നോമ്പുകാലങ്ങളിലെ തടവിന്റെ നിറം ഇരുട്ടല്ലായിരുന്നു
ബൂട്‌സുകള്‍ നിലത്തടിക്കുന്ന അലോസരമുണ്ടാക്കുന്ന ശബ്ദം. 'എഴുന്തിരി! എഴുന്തിരി!!' എന്ന തമിഴിലെ കടുപ്പമുള്ള വിളി! കാരാഗൃഹത്തിലെ നോമ്പുകളുടെ ആദ്യ ഓര്‍മ എനിക്കിതാണ്.
പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ് പതിമൂന്നിലേക്കെത്താറായ ജയില്‍ ജീവിതത്തിലെ ഏറ്റവും കഠിനമായ നാളുകള്‍ സേലം ജയിലിലെ ആദ്യമാസങ്ങളായിരുന്നു. ഇന്ത്യയിലെ ചുരുക്കം പണിഷ്‌മെന്റ് ജയിലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സേലം ജയില്‍. അവിടത്തെ ആദ്യനാളുകള്‍ ഒരിക്കലും മറക്കാനാവില്ല. ജയിലിനുള്ളിലെ മറ്റൊരു കൊടുംജയിലാണ് അവിടത്തെ 'ഹൈസെക്യൂരിറ്റി ബ്ലോക്ക്'. തമിഴില്‍ 'ഉയര്‍പാതുകാപ്പ് തൊകുതി' എന്നാണ് പറയുക.
സേലം ജയിലിലെ മെയിന്‍ ഗേറ്റ് കടന്ന് അകത്ത് കയറി ഏകദേശം നൂറ്റിയമ്പത് മീറ്ററോളം ഉള്ളിലേക്ക് പോകുമ്പോഴാണ് ഹൈസെക്യൂരിറ്റി ബ്ലോക്ക്. നാലു ചുറ്റും ഭയാനകമായ മതിലാണുള്ളത്. ഏകദേശം മുപ്പത് അടിയോളം പൊക്കമുണ്ടാകും ഈ മതിലിന്. മതിലിന് മുകളില്‍ നാലോ അഞ്ചോ വരികളായി ഇലക്ട്രിക് കമ്പികള്‍ ഘടിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇതിലൂടെ വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കും. ഈ വലിയ ചുറ്റുമതിലിന്റെ ഒരു ഭാഗത്ത് മാത്രമാണ് വാതില്‍ ഉള്ളത്. അതൊരു വലിയ ഗേറ്റോ കതകോ ഒന്നുമല്ല. ഈ ബ്ലോക്കിലേക്ക് ആരു വന്നാലും - അത് ജയില്‍ ഐ.ജിയാകട്ടെ നടക്കാന്‍ കഴിയാത്ത രോഗിയായ തടവുകാരനാകട്ടെ - കുനിഞ്ഞു മാത്രം ഉള്ളിലേക്ക് കടക്കാന്‍ കഴിയുന്ന, ഒരാളിന് കഷ്ടിച്ച് കടക്കാന്‍ മാത്രം വീതിയുള്ള ഒരു വാതിലാണത്. അതിന്റെ കതക് എപ്പോഴും അടച്ചിട്ടിരിക്കും. കതകിന്റെ ഇപ്പുറത്ത് ബ്ലോക്കിനുള്ളിലും അപ്പുറത്തും ഓരോ കാവല്‍ക്കാര്‍ ഉണ്ടായിരിക്കും. ബ്ലോക്കിലെ സെല്ലുകള്‍ക്ക് മുന്നില്‍ മറ്റു കാവല്‍ക്കാര്‍ വേറെയുമുണ്ട്. സെല്ലിന് പുറത്ത് എന്തു സംഭവങ്ങള്‍ നടന്നാലും എത്ര ബഹളവും ശബ്ദവുമൊക്കെയുണ്ടായാലും അകത്ത് യാതൊന്നുമറിയില്ല. അകത്തു നടക്കുന്ന യാതൊന്നും പുറത്തും കേള്‍ക്കില്ല. പക്ഷേ അകത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഉടനെ തന്നെ വാര്‍ഡര്‍മാര്‍ 'വാക്കി-ടോക്കി' വഴി മേലുദ്യോഗസ്ഥന്മാരെ അറിയിക്കും.
എന്‍.എസ്.എ (ദേശീയ സുരക്ഷിതത്വ നിയമം) ചുമത്തപ്പെട്ടവനായിരുന്നു ഞാന്‍ ഉള്‍പ്പെടെയുള്ള എല്ലാവരും. എന്‍.എസ്.എ തടവുകാര്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ജയില്‍ വാര്‍ഡര്‍മാര്‍ അല്ലാത്ത മനുഷ്യരെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. സസ്യലതാദികളുടെ പച്ചപ്പ് ഒന്ന് കാണണമെങ്കിലും ഇതു തന്നെയായിരുന്നു സ്ഥിതി.
മേലുദ്യോഗസ്ഥന്മാര്‍ 'റൗണ്ട്‌സിന്' വരുമ്പോഴും തടവുകാര്‍ക്കുള്ള ഭക്ഷണം കിച്ചണില്‍ നിന്ന് കൊണ്ടുവരുമ്പോഴും മാത്രമാണ് സാധാരണ നിലയില്‍ ഈ ബ്ലോക്കിലേക്കുള്ള വാതിലുകള്‍ തുറക്കാറുള്ളത്. വളരെ ചെറിയ സെല്ലുകളിലാണ് തടവുകാര്‍ താമസിച്ചിരുന്നത്. ഏകദേശം 8 അടി നീളവും 4 അടി വീതിയുമുള്ള ഈ സെല്ലിനുള്ളില്‍ തന്നെ ഒരു ക്ലോസെറ്റ് ഫിറ്റ് ചെയ്തിട്ടുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും കുളിക്കുന്നതുമെല്ലാം ഈ ഇടുങ്ങിയ സെല്ലിനുള്ളില്‍ തന്നെയാണ്. ആദ്യകാലത്ത് മിക്കപ്പോഴും ഈ സെല്ലുകള്‍ പൂട്ടിയിടുകയാണ് ചെയ്യുക. തടവുകാര്‍ക്കുള്ള ഭക്ഷണം വരുമ്പോള്‍ മാത്രമാണ് സെല്ലുകള്‍ തുറക്കുക. പക്ഷേ ഒരു സാഹചര്യത്തിലും വൈകിട്ട് 6 മണിക്ക് ശേഷം സെല്ലുകള്‍ തുറക്കുകയില്ല.
ഒരു മേല്‍ക്കൂരക്ക് കീഴില്‍ ഒരു വലിയ ഭിത്തികൊണ്ട് വേര്‍തിരിച്ച് അതിന്റെ ഒരു ഭാഗത്തെ സെല്ലുകളില്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന 167 പേരില്‍ ഇരുപതോളം പേരെയാണ് താമസിപ്പിച്ചിട്ടുള്ളത്. ബാക്കി പ്രതികളെയൊക്കെ കോയമ്പത്തൂര്‍, വെല്ലൂര്‍, മധുര, പാളയംകോട്ട തുടങ്ങിയ ജയിലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. ഏറ്റവും 'അപകടകാരി'കളെന്ന് ജയിലധികൃതര്‍ തീരുമാനിച്ച ഇരുപതോളം പേരെയാണ് പണിഷ്‌മെന്റ് ജയിലായ സേലം ജയിലിലെ ഹൈസെക്യൂരിറ്റി ബ്ലോക്കില്‍ 24 മണിക്കൂറും പൂട്ടിയിട്ടിരുന്നത്. അതില്‍ ഒരാളായിരുന്നു ഞാനും!!!
ഞങ്ങള്‍ അടക്കപ്പെട്ടിരിക്കുന്നതിന്റെ മറുഭാഗത്ത് അടച്ചിരുന്നത് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ആയിരുന്നു. ഇപ്പുറത്തെയും മറുഭാഗത്തെയും സെല്ലുകള്‍ തമ്മില്‍ ഉള്ള ഒരേയൊരു ബന്ധം വളരെ ഉയരത്തിലുള്ള ഒരു ചെറിയ ദ്വാരം മാത്രമാണ്. ഈ ദ്വാരം ഉള്ളതുകൊണ്ട് വളരെ ഉച്ചത്തില്‍ ഇപ്പുറത്ത് നിന്ന് സംസാരിച്ചാല്‍ അപ്പുറത്ത് ചെറുതായി കേള്‍ക്കാന്‍ പറ്റുമായിരുന്നു.
എന്റെ സെല്ലിന്റെ മറുഭാഗത്തെ സെല്ലില്‍ ഉണ്ടായിരുന്നത് രാജീവ് ഗാന്ധി വധക്കേസില്‍ ഇപ്പോള്‍ വധശിക്ഷ പ്രതീക്ഷിച്ചുകഴിയുന്ന ശാന്തന്‍, പേരറിവാളന്‍ എന്നിവരായിരുന്നു.
സേലം ജയിലിലെ മുഴുവന്‍ വിശേഷങ്ങളും വായനക്കാരോട് പങ്കുവെക്കാന്‍ ഇപ്പോഴത്തെ എന്റെ ഉദ്ദേശ്യമല്ലാത്തതിനാല്‍ അത് മറ്റൊരു അവസരത്തിലേക്ക് മാറ്റികൊണ്ട് ഞാന്‍ റമദാന്‍ വിശേഷത്തിലേക്ക് കടക്കട്ടെ.
വിശുദ്ധ റമദാനില്‍ ചന്ദ്രപ്പിറവി കൃത്യമായി അറിയാന്‍ തന്നെ സേലം ജയിലില്‍ ബുദ്ധിമുട്ടായിരുന്നു. നോമ്പു തുറക്കാന്‍ പ്രത്യേക ഭക്ഷണമൊന്നും ജയിലില്‍ നിന്ന് ലഭിക്കുമായിരുന്നില്ല. ജയിലിലെ രാത്രി ഭക്ഷണം സാധാരണപോലെ റമദാന്‍ മാസത്തിലും വൈകീട്ട് 5 മണിക്കാണ് നല്‍കിയിരുന്നത്. പ്രമേഹരോഗിയായിരുന്നതിനാല്‍ എനിക്ക് ചപ്പാത്തിയായിരുന്നു നല്‍കുക. മറ്റുള്ളവര്‍ക്ക് ചോറും. ജയിലുദ്യോഗസ്ഥന്മാരുമായി സംസാരിച്ചുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ വെളുപ്പാന്‍ കാലത്ത് 3 മണിയാവുമ്പോഴേക്കും ജയിലുദ്യോഗസ്ഥന്മാരും കിച്ചണ്‍ ചുമതലയുള്ള തടവുകാരും കൂടി അത്താഴത്തിനുള്ള ഭക്ഷണവുമായി വരും. ബൂട്ട്‌സ് നിലത്ത് ചവിട്ടുന്ന ശബ്ദത്തോടൊപ്പം തടവുകാരെ ഉണര്‍ത്താനായി ഉച്ചത്തില്‍ 'എഴുന്തിരി! എഴുന്തിരി' എന്ന് വാര്‍ഡര്‍മാര്‍ പറഞ്ഞുകൊണ്ടേയിരിക്കും. 'എഴുന്നേല്‍ക്ക്' എന്നാണ് ഇതിന്റെ അര്‍ഥം.
ചോറ് ആവശ്യമുള്ള തടവുകാര്‍ അലൂമിനിയം പ്ലേറ്റ് സെല്ലിന്റെ വാതിലിനിടയിലെ പഴുതിലൂടെ പുറത്തേക്ക് കൊടുക്കും. ചോറും കുറച്ച് കറിയും അതില്‍ ഒഴിച്ച് കൊടുക്കും. അഴികളുടെ അകലം കുറവായതിനാല്‍, പ്ലേറ്റ് നേരേ ഉള്ളിലേക്ക് കടക്കാത്തതിനാല്‍ വേറൊരു പ്ലേറ്റ് കൊണ്ട് മൂടി ചരിച്ച് പിടിച്ചാണ് ഭക്ഷണ പ്ലേറ്റ് ഉള്ളിലേക്കെടുക്കുക. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്ന ഒരു അസഹ്യ മണമാണ് റമദാനിലെ അത്താഴത്തിന് കിട്ടുന്ന ആ കറിയുടേത്.
കടുത്ത എരിവും പുളിയുമുള്ള ആ കറി കഠിനമായ അള്‍സര്‍ രോഗമുണ്ടായിരുന്ന ഞാന്‍ ഒരിക്കലും വാങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ അതിന്റെ രുചി എനിക്കറിയില്ലായിരുന്നു. പക്ഷേ ആ ഗന്ധം അസഹ്യമായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
എന്റെ ജയില്‍ റമദാന്‍ തുടങ്ങുന്നത് യഥാര്‍ഥത്തില്‍ സേലം ജയിലില്‍നിന്നല്ല. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ്. ബാബരി മസ്ജിദ് തകര്‍ത്ത ചില സംഘ്പരിവാര്‍ സംഘടനകളെ നിരോധിച്ചപ്പോള്‍ അതിനെ ബാലന്‍സ് ചെയ്യാനായി കേന്ദ്ര ഗവണ്‍മെന്റ് ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ് എന്നീ മുസ്‌ലിം സംഘടനകളെയും നിരോധിച്ചു.
നിരോധിക്കപ്പെട്ട സംഘടനയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ എന്നെ അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടക്കുകയും ചെയ്തു. 1993 ജനുവരി 26-നായിരുന്നു എന്റെ അറസ്റ്റ്. 1992 ആഗസ്റ്റ് 6-ന് എനിക്കെതിരെ നടന്ന വധശ്രമത്തില്‍ ബോംബ് പതിച്ച് വലതു കാല്‍ മുറിച്ചുമാറ്റപ്പെട്ട ഭാഗത്തെ മുറിവ് പൂര്‍ണമായും ഉണങ്ങുന്നതിന് മുമ്പായിരുന്നു ഈ അറസ്റ്റും ജയില്‍ വാസവും. 1993 മാര്‍ച്ച് പകുതിയോടെയായിരുന്നു ജാമ്യം കിട്ടി പുറത്തിറങ്ങിയത്. അപ്പോഴേക്കും അത്തവണത്തെ റമദാന്‍ നോമ്പ് പകുതി പൂജപ്പുര ജയിലില്‍ നോറ്റ് കഴിഞ്ഞിരുന്നു. എന്നാല്‍ സേലം ജയിലിലെ പോലെ ഓര്‍ത്തിരിക്കാന്‍ തക്കവണ്ണമുള്ള പ്രത്യേക കാര്യങ്ങളൊന്നും പൂജപ്പുരയെപ്പറ്റിയില്ല.
പക്ഷേ നോമ്പുതുറ, അത്താഴം, തറാവീഹ് നമസ്‌കാരം, ഖുര്‍ആന്റെ വ്യാഖ്യാനപഠനം, പെരുന്നാള്‍ ആശംസ എഴുതി ഭാര്യക്ക് അയച്ച കത്തുകള്‍, അവിടന്ന് ഇങ്ങോട്ടുള്ള വേദനയില്‍ പൊതിഞ്ഞ സ്പീഡ് പോസ്റ്റുകള്‍.... ഇങ്ങനെ ഒരുപാട് റമദാന്‍ ഓര്‍മകള്‍ സേലം ജയിലിനോട് ബന്ധപ്പെട്ട് എനിക്കുണ്ട്.
സേലത്ത് നിന്ന് കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റിയശേഷം കുറേ റമദാനുകള്‍ അവിടെയും ഉണ്ടായിരുന്നുവെങ്കിലും സേലം ജയിലിനോളം ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ഒന്നും കാര്യമായിട്ട് കോയമ്പത്തൂരിനോട് ബന്ധപ്പെട്ട് ഇല്ല.
നോമ്പുകാരനായി ബാംഗ്ലൂരിലേക്ക്
ജയില്‍ റമദാനില്‍ പിന്നെ കാര്യമായി ഓര്‍മ വരുന്നത് ബാംഗ്ലൂര്‍ ജയിലിലെ ആദ്യദിനങ്ങളാണ്.
അന്‍വാര്‍ശ്ശേരിയില്‍ നിന്ന് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിമുമ്പില്‍ കീഴടങ്ങാനായി പുറപ്പെടുകയും അതിന് അനുവദിക്കാതെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത 2010 ആഗസ്റ്റ് 17 വിശുദ്ധ റമദാന്റെ ആദ്യദിനങ്ങളിലൊന്നായിരുന്നുവെന്നത് വായനക്കാര്‍ ഓര്‍മിക്കുന്നുണ്ടാകുമല്ലോ.
ആദ്യനോമ്പ് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പ്രത്യേക മുറിയിലായിരുന്നു തുറന്നത്. അന്നത്തെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ കേരള പോലീസിലെ ഉദ്യോഗസ്ഥന്മാര്‍ നോമ്പ് തുറക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ എത്തിച്ചുതന്നു. എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ മഗ്‌രിബും ഇശാഉം ജംഅ് ആക്കി നമസ്‌കരിച്ചുകൊണ്ടാണ് വിമാനത്തില്‍ കയറുന്നത്.
ബാംഗ്ലൂര്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ വീടിന് മുന്നില്‍ എത്തിച്ച് പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ എന്നെ അലോക് കുമാറിന്റെയും ഓംകാരയ്യയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം കൊണ്ടുപോയത് കൊടുംകുറ്റവാളികളെയും തീവ്രവാദക്കേസിലെ പ്രതികളെയുമൊക്കെ 'വിശദമായി' ചോദ്യം ചെയ്യുന്നതിന് വേണ്ടി പ്രത്യേകം തയാറാക്കിയിട്ടുള്ള മതിവാളയിലെ 'ഇന്റൊറഗേഷന്‍ സെന്ററി'ലേക്കായിരുന്നു. സേലം ജയിലിലേത് പോലെയുള്ള കുറേ ഇടുങ്ങിയ സെല്ലുകളും ചോദ്യം ചെയ്യുന്നതിനായുള്ള പ്രത്യേക റൂമുകളും സെന്ററിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് താമസിക്കുന്നതിനുള്ള റൂമുകളുമൊക്കെ അടങ്ങുന്ന ഈ ഇന്ററൊഗേഷന്‍ സെന്ററിന്റെ മൂന്നുഭാഗവും വന്‍വൃക്ഷങ്ങളുള്ള കാടാണ്. അവിടത്തെ സെല്ലുകളിലൊന്നില്‍ എന്നെയും കൊണ്ട് പ്രവേശിപ്പിച്ചശേഷം രണ്ട് ഉദ്യോഗസ്ഥര്‍ വന്ന് അത്താഴത്തിന് എന്താണ് വേണ്ടതെന്ന് ചോദിച്ചു. രണ്ട് പഴം മതി എന്ന് ഞാന്‍ പറഞ്ഞതനുസരിച്ച് അവര്‍ അത് എത്തിച്ചുതന്നു. പിന്നീടുള്ള 10 ദിവസങ്ങളിലും നോമ്പുതുറ തൊട്ടടുത്ത ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് വൈകീട്ട് 6 മണിയോടെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ വാങ്ങികൊണ്ടുവരുന്ന ചപ്പാത്തിയും സാമ്പാറുമായിരുന്നു. രണ്ടുമൂന്ന് ദിവസം തുടര്‍ച്ചയായി, നോമ്പ് തുറന്ന ശേഷം സാമ്പാര്‍ കഴിച്ചതോടെ വയറിന് അള്‍സറിന്റെ അസ്വസ്ഥതകള്‍ ആരംഭിച്ചു.
ഏകദേശം വൈകീട്ട് ഏഴ് ഏഴരയോടെയാണ് ഉദ്യോഗസ്ഥന്മാര്‍ ചോദ്യം ചെയ്യാനെന്ന പേരില്‍ വരാറുണ്ടായിരുന്നത്. ബാംഗ്ലൂര്‍ പോലീസ് ആകെ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് എന്നോടൊപ്പം ചെലവഴിച്ചത്.എനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത കേസില്‍ കുടുക്കിയാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന് അവര്‍ക്ക് ബോധ്യം ഉള്ളതുകൊണ്ട് തന്നെ അവര്‍ക്ക് എന്നോട് കൂടുതലായി ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല.
ഐ.ബി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കായിരുന്നു എന്നോട് കൂടുതല്‍ സംസാരിക്കാനുണ്ടായിരുന്നത്. സംസാരത്തിന്റെ വിശദവിവരങ്ങളെല്ലാം സര്‍വശക്തനായ അല്ലാഹു അനുഗ്രഹിച്ചാല്‍ ഇനിയൊരവസരത്തില്‍ ഞാന്‍ വായനക്കാരുമായി ചര്‍ച്ച ചെയ്യാം.
ഏഴ് മണിക്ക് ശേഷം ചോദ്യം 'ചെയ്യലുകാരുടെ' ഊഴമായതിനാല്‍ ബാങ്ക് കേട്ടാല്‍ (ഇന്ററോഗേഷന്‍ സെന്ററിലിരുന്നാല്‍ നിരവധി പള്ളികളിലെ ബാങ്കു നാദം കേള്‍ക്കാന്‍ കഴിയും) നോമ്പ് തുറന്ന് ഉടനെ മഗ്‌രിബ് നമസ്‌കരിക്കും. നമസ്‌കരിച്ചുകഴിയുമ്പോഴേക്കും വീല്‍ചെയര്‍ ഉരുട്ടാന്‍ ഏല്‍പിക്കപ്പെട്ടിട്ടുള്ള കോണ്‍സ്റ്റബിള്‍ കാത്ത് നില്‍ക്കുന്നുണ്ടാകും. അയാള്‍ വീല്‍ചെയര്‍ 'ചോദ്യം ചെയ്യല്‍' മുറിയിലേക്ക് കൊണ്ടുപോകും. പിന്നെ ഏതാനും മണിക്കൂറുകള്‍ ഉദ്യോഗസ്ഥന്മാരോടൊപ്പം ചെലവഴിക്കും.
ചിലപ്പോള്‍ അവരുമായുള്ള സംസാരം, സംവാദം, വാദപ്രതിവാദം, ക്ഷോഭം തുടങ്ങിയ തലങ്ങളിലേക്കൊക്കെ എത്തും. എല്ലാം കഴിഞ്ഞ് സെല്ലില്‍ തിരിച്ചെത്തുമ്പോഴേക്ക് 10 മണിയെങ്കിലുമാകും. പിന്നീട് ടോയ്‌ലറ്റില്‍ പോവുകയും ശേഷം ടോയ്‌ലെറ്റിനോട് ചേര്‍ന്നുള്ള പൈപ്പില്‍ നിന്ന് വുദൂ എടുക്കുകയും ചെയ്യും. നിന്ന് വുദൂ ചെയ്യാനും അവസാനം കാലു കഴുകാനുമൊക്കെ പരസഹായം ഇല്ലാതെ ബുദ്ധിമുട്ടായിരുന്നു. ചിലപ്പോഴൊക്കെ വഴുതി വീഴുന്ന ഘട്ടങ്ങളുമുണ്ടായിട്ടുണ്ട്.
എന്തായാലും എല്ലാ ദിവസവും ഇശായും തറാവീഹും നമസ്‌കരിക്കുകയും ഖുര്‍ആന്‍ ഓതുകയും സ്ഥിരമായി ചൊല്ലാറുള്ള ദിക്‌റുകളും ഔറാദുകളുമൊക്കെ നിര്‍വഹിക്കുകയും ചെയ്തുകൊണ്ടിരുന്നു. ചോദ്യം ചെയ്യല്‍ വേളയിലൊക്കെ പരമാവധി പ്രകോപിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യത്തെ ഒന്നുരണ്ട് ദിവസം ആ കെണിയില്‍ കുറേശ്ശെ ഞാന്‍ വീണുപോയെങ്കിലും പിന്നീടുള്ള മുഴുവന്‍ സമയവും പരമാവധി ആത്മസംയമനം പാലിച്ചുകൊണ്ടാണ് അവിടെ കഴിഞ്ഞത്. വിശുദ്ധ റമദാന്‍ ആയിരുന്നുവെന്നത് ആത്മസംയമനം പാലിക്കാനും ശാന്തത പുലര്‍ത്താനും പ്രത്യേകമായി എനിക്ക് ഊര്‍ജം പകര്‍ന്നിരുന്നു.
ആഗസ്റ്റ് 26-ാം തീയതി പോലീസ് കസ്റ്റഡി അവസാനിച്ച് എന്നെ വീണ്ടും മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി നടപടികളൊക്കെ അവസാനിച്ച് എന്നെ ജയിലിലേക്ക് കൊണ്ടുപോകാന്‍ പോലീസ് വാഹനത്തില്‍ കയറ്റുമ്പോള്‍ 6 മണി കഴിഞ്ഞിരുന്നു.
പരപ്പന അഗ്രഹാരയിലേക്കുള്ള യാത്രാമധ്യേ തന്നെ മഗ്‌രിബ് ബാങ്കിന്റെ ശബ്ദം കേട്ടു. ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വണ്ടി ഒരു ചെറിയ സ്റ്റേഷനറി കടയുടെ മുന്നില്‍ നിര്‍ത്തി. അവിടെ നിന്ന് ഒരു കുപ്പി മിനറല്‍ വാട്ടറും ഒരു കവര്‍ ബിസ്‌ക്കറ്റും വാങ്ങി വണ്ടിയിലിരുന്നു തന്നെ നോമ്പ് തുറന്നു.
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിന്റെ മുന്നില്‍ എത്തിയശേഷവും ദീര്‍ഘനേരം വാഹനത്തില്‍ തന്നെ ഇരിക്കേണ്ടിവന്നു. ജയില്‍ നടപടികള്‍ ഒക്കെതീര്‍ക്കുന്നത് കൂടാതെ എന്നെ താമസിപ്പിക്കാനുള്ള റൂമില്‍ സി.സി ക്യാമറ ഘടിപ്പിക്കലിന്റെയും മറ്റും അവസാനപണികള്‍ തീരുന്നതിന് കൂടിയാണ് സമയമെടുത്തത് എന്ന് സെല്ലിലെത്തിയപ്പോള്‍ എനിക്ക് മനസ്സിലായി.
'വിശേഷ ഭദ്ര' യിലെ ആദ്യ നോമ്പ്
പോലീസ് വാഹനത്തില്‍ നിന്നിറങ്ങിയ എന്റെ പെട്ടിയും മറ്റും പരിശോധിച്ച് ചെറിയ തോതില്‍ ദേഹപരിശോധനയും നടത്തിയശേഷം ജയിലുദ്യോഗസ്ഥന്മാര്‍ ഓഫീസ് ജോലികള്‍ ചെയ്യുന്നയാളെന്ന് തോന്നിയ ഒരു തടവുകാരനെ വിളിച്ച് എന്റെ വീല്‍ചെയര്‍ ഉരുട്ടാന്‍ ഏല്‍പ്പിച്ചു. അയാളും ഏതാനും ഉദ്യോഗസ്ഥന്മാരും കൂടി എന്നെ ജയില്‍ ആശുപത്രിയില്‍ എത്തിച്ചു.
ജയിലാശുപത്രിയിലെ പരിശോധനാ മുറിയില്‍ ദീര്‍ഘനേരം കാത്തിരുന്ന ശേഷമാണ് ജയില്‍ ഡോക്ടര്‍ എത്തിയത്. ശേഷം എന്റെ പഴയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളൊക്കെ ഡോക്ടര്‍ പരിശോധിച്ചശേഷം ആശുപത്രി വരാന്തയിലൂടെ കുറേനേരം കൂടി വീല്‍ചെയര്‍ ഉരുണ്ടു. അവസാനം രണ്ടു ഭാഗത്തും ബാരിക്കേഡുകള്‍ വെച്ചിട്ടുള്ള മൂന്നു റൂമുകളിലെ നടുവിലെ റൂമിന് മുന്നില്‍ എന്റെ വീല്‍ചെയര്‍ കൊണ്ടുനിര്‍ത്തി. റൂമില്‍ കയറുന്നതിന് മുമ്പുതന്നെ എനിക്ക് മനസ്സിലായി, ഇത് ഹൈസെക്യൂരിറ്റി സെല്ലാണെന്ന്. കാരണം മറ്റു സെല്ലുകളുമായി വേര്‍തിരിക്കുന്ന ബാരിക്കേഡുകള്‍, സെല്ലിന്റെ മുന്നില്‍ തന്നെ ഏതാനും വാര്‍ഡര്‍മാരും ഹെഡ് വാര്‍ഡറും ചീഫ് വാര്‍ഡറുമടങ്ങുന്ന ഒരു സംഘം പേരുടെ പ്രത്യേകം കാവല്‍. ഇതൊക്കെ കണ്ടപ്പോള്‍ തന്നെ ഒരു 'ഹൈസെക്യൂരിറ്റി'യുടെ ഗന്ധം ഞാന്‍ മണത്തു. കൂടെവന്ന ഓഫീസറോട് ഇംഗ്ലീഷില്‍ ഇത് ഹൈസെക്യൂരിറ്റി സെല്ലാണോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം ശുദ്ധ കന്നഡയിലാണ് മറുപടി പറഞ്ഞത്. 'ഇദു വിശേഷ ഭദ്രസെല്ല് ഇദേ.' അങ്ങനെ വിശേഷ ഭദ്ര സെല്ലിനുള്ളിലേക്ക് ഞാന്‍ കയറി. സേലം ജയിലിലെ സെല്ലിനേക്കാള്‍ കുറെകൂടി വലിയ സെല്ലാണ്. ബാത്ത് റൂം ഇടുങ്ങിയതെങ്കിലും സേലത്തേതിനെക്കാള്‍ മെച്ചമാണ്. എനിക്ക് വെസ്റ്റേണ്‍ ക്ലോസറ്റ് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നതിനാല്‍ ആദ്യം അതാണ് ഞാന്‍ നോക്കിയത്. വെസ്റ്റേണ്‍ ക്ലോസറ്റ് ഉണ്ടെന്ന് കണ്ടപ്പോള്‍ ആശ്വാസം തോന്നി.
സി.സി ക്യാമറ ഉള്‍പ്പെടെ ഘടിപ്പിച്ച് ഭദ്രമാക്കിയ സെല്ലാണ്. എന്നെ അകത്തേക്ക് കയറ്റിയശേഷം സെല്‍ ലോക്ക് ചെയ്തു. ഞാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. 'എനിക്ക് ഒരു സഹായി ഉണ്ടെങ്കിലേ ടോയ്‌ലെറ്റില്‍ പോകാനും മറ്റും പറ്റുകയുള്ളൂ' എന്ന്. 'മേലുദ്യോഗസ്ഥരോട് സംസാരിക്കട്ടെ' എന്ന് പറഞ്ഞ് അവര്‍ പോയി. കുറേകഴിഞ്ഞിട്ടും അനക്കമൊന്നുമില്ലെന്ന് കണ്ടപ്പോള്‍ റൂമിന് മുന്നില്‍ ഉള്ള വാര്‍ഡര്‍മാരെ ഞാന്‍ വിളിച്ചു. അവരോട് സഹായിയുടെ കാര്യം പറഞ്ഞു. കന്നഡയല്ലാതെ ഒരു ഭാഷയും അറിയാത്തവരാണ് അവരെല്ലാം. തമിഴും ഇംഗ്ലീഷുമൊക്കെ കൂട്ടിക്കുഴച്ച് അവരെ കാര്യം മനസ്സിലാക്കികൊടുത്തു. അവര്‍ 'വാക്കി-ടോക്കി'യില്‍ മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. കുറേ നേരത്തേക്ക് വീണ്ടും അനക്കമൊന്നുമില്ല. ഒരു കാര്യം എനിക്ക് അപ്പോള്‍ തന്നെ മനസ്സിലായി. ഉത്തരവാദിത്വബോധം എന്ന ഒന്ന് ഈ ജയിലില്‍ ഇല്ല എന്ന്. പിന്നീട് ഇന്നുവരെയുള്ള ഓരോ കാര്യങ്ങളിലും - ചികിത്സ, ഭക്ഷണം തുടങ്ങി, ഒരു കത്ത് അയക്കുന്നതും പോസ്റ്റ് വഴി വരുന്ന കത്തുകള്‍ എത്തിച്ചുതരുന്നതുമുള്‍പ്പെടെ സര്‍വകാര്യങ്ങളിലും ഈ ഉത്തരവാദിത്വരാഹിത്യം ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
വീണ്ടും കുറെ പ്രാവശ്യത്തെ സംസാരത്തിന് ശേഷം സെല്ലിന്റെ പൂട്ടുതുറന്നു ഒരു തടവുകാരനെ അകത്തേക്ക് കയറ്റിയിട്ട് സെല്ലിന്റെ ഗേറ്റ് പൂട്ടി. അകത്തു കയറിയ ആളെ കണ്ട് ഞാന്‍ കുറെനേരം നിശ്ശബ്ദനായി ഇരുന്നുപോയി. കുളിച്ചിട്ട് കുറേ ദിവസമായി എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി. ശിക്ഷിക്കപ്പെട്ട തടവുകാര്‍ ധരിക്കുന്ന ജയില്‍ യൂനിഫോം ആണ് ധരിച്ചിരിക്കുന്നത്. വെളുത്ത തുണിയാണെങ്കിലും അഴുക്കും കരിയുമൊക്കെ പുരണ്ടിരിക്കുന്നു. അയാള്‍ കൈയില്‍ താങ്ങികൊണ്ടുവന്ന് താഴെയിട്ട ബെഡ്ഷീറ്റും ചൗക്കാളവുമടങ്ങുന്ന കെട്ടില്‍ നിന്ന് വരുന്ന ദുര്‍ഗന്ധവും പിന്നെ ബീഡിയുടെ മണവും. ഒക്കെകൂടി ഞാന്‍ വല്ലാത്ത ഒരു പരുവത്തിലായി. ഇത്രയും നേരം ബഹളം ഉണ്ടാക്കിയ ശേഷം കൊണ്ട് തന്ന ഒരാളെ എങ്ങനെയാണ് ഇനി വേണ്ട എന്ന് പറയുക. അയാളും എന്നെ കണ്ട് ആകെ അന്തം വിട്ട് നില്‍ക്കുകയാണ്. നല്ല ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തികൊണ്ടുവന്നതാണെന്ന് കണ്ടാലറിയാം. ഉറക്കച്ചടവില്‍ വന്ന് നോക്കുമ്പോള്‍ അയാള്‍ കാണുന്നത് താടിയും തൊപ്പിയുമൊക്കെയായി ഒരു രൂപവും വീല്‍ചെയറും ഞാന്‍ ഊരി മൂലയില്‍ വെച്ചിരിക്കുന്ന കൃത്രിമക്കാലും ഒക്കെയാണ്. പേര് എന്താണെന്ന് ചോദിച്ചു നോക്കി. കട്ടി കന്നഡയില്‍ അല്ലാതെ ചിരിക്കാന്‍ പോലുമറിയാത്ത ഒരു മനുഷ്യന്‍. അവസാനം എങ്ങനെയൊക്കെയോ പേരുപറഞ്ഞു. ശേഖര്‍! അതാണയാളുടെ പേര്.
അടുത്ത ദിവസം നോമ്പ് നോല്‍ക്കണം. അന്ന് നോമ്പ് മുറിച്ചിട്ട് കുറച്ച് വെള്ളവും രണ്ടു ബിസ്‌കറ്റുമല്ലാതെ ഒന്നും കഴിച്ചിട്ടുമില്ല. കുറച്ച് ചായയോ മറ്റോ കിട്ടിയെങ്കില്‍ എന്ന് ശരിക്കും ആഗ്രഹിച്ചു. ഒരു വഴിയുമില്ല. ആരോടും പറയാനും കഴിയില്ല. സെല്ലിനുള്ളില്‍ സഹായി ആയി എത്തിച്ച ആളിനോ പുറത്തു നില്‍ക്കുന്ന കാക്കിധാരികള്‍ക്കോ കന്നഡയല്ലാതെ ഒരു ഭാഷയുമറിയില്ല. ജയില്‍ രീതികള്‍ അറിയാവുന്നതുകൊണ്ട് തന്നെ വൈകുന്നേരം ലോക്കപ്പ് ആയിക്കഴിഞ്ഞാല്‍ പിന്നെ യാതൊരു ഭക്ഷണവും കിട്ടാന്‍ സാധ്യതയില്ല എന്ന ബോധ്യവുമുണ്ട്.
നേരത്തെ വാങ്ങിയ ബിസ്‌ക്കറ്റ് കവര്‍ ബാഗില്‍ ഉണ്ടായിരുന്നു. മിനറല്‍ വാട്ടര്‍ കുപ്പിയും. ബാഗില്‍ നിന്ന് ബിസ്‌കറ്റ് കവര്‍ എടുത്ത് രണ്ട് ബിസ്‌കറ്റ് ശേഖറിന് കൊടുത്തു. ബാക്കി ബിസ്‌ക്കറ്റും വെള്ളവും അത്താഴം കഴിക്കുന്ന നിയ്യത്തില്‍ ഞാന്‍ കഴിച്ചു. മഗ്‌രിബും ഇശായും നേരത്തെ ജംഅ് ആക്കി നിസ്‌കരിച്ചിരുന്നുവെങ്കിലും തറാവീഹ് നിസ്‌കരിച്ചിരുന്നില്ല. ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ക്ഷീണം കൊണ്ട് കഴിഞ്ഞില്ല. പെട്ടിയില്‍ നിന്ന് ബെഡ്ഷീറ്റും മറ്റും എടുത്തു. ഒരു പഴകിദ്രവിച്ച ഇരുമ്പ് കട്ടില്‍ സെല്ലില്‍ ഉണ്ടായിരുന്നു. അതില്‍ ഷീറ്റും മറ്റും വിരിച്ചു.
പെട്ടിയെടുക്കാനും മറ്റും ശേഖര്‍ സഹായിച്ചു. കുറച്ച് സമയത്തിനുള്ളില്‍ ആംഗ്യഭാഷയിലും മറ്റും ശേഖറിന്റെ കുറച്ച് വിവരങ്ങള്‍ മനസ്സിലാക്കി. വധശ്രമ കേസില്‍ ആണ് ജയിലില്‍ വന്നത്. 7 വര്‍ഷം തടവും 3000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി കഴിഞ്ഞു. പക്ഷേ 3000 രൂപ പിഴ അടയ്ക്കാനില്ലാത്തതുകൊണ്ട് ജയിലില്‍ തന്നെ കഴിയുകയാണ്.
കാര്യം മനസ്സിലാക്കിയ ഞാന്‍ ശേഖറിനോട് ആംഗ്യഭാഷയില്‍ പറഞ്ഞു: പിഴ അടയ്ക്കാനുള്ള മുവായിരം രൂപ ഞാന്‍ തരാമെന്ന്. ഇതു കേട്ടതും ഒരു സെക്കന്റുകൊണ്ട് ശേഖറിന്റെ മുഖമാകെ മാറി. ആ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു. അയാള്‍ എന്റെ കാലില്‍ വീഴുമെന്നെനിക്ക് തോന്നി.
ഞാന്‍ ആംഗ്യഭാഷയില്‍ തന്നെ പറഞ്ഞു. നാളെ കുളിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം. റൂമില്‍ ഇരുന്ന് പുക വലിക്കരുത്. എല്ലാ കാര്യവും അയാള്‍ സമ്മതിച്ചു. ഉറങ്ങാന്‍ കിടന്നപ്പോഴാണ് ശ്രദ്ധിച്ചത്, കര്‍ണാനന്ദകരമായ ഒരു ഖുര്‍ആന്‍ പാരായണത്തിന്റെ ശബ്ദം കേള്‍ക്കുന്നു. വല്ലാത്ത അത്ഭുതം തോന്നി. അറസ്റ്റ് ചെയ്ത ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഖുര്‍ആന്‍ ഓതല്‍ കേള്‍ക്കുന്നത്. കുറേക്കൂടി ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി, അത് തറാവീഹ് നമസ്‌കാരമാണെന്ന്. പക്ഷേ ഈ അര്‍ധരാത്രിയില്‍ ബാംഗ്ലൂരിലെ ഏതെങ്കിലും പള്ളിയില്‍ നിന്നാകാന്‍ വഴിയില്ല.
എവിടെ നിന്നായിരിക്കും ഈ ഖുര്‍ആന്‍ പാരായണമെന്നോര്‍ത്ത് കിടന്ന ഞാന്‍ ആ വിശുദ്ധ ശബ്ദം കേട്ടുകൊണ്ട് ബാംഗ്ലൂര്‍ ജയിലിലെ ആദ്യരാത്രിയിലെ ഉറക്കത്തിലേക്ക് വഴുതിവീണു. അങ്ങനെ ഏതാനും ബിസ്‌കറ്റും കുറച്ച് വെള്ളവും ആദ്യ അത്താഴമാക്കി ജയിലിലെ ആദ്യനോമ്പിലേക്ക് ഞാന്‍ പ്രവേശിച്ചു.
അടുത്ത ദിവസങ്ങളിലാണ് ആ ഖുര്‍ആന്‍ പാരായണത്തിന്റെ ഉറവിടം മനസ്സിലായത്. അടുത്ത സെല്ലില്‍ കഴിയുന്നത് കുപ്രസിദ്ധ സാമ്പത്തിക കുറ്റവാളി അബ്ദുല്‍കരിം തെല്‍ഗിയാണ്. അദ്ദേഹത്തിന്റെ സെല്ലില്‍ ജയിലധികൃതര്‍ ടി.വി അനുവദിച്ചിട്ടുണ്ട്. ടി.വിയിലൂടെ സുഊദി ചാനലില്‍ വിശുദ്ധ ഹറമിലെ തറാവീഹ് നമസ്‌കാരം ടെലികാസ്റ്റ് ചെയ്യുന്നത് തെല്‍ഗി അര്‍ധരാത്രിയില്‍ ടി.വി ഓണ്‍ ആക്കിയപ്പോള്‍ കേട്ടതായിരുന്നു അത്.
പിറ്റേദിവസം പകല്‍ ഏതാനും മുസ്‌ലിം തടവുകാര്‍ എന്നെ വന്നുകണ്ടു. അത്യാവശ്യം തമിഴ് അറിയുന്നവരായിരുന്നു അവര്‍. റമദാനില്‍ നോമ്പുകാരായ മുസ്‌ലിം തടവുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്ന ചുമതലയുള്ള തടവുകാരാണവര്‍. നോമ്പ് പിടിക്കുന്ന തടവുകാരുടെ ലിസ്റ്റ് എടുത്ത് ഒരു മാസത്തെ അവരുടെ സ്ഥിരം ഭക്ഷണത്തിന് ജയിലില്‍ ആവശ്യമായി വരുന്ന അരിയും മറ്റു സാധനങ്ങളും ജയിലധികൃതരില്‍ നിന്ന് വാങ്ങിയും സാമ്പത്തിക ശേഷിയുള്ള മുസ്‌ലിം തടവുകാരില്‍ നിന്ന് സംഭാവനകള്‍ വാങ്ങിയുമൊക്കെ റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കുന്നതിനുള്ള പഴങ്ങള്‍, കഞ്ഞി, അത്താഴത്തിനുള്ള ചോറ്, കറി തുടങ്ങിയവ പാചകം ചെയ്തുകൊടുക്കുന്ന ചുമതല ഒരു കൂട്ടം മുസ്‌ലിം തടവുകാര്‍ ഏറ്റെടുക്കും. ജയിലിനുള്ളില്‍ തന്നെ നമസ്‌കരിക്കാന്‍ നല്‍കിയിരിക്കുന്ന ഒരു ഹാള്‍ ഉണ്ട്. 'ജയില്‍ മസ്ജിദ്' എന്നാണ് തടവുകാര്‍ അതിനെ വിളിക്കുക. ഈ ജയില്‍ മസ്ജിദില്‍ നമസ്‌കരിക്കാന്‍ വരാറുള്ള മുസ്‌ലിം തടവുകാരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു സംഘമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക (ഈ പള്ളിയിലേക്ക് വര്‍ഷത്തില്‍ രണ്ടു പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കല്ലാതെ മറ്റൊരിക്കലും പോകാന്‍ എന്നെ ജയിലധികൃതര്‍ അനുവദിച്ചിട്ടില്ല).
എന്നെ കാണാന്‍ വന്നവര്‍ പറഞ്ഞു, 'നോമ്പു തുറക്കാനുള്ള കഞ്ഞിയും മറ്റും കിച്ചണില്‍ നിന്ന് എത്തിച്ചു തരും' എന്ന്. ഞാന്‍ അവരോട് പറഞ്ഞു. 'എരിവും മസാലയുമൊക്കെ ചേര്‍ക്കുന്നതായതുകൊണ്ട് എനിക്ക് കഞ്ഞി കഴിക്കാന്‍ പറ്റില്ല. രണ്ട് ചപ്പാത്തി കിട്ടിയാല്‍ നന്നായിരുന്നു' എന്ന്. 'ഞങ്ങള്‍ നോമ്പു തുറക്കാന്‍ കഞ്ഞിയും ചട്‌നിയും മാത്രമാണ് ഉണ്ടാക്കുന്നത്. ചപ്പാത്തി ഉണ്ടാക്കാറില്ല. എങ്കിലും ചപ്പാത്തി കിട്ടുമോന്ന് നോക്കട്ടെ!' എന്ന് പറഞ്ഞു അവര്‍ പോയി.
പകല്‍ അഡ്വക്കറ്റ് അക്ബര്‍ അലിയും റജീബും കാണാന്‍ വന്നിരുന്നത് കൊണ്ട് പഴങ്ങളും മറ്റും അവര്‍ കൊണ്ടുവന്നിരുന്നു. വൈകുന്നേരമായപ്പോള്‍ കിച്ചണില്‍ നിന്ന് 'നോമ്പ് കമ്മിറ്റി'ക്കാര്‍ ഏതാനും ചപ്പാത്തിയും കുറച്ച് കറിയും കൊണ്ടു തന്നു. നോമ്പ് തുറന്ന് കുറച്ച് പഴങ്ങളും മറ്റും കഴിച്ചു.
തറാവീഹ് നമസ്‌കാരം കഴിഞ്ഞ് രാത്രി ഭക്ഷണവും അത്താഴവുമൊക്കെയായി കരുതിയിരുന്ന രണ്ട് ചപ്പാത്തിയും അവര്‍ കൊണ്ടു തന്ന കറിയും കഴിച്ചു. ആ കറി എന്തായിരുന്നുവെന്ന് എനിക്ക് മനസ്സിലായില്ല. അത്താഴത്തിന് അവരുണ്ടാക്കുന്ന ചോറു വേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം രാവിലെ മൂന്ന് നാല് മണി സമയത്ത് എന്തെങ്കിലും ഭക്ഷണം കഴിച്ചാല്‍ എനിക്ക് വയറിന് ബുദ്ധിമുട്ടാണ്. വീട്ടിലായിരുന്നപ്പോഴും ഒരു ഗ്ലാസ് ചായയാണ് കഴിക്കാറ്. ചായ ഇവിടെ കിട്ടാന്‍ വഴിയില്ലതാനും.
എന്തായാലും, നമസ്‌കാരം കഴിഞ്ഞ് കിച്ചണില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചുകിടന്ന ഞാന്‍ സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞ് വീണ്ടും കുറച്ചു കിടന്നു. ഉറക്കം ഉണര്‍ന്നതു മുതല്‍ എനിക്ക് അതിശക്തമായ ഛര്‍ദിയും വയറിളക്കവും ആരംഭിച്ചു. നിര്‍ത്താതെയുള്ള ഛര്‍ദി കണ്ട് മിഴിച്ചുനില്‍ക്കാന്‍ മാത്രമേ 'സഹായി'യായി ജയിലധികൃതര്‍ നല്‍കിയ ശേഖറിന് കഴിയുന്നുള്ളൂ. ഛര്‍ദിക്കുന്ന ശബ്ദം കേട്ട് വന്ന് നോക്കിയ വാര്‍ഡര്‍മാര്‍ ഒരക്ഷരം പറയാതെ അവരുടെ കസേരകളില്‍ പോയിരുന്നു.
ഛര്‍ദിച്ച് അവശനായെങ്കിലും നോമ്പ് ഞാന്‍ വിട്ടില്ല. വൈകുന്നേരം വരെ പിടിച്ചുനിന്നു. നോമ്പ് തുറന്ന ശേഷം എന്റെ കൈവശം തന്നെയുണ്ടായിരുന്ന ഗുളികകളും മറ്റും കഴിച്ചു. മെല്ലെ മെല്ലെ ഛര്‍ദിയും വയറിളക്കവും മാറികിട്ടി.
അങ്ങനെ പരപ്പന അഗ്രഹാര ജയിലിലെ രണ്ടാം ദിവസത്തെ നോമ്പ് ഒരിക്കലും മറക്കാനാവാത്ത നോമ്പായി. ഒന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ഒക്കെ ഒരുവിധം ശരിയായി തുടങ്ങി. ശേഖറിന് ഞാന്‍ വാഗ്ദാനം ചെയ്ത മുവായിരം രൂപ കൊടുത്തു (അത് കിട്ടിയപ്പോഴുള്ള അവന്റെ കണ്ണുനീര്‍ എനിക്ക് ഒരിക്കലും മറക്കാനാവില്ല). അവന്‍ അത് ഫൈന്‍ കെട്ടി പോകാന്‍ തയാറായി. പൈസ കൊടുത്ത ശേഷം ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ് അവനെ റൂമില്‍ നിന്നൊഴിവാക്കി. ഇബ്‌റാഹീം എന്ന മംഗലാപുരത്തുകാരനായ, കുറച്ചൊക്കെ മലയാളം അറിയുന്ന ഒരു തടവുകാരനെ അവര്‍ സഹായിയായി നല്‍കി. അങ്ങനെ ആ റമദാന്‍ അവസാനിച്ചു.
ഇബ്‌റാഹീമിന് ഒരു വാഹനാപകട കേസില്‍ രണ്ട് വര്‍ഷം തടവും 25000 രൂപ ഫൈനുമായിരുന്നു ശിക്ഷ. അയാളും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഫൈന്‍ അടയ്ക്കാത്തതിനാല്‍ ജയിലില്‍ തന്നെ കഴിയുകയായിരുന്നു. വൃദ്ധയായ മാതാവും ഭാര്യയും മൂന്ന് പിഞ്ചുമക്കളും മാത്രമുള്ള ഒരു പാവം മനുഷ്യനായിരുന്നു ഇബ്‌റാഹീം. ഫൈന്‍ അടയ്ക്കാന്‍ ഒരു വഴിയുമില്ലാതെ വിഷമിച്ചിരുന്ന അയാള്‍ക്കും ഫൈന്‍ അടയ്ക്കാനുള്ള പൈസ ഞാന്‍ സംഘടിപ്പിച്ച് കൊടുത്തു. അങ്ങനെ ആ റമദാന്‍ കഴിഞ്ഞ് അയാളും ജയില്‍ മോചിതനായി. ശേഷം നവാസ് എന്ന സഹായിയായിരുന്നു അടുത്ത റമദാനില്‍ കൂടെയുണ്ടായിരുന്നത്. പിന്നീട് മൂന്നാമത്തെ റമദാനില്‍ ഞാന്‍ കുടുക്കപ്പെട്ടിരിക്കുന്ന കേസില്‍ തന്നെ കുടുക്കപ്പെട്ടിട്ടുള്ള നിരപരാധികളായ രണ്ട് സഹോദരന്മാര്‍ -കണ്ണൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന- ഷറഫുദ്ദീനും മനാഫുമാണുണ്ടായിരുന്നത്. ഇപ്പോഴും അവരാണ് സഹായികളായി കൂടെയുള്ളത്. ആദ്യ റമദാനിലെ, ശേഖര്‍ കൂടെയുണ്ടായിരുന്ന രണ്ടു മൂന്നു ദിവസങ്ങളിലൊഴികെ പിന്നെയുള്ള എല്ലാ അനുഗൃഹീത ദിവസങ്ങളിലും തറാവീഹ് നമസ്‌കാരവും മറ്റു നമസ്‌കാരങ്ങളും ജമാഅത്തായി സെല്ലിനുള്ളില്‍ തന്നെ നമസ്‌കരിക്കാനും ലളിതമായിട്ടാണെങ്കിലും ഒന്നിച്ച് നോമ്പു തുറക്കാനുമൊക്കെ കഴിയുന്നു. അല്‍ഹംദുലില്ലാഹ്! സ്തുതികളഖിലവും എന്റെ നാഥനു മാത്രം!!
(അജ്‌വ പബ്ലിക്കേഷന്‍ (കൊച്ചി, കലൂര്‍) പ്രസിദ്ധീകരിക്കുന്ന 'തടവറയില്‍നിന്നൊരു റമദാന്‍ സന്ദേശം'
എന്ന പുസ്തകത്തില്‍നിന്ന്)
Comments