Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

സ്വര്‍ഗത്തിലെ കുടുംബ സംഗമം!

ഫൈസല്‍ മഞ്ചേരി / കുടുംബം

തീ അപകടകാരിയാണ്, നരകത്തിലെ തീ വളരെ അപകടകാരിയാണ്. വേനല്‍ കാലത്തുള്ള കടുത്ത ചൂട് നമുക്ക് സഹിക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ അതിനേക്കാള്‍ എത്രയോ മടങ്ങ് കാഠിന്യമുള്ള നരകച്ചൂടിന്റെ കാര്യം പറയാനുണ്ടോ?
ഈ കൊടും ചൂടില്‍ സമരത്തിനിറങ്ങിപ്പുറപ്പെടരുതെന്ന് അവര്‍ പറഞ്ഞു. പറയുക, നരകത്തിലെ തീ ഏറ്റവും കടുത്ത ചൂടുള്ളതാണ് (ഖുര്‍ആന്‍ 9:81).
നരകത്തീയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി നടത്തണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നു. ആദ്യം നിങ്ങള്‍ രക്ഷാകവചം അണിയുക, എന്നിട്ട് കുടുംബത്തെയും രക്ഷാകവചം അണിയിക്കുക.
''സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകത്തില്‍ നിന്ന് കാത്തുരക്ഷിക്കുക'' (66:6).
വിമാനത്തിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരാണ് നമ്മില്‍ പലരും. അപായവേളയില്‍ ഓക്‌സിജന്‍ മാസ്‌ക് ആദ്യം നിങ്ങള്‍ ധരിക്കണമെന്നും എന്നിട്ടാണ് കുട്ടികളെ ധരിപ്പിക്കേണ്ടതെന്നും അവര്‍ തുടക്കത്തില്‍തന്നെ പറയും. ഒരാള്‍ സ്വന്തം സുരക്ഷയെക്കുറിച്ച് തീരെ ബോധമില്ലാതെ അപരന്റെ സുരക്ഷയില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഒരു പക്ഷേ അയാള്‍ രണ്ടു പേരുടെയും ജീവന്‍ അപകടത്തിലാക്കിയേക്കാം. നരകത്തിന്റെ ഭയാനകമായ തീ അടുത്തടുത്തുവരുന്നു. സുരക്ഷ ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അലസമായിരിക്കാന്‍ നേരമില്ല. അത് ദൂരെയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കിലും അതിതാ വളരെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് ഖുര്‍ആന്‍ നമ്മെ ഒര്‍മപ്പെടുത്തുന്നുണ്ട്.
''തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു. നാമാകട്ടെ അതിനെ അടുത്തായും കാണുന്നു'' (അല്‍ മആരിജ് 6,7)
നരകത്തീയില്‍ നിന്ന് നിങ്ങളെ സ്വയം രക്ഷപ്പെടുത്തുക, ഒപ്പം കുടുംബത്തെയും രക്ഷിക്കുക. ഇതാണ് ഖുര്‍ആനിന്റെ ആഹ്വാനം. ഞാന്‍ നരകത്തില്‍ കിടന്ന് വെന്തെരിഞ്ഞാലും കുഴപ്പമില്ല, കുടുംബം രക്ഷപ്പെടട്ടെ എന്ന് വിചാരിക്കുന്ന ചിലരുണ്ട്. അവര്‍ തങ്ങള്‍ ചെയ്യാത്ത സല്‍കര്‍മങ്ങള്‍ ഭാര്യയും മക്കളും ചെയ്യട്ടെ എന്ന് കരുതി ഉപദേശങ്ങള്‍ വാരിക്കോരികൊടുക്കും. ഇനി മറ്റു ചിലര്‍, കുടുംബം എങ്ങനെയായാലും തരക്കേടില്ല സ്വന്തം തടി ഏതുവിധേനയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തണം എന്നു ചിന്തിക്കുന്നവരാണ്. തന്റെ ജീവിതത്തെ ഇസ്‌ലാമികമാക്കാന്‍ പരമാവധി ശ്രമിക്കുന്ന ഇത്തരക്കാര്‍ ഭാര്യയെയും കുട്ടികളെയും പാടെ അവഗണിക്കുന്നു. രണ്ടു കൂട്ടരും ഖുര്‍ആനിക അധ്യാപനത്തെ ഭാഗികമായി അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഫലം നാസ്തിയായിരിക്കും

സ്വര്‍ഗത്തിലെ കുടുംബ സംഗമം
നമുക്ക് സ്വര്‍ഗത്തില്‍ കടക്കണം. ഒറ്റക്കല്ല, കുടുംബത്തോടെ തന്നെ വേണം നമുക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍. അത് സാധ്യമാകുമെന്നാണ് ഖുര്‍ആനും ഹദീസും നമ്മെ പഠിപ്പിക്കുന്നത്. സ്വര്‍ഗത്തില്‍വെച്ച് നടക്കാന്‍ പോകുന്ന തലമുറകളുടെ കുടുംബ സംഗമം അല്ലാഹു എത്ര മനോഹരമായിട്ടാണ് വിവരിക്കുന്നത് എന്നു നോക്കുക.
''അല്ലാഹുവോടുള്ള വാഗ്ദാനം പൂര്‍ണമായും നിറവേറ്റുന്നവര്‍, കരാര്‍ ലംഘിക്കാത്തവര്‍, അല്ലാഹു ചേര്‍ക്കാന്‍ പറഞ്ഞത് കൂട്ടിയോജിപ്പിക്കുന്നവര്‍, തങ്ങളുടെ നാഥനെ ഭയപ്പെടുന്നവര്‍, കടുത്ത വിചാരണയെ പേടിക്കുന്നവര്‍, അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ച് ക്ഷമ കൈകൊണ്ടവര്‍, നമസ്‌കാരം നിലനിര്‍ത്തിയവര്‍, രഹസ്യമായും പരസ്യമായും നാം നല്‍കിയതില്‍ നിന്ന് ചെലവഴിച്ചവര്‍, തിന്മയെ നന്മ കൊണ്ട് തടഞ്ഞവര്‍-അവര്‍ക്കുള്ളതാണ് പരലോക ഭവനം. അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗപ്പൂന്തോപ്പുകള്‍. അവരും അവരുടെ മാതാപിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും മക്കളില്‍ നിന്നുമുള്ള സല്‍കര്‍മികളും ആ സ്വര്‍ഗപ്പൂന്തോപ്പുകളില്‍ പ്രവേശിക്കുന്നു. മലക്കുകള്‍ സ്വര്‍ഗത്തിന്റെ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തേക്ക് കടന്നു വന്നുകൊണ്ട് പറയും. നിങ്ങള്‍ ജീവിതത്തില്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം. അപ്പോള്‍ ഈ പരലോക ഭവനം എത്ര അനുഗ്രഹപൂര്‍ണം!!'' (അര്‍റഅദ് 20 മുതല്‍ 24 വരെ).
ഒന്ന്ആലോചിച്ചു നോക്കുക. എത്ര സന്തോഷകരമായിരിക്കും തലമുറകളുടെ ആ സംഗമം. സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിനു പുറമെ കുടുംബത്തില്‍ വലുതും ചെറുതുമായ അംഗങ്ങളെ കൂടി അവിടെ വെച്ചു കണ്ടുമുട്ടുമ്പോള്‍ സന്തോഷത്തിനു മേല്‍ സന്തോഷം. കുടുംബത്തിലെ നല്ലവര്‍ എല്ലാവരും ഒരുമിച്ചു കൂടി ആഹ്ലാദം പങ്കിടുമ്പോള്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ മലക്കുകളും എല്ലാ വാതിലിലൂടെയും എത്തിച്ചേരുന്നു. എന്റെ അഞ്ചോ പത്തോ തലമുറ മുമ്പത്തെ ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചതുകൊണ്ടാണല്ലോ എനിക്ക് ഒരു ഇസ്‌ലാമിക കുടുംബത്തില്‍ ജനിക്കാനും ചെറുപ്പം മുതലേ ഇസ്‌ലാമിനെ അറിയാനും സാധിച്ചത്. അദ്ദേഹത്തെ ഒന്നു കണ്ടാല്‍ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കണമെന്ന് ഭൂമിയില്‍വെച്ച് ഞാന്‍ ആശിച്ചിട്ടുണ്ട്. ആ പുണ്യകര്‍മം ചെയ്ത എന്റെ ഉപ്പാപ്പയെ ഞാന്‍ സ്വര്‍ഗത്തിലെ കുടുംബ സംഗമത്തില്‍ വെച്ച് കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന രംഗം എത്ര മനോഹരവും ആഹ്ലാദകരവുമായിരിക്കും!! എന്റെ കുറേ തലമുറകള്‍ക്ക് ശേഷം വരുന്ന പേരക്കുട്ടികളില്‍ ഒരാള്‍ ഒരു പക്ഷേ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടി ധീര രക്തസാക്ഷ്യം വരിച്ചവനാകാം. അല്ലെങ്കില്‍ വലിയ പണ്ഡിതനും പരിഷ്‌കര്‍ത്താവുമാകാം. ഈ ഭൂലോകത്തു വെച്ച് ഒരിക്കലും കാണാനിടയില്ലാത്ത അവനെയും എനിക്കവിടെ കാണാന്‍ കഴിയുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ കുടംബം സ്വര്‍ഗമായി മാറുന്നു. സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്ന തലമുറകളുടെ കുടുംബ സംഗമം ഒരു വലിയ ആഘോഷമായി മാറുന്നു. നമ്മളെയും നമ്മുടെ കുടുംബത്തെയും നരകത്തില്‍ നിന്ന് രക്ഷിക്കുക, സ്വര്‍ഗത്തില്‍ നടക്കുന്ന കുടുംബസംഗമത്തിലേക്ക് ഒരു പ്രവേശന ടിക്കറ്റ് കരസ്ഥമാക്കുക (ഉസ്താദ് നുഅ്മാന്‍ അലിഖാന്റെ ഒരു പ്രഭാഷണ ശകലത്തെ ഉപജീവിച്ചെഴുതിയത്).
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍