Prabodhanm Weekly

Pages

Search

2013 ജൂലായ് 19

നിത്യരോഗികളുടെ നോമ്പ്‌

ഇല്‍യാസ് മൗലവി / പ്രശ്‌നവും വീക്ഷണവും

ഞാനൊരു പ്രമേഹ രോഗിയാണ്. പതിവായി ഭക്ഷണത്തിന് മുമ്പ് ഇന്‍സുലിന്‍ എടുത്തുകൊണ്ടിരിക്കുന്നു. ഇടക്കിടെ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കണം. ഇല്ലെങ്കില്‍ കഠിന വിശപ്പും വിറയലും മറ്റും ഉണ്ടാവും. നോമ്പുപേക്ഷിക്കാന്‍ എനിക്കൊട്ടും ആഗ്രഹമില്ല. വീട്ടുകാരാകട്ടെ നോമ്പൊഴിവാക്കാന്‍ നിര്‍ബന്ധിക്കുന്നു. നോമ്പുപേക്ഷിക്കുന്ന പക്ഷം മറ്റൊരു വേളയില്‍ നോറ്റു വീട്ടണമെന്നാണല്ലോ അല്ലാഹു പറഞ്ഞിട്ടുള്ളത്. പക്ഷേ എന്റെ രോഗം അതിന് അവസരം തരുന്നില്ല. ഞാനെന്തു ചെയ്യണം?

അല്ലാഹു കാരുണ്യവാനാണ്. തന്റെ കാരുണ്യ സ്പര്‍ശമുള്ള ചുമതലകളേ തന്റെ ദാസന്മാരെ അവന്‍ ഏല്‍പ്പിച്ചിട്ടുള്ളൂ. അല്‍പം റിസ്‌ക് എടുത്ത് ചെയ്യേണ്ട ചില അനുഷ്ഠാനങ്ങളുണ്ട്. അത് പോലും എല്ലാവര്‍ക്കും ബാധകമാക്കാതെ ഓരോരുത്തരുടെയും പ്രയാസങ്ങളും പരിമിതികളും പരിഗണിച്ചുകൊണ്ടാണ് നിശ്ചയിച്ചിട്ടുള്ളത്. അത്തരം ബാധ്യതകള്‍ നിയമമാക്കുമ്പോള്‍ തന്നെ അക്കാര്യം ദയാപരനായ നാഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. നോമ്പിനെപ്പറ്റി പറഞ്ഞപ്പോള്‍ രോഗി, യാത്രക്കാരന്‍ തുടങ്ങിയവരെ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നു. ഹജ്ജിനെ പറ്റി പറഞ്ഞപ്പോള്‍ 'സാധ്യമാകുന്നവര്‍' എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്‍ തിരുമേനിയുടെ വാക്കുകളിലും പ്രവൃത്തികളിലും ഇക്കാര്യം നന്നായി വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ന്യായമായ പ്രതിബന്ധങ്ങളുള്ളവര്‍, അവയില്ലാത്തവര്‍ ചെയ്യുന്നത് പോലെ ചെയ്യാന്‍ കഴിയാത്തതില്‍ ബേജാറാവേണ്ട കാര്യമില്ല. ഈമാനുള്ള ഒരു വിശ്വാസിക്ക് ഒരുവേള സങ്കടം തോന്നിയേക്കാം. ഈമാനിന്റെ ലക്ഷണമെന്ന നിലക്ക് അതുണ്ടാവുകയും വേണം. എന്നാല്‍, അതിന്റെ പേരില്‍ താന്‍ കുറ്റക്കാരനാവുമെന്നോ ദൈവത്തിന്റെ പ്രതിഫലം തനിക്ക് നഷ്ടപ്പെടുമെന്നോ ഭയപ്പെടേണ്ടതില്ല. തങ്ങളുടെ കഴിവിനപ്പുറമുള്ള കാരണങ്ങളാല്‍ പൂര്‍ണരൂപത്തില്‍ കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തങ്ങളുടെ നിയ്യത്തും ഇഖ്‌ലാസ്വും (ഉദ്ദേശ്യശുദ്ധിയും ആത്മാര്‍ഥതയും) പരിഗണിച്ച് അല്ലാഹു പൂര്‍ണ പ്രതിഫലം രേഖപ്പെടുത്തുമെന്ന് നബി(സ) പറഞ്ഞിരിക്കുന്നു: ''ഒരടിമ രോഗിയാവുകയോ യാത്രയിലേര്‍പ്പെടുകയോ ചെയ്താല്‍ അല്ലാഹു മലക്കുകളോട് പറയും: ആരോഗ്യവാനായി, നാട്ടില്‍ തന്നെയുള്ള വേളയില്‍ അദ്ദേഹം ചെയ്യുന്നതിന് തുല്യമായ കര്‍മങ്ങള്‍ തന്നെ നിങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ രേഖപ്പെടുത്തുക'' (ബുഖാരി, അഹ്മദ്).
ഇനി രോഗത്തിന്റെ കാര്യം. രോഗം രണ്ട് വിധമുണ്ട്. 1) നോമ്പനുഷ്ഠിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ടോ ഉപേക്ഷിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ഇല്ലാത്ത രോഗങ്ങള്‍. ജലദോഷം, ചെറിയ പനി തുടങ്ങിയവ ഉദാഹരണം. ഇത്തരക്കാര്‍ക്ക് നോമ്പുപേക്ഷിക്കാന്‍ അനുവാദമില്ല.
2) കഠിനമായ രോഗങ്ങള്‍. ഇത് രണ്ട് വിധമുണ്ട്. ഒന്ന്, ശമനം പ്രതീക്ഷിക്കുന്നവ. തല്‍ക്കാലം പ്രയാസമുണ്ടെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി വീണ്ടെടുക്കുമെന്ന് ഏതാണ്ടുറപ്പുള്ളവ. ഇത്തരം രോഗികള്‍ക്ക് നോമ്പ് റമദാനില്‍ തന്നെ അനുഷ്ഠിക്കണമെന്നില്ല. ആരോഗ്യം വീണ്ടെടുത്ത ശേഷം മറ്റൊരു സന്ദര്‍ഭത്തില്‍ നോറ്റുവീട്ടിയാല്‍ മതി. നോമ്പെടുക്കുന്നത് വഴി രോഗം മൂര്‍ഛിക്കുകയും ശമനം വൈകുകയും രോഗം കൂടുമെന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ കര്‍ശനമായി പറയുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണെന്ന് വരെ ചില ഇമാമുമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
രണ്ട്, നിത്യരോഗികള്‍. മാറാവ്യാധികള്‍ ബാധിച്ച് മുടങ്ങാതെ ചികിത്സ തേടുകയും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍. ഇത്തരക്കാര്‍ക്ക് അനുകൂലമായ മറ്റൊരു അവസരം ഇനി ഉണ്ടാവാനിടയില്ല. മരുന്നും ചികിത്സയും ഒഴിവായ ഒരു സന്ദര്‍ഭം അവര്‍ക്കുണ്ടാവില്ല എന്നതുതന്നെ കാരണം. ഈ അവസ്ഥയില്‍ കഴിയുന്ന ചിലരെങ്കിലും, ചികിത്സകരുടെ ഉപദേശ നിര്‍ദേശങ്ങള്‍ തൃണവത്ഗണിച്ച് സാഹസികമായി നോമ്പനുഷ്ഠിക്കുകയും പലപ്പോഴും എടുത്ത് പറയത്തക്ക പ്രത്യാഘാതമില്ലാതെ ഒന്നിലേറെ റമദാനുകള്‍ പിന്നിട്ടതായി അവകാശപ്പെടുകയും ചെയ്യുന്നത് അറിയാം. ഡോക്ടര്‍മാര്‍ എത്ര തന്നെ വിലക്കിയാലും, എന്തെല്ലാം താക്കീതുകള്‍ നല്‍കിയാലും അവരതൊന്നും മുഖവിലക്കെടുക്കാറില്ല. ഇഛാശക്തിയും ഈമാനും അത്തരക്കാര്‍ക്ക് നല്‍കുന്ന ഊര്‍ജവും ശക്തിയും അവര്‍ക്ക് മറ്റെന്തിനെക്കാളും മുതല്‍കൂട്ടാണ്. ഇവരുടെ മുമ്പില്‍ ഭൗതികതയുടെ അളവുകോലുകളും മാനദണ്ഡങ്ങളും വിലപോവുകയില്ല. നോമ്പനുഷ്ഠിക്കാന്‍ ധൈര്യം കാണിക്കുന്ന ഇത്തരം രോഗികളില്‍ ചിലര്‍ അപായങ്ങളൊന്നുമില്ലാതെ ജീവിതം തുടരുന്നു എന്നത് ചിലപ്പോഴെല്ലാം ശരിയാണെങ്കിലും, വിശ്വസ്തരും വിദഗ്ധരുമായ ഡോക്ടര്‍മാരുടെ ഉപദേശ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചതിന്റെ തിക്തഫലം അനുഭവിക്കുന്നവരും വീണ്ടെടുക്കാനാവാത്തവിധം ആരോഗ്യം ക്ഷയിച്ച് അവശരായവരും ഈ വിഭാഗക്കാരില്‍ ഉണ്ടെന്നതും ഒരു യാഥാര്‍ഥ്യമാണ്.
അതിനാല്‍ ഇത്തരം രോഗികള്‍ ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഉത്തമം. കാരണം, അത്തരക്കാര്‍ പറ്റെ അവശരായാല്‍ അവര്‍ മാത്രമായിരിക്കില്ല കഷ്ടപ്പെടേണ്ടി വരിക, മറിച്ച് പലരുമായിരിക്കും. ഇങ്ങനെയുള്ളവര്‍ക്ക് ഇസ്‌ലാം ധാരാളം ഇളവുകള്‍ ചെയ്തുകൊടുത്തിരിക്കെ വിശേഷിച്ചും. ഇത്തരക്കാര്‍ ഉപേക്ഷിക്കുന്ന ഓരോ നോമ്പിനും പകരം ഒരു അഗതിക്ക് ആഹാരം നല്‍കിയാല്‍ മതിയാകും. 30 നോമ്പുപേക്ഷിക്കുന്നവര്‍ 30 അഗതികള്‍ക്ക് ഒരു തവണയായോ, ഒരു അഗതിക്ക് 30 തവണയായോ സൗകര്യംപോലെ ആഹാരം നല്‍കാവുന്നതാണ്. ഒരു അഗതിയുടെ ആഹാരം എന്നാണ് അല്ലാഹു പറഞ്ഞത്. പ്രവാചകന്റെ കാലത്തെ കണക്കനുസരിച്ച് അര സ്വാഅ് (ഏതാണ്ട് 1 കിലോ) ഈത്തപ്പഴമോ മറ്റു ഭക്ഷണ പദാര്‍ഥങ്ങളോ ആണ് നല്‍കിയിരുന്നത്. ഇന്നത്തെ കണക്കനുസരിച്ച് ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണമോ, അതിന് സമാനമായ സംഖ്യയോ നല്‍കിയാല്‍ മതിയാവും. കൊടുക്കുന്നവരുടെ സൗകര്യത്തെക്കാള്‍ അത് ലഭിക്കുന്നവരുടെ സൗകര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. ആ അര്‍ഥത്തില്‍ ഏറ്റവും പ്രയോജനകരമായ രീതി അവലംബിക്കാവുന്നതാണ്. അഗതി മന്ദിരങ്ങള്‍, അനാഥശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് നോമ്പ് തുറ ആഹാരം സ്‌പോണ്‍സര്‍ ചെയ്താലും മതിയാവും. എന്നാല്‍, ഇങ്ങനെ നല്‍കാന്‍ സാമ്പത്തിക ഞെരുക്കം മൂലം വല്ലവര്‍ക്കും സാധ്യമാകുന്നില്ലെങ്കില്‍ അതില്‍ ആശങ്കപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടതില്ല. അല്ലാഹു പറഞ്ഞല്ലോ 'ഒരാള്‍ക്ക് കഴിയാത്തത് അല്ലാഹു കല്‍പ്പിക്കുകയില്ല...' (അല്‍ ബഖറ 286, അത്ത്വലാഖ്:7). അത്തരക്കാര്‍ ദിക്‌റുകളും പ്രാര്‍ഥനകളും വര്‍ധിപ്പിക്കുക, തൗബ പുതുക്കിക്കൊണ്ടിരിക്കുക, തങ്ങളാലാകുന്ന സല്‍കര്‍മങ്ങള്‍, ഖുര്‍ആന്‍ പഠനം, പാരായണം മറ്റു ഉപകാരപ്രദമായ കാര്യങ്ങള്‍ തുടങ്ങിയവ വര്‍ധിപ്പിക്കുക. മനസ്സു കൊണ്ട് നോമ്പുകാരനായിരിക്കുക; സര്‍വോപരി അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുക.

ഞാന്‍ ഗള്‍ഫില്‍ ഒരു ഹോട്ടലില്‍ കുക്കായി ജോലി ചെയ്യുന്നു. ഇത്തവണ അത്യുഷ്ണത്തിന്റെ മൂര്‍ധന്യത്തിലാണ് റമദാന്‍. എെന്നപ്പോലെയുള്ളവര്‍ക്ക് 15 മണിക്കൂറിലധികം വിയര്‍ത്തു കുളിച്ച് ഈ ചൂടില്‍ ലിറ്റര്‍ കണക്കിന് വെള്ളം കുടിച്ചാല്‍ പോലും പിടിച്ച് നില്‍ക്കാന്‍ പ്രയാസമാണ്. ഈ പശ്ചാത്തലത്തില്‍ നോമ്പനുഷ്ഠിക്കുന്നതില്‍ ഞങ്ങള്‍ക്ക് വല്ല ഇളവും ഉണ്ടോ?

പ്രായപൂര്‍ത്തിയും വിവേകവുമെത്തിയ ഓരോ മുസ്‌ലിമിനും അല്ലാഹു നിര്‍ബന്ധമാക്കിയ ഇബാദത്താണ് നോമ്പ്. അത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ്. ബോധപൂര്‍വം അതില്‍ വീഴ്ച വരുത്തുന്നവരുടെ ഇസ്‌ലാം തന്നെ അവതാളത്തിലാവും. അതിനാല്‍ മുസ്‌ലിമാവണമെന്നും തദ്വാര പരലോകത്ത് സ്വര്‍ഗം ലഭിക്കണമെന്നും ആഗ്രഹിക്കുന്ന ഏതൊരാളും ഈ വക കാര്യങ്ങളില്‍ സദാ ശ്രദ്ധയും ജാഗ്രതയും, ഇതില്‍ വീഴ്ച വന്നുപോകുന്നതില്‍ ബേജാറും ഉള്ളവനായിരിക്കും. അതോടൊപ്പം തന്നെ ഈ ലോകത്ത് ഉപജീവന മാര്‍ഗം തേടുകയും വേണം. അത് പക്ഷേ ശാശ്വതമായ പരലോകത്തിന്റെ ചെലവില്‍ ആയിക്കൂടാ. ക്ഷണികമായ ജീവിതത്തിനായി ശാശ്വതമായ ജീവിതം നഷ്ടപ്പെടുത്തിക്കൂടാ. അതിനാല്‍ ഒരു സന്തുലിത ജീവിത വീക്ഷണം പുലര്‍ത്താന്‍ ഒരു മുസ്‌ലിം ബാധ്യസ്ഥനാണ്.
ചോദ്യകര്‍ത്താവിനോട് പറയാനുള്ളത്, ഗള്‍ഫും അവിടത്തെ കാലാവസ്ഥയും (ചൂടാണെങ്കില്‍ അത്യുഷ്ണവും തണുപ്പാണെങ്കില്‍ അതി ശൈത്യവും) ഇന്നോ ഇന്നലെയോ ഉള്ള പ്രതിഭാസമല്ല. ഇസ്‌ലാമിക ശരീഅത്ത് രൂപപ്പെടുകയും അത് അതിന്റെ പൂര്‍ണതയോടെ പ്രയോഗവത്കരിക്കപ്പെടുകയും ചെയ്ത പ്രദേശവും കൂടിയാണ് അറേബ്യാ ഉപഭൂഖണ്ഡം. ഇക്കാലമത്രയും മുസ്‌ലിം ജനസാമാന്യത്തിന് തങ്ങളിലര്‍പ്പിതമായ ദീനിനിഷ്ഠകളും ബാധ്യതകളും നിര്‍വഹിക്കുന്നതില്‍ കാലമോ കാലാവസ്ഥയോ ദേശമോ തടസ്സമായിട്ടില്ല. ഇന്നും റമദാനായാല്‍ സുഊദി പോലുള്ള നാടുകളില്‍ രാവ് പകലായും പകല്‍ രാവായും മാറുന്നത് അവിടെയുള്ളവര്‍ക്ക് അറിയാം. ജനങ്ങളും ഭരണാധികാരികളും അതൊരു യാഥാര്‍ഥ്യമായി ഉള്‍ക്കൊണ്ടതിനാല്‍ അതിലാരും അസ്വാഭാവികത കാണുന്നുമില്ല. അവരുടെ ദൈനംദിന ജീവിതത്തിനോ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനോ യാതൊരു ഭംഗവും നേരിടാറുമില്ല. അവിടെയുള്ള പണ്ഡിതന്മാരുടെ മുമ്പാകെയും ഇതുപോലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. അതിനവര്‍ പറഞ്ഞ മറുപടികളും ഏറെയൊന്നും വ്യത്യസ്തമല്ല. എങ്കിലും അവര്‍ നിര്‍ദേശിച്ച ചില കാര്യങ്ങള്‍ പ്രസക്തമായതിനാല്‍ അതിവിടെ സൂചിപ്പിക്കട്ടെ. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച തരത്തിലുള്ള ജോലി ചെയ്യുന്നവര്‍ അത് രാത്രിയോ രാവിലെയോ ചെയ്യാവുന്ന രൂപത്തിലേക്ക് ക്രമീകരിക്കുക. വാര്‍ഷിക ലീവ് എടുക്കുന്നവര്‍ അത് റമദാന്‍ കണക്കാക്കി ക്രമീകരിക്കുക. ഇതിനൊന്നും പറ്റാത്ത സാഹചര്യമോ, മേലുദ്യോഗസ്ഥരോ ഉടമസ്ഥരോ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്തതിനാല്‍ പ്രയാസപ്പെടുന്നവരോ ആണെങ്കില്‍ ആ ജോലി തല്‍ക്കാലം വേണ്ടെന്ന് വെക്കുക. അല്ലാഹുവിന് വേണ്ടി അത്തരം ത്യാഗങ്ങള്‍ അര്‍പ്പിക്കുന്നവര്‍ക്ക് അല്ലാഹു അവര്‍ പ്രതീക്ഷിക്കാത്ത രൂപത്തില്‍ മോചന മാര്‍ഗം കാണിച്ചു കൊടുക്കുകയും വിഭവങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്യും (സൂറഃ അത്വലാഖ് 2,3). ആദര്‍ശ ജീവിതം നയിക്കുന്നത് വഴി ഉപജീവനം മുട്ടിപ്പോവുമെന്ന് വരുമ്പോള്‍, അത്തരം നാടുപേക്ഷിച്ച് പ്രസ്തുത ജീവിതത്തിനനുയോജ്യമായ ഇടങ്ങളിലേക്ക് മാറുക. വേതനം അല്‍പ്പം കുറഞ്ഞാലും മറ്റൊരു തൊഴില്‍ അന്വേഷിച്ചു കണ്ടെത്തുന്നത് വരെ അവിടെ തുടരുക. എന്നിരുന്നാലും ഇത്തരം എല്ലാ മാര്‍ഗങ്ങളും അടഞ്ഞു പോകുന്ന സാഹചര്യങ്ങളും ചിലര്‍ക്കെങ്കിലും വന്നുചേര്‍ന്നേക്കാം. നിലവിലുള്ള അവസ്ഥയില്‍നിന്ന് മാറുന്നത് അതിനേക്കാള്‍ വലിയ ദുര്യോഗത്തിലേക്ക് നയിക്കുന്ന സാഹചര്യമാണുള്ളതെങ്കില്‍ അത്തരക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ നോമ്പെടുക്കുകയും എന്നിട്ട് നോമ്പ് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യം വരുമ്പോള്‍ മാത്രം (നിര്‍ബന്ധിത സാഹചര്യം കണക്കിലെടുത്ത്) അവിടം വെച്ച് നോമ്പ് മുറിക്കുകയും ജോലി തുടരുകയും ചെയ്യുക എന്നും ആ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതു പക്ഷേ എല്ലാവര്‍ക്കുമുള്ള പൊതുവായ ഒരനുവാദമോ ഇളവോ അല്ല. പ്രത്യുത ഒരോരുത്തരുടെയും സാഹചര്യവും അവസ്ഥയും അനുസരിച്ച് മാത്രം ഉപയോഗപ്പെടുത്താവുന്ന ഒരിളവാണ്. അങ്ങനെ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ മാത്രമുതകുന്ന അന്നപാനീയങ്ങള്‍ കഴിച്ച് (വയറ് നിറച്ചല്ല) നോമ്പ്തുറ സമയംവരെ നോമ്പുകാരെ പോലെ നോമ്പിന്റെ പവിത്രത മാനിച്ച് കഴിയുകയാണ് വേണ്ടത് എന്നും അവര്‍ വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ നഷ്ടപ്പെട്ടുപോവുന്ന നോമ്പ് പിന്നീട് സൗകര്യം പോലെ നോറ്റുവീട്ടേണ്ടതുമാണ്. ഇവിടെയെല്ലാം താനേത് സമീപനമാണ് സ്വീകരിക്കേണ്ടത്, തനിക്ക് എത്രമാത്രം നിര്‍ബന്ധിത സാഹചര്യമുണ്ട് എന്ന് തുടങ്ങിയ കാര്യങ്ങള്‍ തികച്ചും വ്യക്തിനിഷ്ഠമായതിനാല്‍ അവനവന്‍ തന്നെയാണ് ഉചിതമായ തീരുമാനമെടുക്കേണ്ടത്; അല്ലാഹൂ അഅ്‌ലം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 92-98
എ.വൈ.ആര്‍