Prabodhanm Weekly

Pages

Search

2013 ജൂലായ് 19

ആത്മശോധനയുടെ നാളുകള്‍

വിശ്വാസിയുടെ ജീവിത സംശോധനയാണ് വ്രതാനുഷ്ഠാനത്തിന്റെ മുഖ്യലക്ഷ്യമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു (2:183). ജീവിതത്തെ സ്വയം വിചാരണ ചെയ്യാനും നേട്ടകോട്ടങ്ങള്‍ വിലയിരുത്താനുമുള്ള അവസരം. നന്മകള്‍ വളര്‍ത്തുന്നതിനും തിന്മകള്‍ ദൂരീകരിക്കുന്നതിനും മാര്‍ഗങ്ങളാരായാനുള്ള അവസരം. അതാണ് ആത്മപരിശോധനയും സംസ്‌കരണവും. അതുവഴിയാണ് റമദാനില്‍ ചെകുത്താന്മാര്‍ തടവിലാകുന്നതും നരക കവാടങ്ങളടഞ്ഞു പോകുന്നതും സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുന്നതും. അല്ലാഹുവിന്റെ മാപ്പിന്റെയും ദയാദാക്ഷിണ്യത്തിന്റെയും കനിവിന്റെയും കുളിര്‍കാറ്റ് അവന്റെ ദാസന്മാരെ ഉദാരമായി തഴുകുന്നതും അതുകൊണ്ടുതന്നെ.
വൈയക്തികമായും സാമാജികമായും നിരന്തരം നടന്നുവരുന്ന പ്രക്രിയയാണ് സ്വയം വിചാരണ. ഏതു സംഘടനയുടെയും അംഗങ്ങള്‍ നിശ്ചിത കാലാവധികളില്‍ സഭ കൂടി അതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് കേള്‍ക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. സംഘടന പ്രയാണം ചെയ്യുന്നത് നിര്‍ദ്ദിഷ്ട ലക്ഷ്യത്തിലേക്കു തന്നെയാണോ, എത്രത്തോളം മുന്നേറിയിട്ടുണ്ട്, നേട്ടങ്ങളെന്തെല്ലാം, നഷ്ടങ്ങളെന്തെല്ലാം എന്നൊക്കെ കണ്ടെത്തുന്നതും വീഴ്ചകള്‍ പരിഹരിച്ച് കൂടുതല്‍ ഊര്‍ജസ്വലമായി മുന്നേറാനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കുന്നതും അപ്പോഴാണ്. ഈ നടപടിക്രമമില്ലാതെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥാപിതമായി നിലനില്‍ക്കാനോ സുഗമമായി പ്രവര്‍ത്തിക്കാനോ കഴിയില്ല. ഇതിനെക്കാള്‍ പ്രാധാന്യമുള്ളതും ഗൗരവമേറിയതുമാണ് വ്യക്തി സ്വന്തം ജീവിതത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കുക എന്നത്. ഇന്ന് ശരിയായി നിലനില്‍ക്കാനും നാളെയെ അഭിമുഖീകരിക്കാന്‍ തയാറെടുക്കാനും തന്റെ ഇന്നലെയെ വിലയിരുത്താതെ ആര്‍ക്കുമാവില്ല. സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അത് ദൈവകല്‍പ്പിതമായ ബാധ്യത കൂടിയാകുന്നു. അല്ലാഹു പറയുന്നു: ''അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിനോടു ഭക്തിയുള്ളവരായിരിക്കുവീന്‍. നാളേക്കുവേണ്ടി ചെയ്തുവെച്ചിട്ടുള്ളതെന്താണെന്ന് ഓരോ വ്യക്തിയും നിരീക്ഷിച്ചുകൊണ്ടിരിക്കേണം'' (59:18). ഈ വാക്യം ആത്മശോധന കല്‍പ്പിച്ചതോടൊപ്പം അതിനുള്ള മാനദണ്ഡവും നിര്‍ദേശിച്ചിരിക്കുന്നു. അതാണ് 'തഖ്‌വ' അഥവാ അല്ലാഹുവിനോടുള്ള ഭക്തിയും വിധേയത്വവും. കര്‍മങ്ങള്‍ ദൈവപ്രീതിയുടെ പരിധിയിലായിരിക്കുമ്പോഴാണ് ജീവിതം സംശുദ്ധവും വികസ്വരവുമാകുന്നത്. ഈയടിസ്ഥാനത്തില്‍ ജീവിതത്തെ സ്വയം വിലയിരുത്താന്‍ അല്ലാഹു പ്രത്യേകം നിശ്ചയിച്ചു തന്ന കാലമാണ് റമദാന്‍. ഇവിടെ പറഞ്ഞ 'നാളെ' ഇന്നിനുശേഷമുള്ള കാലം മാത്രമല്ല ഈ ജീവിതത്തിനു ശേഷമുള്ള കാലാതീതമായ ജീവിതവും കൂടിയാകുന്നു. അതാണ് നേടാന്‍ കൂടുതല്‍ മൂലധനവും മുന്‍കരുതലുകളും ആവശ്യപ്പെടുന്ന നാളെ.
അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) ഉദ്‌ബോധിപ്പിച്ചു: ''ഈ ലോകത്ത് സ്വയം വിചാരണ ചെയ്യുന്നവന്ന് അന്ത്യനാളില്‍ വിചാരണ ലഘൂകരിക്കപ്പെടും.'' നിരന്തരം സ്വയം വിചാരണ ചെയ്യുന്നവരെ ആ വിചാരണ തന്നെ പല പാപവൃത്തികളില്‍നിന്നും അകറ്റുന്നു. പാപഭാരത്തിന്റെ കുറവുകൊണ്ട് അന്ത്യവിചാരണ അനായാസകരമാകുന്നു. അവരാണ് 'വലതു കരത്തില്‍ കര്‍മപുസ്തകം ലഭിക്കുന്നവര്‍.' ''വലതു കരത്തില്‍ കര്‍മപുസ്തകം ലഭിക്കുന്നവര്‍ ലഘുവായി മാത്രം വിചാരണ ചെയ്യപ്പെടുന്നു'' (84:7-8). പ്രവാചക ശിഷ്യന്മാര്‍ പരസ്പരം ഉപദേശിക്കാറുണ്ടായിരുന്നു: ''അല്ലാഹു വിചാരണ ചെയ്യുംമുമ്പ് നിങ്ങള്‍ സ്വയം വിചാരണ ചെയ്യുക. കര്‍മങ്ങള്‍ വിചാരണാസഭയിലെ ത്രാസില്‍ തൂക്കും മുമ്പ് സ്വയം തൂക്കി നോക്കുക.'' ഇമാം ഹസനുല്‍ ബന്ന ഉപദേശിച്ചു. ''സത്യവിശ്വാസി ആത്മാവിനെയും ശരീരത്തെയും നിശിതമായി ശോധന ചെയ്തുകൊണ്ടിരിക്കണം. ക്ലിഷ്ട കര്‍മങ്ങളിലൂടെ സഹനശക്തിയും ത്യാഗബോധവും മാറ്റുരക്കുകയും വേണം. എങ്കിലേ ക്ഷുദ്രമായ അഭിനിവേശങ്ങളില്‍നിന്നും അമിതമായ ആസക്തികളില്‍നിന്നും മുക്തനാകൂ.'' ഈവിധം സംസ്‌കരിക്കപ്പെടുന്നവരുടെ പാരത്രിക ജീവിതം മാത്രമല്ല, ഈ ലോകത്തെ ഭാവിജീവിതവും ശോഭനമാകുന്നു. അവരുടെ വ്യക്തിത്വം ഉജ്വലമായിക്കൊണ്ടേയിരിക്കും. ഒട്ടേറെ വീഴ്ചകളില്‍നിന്ന് സ്വയം രക്ഷപ്പെടുന്നു. അവര്‍ സാധാരണക്കാരുടെ സ്‌നേഹാദരവുകള്‍ക്കു പാത്രമാകുന്നു. വിമര്‍ശകരും പരദൂഷകരും അവരില്‍ നിരാശരാകുന്നു. സാമാന്യ ജനങ്ങളുടെ മാതൃകകളും മാര്‍ഗദര്‍ശകരുമാവുക വഴി അവരുടെ മഹത്വവും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കും. അങ്ങനെ ആത്മശോധകര്‍ ഐഹിക ജീവിതത്തിലും സംതൃപ്തരും സമാധാനചിത്തരുമാകുന്നു.
സ്വയം വിചാരണ ചെയ്യാന്‍ മാധ്യസ്ഥനോ ന്യായാധിപനോ ആവശ്യമില്ല. ആരുടെയും ശിപാര്‍ശയും വേണ്ട. മഹാപാണ്ഡിത്യമോ പ്രതിഭയോ സാങ്കേതികോപാധികളോ ഒന്നും അതിനാവശ്യമില്ല. അവിടെ വാദിയും പ്രതിയും കോടതിയും വക്കീലുമെല്ലാം സ്വന്തം മനഃസാക്ഷിയാണ്. സ്വന്തം ജീവിതത്തിന്റെ ദുഷ്ടുകള്‍ കണ്ടെത്താനും കഴുകിക്കളയാനുമുള്ള ആത്മാര്‍ഥവും നിഷകളങ്കവുമായ അഭിവാഞ്ച ഒന്നു മാത്രമാണിതിനാവശ്യമുള്ളത്. മാര്‍ഗദര്‍ശനവും മാതൃകയും തീര്‍ച്ചയായും വേണം. അതിന് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമുണ്ട്. അതു നേരിട്ടറിയാന്‍ കഴിയാത്തവരെ സഹായിക്കാന്‍ അറിവുള്ളവരും വേണ്ടുവോളമുണ്ട്. ആത്മശോധനക്കുള്ള ആത്മാര്‍ഥവും നിഷ്‌കളങ്കവുമായ ഇഛാശക്തി അടിവരയിട്ടറിയേണ്ടതാണ്. സ്വന്തം താല്‍പര്യത്താലല്ലാതെ ബാഹ്യപ്രേരണയാല്‍ അനുവര്‍ത്തിച്ചുപോയ തിന്മകള്‍ ദൂരീകരിക്കുക താരതമ്യേന എളുപ്പമാണ്. സ്വയം സ്വീകരിക്കുകയും വ്യക്തിത്വത്തിന്റെ ഭാഗമാക്കുകയും ചെയ്ത തിന്മയെ തിന്മയായി കാണാനും ദൂരീകരിക്കാനും, നിഷ്‌കളങ്കവും നിരങ്കുശവുമായ ഇഛാശക്തി കൂടിയേ തീരൂ. ഇല്ലെങ്കില്‍ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന ദൗര്‍ബല്യങ്ങളിലും ദുശ്ശീലങ്ങളിലും തൊടാന്‍ മാത്രമല്ല അവ കഴുകിക്കളയേണ്ട മാലിന്യങ്ങളായി കാണാന്‍ പോലും കഴിയില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 92-98
എ.വൈ.ആര്‍