ബാലികാ വിവാഹവും ഹസ്രത്ത് ആഇശയുടെ പ്രായവും
യമനില്‍ വിവാഹിതയായ ബാലിക വിവാഹരാത്രിയില്‍ തന്നെ മരിക്കാനിടയായ വാര്‍ത്ത വിവാദമായിരിക്കുകയാണല്ലോ. നബി(സ) ആഇശയെ വളരെ ചെറിയ പ്രായത്തിലാണ് വിവാഹം കഴിച്ചതെന്ന് കേട്ടിട്ടുണ്ട്. ആഇശ(റ)ക്ക് എത്ര വയസ്സുള്ളപ്പോഴായിരുന്നു അവരുടെ വിവാഹം?
ആഇശ(റ)യെ പ്രവാചകന്‍(സ) വിവാഹം ചെയ്യുമ്പോള്‍ ഒമ്പതു വയസ്സായിരുന്നുവെന്നാണ് പൊതുവായി അറിയപ്പെടുന്ന നിവേദനങ്ങളിലുള്ളത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സംശയാസ്പദമാണ്. പല രീതിയിലും ഇത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആഇശ(റ)യെ 18-നും 22-നും ഇടയിലുള്ള വയസ്സിലാണ് നബി വിവാഹം ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.
അങ്ങനെ പറയാനുള്ള കാരണങ്ങള്‍:
ഒന്നാമതായി, ആഇശയെ പ്രവാചകന് വിവാഹം ആലോചിക്കുന്നതിനു മുമ്പ് തന്നെ ജൂബൈറുബ്‌നു മുത്വ്ഇമിന് വിവാഹം ആലോചിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം അവിശാസിയായിരുന്നു. അവിശ്വാസികളെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന ഇസ്‌ലാമിക വിധി അന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.
മുഹമ്മദ് നബിയുടെ തന്നെ മൂത്ത പുത്രിയായ സൈനബും ഇതു പോലെ അവരുടെ അവിശ്വാസിയായ ഭര്‍ത്താവ് അബൂ അല്‍ആസിനോടൊപ്പം കുറെ കാലം ജീവിച്ചിരുന്നു. ആഇശയെ വിവാഹമാലോചിച്ചു പ്രവാചകന്‍ അബൂബക്‌റിന്റെ അടുക്കല്‍ ആളെ അയച്ചപ്പോള്‍ ആഇശയുടെ പിതാവായ അബൂബക്ര്‍(റ) പറഞ്ഞു: ''ജൂബൈറിന്റെ ആള്‍ക്കാര്‍ അവളെ വിവാഹം ആലോചിച്ചിട്ടുണ്ട്. എന്നാലും കുഴപ്പമില്ല. അവരില്‍ നിന്ന് ഞാന്‍ അവളെ വിടുതല്‍ വാങ്ങാം.''
മറ്റൊരാളുമായി വിവാഹം ആലോചിച്ചുവെച്ചിട്ടുള്ള ആഇശയെ പ്രവാചകന് വിവാഹം ചെയ്തുകൊടുക്കണമെങ്കില്‍ അബൂബക്‌റിന് ആദ്യ കൂട്ടരെ തന്ത്രപരമായി ഒഴിവാക്കണമായിരുന്നു. പ്രവാചകന് ആഇശയെ വിവാഹമാലോചിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ ശേഷം മാത്രമാണ് വിവാഹം കഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ഒമ്പതാം വയസ്സില്‍ വിവാഹം കഴിഞ്ഞ ആഇശയെ തിരുമേനി ആറാം വയസ്സില്‍ തന്നെ വിവാഹം ആലോചിച്ചുവെന്നു വരും. എന്നു മാത്രമല്ല, ആ വയസ്സില്‍ പോലും മറ്റൊരാള്‍ക്ക് വേണ്ടി ആ പെണ്‍കുട്ടിയെ ആലോചിച്ചു വെച്ചിരുന്നു എന്നും വരില്ലേ. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.
രണ്ടാമതായി, ആഇശയെ വിവാഹം ചെയ്യാന്‍ പ്രവാചകനോടു നിര്‍ദേശിക്കുന്നത് അനുചരന്മാരില്‍ ഒരാളാണ്. ഖദീജ മരണപ്പെട്ട ശേഷം ഖദീജയെപോലെ പ്രവാചകനെ പരിചരിക്കാനും സ്‌നേഹിക്കാനും കഴിയുന്ന നല്ല ഒരു പത്‌നിയെ വേണമെന്ന് നിര്‍ദേശിക്കുന്നത് ഖൗല ബിന്‍ത് ഹകീമാണ്. ഖൗലയുടെ മനസ്സില്‍ ആരെങ്കിലുമുണ്ടോയെന്ന പ്രവാചകന്റെ ചോദ്യത്തിന് അവര്‍ മറിച്ചു ചോദിച്ചു: ''കന്യകയെയാണോ അതല്ല പക്വതയെത്തിയ സ്ത്രീയെയാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?'' രണ്ടു പേരുടെയും പേരുകള്‍ പറയാന്‍ തിരുമേനി അവരോടു ആവശ്യപ്പെട്ടു. പക്വതയെത്തിയ സ്ത്രീയായി അവര്‍ പറഞ്ഞത് സൗദയെയും കന്യകയായി അവര്‍ പറഞ്ഞത് ആഇശയെയുമാണ്. അപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു: ''നിങ്ങള്‍ രണ്ടുപേരെയും ആലോചിച്ചുകൊള്ളൂ.'' അങ്ങനെ രണ്ടു ആലോചനകളും സ്വീകരിക്കപ്പെട്ടു.
അധിക കാലം കഴിയുന്നതിനു മുമ്പുതന്നെ തിരുമേനി സൗദയെ വിവാഹം ചെയ്തു. എന്നാല്‍ ആഇശയുമായുള്ള വിവാഹം തിരുമേനി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുവോളം പിന്തിച്ചു. അഥവാ വിവാഹാലോചന നടന്ന് മൂന്നു വര്‍ഷത്തിനു ശേഷമാണ് തിരുമേനി മദീനയിലേക്കു ഹിജ്‌റ പോകുന്നത്. അവിടെവെച്ചാണ് തിരുമേനി ആഇശയെ വിവാഹം ചെയ്യുന്നത്.
പ്രവാചക തിരുമേനി വിവാഹാലോചന നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം എങ്ങനെയായിരുന്നുവെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. നാല് പെണ്‍മക്കളുണ്ടായിരുന്നവരില്‍ രണ്ടു പേര്‍ വിവാഹിതകളായിരുന്നു അപ്പോള്‍. മറ്റു രണ്ടു പേര്‍ നബിയോടൊപ്പമുണ്ട്. ഏറ്റവും ഇളയ പുത്രി ഫാത്വിമബീവിക്ക് അന്ന് പതിമൂന്നിനോടടുത്തായിരുന്നു പ്രായം. അതിനാല്‍ വീട്ടിലാരുമില്ലാത്ത അവസ്ഥയിലായിരുന്നില്ല അദ്ദേഹം.
പ്രവാചകന് ഒരു ഇണയുടെ കൂട്ടു വേണമെന്ന് മനസ്സിലാക്കിയ ഖൗല തിരുമേനിക്കു ഒരു വധുവിനെ വേണമെന്ന് പറയുമ്പോള്‍ അതുവഴി ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ മകളേക്കാള്‍ വളരെ പ്രായംകുറഞ്ഞ ഒരു ബാലികയെയായിരുന്നുവെന്ന് കരുതാന്‍ ന്യായമുണ്ടോ? അദ്ദേഹത്തെ പരിചരിക്കാനും സ്‌നേഹിക്കാനും ഒരു കുട്ടിയെ വേണമെന്നാണോ അവര്‍ ഉദ്ദേശിച്ചത്? അത് തീര്‍ത്തും യുക്തിവിരുദ്ധമായ ഒരു കാര്യമാണ്.
മൂന്നാമതായി, പ്രവാചകചരിത്രത്തിലെ ഏറ്റവും പഴയതും ആധികാരികവുമായ ഇബ്‌നു ഇസ്ഹാഖിന്റെ ഗ്രന്ഥത്തില്‍, ആദ്യമായി ഇസ്‌ലാം സ്വീകരിച്ച ആളുകളെ പരിചയപ്പെടുത്തുന്ന ഒരു പ്രത്യേക അധ്യായമുണ്ട്. 51 പേര്‍ ആ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിലാരും കുട്ടികളായില്ല. പ്രവാചകന്റെ ആദ്യ നാല് അഞ്ച് വര്‍ഷത്തിനിടയിലാണ് ഇക്കൂട്ടര്‍ ഇസ്‌ലാം സ്വീകരിച്ചത്. ഇതില്‍ ആഇശയുടെ പേരുമുണ്ട്. ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ അവര്‍ വളരെ ചെറുപ്പമായിരുന്നുവെന്നും അതില്‍ പറയുന്നു. എന്നാല്‍ തന്റെ വിശ്വാസം തെരഞ്ഞെടുക്കാനും അതു പ്രഖ്യാപിക്കാനും മാത്രമുള്ള പക്വത അവര്‍ക്കുണ്ടായിരുന്നു.
അവര്‍ക്കന്ന് പത്ത് വയസ്സുണ്ടായിരുന്നുവെന്ന് അനുമാനിക്കുകയാണെങ്കില്‍ അവര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടാവുക നുബുവ്വത്തിന്റെ അഞ്ചാം വര്‍ഷമാണ്. എങ്കില്‍ ആഇശ വിവാഹിതയായിട്ടുണ്ടാവുക 19-ാമത്തെ വയസ്സിലാണ്. കാരണം, പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോയി ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം മാത്രമാണ് തിരുമേനി അവരെ വിവാഹം ചെയ്യുന്നത്.
ആഇശ വിവാഹിതയാകുമ്പോള്‍ ഒരു പൂര്‍ണ സ്ത്രീയായിട്ടുണ്ടായിരുന്നുവെന്നതിന് വേറെയും തെളിവുകളുണ്ട്.
അവലംബം: www.onislam.net
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്
Comments