Prabodhanm Weekly

Pages

Search

2013 ജൂലായ് 19

സുസ്ഥിര നാളെയിലേക്ക് സംഗമം പ്രയാണം

സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിരതയും സമഗ്രവികസനവും മൈക്രോഫിനാന്‍സ് സംരംഭങ്ങളിലൂടെ കൈവരിക്കുകയെന്ന ദൗത്യവുമായി സംഗമം മള്‍ട്ടിസ്റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിച്ചു. സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വിപുലമായ സൗകര്യമൊരുക്കുക എന്നതോടൊപ്പം ചെറുകിട തൊഴില്‍-സേവന പദ്ധതികള്‍ വഴി വ്യക്തികളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വയം പര്യാപ്തതയും ഉന്നമനവും സംഗമം ലക്ഷ്യം വെക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട്-2002 നു കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഗമത്തിന്റെ പ്രവര്‍ത്തന മേഖല കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളാണ്. പലിശരഹിതമായ നിരവധി നിക്ഷേപ-പങ്കാളിത്ത സേവനങ്ങള്‍ സംഗമം വിഭാവനം ചെയ്യുന്നു. അംഗങ്ങളില്‍ സമ്പാദ്യശീലം പ്രോല്‍സാഹിപ്പിക്കുവാനും, അവരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കുള്ള വരുമാന മാര്‍ഗവുമായി സേവിംഗ്‌സ് ഡപോസിറ്റ്, ഡെയ്‌ലി ഡപോസിറ്റ്, എജുക്കേഷണല്‍ ഡപോസിറ്റ്, സ്‌പെഷ്യല്‍ സ്‌കീം ഡപോസിറ്റ് തുടങ്ങി വിവിധ നിക്ഷേപസേവനങ്ങള്‍ ആരംഭിക്കും. നിക്ഷേപങ്ങള്‍ക്ക് സുരക്ഷയും പിന്‍വലിക്കാനുള്ള സൗകര്യവും ഉണ്ടാവും.
അംഗങ്ങള്‍ക്ക് വിവിധ സ്വയം തൊഴില്‍-സേവന സംരംഭങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും പലിശ രഹിത സൂക്ഷ്മ വായ്പകള്‍ ലഭ്യമാക്കും. സംരംഭക പങ്കാളിത്തം, ഹ്രസ്വകാല വ്യാപാര പങ്കാളിത്തം, ലീസിങ് തുടങ്ങിയ സേവനങ്ങളിലൂടെ, പങ്കാളിത്ത അടിസ്ഥാനത്തിലായിരിക്കും സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍. അവയില്‍നിന്നുള്ള ലാഭവിഹിതം ആനുപാതികമായി അംഗങ്ങളുമായി പങ്കുവെക്കും.
സൊസൈറ്റിയുടെ സേവനങ്ങള്‍ അംഗങ്ങളില്‍ പരിമിതമായിരിക്കും. ഓഹരികള്‍ വഴിയാണ് സൊസൈറ്റിയില്‍ അംഗത്വം ലഭിക്കുക. വ്യക്തികള്‍ക്കും കോ-ഓപ്പറേറ്റീവ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ക്കും അംഗങ്ങളാകാവുന്നതാണ്. മുഴുവന്‍ അംഗങ്ങളുമുള്‍ക്കൊണ്ട ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന 20 അംഗങ്ങളും മാനേജിങ്ങ് ഡയറക്ടരും ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
അംഗങ്ങള്‍ സമര്‍പ്പിക്കുന്ന സംരംഭക പദ്ധതികള്‍ സാധ്യതാ പഠനത്തിനും സൂക്ഷ്മ പരിശോധനക്കും വിധേയമാക്കിയാണ് സാമ്പത്തിക സഹായം അനുവദിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക പരിജ്ഞാനവും നല്‍കി അവയുടെ വിജയ സാധ്യത ഉറപ്പുവരുത്തും.
സേവനങ്ങള്‍ ബ്രാഞ്ചുകള്‍ വഴിയായിരിക്കും നല്‍കുക. ബ്രാഞ്ചുകളിലൂടെ പരമാവധി ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ സംഗമം ലക്ഷ്യം വെക്കുന്നു. ബ്രാഞ്ചുകളുടെ കാര്യക്ഷമത ഹെഡ് ഓഫിസ് ഉറപ്പുവരുത്തുകയും അവയുടെ മേല്‍നോട്ടത്തിന് പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, എറണാകുളം, തമിഴ്‌നാട്ടിലെ വാണിയമ്പാടി, കോയമ്പത്തൂര്‍, വിരുതുനഗര്‍ എന്നിവിടങ്ങളിലായി ആറു ബ്രാഞ്ചുകളാണ് ആരംഭിക്കുക.
സംഗമത്തിന്റെ ഹെഡ് ഓഫിസ് കോഴിക്കോട് ഹൈലൈറ്റ് സിറ്റിയില്‍ പ്രവര്‍ത്തന സജ്ജമായി. ഹൈലൈറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍ പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം നിര്‍വഹിച്ചു. മനുഷ്യത്വരഹിതമായ പലിശക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന് മാതൃകയായ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രായോഗിക മാതൃകയാണ് 'സംഗമം'കൊണ്ട് സാധ്യമാക്കുന്നത്. ഇച്ഛാശക്തിയും അര്‍പ്പണബോധവുമുണ്ടെങ്കില്‍ ഇത് വിജയിപ്പിക്കാനാവും. ഇന്ത്യയില്‍ കൊള്ള പലിശക്ക് കര്‍ഷകര്‍ക്ക് പണം കടംകൊടുക്കുന്ന സഹകരണ സംഘങ്ങള്‍ അവരെ ആത്മഹത്യയിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണ സംഘങ്ങള്‍ക്കുമേല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം വരാന്‍ ഇടയായത് ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി ചടങ്ങില്‍ സംസാരിച്ചു. സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചക്കും ധനത്തിന്റെ വിലയിടിവിനും കാരണം പലിശയാണ്. സാമ്പത്തിക മേഖലയിലെ ധാര്‍മിക പ്രതിസന്ധിക്കുള്ള പരിഹാരമാണ് പലിശരഹിത വായ്പാ പദ്ധതി- അദ്ദേഹം പറഞ്ഞു.
സംഗമം പ്രസിഡന്റ് ടി.കെ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ. ശംസുദ്ദീന്‍ പൂക്കോട്ടൂര്‍ പദ്ധതി വിശദീകരിച്ചു. ഹ്യൂമണ്‍കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുലൈമാന്‍, സംഗമം വൈസ് പ്രസിഡന്റ് തുഫൈല്‍ അഹ്മദ് വാണിയമ്പാടി എന്നിവര്‍ ആശംസ നേര്‍ന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 92-98
എ.വൈ.ആര്‍