മലബാറിലെ നവോത്ഥാന പ്രതിസന്ധികള്‍
ഒരു കഥ ഓര്‍മിക്കുകയാണ്. മധ്യകാല ഇന്ത്യയില്‍ പ്രശസ്തനായ ഒരു സൂഫിയുടെ ജനാസ യാത്രയെ അനുഗമിച്ചിരുന്ന ഒരു ജൂതപണ്ഡിതനോട് ഒരാള്‍ ചോദിച്ചു, 'നാണമില്ലല്ലോ നിങ്ങള്‍ക്ക്, ഇത്രയും കാലം അയാളുടെ സുഹൃത്ത് ആയിരുന്നിട്ടും നിങ്ങള്‍ക്ക് മുസ്‌ലിം ആകാന്‍ കഴിഞ്ഞില്ലല്ലോ..' അപ്പോള്‍ ജൂതപണ്ഡിതന്‍ പറഞ്ഞത്രേ: 'അയാളെപോലെ പരിശുദ്ധമായ ഇസ്‌ലാമിനെ പുല്‍കാന്‍ ഞാന്‍ അശക്തനാണ്. അതേസമയം നിങ്ങള്‍ കാണിക്കുന്നതും പ്രചരിപ്പിക്കുന്നതും പോലെയുള്ള വികലമായ ഇസ്‌ലാമിനെ പിന്തുടരാന്‍ എനിക്ക് താല്‍പര്യവുമില്ല.' കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ ഇസ്‌ലാമിക സംഘടനകളും അവര്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്ന ചില വാദങ്ങളും ഈ മധ്യകാല ജൂതപണ്ഡിതനെയാണ് ഓര്‍മിപ്പിക്കുന്നത്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍, കേരളത്തിലെ മിക്ക ഇസ്‌ലാമിക സംഘടനകളും അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി എന്നായിരിക്കും മറുപടി. ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിക്ക് വ്യക്തിപരമായി തന്നെ സാക്ഷിയാവേണ്ടിയും വന്നു ഈ ലേഖകന്.
മലബാറില്‍ ഒരുകാലത്ത് രാഷ്ട്രീയ കലാപങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച നാദാപുരത്ത് നിന്നാണ് ഈ അനുഭവം ഉണ്ടായത്. നാദാപുരം കലാപങ്ങളുടെ പ്രധാന സവിശേഷത കലാപ മുറിവുകള്‍ ഉണങ്ങാനുള്ള വേഗതയാണ്. അതായതു അക്രമങ്ങള്‍ അവസാനിക്കുന്നതോടു കൂടി തന്നെ ദിനചര്യകളും സാമൂഹിക ബന്ധങ്ങളും പൂര്‍വാധികം ശക്തമാകുന്ന ഒരു പ്രദേശം കൂടിയാണിത്. എന്നാല്‍, പത്തു വര്‍ഷത്തോളമായി കലാപങ്ങള്‍ അന്യം നിന്നിട്ടും സ്ഥലത്തെ സാമൂഹിക ബന്ധങ്ങള്‍ക്ക് പഴയ ഊഷ്മളത ഉണ്ടാകുന്നില്ല. ഇതിന്റെ കാരണങ്ങളിലേക്ക് ഒന്നെത്തിനോക്കാന്‍ നാട്ടില്‍ അവധി ചെലവഴിച്ച കുറച്ചു ദിവസങ്ങളില്‍ സാധിച്ചു. നാദാപുരത്ത് സലഫി/മുജാഹിദ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ ഒരു പ്രദേശത്തെ ഒരു ഈദുഗാഹില്‍ പങ്കെടുത്തപ്പോഴാണ് ചില കാര്യങ്ങള്‍ മനസ്സിലാകുന്നത്. മലബാറില്‍ തന്നെ ഏറ്റവും ശക്തമായ സലഫി സ്വാധീനമുള്ള ഒരു 'മുജാഹിദ് ഗ്രാമമായ' വാണിമേല്‍ എന്ന ഈ പ്രദേശം, കേരള മുസ്‌ലിം നവോത്ഥാനത്തിനു അര്‍പ്പിച്ച സംഭാവനകളും വലുതാണ് എന്നുള്ളതും കൂട്ടത്തില്‍ പറയണം.
മതപരമെന്നതിനു പുറമെ പെരുന്നാളിന് ഇവിടെ എപ്പോഴും ഒരു സാമൂഹിക കര്‍തൃത്വം കൂടിയുണ്ടായിരുന്നു. പെരുന്നാള്‍ പ്രസംഗം കേള്‍ക്കാന്‍ വരാറുണ്ടായിരുന്ന അമുസ്‌ലിംകളായ സുഹൃത്തുക്കളുടെ അഭാവം, വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം നാട്ടില്‍ പെരുന്നാള്‍ കൂടിയ എന്നെ എന്റെ സ്വന്തം നാട്ടില്‍ അപരിചിതനാക്കി. തുടര്‍ന്ന്, നിസ്‌കാരത്തിനുശേഷം, ഇറക്കുമതി ചെയ്യപ്പെട്ട, തീവ്രനവോത്ഥാനത്തിന്റെ കേരളത്തിലെ അറിയപ്പെടുന്ന ഒരു തീപ്പൊരി 'ഇസ്‌ലാഹി പ്രഭാഷകന്‍' പെരുന്നാള്‍ സന്ദേശം പറയാന്‍ തുടങ്ങിയപ്പോഴാണ് കാര്യങ്ങളുടെ യഥാര്‍ഥ കിടപ്പ് മനസ്സിലാകുന്നത്. പെരുന്നാള്‍ സന്ദേശമായി പറയപ്പെടുന്നത്, 'അന്യമതസ്ഥരുടെ ഒരു തരത്തിലുള്ള ആഘോഷങ്ങളിലും പങ്കെടുക്കരുത്' എന്നും അത് 'ശിര്‍ക്കാണെന്നു'മാണ്. മാത്രമല്ല 'ഗാനമേളയും സംഗീതവും സിനിമയും ടൂര്‍ പരിപാടികളും കൊടുംപാതകങ്ങളാണ്' തുടങ്ങിയ അനുബന്ധങ്ങളുമുണ്ട് പെരുന്നാള്‍ സന്ദേശത്തില്‍.
അത്യന്തം അപകടകരമായ ഈ ജല്‍പ്പനങ്ങള്‍ ആഖ്യാനങ്ങളുടെയും പുനരാഖ്യാനങ്ങളുടെയും സമ്പന്നതയുള്ള ഇസ്‌ലാമിക ഗ്രന്ഥപാരമ്പര്യങ്ങളില്‍ നിന്ന്, ഉറപ്പുണ്ടെന്ന് പറയാന്‍ പറ്റുന്ന ഒരു തെളിവ് പോലും ഉദ്ധരിക്കാതെ, ഒരിക്കലും സംശയ നിവാരണം വരുത്താതെ, അനര്‍ഗളം പ്രവഹിക്കുകയാണ്. കടുത്ത 'മതേതര'വാദികളായ ചില സുഹൃത്തുക്കളോട് അവിടെ വെച്ചുതന്നെ 'എന്താണ് നിങ്ങള്‍ കേട്ട് നില്‍ക്കുന്നത്, അയാളെ തടയണം' എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായ പ്രതികരണം വീണ്ടും ഞെട്ടലാണ് ഉണ്ടാക്കിയത്. ഒരു സുഹൃത്ത് പറഞ്ഞു: 'പേടിക്കേണ്ട, ബലിപെരുന്നാള്‍ ആകുമ്പോഴേക്കും എല്ലാം ഹലാലായി കൊള്ളും.' അതറിയാന്‍ വേണ്ടി ബലിപെരുന്നാള്‍ ദിവസം വിളിച്ചപ്പോള്‍ സംഗീതം ഹറാമാണെന്ന് വിലക്കപ്പെട്ട അതേ പെരുന്നാള്‍ നിസ്‌ക്കാര മൈതാനത്ത് ഗാനമേള തകര്‍ത്ത് മറിയുകയാണ്. സുഹൃത്ത് പറഞ്ഞത് സത്യം. എല്ലാം ശുഭം, സന്തോഷം എന്ന് എഴുതാന്‍ പക്ഷേ ബുദ്ധിമുട്ടുണ്ട്. .
ദിശ നഷ്ടപ്പെട്ട ഇത്തരത്തിലുള്ള 'നവോത്ഥാന പ്രക്രിയകള്‍' സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, പ്രക്രിയയിലെ വേറെ ചില പരമ്പരാഗത സംഘടനകള്‍ തങ്ങളുടേതായ ഫത്‌വകളിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാം/മുസ്‌ലിം ഇമേജുകള്‍ എന്താണ്, ഇത്തരത്തിലുള്ള വാദ പ്രതിവാദ ഖണ്ഡന മണ്ഡന പ്രഹസനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെയാണ് ഭാഗഭാക്കാകുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളത്രയും 'ഭീതി' എന്നാണ്. ഈ വാദപ്രതിവാദ പ്രഹസനങ്ങളുടെ മുഖ്യ ഉപയോക്താക്കളാണ് നാട്ടിന്‍ പുറങ്ങളിലെ 'പിരിവു പ്രഭാഷകര്‍' എന്ന് അറിയപ്പെടുന്ന പ്രഫഷണല്‍ 'മത പ്രചാരകര്‍.' ഇവരുടെ പ്രധാന കമ്പോളമായി തുടരുക തന്നെയാണ് ഭൂരിപക്ഷവും ഇപ്പോഴും ദരിദ്രരായി തന്നെ കഴിയുന്ന പ്രവാസികളുടെ 'ദൈവഭയം.' സാധാരണക്കാരായ, ദൈവവിശ്വാസികളും ഭക്തരും ദരിദ്രരുമായ ഇവരെ ഖബ്‌റിലെയും മഹ്ശറയിലെയും ശിക്ഷകളും കഷ്ടങ്ങളും പറഞ്ഞു ഭയപ്പെടുത്തി നിലനിര്‍ത്തുന്നത് മൂലം കമ്പോളത്തിന്റെയും വരുമാനത്തിന്റെയും തുടര്‍ച്ച നിശ്ചയിക്കപ്പെടുന്നു. രമ്യഹര്‍മങ്ങള്‍ തീര്‍ത്ത് അഹങ്കരിച്ച, ഭൂമിയില്‍ സ്വര്‍ഗം നിര്‍മിച്ച് സന്തോഷിച്ച സമൂദു ഗോത്രത്തിന്റെയും ആദു സമൂഹത്തിന്റെയും കഥ പറഞ്ഞ്, ഖബ്‌റില്‍ മുന്‍കര്‍/നകീര്‍ മലക്കുകളുടെ ശിക്ഷയെ പറഞ്ഞു ഭീഷണിപ്പെടുത്തി 'പിരിവു തഖ്‌വക്കാര്‍' എന്ന് വടക്കന്‍ മലബാറിലും, 'അള്ള്' എന്ന് ഗള്‍ഫിലും അറിയപ്പെടുന്ന ഇക്കൂട്ടര്‍ തങ്ങള്‍ക്കുവേണ്ടി നിര്‍മിക്കുന്നത് ആദു സമുദായത്തെയും അത്ഭുതപ്പെടുത്തുന്ന കൊട്ടാരങ്ങളാണ് എന്ന് തിരിച്ചറിയപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
സംഘടനാ തലത്തിലും ആശയതലങ്ങളിലുമുള്ള വിള്ളലുകള്‍ ഒരിക്കലും തീരാതെ നിലനില്‍ക്കേണ്ടത് ഇവരുടെ താല്‍പര്യമാണ് എന്ന്, കഴിഞ്ഞ ഒരു നൂറ്റാണ്ടായി തുടങ്ങിയേടത്ത് തന്നെ നില്‍ക്കുന്ന വിവാദങ്ങള്‍ നമ്മോടു പറയുന്നു. അറിയാന്‍ കഴിഞ്ഞേടത്തോളം, പ്രവാസികളിലെ പ്രമുഖ വ്യവസായ/സമ്പന്ന വിഭാഗം സാമ്പത്തിക സഹായം നിര്‍ത്തും എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍, ദശകങ്ങളായി പല ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കുന്ന 'തഖ്‌വ തമാശ' സംഘടനകള്‍ അടുത്ത കാലത്ത് നിര്‍ത്തിയിട്ടുണ്ട് എന്നുള്ളത് ഒരല്‍പ്പം ആശ്വാസമായി നില്‍ക്കുന്നുമുണ്ട്. അതായത് തഖ്‌വയെയും വിഭാഗീയതയെയും ഭിന്ന വ്യാഖ്യാനങ്ങളെയും പലപ്പോഴും നിശ്ചയിക്കുന്നത് നേരത്തെ പറഞ്ഞ ഒരു വിഭാഗം കൂലി പ്രചാരകരുടെ സാമ്പത്തിക താല്‍പര്യം തന്നെയാണ് എന്ന് കാണാന്‍ കഴിയും. വിവിധ സംഘടനാ വിധേയത്വമുള്ള 86 പ്രവാസികളെ ഉള്‍പ്പെടുത്തി ലേഖകന്‍ നടത്തിയ സാമ്പിള്‍ സര്‍വെ പ്രകാരം ദാരിദ്ര്യം എന്ന സാമൂഹിക അവസ്ഥയെയും മതം എന്ന വികാരത്തെയും ചൂഷണം ചെയ്യാനുള്ള ഏറ്റവും വലിയ ഉപാധിയാണ് 'പ്രവാസ മത പ്രചാരണങ്ങള്‍' എന്നാണ് സാധാരണ പ്രവാസികളുടെ വിശ്വാസം. മലബാറിലെ ഇസ്‌ലാമിക സംഘടനകള്‍, കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചത് പോലെ, സംഘടനാ ഗ്രാമങ്ങള്‍ നിര്‍മിച്ച്, സാമൂഹിക സമ്പര്‍ക്കങ്ങളും കല്യാണങ്ങളും മറ്റു സ്വാഭാവിക ചടങ്ങുകളും തങ്ങളുടെ മാത്രമായ സംഘടനാ പരിപാടികളായി ചുരുക്കിക്കൊണ്ടിരിക്കുമ്പോള്‍ 'ഇസ്‌ലാമിക' ചര്‍ച്ചകള്‍ 'മുഖത്തേക്കും' (താടി/ മുടി) വസ്ത്രങ്ങളിലേക്കും ചുരുങ്ങുന്നു.
ഇതില്‍ ഏറ്റവും ഭീതിയുണ്ടാക്കുന്നത്, ഇത്തരത്തിലുള്ള വാദ പ്രതിവാദ ഖണ്ഡന പരിപാടികളെ ആര് സ്‌പോണ്‍സര്‍ ചെയ്യുന്നു എന്ന് അറിയുമ്പോഴാണ്. പല പ്രധാന സംഘടനാ ഗ്രാമങ്ങളിലും ഇത് ചെയ്യുന്നത് പലപ്പോഴും പൊതു മണ്ഡലങ്ങളില്‍ തികഞ്ഞ ഭക്തരും എന്നാല്‍ തങ്ങളുടേതായ താല്‍പര്യങ്ങളിലേക്ക് വരുമ്പോള്‍, മണല്‍ ഗുണ്ടകളും മാഫിയകളും അഴിമതിയെ അകമഴിഞ്ഞ് സഹായിക്കുന്നവരും ഭൂമി പിടിച്ചെടുക്കുന്നവരും സംശയിക്കപെടുന്ന സാമ്പത്തിക ബന്ധങ്ങള്‍ ഉള്ളവരും അധമ രാഷ്ട്രീയത്തിന്റെ വക്താക്കളും മറ്റുമാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും. ഇസ്‌ലാമിന്റെ പ്രകടനപരത സൃഷ്ടിക്കുന്ന സാമൂഹിക സുരക്ഷിതത്വവും, സംഘടനാ ഗ്രാമങ്ങളിലെ സാമൂഹിക സാംസ്‌കാരിക പങ്കാളിത്തത്തിലൂടെ സാധ്യമാകുന്ന ധാര്‍മിക പരിവേഷവും ഇത്തരം വേദികള്‍ ഉയര്‍ത്താന്‍ ഇവര്‍ക്ക് പിന്‍ബലമേകുന്നു. മതത്തെ ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യക്തിതാല്‍പര്യങ്ങളുടെ പൂര്‍ത്തീകരണമാണ് ഇവിടെ സംഭവിക്കുന്നത്.
ഈ പ്രകടനപരത സൃഷ്ടിക്കുന്ന മതത്തിന്റെ ബാഹ്യവല്‍ക്കരണം മലബാറില്‍ ശക്തമായ സാമുദായിക ധ്രുവീകരണമാകുന്നുണ്ട് എന്ന് പ്രാഥമിക നിരീക്ഷണത്തില്‍ തന്നെ മനസ്സിലാവും. കേശവിവാദവും അറബി കല്യാണ പ്രശ്‌നവും, പച്ചക്കുപ്പായവും നിലവിളക്കും തുടങ്ങി ഒട്ടനവധി വിവാദങ്ങള്‍, കേരളത്തിലെ മുസ്‌ലിംകളെ നിരന്തരമായി വെറുതെ അങ്ങ് പിന്തുടരുന്നതല്ല എന്നും, മറിച്ചു തങ്ങളുടെതായ നിലനില്‍പ്പ് ഉണ്ടാക്കാനും ഉള്ളവ ശാശ്വതപ്പെടുത്താനും, ചില കോണുകളില്‍ നിന്ന് വ്യാപകമായ പിന്തുണയും സഹായവും ഉണ്ടാവുന്നുണ്ട് എന്ന് കാണാം. 'സ്ഥിരംകുറ്റവാളികളായ' സവര്‍ണ മതേതരത്വവും, മാധ്യമങ്ങളും, വലതുപക്ഷവും പിന്നെ ചില ഇസ്‌ലാമിക സംഘടനകളുടെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളും ഇവക്ക് പിന്നില്‍ കാണാന്‍ കഴിയും. ഇതിനര്‍ഥം ഇടപെടലുകളിലൂടെ ഒരു സമുദായമെന്ന നിലയില്‍ സൃഷ്ടിപരമായ മാറ്റം നിലവിലുള്ള നവോത്ഥാന ചട്ടക്കൂടിനുള്ളില്‍ നിന്നും ഇവര്‍ക്ക് കൊണ്ട് വരാന്‍ കഴിയില്ല എന്നതാണ്. കാരണം ഈ ചട്ടക്കൂട് കീഴാള രാഷ്ട്രീയ ഐക്യത്തെയും അത് മുന്നോട്ടു വെക്കുന്ന ചര്‍ച്ചകളെയും മുഖവിലക്കെടുന്നില്ല എന്നതാണ്. മാത്രമല്ല, രാഷ്ട്രീയ വിധേയത്വത്തിന്റെ പേരില്‍ അത് മുന്നോട്ടു വെക്കുന്ന 'മറു പ്രതിരോധങ്ങളെ' (alternative resistance) സാമൂഹിക പ്രധാന്യമുള്ളതായി തന്നെ കരുതുന്നുമില്ല.
ഉയര്‍ന്ന വിദ്യാഭ്യാസവും നവോത്ഥാനത്തിന്റെ പുറംമോടിയും ഉള്ള വലിയ വിഭാഗം ന്യൂജനറേഷല്‍ പ്രവാസികളും പ്രഫഷണലുകളും അതുകൊണ്ട്തന്നെ, ഇപ്പോഴും 'നെഞ്ഞത്തെ കൈകെട്ടലിലും' 'ഖുനൂത്തിലും', 'മീശ/ താടി' തുടങ്ങിയവയുടെ ആകൃതി/അളവുകളിലും ചുറ്റിത്തിരിയുന്ന മുസ്‌ലിം/ ഇസ്‌ലാമിക ചര്‍ച്ചകളില്‍ മനംമടുത്ത് നില്‍ക്കുകയാണ്. ഈ വിവാദ നിര്‍മിതികളുടെ മുഖ്യ പ്രചോദനം തന്നെ ചില സംഘടനകളുടെ/ വ്യക്തികളുടെ സാമ്പത്തിക താല്‍പര്യങ്ങളും സമുദായത്തിലുള്ള മേധാവിത്വവും നിലനിര്‍ത്തുക എന്നത് തന്നെയാണ്. ഇത് മനസ്സിലായിട്ടും എന്തിനാണ് ചീഞ്ഞളിഞ്ഞ ഈ മാറാപ്പുകളെ സമുദായം നിരന്തരം ചുമക്കുന്നത് എന്ന് ഉച്ചത്തില്‍ ചോദിക്കാന്‍ അഭിമാനം പണയം വെച്ചുള്ള രാഷ്ട്രീയ വിധേയത്വം പുതുതലമുറയെ പ്രപ്തരാക്കുന്നില്ല എന്നതാണ് ശരി.
ഖണ്ഡന-മണ്ഡനങ്ങളുടെ ഉപഭോക്താക്കള്‍
സുന്നി/ മുജാഹിദ് ഭിന്നത/ വാദപ്രതിവാദ വാണിഭങ്ങളായി ചുരുങ്ങിയപ്പോള്‍ സംഘടന എന്ന നിലയില്‍ ഓരോ അവാന്തര ഘടകങ്ങളും ശക്തിപ്പെടുകയും വിലപേശല്‍ ശക്തികളായി മാറുകയുമായിരുന്നു. അതിശക്തമായ ഈ വിലപേശല്‍ സമ്മര്‍ദത്തിന്റെ ഫലമായി ചരിത്രത്തിലാദ്യമായി മുസ്‌ലിം ലീഗ് കേരള ഘടകത്തിന് രണ്ടു സെക്രട്ടറിമാര്‍ വേണ്ടിവന്ന അവസ്ഥയും 2011ല്‍ നാം കണ്ടു. ഈ തന്ത്രങ്ങള്‍ പ്രാദേശിക തലങ്ങളിലും സജീവമാണ്. പ്രാദേശിക പദ്ധതി വിഹിതങ്ങളുടെ വിതരണത്തില്‍ പോലും ചിലപ്പോഴെങ്കിലും മുജാഹിദ്-സുന്നി ശാക്തികത തുലനം ചെയ്യപ്പെടുന്നുണ്ട് എന്നാണ് മലബാറിലെ ചില ഭാഗങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. മുസ്‌ലിം എന്ന 'ശരീരത്തിന്റെയും' 'വികാരത്തിന്റെയും' അന്തസത്ത എന്നത് വാദപ്രതിവാദ പ്രഹസനങ്ങളില്‍ കൂടി ശക്തിപ്പെടുത്താമെന്നു വിശ്വസിച്ചിറങ്ങി പ്രവാസി ചോരയില്‍ കെട്ടിപ്പടുത്ത ഖണ്ഡനമണ്ഡന വേദികളില്‍ ആഴ്ചകളോളം മാറ്റുരക്കുമ്പോള്‍ ഒരു സമുദായത്തിന്റെ മൊത്തം മുഖമാണ് ചീത്തയാകുന്നത് എന്ന് പറയേണ്ട ഉത്തരവാദിത്വം സത്യത്തില്‍ മുസ്‌ലിം മുഖ്യധാര രാഷ്ട്രീയക്കാര്‍ക്കാണ്. അതേസമയം ഉടുമുണ്ടും അടിവസ്ത്രവും വരെ പണയംവെച്ച് ലേബര്‍ ക്യാമ്പുകളിലും ജൂസ് കടകളിലും ജീവിതം ഹോമിച്ചു തീര്‍ക്കുന്ന സാധാരണ പ്രവാസി ഇപ്പോഴും കൈയടിക്കുക തന്നെയാണ്, തന്റെ മൊല്ലാക്കയുടെ 'വിജയം' ഖണ്ഡന വേദികളില്‍നിന്ന് യൂട്യൂബുകളിലേക്ക് പ്രവഹിക്കുമ്പോള്‍.
ഇവിടെ ഉന്നയിക്കേണ്ട ചോദ്യം, ഇത്തരത്തിലുള്ള ഖണ്ഡനമണ്ഡന വിവാദ തമാശകളുടെ യഥാര്‍ഥ ഉപഭോക്താക്കള്‍ ആരാണ് എന്നാണ്. ഒന്ന് സംശയലേശമന്യേ പറയാം, മേല്‍പറഞ്ഞ 'പിരിവു പ്രചാരകര്‍' തന്നെ. കൂടുതല്‍ സങ്കീര്‍ണവും അപകടകരവുമായ ഉപഭോക്താക്കള്‍ ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരം തേടുമ്പോള്‍ ഇവിടെ നിര്‍ബന്ധമായും പ്രതിക്കൂട്ടില്‍ കയറുക ഇടതുമുസ്‌ലിം മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ തന്നെയാണ്. ഇത്തരം വാദപ്രതിവാദങ്ങള്‍ നിര്‍മിക്കുന്ന അരക്ഷിതത്വത്തിന്റെ, പരിഹാസങ്ങളുടെ, ചെറുതാക്കലുകളുടെ സാമൂഹിക മനഃശാസ്ത്രത്തെ കൃത്യമായ രാഷ്ര്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും വടക്കല്‍ മലബാറില്‍ കാണാന്‍ കഴിഞ്ഞു. പ്രത്യേകിച്ച് കോണ്‍ഗ്രസുമായും ഇടതുപക്ഷവുമായും മത്സരിക്കേണ്ടി വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍, മുഖ്യധാര മുസ്‌ലിം രാഷ്ട്രീയത്തില്‍ മതം മറനീക്കി പുറത്തുവരുന്നത് നേരില്‍ അനുഭവിക്കാന്‍ കഴിയുമായിരുന്നു. മറുഭാഗത്ത് ലീഗുമായി മത്സരിക്കേണ്ടിവന്ന പ്രാദേശിക തലങ്ങളില്‍ ഇടതു പക്ഷവും മതത്തെ ശക്തമായി കൂട്ടുപിടിക്കുന്ന കാഴ്ച വടക്കന്‍ മലബാറിന്റെ രാഷ്ട്രീയ അവസ്ഥകളിലെ നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ഥ്യമായിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.
വടക്കന്‍ മലബാറില്‍ സുന്നി-മുജാഹിദ് വാദപ്രതിവാദങ്ങള്‍ക്ക് ഏറ്റവും ശക്തമായ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്നത് അവ ലീഗ് സി.പി.എം ശക്തി കേന്ദ്രങ്ങള്‍ കൂടിയാണ് എന്നതാണ്. 'അറബ് ഗ്രന്ഥ പാരമ്പര്യങ്ങളെ തെരഞ്ഞെടുത്തു വ്യാഖ്യാനിക്കുന്നു' എന്ന് പരസ്പരം ആരോപണം ഉന്നയിക്കുന്നവര്‍, കൂടുതല്‍ 'ഇസ്‌ലാമിക'മാകാനും വ്യത്യസ്തരാകാനും വേണ്ടിയാണ് തീവ്രനിലപാടുകളെ ആശ്രയിക്കുന്നത്. ഈ അതിതീവ്ര നിലപാടുകളില്‍ ചിലതാണ് 'അന്യസമുദായങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാല്‍ പാടില്ല,' 'അവരുടെ വീടുകളില്‍നിന്ന് ഭക്ഷണം പാടില്ല,' തുടങ്ങി 'ഔദ്യോഗിക ഇസ്‌ലാഹി' പ്രഭാഷകന്‍ പ്രസ്ഥാനത്തിന്റെ പിളര്‍പ്പിനുശേഷം അഴിച്ചുവിട്ട അത്യധികം അപകടകരമായ പ്രസ്താവനകള്‍. സ്വകാര്യ ചര്‍ച്ചകളില്‍ മാത്രമല്ല, മലയാളം ഖുത്വ്ബകളിലും പെരുന്നാള്‍ പ്രസംഗങ്ങളിലും ഇത്തരത്തിലുള്ള അപരവത്കരണം നടത്തുന്ന 'പുരോഗമന വാദികള്‍' എന്ന് സ്വയം കരുതുന്ന നവപാരമ്പര്യവാദികള്‍ (neot-raditionalists)ക്ക് പല കാരണങ്ങള്‍ കൊണ്ട് മറുപടി പറയാന്‍ കഴിയാത്ത, അവരെ തുറന്നു വിമര്‍ശിക്കുന്നത് തങ്ങളുടെ 'പുരോഗമന'പ്രതിഛായയെ ബാധിക്കും എന്ന് മനസ്സിലാക്കിയ വടക്കന്‍ മലബാറിലെ പ്രമുഖരുള്‍പ്പെട്ട പലരും വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ 'നവോത്ഥാന'പള്ളികളില്‍ നിന്നും 'പാരമ്പര്യ'സുന്നി പള്ളികളിലേക്ക് സ്വയം പറിച്ചു നടുകയോ, ഖുത്വുബകള്‍ ബോധപൂര്‍വം ഒഴിവാക്കി നിസ്‌കാരത്തില്‍ മാത്രം പങ്കെടുക്കുക എന്ന തന്ത്രം പ്രയോഗിക്കുകയോ ചെയ്യുന്നത് നവോത്ഥാനത്തിന്റെ വെള്ളിയാഴ്ച കാഴ്ചകളുടെ വേറൊരു മുഖമാണ്.
ഇത്തരത്തിലുള്ള സാമൂഹിക നിരുത്തരവാദങ്ങള്‍ക്കെതിരെ സാധാരണ പ്രതികരിക്കാറുള്ള ഇടതുപക്ഷവും, മതേതര ചട്ടക്കൂട്ടിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്ന മുസ്‌ലിം ലീഗും എന്തുകൊണ്ട് ഇവിടെ കണ്ണടക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഖണ്ഡന പ്രസംഗങ്ങള്‍ ലക്ഷ്യം വെക്കുന്ന 'അമുസ്‌ലിം' എന്ന പദത്തിനു വടക്കന്‍ മലബാറില്‍ മൂര്‍ത്തമായ ഒരു രൂപമുണ്ട്. ഇവിടെ 'അമുസ്‌ലിം' എന്നത് 'ഹിന്ദുവും' അതില്‍ തന്നെ ഭൂരിപക്ഷം വരുന്ന 'തീയ്യ' സമുദായവും ആണ്. വടക്കന്‍ മലബാറിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തെ താങ്ങിനിര്‍ത്തുന്ന 'തീയ്യ' വിഭാഗത്തെ മുസ്‌ലിം ഭൂരിപക്ഷ/മേധാവിത്ത്വ പ്രാദേശിക അവസ്ഥകളില്‍ 'അപരരായി/അന്യരായി' മാറ്റി നിര്‍ത്തിയാല്‍ അതിന്റെ സ്വാഭാവികമായ ഗുണം മേല്‍ പറഞ്ഞ രാഷ്രട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തന്നെയാണ് എന്ന് സാരം. വാദപ്രതിവാദ നേരമ്പോക്കുകളും, മതപ്രസംഗ/ഖുതുബ/പെരുന്നാള്‍ പ്രസംഗങ്ങളിലെ തീക്ഷ്ണ ഭാവങ്ങളും വടക്കന്‍ മലബാറില്‍ സൃഷ്ടിച്ചത്, കീഴാള 'ഹിന്ദു'ക്കളോട് രാഷ്ട്രീയമായും ബൗദ്ധികമായും സംവദിക്കാല്‍ മടിച്ചു നില്‍ക്കുന്ന നവപാരമ്പര്യ ഇസ്‌ലാഹികളുടെയും, പാരമ്പര്യ ഇസ്‌ലാമിന്റെയും ആജ്ഞാനുവര്‍ത്തികളായ ഒരു പുതു തലമുറയെയാണ് എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മറുഭാഗത്താകട്ടെ, ഇടതുപക്ഷം നിര്‍മിച്ചിരിക്കുന്നത് തീവ്ര മതബോധവും വര്‍ഗബോധവും സമന്വയിപ്പിച്ച ഒരു ഹിന്ദു/'തീയ്യ' കൂട്ടായ്മയും ആണെന്ന് മലബാറിലെ രാഷ്ട്രീയ കലാപങ്ങളെ പറ്റിയുള്ള പുതിയ പഠനങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്.
മലബാറിലെ ക്ഷേത്രങ്ങളെയും തെയ്യങ്ങളെയും തിറകളെയും രാഷ്ട്രീയമായി നിയന്ത്രിക്കുന്നത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയാണെന്നത് പരസ്യമാണെങ്കിലും, മേല്‍പറഞ്ഞ സ്ഥലങ്ങളിലെ സുന്നി-മുജാഹിദ് സംവാദങ്ങളെ പല തരത്തില്‍ നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതൃത്വമാണെന്നത് നിശബ്ദമാക്കപ്പെട്ട ഒരു യാഥാര്‍ഥ്യമാണ്. ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം വടക്കന്‍ മലബാറില്‍ സംവാദങ്ങള്‍ അധികവും നടക്കുന്നത് ലീഗിന്റെ പ്രതിയോഗികളായ എ.പി വിഭാഗം പ്രഭാഷകരും, ലീഗ് നേതൃത്വത്തിനോട് കൂടുതല്‍ സംഘടനാ തലത്തില്‍ അടുത്ത് നില്‍ക്കുന്ന ഔദ്യോഗിക വിഭാഗത്തിലെ തീവ്രപക്ഷക്കാരായ നവപ്രഭാഷകരും ആണെന്നത് തന്നെ. അതുകൊണ്ടുതന്നെ കൂടുതല്‍ സ്ഥാപനങ്ങള്‍ കൈവശം വച്ചിരിക്കുന്ന ഇവരുടെ താല്‍പര്യവും, അവര്‍ ഉണ്ടാക്കിയെടുക്കുന്ന അപകട പ്രസ്താവനകളുടെ രാഷ്ട്രീയ ലാഭവും ഒരേ സമയം സംരക്ഷിക്കപ്പെടുന്നു.
ഇങ്ങനെ, കേരളത്തിന് പുറത്തെ ബൗദ്ധിക അന്തരീക്ഷങ്ങളില്‍ ജന്മമെടുത്ത് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന പാര്‍ശ്വവല്‍കൃതരുടെ പുതിയ കൂട്ടായ്മകളും ചിന്തകളും മലബാറിലെ ഗ്രാമങ്ങളിലേക്ക് പ്രവഹിക്കാനുള്ള സാധ്യതകള്‍ ദിശ നഷ്ടപ്പെട്ട സംഘടനകള്‍ തടഞ്ഞുനിര്‍ത്തുന്നു. കീഴാള കൂട്ടായ്മയുടെ നാഡിമിടിപ്പ് മനസ്സിലാക്കാതെ, അതിന്റെ രാഷ്ട്രീയത്തോട് മുഖം തിരിച്ചുനില്‍ക്കുന്ന ഒരു നവോത്ഥാന ഇസ്‌ലാമിനെ സംരക്ഷിക്കേണ്ടതും അത് കൊണ്ടുതന്നെ മുഖ്യധാരാ പാര്‍ട്ടികളുടെ താല്‍പര്യമായി മാറുന്നു.
മുഖ്യധാരാ ചര്‍ച്ചകള്‍ നിശബ്ദമാക്കിവെച്ച വേറൊരു കാര്യവും ഇവിടെ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. മാധ്യമ ചര്‍ച്ചകള്‍ക്കു വിധേയമാക്കാത്ത മലബാര്‍ ഗ്രാമങ്ങളിലെ ശക്തമായ ഹിന്ദുവല്‍ക്കരണം ആണ് അത്. സമകാലിക ബൗദ്ധിക വ്യവഹാരങ്ങളോട് സംവദിക്കാത്ത ഇസ്‌ലാഹി/ പാരമ്പര്യ നവോത്ഥാന പ്രകടനപരതയുടെ വ്യാപനം ഗ്രാമങ്ങളിലെ സ്വാഭാവികമായ വിനിമയത്തിന് ആഘാതമായിത്തീരുമ്പോള്‍ തന്നെയാണ് ഇതും നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഒരേ രീതിയില്‍ നടക്കുന്ന രണ്ടു വളര്‍ച്ചകളില്‍ ഉടലെടുത്ത ഒരു സാമൂഹികപ്രശ്‌നം വടക്കന്‍ മലബാറിലെ മാപ്പിള/ തീയ്യ വിഭാഗങ്ങള്‍ക്ക് തുല്യശക്തിയുള്ള ഒരു ഇസ്‌ലാഹി ഗ്രാമത്തില്‍ അവസാനം ഒതുക്കിത്തീര്‍ത്തത് എല്ലാ പ്രാദേശിക പാര്‍ട്ടികളും പൗരപ്രമുഖരും കൂടി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു. പരമ്പരാഗത/അവിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന, ഇടതു പക്ഷത്തില്‍ നിന്ന് മാറിനടക്കുന്ന കീഴാള തൊഴിലാളികള്‍ തീവ്ര ഹിന്ദു സംഘടനകളില്‍ സജീവമാകുന്ന വടക്കന്‍ മലബാറിലെ പുതിയ കാഴ്ചകളും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ മാറ്റത്തിന്, മുസ്‌ലിമിനെ കൂടുതല്‍ ശുദ്ധീകരിക്കാനുള്ള വ്യായാമത്തിന്റെ ഭാഗമായുള്ള 'പുരോഗമന' പ്രസംഗങ്ങളുടെ 'അപരവല്‍ക്കരണത്തിന്' എത്ര മാത്രം സാധിച്ചിട്ടുണ്ട് എന്നുള്ളത് കൂടുതല്‍ വിശകലനമര്‍ഹിക്കുന്നതാണെങ്കിലും, അത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ വിടവുകളെ ശക്തിപ്പെടുത്താന്‍ ഈ സംഘടനകള്‍ക്ക് തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്.
സങ്കീര്‍ണമായ ഈ അപരവല്‍ക്കരണത്തിന്റെ മൂര്‍ധന്യ രൂപമായിരുന്നു ബീമാ പള്ളിയില്‍ നാം കണ്ടത്. 'നവോത്ഥാന' പ്രചാരകര്‍ 'ശിര്‍ക്കിന്റെ കോട്ട' എന്ന് അടയാളപ്പെടുത്തിയ ബീമാ പള്ളിയെ രാഷ്ട്രീയമായി ഉപേക്ഷിക്കാന്‍ മുസ്‌ലിം ലീഗിന് ധാര്‍മികമായി സാധിച്ചതും നവപാരമ്പര്യവാദത്തിലൂന്നിയ, നവോത്ഥാന വ്യവഹാരങ്ങളില്‍നിന്ന് ബദല്‍ രാഷ്ട്രീയ ചിന്തകളെ മാറ്റി നിര്‍ത്തിയവരുടെ ശക്തമായ സ്വാധീന ഫലമായിരുന്നു എന്നും വായിക്കാം. പ്രത്യേക കണ്ണാടിയില്‍ കൂടി മാത്രം ഇസ്‌ലാമിക 'പുരോഗമനത്തെ' കാണാന്‍ പഠിച്ച വടക്കന്‍ മലബാറിലെ മുസ്‌ലിം മുഖ്യധാര രാഷ്ട്രീയ നേതൃത്വത്തിനു തീവ്ര ഇസ്‌ലാഹി നവോത്ഥാനം സൃഷ്ടിച്ച 'ശുദ്ധ ധാര്‍മികത'യുടെ ഉയര്‍ന്ന ബോധവും ഈ വിട്ടുനില്‍ക്കലിനു കാരണമായിട്ടുണ്ടാവം എന്ന് അനുമാനിക്കാം.
ഈ വിവാദങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണ് കല്യാണപ്രായം സംബന്ധിച്ച വിവാദം. തങ്ങളാണ് സമുദായത്തിന്റെ യഥാര്‍ഥ സംരക്ഷകരെന്ന് അവകാശപ്പെടാനുള്ള ഒരു സന്ദര്‍ഭവും നഷ്ടപ്പെടുത്താത്ത സംഘടനകള്‍ നടത്തിയ ആത്മാവിഷ്‌കാരത്തിന്റെ ഭ്രാന്തമായ ഒരു പ്രകടനം ഇവിടെയും കാണാന്‍ കഴിഞ്ഞു. യഥാര്‍ഥത്തില്‍ കേരള മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണോ പതിനാറിലെയും പതിനെട്ടിലെയും കല്യാണം അല്ലെങ്കില്‍ ഇടതുപക്ഷ സവര്‍ണ ആധുനികയുക്തികള്‍ അവകാശപ്പെടുന്നതുപോലെ മധ്യകാലത്തെയും ആധുനിക കാലത്തെയും വേര്‍തിരിക്കുന്നതാണോ 16നും 18നും ഇടയിലുള്ള രണ്ടു വര്‍ഷങ്ങള്‍? രണ്ടുമല്ല എന്ന് തീര്‍ത്തു പറയാവുന്നതാണ്. എന്നിരിക്കെ വീണ്ടും ഈ വിവാദം എങ്ങനെയുണ്ടായി? പക്വതയുള്ള ഒരു പണ്ഡിത സമൂഹത്തിന്റെ ആലോചനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കാത്തു നില്‍ക്കാതെ, ലക്ഷ്യം സംഘടനകള്‍ മാത്രമാണെന്നു മനസ്സിലാക്കി കുതറിയോടുന്ന ഒരു വിഭാഗം പണ്ഡിതന്മാരുടെ 'ആളാകാനുള്ള' ആഗ്രഹങ്ങളാണ് ഈ കോലാഹലങ്ങളുടെ മര്‍മം എന്ന് കാണാം.
തികച്ചും പുരുഷ കേന്ദ്രീകൃതമായ ഒരു വായനയും ചര്‍ച്ചയും ആണ് വിവാഹ കാര്യത്തില്‍ ഇവര്‍ കൈക്കൊണ്ടത് എന്നാണ് കാണാന്‍ കഴിയുന്നത്. ഇവരുടെ ചര്‍ച്ചകള്‍ കേട്ടാല്‍ തോന്നുക, മലബാറിലെ പതിനാറു വയസ്സ് തികഞ്ഞ എല്ലാ മുസ്‌ലിം പെണ്‍കുട്ടികളും മിഠായിത്തെരുവില്‍ കല്യാണ ഹലുവക്കും മലബാര്‍ ഗോള്‍ഡില്‍ താലി ചരടിനും വേണ്ടി വെയിലില്‍ കാത്തു നില്‍ക്കുകയാണ് എന്നാണ്. മുസ്‌ലിം വ്യക്തി നിയമങ്ങളും, ശരീഅത്തും, സിവില്‍കോഡും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായി നിലനിര്‍ത്താനുള്ള വലതുഇടതുപക്ഷ രാഷ്ട്രീയങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് സ്വയം ബലിക്കല്ലാകുകയായിരുന്നു ഈ സമുദായ സംരക്ഷകര്‍. മാത്രമല്ല തികച്ചും നിരുത്തരവാദങ്ങളായ വിവാദ നിര്‍മാണങ്ങളിലൂടെ, സാഹിത്യവും, സിനിമയും ചാനല്‍ കാഴ്ചകളും, മറ്റു മാധ്യമങ്ങളും നിര്‍മിച്ച 'മാപ്പിള' ഇമേജിനെ ശക്തിപ്പെടുത്താനും സ്ഥായിയാക്കാനുമാണ് ഈ കോലാഹലം പ്രയോജനപ്പെട്ടതെന്ന് പിന്നീടുവന്ന ടെലിവിഷന്‍ പരിപാടികള്‍ കാണിച്ചുതന്നു.
'വിവാഹമെ'ന്ന പ്രശ്‌നത്തിലൂടെ കഴിഞ്ഞ പല ദശകങ്ങളായി മുസ്‌ലിം സ്ത്രീ ആര്‍ജിച്ചെടുത്തിട്ടുള്ള സ്വയംബോധത്തിന്റെയും, കര്‍തൃത്വത്തിന്റെയും ചരിത്രത്തെ നിശബ്ദമാക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പോസ്റ്റ് മണ്ഡല്‍ കാലത്ത് നടന്നുവരുന്ന മലബാറിലെ മുസ്‌ലിം വിദ്യാഭാസ വിപ്ലവത്തിന്റെ ഏറ്റവും ശക്തമായ ഉപയോക്താക്കള്‍ എന്ന നിലയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ സ്വയം നിര്‍ണയാവകാശം ഏറ്റെടുക്കുന്ന മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് തടയിടുക എന്ന ലക്ഷ്യം ചില സംഘടനകള്‍ക്കെങ്കിലും അവരുടെ അജണ്ടയിലുണ്ട് എന്നത് അനിഷേധ്യമാണ്. മുസ്‌ലിം സ്ത്രീ ഇപ്പോഴും 'പാഠംഒന്നി'ല്‍ നില്‍ക്കുന്ന 'വിലാപ'ങ്ങളിലെ 'ഷാഹിന'മാരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള 'ദേശീയ മുസ്‌ലിം' കളുടെ 'മതേതര' വിലാപങ്ങളും ഈ ചര്‍ച്ചകളുടെ ഒരു പൊതുയുക്തി നമ്മുടെ മുന്നിലേക്ക് തുറന്നുതരുന്നു. അതേസമയം ഈ ചര്‍ച്ചകള്‍ പുതിയ തലങ്ങള്‍ കൈവരിക്കുന്നതും നാം കാണുന്നു. തങ്ങളുടെ തീരുമാനങ്ങള്‍ക്ക് സംഘടനകളുടെ തിട്ടൂരം ആവശ്യമില്ല എന്ന് പ്രഖ്യാപിക്കുന്ന ആത്മവിശ്വാസമുള്ള മുസ്‌ലിം സ്ത്രീ; ലിംഗ നീതിയെ പറ്റിയും, പുതിയ രാഷ്ട്രീയ ചിന്തകളെ പറ്റിയും ബോധമുള്ളവള്‍, ഭാവിയില്‍ മേല്‍പറഞ്ഞ ശക്തികള്‍ക്കു ഭീഷണി സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തില്‍ ശബ്ദ മുയര്‍ത്തുന്നതാണ് നാം കണ്ടത്. നവനവോത്ഥാനികള്‍ക്കും, സവര്‍ണ മതേതരദേശീയവാദികള്‍ക്കും ഇവര്‍ ഒരുപോലെ ആശങ്ക സൃഷ്ടിക്കുമെന്നുള്ളത് ഉറപ്പാണ്.
Comments