്‍ ഉള്ളത് 'ഹറാം' ആണ്'' എന്നായിരുന്നു. അങ്ങനെ അതിനെ ഹറാം ആക്കി അവതരിപ്പിക്കല്‍ ഞങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ലെങ്കിലും  അവരുടെ സത്യസന്ധതയില്‍ മതിപ്പ് തോന്നി. അവര്‍ക്ക് വേണമെങ്കില്‍ അതൊന്നും പറയാതിരിക്കാമായിരുന്നല്ലോ.  
ഫ്‌ളോറിഡ സംസ്ഥാനത്ത് അമേരിക്കയുടെ ഏറ്റവും തെക്കെ അറ്റത്ത് കിടക്കുന്ന കീ വെസ്റ്റ് എന്ന മുനമ്പ്. അറ്റ്‌ലാന്റിക് മഹാസമുദ്രം ഇരുവശത്തുമായി നേരിയ ഒരു പാതയിലൂടെയുള്ള ആസ്വാദ്യകരമായ ഒരു സഞ്ചാരം. രസം തോന്നിയത് അതിനടുത്ത് മയാമിയുടെയും ഡെയ്‌റ്റോണയുടെയും കടല്‍തീരത്ത് ഓടുമ്പോള്‍ റോഡരികില്‍ അഭിമുഖമായി പണികഴിപ്പിച്ചിട്ടുള്ള വീടുകളുമൊക്കെ കാണുമ്പോള്‍, വൃത്തിയായ തോട്ടങ്ങളും മാലിന്യമില്ലാത്ത തെരുവോരങ്ങളും എന്ന വ്യത്യാസം ഒഴിച്ചാല്‍, കോഴിക്കോട് നഗരത്തിലെ കടല്‍തീരം പോലെ തന്നെ.  അതിനേക്കാള്‍ കൗതുകകരമായി കണ്ടത് മറ്റൊന്നാണ്. 'കീ വെസ്റ്റില്‍ നിറയെ ഇളനീര്‍. കീ വെസ്റ്റ് കോകനട്ട്' എന്ന ബോര്‍ഡ് വെച്ച് ഒന്നിനു മൂന്നു ഡോളര്‍ വിലയില്‍ കച്ചവടം പൊടിപൊടിക്കുന്നു. സൂര്യാസ്തമയം ഏതോ ഒരു അത്യപൂര്‍വ പ്രതിഭാസമാണെന്ന മട്ടില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ നോട്ടമിട്ട് നില്‍ക്കുന്നു സകലരും. നമ്മുടെ രാജ്യത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയില്‍ സന്ധ്യക്കെത്തി അസ്തമയവും, രാപാര്‍ത്ത് പിറ്റേന്ന് ഉദയവും കാണുന്ന വിനോദ സഞ്ചാരികള്‍ക്കില്ലാത്ത ഒരു ആര്‍ത്തി ഉള്ളതു പോലെ. ഇളനീര്‍ നല്‍കുന്നത് ഒരു റീചാര്‍ജബ്ള്‍ ഡ്രില്‍ കൊണ്ട് തുളച്ച് അതില്‍ ഒരു സ്‌ട്രോ ഇട്ട് കൊടുത്ത് കൊണ്ടാണ്. നീര് ഈമ്പിക്കുടിച്ച്് കഴിഞ്ഞാല്‍ സാധനം ഇടാന്‍ ഒരു വലിയ ബിന്‍. ഇളനീര്‍ കൊത്തിയെടുത്ത് ശിഷ്ടം അകത്തുള്ള കഷ്ണങ്ങള്‍ കഴിക്കാമെന്ന നാടന്‍ മോഹം നടപ്പില്ല. മുറിച്ച് കിട്ടാന്‍ മാര്‍ഗമില്ല. അതവിടെയുള്ള എച്ചില്‍കൂട്ടത്തില്‍ ഇടുക തന്നെ, മറ്റു പല അവശിഷ്ടങ്ങളുടെയും കൂട്ടത്തില്‍. പക്ഷേ പിന്നെ മറ്റൊരിടത്ത് വൃത്തിയായി അത്തരം ഇളനീര്‍ മാത്രം ശേഖരിച്ച് വെച്ചതായും അവിടെ ഇടുന്നതും കണ്ടു. ഉള്ളിലെ കഷ്ണങ്ങള്‍ എവിടെയോ കൊണ്ട് പോയി ഉപയോഗിക്കുന്നുണ്ടാവണം.  
* * *
ശൈത്യകാലമായതിനാല്‍, അമേരിക്കയുടെ തണുപ്പ് കൂടിയ വടക്കന്‍ നഗരങ്ങളില്‍ തല്‍ക്കാലം പോകണ്ട എന്നും തെക്കന്‍ സംസ്ഥാനങ്ങളില്‍ തന്നെ ഉള്ള ആകര്‍ഷണങ്ങളില്‍ സഞ്ചരിക്കാമെന്നുമാണ് കണ്ടത്. കുടിയേറ്റത്തിന്റെ സാന്ദ്രതകള്‍ കൂടുതല്‍ ദൃശ്യമായ പ്രദേശമാണ് ദക്ഷിണ സംസ്ഥാനങ്ങള്‍. മെക്‌സിക്കന്‍ വംശജരുടെ കാര്യം പറയുമ്പോലെ തന്നെ മൊത്തം ആഫ്രോ-അമേരിക്കന്‍ വിഭാഗങ്ങളിലെ ഭൂരിഭാഗം വസിക്കുന്നത് തെക്കന്‍ പ്രദേശങ്ങളിലാണ്.  ഒറ്റയടിക്ക് ഇതിന്റെ ചിത്രം കിട്ടണമെങ്കില്‍ വന്‍നഗരങ്ങളില്‍ പോകണമായിരിക്കും.  കാരണം,  അമേരിക്കന്‍ ജനസംഖ്യയുടെ നാലില്‍ മൂന്ന് ഭാഗം വസിക്കുന്നത് പട്ടണങ്ങളിലാണത്രെ.  അതുതന്നെ പകുതിയിലധികം വസിക്കുന്നത്, ഒരു ദശലക്ഷമോ അതില്‍ കൂടുതലോ ആളുകള്‍ വസിക്കുന്ന നാല്‍പതോളം വരുന്ന മെട്രോപോളിറ്റന്‍ നഗരങ്ങളില്‍. ദാരിദ്ര്യം കൂടുതല്‍ ദൃശ്യമാവുന്നതും നഗരവാസികള്‍ക്കിടയിലാണല്ലോ.
കുടിയേറ്റക്കാര്‍ ഏറ്റവുമധികം വരുന്നത് മധ്യഅമേരിക്കയില്‍ നിന്നാണ്- നാലില്‍ ഒരു ഭാഗം. ഒരു കണക്കനുസരിച്ച് സ്വദേശികളായി ജനിക്കാത്ത അമേരിക്കന്‍ പൗരന്മാര്‍ക്കിടയില്‍ ഇരുപത് ശതമാനത്തോളം മെക്‌സിക്കോയില്‍ നിന്നുള്ളവരായിരുന്നു. നാലില്‍ ഒന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അഞ്ചില്‍ ഒന്ന് യൂറോപ്പില്‍ നിന്നും പത്തില്‍ ഒന്ന് കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും അഞ്ച് ശതമാനം ആഫ്രിക്കയില്‍ നിന്നും. ഈ ബാഹുല്യം കാരണമാവാം കുടിയേറ്റക്കാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ ആണെന്ന് പറയപ്പെടുന്നു. ഈയിടെ വാഷിങ്ങ്ടണ്‍ പോസ്റ്റ്-ബ്ലൂംബര്‍ഗ് ന്യൂസില്‍ വന്ന ഒരു ലേഖനമനുസരിച്ച് അത്തരം ദരിദ്രജനങ്ങള്‍ക്കിടയില്‍ സ്‌കൂള്‍ ഉപേക്ഷിക്കുന്നവരുടെ ശതമാനം അറുപതിനടുത്താണത്രെ.  കറുത്തവര്‍ക്കിടയിലെ ആറു ശതമാനത്തിനു മേല്‍ ആളുകള്‍ ജയിലുകളില്‍ കഴിയുന്നു. കുറ്റകൃത്യങ്ങളിലും അവരുടെ പങ്ക് വളരെ വലുത് തന്നെ - കറുത്തവര്‍ക്കിടയില്‍ പരസ്പരം നടന്ന കൊലകള്‍ തന്നെ 1976-നു ശേഷം രണ്ടര ലക്ഷം കവിയുമത്രെ. കറുത്തവര്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് പതിനാല് ശതമാനവും ദാരിദ്ര്യ നിരക്ക് ഇരുപത്തെട്ട് ശതമാനവുമാണ്.
ഇതിനിടയിലാണ് മുഖ്യമായും കറുത്ത വര്‍ഗക്കാരും മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ ബാഹുല്യം ഒരു പ്രശ്‌നമായി അമേരിക്കയില്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പല തെരഞ്ഞെടുപ്പുകളിലും (2012-ലെ ഒബാമയുടെ രണ്ടാമൂഴം ഉള്‍പ്പെടെ) വ്യാപകമായ ചര്‍ച്ചക്ക് വിധേയമായ വിഷയമാണത്.  അധികൃതമായ കുടിയേറ്റം അനുവദിക്കാനും ജനസംഖ്യയുടെ വൈവിധ്യപൂര്‍ണമായ വികാസത്തിനും വിവിധ രാജ്യങ്ങളിലെ 55,000 പൗരന്മാര്‍ക്ക് ലോട്ടറിയിലൂടെ വിസ നല്‍കുന്ന ഒരു പദ്ധതി തന്നെ അമേരിക്ക നടപ്പാക്കിയിരുന്നു. അതേയവസരം അനധികൃത കുടിയേറ്റം ഒരു കീറാമുട്ടിയായി നില്‍ക്കുകയും ചെയ്യുന്നു. അതില്‍ ഭൂരിഭാഗവും മെക്‌സിക്കോയുമായുള്ള നീണ്ട അതിര്‍ത്തിയിലൂടെയാണ് കടന്നുവരുന്നത്. നാല് അമേരിക്കന്‍ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്നതും ഏതാണ്ട് മൂവായിരം കിലോമീറ്റര്‍ നീളത്തിലുള്ളതുമായ ഇത്തരം ഒരതിര്‍ത്തിയില്‍ നിയന്ത്രണത്തിനും പരിമിതികള്‍ ഉണ്ട്.  
* * *
ഇങ്ങനെ കുടിയേറിയവരൊക്കെ തങ്ങളുടെ തൊഴില്‍ തട്ടിയെടുക്കുന്നു എന്ന ഭീതി ഒരു വശത്ത്. അതോടൊപ്പം രേഖകളില്ലാതെ നാടോടി സമാനരായി കഴിയുന്ന വിഭാഗങ്ങള്‍ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്‌നവും, ദാരിദ്ര്യത്തിന്റെ പങ്ക് വെക്കലും സാമൂഹിക ജീവിതത്തില്‍ വരുത്തുന്ന വൈകൃതങ്ങളെക്കുറിച്ചുള്ള വേവലാതി മറുവശത്ത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാതിരിക്കുന്ന അവസ്ഥയില്‍ ലോഗ് ചെയ്യപ്പെടാത്ത ജനവിഭാഗം ഏത് സാഹസത്തിനും മുതിരുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങളും സൈ്വര ജീവിതത്തിനു തടസ്സമാവും. എന്നാല്‍ അതോടൊപ്പം ഒന്നുണ്ട്. തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയത്തിനു അത്ര അടിസ്ഥാനമില്ലാത്ത തരം തൊഴിലുകളിലാണ് അവരില്‍ ഭൂരിഭാഗവും തല്‍ക്കാലമെങ്കിലും ഏര്‍പ്പെടുന്നത്. അതു കൊണ്ട് തന്നെ പൗരന്മാര്‍, വിശിഷ്യ അഭ്യസ്തവിദ്യര്‍ അധികവും ചെയ്യാന്‍ തയാറാവാത്ത താഴ്ന്ന തരം ജോലികള്‍ക്ക് ആളെ കിട്ടണമെങ്കില്‍ ഇത്തരം കുടിയേറ്റക്കാരുടെ സാന്നിധ്യം ഒരതിര് വരെ സാധാരണക്കാര്‍ സ്വാഗതം ചെയ്യും. ഇന്റര്‍നെറ്റില്‍ കുടിയേറ്റക്കാരെ എതിര്‍ക്കുന്ന കുറിപ്പുകള്‍ക്കും മറ്റും ഒപ്പം ഇത് സൂചിപ്പിക്കുന്ന ചില പ്രതികരണങ്ങളും കാണാന്‍ കഴിയും; 'കുടിയേറ്റക്കാരെയൊക്കെ കെട്ട് കെട്ടിച്ചോളൂ,  എന്നിട്ട് മാലിന്യങ്ങള്‍ സ്വയം നീക്കിക്കോളൂ, തോട്ടപ്പണിയും പൈപ് റിപേറുമൊക്കെ സ്വയം തന്നെ ചെയ്‌തോളൂ' എന്ന മട്ടില്‍.  
ചുരുക്കി പറഞ്ഞാല്‍, കുടിയേറ്റത്തിന്റെ പ്രശ്‌നങ്ങള്‍ രണ്ടാണ്: ഒന്ന്, അപ്രതിഹതമായ രീതിയില്‍ അത് നടന്നു കഴിഞ്ഞു; അമേരിക്കന്‍ ജനജീവിതത്തില്‍ അവരുടെ സാന്നിധ്യം ഒരു യാഥാര്‍ഥ്യമായി മാറിക്കഴിഞ്ഞു. അതിനി തടയുക എളുപ്പമല്ല. രണ്ട്, ഇതിനകം വന്നവരെ മടക്കി അയക്കുക എന്നതും ക്ഷിപ്രസാധ്യമല്ല. കുറെയൊക്കെ അവരെക്കൊണ്ട് മെച്ചങ്ങള്‍ ഉണ്ടുതാനും; അതോടൊപ്പം ഇതുവരെയുള്ള നിയമമനുസരിച്ചു അവര്‍ക്ക് സ്ഥിര താമസരേഖകളും (ഗ്രീന്‍ കാര്‍ഡ്) തുടര്‍ന്ന് പൗരത്വവും നല്‍കുക സാധ്യവുമല്ല. അമേരിക്കയില്‍ ഇപ്പോള്‍ പൊള്ളുന്ന ഒരു വിഷയമായി മാറിയിരിക്കുകയാണ് കുടിയേറ്റ സംബന്ധമായ ഇത്തരം ഘടകങ്ങള്‍. ആ സ്ഥിതിവിശേഷം കൊണ്ട് തന്നെയാണ് ഏറ്റവും അവസാനം റിപ്പബ്ലിക് പാര്‍ട്ടിയുടെ മുന്‍കൈയോടെ, ഭരണകൂടം തന്നെ അനധികൃത കുടിയേറ്റക്കാരുടെ താമസം നിയമവിധേയമാക്കുന്ന നിയമ നിര്‍മാണത്തിനു മുതിര്‍ന്നതും. ആദ്യമാദ്യം റിപ്പബ്ലിക് പാര്‍ട്ടി അതിനോട് സ്വീകരിച്ചിരുന്ന നിഷേധാത്മക നയം ക്രമേണ മയപ്പെടുത്തുകയും പൊതുവെ ബില്ലിനു ലഭിച്ചുവരുന്ന പൊതുജന പിന്തുണക്കൊപ്പം നില്‍ക്കാന്‍ അവര്‍ തയാറാവുകയും ചെയ്തു. അതുകൊണ്ട് തന്നെ ബില്ല് മെയ് അവസാനം കൂടിയ സെനറ്റ് ജുഡീഷ്യല്‍ കമ്മിറ്റിയില്‍ 13-5 വോട്ടിനു പാസ്സായത് മുഴുവന്‍ സെനറ്റിന്റെ അംഗീകാരം കിട്ടുമെന്നതിന്റെ സൂചനയായാണ് കാണേണ്ടത്. സെനറ്റില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു ഭൂരിപക്ഷമുണ്ടെന്നത് ശരിയെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ചുവരെഴുത്ത് വായിക്കുന്നുണ്ടാവണം. മാത്രമല്ല, തങ്ങളുടെ 2012 തെരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മിറ്റ് റോംനിക്കു സംഭവിച്ച പരാജയത്തില്‍ ഗണ്യമായ തോതില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു വോട്ട് ചെയ്ത ഹിസ്പാനിക്ക് വര്‍ഗക്കാരുടെ പങ്ക് അവര്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. നിലവില്‍ രാജ്യത്തുള്ളവര്‍ക്ക് എട്ട് വര്‍ഷം കൊണ്ട് അത്രയും കാലം സല്‍പെരുമാറ്റം തെളിയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഗ്രീന്‍ കാര്‍ഡ് നല്‍കുന്ന നിയമനിര്‍മാണമാണ് ആറ്റിക്കുറുക്കി പറഞ്ഞാല്‍ പ്രസ്തുത ബില്‍ (ബില്ലില്‍ എണ്ണൂറില്‍ പരം പേജുകള്‍ വരും എന്ന ഒരു ഗിന്നസ് ബുക് മോഡല്‍ കൗതുകം വേറെയുണ്ട്!!).
* * *
തെക്കന്‍ പ്രദേശങ്ങളില്‍ മാത്രം കൂടുതല്‍ സന്ദര്‍ശിച്ചത് കൊണ്ടോ അവിടങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ന്യൂയോര്‍ക്ക് തുടങ്ങിയ ഇടങ്ങളിലുള്ള അളവില്‍ 'സെപ്റ്റംബര്‍ പതിനൊന്ന്' പ്രതിഭാസം  ഇല്ലാത്തതു കൊണ്ടോ എന്തോ ആദ്യം പറഞ്ഞുകേട്ടതും ഭയപ്പെട്ടതുമായ അത്ര 'ഇസ്‌ലാമോഫോബിയ' അനുഭവവേദ്യമായില്ല. ഒരു പക്ഷേ പറയുന്നതിലും അതുള്‍ക്കൊള്ളുന്നതിലും കാണും അല്‍പം പെരുപ്പിക്കല്‍. ഭരണകൂടത്തിന്റെ ഔദ്യോഗിക നടപടികളുടെയും ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ സംശയിക്കപ്പെടുന്നവരുടെയും കാര്യത്തില്‍ ഇതായിരിക്കില്ല സ്ഥിതി. ഏതായാലും അനങ്ങിയാല്‍ മുസ്‌ലിംവിരുദ്ധത കാണുമെന്ന് പ്രതീക്ഷിക്കുന്നതും  രാഷ്ട്രീയ നേതൃത്വത്തിനു മുന്‍ധാരണകളില്ലാത്ത നിലപാടുകളാണെന്ന് തെരുവിലെ അനുഭവത്തില്‍നിന്ന് നിഗമനത്തില്‍ എത്തുന്നതും രണ്ടും ഒരു പോലെ അബദ്ധമാവും.  ഒബാമ ഭരണത്തില്‍ വന്ന ശേഷം മുസ്‌ലിം ലോകം അമേരിക്കയെ നോക്കിക്കാണുന്നത്  തന്നെ ഒരു പുതിയ കോണില്‍ നിന്നാണെന്ന് കരുതുന്ന നിരീക്ഷകരുണ്ട്. അതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് അദ്ദേഹത്തിന്റെ മുഖം തന്നെയെന്നും. അമേരിക്കന്‍ വിരുദ്ധ ആക്രമണങ്ങള്‍ക്ക് മുസ്‌ലിം ലോകത്ത് നിന്നു പലരും മുതിരുന്നത് തന്നെ അമേരിക്കയോടുള്ള നിഷേധാത്മക നിലപാട് കൊണ്ടാണെങ്കില്‍ അതിനു ഒരു പ്രത്യേക കാരണം കാണണമല്ലോ എന്നും, നൂറ്റി അറുപത് കോടി വരുന്ന ലോക മുസ്‌ലിം ജനസംഖ്യയില്‍ ഭൂരിഭാഗവും ചൈനയോടോ ദക്ഷിണാഫ്രിക്കയോടോ പെറുവിനോടോ അത്തരം ഒരു നിലപാടില്‍ എത്തിച്ചേരുന്നില്ലല്ലോ എന്നും ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് ഈയിടെ ഗാര്‍ഡിയനില്‍ എഴുതിയ ഒരു ലേഖനത്തില്‍ നിരീക്ഷിച്ചതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍