Prabodhanm Weekly

Pages

Search

2013 ജൂലായ് 19

തുടക്കമിട്ടത് ഇസ്‌ലാം / അന്താരാഷ്ട്ര നിയമത്തിന്റെ ചരിത്രം-2

ഡോ. മുഹമ്മദ് ഹമീദുല്ല

അന്താരാഷ്ട്ര നിയമമെന്നാല്‍ ചില പ്രത്യേക രാജ്യങ്ങള്‍ക്ക് മാത്രമായിട്ടല്ലാതെ, ലോകത്തെ എല്ലാ രാഷ്ട്രങ്ങള്‍ക്കും തുല്യമായ നിലയില്‍ ബാധകമായ നിയമമാണെങ്കില്‍ അതിന്റെ ആവിര്‍ഭാവം മുഹമ്മദ് നബിയുടെ ആഗമനത്തോടെയാണെന്ന് പറയേണ്ടിവരും. ഇസ്‌ലാമാണ് അന്താരാഷ്ട്ര നിയമത്തിന് ആദ്യമായി ഒരു ചട്ടക്കൂട് ഉണ്ടാക്കിയത്. അന്താരാഷ്ട്ര നിയമത്തിന്റെ പ്രഥമ നിയമാനുസൃത അവകാശികളാണ് ഒരു പക്ഷേ മുസ്‌ലിം സമൂഹം. 'അന്താരാഷ്ട്രം,' 'നിയമം' എന്നീ പദങ്ങളുടെ ചൈതന്യത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു അവരുടെ വ്യവഹാരങ്ങള്‍.
മക്കാ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ നില സ്റ്റേറ്റിനകത്തെ സ്റ്റേറ്റ് എന്നതായിരുന്നു. അതായത് മുസ്‌ലിംകള്‍ ജീവിച്ചിരുന്നത് മക്ക എന്ന നഗര രാഷ്ട്രത്തിന്റെ അകത്ത്. പക്ഷേ അവര്‍ ആ നഗര രാഷ്ട്രത്തിന്റെ പൗരാണിക നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായിരുന്നില്ല. നഗര രാഷ്ട്രതലവന് വിധേയപ്പെടാമെന്ന കരാറിലും അവര്‍ ഏര്‍പ്പെട്ടിരുന്നില്ല. തങ്ങളുടെ നേതാവായ പ്രവാചകനെ മാത്രമാണ് മുസ്‌ലിംകള്‍ അനുസരിച്ചിരുന്നത്. മാര്‍ഗദര്‍ശനം തേടിയിരുന്നതും അദ്ദേഹത്തില്‍നിന്ന് തന്നെ. മുസ്‌ലിംകള്‍ക്ക് അവരുടേതായ നിയമങ്ങളും ഭരണനിര്‍വഹണ സംവിധാനങ്ങളും ഉണ്ടായിരുന്നു.
മദീനയിലേക്ക് പലായനം ചെയ്തശേഷം മുസ്‌ലിംകള്‍ അവിടെ ഒരു രാഷ്ട്രം സ്ഥാപിക്കുകയും അതിനൊരു ഭരണഘടന ഉണ്ടാക്കുകയും ചെയ്തു. പഴയ രാഷ്ട്രങ്ങള്‍ എങ്ങനെ സ്ഥാപിതമായി എന്ന് നമുക്കറിയില്ല; പക്ഷേ മദീനാ രാഷ്ട്രം എങ്ങനെ സ്ഥാപിതമായി എന്ന് കൃത്യമായി അറിയാം. മദീനയിലെത്തിയ പ്രവാചകന്‍ കണ്ടത് ഏകദേശം 120 വര്‍ഷമായി പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ഗോത്രങ്ങളെയാണ്. അവിടെ ഒരു കേന്ദ്രഭരണമോ ഗവണ്‍മെന്റോ വ്യവസ്ഥാപിത സംവിധാനങ്ങളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. നീതി സ്ഥാപിക്കാനും പ്രതിരോധം ഉറപ്പ്‌വരുത്താനും മദീനക്കാര്‍ സംഘടിക്കണമെന്നും അതിന് വേണ്ടി ഒരു നേതാവിനെ തെരഞ്ഞെടുക്കണമെന്നും പ്രവാചകന്‍ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചു. ഗോത്രങ്ങള്‍ക്ക് നിര്‍ദേശം സ്വീകാര്യമായി. ഈ കൂട്ടായ്മയുടെ നേതാവായി തെരഞ്ഞെടുത്തത് പ്രവാചകനെ. ഇവിടെ ഒരു ചോദ്യമുയരുന്നു. മുസ്‌ലിംകള്‍ മദീനയില്‍ ന്യൂനപക്ഷമായിരുന്നിട്ട് കൂടി എന്തുകൊണ്ടാണ് പ്രവാചകന്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്?
രണ്ട് വിഭാഗം മുസ്‌ലിംകളുണ്ടായിരുന്നു മദീനയില്‍. മക്കയില്‍ നിന്ന് പലായനം ചെയ്തുവന്നവരും മദീനയിലെ തദ്ദേശവാസികളും. ഈ രണ്ട് വിഭാഗത്തെ ചേര്‍ത്ത് നിര്‍ത്തിയാലും ബാക്കിവരുന്ന മുസ്‌ലിംകളല്ലാത്ത നഗരവാസികള്‍ക്കായിരുന്നു ഭൂരിപക്ഷം. നല്ലൊരു വിഭാഗം ജൂതന്മാരുമുണ്ടായിരുന്നു. വളരെക്കുറഞ്ഞ അളവില്‍ ക്രിസ്ത്യാനികളും. ഈ വൈവിധ്യവും വ്യത്യാസങ്ങളും ഉള്ളതോടൊപ്പം തന്നെ അവര്‍ പ്രവാചകനെ നേതാവായി തെരഞ്ഞെടുക്കുകയാണുണ്ടായത്. ഗോത്രങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നവരായിരുന്നു എന്നതാണ് ഇതിനൊരു കാരണം. എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെ ഏതെങ്കിലുമൊരു ഗോത്രത്തില്‍നിന്ന് തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് ഗോത്രപ്പോരില്‍ പങ്കാളിയല്ലാത്ത നിഷ്പക്ഷനായ ഒരാളെ അവര്‍ തെരഞ്ഞെടുത്തു. അങ്ങനെയാണ് പ്രവാചകന്‍ മദീനയുടെ നേതാവാകുന്നത്. ഭരണാധികാരിയുടെയും ഭരണീയരുടെയും അവകാശങ്ങള്‍ വിശദമായി രേഖപ്പെടുത്തുകയാണ് പ്രവാചകന്‍ ആദ്യം ചെയ്തത്. അതിനെ നിയമപ്രാബല്യമുള്ള ഒരു രേഖയാക്കി മാറ്റുകയും ചെയ്തു. ഈ രേഖയാണ് മദീനയുടെ ഭരണഘടന എന്ന പേരില്‍ വിശ്രുതമായത്.
ആ രേഖ നമുക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ആഭ്യന്തര ഭരണനിര്‍വഹണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. മതസ്വാതന്ത്ര്യം അവകാശമാണെന്ന് പ്രഖ്യാപിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് വിശദീകരിക്കുന്നതോടൊപ്പം, യുദ്ധത്തിലും സമാധാനത്തിലും അനുവര്‍ത്തിക്കേണ്ട നിയമങ്ങളും കടന്നുവരുന്നു.
മദീനാ രാഷ്ട്രം സ്ഥാപിതമായ ഉടനെത്തന്നെ മുസ്‌ലിംകള്‍ക്ക് ഒരു യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഹി. രണ്ടാം വര്‍ഷം മദീന നഗര രാഷ്ട്രത്തെ മക്കാ നഗര രാഷ്ട്രം കടന്നാക്രമിക്കുന്നു. അന്താരാഷ്ട്ര നിയമം സാധാരണഗതിയില്‍ രണ്ട് കാര്യങ്ങളെക്കുറിച്ചാണ് പറയുക, യുദ്ധത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും. രാഷ്ട്രം സ്ഥാപിതമായതിന് ശേഷം ഏതാനും മാസങ്ങളേ പ്രവാചകന് സമാധാനാന്തരീക്ഷം ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതും നിരവധി തീരുമാനങ്ങള്‍ എടുക്കേണ്ടതുമുണ്ടായിരുന്നു. നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടതായും വന്നു. ഉദാഹരണത്തിന്, യുദ്ധപ്രഖ്യാപനം നടത്താമോ എന്ന ചോദ്യം. യുദ്ധം കഴിഞ്ഞപ്പോള്‍ ഒട്ടു വളരെ കാര്യങ്ങള്‍ പിന്നെയും തീരുമാനിക്കേണ്ടതായി വന്നു. തടവുകാരായി പിടിച്ചവരെ കൊല്ലുകയാണോ വേണ്ടത്? കൊല്ലുകയാണെങ്കില്‍ ആയുധപ്രയോഗത്തിന് കഴിവുള്ളവരെ മാത്രം അതിന് വിധേയമാക്കിയാല്‍ മതിയോ? അതോ ആയുധപ്രയോഗത്തിന് കഴിവില്ലാത്ത പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ? പിടിക്കപ്പെടുന്ന അടിമയെ വധിക്കാന്‍ പാടുണ്ടോ? യുദ്ധത്തടവുകാരോട് എങ്ങനെയാണ് പെരുമാറേണ്ടത്? അവരെ വധിക്കുകയാണോ, അതോ മോചനദ്രവ്യം വാങ്ങിയോ വാങ്ങാതെയോ വിട്ടയക്കുകയാണോ വേണ്ടത്? തടവുകാരെ പരസ്പരം കൈമാറാമോ? കൈമാറാമെങ്കില്‍, എങ്ങനെ?
ഇങ്ങനെ യുദ്ധവുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടതുണ്ട്. ഈ വിഷയങ്ങളില്‍ പ്രവാചകന്റെ ചെയ്തികളും പ്രഖ്യാപനങ്ങളും നിയമത്തിന്റെ വഴികാട്ടിയായി നിലകൊള്ളുന്നു. അങ്ങനെയാണ് ഇസ്‌ലാമിലെ അന്താരാഷ്ട്ര നിയമം എന്ന ശാഖ ഉദയം കൊള്ളുന്നത്. ഈ നിയമത്തില്‍ മുസ്‌ലിംകളെന്നോ മുസ്‌ലിംകളല്ലാത്ത അപരര്‍ എന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ല. എല്ലാവരെയും ഒരേ നിയമം വെച്ചാണ് കൈകാര്യം ചെയ്യുക, നിയമത്തിന് മുമ്പില്‍ വരുന്നവര്‍ മുസ്‌ലിമോ ജൂതനോ ബിംബാരാധകനോ പ്രത്യേകിച്ചൊരു മതവും ഇല്ലാത്തവനോ ആരാകട്ടെ. ഒരു യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നിരിക്കട്ടെ, അപ്പോള്‍ ഈ നിയമം എല്ലാ രാഷ്ട്രങ്ങള്‍ക്കും ബാധകമായിരിക്കും. ഓരോ രാഷ്ട്രത്തിന്റെയും മതവിശ്വാസമോ ആചാര രീതികളോ ഒന്നും അവിടെ പരിഗണിക്കപ്പെടുകയില്ല.
പ്രവാചകന്റെ പത്ത് വര്‍ഷത്തെ മദീനാ ജീവിത കാലത്താണ് ഇസ്‌ലാമിന്റെ അന്താരാഷ്ട്ര നിയമം രൂപംകൊള്ളുന്നത്. പ്രവാചകന്റെ മക്കാജീവിതകാലം തത്തുല്യമായ അളവില്‍ ഈ വിഷയത്തില്‍ പരിഗണിക്കപ്പെടാറില്ല. കാരണം രാഷ്ട്രത്തിനകത്തെ രാഷ്ട്രം എന്ന നിലയിലായിരുന്നല്ലോ മുസ്‌ലിംകള്‍ മക്കയില്‍ ജീവിച്ചിരുന്നത്. മക്കാ ജീവിത കാലത്ത് മുസ്‌ലിംകള്‍ വധിക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും അവര്‍ ആരോടും യുദ്ധം ചെയ്തിരുന്നില്ല.
മുസ്‌ലിം പണ്ഡിതന്മാര്‍ നിയമ വിശകലന(ഫിഖ്ഹ്) ഗ്രന്ഥങ്ങള്‍ എഴുതിത്തുടങ്ങിയപ്പോള്‍ അവരുടെ കാഴ്ചപ്പാട് പാശ്ചാത്യ ഗ്രന്ഥകാരന്മാരുടെതിനേക്കാള്‍ എത്രയോ വിപുലമായിരുന്നു എന്നും നാം മനസ്സിലാക്കണം. നിങ്ങള്‍ ഏതൊരു പാശ്ചാത്യ നിയമ പുസ്തകവും മറിച്ച് നോക്കൂ. അതില്‍ ആരാധനയെക്കുറിച്ചോ പ്രാര്‍ഥനയെക്കുറിച്ചോ നിങ്ങള്‍ക്കൊന്നും കാണാന്‍ കഴിയില്ല. മുസ്‌ലിംകള്‍ നിയമത്തെക്കുറിച്ച് എഴുതിയപ്പോള്‍ അതിനെ സമഗ്രമായി അവതരിപ്പിക്കുകയാണ് ചെയ്തത്. മനുഷ്യന്റെ ഭൗതിക ജീവിതം മാത്രമല്ല, ആത്മീയ ജീവിതവും ആ വിഭാവനയില്‍ ഉള്‍പ്പെട്ടു. അതിനാല്‍ മുസ്‌ലിം നിയമജ്ഞരുടെ ഏത് ഗ്രന്ഥങ്ങളിലും ആരാധന, സിവില്‍-സൈനിക വ്യവഹാരങ്ങള്‍, അനന്തരാവകാശ നിയമങ്ങള്‍ തുടങ്ങിയവയോടൊപ്പമാണ് അന്താരാഷ്ട്ര നിയമങ്ങള്‍ കടന്നുവരുന്നത്. ഈ ശാഖക്ക് 'സിയര്‍' എന്നാണ് അവര്‍ നല്‍കിയ പേര്. ഭാഷാപരമായി അതിന്റെ അര്‍ഥം 'ജീവചരിത്രങ്ങള്‍' എന്നാണെങ്കിലും, അന്താരാഷ്ട്ര നിയമത്തെക്കുറിച്ചാണ് അതില്‍ പ്രതിപാദനം.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 92-98
എ.വൈ.ആര്‍