റമദാനും ഖുര്‍ആനും
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച പുണ്യമാസമാണ് റമദാന്‍. ഖുര്‍ആനില്‍ പേര് പറഞ്ഞ ഒരേയൊരു മാസമാണത്. പേര് പറഞ്ഞിട്ടില്ലെങ്കിലും യുദ്ധം നിരോധിച്ച നാല് മാസങ്ങളെ കുറിച്ചും ഖുര്‍ആനില്‍ സൂചന കാണാം. വര്‍ഷത്തില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്നും ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ മാനവരാശിക്കുള്ള ഏറ്റവും വലിയ അനുഗ്രഹമാണ്. ആ അനുഗ്രഹത്തിന് നന്ദിസൂചകമായിട്ടാണ് നോമ്പ് നോല്‍ക്കാന്‍ ആജ്ഞാപിച്ചിരിക്കുന്നത്. ഖുര്‍ആന്‍ അനുസരിച്ച് ജീവിച്ച് കൊണ്ടാണ് അതിന് നന്ദി കാണിക്കേണ്ടത്. അതുകൊണ്ടാണ് മഹാനായ നവോത്ഥാന നായകന്‍ ഇമാം ഹസനുല്‍ ബന്നാ പറഞ്ഞത്: ഇരിക്കുന്ന, കിടക്കുന്ന, ജീവിക്കുന്ന ഖുര്‍ആനായി നാം ഓരോരുത്തരും മാറണം.
ഇതു കൂടാതെ ഖുര്‍ആനോടുള്ള നമ്മുടെ മറ്റു ബാധ്യതകള്‍ എന്താണ്? അവയെ നമുക്ക് മൂന്നായി സംഗ്രഹിക്കാം. ഒന്ന്, തിലാവത്ത്. ഖുര്‍ആന്‍ പാരായണം ചെയ്യല്‍. റമദാനില്‍ ഒരാവൃത്തിയെങ്കിലും നാം ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത് അനിവാര്യമാണ്. പാരായണം കൃത്യമായി അറിയാത്ത ഒരാള്‍ തപ്പിത്തടഞ്ഞ് പാരായണം ചെയ്താല്‍ പോലും അത് പ്രതിഫലാര്‍ഹമാണെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. രണ്ട്, ഖുര്‍ആന്‍ മനഃപ്പാഠമാക്കുക. ''ഈ ഖുര്‍ആന്‍ നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു'' (15:9). വിശുദ്ധ ഖുര്‍ആനിന്റെ സംരക്ഷണത്തിന് വേണ്ടി തലമുറകളായി ചെയ്തുവരുന്ന കാര്യമാണ് മനഃപാഠമാക്കല്‍.
മൂന്ന്, തദബ്ബുര്‍ അഥവാ ഖുര്‍ആനെ കുറിച്ച് ആഴത്തിലുള്ള പഠനം. എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല ഇത്. ഈ റമദാനില്‍ ഒരു സൂക്തമെങ്കിലും ആഴത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. ഖുര്‍ആനിലെ ഓരോ വാക്കിനെ കുറിച്ചും സൂക്തത്തെ കുറിച്ചും ധാരാളം പറയാന്‍ കഴിയും. നാം എങ്ങനെയാണോ അതിനെ സമീപിക്കുന്നത് അതിനനുസരിച്ചാണ് അതില്‍ നിന്ന് ഫലം ലഭ്യമാവുക.
ഖുര്‍ആനിന്റെ ആധികാരിക വ്യാഖ്യാതാവ് ആരാണ്? അത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. ഖുര്‍ആന്‍ സുക്തങ്ങള്‍ പരസ്പരം വ്യാഖ്യാനിക്കുന്നു എന്നതാണ് പ്രാമാണികമായ കാഴ്ചപ്പാട്. കാട് കാണുക, മരം കാണുക എന്ന ഒരു പ്രയോഗമുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നേടത്ത് കാടും മരവും കാണണം. എന്നാല്‍ മാത്രമേ അത് പൂര്‍ണമാവുകയുള്ളൂ. അല്ലെങ്കില്‍ ഭാഗികമായ ഒരു വീക്ഷണം മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് നമസ്‌കാരത്തെ കുറിച്ച് പഠിക്കുമ്പോള്‍ ഖുര്‍ആനില്‍ അതു സംബന്ധമായി വന്ന മുഴുവന്‍ ആയത്തുകളും പരിശോധിക്കുകയും അതിന്റെ പ്രായോഗിക രൂപമായ പ്രവാചകചര്യ എന്താണെന്ന് മനസ്സിലാക്കുകയും വേണം. എന്നാലേ നമസ്‌കാരത്തെ കുറിച്ച് ശരിയായ വിധത്തില്‍ ഗ്രഹിക്കാന്‍ കഴിയൂ. ഏതെങ്കിലും ചില ആയത്തുകള്‍ എടുത്ത് പഠിച്ചാല്‍ നമസ്‌കാരത്തെ കുറിച്ച സമഗ്ര വീക്ഷണം ലഭിക്കുകയില്ല.
ഖുര്‍ആനിന്റെ
അഭിസംബോധന രീതികള്‍
അവാച്യമായ അനുഭൂതി പകരുന്നതാണ് വിശുദ്ധ ഖുര്‍ആനിന്റെ അഭിസംബോധന രീതി എന്ന കാര്യത്തില്‍ സംശയമില്ല. വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആനിന്റെ കല്‍പന തന്നെ നോക്കൂ: ''അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങള്‍ ഭയഭക്തിയുള്ളവരായേക്കാം''(2:184).
ഇവിടെ ആരാണ് വിളിച്ചിരിക്കുന്നത്? ആരെയാണ് വിളിച്ചിരിക്കുന്നത്? അഖിലാണ്ഡകടാഹത്തിന്റെ രാജാധിരാജന്‍ ഒരു മണ്‍കീടമായ മനുഷ്യനെയാണ് വിളിച്ചിരിക്കുന്നത്. ഖുര്‍ആനില്‍ നിരവധി വിളികള്‍ കാണാം. യാ ആദം, യാ നൂഹ്, യാ ഇബ്‌റാഹീം, യാ അഹ്‌ലല്‍ കിതാബ്, യാ ഖൗമി എന്നിങ്ങനെയുള്ള ധാരാളം വിളികള്‍. പക്ഷേ യാ മുഹമ്മദ് എന്ന് പേരെടുത്ത് പ്രവാചകനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രവാചകനോടുള്ള സ്‌നേഹം കൊണ്ടും അതൃപ്പം കൊണ്ടുമാണ് അല്ലാഹു പേരെടുത്ത് വിളിക്കാത്തതെന്നാണ് പണ്ഡിതമതം. പകരം യാ അയ്യുഹ റസൂല്‍ എന്നാണ് വിളിച്ചിരിക്കുന്നത്.
വിശുദ്ധ ഖുര്‍ആനിലെ, മനുഷ്യരോടുള്ള അഭിസംബോധനയെ മൊത്തം രണ്ട് ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഒന്ന് 'മനുഷ്യരേ' എന്ന വിളിയിലും മറ്റൊന്നു 'വിശ്വാസികളേ' എന്ന വിളിയിലും. ഖുര്‍ആനില്‍ ഇരുപത് സ്ഥലങ്ങളിലാണ് 'മനുഷ്യരേ' എന്ന് അഭിസംബോധനം ചെയ്തുകൊണ്ടുള്ള വിളി കാണാന്‍ കഴിയുന്നത്. ആ വിളിയുടെ ഒരു മാതൃക മാത്രം ഇവിടെ വിശകലനം ചെയ്യാം. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് വരുമ്പോള്‍ ആദ്യമായി 'മനുഷ്യരേ' എന്ന അഭിസംബോധന കാണുന്നത് അധ്യായം 2 സൂക്തം 21-ല്‍ ആണ്. മനുഷ്യരേ, നിങ്ങളുടെയും നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ റബ്ബിന്റെ അടിമത്തം അംഗീകരിക്കുവിന്‍. അതുവഴി നിങ്ങള്‍ക്ക് മോചനം പ്രതീക്ഷിക്കാം.
'ഹേ ജനങ്ങളേ' എന്ന് വിളിച്ച് കൊണ്ട് ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ പൊതുവായ അഭ്യര്‍ഥനകളാണെന്ന് കാണാന്‍ കഴിയും. എല്ലാവരെയും ഉദ്ദേശിച്ച് കൊണ്ടാണ് അങ്ങനെ അഭിസംബോധന ചെയ്യുന്നത്. വിശ്വസിക്കുക, ഇബാദത്ത് ചെയ്യുക, ഹലാല്‍ ഭക്ഷിക്കുക, തഖ്‌വയുള്ളവരാകുക തുടങ്ങിയ അഭ്യര്‍ഥനകളാണ് ആ വിളികളുടെ ഉള്ളടക്കം.അവിടെ അഭ്യര്‍ഥനകളുടെ വിശദാംശങ്ങള്‍ കാണുകയില്ല. ഖുര്‍ആന്റെ പൊതുവായ ആ അഭ്യര്‍ഥനകള്‍ക്ക് ചെവികൊടുത്തവരെ പ്രത്യേകം അഭിസംബോധന ചെയ്യാന്‍ വേണ്ടിയാണ് ഹേ വിശ്വസിച്ചവരേ എന്ന് ഖുര്‍ആന്‍ വിളിച്ചിരിക്കുന്നത്.
'ആമിനൂ' എന്ന അറബി പ്രയോഗം 'വിശ്വസിച്ചവരേ' എന്നാണ് മലയാളത്തില്‍ സാധാരണയായി പരിഭാഷപ്പെടുത്താറുള്ളതെങ്കിലും സ്വയം രക്ഷാസരണി കണ്ടെത്തിയവരും അല്ലാഹുവിനാല്‍ രക്ഷിക്കപ്പെടുന്നവരുമാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ശാന്തിയും സുരക്ഷിതത്വവും സമാധാനവും എല്ലാം ഉള്‍ക്കൊണ്ട ഒരു ബൃഹദ് പദമാണ് അത്.
'ഹേ മനുഷ്യരേ' എന്ന അഭിസംബോധനയുള്ള സൂക്തങ്ങള്‍ മക്കയിലും മദീനയിലും അവതരിച്ച അധ്യായങ്ങളില്‍ കാണാന്‍ കഴിയുമ്പോള്‍ 'വിശ്വസിച്ചവരേ' എന്ന അഭിസംബോധന മദീനയില്‍ അവതരിപ്പിച്ച അധ്യായങ്ങളിലാണ് കാണാന്‍ കഴിയുന്നത്. 'വിശ്വസിച്ചവരേ' എന്ന് അഭിസംബോധന ചെയ്ത് വരുന്ന സൂക്തങ്ങളില്‍ പറയുന്നത് എന്തെങ്കിലും ചെയ്യണം അല്ലെങ്കില്‍ ചെയ്യരുത് എന്നാണ്. വിശ്വാസകാര്യങ്ങളും പെരുമാറ്റ മര്യാദകളുമാണ് മക്കയിലവതരിപ്പിക്കപ്പെട്ട സൂക്തങ്ങളുടെ ഉള്ളടക്കമെങ്കില്‍, ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളാണ് മദീന സൂക്തങ്ങളുടെ ഉള്ളടക്കം.
'മനുഷ്യരേ' എന്ന വിശുദ്ധ ഖുര്‍ആനിന്റെ പൊതു അഭിസംബോധനക്ക് ഉത്തരം നല്‍കിയവരോട് വിശദാംശങ്ങള്‍ പറയാനാണ് 'വിശ്വസിച്ചവരേ' എന്ന് വിളിക്കുന്നത്. എങ്ങനെയാണ് ആരാധിക്കേണ്ടത്, തഖ്‌വ എങ്ങനെ കൈവരിക്കാം തുടങ്ങിയ വിശദാംശങ്ങളാണ് 'വിശ്വാസികളേ' എന്ന് പ്രത്യേകം വിളിച്ചു പറയുന്ന കാര്യങ്ങള്‍. ഖുര്‍ആനില്‍ 89 സ്ഥലങ്ങളില്‍ ഇങ്ങനെ 'സത്യവിശ്വാസികളേ' എന്ന അഭിസംബോധന കാണാം. ഇങ്ങനെ വിശ്വാസികളെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്ന ഒരു സൂക്തത്തില്‍ തന്നെ പല കാര്യങ്ങളും വിശ്വാസികളോട് ചെയ്യാനും ചെയ്യാതിരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടാവാം. ആ നിര്‍ദേശങ്ങള്‍ ഒന്നടങ്കം അനുസരിച്ച് കൊണ്ട് ജീവിക്കുകയാണ് തഖ്‌വ കൊണ്ട് വിവക്ഷിക്കുന്നത്. തഖ്‌വ ആര്‍ജിക്കാനുള്ള ഏറ്റവും നല്ല പരിശീലനമാണ് വ്രതാനുഷ്ഠാനം.
ഖുര്‍ആനില്‍ രണ്ട് സ്ഥലത്ത് മാത്രമാണ് 'കാഫിറുകളേ' എന്ന അഭിസംബോധന കാണാന്‍ കഴിയുന്നത്. സൂറ അത്തഹ്‌രീമിലെ ഏഴാം സൂക്തത്തില്‍ 'ഹേ നിഷേധികളേ! ഇന്ന് നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്' എന്നുണ്ട്. ഇത് നരകത്തില്‍ നിഷേധികളെ വിളിച്ച് പറയുന്ന കാര്യമാണ്.
'ഹേ നിഷേധികളേ' എന്ന മറ്റൊരു വിളി സൂറത്ത് അല്‍ കാഫിറൂനില്‍ കാണാം. അവിടെ നിഷേധികളുമായി ബന്ധം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള വിളിയാണ്. സത്യനിഷേധികള്‍ അനുരഞ്ജനത്തിന്റെ ഫോര്‍മുലയുമായി പ്രവാചകനെ സമീപിച്ചപ്പോള്‍ 'എനിക്ക് എന്റെ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ വഴി' എന്ന് അറിയിക്കാനാണ് അവരെ അഭിസംബോധന ചെയ്തത്. ഇതു കൂടാതെ 'യാ ഖൗമീ' (എന്റെ ജനതേ) എന്ന ഹൃദ്യമായ വിളിയും ഖുര്‍ആനില്‍ കാണാം. 'ഹേ ജനങ്ങളേ' എന്ന വിളിയുടെ മറ്റൊരു വകഭേദമാണ് ആ വിളി എന്ന മനസ്സിലാക്കുകയാണ് ഉചിതം. ചുരുക്കത്തില്‍, വിശുദ്ധ ഖുര്‍ആനിലെ 'മനുഷ്യരേ' എന്ന വിളിക്ക് ഉത്തരം നല്‍കി, പിന്നീട് അവരെ വിശ്വാസികളായി പരിഗണിച്ച് കൊണ്ട് ഉണര്‍ത്തുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി ഇരുലോകത്തും വിജയം വരിക്കുകയാണ് വിശ്വാസികളുടെ ദൗത്യം.
(മര്‍ഹൂം ജമാല്‍ മലപ്പുറത്തിന്റെ ഒരു പ്രഭാഷണത്തില്‍നിന്ന് സംഗ്രഹിച്ചത്. തയാറാക്കിയത്: ഇബ്‌റാഹീം ശംനാട്)
Comments