സമകാലിക ജീവിതത്തില്‍ ഖുര്‍ആന്റെ പ്രതിനിധാനം
വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിയെ ഒന്നാകെ അഭിസംബോധന ചെയ്യുകയും കാല-ദേശ ഭേദമന്യെ അവര്‍ക്കാവശ്യമായ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നു. ഇത് 'മനുഷ്യരാശിയുടെ സന്മാര്‍ഗദര്‍ശന'മാണെന്നും (അല്‍ബഖറ 185) 'ലോക ജനതക്കാകമാനമുള്ള ഉദ്‌ബോധനമാണെ'ന്നും (അത്തക്‌വീര്‍ 27) 'മനുഷ്യകുലത്തിന് മുന്നറിയിപ്പാണെ'ന്നും (അല്‍ഫുര്‍ഖാന്‍ 1) ഖുര്‍ആന്‍ സ്വയം അവകാശപ്പെടുകയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ഡോ. യൂസുഫുല്‍ ഖറദാവി ഇപ്രകാരം വിശദീകരിക്കുന്നു: ''ഖുര്‍ആന്‍ ഏതെങ്കിലുമൊരു വര്‍ഗത്തിനോ പ്രദേശത്തിനോ വര്‍ണക്കാര്‍ക്കോ സ്വന്തമായിട്ടുള്ളതല്ല. അത് ബുദ്ധിജീവികളുടെതോ വികാര ജീവികളുടെതോ അല്ല. അത് ആത്മീയവാദികളുടെതോ ഭൗതികവാദികളുടെതോ അല്ല. അത് ആദര്‍ശവാദികളുടെതോ പ്രായോഗികവാദികളുടെതോ അല്ല. അത് വ്യക്തിവാദികളുടെതോ സമൂഹവാദികളുടെതോ അല്ല. അത് ഭരണാധികാരികളുടെതോ ഭരണീയരുടെതോ അല്ല. അത് ധനികരുടെതോ ദരിദ്രരുടെതോ അല്ല. അത് പുരുഷന്മാരുടെതോ സ്ത്രീകളുടെതോ അല്ല. അത് എല്ലാവരുടെയും ഗ്രന്ഥമാണ്. എല്ലാവരുടെയും നാഥനില്‍ നിന്നുള്ള എല്ലാവരുടെയും നിയമസംഹിത'' (കൈഫ നതആമലു മഅല്‍ ഖുര്‍ആനില്‍ അളീം, പേജ് 59).
സകല മനുഷ്യരുടെയും വേദഗ്രന്ഥമായതിനാല്‍ അത് എല്ലാവരുടെയും വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയും അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ''മനുഷ്യ പുത്രരെ നാം ആദരിച്ചിരിക്കുന്നു'' (അല്‍ ഇസ്‌റാഅ് 70) എന്ന് അത് പ്രഖ്യാപിക്കുന്നു. മനുഷ്യന്റെ ചിന്താ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ആശയവിനിമയ സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്താന്‍ ഖുര്‍ആന്‍ ശ്രദ്ധിക്കുന്നു. ''ആകാശങ്ങളിലും ഭൂമിയിലുമുള്ള പ്രതിഭാസങ്ങള്‍ എന്താണെന്ന് നിങ്ങള്‍ വിചിന്തനം ചെയ്യുവിന്‍'' (യൂനുസ് 101), ''മതവിശ്വാസത്തില്‍ നിര്‍ബന്ധം ചെലുത്താവതല്ല'' (അല്‍ബഖറ 256) എന്നിവ ഖുര്‍ആന്റെ പ്രഖ്യാപനങ്ങളാണ്. മാനവകുലത്തെ അഖിലം അത് ഏകോദര സഹോദരന്മാരായി കാണുന്നു. വര്‍ഗ, വര്‍ണ വിവേചനങ്ങള്‍ അതിന് അന്യമാണ്. ''മനുഷ്യരേ, ഒരേ ആണില്‍ നിന്നും പെണ്ണില്‍നിന്നുമാണ് ഞാന്‍ നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്'' (അല്‍ഹുജുറാത്ത് 13).
മനുഷ്യാവകാശങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വാചാലമാണ്. ജീവിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിച്ചുകൂടാ. ''മറ്റൊരാത്മാവിന് പകരമല്ലാതെയോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലല്ലാതെയോ ആരെങ്കിലും ഒരു ജീവന്‍ ഹനിച്ചാല്‍ മനുഷ്യരാശിയെ ഒന്നടങ്കം ഹനിച്ചതിന് സമമാണത്'' (അല്‍മാഇദ 32). സമ്പാദിക്കാനും ആസ്വദിക്കാനുമുള്ള സഹജീവികളുടെ അവകാശത്തെ തടയാന്‍ ആര്‍ക്കും അനുവാദമില്ല. രക്തവും ധനവും അഭിമാനവും പവിത്രമാണ്. ഒരാളുടെയും രഹസ്യങ്ങള്‍ ചോര്‍ത്താനോ അയാളുടെ സ്വകാര്യതയില്‍ ഇടപെടാനോ മറ്റാര്‍ക്കും അവകാശമില്ല. ''വിശ്വാസികളേ, നിങ്ങളുടെ സമ്പത്തുകള്‍ നിഷിദ്ധ രൂപേണ അനുഭവിക്കരുത്'' (അന്നിസാഅ് 29). ''മറ്റുള്ളവരുടെ ഭവനങ്ങളില്‍ അവരുടെ തൃപ്തിയും സമ്മതവുമില്ലാതെ പ്രവേശിക്കരുത്'' (അന്നൂര്‍ 27). ''ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കുകയോ അവര്‍ക്ക് മാനഹാനി വരുത്തുകയോ ചെയ്യരുത്'' (അല്‍ഹുജുറാത്ത് 11) തുടങ്ങിയ സൂക്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അവരുടെ സംരക്ഷണം സാമൂഹിക ബാധ്യതയായി കാണണമെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നു. അനാഥകള്‍, ദുര്‍ബലര്‍, ദരിദ്രര്‍ എന്നിവരെക്കുറിച്ച ഖുര്‍ആനികാധ്യാപനങ്ങള്‍ നിരവധി കാണാം. ''മതശാസനകളെ കളവാക്കിയവനെ നീ കണ്ടില്ലേ? അനാഥയെ തള്ളിപ്പറയുന്നവനാണവന്‍. ദരിദ്രന്റെ ആഹാരത്തിന് പ്രോത്സാഹനം നല്‍കാത്തവനും'' (അല്‍മാഊന്‍ 1-3). ''അനാഥകളെ നിങ്ങള്‍ പീഡിപ്പിക്കരുത്'' (അള്ളുഹാ 9). ''അനാഥരുടെ ധനം ഏറ്റവും ഉത്തമമായ രീതിയിലല്ലാതെ കൈകാര്യം ചെയ്യരുത്'' (അല്‍അന്‍ആം 156). സ്ത്രീകളുടെ അവകാശങ്ങളെ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചു. അവരെ ദ്രോഹിക്കുകയും അവരുടെ വ്യക്തിത്വം മാനിക്കാതിരിക്കുകയും ചെയ്യുന്നവരോട് സമരം പ്രഖ്യാപിച്ചു: ''എന്തുകൊണ്ടാണ് ദൈവമാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യാത്തത്? ദുര്‍ബലരായ (അടിച്ചമര്‍ത്തപ്പെട്ട) പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനും?'' (അന്നിസാഅ് 74).
ഇതിലൂടെയെല്ലാം ഇസ്‌ലാം ലക്ഷ്യമിടുന്നത് സമാധാനവും ശാന്തിയും പുലരുന്ന ഒരു പുതിയ ലോകമാണ്. സാഹോദര്യവും സമത്വവും കളിയാടുന്ന ഒരു ലോകക്രമം. അവരവരുടെ വിശ്വാസ പ്രമാണങ്ങളനുസരിച്ച് ജീവിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണം. ''മതത്തില്‍ ബലപ്രയോഗമില്ല'' (2:256). ഒരു വിഭാഗത്തെ അടിമകളാക്കിവെക്കാനും സ്വന്തം മേധാവിത്വം അടിച്ചേല്‍പിക്കാനും ആര്‍ക്കും അവകാശമില്ല. ''ജനങ്ങളേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നിങ്ങളെയഖിലം നാം സൃഷ്ടിച്ചത്. നിങ്ങളെ വ്യത്യസ്ത ഗോത്രങ്ങളും കുടുംബങ്ങളുമാക്കിയത് തിരിച്ചറിവിന് വേണ്ടി മാത്രം'' (അല്‍ഹുജുറാത്ത് 13). നിഷ്‌കൃഷ്ടമായ ഈ സമത്വമാണ് ഇസ്‌ലാമിന്റെ സുവര്‍ണകാലഘട്ടത്തില്‍ പൂര്‍ണ രൂപത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.
വിശുദ്ധ ഖുര്‍ആന്റെ അവതരണ ലക്ഷ്യം തന്നെ ആറ്റിക്കുറുക്കിയാല്‍ നീതി സംസ്ഥാപനമാണ്. ഖുര്‍ആന്റെ മാത്രമല്ല മുഴുവന്‍ വേദഗ്രന്ഥങ്ങളുടെയും. അല്ലാഹു പറയുന്നു: ''നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി നാം നിയോഗിച്ചു. അവരോടൊപ്പം വേദഗ്രന്ഥവും, നേരും നെറികേടും തൂക്കിനോക്കാനുള്ള തുലാസും ഇറക്കി. ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളാന്‍'' (അല്‍ഹദീദ് 25). ''ഓരോരുത്തരുടെയും അവകാശങ്ങള്‍ അവരവര്‍ക്ക് നല്‍കാന്‍ അല്ലാഹു നിങ്ങളോട് ആജ്ഞാപിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീരുമാനമെടുക്കുമ്പോള്‍ നീതിപൂര്‍വം വിധിക്കണമെന്നും'' (അന്നിസാഅ് 58). ഈ നീതി ഉറപ്പുവരുത്തുകയും അതിന്റെ സാക്ഷികളാവുകയും ചെയ്യുകയാണ് മുസ്‌ലിം സമൂഹത്തിന്റെ ബാധ്യത. ''സത്യവിശ്വാസികളേ, നിങ്ങള്‍ നീതിക്ക് വേണ്ടി നിലകൊള്ളുന്നവരും ദൈവസാക്ഷികളുമാകുവിന്‍. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുജനങ്ങള്‍ക്കോ എതിരാണെങ്കില്‍ പോലും'' (അന്നിസാഅ് 135). ഇത് വെള്ളക്കാരുടെ വെള്ളം കലര്‍ത്തിയ സാമൂഹിക നീതിയല്ല. വെളുത്തവന് ഒരു നീതിയും കറുത്തവന് വേറെ നീതിയും. അമേരിക്കക്കാര്‍ക്കും യൂറോപ്യന്മാര്‍ക്കും ഒരു അളവ് കോലും മറ്റുള്ളവര്‍ക്ക് വേറെ അളവ് കോലും. മുതലാളിമാര്‍ക്ക് ഒരു താപ്പും ദരിദ്ര-പിന്നാക്ക വിഭാഗങ്ങള്‍ക്ക് മറ്റൊരു താപ്പും. എന്നാല്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്ത അത്യുദാത്ത നീതിയാണ്, ഈജിപ്തിലെ മുസ്‌ലിം ഗവര്‍ണറോട് പകരം വീട്ടാന്‍ അന്നാട്ടിലെ കോപ്റ്റിക് ക്രിസ്ത്യാനിയോട് നിര്‍ദേശിക്കാന്‍ ഖലീഫാ ഉമറിനെ പ്രേരിപ്പിച്ചത്; അലിയ്യുബ്‌നു അബീത്വാലിബ് എന്ന നാലാം ഖലീഫക്കെതിരെ ക്രിസ്ത്യാനിയായ പ്രതിക്ക് അനുകൂലമായി വിധി പറയാന്‍ ഖാദി ശുറൈഹിനെ നിര്‍ബന്ധിതനാക്കിയത്. ഈ നീതിയില്‍ നിന്നാണ് ലോകസമാധാനവും മതസഹിഷ്ണുതയുമെല്ലാം പിറവിയെടുക്കുന്നത്.
ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ മൂലശിലകളാണ് ഉപരിസൂചിതമായ മൂല്യങ്ങള്‍. ഈ മൂല്യങ്ങള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന പ്രദേശമാണ് ഇസ്‌ലാമിക രാഷ്ട്രം. ഇത്തരത്തിലുള്ള ഒരു സാമൂഹിക ഘടനയുടെ ആവശ്യകതയില്‍ സംശയിക്കുന്നവരുണ്ടാകില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പ്രസക്തി കൂടുതല്‍ തെളിഞ്ഞുവന്നുകൊണ്ടിരിക്കുന്നു. ഈ യാഥാര്‍ഥ്യം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുകയും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയും ചെയ്യുകയാണ് മുസ്‌ലിംകളുടെ ചുമതല. എങ്ങനെയായിരിക്കണം അവരുടെ പ്രവര്‍ത്തനങ്ങളെന്നതിന് ഖുര്‍ആന്‍ തന്നെ രീതിശാസ്ത്രം നിശ്ചയിച്ചിട്ടുണ്ട്.
ആശയങ്ങളും ആദര്‍ശങ്ങളും അടിച്ചേല്‍പിക്കുന്ന രീതി കാടത്തവും പ്രാകൃതവുമാണ്. സമാധാനപരമായ ആശയവിനിമയമാണ് ഖുര്‍ആന്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. ''നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് യുക്തിബോധത്തോടും സദുപദേശത്തോടും കൂടി ക്ഷണിക്കുക. ഏറ്റവും ഉത്തമമായ രൂപത്തില്‍ അവരോട് സംവദിക്കുക'' (അന്നഹ്ല്‍ 125). ബുദ്ധിയെ അഭിസംബോധന ചെയ്യുകയാണ് യുക്തിയുടെ ദൗത്യം. വൈകാരികതയുടെ തലത്തിലാണ് സദുപദേശം പ്രയോജനം ചെയ്യുക. ഹൃദയത്തില്‍ സ്വാധീനം ചെലുത്തുക മൃദുലമായ വാക്കുകളാണ്. ഫിര്‍ഔനിനോട് സംസാരിക്കുമ്പോള്‍ പോലും മൃദുലമായ ശൈലി പ്രയോഗിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എതിരാളികളോടുള്ള സംവാദം ആശയപ്രചാരണത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്. പക്ഷേ, ഏറ്റം ശ്രേഷ്ഠമായ രീതിയായിരിക്കണം അതിനവലംബിക്കേണ്ടത്. ഓരോ ജനവിഭാഗത്തോടും അവരുടെ ഭാഷയില്‍ സംസാരിക്കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു. ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് അവരുടെ ഭാഷ മാത്രമല്ല. ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞതുപോലെ, ഇംഗ്ലീഷുകാരോട് ഇംഗ്ലീഷിലും റഷ്യക്കാരോട് റഷ്യന്‍ ഭാഷയിലും ചൈനക്കാരോട് ചൈനീസ് ഭാഷയിലും സംസാരിക്കുക എന്നതിനേക്കാള്‍ ആഴമേറിയതാണ് അതിന്റെ താല്‍പര്യം. ഓരോ സമൂഹത്തോടും സംവദിക്കേണ്ട രീതി വ്യത്യസ്തമാണ്. സാധാരണക്കാരോടു സ്വീകരിക്കുന്ന ശൈലിയല്ല അഭ്യസ്തവിദ്യരോട്. നഗരവാസികളോടുള്ള ശൈലിയല്ല ഗ്രാമീണരോട്. പാശ്ചാത്യരോടുള്ള ശൈലിയല്ല പൗരസ്ത്യരോട്. ചന്ദ്രനിലെത്തിയവരോടും വനവാസികളോടും ഒരു ശൈലിയല്ല. ഓരോരുത്തരോടും അവരവരുടെ നിലവാരമനുസരിച്ച് അവര്‍ക്കനുസൃതമായ ശൈലിയിലും അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും ആശയവിനിമയം നടത്തണം (കൈഫ നതആമലു... പേജ് 412). ഇരുപതാം നൂറ്റാണ്ടിന്റെ ശൈലി ഇരുപത്തൊന്നാം നൂറ്റാണ്ടിന് അനുയോജ്യമാകണമെന്നില്ല. ഖുര്‍ആന്റെ അധ്യാപനങ്ങളും മാര്‍ഗദര്‍ശനങ്ങളും മനുഷ്യരാശിക്ക് എത്തിക്കുന്നതില്‍ മര്‍മപ്രധാനമായ ഈ വസ്തുത ഇസ്‌ലാമികപ്രസ്ഥാനങ്ങള്‍ തിരിച്ചറിയണം.
Comments