Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

മോഡിബാധയുടെ കാലത്ത് ഇന്ത്യയിലെ ഇടതുപക്ഷത്തെ ആലോചിക്കുമ്പോള്‍

കെ.ടി ഹുസൈന്‍ / കവര്‍‌സ്റ്റോറി

ഒരു പൊതു തെരഞ്ഞെടുപ്പിനെക്കൂടി അഭിമുഖീകരിക്കാന്‍ തയാറെടുത്ത് കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ നിലവിലുള്ള ചിത്രം ഏറ്റവും വലിയ ശുഭാപ്തി വിശ്വാസിയെ പോലും നിരാശയുടെ പെരുങ്കയത്തിലേക്ക് തള്ളിവിടുന്നതാണ്. രാജ്യത്തിന്റെ ഭാവി അപകടത്തില്‍ എന്നത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉപയോഗിച്ച് അര്‍ഥ ശോഷണം വന്ന പ്രയോഗമായിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത് അക്ഷരാര്‍ഥത്തില്‍ പരമാര്‍ഥമായി മാറി കഴിഞ്ഞിരിക്കുന്നു. കാരണം, കഴിഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന യു.പി.എ ഗവണ്‍മെന്റ് തകര്‍ക്കാത്തതായി രാജ്യത്തിന്റെ ഏതെങ്കിലും അടിത്തറയോ മൂല്യങ്ങളോ ഇനിയും ബാക്കിയുണ്ടോ എന്ന കാര്യം സംശയമാണ്. ജനദ്രോഹകരമായ സാമ്പത്തിക, ഭരണ നടപടികളുടെ കാര്യത്തില്‍ യു.പി.എ ഗവണ്‍മെന്റ് എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് കഴിഞ്ഞു. ഏത് ജനദ്രോഹ നടപടിയും വളരെ നിസ്സംഗമായി ചെയ്യാന്‍ കഴിയുന്നുവെന്നതിലാണ് ഉദ്യോഗസ്ഥന്‍ മാത്രമായ നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഏറ്റവും വലിയ മിടുക്ക്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റേതുമടക്കം എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഏറെക്കാലം കൂട്ടാതിരുന്ന റെയില്‍വേ യാത്ര/ചരക്ക് കൂലിയും ഇപ്പോള്‍ ഇടക്കിടെ കൂടിക്കൊണ്ടിരിക്കുന്നു.
സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തലാക്കിയും സബ് സിഡികള്‍ വെട്ടിക്കുറച്ചും രാജ്യത്തെ വന്‍ സാമ്പത്തിക ശക്തിയാക്കാന്‍ മന്‍മോഹന്‍-ചിദംബരം-അഹ്‌ലുവാലിയ അച്ചുതണ്ട് അക്ഷീണം പ്രയത്‌നിച്ചിട്ടും സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനത്തിനും താഴേക്ക് കൂപ്പ് കുത്തുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞ് പാതാളത്തിലെത്തിക്കഴിഞ്ഞു. എന്നിട്ടും നമ്മുടെ പ്രധാനമന്ത്രിയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും കാണുന്നില്ല. ആര്‍ക്കോ വേണ്ടി പണിയെടുക്കുന്നവനേ ഇങ്ങനെ നിസ്സംഗനായിരിക്കാന്‍ കഴിയൂ.
ആധാര്‍, എന്‍.പി.ആര്‍ തുടങ്ങിയ പലതരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ സമ്പാദിച്ച് സ്വന്തം രാജ്യത്ത് പൗരത്വം സ്ഥാപിച്ചുകിട്ടാനായി ജനത്തെ എന്നും ക്യൂവില്‍ നിര്‍ത്തുന്നതില്‍ അധികാരികള്‍ നിഗൂഢമായ എന്തോ ഒരു ആനന്ദം കൊള്ളുന്നത് പോലെ തോന്നുന്നു. ഹിമാലയന്‍ അഴിമതിയിലൂടെ രാജ്യത്തിന്റെ സമ്പത്ത് ഏതാണ്ടൊക്കെ യു.പി.എ ഗവണ്‍മെന്റുമായി ബന്ധപ്പെട്ടവര്‍ ഇതിനകം കൊള്ളയടിച്ചു കഴിഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം രാജ്യം ഒരു പോലീസ് രാജായി മാറിയിട്ടുണ്ട്. തീവ്രവാദ വേട്ടയുടെ പേരില്‍ അവരിലെ നൂറു കണക്കിന് ചെറുപ്പക്കാര്‍ വിചാരണ കൂടാതെ ജയിലിലടക്കപ്പെടുകയോ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ ചെയ്യുന്നു. ബി.ജെ.പിയുടെ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം ഉയരുന്ന മുറക്ക് ന്യൂനപക്ഷവേട്ട ശക്തിപ്പെടുത്തി ഹിന്ദുത്വ പ്രതിബദ്ധത തെളിയിക്കുന്ന സര്‍ക്കാറിനെ മതേതരം എന്ന് വിളിക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല. യു.എ.പി.എ എന്ന കരിനിയമം പാസ്സാക്കിയതും ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ സംഘടിപ്പിച്ചതും അഫ്‌സല്‍ ഗുരുവിനെ രായ്ക്കുരാമാനം തൂക്കി കൊന്ന് മൃതദേഹം പോലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതിരുന്നതുമെല്ലാം ബി.ജെ.പിയുടെ ഹിന്ദുത്വത്തെ കടത്തിവെട്ടാന്‍ യു.പി.എ സര്‍ക്കാര്‍ വെമ്പല്‍ കൊണ്ടതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലും ആത്മാര്‍ഥതമായ ചുവട്‌വെപ്പുകളൊന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ഇപ്രകാരം ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ബഹുദൂരം അകറ്റിയതിനാല്‍, കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ വലിച്ച് താഴെ ഇടാന്‍  ഇന്ത്യന്‍ ജനത കൊതിച്ചുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാറാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്.
പക്ഷേ, അങ്ങനെ വലിച്ച് താഴെ ഇട്ടാല്‍ പകരം ആര് എന്ന ചോദ്യത്തിന് മുമ്പിലാണ് ഇപ്പോള്‍ ഇന്ത്യ പകച്ചു നില്‍ക്കുന്നത്. പകരം പഴയ എന്‍.ഡി.എ ആയിരുന്നാല്‍ പോലും അത് നമ്മെ ഇത്രമാത്രം ഭീതിപ്പെടുത്തുമായിരുന്നില്ല. കാരണം പഴയ എന്‍.ഡി.എയിലെ പ്രബല കക്ഷിയായ ബി.ജെ.പിയുടെയും അതിന്റെ പശ്ചാത്തല ശക്തിയായ ആര്‍.എസ്.എസ്സിന്റെയും പ്രത്യയശാസ്ത്രം ഫാഷിസം ആയിരുന്നുവെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, തങ്ങളുടെ ഫാഷിസ്റ്റ് അജണ്ടകള്‍ കൃത്യമായും സൂക്ഷ്മമായും നടപ്പിലാക്കാന്‍ ലക്ഷണമൊത്ത ഒരു ഫാഷിസ്റ്റ് സമഗ്രാധിപതി പഴയ എന്‍.ഡി.എക്കുണ്ടായിരുന്നില്ല. ചില മുഖമൂടികളായിരുന്നുവല്ലോ എന്‍.ഡി.എ ഭരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഫാഷിസം ശരിയായ രീതിയില്‍ പ്രയോഗവത്കരിക്കാന്‍ ഐഡിയോളജി മാത്രം പോരാ. എല്ലാം തികഞ്ഞ ഒരേകാധിപതിയും അതിനു കൂടിയേ തീരൂ. ജര്‍മനിയിലും ഇറ്റലിയിലും നാസിസവും ഫാഷിസവും വിജയിച്ചത് ചരിത്രത്തിലെ അപൂര്‍വ ജന്മങ്ങളായ ഹിറ്റ്‌ലറെയും മുസോളിനെയും പോലുള്ള ഏകാധിപതികളുടെ സാന്നിധ്യം കൊണ്ടാണ്. അവരുടെ ജനുസ്സില്‍ പെട്ട അത്തരമൊരേകാധിപതിയാണ് ഇപ്പോള്‍ നരേന്ദ്ര മോഡിയുടെ രൂപത്തില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവരോധിതനായിരിക്കുന്നത് എന്ന സ്ഥിതിവിശേഷമാണ് യു.പി.എക്ക് പകരം ആര് എന്നത് ഭയപ്പെടുത്തുന്ന ഒരു ചോദ്യമായി ഇന്ത്യയെ ഇപ്പോള്‍ വേട്ടയാടുന്നത്. മോഡി പ്രധാനമന്ത്രിയായി കഴിഞ്ഞാല്‍ പിന്നെ ബി.ജെ.പിയോ ആര്‍.എസ്.എസ്സോ പോലും ഉണ്ടായിക്കൊള്ളണമെന്നില്ല. ഉണ്ടാകുന്നത് വംശീയ ഭ്രാന്തനായ ഏകാധിപതി മോഡി മാത്രമായിരിക്കും. അതിനാല്‍ മോഡിപ്പേടി എന്നത് ഇന്ന് ഒരു സങ്കല്‍പമല്ല, മറിച്ച് ഒനുഭവ യാഥാര്‍ഥ്യമായി ഇന്ത്യയുടെ ഭാവിക്ക് മേല്‍ കനത്ത ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും ഭീഷണമായ ഈ മോഡിബാധയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുത്താനാകുമെന്ന ചിന്തകള്‍ക്കിടയിലാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച ആലോചനകള്‍ പ്രസക്തമാകുന്നത്.
ഇന്ത്യയിലെ ഇടതുപക്ഷം അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ചരിത്രസന്ധിയിലാണ് മോഡി ഒരു ഭയപ്പെടുത്തുന്ന സാന്നിധ്യമായി കേരളത്തിന്റെ തെരുവുകളില്‍ പോലും നിറഞ്ഞുനില്‍ക്കുന്നത്. 1951-ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതല്‍ 1977 വരെ പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പായിരുന്നു ഇടതുപക്ഷം. 1977-ല്‍ കമ്യൂണിസ്റ്റിതര പ്രതിപക്ഷ പാര്‍ട്ടികള്‍ ജനതാ പാര്‍ട്ടിയുടെ ബാനറില്‍ ഒന്നായി മത്സരിച്ച് അധികാരത്തില്‍ വരികയും, സ്വാഭാവികമായും കോണ്‍ഗ്രസ് പ്രതിപക്ഷത്താവുകയും ചെയ്തപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പ് എന്ന സ്ഥാനം ആദ്യമായി ഇടതുപക്ഷത്തിന് നഷ്ടമായത്. എന്നാല്‍, ശ്രീമതി ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചുവന്ന 1980-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള പാര്‍ട്ടി എന്ന സ്ഥാനം സി.പി.എമ്മിന് തിരിച്ചുകിട്ടി.
1990-കളില്‍ സോവിയറ്റ് യൂനിയന്റെ പതനത്തോടെ കമ്യൂണിസത്തിന് സാര്‍വദേശീയ തലത്തിലുണ്ടായ തിരിച്ചടികള്‍ തങ്ങളെ വലുതായ രീതിയില്‍ ബാധിക്കാതെ സൂക്ഷിക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കോണ്‍ഗ്രസ്സിന്റെ അധികാര കുത്തക തകര്‍ക്കുന്നതിനായി ഇന്ത്യയിലെ മധ്യവര്‍ഗത്തിനിടയില്‍ നിന്ന് പുതിയ ശാക്തിക ചേരി രൂപം കൊണ്ടപ്പോഴും പിന്നീട് ബാബരി മസ്ജിദിന്റെ പതനത്തെത്തുടര്‍ന്ന് ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും എതിരായ മതേതര ചേരി രൂപം കൊണ്ടപ്പോഴും അതില്‍ ശക്തമായ രാഷ്ട്രീയ സാന്നിധ്യം ഉറപ്പിച്ചു കൊണ്ടാണ് സാര്‍വദേശീയ തലത്തിലെ തിരിച്ചടികളെ ഇന്ത്യയിലെ ഇടതുപക്ഷം പ്രതിരോധിച്ചത്. കോണ്‍ഗ്രസ്സിനെ പുറത്താക്കി 1989-ല്‍ വി.പി സിംഗിന്റെ നേതൃത്വത്തില്‍ ദേശീയ മുന്നണിയെയും 1997-ല്‍ കോണ്‍ഗ്രസ്സിനെയും ബി.ജെ.പിയെയും മാറ്റിനിര്‍ത്തി ഐക്യമുന്നണിയെയും അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ ഇടതു പക്ഷം വഹിച്ച നിര്‍ണായക പങ്ക് സുവിദിതമാണല്ലോ. 1997-ല്‍ ഐക്യമുന്നണിയെ നയിച്ചുകൊണ്ട് ജ്യോതിബസുവിന് രാജ്യത്തെ ആദ്യ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയാകാനുള്ള അവസരം വരെ കൈവന്നിരുന്നതാണ്. ആ സുവര്‍ണാവസരം പാര്‍ട്ടി തന്നെ കളഞ്ഞുകുളിക്കുകയായിരുന്നു. ബസുവിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ചരിത്രപരമായ ആ മണ്ടത്തരത്തിലേക്ക് പ്രായോഗിക രാഷ്ട്രീയത്തിന്റെ ആശാന്മാരായ സഖാവ് സുര്‍ജിതിനെയും സഖാവ് ജോതിബസുവിനെയും അന്ന് തള്ളിയിട്ടത് സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ നേതൃത്വം എന്ന് ആര്‍ക്കും കണ്ണടച്ച് പറയാവുന്ന അതിന്റെ ഇന്നത്തെ ജെ.എന്‍.യു ബുദ്ധിജീവി നേതൃത്വമായിരുന്നുവെന്ന് ആനുഷംഗികമായി പറഞ്ഞുകൊള്ളട്ടെ.
രണ്ടായിരാമാണ്ടിന്റെ ആദ്യ ദശകത്തിന്റെ രണ്ടാം പകുതിയില്‍ കോണ്‍ഗ്രസിതര മതേതര  പക്ഷം ക്ഷയിക്കുകയോ അവരില്‍ ചിലരെങ്കിലും ഹിന്ദുത്വത്തിന്റെ കളരിയിലേക്ക് ചുവട് മാറുകയോ ചെയ്തപ്പോള്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ തങ്ങളുടെ ജന്മവൈരികളായ കോണ്‍ഗ്രസിനെ പോലും പിന്തുണക്കാന്‍ ഒരു ഘട്ടത്തില്‍ ഇടതുപക്ഷം തയാറാവുകയുണ്ടായി. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യു.പി.എ ഗവണ്‍മെന്റിനെ അധികാരത്തില്‍ എത്തിക്കുന്നതിലും അതിന്റെ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതിലും ഇടതുപക്ഷം വഹിച്ച സുപ്രധാന പങ്ക് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ പാര്‍ലമെന്റിലെത്തിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഒന്നാം യു.പി.എ ഗവണ്‍മെന്റിനെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം കൂടി അറുപതിലേറെ സീറ്റ് നേടാന്‍ കഴിഞ്ഞു  ആ ലോക്‌സഭയില്‍.
ഇപ്രകാരം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രാഷ്ട്രീയ ഇടപെടലിന്റെ നാള്‍ വഴികള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും ഗുണപരമായ പല മാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്ന കാര്യം ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക ശാഠ്യങ്ങളില്‍ പലതിനോടും വിയോജിപ്പുകളുള്ളതോടൊപ്പം അംഗീകരിക്കാന്‍ ഒരു വൈമനസ്യവും ഉണ്ടാകേണ്ടതില്ല. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മണ്ഡലങ്ങളിലെ കാവിവത്കരണത്തെ ഒരളവോളം ചെറുത്തുനിന്നത്, രാഷ്ട്രീയ മണ്ഡലത്തിന്റെ അകത്തളത്തിലേക്ക് ഹിന്ദുത്വ ഫാഷിസം കടന്നുകയറാതിരിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രതിരോധ ശ്രമങ്ങള്‍ തുടങ്ങിയവ അവയില്‍ എടുത്തു പറയേണ്ടവയാണ്. മതേതരത്വത്തിന്റെ കാര്യത്തിലുള്ള ഈ മുന്‍ ട്രാക്ക് റെക്കോര്‍ഡ് തന്നെയാണ് മോഡിയെ ആര് പ്രതിരോധിക്കും എന്ന ചിന്തയില്‍ ഇടതുപക്ഷം ഒന്നാമതായി ആലോചനയില്‍ വരുന്നത്.
മന്‍മോഹന്‍ സിംഗിനെ രണ്ടാമതും അധികാരത്തിലെത്തിച്ച ഒന്നാം യു.പി.എ ഗവണ്‍മെന്റിന്റെ ദേശീയ തൊഴിലുറപ്പ് പദ്ധതി, റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട്, ഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന ചില ഉദാരവാദികള്‍ വിറ്റഴിക്കാന്‍ കൊതിച്ചിരുന്ന  പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതു മേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ എടുത്ത തീരുമാനം തുടങ്ങിയ ജനകീയമായ പല പരിഷ്‌കാരങ്ങളിലും ഇടതുപക്ഷത്തിന്റെ പിന്തുണ നിര്‍ണായകമായിരുന്നു. ആണവ കരാറിനെ മറയാക്കി ഇടതുപക്ഷത്തെ പുകച്ചു പുറത്ത്ചാടിക്കുന്നതില്‍ കോണ്‍ഗ്രസ്സിലെ നവ ലിബറല്‍ വാദികള്‍ വിജയിച്ചതോടു കൂടിയാണ് യു.പി.എ ഗവണ്‍മെന്റ് ജന വിരുദ്ധമായ നയങ്ങള്‍ ഒന്നൊന്നായി പുറത്തെടുക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പ്രകടനം കാഴ്ചവെച്ചതോടെ ജനവിരുദ്ധത ആഘോഷമാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സിന് ഒരുത്തനെയും ഭയപ്പെടാനില്ലാത്ത സ്ഥിതിവിശേഷം സംജാതമായി. നിലവിലുള്ള പതിനാറാം ലോക്‌സഭയില്‍ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കൂടി ഇരുപത് അംഗങ്ങള്‍ മാത്രമാണുള്ളത്. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പശ്ചിമബംഗാളിലും കേരളത്തിലും അധികാരം നഷ്ടപ്പെടുകയും ചെയ്തു. ഇതില്‍ പശ്ചിമബംഗാളിലെ പതനമാണ് ഏറെ ദയനീയമായത്. പക്വത നേടിയെന്ന് ഇനിയും തെളിയിച്ചിട്ടില്ലാത്ത മമതാ ബാനര്‍ജിയുടെ മുന്നില്‍ ഇടതുപക്ഷം കാലിടറിവീണത് അവരുടെ മിടുക്കു കൊണ്ടാണെന്ന് ആരും പറയില്ല. മറിച്ച് മുപ്പത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നതിന്റെ ഹുങ്ക് സംസ്ഥാന തലം മുതല്‍ പ്രാദേശിക തലം വരെ ഓരോ പാര്‍ട്ടി നേതാവിനെയും പിടികൂടിയത് കൊണ്ടാണ്. ആ ഹുങ്കിന്റെ പ്രകടനമായിരുന്നു നന്ദിഗ്രാമിലും സിംഗൂരിലും നാം കണ്ടത്. ഭരണത്തില്‍ മമത പരാജയമായിട്ടും ബംഗാളില്‍ പാര്‍ട്ടി തിരിച്ചുവരുന്നതിന്റെ യാതൊരു സൂചനയും ഇപ്പോഴും കാണുന്നില്ല. കേരളത്തിലാകട്ടെ പാര്‍ട്ടിയിലെ രണ്ട് സമുന്നത നേതാക്കള്‍ വിഭാഗീയതയും കുതികാല്‍വെട്ടും കളിച്ച് പാര്‍ട്ടിയുടെ വിശ്വാസ്യത പൂജ്യം ഡിഗ്രിയിലും താഴേക്ക് കൊണ്ടുപോയിരിക്കുന്നു.
ബംഗാളിലും കേരളത്തിലും പാര്‍ട്ടി തകര്‍ച്ചയെ നേരിടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്യാനാവാതെ, യാതൊരു പ്രായോഗിക അനുഭവവും ഇല്ലാത്ത പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം നില്‍ക്കുന്ന ചിത്രമാണ് രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ നാം കാണുന്നത്.
ഇങ്ങനെ എല്ലാ അര്‍ഥത്തിലും ദുര്‍ബലമായ ഇടതുപക്ഷത്തിന്റെയും അതിലേറെ ദുര്‍ബലമായ അതിന്റെ നേതൃത്വത്തിന്റെയും കൈവശം മരണത്തിന്റെ വ്യാപാരിയായ മോഡി ബാധയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ എന്തെങ്കിലും അജണ്ടയുണ്ടാകുമെന്ന് കരുതാന്‍ ന്യായമില്ല.
കമ്യൂണിസത്തിന്റെ വളക്കൂറായ, ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും വേണ്ടുവോളമുള്ള ഇന്ത്യയില്‍ പടിപടിയായി ഇപ്പോഴത്തെ തകര്‍ച്ചയിലേക്ക് ഇന്ത്യയിലെ ഇടതുപക്ഷം എങ്ങനെ കൂപ്പ് കുത്തി എന്നന്വേഷിക്കുമ്പോള്‍ ഇന്ത്യയിലെ മൂര്‍ത്തമായ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കാണാന്‍ കണ്ണില്ലാതെ പോയ അവരുടെ അടിസ്ഥാനപരമായ പാളിച്ചകളിലേക്ക് നമ്മുടെ നിരീക്ഷണം ചെന്നെത്താതെ തരമില്ല. മുതലാളിത്ത യൂറോപ്പിനെ വിശകലനം ചെയ്യാന്‍ മാര്‍ക്‌സ് ഉപയോഗിച്ച വര്‍ഗ വിശകലന രീതിക്കപ്പുറം മറ്റൊന്നും വികസിപ്പിക്കാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാധിച്ചില്ല എന്നേടത്താണ് അവരുടെ ഒന്നാമത്തെ പരാജയം. ഇന്ത്യന്‍ സമൂഹത്തെ വിശകലനം ചെയ്യാന്‍ വര്‍ഗത്തേക്കാള്‍ ഏറ്റവും പറ്റിയ ഉപകരണം ജാതിയായിരിക്കെ അതിനെ പറ്റെ അവഗണിച്ചതാണ് കമ്യൂണിസ്റ്റുകാര്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. ഒക്‌ടോബര്‍ വിപ്ലവത്തെ തുടര്‍ന്ന് ലോകത്ത് കമ്യൂണിസം വളര്‍ച്ചയുടെ വന്‍ കുതിപ്പ് നടത്തുന്ന കാലത്ത് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആദ്യ ഘട്ടത്തില്‍ ജാതിയെ വേണ്ടവിധം പരിഗണിക്കാന്‍ സോവിയറ്റ് വിപ്ലവത്തിന്റെ ഹാങ്ങോവറില്‍ പാര്‍ട്ടിക്ക് കഴിയാതെ പോയത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, കമ്യൂണിസം ലോകത്ത് അസ്തമിച്ചുകൊണ്ടിരുന്ന തൊണ്ണൂറുകളുടെ തുടക്കത്തില്‍ ജാതിയെ മനസ്സിലാക്കി തങ്ങളുടെ മുന്‍ഗണനാ ക്രമങ്ങളെ പുനര്‍നിര്‍ണയം ചെയ്യാന്‍ ഇടതുപക്ഷത്തിന് ഒരു സുവര്‍ണാവസരം കൈയില്‍ വന്നിരുന്നതാണ്. വി.പി സിംഗ് മണ്ഡല്‍ കമീഷനിലൂടെ അംബേദ്കര്‍ക്കു ശേഷം ജാതിയിലധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ഒരു വമ്പിച്ച പ്രകമ്പനം സൃഷ്ടിച്ച സന്ദര്‍ഭമായിരുന്നു അത്. അന്ന് വി.പി സിംഗിനോടൊപ്പം മണ്ഡല്‍ പക്ഷത്ത് ഇടതുപക്ഷം ആത്മാര്‍ഥതയോടെ ഉറച്ചുനിന്നിരുന്നുവെങ്കില്‍ അടിസ്ഥാന വര്‍ഗത്തില്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കാന്‍ കഴിയുമായിരുന്നുവെന്ന് മാത്രമല്ല, ഫാഷിസം ഇന്ന് മോഡിയുടെ രൂപത്തില്‍ ഭീമാകാരം പൂണ്ട് ഇന്ത്യയെ ഇത്രമാത്രം പേടിപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യം രൂപപ്പെടുകയും ചെയ്യുമായിരുന്നില്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍ ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും പോലെ പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായി മണ്ഡല്‍ വിരുദ്ധ പക്ഷത്താണ് ഇടതുപക്ഷവും നിലയുറപ്പിച്ചത്. ആര്‍.എസ്.എസ്സിന്റെ ജീവവായുവായ ന്യൂനപക്ഷവിരുദ്ധതയുടെ അടിസ്ഥാനം ജാതിബോധമാണെന്നതാണ് വാസ്തവം. അതിനാല്‍ ഫാഷിസത്തിന്റെ അടിസ്ഥാനമായ സവര്‍ണബോധം ആന്തരവത്കരിച്ച് കൊണ്ട് ന്യൂനപക്ഷ വിരുദ്ധതയെ ചെറുക്കാനോ മതേതരത്വത്തെ സംരക്ഷിക്കാനോ കഴിയില്ല എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടതും ഇടതുപക്ഷത്തിന്റെ മറ്റൊരു പാളിച്ചയാണ്. തല്‍ഫലമായി മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് പിന്നാക്ക വിഭാഗങ്ങളിലും ബാബരി മസ്ജിദിന്റെ തകര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്കിടയിലും സൃഷ്ടിച്ച സംഘര്‍ഷങ്ങളെയും പുതിയ തിരിച്ചറിവുകളെയും പ്രയോജനപ്പെടുത്തി സ്വന്തം അടിത്തറ വികസിപ്പിക്കാനോ ഫാഷിസത്തിന്റെ വളര്‍ച്ചക്ക് തടയിടാനോ ഇടതുപക്ഷത്തിനു കഴിയാതെ പോയി.
മതേതരത്വമെന്നാല്‍ മത വിരുദ്ധ മതേതരത്വമാണെന്ന കമ്യൂണിസ്റ്റ് കാല്‍പനികതയില്‍ നിന്ന് ഇപ്പോഴും മോചനം നേടാന്‍ കഴിയാത്തതാണ് അവരുടെ മറ്റൊരു പാളിച്ച. അറബ് ഏകാധിപതികളും അമേരിക്കയും ഈജിപ്ഷ്യന്‍ സൈന്യവും ചേര്‍ന്ന് ഈജിപ്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ചപ്പോള്‍ അതിന് ഓശാന പാടാനും, മതത്തിന്റെ വിമോചന മൂല്യങ്ങളെ ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്ന വിഭാഗങ്ങളെ വര്‍ഗീയ ചാപ്പ കുത്തി മാറ്റിനിര്‍ത്താനും ഇടതുപക്ഷങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ കാരണം ഈ  പാളിച്ചയാണ്. ഫാഷിസത്തിന് അനുകൂലമായ പൊതുബോധത്തെ ശക്തിപ്പെടുത്താനേ ഇത്തരം നിലപാടുകള്‍ ഉപകരിക്കൂ എന്നെങ്കിലും അവര്‍ തിരിച്ചറിയണമായിരുന്നു. ഇങ്ങനെ എണ്ണമറ്റ പാളിച്ചകള്‍ കാരണം ഇന്ത്യയുടെ നിലനില്‍പിന്റെ അടിത്തറയായ ജനാധിപത്യവും മതേതരത്വവും അവസരസമത്വവുമെല്ലാം ചെകുത്താനും കടലിനുമിടയില്‍പെട്ട് ഉലയുമ്പോള്‍ ഇതികര്‍ത്തവ്യതാമൂഢമായി നില്‍ക്കാനാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ വിധി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍