Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

വാക്കുകളും ദൃശ്യങ്ങളും ഇസ്‌ലാമിക കലയെക്കുറിച്ചുള്ള വിചാരങ്ങള്‍

കെ. അശ്‌റഫ് / പുസ്തകം

ത്തറിലെ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് ഇന്ന് ഏറെ പ്രസിദ്ധമാണ്. കലാസ്വാദകര്‍, സാധാരണക്കാര്‍, കലാവിദ്യാര്‍ഥികള്‍ തുടങ്ങി ചരിത്രം, ശാസ്ത്രം, സാഹിത്യം, മതം തുടങ്ങിയ നിരവധി മേഖലകളില്‍ താല്‍പര്യമുള്ളവര്‍ മ്യൂസിയം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. വളരെ ലളിതമായി പറഞ്ഞാല്‍ മ്യൂസിയങ്ങള്‍ കാഴ്ചക്ക് കൗതുകമുണര്‍ത്തുന്ന വസ്തുക്കള്‍ ശേഖരിച്ചുവെക്കുന്ന സ്ഥലമാണ്. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന്റെ പ്രവര്‍ത്തകര്‍ കാഴ്ചക്ക് കൗതുകമുള്ള കുറെ വസ്തുക്കള്‍ വെറുതെ നിരത്തിവെക്കുക എന്ന സമീപനം ഉള്ളവരല്ല. മ്യൂസിയം സന്ദര്‍ശനം, അവിടെ പ്രദര്‍ശനത്തിനുവെച്ചിരിക്കുന്ന വസ്തുക്കള്‍, അത് സന്ദര്‍ശിക്കുന്ന ആളുകള്‍, അവരുടെ നിരീക്ഷണങ്ങള്‍ ഇവയെ കൂട്ടിയോജിപ്പിച്ച് പുതിയൊരു സര്‍ഗാത്മക സമീപനം രൂപപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ലോകത്തെ തെരഞ്ഞെടുത്ത ഇരുപത്തഞ്ചോളം വ്യക്തിത്വങ്ങള്‍-അവരില്‍ കലാകാരന്മാരുണ്ട്, തത്ത്വചിന്തകരുണ്ട്, ക്യുറേറ്റര്‍മാരുണ്ട്, കമ്മ്യൂണിക്കേറ്റര്‍മാരുണ്ട്, ചരിത്രകാരന്മാരുണ്ട്, നോവലിസ്റ്റുകളുണ്ട്-തങ്ങളുടെ മ്യൂസിയം സന്ദര്‍ശനാനുഭവങ്ങള്‍ പങ്കുവെക്കുന്നു. ഈ പങ്കുവെക്കലിലൂടെ ഇസ്‌ലാം, കല, സമകാലീനത ഇവയോട് പ്രതികരിക്കുന്നു. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് Reflections on Islamic Art എന്ന പേരില്‍ ഒരു പുസ്തകം ഈജിപ്ഷ്യന്‍ നോവലിസ്റ്റായ അഹ്ദാഫ് സുയിഫ് എഡിറ്റ് ചെയ്തിരിക്കുന്നു. ബഹുവര്‍ണക്കടലാസില്‍ മ്യൂസിയത്തിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ ഉള്‍പ്പെട്ട പുസ്തകം വായനയുടെ ഉള്‍ക്കാഴ്ച മാത്രമല്ല കാഴ്ചയുടെ സൗന്ദര്യവും പകര്‍ന്നു തരുന്നു. അതിലൂടെ വാക്കുകളുടെയും ദൃശ്യങ്ങളുടെയും അപൂര്‍വ സമ്മേളനത്തിന് നാം സാക്ഷിയാവുന്നു.

പുസ്തകമെഴുത്തിലെ പങ്കാളികള്‍
ലകാനിയന്‍ മാര്‍ക്‌സിസ്റ്റായ സ്ലാവോയ് ഷിഷെക്ക്, അറബ് സൗന്ദര്യ ദര്‍ശനത്തെ മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന വിഷ്വല്‍ കമ്മ്യൂണിക്കേറ്ററായ മുയിസ അന്‍വര്‍, ഫലസ്ത്വീനി കവിയും എഴുത്തുകാരനുമായ ഖസ്സന്‍ സക്തന്‍, ഫലസ്ത്വീനിലെ റാമല്ലയില്‍ നിന്നുള്ള റജ ശഹാദ, ബ്രിട്ടീഷ് ഈജിപ്ഷ്യന്‍ എഴുത്തുകാരനായ അബില ഷര്‍നൗബി, പാകിസ്താനി എഴുത്തുകാരിയായ കാമില ഷംസി, ഇസ്‌ലാമിക് ആര്‍കിടെക്ചര്‍ വിദഗ്ധനായ നാസര്‍ റബൂത്, ഇറാനിയന്‍ സിനിമാ സംവിധായിക ശിറിന്‍ നെഷാത്, തുര്‍ക്കിയില്‍ നിന്നുള്ള കവയത്രി ബെജന്‍ ഹത്തൂര്‍, സുഡാനീസ് നോവലിസ്റ്റായ ജമാല്‍ മെഹ്ജൂബ്, ലണ്ടനില്‍ നിന്നുള്ള സാറാ മഗ്വയര്‍, ഇസ്‌ലാമിക് ശാസ്ത്രത്തെക്കുറിച്ച് Pathfinders: The Golden Age of Arabic Science എന്ന പുസ്തകമെഴുതിയ ജിം അല്‍ ഖലീലി, ഈയിടെ അന്തരിച്ച ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്‌സ്ബാം, ഇന്ത്യയില്‍ ഏറെ പ്രശസ്തനായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡാല്‍റിംപിംള്‍ തുടങ്ങി ഇരുപത്തഞ്ചോളം പേര്‍ ഈ സമാഹാരത്തില്‍ അണിനിരക്കുന്നു.

മുഖലേഖനം
എഡിറ്ററായ അഹ്ദാഫ് സുയിഫിന്റെ മുഖലേഖനത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. മ്യൂസിയത്തിലെ ഒരു ഓഫ്-വൈറ്റ് സെറാമിക് തളികയെക്കുറിച്ച് പറഞ്ഞാണ് അഹ്ദാഫ് സുയിഫ് തുടങ്ങുന്നത്. ഈ ആലോചന തന്റെ ഉള്ളില്‍ നിറയുന്നത് ഒരു വിധിനിശ്ചയം പോലെയാണെന്ന് അവര്‍ പറയുന്നു. മ്യൂസിയത്തിലേക്ക് അവര്‍ വന്ന ടാക്‌സിയുടെ ഡ്രൈവര്‍ ഒരു ഫിലിപ്പീന്‍സുകാരനായിരുന്നു. പേര് എഡ്ഗര്‍ ബോബദീലിയോ. ദീര്‍ഘകാലം ദോഹയില്‍ താമസിക്കുന്ന ഏതൊരു അന്യനാട്ടുകാരനെയുംപോലെ ബൂ അബ്ദുല്ല എന്നും പിന്നീട് അബൂ അബ്ദുല്ല എന്നും അയാളുടെ പേര് അറബൈസ് ചെയ്യപ്പെടുന്നു. സ്വന്തം നാട്ടിലെ പ്രതികൂല സാഹചര്യങ്ങളാല്‍ നാടുവിടേണ്ടിവന്ന ഇയാളാണ് മ്യൂസിയം അഹ്ദാഫ് സുയിഫിന് കാണിച്ചുകൊടുക്കുന്നത്. ഇങ്ങനെ മ്യൂസിയത്തിലേക്ക് കടന്നുവന്നാണ് സുയിഫ് ആ സെറാമിക് തളിക കാണുന്നത്. അതിന്റെ ദൃശ്യസൗന്ദര്യം മാത്രമല്ല ആ തളികയില്‍ എഴുതിയ ഒരു പ്രത്യേക വചനവും അവരെ ഏറെ ആകര്‍ഷിച്ചു. ''ലാ ഗാലിബ ഇല്ലല്ലാഹ്'' എന്നായിരുന്നു ആ വചനം ('അല്ലാഹുവല്ലാതെ അതിജയിക്കുന്നവനില്ല' എന്ന് ഏകദേശ വിവര്‍ത്തനം). ഈ തളിക ഉപയോഗിച്ചിരുന്നതും ഈ വചനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിരുന്നതും ഗ്രാനഡയിലെ അന്നത്തെ മുസ്‌ലിം ഭരണാധികാരി ആയിരുന്ന അബൂ അബ്ദുല്ല ആയിരുന്നു. എ.ഡി 1492-ല്‍ യൂറോപ്യന്‍ കൊളോണിയലിസത്തെ ചെറുത്തു നില്‍ക്കാന്‍ അബൂ അബ്ദുല്ലക്ക് പ്രചോദനം ഏകിയത് ലാ ഗാലിബ ഇല്ലല്ലാഹ് എന്ന വചനം ആയിരുന്നു.
കോളനിയനന്തര (Post Colonial) സാഹചര്യത്തിലെ ഒരു പ്രവാസിയായ ഫിലിപ്പീനി ഡ്രൈവറും ഗ്രാനഡയിലെ യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ഭാഗമായി പ്രവാസിയാകേണ്ടിവന്ന ഒരു മുസ്‌ലിം ഭരണാധികാരിയും തമ്മിലുള്ള യാദൃഛികമായ ഒരു കണ്ടുമുട്ടല്‍ നാം ജീവിക്കുന്ന ഒരു ചരിത്ര സാഹചര്യത്തെ കൂടുതല്‍ തെളിമയോടെ ആവിഷ്‌കരിക്കുന്നുവെന്ന് അഹ്ദാഫ് സുയിഫ് പറയുന്നു.
സുയിഫിന്റെ രചനാരീതി പുസ്തകത്തിലെ മറ്റെല്ലാ എഴുത്തുകളുടെയും പ്രത്യേകതയാണ്. ഗ്രാനഡയിലെ ഒരു ഓഫ് വൈറ്റ് സെറാമിക് തളികയെ ചുറ്റിപ്പറ്റി ആലോചിക്കുന്ന അഹ്ദാഫ് സുയിഫിനെപ്പോലെ മറ്റെല്ലാ എഴുത്തു പങ്കാളികളും മ്യൂസിയത്തിനകത്ത് അവര്‍ക്കിഷ്ടപ്പെട്ട ഒരു പ്രദര്‍ശന വസ്തു തെരഞ്ഞെടുക്കുന്നു. അതിലൂടെ സമകാലിക ജീവിതം, മതം, ചരിത്രം, കല ഇവയുടെ സംഘര്‍ഷങ്ങളിലേക്ക് തങ്ങളുടേതായ രീതിയില്‍ ഓരോരുത്തരും പ്രവേശിക്കുന്നു. കൂഫയില്‍ നിന്നുള്ള മുസ്ഹഫിന്റെ പഴയൊരു പ്രതി, ആന്തലൂസിയയിലെ ഒരു പെന്‍ബോക്‌സ് ഇവയൊക്കെ ഗാഢമായ ആലോചനകളെ ഉണര്‍ത്താന്‍ പര്യാപ്തമാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരന്റെ ഇടപെടലുകള്‍ ഈ പഴയ വസ്തുവിന്റെ പുതിയ സാഹചര്യത്തിലെ വായന സാധ്യമാക്കുന്നു.
ഇബ്‌നു ബതൂത്തയുടെ
കാലടിപ്പാടുകള്‍
സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ എഴുതുന്ന പങ്കജ് മിശ്രയുടെ കുറിപ്പിന് 'ദ ജേര്‍ണി' എന്നാണ് പേരിട്ടിരിക്കുന്നത്. ഇബ്‌നുബതൂത്തയുടെ 'രിഹ്‌ല'യാണ് പങ്കജ് മിശ്രയെ പ്രസ്തുത തലക്കെട്ട് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഇബ്‌നു ബതൂത്തയെപ്പോലെ ഒരു യാത്രക്കിടയിലായിരുന്നു പങ്കജ് മിശ്ര മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടില്‍ എത്തുന്നത്. മിശ്ര അവിടെ സവിശേഷമായി കാണുന്നത് പഴയ ഒരു ഖുര്‍ആന്‍ പ്രതിയാണ്. ''പഴയ'' എന്നുപറയുമ്പോള്‍ ഒരായിരം കൊല്ലം പഴക്കം മാത്രം. തലമുറകള്‍ ഓതിയോതി മുഷിഞ്ഞു കരിമ്പന്‍ പറ്റിയ ഒരു ഖുര്‍ആന്‍ പ്രതി. പത്താം നൂറ്റാണ്ടില്‍ ഉത്തര ആഫ്രിക്കയില്‍ നിന്നാണ് ആ ഖുര്‍ആന്‍ പ്രതി യാത്ര തുടങ്ങുന്നത്. കൂഫയില്‍ നിന്ന് രൂപകല്‍പന ചെയ്ത അറബിക് ലിപികളാണ് ആ ഖുര്‍ആന്‍ പ്രതിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ബൈന്‍ഡിംഗാവട്ടെ മൊറോക്കന്‍ രീതിയിലാണ്. മൂന്ന് തവണ പല കൈകളില്‍ കിടന്ന് ആ ഖുര്‍ആന്‍ പ്രതി 'ഹജ്ജ്' ചെയ്തിട്ടുണ്ട്. ഈയൊരു ഖുര്‍ആന്‍ പ്രതിയിലൂടെ ഇസ്‌ലാമിന്റെ ഒരു വ്യാപനചരിത്രം പങ്കജ് മിശ്ര പറയുന്നു.
ഓരോ കര്‍ബലക്കു ശേഷവും ഇസ്‌ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു എന്നു ഇഖ്ബാല്‍ പാടിയിട്ടുണ്ട്. ആ അര്‍ഥത്തില്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ബല (തിരിച്ചടി) മംഗോളിയന്‍ അധിനിവേശമായിരുന്നു. മംഗോളിയന്‍ അധിനിവേശം ചരിത്രത്തെക്കുറിച്ച രേഖീയ വീക്ഷണങ്ങളെ അട്ടിമറിച്ച് സൂഫിസത്തിലൂന്നിയ ഇസ്‌ലാമിക നാഗരികതയെ ലോകത്തിനു സംഭാവന നല്‍കി. ഇതിലൂടെ പങ്കജ് മിശ്ര പറയുന്നത് കഴിഞ്ഞ അഞ്ഞൂറ് വര്‍ഷമായി തുടരുന്ന യൂറോപ്യന്‍ കൊളോണിയലിസം സവിശേഷമായ ഇസ്‌ലാമിക നാഗരിക പ്രകാശനത്തിന് വഴിമരുന്നിടുമെന്നാണ്. അറബ്/ഇസ്‌ലാമിക ഉയിര്‍ത്തെഴുന്നേല്‍പുകള്‍ അതിലേക്കുള്ള ചെറിയ കാല്‍വെപ്പുകള്‍ മാത്രം.

ഇബ്‌നു ഖല്‍ദൂന്റെ കൂടിക്കാഴ്ചകള്‍
ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്‌സ്ബാമിന്റെ കുറിപ്പ് തുടങ്ങുന്നത്, ഇബ്‌നു ഖല്‍ദൂന്റെ ഒരു കൂടിക്കാഴ്ചയുടെ ഓര്‍മ പങ്കുവെച്ചാണ്. വെസ്റ്റേണ്‍ കലണ്ടര്‍ പ്രകാരം 10 ജനുവരി 1401-ലാണ് ആ കൂടിക്കാഴ്ച നടന്നത്. മംഗോള്‍ പടനായകനായ തിമൂറുമായാണ് ആ കൂടിക്കാഴ്ച. മംഗോളിയന്മാരുടെ തുടര്‍ച്ചയിലാണ് മുഗളന്മാര്‍ ഇന്ത്യാ ചരിത്രത്തില്‍ പ്രവേശിക്കുന്നത്. മുഗള്‍ രാജാവായിരുന്നു ഷാജഹാന്റെ ഒരു ഛായാചിത്രത്തിലൂടെയാണ് എറിക് ഹോബ്‌സ്ബാം എന്ന ആധുനിക ചരിത്രകാരന്‍ മധ്യകാല ചരിത്രത്തിലെ ഇബ്‌നു ഖല്‍ദൂനിലേക്ക് ഒരു കാഴ്ച നല്‍കുന്നത്.
ഇതിലൂടെ മധ്യകാല ഇസ്‌ലാം, ഇബ്‌നു ഖല്‍ദൂന്റെ ചരിത്ര രചന, മംഗോളിയന്മാരുടെയും മുഗളന്മാരുടെയും ചരിത്രം, ഷാജഹാന്റെ സൗന്ദര്യ വീക്ഷണം, താജ്മഹലിന്റെ നിര്‍മാണം ഇവയൊക്കെ എറിക്‌ഹോബ്‌സ്ബാം കാണുന്നു.

സെര്‍വാന്റിസിന്റെ മറവികള്‍
ഈജിപ്തില്‍ നിന്നുള്ള സ്ത്രീപക്ഷ എഴുത്തുകാരിയാണ് റദ്‌വ ആശൂര്‍. അവര്‍ എഴുതുന്നത് ഇസ്‌ലാമിക് സ്‌പെയിനില്‍ (ആന്തലൂസിയ) നിന്നുള്ള ഒരു പെന്‍ബോക്‌സിനെക്കുറിച്ചാണ്. അഹ്ദാഫ് സൂയിഫ് ഇങ്ങനെയൊരു എഴുത്ത് കൂട്ടായ്മയിലേക്ക് അവരെ വിളിക്കുന്നതിനു മുമ്പുതന്നെ ആന്തലൂസിയയില്‍ നിന്നുള്ള ആ പെന്‍ബോക്‌സ് അവരെ വശീകരിച്ചുകഴിഞ്ഞിരുന്നു. ഹിജ്‌റ 394 റബീഉല്‍ അവ്വലില്‍ (എ.ഡി 1003 ഡിസംബര്‍/1004 ജനുവരി) നിര്‍മിച്ച ആ പെന്‍ബോക്‌സിനെ മുന്‍നിറുത്തിയുള്ള കുറെ ചിതറിയ വിചാരണകളാണ് ആശൂറിന്റെ ലേഖനം. നിരവധി ചോദ്യങ്ങള്‍ അവര്‍ ചോദിക്കുന്നു. ആയിരം കൊല്ലം എങ്ങനെ ആ പെന്‍ബോക്‌സ് പിടിച്ചുനിന്നു? ഇത്രയും കാലം അത് അതിജീവിച്ചത് വെറുമൊരു യാദൃഛികതയാണോ? തലമുറകളുടെ നിശ്ചയദാര്‍ഢ്യം അതിനു പുറകിലുണ്ടോ?
പെന്‍ബോക്‌സിന്റെ ഒരു ലഘുചരിത്രം ആശൂര്‍ നല്‍കുന്നു. ഒരു ആഫ്രിക്കന്‍ ആനക്കൊമ്പിന്റെ അതിപ്രാചീനമായ ഒരു ഓര്‍മ ഈ പെന്‍ബോക്‌സ് വഹിക്കുന്നു. കാര്‍ബണ്‍ ഡേറ്റിംഗ് പ്രകാരം പ്രസ്തുത ആന 1200 കൊല്ലം മുമ്പു ജീവിച്ചതായിരുന്നു. ഈ ആനക്കൊമ്പിന്റെ ഉറവിടം (ചരിത്രം പറയുന്നതനുസരിച്ച്) ഹിജ്‌റ 380-ല്‍ (എ.ഡി 991-ല്‍) ഉത്തരാഫ്രിക്കയില്‍ നിന്നെത്തിയ ഒരു സംഘം ആന്തലൂസിയക്കാര്‍ അന്നത്തെ ഭരണാധികാരിക്ക് നല്‍കിയതായിരുന്നു. ആനക്കൊമ്പിനാല്‍ നിര്‍മിതമായ ആ പെന്‍ബോക്‌സിലെ കറുത്ത പെയിന്റ് യൂറോപ്പില്‍ നിന്നാണ്. യൂറോപ്യന്‍ കൊളോണിയലിസത്തിന് തൊട്ടുമുമ്പുള്ള ഒരു ലോക ഭാവനയുടെ ഓര്‍മയാണ് ആ പെന്‍ബോക്‌സ് ആശൂറിന് നല്‍കുന്നത്.
കൊളോണിയലിസത്തിന് മുമ്പുള്ള ലോകഭാവനയെക്കുറിച്ച ആലോചന കോളനിവത്കൃത ആധുനിക ലോകത്തിന്റെ ഭാവനയെ നിര്‍മിച്ച നോവല്‍ എന്ന സവിശേഷ മാധ്യമത്തില്‍ വരെ ആശൂറിനെ കൊണ്ടെത്തിക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ കൊളോണിയല്‍ ആധുനികതയും നോവലും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. സെര്‍വാന്റിസിന്റെ ഡോണ്‍ ക്വിക്‌സോട്ട് ആധുനിക നോവല്‍ ചരിത്രത്തിലെ നിര്‍ണായക സാന്നിധ്യമാണ്. ഡോണ്‍ ക്വിക്‌സോട്ടില്‍ ഒരു സില്‍ക് കച്ചവടക്കാരന്റെ സീന്‍ നമുക്കു വായിക്കാം. ടൊലെഡോ (Toledo) യില്‍ വെച്ച് ആഖ്യാതാവ് അറബിക് മാനുസ്‌ക്രിപ്റ്റ് ഒരു സില്‍ക് കച്ചവടക്കാരന് വിലപേശി കച്ചവടം ചെയ്യുന്ന ഒരു അറബ് ബാലനെ കണ്ടുമുട്ടുന്നു. അറബി അറിയാത്ത ആഖ്യാതാവ് ഇതിലൊരു മാനുസ്‌ക്രിപ്റ്റ് എടുത്ത് തൊട്ടടുത്തിരിക്കുന്ന മറ്റൊരറബിയെ കൊണ്ട് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചോദിക്കുന്നു. ഈ മാനുസ്‌ക്രിപ്റ്റ് സീദി ഹാമിദ് ബെഞ്ചലി എഴുതിയ ''ഡോണ്‍ ക്വിക്‌സോട്ടിന്റെ ചരിത്രം'' ആയിരുന്നു. അങ്ങനെ ആഖ്യാതാവ് ഡോണ്‍ക്വിക്‌സോട്ടിന്റെ ചരിത്രം പഠിക്കാന്‍ ആ അറബ് ബാലനില്‍ നിന്നും എല്ലാ മാനുസ്‌ക്രിപ്റ്റുകളും വാങ്ങുന്നു. ഒരു വിവര്‍ത്തകനെ വാടക്കെടുക്കുന്നു. അയാള്‍ക്ക് നല്ലൊരു തുക സംഭാവന നല്‍കി അറബിയില്‍ നിന്നുള്ള വിവര്‍ത്തനം ആരംഭിക്കുന്നു.
നിരവധി ചരിത്ര രേഖകള്‍ സെര്‍വാന്റിസിന്റെ ആഖ്യാനത്തില്‍ വിസ്മൃതമായിപ്പോവുന്നതായി റദ്‌വ അശൂര്‍ മനസ്സിലാക്കുന്നു. ഒരു വിവര്‍ത്തകന്‍ അറബിയില്‍ നിന്നു വിവര്‍ത്തനം ചെയ്യുമ്പോള്‍ അയാള്‍ വാമൊഴിയിലായിരിക്കുമോ അത് ചെയ്തിരിക്കുക? അയാള്‍ എഴുതിയിരുന്നില്ലെങ്കില്‍ എങ്ങനെയാണ് ആഖ്യാതാവ് അതോര്‍ത്തുവെക്കുക? അയാള്‍ എഴുതിയിരുന്നെങ്കില്‍ ആ പെന്നും പെന്‍ബോക്‌സും സെര്‍വാന്റിസ് വിട്ടുകളഞ്ഞതാവുമോ? സെര്‍വാന്റിസിന്റെ മറവി ഒരു ചരിത്രത്തിന്റെയും ജനപഥത്തിന്റെയും മറവി ആയിട്ടാണ് റദ്‌വ ആശൂര്‍ വിലയിരുത്തുന്നത്.

യഹ്‌യ ബ്‌നു സിയാദിന്റെ മൊഴികള്‍
സ്ലാവോയ് ഷിഷെകിന്റെ കുറിപ്പ് സമര്‍ക്കന്ദില്‍ നിന്നോ നിഷാപൂരില്‍ നിന്നോ യാത്ര തുടങ്ങിയ ഒരു ഭക്ഷണ തളികയെക്കുറിച്ചാണ്. ആ ഭക്ഷണ തളികയില്‍ അടങ്ങിയ ഒരു മൊഴിയിലൂടെ യഹ്‌യ ബ്‌നു സിയാദിന്റെ ചിന്താലോകത്തേക്കും ഷിഷേക്ക് സഞ്ചരിക്കുന്നു.
നിരവധി നിരീക്ഷണങ്ങളാല്‍ സമ്പന്നമാണ് ഷീഷേകിന്റെ ലേഖനം. ഒരുപാടു ആലോചനകളുടെ സമ്മര്‍ദം ആ ലേഖനത്തിന്റെ വിടവുകളില്‍ നമുക്ക് വായിക്കാം. എന്തുകൊണ്ട് മുസ്‌ലിം കലാകാരന്മാര്‍ ഭക്ഷണ തളിക, പുസ്തകത്തിന്റെ കവര്‍, ലിപി വിന്യാസം ഇവയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുവെന്ന് ഷിഷേക് അന്വേഷിക്കുന്നു. അത് കലയുടെ ഇസ്‌ലാമികമായ ഒരു രീതിയായി ഷിഷേക് കാണുന്നു. നിത്യജീവിതത്തിന്റെ ഭാഗമായി, ജനപ്രിയതയുമായി, കല ഇസ്‌ലാമില്‍ നിലനില്‍ക്കുന്നു. അത് ഒരിക്കലും ഒരു വരേണ്യ അനുഭവമല്ല. അതുകൊണ്ടാണ് നിത്യജീവിതത്തിലെ വളരെ ലളിതമായ ഒരു കാര്യത്തെപോലും കലയുടെയും തത്ത്വചിന്തയുടയും ദൈവശാസ്ത്രത്തിന്റെയും ഒരു പ്രശ്‌നമേഖലയായി മുസ്‌ലിംകള്‍ പരിവര്‍ത്തിപ്പിച്ചതത്രെ. അതുകൊണ്ടാണ് ''തന്റെ അവസരം പാഴാക്കിയതിന് ശേഷം വിധിയെ പഴിക്കുന്നവനാണ് വിഡ്ഢി'' എന്ന മൊഴി ഒരു തീന്‍മേശാനുഭവവും തത്ത്വചിന്താനുഭവവും ആകുന്നത്. ഇത് ബിസിനസ് മീല്‍ (Business Meal) ശീലിച്ച ഒരു സംസ്‌കാരത്തെ  തിങ്കിംഗ് മീല്‍ (Thinking Meal) കൊണ്ടു പ്രതിരോധിക്കുന്ന ദൈവശാസ്ത്ര അനുഭവമാണെന്ന് ഷീഷേക്.
സമകാലിക ഇസ്‌ലാമിക കലയെക്കുറിച്ച് സൈദ്ധാന്തിക സാന്ദ്രതയുള്ള വലിയ അവകാശവാദമൊന്നും ഈ പുസ്തകം ഉന്നയിക്കുന്നില്ല. എന്നാല്‍ മനോഹരമായ ഒരു മ്യൂസിയത്തെക്കുറിച്ച് സ്പഷ്ടമായി എങ്ങനെ സംസാരിക്കാം എന്നതിന്റെ നല്ലൊരുദാഹരണമാണ് ഈ പുസ്തകം. കല എന്താണ്? ഇസ്‌ലാമിക കല, മുസ്‌ലിം കല ഇവയുടെ നിര്‍വചനങ്ങളിലെ പ്രശ്‌നം എന്താണ്? തുടങ്ങിയ അന്വേഷണങ്ങളില്‍ താല്‍പര്യമുള്ളവരെ ഈ പുസ്തകം പ്രചോദിപ്പിക്കും. മാത്രമല്ല കലാപ്രവര്‍ത്തകരായ മുസ്‌ലിംകള്‍ക്ക് പകര്‍ത്താവുന്ന നല്ലൊരു മാതൃക ഈ പുസ്തകത്തിന്റെ സംവിധാനത്തിലുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍