Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

ഇടതുപക്ഷവും രാഷ്ട്രീയ ഇസ്‌ലാമും

ഡോ. ഫരീദ് ഇസാഖ് / കവര്‍‌സ്റ്റോറി

ടതുപക്ഷത്തെയും രാഷ്ട്രീയ ഇസ്‌ലാമിനെയും ഒരേ തലത്തില്‍ നിര്‍വചിക്കുക സാധ്യമല്ല. അവ രണ്ടും പ്രവര്‍ത്തിക്കുന്നതും അവയെ മനസ്സിലാക്കേണ്ടതും അവയുടെ സ്വന്തം സൈദ്ധാന്തിക പരിധികള്‍ക്കും ഭൂമിശാസ്ത്ര പരിമിതികള്‍ക്കൂം സമയ ബന്ധനങ്ങള്‍ക്കും അകത്തു നിന്നാണ്. പരിമിതമായ ഇടത്തില്‍ നിന്നു ഇവയെ കുറിച്ചുള്ള എതൊരു സംസാരവും നിലനില്‍ക്കുന്ന വാര്‍പ്പ് മാതൃകകളെ ബലപ്പെടുത്തുക മാത്രമേ ചെയ്യൂ.
വിശാലാര്‍ഥത്തില്‍, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇസ്‌ലാമിനോടുള്ള സമീപനം രണ്ടു തലത്തിലാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒന്നാമത്തേത്, രാഷ്ട്രീയ ഇസ്‌ലാമിനെ ഒരു അമേരിക്കന്‍ സാമ്രാജ്യത്വ ഉല്‍പന്നമായി കാണുകയും അതിനെ 'പെട്രോഡോളര്‍ ഫണ്ടമെന്റലിസം' എന്നു നിര്‍വചിക്കുകയും ചെയ്യുന്നു സോവിയറ്റ് മാര്‍ക്‌സിസം. ഈജിപ്തിലെയും ഇന്ത്യയിലെയും പാകിസ്താനിലെയും വിവിധ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികള്‍ ഈ വഴിയാണ് പിന്തുടരുന്നത്. 1979-ലെ ഇസ്‌ലാമിസ്റ്റ് വിപ്ലവത്തെ പിന്തുണച്ചുകൊണ്ട് ഇറാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് ഇതില്‍    നിന്ന് വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചത് (മുഹ്‌സിന മക്ബല്‍ ബഫിന്റെ 'ബൊയ്‌കോട്ട്' എന്ന ചലച്ചിത്രം ഇറാനിലെ ഇസ്‌ലാമും ഇടതുപക്ഷവും തമ്മിലുള്ള ഈ ഇടപാടുകളെ ആസ്പദിച്ചാണ്). ഈ വാദം, കൊളോണിയല്‍  പ്രതിരോധത്തെയും യൂറോപ്പിനു പുറത്തുള്ള ജ്ഞാനപാരമ്പര്യത്തെയും കൊളോണിയല്‍ ആധുനികത മുസ്‌ലിം സമൂഹങ്ങള്‍ക്കകത്ത് ഉണ്ടാക്കിയ പ്രതിസന്ധികളെയും മുഴുവനായി മനസ്സിലാക്കാതെയുള്ള ഒരുതരം സാമ്പത്തിക ചിത്ത സ്വാതന്ത്ര്യ നിഷേധ (economical determinism) വാദമാണ്. അടുത്ത കാലത്ത് സമീര്‍ അമീനെ പോലുള്ള ചില മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ ഈ ഒരു ചോദ്യത്തെ മറ്റൊരു തലത്തിലേക്ക് വികസിപ്പിക്കുകയുണ്ടായി.
എന്നാല്‍, 'മൂന്നാം ലോകമാര്‍ക്‌സിസ'ത്തിന്റെ ആവശ്യകതയെ അഭിമുഖീകരിച്ചപ്പോള്‍ തന്നെ രാഷ്ട്രീയ ഇസ്‌ലാമുമായുള്ള അര്‍ഥപൂര്‍ണമായ ഇടപഴകലിനെ അവര്‍ മാറ്റി നിര്‍ത്തുകയും സോവിയറ്റ് മര്‍ക്‌സിസത്തിന്റെ അതേ വാദം തന്നെ തുടരുകയും ചെയ്തു. യഥാര്‍ഥത്തില്‍, അറബ് വസന്തത്തിന്റെ അകത്ത് അടക്കം പ്രവര്‍ത്തിച്ച സാമൂഹിക പ്രേരകശക്തികളുടെ കര്‍തൃത്വത്തെ മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ ദേശം, വംശം, ലിംഗം, മതം എന്നീ വ്യത്യസ്ത രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ 'വര്‍ഗ'ത്തോടൊപ്പം തന്നെ ജീവിതത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു സാധുവായ അപഗ്രഥന ഉപാധിയായി രൂപപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കാതെ വരുകയോ ചെയ്യുന്നു.
രണ്ടാമത്തെയിനം ഇടതുപക്ഷ സമീപനം (ന്യൂ ലെഫ്റ്റ്) മാര്‍ക്‌സിസ്റ്റ്, മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍, ക്രിറ്റിക്കല്‍ സൈദ്ധാന്തികര്‍, ഫെമിനിസ്റ്റുകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ളതാണ്. ഈ സമീപനം സോവിയറ്റ് മാര്‍ക്‌സിസത്തിന്റെ സാമ്പത്തിക ചിത്ത സ്വാതന്ത്ര്യ നിഷേധ (economical determinism) വാദത്തെ നിഷേധിക്കുകയും ഇടതുപക്ഷം എന്നതിനു അല്‍പ്പം വ്യത്യസ്തമായ ആശയതലം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിനു, സോവിയറ്റ് വിരുദ്ധ അസ്തിത്വവാദിയായ ജോണ്‍ പോള്‍ സാര്‍ത്ത് അള്‍ജീരിയന്‍ വിമോചന പ്രസ്ഥാനത്തെ പിന്തുണക്കുകയും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി പോരാട്ടത്തെ പിന്തുണക്കാത്തതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഫൂക്കോയുടെ ഇറാനിയന്‍ വിപ്ലവത്തെ കുറിച്ചുള്ള വിശകലനവും ഇടതുപക്ഷത്തിന്റെ ഈ രാഷ്ട്രീയ ഇസ്‌ലാമുമായുളള ഇടപഴകലിനു സമാനമായ ശ്രമമാണ്. എന്നാല്‍, ഫൂക്കോക്കും സാര്‍ത്തിനും ഈ പിന്തുണയെ, സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രാദേശികമായ പ്രതിരോധങ്ങളെ - അവ ഇസ്‌ലാമിനാല്‍ പ്രചോദിതമാണെങ്കിലും- മനസ്സിലാക്കുന്ന തലത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുണ്ടായില്ല. ഈ പരാജയത്തിലൂടെ, സയണിസ്റ്റ് രാജ്യമായ ഇസ്രയേലിനുള്ള പിന്തുണ പോലുള്ള ചില 'അടിസ്ഥാന മൂല്യങ്ങളെ' എങ്കിലും തകര്‍ക്കാമായിരുന്ന ഒരു വഴിയാണ് ഇവര്‍ അടച്ചിട്ടത്. എന്നാല്‍, നവ കോളനീകരണത്തോടും സാമ്രാജ്യത്വത്തോടുമുള്ള പ്രാദേശിക പ്രതിരോധങ്ങളെ ആഴത്തില്‍ മനസ്സിലാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കാന്‍ ജൂഡിത് ബട്‌ലറിന് സാധിക്കുകയുണ്ടായി. ഹമാസിനെയും ഹിസ്ബുല്ലയെയും പുരോഗമനപരവും ആഗോള ഇടതിന്റെ ഭാഗവുമായ സാമൂഹിക പ്രസ്ഥാനങ്ങള്‍ ആയാണ് മനസ്സിലാക്കേണ്ടതെന്ന് ഈ അടുത്ത് അവര്‍ പ്രസ്താവിക്കുകയുണ്ടായി. ഒരുപക്ഷേ, ഫൂക്കൊ തന്നെയാവാം അവരുടെ ചിന്തകളുടെ കേന്ദ്രമെങ്കിലും 'കോളനീകരണാനന്തര അവസ്ഥയെ' പ്രതിനിധീകരിക്കാനും ചന്ത്രാ തല്‍പാദെ മൊഹന്തി, ഗായത്രി ചക്രബര്‍ത്തി സ്പിവക്ക് എന്നീ പൗരസ്ത്യ  പണ്ഡിതന്മാരുമായി ഗുണപരമായ തലത്തില്‍ ഇടപഴകാനും അവര്‍ക്ക് സാധിക്കുന്നുണ്ട്.
സബാ മഹ്മൂദിനെ സംബന്ധിച്ചേടത്തോളം, ഇടതുപക്ഷവും രാഷ്ട്രീയ ഇസ്‌ലാമും തമ്മിലുള്ള ഇടപാടുകള്‍ അവരുടെ ചിന്താപഠനങ്ങളുടെ കേന്ദ്രമാണ്. 'പൊളിറ്റിക്‌സ് ഓഫ് പിയറ്റി' എന്ന അവരുടെ പുസ്തകത്തിന്റെ മുഖവുരയില്‍ രാഷ്ട്രീയ ഇസ്‌ലാമുമായുള്ള തന്റെ മാറുന്ന ബന്ധത്തെ കുറിച്ച് അവര്‍ എഴുതുന്നുണ്ട്. പാകിസ്താനിലെ ഒരു സെക്യുലര്‍ ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് എന്ന നിലയില്‍ ഈജിപ്തിലെ ജനങ്ങളുടെ രാഷ്ട്രീയ ഇസ്‌ലാമിലേക്കുള്ള ആകര്‍ഷണത്തെ അവര്‍ മനസ്സിലാക്കിയിരുന്നത്, വിദ്യാഭ്യാസത്തിന്റെ അഭാവം കാരണവും, പ്രവാസി തൊഴിലാളികളിലൂടെ ഇറക്കുമതി ചെയ്യപ്പെടുന്ന ഗള്‍ഫ് മോഡല്‍ ഇസ്‌ലാമും, എണ്ണ സമ്പന്ന ഗള്‍ഫ് രാജ്യങ്ങളും പടിഞ്ഞാറന്‍ മുതലാളിത്ത ശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇഴചേര്‍ന്ന് രൂപപ്പെടുന്ന ഒരു പ്രതിഭാസം എന്നായിരുന്നു. എന്നാല്‍, പിന്നീട് രാഷ്ട്രീയ ഇസ്‌ലാമിന്റെ ശക്തിപ്പെടലിന് നല്‍കുന്ന ഈ വിശദീകരണം തീര്‍ത്തും അപര്യാപ്തമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. രാഷ്ട്രീയ രംഗത്തെ ജനാധിപത്യവത്കരിക്കുന്നതിലും ഏക പാര്‍ട്ടി ഭരണം  അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങളെ ശക്തമായി എതിര്‍ക്കുന്നതിലും ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ ശക്തമായ സാന്നിധ്യമായിരുന്നു. ഒരു സെക്യുലര്‍ ഫെമിനിസ്റ്റ് എന്ന നിലയില്‍    ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ മനസ്സിലാക്കുന്നതിലുണ്ടായ എറ്റവും വലിയ പ്രയാസം അവര്‍ രേഖപ്പെടുത്തുന്നത് 'വൈയക്തികമായ വിശ്വാസം എന്ന സ്വകാര്യ ഇടത്തില്‍ നിന്നും മതം പുറത്തുവരുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാതിരിക്കുന്ന നമ്മുടെ രോഗം' എന്നാണ്. മത സത്യത്തെ 'ദേശരാഷ്ട്രീയത്തിന്റെയും സാമ്പത്തിക താല്‍പര്യങ്ങളുടെയും ഉപജാപ ഫലമായി രൂപപ്പെടുന്ന അധികാര ശക്തിയായി ആണ് ഇടതുപക്ഷം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്' എന്ന് അവര്‍ വാദിക്കുന്നു. ഇടത് സെക്യുലര്‍ അഭിലാഷങ്ങള്‍ക്ക് അപ്പുറത്തേക്ക് വളരുന്ന വ്യത്യസ്ത വിധത്തിലുള്ള മാനുഷികാഭിവൃദ്ധികളെ പരിഗണിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കേണ്ടതുണ്ടെന്ന് സബാ മഹ്മൂദ് ഇടത് പക്ഷത്തെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ ഇസ്‌ലാം, രാഷ്ട്ര രൂപീകരണത്തിന് അപ്പുറം സമൂഹങ്ങള്‍ക്ക് വേണ്ടിയുള്ള ഗൗരവപൂര്‍വമായ സാമൂഹിക ക്ഷേമ പദ്ധതികളെയും അധികാരി വര്‍ഗത്തിന്റെ വ്യാപകമായ അഴിമതിയോടുള്ള പ്രതിരോധത്തെയും സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.
എന്റെ തന്നെ മനസ്സിലാക്കലുകളും രാഷ്ട്രീയ ഇസ് ലാമിന്റെ ചില നേതാക്കളോടുള്ള സംസാരങ്ങളും എന്നെ ബോധ്യപ്പെടുത്തിയത് ലിബറേഷന്‍ തിയോളജിയെയും പ്രത്യേകിച്ച് ബ്ലക്ക് തിയോളജിയെ മുന്നോട്ടു നയിച്ചതിന് സമാനമായ ഘടകങ്ങളാല്‍ രാഷ്ട്രീയ ഇസ്‌ലാമും മുന്നോട്ടു നയിക്കപ്പെട്ടിട്ടുണ്ട് എന്നണ്. ബാഹ്യ ആധിപത്യങ്ങളോടുള്ള ശക്തമായ പ്രതിരോധവും ആന്തരിക സാംസ്‌കാരിക സ്രോതസ്സുകളെയും സ്വത്വത്തെയും അതിനായി ഉപയോഗിക്കനുള്ള സന്നദ്ധതയും സമുദായത്തെയും അതിന്റെ പാരമ്പര്യത്തെയും ആദര്‍ശവത്കരിക്കുന്ന ഒരളവില്‍ കാല്‍പ്പനികവത്കരിച്ച കാഴ്ചപ്പാടുമാണ് അത് സാധ്യമാക്കിയത്. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ആദര്‍ശങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതാണങ്കിലും അതിന്റെ വ്യവഹാരങ്ങള്‍ അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെയും സാമ്പത്തികവും സാമൂഹികവുമായ ചൂഷണത്തില്‍നിന്നുള്ള മോചനത്തിന്റെയും തുല്യതയുടെയും നീതിയുടെയും ശക്തമായ ഭാഷകൊണ്ട് സമ്പന്നമാണ്.
ഊര്‍ജസ്വലമായ മതപരത ഇടതുപക്ഷത്തെ സംബന്ധിച്ച് സുഖകരമായ ഒന്നല്ല. എന്നാല്‍, നമ്മുടെ വിമാനത്താവളങ്ങളില്‍ ക്ഷോഭിത യാത്രക്കാരെയും ക്ഷോഭിത രാഷ്ട്രത്തെയും ശാന്തരാക്കുന്നതിന് ധാരാളമായി ഉപയോഗിച്ചുവരുന്ന,  ഉത്തേജകമെല്ലാം ചോര്‍ത്തിക്കളഞ്ഞ മാസികാ മതങ്ങള്‍ക്കും (ബുദ്ധിസവും ഇസ്‌ലാമും ഈ ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്) ചൂഷണങ്ങള്‍ക്കെതിരെയുള്ള പ്രതിരോധവും അധികാരവുമായി ഉയര്‍ന്നുവരുന്ന ഊര്‍ജ്വസ്വലമായ വിശ്വാസത്തിനുമിടയില്‍ ഏതിനൊപ്പം നില്‍ക്കണമെന്നത് എന്നെ സംബന്ധിച്ച് വലിയ ചോദ്യമല്ല.
നവ കോളനീകരണത്തിനും പടിഞ്ഞാറിന്റെ സാമ്രാജ്യത്വ ആധിപത്യത്തിനും എതിരെയുള്ള ആഴത്തിലുള്ള ഒരു പ്രതികരണമാണ് രാഷ്ട്രീയ ഇസ്‌ലാം. അത് സ്വയം ഒരു പ്രശ്‌നമല്ല. എന്നാല്‍, സാമ്രാജ്യത്വം സ്വയം തന്നെ ഒരു പ്രശ്‌നമാണ്.

(ഫരീദ് ഇസാഖ് സൗത്ത് ആഫ്രിക്കന്‍ പണ്ഡിതനും എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. വര്‍ണ വിവേചനത്തിനെതിരെയുള്ള സമരത്തില്‍ മുന്‍പന്തിയില്‍  ഉണ്ടായിരുന്ന ഇസാഖിനെ വിപ്ലവാനന്തരം നെല്‍സണ്‍ മണ്ടേല ജെന്‍ഡെര്‍ ഇക്വാലിറ്റി കമീഷ്ണര്‍ ആയി നിയമിച്ചിരുന്നു. ഇപ്പോള്‍ ജോഹനസ്‌ബെര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പഠന വിഭാഗം മേധാവിയാണ്. ഖുര്‍ആന്‍;  ലിബറേഷന്‍ ആന്റ് പ്ലൂരലിസം, ഓണ്‍ ബീയിഗ് മുസ്‌ലിം എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. അമന്‍ഡല എന്ന സൗത്ത് അഫ്രിക്കന്‍ മാസികയില്‍  പ്രസിദ്ധീകരിച്ചതാണ് ഈ കുറിപ്പ്).
വിവ: കെ.ടി. ഹാഫിസ്      


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍